ഒരു ക്വിക്സോട്ടിന്റെ                                       പറയാനാവാത്ത ശോകം

മതവിചാരണ ചിത്രകാരന്റെ ഭാവന
മതവിചാരണ ചിത്രകാരന്റെ ഭാവന

1982-ല്‍ ഗ്രഹാം ഗ്രീന്‍ എന്ന ഇംഗ്ലീഷ് നോവലിസ്റ്റ് പ്രസിദ്ധീകരിച്ച 'മോണ്‍സിഞ്ഞോര്‍ ക്വിക്സോട്ട്' എന്ന നോവല്‍ സെര്‍വാന്റസിന്റെ ക്വിക്സോട്ടിന്റെ രണ്ടാമൂഴമാണ്. മോണ്‍. ക്വിക്സോട്ട് ഗ്രീനിന്റെ കത്തോലിക്കാ വൈദികനെക്കുറിച്ചുള്ള നോവലുകളില്‍ ഒന്നാണ്. ഈ മോണ്‍സിഞ്ഞോറിന് ഈ സ്ഥാനം ആകസ്മികമായി ലഭിച്ചതാണ്, അദ്ദേഹം അധികാരികളുടെ പ്രിയപ്പെട്ടവനൊന്നുമായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഉത്തമ സുഹൃത്ത് കമ്യൂണിസ്റ്റുകാരനും മുന്‍ മേയറുമായിരുന്നു. രണ്ടുപേരും ആളൊഴിഞ്ഞ ഒരു ശാലയില്‍ ആഹാരം കഴിക്കാനിരിക്കുന്നു. അവരിരിക്കുന്നതിന്റെ അടുത്ത ചുവരില്‍ അരിവാളും ചുറ്റികയും വരച്ചു വച്ചിരിക്കുന്നു. 

''ഒരു കുരിശ് അവിടെ വരച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു'' - മോണ്‍സിഞ്ഞോര്‍ പറഞ്ഞു. 

''അത് എന്തായാലെന്താ, വെണ്ണയുടെ രുചിയെ അതു ബാധിക്കില്ലല്ലോ; പോരെങ്കില്‍ രണ്ടും തമ്മില്‍ അത്ര വ്യത്യാസമുണ്ടോ? രണ്ടും അനീതിക്കെതിരായ പ്രതിഷേധമാണല്ലോ?''
''പക്ഷേ, ഫലം വ്യത്യസ്തമാണ്. ഒന്നു ഭീകരാധിപത്യമാണെങ്കില്‍  മറ്റേതു പരോപകാരമാണ്.''
''ഭീകരാധിപത്യവും പരോപകാരവുമെന്നോ? എങ്കില്‍ മതകുറ്റവിചാരണയോ (inquisition), നമ്മുടെ നാട്ടുകാരനായ തൊര്‍ക്കെമാദയോ?'' മുന്‍ മേയര്‍ ചോദിച്ചു. മതകുറ്റവിചാരണയുടെ അധിപനായിരുന്നല്ലോ തെര്‍ക്കെമാദ. യൂദാസിനും സ്റ്റാലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന മോണ്‍സിഞ്ഞോര്‍ ഒന്നും പറഞ്ഞില്ല. കത്തോലിക്കാ വൈദികനെ ക്വിക്സോട്ടായി ചിത്രീകരിക്കുന്ന കഥയില്‍നിന്നാണ് ഞാന്‍ സെര്‍വാന്റസിന്റെ സ്പാനിഷ് ഭാഷയിലെ ക്ലാസ്സിക് ആയ ഡോ. ക്വിക്സോട്ടിലേക്ക് എത്തിയത്. ''ഇതുവരെ ചിരിച്ചുകൊണ്ടു വായിച്ചത് ഇനി മുതല്‍ സുവിശേഷംപോലെ മുട്ടുകുത്തിനിന്നും സ്വര്‍ഗ്ഗത്തില്‍നിന്നു പ്രചോദനം പ്രാര്‍ത്ഥിച്ചുകൊണ്ടും ആത്മീയമായി വായിക്കണ''മെന്ന് സ്പാനിഷ് സാഹിത്യവിമര്‍ശകന്‍ (Diaz de Benjumea) എഴുതി. ''വളരെ അത്ഭുതാവഹമായ കലാരൂപം. സമര്‍ത്ഥമായി മൂടിപ്പൊതിഞ്ഞ വഴികളിലൂടെ നൂറ്റാണ്ടുകളിലേക്കു വിശ്വാസസത്യങ്ങളായ നീതി, പരിത്യാഗം, സ്വാതന്ത്ര്യം എന്നിവ ജനങ്ങളിലേക്കു പകരുന്നു'' എന്ന് മറ്റൊരു സാഹിത്യവിമര്‍ശകന്‍. ആ കാലഘട്ടത്തിന്റെ സ്പാനിഷ് സമൂഹത്തിലേക്കു ധീരവും അപകടകരവുമായി എറിഞ്ഞ പ്രവാചക വചനങ്ങള്‍; കാര്‍ളോസ് അഞ്ചാമന്റേയും ഫിലിപ്സിന്റേയും പരിധിയില്ലാത്ത അധികാരത്തിലും അവരുടെ ആജ്ഞാനുവര്‍ത്തികളുടേയും മന്ത്രിമാരുടേയും കുടുംബക്കാരുടേയും വിശുദ്ധമെന്നു വിളിച്ച ഇന്‍ക്വിസിഷന്റേയും വിളയാട്ടത്തിനെതിരായ പ്രവചനങ്ങള്‍. അതു പ്രഖ്യാപിച്ചതു മനുഷ്യമനസ്സാക്ഷിയുടെ സംഘര്‍ഷവും രക്തസാക്ഷിത്വവും ഭാവിവിജയവുമാണ്. 

