മഹേന്ദ്ര കപൂറിന്റെ മഹാ...ഭാരത്, അശോക് പട്കിയുടെ മിലേ സുര്‍...മറക്കാനാവാത്ത ഈണങ്ങളുടെ ദൂരദര്‍ശന്‍ കാലം ; രവിമേനോന്‍ എഴുതുന്നു

അമ്മമാരുടേയും അമ്മൂമ്മമാരുടേയും ഒരു തലമുറയെ മുഴുവന്‍ പാട്ടുപാടി അടുക്കളയില്‍നിന്നു സ്വീകരണമുറിയിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ട് മഹേന്ദ്ര കപൂര്‍
മഹേന്ദ്ര കപൂറിന്റെ മഹാ...ഭാരത്, അശോക് പട്കിയുടെ മിലേ സുര്‍...മറക്കാനാവാത്ത ഈണങ്ങളുടെ ദൂരദര്‍ശന്‍ കാലം ; രവിമേനോന്‍ എഴുതുന്നു

മ്മമാരുടേയും അമ്മൂമ്മമാരുടേയും ഒരു തലമുറയെ മുഴുവന്‍ പാട്ടുപാടി അടുക്കളയില്‍നിന്നു സ്വീകരണമുറിയിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ട് മഹേന്ദ്ര കപൂര്‍; ഒന്നോ രണ്ടോ ദിവസമല്ല, തുടര്‍ച്ചയായി 94 ആഴ്ച. ''കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന''യില്‍ തുടങ്ങി ''സംഭവാമി യുഗേ യുഗേ''യില്‍ അവസാനിക്കുന്ന മൂന്നു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള കപൂറിന്റെ ശീര്‍ഷകഗാനശകലത്തിന്റെ ചിറകിലേറിയാണ് ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളില്‍ ഒന്നായ 'മഹാഭാരതം' പരമ്പര ഇന്ത്യന്‍ ജനതയെ തേടിയെത്തിയത്; 1988 ഒക്ടോബര്‍ രണ്ട് മുതല്‍ 1990 ജൂണ്‍ 24 വരെ.

ദൂരദര്‍ശന്റെ പോയിമറഞ്ഞ സുവര്‍ണ്ണകാലം മുഴുവന്‍ ഓര്‍മ്മയിലേയ്ക്ക് ഇരമ്പിക്കയറി വരും രാജ്കമല്‍ ചിട്ടപ്പെടുത്തിയ ആ അവതരണ ശ്ലോകത്തോടൊപ്പം. ടെലിവിഷന്‍ ഇത്രത്തോളം ജനകീയമായിട്ടില്ലാത്ത എണ്‍പതുകള്‍. ഞായറാഴ്ചകളില്‍ അഞ്ചാറു കിലോമീറ്റര്‍ അകലെയുള്ള അച്ഛന്റെ മൂത്ത സഹോദരിയുടെ വീട്ടില്‍ പോകുമ്പോഴാണ് മഹാഭാരതം സീരിയല്‍ കാണുക. കാണേണ്ടിവരുക എന്നുവേണം പറയാന്‍. കാലത്ത് ഒന്‍പത് മണിയായാല്‍ അടുക്കളയിലെ പണികളെല്ലാം തിടുക്കത്തില്‍ തീര്‍ത്ത് വല്യമ്മ പറയും: ''ദാ അയാള്‍ടെ നെലോളി തൊടങ്ങി. വാ പോവാം.'' മഹാ... ഭാരത് എന്ന് മഹേന്ദ്രകപൂര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്നത് അത്ര തീവ്രമായ സംഗീത ഭ്രമമൊന്നുമില്ലാത്ത വല്യമ്മയ്ക്ക് നിലവിളിയായി തോന്നിയത് സ്വാഭാവികം. പിന്നെ ഒരു ഓട്ടമാണ്. ഉമ്മറത്തെത്തുമ്പോഴേക്കും വലിയൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടുകഴിഞ്ഞിരിക്കും 21 ഇഞ്ചിന്റെ സോളിഡെയര്‍ ടെലിവിഷനു മുന്നില്‍. ചിലരൊക്കെ കസേരകളില്‍ ഞെങ്ങിഞെരുങ്ങിയിരിക്കും. മറ്റു ചിലര്‍ ബെഞ്ചിലും. വൈകിയെത്തിയവര്‍ വെറും നിലത്ത് ചമ്രംപടിഞ്ഞാണിരിക്കുക. പരിസരത്ത് ടി.വിയുള്ള ഏക വീടായിരുന്നു വല്യമ്മയുടേത്. സ്‌ക്രീനില്‍ നോക്കുന്നതിനെക്കാള്‍ രസമാണ് പരമ്പര കാണാന്‍ നിരന്നിരിക്കുന്നവരുടെ മുഖങ്ങള്‍ നോക്കിയിരിക്കാന്‍. ഒരു ഭാവപ്രപഞ്ചം തന്നെ മിന്നിമറയുന്നതു കാണാം അവിടെ. ദ്രൗപതിയോടൊപ്പം വിതുമ്പും ചിലര്‍. ഭീമനോടൊപ്പം ഗര്‍ജ്ജിക്കും. ശകുനിയോടൊപ്പം മുറുമുറുക്കും... ഒരു മണിക്കൂര്‍ കഴിഞ്ഞു മഹേന്ദ്രകപൂര്‍ ''ഭാരത് കി യേ കഹാനി'' എന്നു തുടങ്ങുന്ന മംഗളഗീതം പാടിത്തുടങ്ങിയാലും എപ്പിസോഡ് തീര്‍ന്നുവെന്നു വിശ്വസിക്കാനാകാതെ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നുണ്ടാകും സദസ്സ്. അതൊരു കാലം.

ഇന്നിപ്പോള്‍ ആ ബ്രഹ്മാണ്ഡ പരമ്പര ഓര്‍മ്മയില്‍ അവശേഷിപ്പിക്കുന്നത് മഹേന്ദ്ര കപൂറിന്റെ മധ്യവയസ്സ് പിന്നിട്ട ശബ്ദഗാംഭീര്യം മാത്രം. '30 കൊല്ലത്തോളം സിനിമയില്‍ പാടിയിട്ടും കിട്ടാത്ത പ്രശസ്തിയാണ് മഹാഭാരതം എനിക്ക് നേടിത്തന്നത്. ചില ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പ്രായംചെന്ന ആളുകള്‍ വരെ വന്നു കാലില്‍ വീഴും; സാഷ്ടാംഗം നമസ്‌കരിക്കും. ആദ്യമൊക്കെ സങ്കോചം തോന്നിയിരുന്നു. പിന്നെപ്പിന്നെ ശീലമായി...'' പില്‍ക്കാലത്ത് സ്‌ക്രീന്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കപൂര്‍ പറഞ്ഞു. നിര്‍മ്മാതാവായ ബി.ആര്‍. ചോപ്രയ്ക്ക് നന്ദി പറയണം കപൂര്‍. മഹാഭാരതത്തിന്റെ ശീര്‍ഷകഗാനം ലതാ മങ്കേഷ്‌കറെ മനസ്സില്‍ കണ്ടു ചിട്ടപ്പെടുത്തിയതായിരുന്നു സംഗീതസംവിധായകന്‍ രാജ്കമല്‍. പകരം പുരുഷശബ്ദം മതി എന്നു തീരുമാനമായപ്പോള്‍ യേശുദാസിനെക്കൊണ്ട് പാടിക്കാനായി ആലോചന.

മഹേന്ദ്രകപൂര്‍
മഹേന്ദ്രകപൂര്‍

തന്റെ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ക്ക് ആത്മാവ് പകര്‍ന്നുനല്‍കിയ ഗായകനെ എങ്ങനെ മറക്കാനാകും രാജ്കമലിന്? ചാന്ദ് ജൈസേ മുഖ്ഡെ പേ ബിന്ദിയ സിതാരെ, തെരെ തസ്വീര്‍ കോ (സാവന്‍ കോ ആനേ ദോ), കഹാം സേ ആയേ ബദ്രാ (ചഷ്മേ ബദ്ദൂര്‍)... എല്ലാം യേശുദാസിനുവേണ്ടി 1980-കളില്‍ രാജ്കമല്‍ സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങള്‍. സംസ്‌കൃതവും ഹിന്ദിയും കൂടിക്കലര്‍ന്ന, ശാസ്ത്രീയ രാഗാധിഷ്ഠിതമായ 'മഹാഭാരത'ത്തിലെ ഗാനങ്ങള്‍ യേശുദാസിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നായിരുന്നു രാജ്കമലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, നിര്‍മ്മാതാവ് ബി.ആര്‍. ചോപ്ര വഴങ്ങിയില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരേയൊരു ഗായകനേ ഉണ്ടായിരുന്നുള്ളൂ-മഹേന്ദ്ര കപൂര്‍. കപൂറിലെ ഗായകനെ ഇത്രയേറെ പ്രോത്സാഹിപ്പിച്ച മറ്റൊരു നിര്‍മ്മാതാവോ സംവിധായകനോ ഉണ്ടാവില്ല ബോളിവുഡില്‍. മുഹമ്മദ് റഫിയുമായുള്ള സൗന്ദര്യപ്പിണക്കംപോലും ചോപ്രയുടെ പടങ്ങളുടെ സംഗീതമേന്മയെ ബാധിക്കാതിരുന്നത് കപൂറിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. ധൂല്‍ കാ ഫൂല്‍, ഹംറാസ്, വക്ത്, ഗുംറാ തുടങ്ങി നിക്കാഹ് വരെ ഉദാഹരണങ്ങള്‍ നിരവധി. ബി.ആര്‍. ഫിലിംസിന്റെ ഭാഗ്യശബ്ദമായ മഹേന്ദ്ര കപൂര്‍ അങ്ങനെ 'മഹാഭാരത'ത്തിലെ മുഖ്യഗായകനാകുന്നു. ഒപ്പം ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗവും. 
സിനിമയുടെ മുഖ്യധാരയിലായിരുന്നില്ല ഒരിക്കലും രാജ്കമല്‍ എന്ന സംഗീത സംവിധായകന്റെ ഇടം. ചെയ്തതേറെയും മധ്യവര്‍ത്തി സിനിമകള്‍. അതില്‍ കൂടുതലും ബോക്‌സാഫീസില്‍ മൂക്കുകുത്തി വീണവ. ടെലിവിഷന്‍ പരമ്പരകളുമായി സഹകരിക്കുന്നത് രണ്ടാംതരം ഏര്‍പ്പാടായി ബോളിവുഡിലെ മുന്‍നിര സംഗീത സംവിധായകര്‍ കരുതിപ്പോന്നിരുന്ന കാലമായിരുന്നു അത്. സ്വാഭാവികമായും രണ്ടാംനിരയിലേയും മൂന്നാംനിരയിലേയും പ്രതിഭകളെ (പലരും പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍) തേടിപ്പോകേണ്ടിവന്നു സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക്. കുറഞ്ഞ പ്രതിഫലത്തില്‍ ജോലിചെയ്യാന്‍ സന്നദ്ധരായിരുന്നു ഇവരില്‍ പലരും. രാജ്കമലിനെപ്പോലെ പാര്‍ശ്വവല്‍കൃതരായ ഒരുപിടി സംഗീതസംവിധായകര്‍ അങ്ങനെ ദൂരദര്‍ശനിലൂടെ സാധാരണക്കാരന്റെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നു ജയദേവ്, എല്‍. വൈദ്യനാഥന്‍, വന്‍രാജ് ഭാട്യ, ലൂയി ബാങ്ക്സ്, സപന്‍ ജഗ്മോഹന്‍, ഭാസ്‌കര്‍ ചന്ദവര്‍ക്കര്‍, ഉദയ് മജൂംദാര്‍ അങ്ങനെ പലരും. അവര്‍ സൃഷ്ടിച്ച ലളിതസുന്ദരമായ ഈണങ്ങള്‍കൂടി ചേരുമ്പോഴേ 1980-കളിലെ ദൂരദര്‍ശന്റെ ചരിത്രം പൂര്‍ണ്ണമാകൂ. ഹംലോഗ്, ബുനിയാദ്, സുരഭി, രജനി, മാല്‍ഗുഡി ഡേയ്സ്, തമസ്, വിക്രം വേതാള്‍, ശക്തിമാന്‍, വാഗ്ലേ കി ദുനിയാ, അലിഫ് ലൈലാ, ചന്ദ്രകാന്ത തുടങ്ങി ഇന്ത്യന്‍ ജനതയെ ജാതിമതഭേദമന്യേ ടെലിവിഷനു മുന്നില്‍ പിടിച്ചിരുത്തിയ പരമ്പരകള്‍ പലതും ഇന്നു കാലഹരണപ്പെട്ടിരിക്കാം. പക്ഷേ, അവയ്ക്ക് അകമ്പടി സേവിച്ച ശബ്ദങ്ങളും ഈണങ്ങളും ഇന്നും മായാതെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. റേഡിയോയില്‍നിന്നു ടെലിവിഷനിലേയ്ക്കുള്ള ഇന്ത്യന്‍ പൗരന്റെ കൂടുമാറ്റത്തിന്റെ കഥകൂടി പറഞ്ഞുതരുന്നുണ്ട് അവ. നിര്‍ഭാഗ്യവശാല്‍ ആ ഈണങ്ങള്‍ക്ക് പിന്നിലെ മാന്ത്രികരെ പലരും ഓര്‍ക്കുന്നുപോലുമില്ല ഇന്ന്.