നാല്പതു കൊല്ലംകൊണ്ടു പൈതൃകമായി കിട്ടിയ വസ്തുവകകള്‍ വിറ്റ് അതുകൊണ്ടു മാടമ്പികളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങി വായിച്ചും അല്പം മാത്രം ഉറങ്ങിയും തലച്ചോറ് ഉണങ്ങിപ്പോയ ലമാഞ്ചയിലെ നിര്‍ഭാഗ്യനായ ഒരുവന്‍. അവന്റെ തലയ്ക്കു പിടിച്ചതു പഴയ മാടമ്പിമാരുടെ വീരോചിതമായ സാഹസിക യാത്രകളും അവരുടെ ലോകത്തെ നന്നാക്കുന്ന വീരോചിതമായ ജീവിതകഥകളുമായിരുന്നു. കല്യാണം കഴിക്കാന്‍ മറന്ന അയാളുടെ തലച്ചോറിനെ വല്ലാതെ നശിപ്പിച്ചത് ഈ വായനയായിരുന്നു. സമൂഹത്തിനു കേട്ടുകേള്‍വിയില്ലാത്തതും പരിചിതമല്ലാത്തതുമായ കാലഘട്ടത്തില്‍ അയാള്‍ ആണ്ടുപോയി. അയാള്‍ വ്യാപരിച്ചത് ആയിരിക്കുന്നതിലല്ല, ആകാമായിരുന്നതിലായിരുന്നു; ഉള്ളതിനെക്കുറിച്ചല്ല, ഇല്ലാത്തതിനെക്കുറിച്ചാണ് അയാള്‍ ആകുലപ്പെട്ടത്. അയാള്‍ക്കു വായന നല്‍കിയതു യാഥാര്‍ത്ഥ്യമല്ല, സ്വപ്നങ്ങളായിരുന്നു. യാഥാര്‍ത്ഥ്യത്തില്‍നിന്നു വേര്‍പെട്ട അക്ഷരലോകം ആദര്‍ശത്തിന്റെ ഒരിടത്തുമില്ലാത്ത ലോകമായിരുന്നു. ഫലമായി അയാള്‍ ലോകത്തില്‍നിന്നും സമൂഹത്തില്‍നിന്നും പുറപ്പെട്ടുപോയി. കാണാത്തതും കേള്‍ക്കാത്തതും അയാള്‍ കാണാനും കേള്‍ക്കാനും തുടങ്ങി. വിജ്ഞാനത്തിന്റെ വിജയം എന്നു കരുതി മണ്ടത്തരങ്ങള്‍ സാധാരണമാക്കിയ മനുഷ്യന്‍. ചിന്തയും സ്വപ്നവും ഭ്രാന്തായി മാറി. ചിന്തിക്കാത്തതു ചിന്തിക്കുന്നവരും സങ്കല്പിക്കാത്തതു സങ്കല്പിക്കുന്നവരും നാടുവിടുന്നു; അയാള്‍ പിന്നെ നാട്ടിലൂടെ നടക്കുമ്പോള്‍ അയാള്‍ ''ഒരാള്‍ക്കു മാത്രമായ ന്യൂനപക്ഷമാകും.'' അതിനെയാണ് ജോര്‍ജ് ഓര്‍വലിനെപ്പോലെ നാം ഭ്രാന്ത് എന്നു വിളിക്കുന്നത്. യുക്തിവിരുദ്ധമെന്നു കരുതുന്നതില്‍ യുക്തി കാണുന്നവന്‍ സ്വാഭാവികമായി ഭ്രാന്തനാകും. ''ലോകത്തിന്റെ പോക്ക് ശരിയല്ലെന്നു'' കണ്ട ബഷീറിന്റെ നീലാണ്ടന്‍ ആനയുടെ പ്രശ്‌നം. 

ഗ്രഹാംഗ്രില്‍
ഗ്രഹാംഗ്രില്‍


ഇങ്ങനെ സ്വപ്നലോകം തലയില്‍ കയറിപ്പറ്റിയവനാണ് തന്റെ കൂട്ടുകാരനും സന്തതസഹചാരിയായി തിരഞ്ഞെടുത്തവനുമായ സാന്‍ചോ പാന്‍സയോടു ചോദിക്കുന്നത്. ''സാധാരണ ജനങ്ങള്‍ എന്നെക്കുറിച്ച് എന്തു പറയുന്നു? മാന്യന്മാരും അവരുടെ ഷെവലിയര്‍മാരും എന്തു പറയുന്നു?'' ''പ്രഭോ, സാധാരണ ജനങ്ങള്‍ അങ്ങയെ മുഴുവട്ടനായി കാണുന്നു; എന്നെയാകട്ടെ, പമ്പരവിഡ്ഢിയായും.'' തെരുവുവേശ്യകളെ കണ്ടപ്പോള്‍ ആ അവിവാഹിതന്‍ പറഞ്ഞു: ''ഓടല്ലേ, മഹതികളെ, ഒരു അപമര്യാദയും വരില്ല; ഞാനെടുത്തിരിക്കുന്ന മാടമ്പി വ്രതം ആര്‍ക്കും പ്രത്യേകിച്ച് കന്യകമാര്‍ക്കും ഉന്നതകുലജാതരായ മഹതികള്‍ക്കും ഒരു ദ്രോഹവും വരുത്തില്ല.'' മാടമ്പിക്കു വേണ്ട വേഷം തട്ടിന്‍പുറത്തുനിന്നു കാരണവന്മാര്‍ ആരുടെയോ അയാള്‍ എടുത്തു കുടഞ്ഞു സ്വന്തമാക്കി. ക്ഷൗരക്കാരന്റെ കടയില്‍ വെള്ളം വയ്ക്കുന്ന ബേസിനെടുത്തു തലയില്‍ ഹെല്‍മറ്റായി കമിഴ്ത്തി. ഒരു ചാവാറായ കുതിരയെ വാങ്ങി മാടമ്പിയാകുന്ന ചടങ്ങ് അടുത്തുള്ള കള്ളുഷാപ്പില്‍ ആഘോഷമായി നടത്തി. ''തന്റെ അന്ധകാരം നിറഞ്ഞ 40 കൊല്ലങ്ങള്‍കൊണ്ടു സ്വന്തം ഹൃദയത്തെ പോഷിപ്പിച്ചതു കഠിനജീവിതക്കാരായ മാടമ്പികളുടെ നടപടികളും നേട്ടങ്ങളുമാണ്. അയാള്‍ ആ ജീവിതത്തില്‍നിന്ന് ആഗ്രഹിച്ചതു പ്രശസ്തിയാണ്'' എന്ന് സെര്‍ വാന്റസ് തന്റെ ഒളിപ്പിക്കുന്ന വിരുദ്ധോക്തിയില്‍ എഴുതുന്നു. 

ദുരൂഹസങ്കേതങ്ങളുടെ നോവല്‍
ഈ ഭ്രാന്തിനു രണ്ടു കാരണങ്ങളുണ്ട്. ക്വിക്സോട്ടിനു സാങ്കല്പികങ്ങളും ചരിത്രയാഥാര്‍ത്ഥ്യവും തമ്മില്‍ കൂടിക്കുഴയുന്നു. അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നില്ല. മറ്റൊരു ഗതകാലത്തെ വര്‍ത്തമാനത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. ഇത് അദ്ദേഹത്തിനു മാത്രമുണ്ടാകുന്ന പ്രതിസന്ധിയാണോ? എക്കോയുടെ ബോദലീനോ എന്ന കഥാപാത്രത്തിനും ഇതേ പ്രതിസന്ധിയാണുണ്ടാകുന്നത്. കാണുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും തമ്മില്‍ കൂടിക്കുഴയുന്നു. വര്‍ത്തമാനകാലത്തില്‍ സങ്കല്പിക്കുന്ന ഒരു നല്ല കാലം നടപ്പിലാക്കാന്‍ നോക്കുന്നു. ഇങ്ങനെയുള്ളവരാണ് നാടിന്റെ പ്രജാപതികളായ കവികള്‍, കലാകാരന്മാര്‍, പ്രവാചകന്മാര്‍. 

ഈ കഥയെഴുതുന്നതു സെര്‍വാന്റസ് എന്ന ഷേക്സ്പിയറിന്റെ സമകാലികനാണ്. അദ്ദേഹം വലിയ തട്ടിപ്പിന്റെ മായാജാലങ്ങളും സൂത്രശാലിത്വത്തിന്റേയും നിര്‍ദോഷ ഹാസ്യത്തിന്റേയും അങ്കി അണിയുന്ന പ്രതിഭയാണ്. അതുകൊണ്ട് ഈ നോവല്‍ മൂടുപടത്തിന്റേയും രഹസ്യകോഡുകളുടേയും ദുരൂഹസങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. കാരണം ഇന്‍ക്വിസിഷന്റെ പീഡനകാലഘട്ടത്തിലാണ് അദ്ദേഹത്തിനു കലാപരമായ ജീവിതം നയിക്കേണ്ടി വന്നത്. എന്തുകൊണ്ട് അദ്ദേഹത്തെ ഇന്‍ക്വിസിഷന്‍ കത്തിച്ചുകളഞ്ഞില്ല എന്നതിനു ഉത്തരം അവരെക്കാള്‍ കുശാഗ്രബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു എന്നതു മാത്രമാണ്. കൊല്ലപ്പെടാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു എന്നു നോവല്‍ കൃത്യമായി വായിച്ചു മനസ്സിലാക്കിയാല്‍ കാണാം. സാഹിത്യം അദ്ദേഹത്തിനു വിനോദമോ തമാശയോ ആയിരുന്നില്ല. അത് അക്ഷരാര്‍ത്ഥത്തില്‍ മരണമെഴുത്തായിരുന്നു. ഇതു വ്യക്തമാക്കുന്നതാണ് ലെയോ സ്ത്രാവൂസ് അദ്ദേഹത്തെക്കുറിച്ച് എഴുതിയത്. ''പീഡനം എഴുത്തിനു പുതിയ സങ്കേതങ്ങള്‍ തീര്‍ക്കുന്നു. വളരെ ഗൗരവമായ കാര്യങ്ങളെക്കുറിച്ചുള്ള സത്യം വരിക്കിടയില്‍ മാത്രം വായിച്ചെടുക്കാവുന്ന സാഹിത്യം ഉണ്ടാക്കുന്നു. എഴുത്തുകാരനു മരണശിക്ഷ എന്ന ഏറ്റവും വലിയ ദുര്‍ഗതി ഒഴിവാക്കുന്ന പൊതുജനസംവേദനം സാദ്ധ്യമാക്കുന്നു.''