ബിആര്‍ ചോപ്ര
ബിആര്‍ ചോപ്ര

മുപ്പതിലെത്തിയ 'മിലേ സുര്‍'
അശോക് പട്കിയുടെ കഥയെടുക്കുക. ഈ പേര് ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്തവര്‍പോലും 1980-കളില്‍ അദ്ദേഹം ദൂരദര്‍ശനുവേണ്ടി സ്വരപ്പെടുത്തിയ ഒരു ഗാനം ആവേശത്തോടെ ഓര്‍മ്മയില്‍ സൂക്ഷിക്കുണ്ടാകും ഇന്ത്യയുടെ അനൗദ്യോഗിക ദേശീയഗീതം എന്നു പലരും വിശേഷിപ്പിക്കുന്ന 'മിലേ സുര്‍ മേരാ തുംഹാര.' കൊങ്കണി ചിത്രമായ 'അന്തര്‍നാദി'ന്റെ സംഗീതത്തിന് 2006-ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട് മുംബൈ സ്വദേശി പട്കി. നിരവധി മറാത്തി, കൊങ്കണി സിനിമകള്‍ക്കും മൂവായിരത്തോളം പരസ്യ ജിംഗിളുകള്‍ക്കും സംഗീതം നല്‍കിയിട്ടുമുണ്ട്. ശാസ്ത്രീയസംഗീതത്തില്‍ ഔപചാരിക ശിക്ഷണമൊന്നും അവകാശപ്പെടാനില്ലാത്ത ഈ 77-കാരന്‍ പക്ഷേ, ഇന്നും ഓര്‍ക്കപ്പെടുന്നത് 'മിലേ സുര്‍ മേരാ തുംഹാര' എന്ന ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. എല്‍. വൈദ്യനാഥനായിരുന്നു ഗാനത്തിന്റെ സൃഷ്ടിയില്‍ പട്കിയുടെ സഹായി. വാദ്യവിന്യാസം നിര്‍വ്വഹിച്ചത് ലൂയി ബാങ്ക്സ്. സംഗീതസംവിധാനത്തില്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ സംഭാവനയും ഉണ്ടായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു അദ്ദേഹത്തിന്റെ മകന്‍ ജയന്ത്. പണ്ഡിറ്റ്ജി പാടി പ്രശസ്തമാക്കിയ ''ജോ ജേ ഹരി കോ സദാ'' എന്ന ഭജന്റെ ഈണമാണ് 'മിലേ സുര്‍ മേരാ തുംഹാര'ക്ക് പ്രചോദനമായത്. 

ജയദേവ്
ജയദേവ്

ദേശാഭിമാനം ഉണര്‍ത്തുന്ന ഒരു ഗാനചിത്രീകരണം എന്ന ആശയം കേന്ദ്ര സര്‍ക്കാരിന്റെ ലോക് സഞ്ചാര്‍ പരിഷത്ത് മുന്നോട്ടുവെച്ചത് മൂന്നു പതിറ്റാണ്ടു മുന്‍പാണ്, 1988-ല്‍. ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്ത ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ ഘോഷ് ഗാനസൃഷ്ടിയുടെ ചുമതല സുഹൃത്തായ സുരേഷ് മല്ലിക്കിനെ ഏല്‍പ്പിക്കുന്നു. ഒഗില്‍വി ആന്‍ഡ് മേത്തറിന്റെ ക്രിയേറ്റീവ് ഹെഡാണ് അക്കാലത്ത് മല്ലിക്ക്. ഹിന്ദുസ്ഥാനി കര്‍ണാട്ടിക് ഫോക് സംഗീത ശാഖകള്‍ സമന്വയിപ്പിച്ചു വേണം പാട്ടുണ്ടാക്കാന്‍. വിവിധ ജനവിഭാഗങ്ങളുടെ പ്രാദേശികവും ഭാഷാപരവുമായ പ്രാതിനിധ്യവും നിര്‍ബന്ധം. ''ഹിന്ദുസ്ഥാനിയിലും കര്‍ണാട്ടിക്കിലും പൊതുവായി ഉള്ള രാഗമാണ് ഭൈരവി. ആ രാഗമായിരിക്കണം ഗാനത്തിന്റെ അന്തര്‍ധാര.'' ഭാസ്‌കര്‍ ഘോഷ് പറഞ്ഞു. സ്വന്തം പരസ്യസ്ഥാപനത്തില്‍ അക്കൗണ്ട്സ് മാനേജരായിരുന്ന പിയൂഷ് പാണ്ഡെയെ വരികള്‍ എഴുതാന്‍ ചുമതലപ്പെടുത്തുന്നു മല്ലിക്ക്. രണ്ടേ രണ്ട് ഉപാധികളെ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്: ''ലളിതവും സുതാര്യവുമായിരിക്കണം രചന. എളുപ്പം സാധാരണക്കാരന്റെ ചുണ്ടിലും മനസ്സിലും അത് ഇടം നേടുകയും വേണം.'' പാണ്ഡെ എഴുതിക്കൊണ്ടുവന്ന 17 രചനകളും വഴിക്കുവഴിയായി തിരസ്‌കരിച്ച ശേഷം പതിനെട്ടാമത്തെ രചന മല്ലിക്ക് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു, 'മിലേ സുര്‍ മേരാ തുംഹാര തോ സുര്‍ ബനേ ഹമാരാ...' അതായിരുന്നു തുടക്കം. പിന്നെയുള്ളത് ചരിത്രം. 
മുഖ്യഗായകരായി ഭീംസെന്‍ ജോഷി, ബാലമുരളീകൃഷ്ണ, ലത മങ്കേഷ്‌കര്‍, കവിത കൃഷ്ണമൂര്‍ത്തി, ശുഭാംഗി ബോസ്, സുചിത്ര മിത്ര എന്നിവര്‍. സ്‌ക്രീനിലെ പശ്ചാത്തല താരസാന്നിധ്യങ്ങളായി അമിതാഭ് ബച്ചന്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി, ശര്‍മിള ടാഗോര്‍, വഹീദ റഹ്മാന്‍, കമല്‍ ഹാസന്‍, പ്രകാശ് പദുകോണ്‍, പി.കെ. ബാനര്‍ജി തുടങ്ങിയവര്‍. 1988 ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരുന്നു 'മിലെ സുര്‍ മേരാ തുംഹാര'യുടെ ആദ്യ സംപ്രേഷണം. അശോക് പട്കിയും വൈദ്യനാഥനും ലൂയി ബാങ്ക്സും ചേര്‍ന്നു സൃഷ്ടിച്ച ആവേശമുണര്‍ത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും ഒരു ദേശീയ വികാരമായി വളര്‍ന്നത് പെട്ടെന്നാണ്. ദൂരദര്‍ശന്റെ പ്രഭവകാലമായിരുന്നു അതെന്നുകൂടി ഓര്‍ക്കണം. ''ശാസ്ത്രീയസംഗീത വേദിയില്‍ മാത്രം ഒതുങ്ങിനിന്ന എന്നെ ജനകീയനാക്കി മാറ്റിയത് 'മിലേ സുര്‍ മേരാ തുംഹാര'യിലെ സാന്നിധ്യമാണ്. കൊച്ചുകുട്ടികള്‍പോലും തിരിച്ചറിയുന്നു ഇന്നെന്നെ'' -ഭീംസെന്‍ ജോഷി ഒരിക്കല്‍ പറഞ്ഞു. 