ക്വിക്‌സോട്ട് എന്ന കോഡ്ഭാഷ
1462-ല്‍ ആരംഭിച്ച മതവിരുദ്ധ നടപടികള്‍ക്കെതിരായ കുറ്റവിചാരണയുടേയും ശിക്ഷയുടേയും സംവിധാനം (Inquisition) ജനങ്ങളിലുളവാക്കിയതു ഭയവും ഭീകര സംഭ്രാന്തിയുമായിരുന്നു. നൂറിലേറെ പേരെ കത്തിച്ച പ്രകടനങ്ങള്‍ ഉണ്ടാക്കിയതു വലിയ ഭീകരാന്തരീക്ഷമായിരുന്നു. സെര്‍വാന്റസ് തന്റെ കഥയില്‍ സാന്‍ചോ പാന്‍സ ഓക്കുമരത്തില്‍ കൊമ്പാടിഞ്ഞു തലകീഴായി തൂങ്ങിക്കിടക്കുമ്പോള്‍ ക്വിക്സോട്ട് പറയുന്നതു ശ്രദ്ധിക്കുക: ''നീ വെളിച്ചം തരുന്നു, മനുഷ്യനെ കത്തിക്കുമ്പോള്‍ തീയുടെ നിറം വ്യക്തമാകുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. അവര്‍ അടുക്കുകയാണ്. അതു നമ്മെ കത്തിക്കും.'' കോഡ്ഭാഷ നിരന്തരം സെര്‍വാന്റസ് ഉപയോഗിക്കുന്നു. ക്വിക്സോട്ട് എന്നതുതന്നെ ഒരു കോഡ്ഭാഷയാണ്. ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ സീസറിനെ ഭയന്നു ഭൂഗര്‍ഭാലയങ്ങളില്‍ ഒളിച്ചുകഴിഞ്ഞപ്പോള്‍ ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു'' എന്ന നാലു ഗ്രീക്കുപദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ  IXOYZ- Icthus എന്ന പദത്തിന്റെ അര്‍ത്ഥം മീന്‍ എന്നായിരുന്നു.

സെര്‍വാന്റ്‌സ്
സെര്‍വാന്റ്‌സ്

അതു ക്രിസ്തു എന്നതിന്റെ കോഡ് പദമായിരുന്നു. ആ പദത്തിനു ചില വക്രീകരണങ്ങള്‍ നടത്തിയതാണു ക്വിക്സോട്ട്. ആ പദത്തിനു നടുവില്‍ കുരിശുരൂപം പോലെ X വരത്തക്കവിധം അതു ക്രിസ്തുവിന്റെ പേരാക്കി എന്നു മിഗുവേല്‍ ദെ ഉനാമൂനോ അടക്കമുള്ള പലരും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ക്വിക്സോട്ട് എന്നതു Quesada എന്നതിന്റെ രൂപവുമാണ്. Queso എന്നാല്‍ വെണ്ണ, പാല് എന്നും അര്‍ത്ഥമാകും. ഈ വാക്കിന്റെ മാറ്റത്തില്‍ പാല് പുളിച്ചുപോയി എന്നും സെര്‍വാന്റസ് സൂചിപ്പിക്കുന്നു. സ്‌നേഹത്തിന്റെ വെളിച്ചവും പാലുമായിരുന്നു ക്രിസ്തുപീഡനത്തിന്റേയും കത്തിക്കലിന്റെ തീയും തൈരുമായി മാറി. ക്വിക്സോട്ട് താന്‍ തിരഞ്ഞെടുത്ത വഴി ഏറ്റവും വിശുദ്ധവും യോഗ്യവുമാണെന്നു തന്റെ കുടുംബാംഗത്തോടു പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ''സുകൃതത്തിന്റെ വഴി ഇടുങ്ങിയതാണ് എന്ന് എനിക്കറിയാം; തിന്മയുടെ വഴി വിസ്തൃതവും വീതി കൂടിയതുമാണ്. അവയുടെ അന്ത്യം എന്നാല്‍ ഭിന്നമാണ്. എന്തെന്നാല്‍ വിസ്തൃതവും എളുപ്പവുമായ വഴികള്‍ മരണത്തിലേക്കും ഇടുങ്ങിയതും പ്രയാസമേറിയതും ജീവനിലേക്കും നയിക്കുന്നു.'' ഇതു യേശുവിന്റെ മലയിലെ പ്രസംഗത്തിന്റെ ഭാഗമായി മത്തായിയുടെ സുവിശേഷത്തിലുണ്ട്. യേശു മീന്‍ എന്ന പരാമര്‍ശം ഭൂഗര്‍ഭാലയങ്ങളില്‍ പീഡിതരായ ക്രൈസ്തവരുടെ ഇടയില്‍ ഉപയോഗിച്ച അടയാളമായിരുന്നു. പീഡിതരായിരുന്നവര്‍ ഇപ്പോള്‍ പീഡകരായി മാറിയിരിക്കുന്നു. സഹനത്തിന്റെ അടയാളം പീഡനത്തിന്റെ ആയുധമായി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന യേശു സുവിശേഷം മൗലികവാദമായി പീഡിപ്പിക്കാന്‍ തുടങ്ങി. യോഹന്നാന്റെ സുവിശേഷത്തില്‍ യഹൂദര്‍ യേശുവിനെ ഭ്രാന്തനായി കണ്ടു പീഡിപ്പിച്ചതും സെര്‍വാന്റസ് സൂചിപ്പിക്കുന്നു. 

രഹസ്യഭാഷയില്‍, പ്രത്യേകിച്ചു ചാരന്മാരുടെ രഹസ്യഭാഷയില്‍ പരിശീലനം കിട്ടിയ വ്യക്തിയായിരുന്നു സെര്‍വാന്റസ്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച തെര്‍ത്തുല്യന്‍ (155-240) 'നാം ചെറിയ മീനുകളും യേശുക്രിസ്തു ഏറ്റവും ശ്രേഷ്ഠ മീനുമാണ്'' എന്ന് എഴുതിയിട്ടുണ്ട്. ക്വിക്സോട്ട് നാടിനെ മുടിക്കുന്ന ഭീകരസത്വങ്ങളായി കാണുന്നതു കാറ്റാടിമില്ലുകളെയാണ്. കാറ്റാടിമില്ലിന്റെ അടിഭാഗം ചെറിയ കൊട്ടാരശൈലിയിലാണു പണിയുക. ഈ രൂപത്തിലുള്ള സത്രങ്ങള്‍ വ്യഭിചാരിണികളുടെ കേന്ദ്രങ്ങളായിരുന്നു എന്ന സൂചനയും ശ്രദ്ധാര്‍ഹമാണ്. സമൂഹത്തിലേക്കു അഴിച്ചിലു കടത്തിവിടുന്നവരായി ഇവരെ കാണുന്നു. രാജകുമാരിമാരെ വ്യഭിചാരിണികളും വ്യഭിചാരിണികളെ രാജകുമാരികളുമായി ക്വിക്സോട്ട് കാണുന്നു. സഭയുടേയും സമൂഹത്തിന്റേയും അഴിച്ചില്‍ ചാരിത്ര്യത്തിന് ഒരു സംരക്ഷണവുമില്ലാതായിരിക്കുന്നു എന്നാണ് ക്വിക്സോട്ടിന്റെ രോദനം. അദ്ദേഹം പറയുന്നു: ''നമ്മുടെ മുന്‍ഗാമികള്‍ സുവര്‍ണ്ണ യുഗമെന്നു വിളിച്ച സന്തുഷ്ടകാലമേ! അന്നു സ്വര്‍ണ്ണത്തിനു വില കുറവായതുകൊണ്ടല്ല ഈ ഇരുമ്പു യുഗത്തില്‍ സ്വര്‍ണ്ണം എളുപ്പത്തില്‍ കിട്ടുമെന്നുള്ളതുകൊണ്ടുമല്ല. മറിച്ച് രണ്ടു ശാപഗ്രസ്തമായ എന്റേത് നിന്റേത് എന്ന വാക്കുകള്‍ ആ ഭാഗ്യപൂര്‍ണ്ണമായ കാലത്ത് അവര്‍ക്ക് അന്യമായിരുന്നു. കാരണം എല്ലാം അവര്‍ക്കു പൊതുസ്വത്തായിരുന്നു. എന്നാല്‍ ഈ അഴിഞ്ഞകാലത്തു കള്ളത്തരവും ഒരുകൂട്ടം തിന്മകളും ലോകത്തെ മലിനമാക്കുന്നു. ഒരു സുകൃതത്തിനും രക്ഷയില്ല, ഒരു മഹത്ത്വവും സുരക്ഷിതമല്ല. കാരണം വേലിയില്ലാത്ത മോഹങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ കടന്നുകയറി ഏറ്റവും കര്‍ശന കാവലുകളേയും ഏറ്റവും ആദരണീയ ആവൃതികളേയും അവ, നൂലാമാല പിടിച്ച ഇടനാഴികളെക്കാള്‍ ദുരൂഹമായാലും അതൊന്നും ചാരിത്ര്യത്തിനു സംരക്ഷണമാകുന്നില്ല.''