പീയൂഷ് പാണ്ഡെ
പീയൂഷ് പാണ്ഡെ

'മിലേ സുര്‍ മേരാ തുംഹാര' മുപ്പതു വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മയിലെത്തുന്ന മറ്റൊരു പേര് കൂടിയുണ്ട് എറണാകുളം ജില്ലയിലെ ചുള്ളിക്കല്‍ സ്വദേശി കെ.ജെ. കുരുവിളയുടെ. മുംബൈ പരസ്യലോകത്ത് ഏറെക്കാലം ജിംഗിള്‍ ഗായകനായി നിറഞ്ഞുനിന്ന കുരുവിളയാണ് ഗാനത്തിലെ മലയാളം വരികള്‍ക്ക് ശബ്ദം നല്‍കിയത്- ''എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്.'' മുംബൈയിലെ അറിയപ്പെടുന്ന സ്റ്റേജ് ഗായകന്‍ കൂടിയായിരുന്ന കുരുവിളയുടെ ശബ്ദത്തിലാണ് ലൈഫ്ബോയ് സോപ്പിന്റേയും വിക്കോ വജ്രദന്തി ടൂത്ത് പേസ്റ്റിന്റെയുമൊക്കെ റേഡിയോ പരസ്യങ്ങള്‍ വര്‍ഷങ്ങളോളം മലയാളികളെ തേടിയെത്തിയത്. കുരുവിള ഉള്‍പ്പെടെ 'മിലേ സുര്‍ മേരാ തുംഹാര'യുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട പലരും ഇന്നില്ല. നിനച്ചിരിക്കാതെ വല്ലപ്പോഴുമൊക്കെ ദൂരദര്‍ശനില്‍ ആ ഗാനദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ത്യന്‍ ടെലിവിഷന്റെ വസന്തകാലം വീണ്ടും ഓര്‍മ്മയിലെത്തും. ടാം റേറ്റിംഗിനെക്കുറിച്ചു വേവലാതിയില്ലാതെ ഉന്നതനിലവാരമുള്ള പരിപാടികള്‍ മാത്രം പ്രേക്ഷകരിലെത്തിക്കാന്‍ ദൂരദര്‍ശന്‍ ഉത്സാഹം കാണിച്ചിരുന്ന കാലം. 'ഫിര്‍ മിലേ സുര്‍ മേരാ തുംഹാര' എന്ന പേരില്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഈ ഗാനം ടെലിവിഷനില്‍ പുനരാവിഷ്‌കരിക്കപ്പെട്ടെങ്കിലും 'ഒറിജിന'ലിനോട് താരതമ്യംപോലും ഉണ്ടായിരുന്നില്ല പുതിയ പതിപ്പിന്. സിനിമാക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു കെട്ടുകാഴ്ച മാത്രമായി ചുരുങ്ങി അത്. 

എല്‍ വൈദ്യനാഥന്‍
എല്‍ വൈദ്യനാഥന്‍


മറക്കാനാവാത്ത ഈണങ്ങള്‍ അങ്ങനെ എത്രയെത്ര. ടെലിവിഷന്‍ ചാനലുകളുടെ മഹാപ്രളയത്തിനു നടുവില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊക്കെ തമാശയായി തോന്നിയേക്കാം. പക്ഷേ, മിനിസ്‌ക്രീനിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ക്കായി കണ്ണിമയ്ക്കാതെ കാത്തിരുന്ന 80-കളിലെ യുവതലമുറയ്ക്ക് അതങ്ങനെയല്ലായിരുന്നു. ആ സംഗീതശകലങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നു അവരില്‍ പലരും. നിര്‍മ്മയുടേയും ലിറിലിന്റേയും രസ്നയുടേയും റെക്സോണയുടേയുമൊക്കെ ജിംഗിളുകള്‍ ഗൃഹാതുരത്വത്തോടെ ഹലോ ട്യൂണായി നിലനിര്‍ത്തുന്നവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍. ''സിനിമാപ്പാട്ടുകളോളം തന്നെ ജനപ്രിയമായിരുന്നു ആ പരസ്യഗീതങ്ങളും.'' പിന്നണി ഗായിക പ്രീതി സാഗറിന്റെ വാക്കുകള്‍. ''കേള്‍ക്കുമ്പോള്‍ ലളിതമായി തോന്നുമെങ്കിലും അവയ്ക്കു പിന്നില്‍ പ്രതിഭാശാലികളായ എത്രയോ കലാകാരന്മാരുടെ ബുദ്ധിയും ഭാവനയും കൂടിയുണ്ടായിരുന്നു.'' ഹോക്കിന്‍സ് പ്രഷര്‍ കുക്കര്‍, ലിറില്‍ സോപ്പ്, നിര്‍മ, പാന്‍ പരാഗ്, ലിപ്ടണ്‍ തുടങ്ങി 1980-കളില്‍ സൂപ്പര്‍ഹിറ്റായി മാറിയ പല ജിംഗിളുകള്‍ക്കും ശബ്ദം പകര്‍ന്ന ഗായികയാണ് പ്രീതി.

എല്‍ സുബ്രമണ്യം
എല്‍ സുബ്രമണ്യം

രവിശങ്കര്‍ സൃഷ്ടിച്ച ഈണം 
പണ്ഡിറ്റ് രവിശങ്കറില്‍നിന്നു തുടങ്ങുന്നു ഇന്ത്യന്‍ ടെലിവിഷന്റെ സംഗീതചരിത്രം. ഷഹനായ് ഇതിഹാസം ഉസ്താദ് അലി അഹമ്മദ് ഹുസൈന്‍ ഖാനോടൊപ്പം ദൂരദര്‍ശന്റെ വിഖ്യാതമായ സിഗ്നേച്ചര്‍ ട്യൂണ്‍ ചിട്ടപ്പെടുത്തിയത് രവിശങ്കറാണ്. രാഷ്ട്രത്തിന്റെ ഔദ്യോഗിക ചാനലിന് ഒരു പ്രമേയ സംഗീതം അനിവാര്യമായ ഘട്ടമെത്തിയപ്പോള്‍ രവിശങ്കറിനെ തന്നെ ആ ചുമതല ഏല്‍പ്പിക്കണമെന്നു നിര്‍ബന്ധം പിടിച്ചു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. ഒരൊറ്റ ഉപാധിയേ ഉണ്ടായിരുന്നുള്ളൂ ഇന്ദിരയ്ക്ക്. ഇഖ്ബാലിന്റെ പ്രശസ്തമായ ''സാരേ ജഹാം സേ അഛാ'' എന്ന ദേശഭക്തി ഗാനത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു വേണം ഈണം സൃഷ്ടിക്കാന്‍; അതേ സമയം അത് മൗലികമാവുകയും വേണം. രവിശങ്കറിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ആ ദൗത്യം ഏറ്റെടുക്കാന്‍. ഇഖ്ബാലിന്റെ രചനയുമായി വലിയൊരു ആത്മബന്ധമുണ്ട് പണ്ഡിറ്റ്ജിക്ക്. ആ ഗാനം നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ് 1945-ല്‍ ഇപ്റ്റയുമായി (ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍) ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന കാലത്ത്. അതുവരെ കുറെക്കൂടി മന്ദഗതിയിലും ശോകഭാവത്തിലും ആലപിക്കപ്പെട്ടിരുന്ന സാരേ ജഹാം സേ അഛാ രവിശങ്കറിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ ഊര്‍ജ്ജസ്വലമായ ഒരു ശ്രവ്യാനുഭവമായി മാറുന്നു. ഈ ഗാനത്തിന്റെ പല്ലവിയുടെ ഒരു ഭാഗത്തെയാണ് ദൂരദര്‍ശന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ സൃഷ്ടിക്കാന്‍ രവിശങ്കര്‍ ആശ്രയിച്ചത്. ഉസ്താദ് അലി അഹമ്മദ് ഹുസൈന്‍ ഖാന്‍ ഹൃദയസ്പര്‍ശിയായി ഷഹനായിയില്‍ ആവിഷ്‌കരിച്ച ആ സംഗീതശകലം പുതിയൊരു ദൃശ്യമാധ്യമ സംസ്‌കാരത്തിന്റെ ഉണര്‍ത്തുപാട്ടാകണം എന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ആഗ്രഹം. പക്ഷേ, ട്യൂണ്‍ കേട്ടപ്പോള്‍ പലരുടേയും നെറ്റിചുളിഞ്ഞു. തെല്ലു വിഷാദസാന്ദ്രമായില്ലേ അതെന്നൊരു തോന്നല്‍. ഷഹനായിയുടെ സാന്നിധ്യമാകാം കാരണം. പക്ഷേ, പണ്ഡിറ്റ് രവിശങ്കറിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. ''മനസ്സില്‍ ആഹ്ലാദം മാത്രമല്ല, അഭിമാനം കൂടി നിറയ്ക്കും ഈ ഈണം.'' 1973-ലാണ് റെക്കോര്‍ഡ് ചെയ്തതെങ്കിലും ദൂരദര്‍ശന്‍ ലോഗോയുടെ പശ്ചാത്തലത്തില്‍ ആ സംഗീത ശകലം ആദ്യം മുഴങ്ങിക്കേട്ടത് 1976 ഏപ്രില്‍ ഒന്നിനാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ വിദ്യാര്‍ത്ഥിയായിരുന്ന ദേവാശിഷ് ഭട്ടാചാര്യ അതിനകം ഡി.ഡിയുടെ പ്രശസ്തമായ ലോഗോ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു.

പണ്ഡിറ്റ് രവിശങ്കര്‍
പണ്ഡിറ്റ് രവിശങ്കര്‍

പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചിട്ട് 17 വര്‍ഷം പിന്നിട്ടിരുന്നു അപ്പോഴേക്കും. അഞ്ചു മിനിട്ട് നീളുന്ന വാര്‍ത്താസംപ്രേഷണം തുടങ്ങിയത് 1965-ല്‍. ഒരു വ്യാഴവട്ടം കൂടി കഴിഞ്ഞ് ആദ്യ ടെലിവിഷന്‍ പരമ്പരയായ 'ലഡ്ഡൂ സിംഗ് ടാക്‌സിവാല' എത്തുന്നു. 1982-ലായിരുന്നു ഏറ്റവും വിപ്ലവാത്മകമായ മാറ്റം. ഇന്ത്യന്‍ ടെലിവിഷന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തില്‍നിന്നു വര്‍ണ്ണപ്പകിട്ടിലേക്ക് മാറിയത് ആ വര്‍ഷത്തെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസോടെയാണ്. തൊട്ടുപിന്നാലെ ദൂരദര്‍ശനില്‍ ജനപ്രിയ പരമ്പരകളുടെ പ്രവാഹമായി. ചരിത്രകഥകള്‍, പുരാണങ്ങള്‍, മാന്ത്രികക്കഥകള്‍, മികച്ച സാഹിത്യകൃതികളുടെ ആവിഷ്‌കാരങ്ങള്‍... അങ്ങനെ വൈവിധ്യം പുലര്‍ത്തിയ ഒരുപിടി പരിപാടികള്‍. സാധാരണക്കാരനായ പ്രേക്ഷകനെ എളുപ്പം ആകര്‍ഷിക്കാന്‍ പോന്ന പ്രമേയസംഗീതവും ശീര്‍ഷകഗാനങ്ങളും ഈ പരമ്പരകളുടെ പ്രത്യേകതകളായിരുന്നു. ഒരേ സമയം ലാളിത്യവും നാടന്‍ തനിമയും കാത്തുസൂക്ഷിച്ച ഈണങ്ങള്‍. 