ഡോസ്‌റ്റോവ്‌സ്‌കി
ഡോസ്‌റ്റോവ്‌സ്‌കി

ചാരിത്ര്യത്തിന്റെ എല്ലാ വേലികളും സുരക്ഷിതത്വങ്ങളും തകര്‍ക്കുന്ന കാലം, എല്ലാം എന്റേതും നിന്റേതുമായി വേര്‍പിരിഞ്ഞ യുഗം. ഇവിടെയാണ് ക്വിക്സോട്ട് കുരിശുയുദ്ധത്തിനിറങ്ങിയത്. അത് യേശുവിന്റെ പിന്‍ഗാമികള്‍ ഉണ്ടാക്കിയ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സുവര്‍ണ്ണ യുഗമായിരുന്നു. കാരണം ''അവരുടെ ഇടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായിരുന്നവയെല്ലാം വിറ്റു കിട്ടിയത് അപ്പസ്തോലന്മാരുടെ കാല്‍ക്കല്‍ അര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ചു വിതരണം ചെയ്തു'' (അപ്പ. പ്ര. 4;34). ഈ വിശുദ്ധമായ കൂട്ടായ്മയുടെ, ഹോളി കമ്യൂണിയന്റെ ഫലമായിരുന്നു. അതു കന്യകമാരുടെ സമൂഹത്തിനുവേണ്ടിയുള്ള ആത്മബലിയുടെ കാലവുമായിരുന്നു. ഈ സുവര്‍ണ്ണകാലം പോയി എന്നതു മാത്രമല്ല, നേരെ വിപരീതമായ ഒരു സംസ്‌കാരം പിറന്നിരിക്കുന്നു. 

ഈ പശ്ചാത്തലത്തില്‍ വേണം ക്വിക്സോട്ട് എന്ന മാടമ്പി പള്ളിയുടെ പശ്ചാത്താപക്കാരുടെ ശരീരപീഡനത്തിന്റേയും കന്യാമാതാവിനോടുള്ള ഭക്തിയുടേയും അനുഷ്ഠാനമായ പ്രദക്ഷിണത്തെ തടഞ്ഞുനിര്‍ത്തുന്നത്. അവരുടെ നേരെ മുന്നേറുന്ന പ്രഭുവിനോടു സാന്‍ചോ പാന്‍സ പറഞ്ഞു: ''എങ്ങോട്ടാണു പ്രഭോ പോകുന്നത്? നമ്മുടെ കത്തോലിക്കാ വിശ്വാസത്തിനെതിരെ അക്രമത്തിന് ഏതു പിശാചാണ് അങ്ങയുടെ ഹൃദയത്തില്‍ പ്രവേശിച്ചത്? നോക്കൂ; അനുതാപികളുടെ പ്രദക്ഷിണം, അമലോത്ഭവയായ മാതാവിനെ രൂപക്കൂട്ടില്‍ വഹിച്ചുകൊണ്ടു വരുന്നു. പ്രഭോ നോക്കൂ, എന്താണീ ചെയ്യുന്നത്? ഇത്തവണ അങ്ങേയ്ക്കു തെറ്റുപറ്റി.'' ഈ വാക്കുകളെ അവഗണിച്ച മാടമ്പി പ്രദക്ഷിണക്കാരെ തടഞ്ഞ് അവരോടു പറയുന്നു: ''ഈ ഞാന്‍ ആദ്യവും അവസാനവുമായി പറയുന്നു. ഈ മഹതിയെ ഇപ്പോള്‍ നിങ്ങള്‍ സ്വതന്ത്രയാക്കണം. ഈ മഹതിയുടെ ശോകമുഖം ബലമായി അവരെ പിടിച്ചുകൊണ്ടുപോകുന്നു എന്നതിനു തെളിവാണ്. നിങ്ങള്‍ ചെയ്യുന്നതു വലിയ അപരാധമാണ്. ഇവര്‍ക്ക് ഇപ്പോള്‍ ഇവിടെവച്ചു സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ഒരടി മുന്നോട്ടുവയ്ക്കാന്‍ അനുവദിക്കില്ല.'' ഫലിതം എന്നു പറഞ്ഞു ചിരിക്കാം. പക്ഷേ, അവര്‍ മുന്നോട്ടു നടന്നു, മാടമ്പി എതിരിട്ടു. അവര്‍ മാടമ്പിയെ അടിച്ചുവീഴ്ത്തി. ഇതൊന്നും നേരെ പറയാന്‍ പറ്റാത്ത ലോകത്തില്‍ മൂടിപ്പൊതിഞ്ഞു പറയുന്നു. നേരെ പറയുന്നവരെ കത്തിക്കുമ്പോള്‍ വളച്ചും ഒളിച്ചും പറയുന്ന ഭാഷ ജനിക്കുന്നു. ''വേറൊരു വിധത്തില്‍ എഴുതാമെന്നു വച്ചാല്‍'' ക്വിക്സോട്ട് പറഞ്ഞു: ''അതു സത്യം പറയലാവില്ല, മറിച്ചു നുണയാകും. ചരിത്രകാരന്മാര്‍ നുണയില്‍ ആശ്രയിക്കുന്നു. അതു പറയുന്നവരെ കത്തിക്കണം, കള്ളപ്പണം ഉണ്ടാക്കുന്നവരെപ്പോലെ.''