'മാല്‍ഗുഡി ഡേയ്സ്' ഓര്‍ക്കുക. ഗ്രാമ്യവിശുദ്ധി നിറഞ്ഞ ആ പരമ്പര ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ദൃശ്യാനുഭവം. ആര്‍.കെ. നാരായണിന്റെ വിഖ്യാത രചനയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുമ്പോള്‍ സംവിധായകനും നടനുമായ ശങ്കര്‍നാഗിന്റെ മനസ്സില്‍ ഒരൊറ്റ സംഗീതസംവിധായനെ ഉണ്ടായിരുന്നുള്ളൂ- എല്‍. വൈദ്യനാഥന്‍. ജി.കെ. വെങ്കിടേഷിന്റെ സഹായിയായിരുന്ന കാലം മുതലേ വൈദ്യനാഥനെ അറിയാം ശങ്കറിന്. അദ്ദേഹത്തിന്റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസവുമുണ്ട്. സത്യജിത് റായിയുടെ ക്ലാസ്സിക് ചിത്രമായ പഥേര്‍ പാഞ്ചലിയുടെ മാതൃകയില്‍ പ്രകൃതിയോടും പഴയ കാലത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഈണമാണ് തനിക്ക് വേണ്ടതെന്ന് ശങ്കര്‍ നാഗ് പറഞ്ഞപ്പോള്‍ അതൊരു വെല്ലുവിളിയായിത്തന്നെ എടുത്തു വൈദ്യനാഥന്‍. പുല്ലാംകുഴലിന്റേയും തബലയുടേയും പശ്ചാത്തലത്തില്‍ മോഹന രാഗ സ്പര്‍ശം നല്‍കി വൈദ്യനാഥന്‍ ജന്മം നല്‍കിയ ആ കൊച്ചു ഗാനശകലം അന്നത്തെ ടി.വി പ്രേക്ഷകരുടെ തലമുറ എങ്ങനെ മറക്കാന്‍? വൈദ്യനാഥന്‍ തന്നെ ശബ്ദം നല്‍കിയ 'താനാന തനാനാന നാ' എന്ന ആ വരി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും കാതിലും മനസ്സിലുമുണ്ട്. ''ലാളിത്യം തന്നെയാവണം അതിനെ ഇത്രയും ജനകീയമാക്കിയത്.'' പില്‍ക്കാലത്ത് മാല്‍ഗുഡി ഡേയ്സിന്റെ ശീര്‍ഷക സംഗീതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈദ്യനാഥന്‍ പറഞ്ഞു. ''മൊത്തത്തില്‍ ഒരു ഗ്രാമീണ അന്തരീക്ഷമാണ് പരമ്പരയ്ക്ക്. കാലഘട്ടമാകട്ടെ, സ്വാതന്ത്ര്യത്തിന് മുന്‍പുള്ളതും. ഗൃഹാതുരവും കുട്ടികളുടെപോലും മനസ്സില്‍ നില്‍ക്കുന്നതുമായ ഒരു ഈണത്തിനുവേണ്ടി ദിവസങ്ങള്‍ തലപുകച്ചിട്ടുണ്ട്. തികച്ചും യാദൃച്ഛികമായി ഒരു മൂളിപ്പാട്ടായി എന്റെ ചുണ്ടില്‍ കടന്നുവന്നതാണ് നിങ്ങള്‍ കേള്‍ക്കുന്ന ഈണം. പാടിക്കേള്‍പ്പിച്ചയുടന്‍ അത് ശങ്കര്‍ നാഗിന് ഇഷ്ടപ്പെട്ടു. ആര്‍.കെ. ലക്ഷ്മണിന്റെ രേഖാചിത്രങ്ങളുടെ അകമ്പടിയോടെ അദ്ദേഹം അത് ഭംഗിയായി ചിത്രീകരിക്കുകയും ചെയ്തു.'' മലയാളമുള്‍പ്പെടെ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി ഇരുനൂറോളം സിനിമകള്‍ക്ക് ഗാനമൊരുക്കിയിട്ടുണ്ടെങ്കിലും വൈദ്യനാഥന്റെ ഏറ്റവും വലിയ ഹിറ്റ് മാല്‍ഗുഡിയുടെ ഹൃദയഗീതം തന്നെയാവണം. വൈദ്യനാഥന്റെ ഇളയ സഹോദരന്‍ എല്‍. സുബ്രഹ്മണ്യന്റെ സാന്നിധ്യവും ഉണ്ടായിരുന്നു ഒരിക്കല്‍ ദൂരദര്‍ശനില്‍. ജനപ്രിയ പരമ്പരകളില്‍ ഒന്നായ 'സുരഭി'യുടെ ശീര്‍ഷക സംഗീതം ചിട്ടപ്പെടുത്തിയതും വാദ്യവിന്യാസം നിര്‍വ്വഹിച്ചതും സുബ്രഹ്മണ്യമാണ്. രേണുക ഷഹാനേയും സിദ്ധാര്‍ഥ് കക്കും അവതരിപ്പിച്ച ഈ പരിപാടിക്കുവേണ്ടി ഫ്യൂഷന്‍ സംഗീതത്തിന്റേയും ക്വയറിന്റേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി അദ്ദേഹം. 

ഉസ്താദ് അലി അഹമ്മദ് ഹുസൈന്‍ ഖാന്‍
ഉസ്താദ് അലി അഹമ്മദ് ഹുസൈന്‍ ഖാന്‍


ഭാനു ഗുപ്ത എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ഒഴുകിയെത്തുക ആര്‍.ഡി. ബര്‍മ്മന്‍ ചിട്ടപ്പെടുത്തി അനശ്വരമാക്കിയ കുറേ ചലച്ചിത്രഗാനങ്ങളാണ്. ചിങ്കാരി കോയീ ബഡ്കെ (അമര്‍പ്രേം), ഏക് ചതുര്‍നാര്‍ (പഡോസന്‍), മെഹബൂബ മെഹ്ബൂബ (ഷോലെ), യാദോം കി ബാരാത് ( യാദോം കി ബാരാത് ), തെരെ ബിനാ സിന്ദഗി സെ (ആന്ധി), കുച്ഛ് നാ കഹോ (1942 എ ലവ് സ്റ്റോറി)... ഈ ക്ലാസ്സിക്ക് ഗാനങ്ങളിലെല്ലാമുണ്ട് ഗുപ്തയുടെ ഗിറ്റാര്‍ വൈഭവം. അമിതാബ് ബച്ചന്റെ കഥാപാത്രം ഹാര്‍മോണിക്കയില്‍ വായിക്കുന്ന ഷോലെയിലെ തീം മ്യൂസിക് ചിട്ടപ്പെടുത്തി അവതരിപ്പിച്ചതും ഗുപ്ത തന്നെ. സിനിമാ സംഗീത സംവിധായകനാകാന്‍ ഗുപ്ത ആഗ്രഹിച്ചിരുന്നെങ്കിലും വിധി അതിന് അവസരമൊരുക്കിയില്ല. ഹിന്ദി സിനിമയിലെ എത്രയോ അനശ്വരഗാനങ്ങളുടെ പിന്നണിയില്‍ അജ്ഞാതനായി മറഞ്ഞിരിക്കാനായിരുന്നു അദ്ദേഹത്തിന് യോഗം. എങ്കിലും ടെലിവിഷനില്‍ ഭാനു ഗുപ്തയിലെ കമ്പോസറുടെ കയ്യൊപ്പുള്ള ഒരു ഈണമുണ്ട്. 1980-കളില്‍ പ്രിയ ടെണ്ടുല്‍ക്കറിനെ നായികയാക്കി ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത 'രജനി' എന്ന പരമ്പരയുടെ ശീര്‍ഷകഗാനം. ''ലഡ്കി ഹേ ഏക്, നാം രജനി ഹേ'' എന്നു തുടങ്ങുന്ന ആ ഗാനം പാടിയത് ആശ ഭോസ്ലെ. ''ബസു ദായുടെ നിരവധി സിനിമകളില്‍ ഞാന്‍ ഗിറ്റാറും മൗത്ത് ഓര്‍ഗനും വായിച്ചിട്ടുണ്ട്. ഒരു സിനിമയിലെങ്കിലും സംഗീത സംവിധാനം നിര്‍വ്വഹിക്കാനുള്ള ആഗ്രഹം തെല്ലൊരു സങ്കോചത്തോടെ പ്രകടിപ്പിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല അദ്ദേഹം. കുറേ കാലം കഴിഞ്ഞു രജനിയുടെ വര്‍ക്ക് തുടങ്ങുന്ന സമയത്ത് അതിന്റെ ശീര്‍ഷകഗാനം ഒരുക്കാന്‍ അദ്ദേഹം എന്നെ ചുമതലപ്പെടുത്തിയപ്പോള്‍ അദ്ഭുതമായിരുന്നു. സാധാരണക്കാരുടെ കഥയാണിത്. അവര്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈണം വേണം. അത്രയേ പറഞ്ഞുള്ളൂ അദ്ദേഹം. ആദ്യത്തെ ഈണം തന്നെ ഓക്കേ'' -ഭാനു ഗുപ്ത.

ഭാനു ഗുപ്ത
ഭാനു ഗുപ്ത

ആദ്യത്തെ മെഗാ സീരിയല്‍ 
ചരിത്രം സൃഷ്ടിച്ച മറ്റൊരു പരമ്പരയായിരുന്നു ഹംലോഗ്. 1984 ജൂലൈ ഏഴിന് തുടങ്ങി 17 മാസം നീണ്ട ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോപ്പ് ഓപ്പറ. മധ്യവര്‍ഗ്ഗക്കാരന്റെ സ്വപ്നങ്ങളും വേവലാതികളും വ്യാകുലതകളുമൊക്കെ ലളിതമായ ശൈലിയില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ച ഈ പരമ്പരയുടെ പ്രേരകശക്തി യഥാര്‍ത്ഥത്തില്‍ അന്നത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വസന്ത് സാഥെയായിരുന്നു. സാഥെയുടെ ആശയം തിരക്കഥയാക്കി മാറ്റിയത് മനോഹര്‍ ശ്യാം ജോഷി. സംവിധാനം ചെയ്തത് കുമാര്‍ വാസുദേവും. സംഗീത സംവിധായകനായി ഏതെങ്കിലും ഇളമുറക്കാരന്‍ മതിയെന്നായിരുന്നു വാസുദേവിന്റെ ആഗ്രഹം. പക്ഷേ, ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്റെ തന്നെ ആദിമ ശില്പികളില്‍ ഒരാളായ അനില്‍ ബിശ്വാസിനെ ആ ചുമതല ഏല്‍പ്പിക്കണമെന്ന് സാഥെയ്ക്ക് നിര്‍ബന്ധം. ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടുകൊണ്ട് ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ അനില്‍ ബിശ്വാസിനോളം പ്രാപ്തിയുള്ളവര്‍ വേറെയില്ല എന്നു വിശ്വസിച്ചു അദ്ദേഹം.