ഡോസ്റ്റോവ്സ്‌കി പള്ളിയില്‍നിന്നു ക്രിസ്തുവിനെ അടിച്ചുപുറത്താക്കുന്ന കുറ്റവിചാരകന്റെ കഥ പറഞ്ഞു. ഇതേ കഥയാണു കത്തോലിക്കാരാജ്യത്തിന്റെ ഹൃദയത്തില്‍നിന്നു സെര്‍വാന്റസിന്റെ ക്വിക്സോട്ട് പറയുന്നത്. ഇതേ നോവലിന്റെ അവസാനമാണ് ഏറ്റവും ട്രാജിക് ആകുന്നത്. അതിന്റെ വേദനയാണ് വായനക്കാരനായ എന്നെ അലട്ടുന്നത്. ലോകം നന്നാക്കാനുള്ള ഭ്രാന്ത്. പരാജിതനായ അദ്ദേഹത്തിന് ആ ഭ്രാന്തു മാറി സുബോധമുള്ളവനാകുന്നു. ക്വിക്സോട്ട് തന്നെ അനുഗമിച്ച കൂട്ടുകാരനും ഉപദേശകനുമായ  സാന്‍ചോ പാന്‍സയോടു ക്ഷമ ചോദിക്കുന്നു. ''ക്ഷമിക്കുക എന്റെ കൂട്ടുകാരാ, എന്നെപ്പോലെ ഭ്രാന്തനാകാന്‍ ഞാന്‍ നിനക്ക് ഇടയാക്കിയതിനും ഞാന്‍ വീണ അബദ്ധത്തില്‍ നീയും വീഴാന്‍ അതാണ് ഇടയാക്കിയത്. ലോകം നന്നാക്കാന്‍ നടക്കുന്ന മാടമ്പികള്‍ ലോകത്തിലുണ്ട് എന്നു ഞാന്‍ വിശ്വസിച്ചുപോയി.'' ''കഴിഞ്ഞ കൊല്ലത്തെ കൂടുകളില്‍ ഇക്കൊല്ലത്തെ പക്ഷികളെ അന്വേഷിക്കേണ്ടതില്ല. എനിക്കു ഭ്രാന്തായിരുന്നു, ഇപ്പോള്‍ സുബോധത്തിലാണ്. ഞാന്‍ ല മാന്‍ചയിലെ ഡോം ക്വിക്സോട്ട് ആയിരുന്നു. ഇപ്പോള്‍ ഞാന്‍ നമ്മുടെ പാരമ്പര്യപ്രകാരം നല്ലവനായ അലോണ്‍സോ ക്വെയാനോ ആണ്.'' അദ്ദേഹം വളരെ ശാന്തമായി മരണത്തിനൊരുങ്ങി, അടിമകളെ പൗരരാക്കി, ശവസംസ്‌കാര കാര്യങ്ങളുടെ വിശദാംശങ്ങള്‍ പറഞ്ഞുകൊടുത്തു. മരണവിലാപം പതുക്കെയാക്കാന്‍ കല്പിച്ചു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശീര്‍വാദം നല്‍കി. അങ്ങനെ മിഥ്യയുടെ സുവര്‍ണ്ണ ഹെല്‍മറ്റിന്റെ കിരീടംവച്ചു സ്വപ്നങ്ങളില്‍ ജീവിച്ചവന്‍ സുബോധമുള്ളവനായി മരിക്കാന്‍ ഒരുങ്ങി. 

പക്ഷേ, സാന്‍ചോ പാന്‍സ കണ്ണീരോടെ പറഞ്ഞു: ''പ്രഭോ, മരിക്കല്ലേ, എന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് അങ്ങു പല വര്‍ഷങ്ങള്‍ ജീവിക്കണം. ഈ ലോകത്തില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ ഭ്രാന്ത് ആരാലും കൈവയ്ക്കപ്പെടാതേയും കൊല്ലപ്പെടാതേയും വെറുതെ ശോകത്തില്‍നിന്നു മരിക്കുന്നതാണ്.'' ഏതാണു മെച്ചം? വിഷാദത്തിന്റെ സാധാരണ മരണമോ? ലോകം നന്നാക്കാന്‍ ഇറങ്ങി അതു നടക്കില്ലെന്നറിഞ്ഞു ഭ്രാന്തു മാറിയവന്റെ ഭ്രാന്തോ? ഭ്രാന്ത് മാറിയവന്റേതും ശോകമല്ലേ? ഈ ചോദ്യങ്ങള്‍ തിരിഞ്ഞുനിന്നു ചോദിക്കേണ്ടിവരുന്ന വൈദികരിലും സന്ന്യസ്തരിലും ഒരുവന്‍ മാത്രമാണു ഞാന്‍. 