ആശാ ബോസ്‌ലെ
ആശാ ബോസ്‌ലെ

ഹിന്ദുസ്ഥാനിയിലും പാശ്ചാത്യസംഗീതത്തിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ബിശ്വാസാണ് 12 പീസ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ ഇന്ത്യന്‍ സിനിമയില്‍ സിംഫണി സംഗീതത്തിന്റെ സാദ്ധ്യതകള്‍ ആദ്യമായി പ്രയോജനപ്പെടുത്തിയത്. കൗണ്ടര്‍ മെലഡി എന്ന സങ്കേതം ചലച്ചിത്ര ഗാനങ്ങളില്‍ ആദ്യമായി പരീക്ഷിച്ചതും ബിശ്വാസ് തന്നെ. ഹാംലോഗിന്റെ ശീര്‍ഷക സംഗീതം ഒരുക്കാനുള്ള ക്ഷണം ലഭിക്കുമ്പോള്‍ സിനിമയില്‍ പഴയപോലെ സജീവമല്ല ബിശ്വാസ്. 1965-ല്‍ ചോട്ടി ചോട്ടി ബാതേം എന്ന സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചശേഷം ആകാശവാണിയിലേക്ക് ചുവടുമാറിയിരുന്നു അദ്ദേഹം. 1975-ല്‍ ആകാശവാണിയില്‍നിന്നു വിരമിച്ച ശേഷമാണ് ഹാംലോഗിന്റെ സംഗീതസംവിധാന ചുമതല അദ്ദേഹം ഏറ്റെടുത്തത്. ''പുതിയ മാധ്യമവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ആവേശവും ആഹ്ലാദവും ഉണ്ടായിരുന്നു. ഒപ്പം അല്‍പ്പം ആശങ്കയും.'' ടെലിവിഷന്‍ അരങ്ങേറ്റത്തെക്കുറിച്ച് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ ബിശ്വാസ് പറഞ്ഞു. ''എങ്കിലും തുടക്കം മോശമായില്ല എന്നാണ് എന്റെ വിശ്വാസം. ഇന്ത്യയുടെ മുക്കിലും മൂലയിലും നമ്മുടെ സൃഷ്ടി ചെന്നെത്തുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഹാംലോഗിന്റെ ജനപ്രീതിയും എനിക്ക് ഏറെ സഹായകമായി.'' ബുനിയാദാണ് ആദ്യകാലത്ത് ജനം കാത്തിരുന്നു കണ്ട മറ്റൊരു ദൂരദര്‍ശന്‍ പരമ്പര. വിഭജനകാലം പശ്ചാത്തലമാക്കി രമേശ് സിപ്പിയും ജ്യോതി സരൂപും ചേര്‍ന്ന് ഒരുക്കിയ ഈ സീരിയലിന്റെ ശീര്‍ഷകഗാനം ചിട്ടപ്പെടുത്തിയത് ഉദയ് മജൂംദാര്‍. അനൂപ് ജലോട്ടയും അനുപമ ദേശ്പാണ്ഡെയുമായിരുന്നു ഗായകര്‍. 
ബോളിവുഡിന്റെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയ പ്രതിഭാശാലികളായ പല സംഗീതകാരന്മാര്‍ക്കും മികവ് തെളിയിക്കാനുള്ള പ്ലാറ്റ്ഫോമായി മാറി ദൂരദര്‍ശന്‍. ജയദേവും വന്‍രാജ് ഭാട്യയും ഉദാഹരണം. രാമായണം (1986) പരമ്പരയുടെ ശീര്‍ഷകഗാനം ചിട്ടപ്പെടുത്തിയത് ജയദേവാണ്. ഹംദോനോം (1961) എന്ന ചിത്രത്തിനു വേണ്ടി ''അഭീ നാ ജാവോ ചോഡ്കര്‍'' എന്ന അനശ്വര പ്രണയഗാനം സൃഷ്ടിച്ച അതേ ജയദേവ് തന്നെ. ടെലിസിനിമയുടെ പേരില്‍ മികച്ച ചലച്ചിത്ര സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ചരിത്രമാണ് വന്‍രാജ് ഭാട്യയുടേത്. ചിത്രം: തമസ്. ''ജൂറി തലവന്‍ സലില്‍ ചൗധരി നിര്‍ബന്ധം പിടിച്ചതുകൊണ്ടു മാത്രമാണ് അന്നെനിക്ക് അവാര്‍ഡ് ലഭിച്ചത്'' -ഭാട്യ ഓര്‍ക്കുന്നു. ''ടെലിവിഷനുവേണ്ടി നിര്‍മ്മിച്ച ചിത്രത്തിനു ദേശീയ ചലച്ചിത്ര അവാര്‍ഡ് നല്‍കുന്നത് തെറ്റാണെന്നായിരുന്നു മറ്റുള്ളവരുടെ വാദം. പക്ഷേ, സലില്‍ദാ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ദേശീയ അവാര്‍ഡിനെക്കാള്‍ ഞാന്‍ വിലമതിക്കുന്നത് സലില്‍ദായില്‍നിന്നു ലഭിച്ച ആ അംഗീകാരം തന്നെ.'' തമസിന് മുന്‍പ് ഖാന്ദാന്‍ എന്ന ദൂരദര്‍ശന്‍ പാരമ്പരയ്ക്കും സംഗീതം നല്‍കിയിരുന്നു വന്‍രാജ് ഭാട്യ. അതുകഴിഞ്ഞു വാഗ്ലെ കി ദുനിയാ, ഭാരത് ഏക് ഖോജ് തുടങ്ങിയ പരമ്പരകള്‍ക്കും. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍നിന്നു സ്വര്‍ണ്ണമെഡലോടെ കമ്പോസിംഗില്‍ ബിരുദം നേടിയ ചരിത്രമുള്ള ഭാട്യ പരസ്യ ജിംഗിളുകളിലൂടെയാണ് സംഗീതലോകത്ത് ശ്രദ്ധേയനാകുന്നത്. ആദ്യം ചിട്ടപ്പെടുത്തിയത് ശക്തി സില്‍ക്‌സിന്റെ പരസ്യഗീതം. തുടര്‍ന്ന് ആറായിരത്തോളം ജിംഗിളുകള്‍ റേഡിയോയ്ക്കും സിനിമയ്ക്കും ടി.വിക്കും വേണ്ടി ഒരുക്കി അദ്ദേഹം. ഏറ്റവും പ്രശസ്തം ലിറില്‍ സോപ്പിനുവേണ്ടി ചെയ്ത ''ലാ ലാലലാ.'' ഗൗരവമാര്‍ന്ന സിനിമാ പരീക്ഷണങ്ങള്‍ക്കൊപ്പമായിരുന്നു എന്നും ഭാട്യയുടെ സ്ഥാനം അങ്കുര്‍, ഭൂമിക, ജുനൂന്‍, 36 ചൗരംഗീ ലെയ്ന്‍, ജാനേ ഭീ ദോ യാരോ, സര്‍ദാരി ബീഗം എന്നിങ്ങനെ. 

ടെലിവിഷന്റെ മുഖച്ഛായ തന്നെ മാറി. മഹത്തായ സാഹിത്യ കൃതികളൊന്നും ടി.വി പരമ്പരകളാക്കാന്‍ മിനക്കെടാറില്ല ഇന്നാരും; ദൂരദര്‍ശന്‍ പോലും. റേറ്റിങ് കിട്ടാനിടയില്ല എന്നതുതന്നെ കാരണം. വൈജ്ഞാനികവും ഗവേഷണാത്മകവുമായ പരിപാടികളുടെ സ്ഥാനത്ത് കണ്ണീര്‍ പരമ്പരകളും ആഭാസകരമായ കോമഡി ഷോകളും അരങ്ങുതകര്‍ക്കുന്നു. ഇത്തരം കെട്ടുകാഴ്ചകള്‍ക്കിടയില്‍ മൗലികവും ഉദാത്തവുമായ സംഗീതത്തിന് എന്തു പ്രസക്തി? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com