''നിങ്ങള്‍ പറഞ്ഞതു ജീവിച്ചോ ഇല്ലയോ എന്ന് അവരാരും അന്വേഷിക്കില്ല'' എന്ന സെര്‍വാന്റസിന്റെ വാക്കുകളുടെ കാലം കഴിഞ്ഞു. എല്ലാം അന്വേഷിച്ച് അമ്ലശുദ്ധി വരുത്തുന്ന കാലമാണ്. ജീവിതവും വിശ്വാസവും രണ്ടു വഴിക്കു നടക്കുന്നവരെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്ന കാലം. ഈ മാധ്യമവിചാരണയ്‌ക്കെതിരെ ചിലര്‍ കുരിശുയുദ്ധത്തിനിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് ഇരട്ടഭാഷണത്തിനും ജീവിതത്തിനും അവകാശമുണ്ട് എന്നാണോ? ക്രിസ്തുവിന്റെ വഴി നടക്കാന്‍ അവന്റെ പാദുകങ്ങളും ചമയങ്ങളും അണിയിക്കുന്ന അനുഷ്ഠാനങ്ങള്‍ക്ക് ഒരു കുറവുമില്ല. അവന്റെ പാദുകങ്ങളില്‍ ചരിക്കുന്നു എന്നു കരുതുന്നവരും ആയിരങ്ങളാണ്. സിമോണ്‍ ബോളിവര്‍ ലത്തീന്‍ അമേരിക്കയുടെ സ്വപ്നാടനക്കാരനായിരുന്നു. അദ്ദേഹം പറഞ്ഞു: ''മാനവികതയുടെ ഏറ്റവും മഹാന്മാരായ വിഡ്ഢികള്‍ യേശുക്രിസ്തുവും ഡോം ക്വിക്സോട്ടും ഞാനുമായിരുന്നു.'' ഇങ്ങനെ നടന്നവരെ ജനങ്ങള്‍ മാനിച്ചു. ഇപ്പോള്‍ അവര്‍ തിരിഞ്ഞു ചോദിക്കുന്നു: ''നിങ്ങള്‍ ഒര്‍ജിനലോ ഡ്യൂപ്ലിക്കേറ്റോ?'' അര്‍ത്ഥം പ്രധാനമാണ്. നിങ്ങള്‍ ഭ്രാന്ത് ജീവിക്കുന്നവരോ ഭ്രാന്തു മാറി സുബോധവാനായിട്ട് ഭ്രാന്ത് അഭിനയിക്കുന്നുവോ? 

പ്ലേറ്റോ
പ്ലേറ്റോ


വൈകിയാണ് പ്ലേറ്റോയെ വായിച്ചത്. വായിക്കാത്തവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഭ്രാന്തില്ലാതെ ഭ്രാന്തന്മാരായി നടിക്കാം. ദൈവത്തിന്റെ ശല്യപ്പെടുത്തല്‍ മൂലമുണ്ടാകുന്ന ഭ്രാന്തിനെക്കുറിച്ചാണ് പ്ലേറ്റോ പറഞ്ഞത്. അവര്‍ നാലു ഗണമാണ്. കവികള്‍, പ്രവാചകര്‍, മിസ്റ്റിക്കുകള്‍, പ്രേമഗായകര്‍. തന്റെ റിപ്പബ്ലിക്കില്‍നിന്നു കവികളെ പുറത്താക്കിയവനാണ് പ്ലേറ്റോ. ഭ്രാന്തന്മാരെ അദ്ദേഹം അകത്താക്കിയോ? ഭ്രാന്തില്‍നിന്നു മതം തുടങ്ങുന്നു, അത് അവസാനിക്കുന്നതു ഭ്രാന്തന്മാരെ അടിച്ചുപുറത്താക്കിയായിരിക്കും. അവര്‍ കൊല്ലപ്പെടും. കാരണം അവര്‍ ദാവീദ് രാജാവിനെ ചോദ്യം ചെയ്യുന്നു; മരങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥ പറയുന്നു. ഭ്രാന്തു ബാധിച്ചവര്‍ക്കു രണ്ടു വഴികളേയുള്ളൂ. സുബോധത്തോടെ മരിക്കുക. അല്ലെങ്കില്‍ ഭ്രാന്തിന്റെ തല്ലുകൊണ്ട് തെമ്മാടിക്കുഴിയില്‍ അടക്കപ്പെടുക. കണ്ണടച്ച വിളക്കുമരങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാറില്ല. ''ഞാന്‍ എനിക്കൊരു ഭീകര ചോദ്യമായി, എന്റെ ആത്മാവ് എന്നെ ചോദ്യം ചെയ്തു'' ഞാന്‍ അഗസ്റ്റിനെ പിന്നെയും ഉദ്ധരിക്കട്ടെ. ''ദൈവമേ, നിന്നോട് ഞാന്‍ എഴുതി ഏറ്റുപറയുന്നു.'' ''ഞാന്‍ എന്റെ അകത്തേക്കു നോക്കി. നിന്നെക്കുറിച്ച് എനിക്കു ബോധ്യമായി.'' ''ഞാന്‍ നിന്നോടു മാത്രമല്ല, ജനങ്ങളോടും കുമ്പസാരിക്കുന്നു; കാരണം ജനങ്ങള്‍ എന്റെ കുമ്പസാരം കേട്ട് ശരിയാണ് എന്നു വിശ്വസിക്കുമോ, അത് എനിക്കു തെളിയിക്കാനാവില്ല. സ്‌നേഹത്തില്‍ അവര്‍ കണ്ണുതുറന്ന് എന്നെ വിശ്വസിക്കട്ടെ.''

മരണമില്ലാത്ത ക്വിക്‌സോട്ട്

ചതിയുടെ ഈ ലോകത്തില്‍ ഒന്നും ശരിയുമല്ല തെറ്റുമല്ല. എല്ലാം നിങ്ങള്‍ കാണുന്ന കണ്ണിന്റെ വര്‍ണ്ണം പോലെയിരിക്കും. ലെവീനാസ് കാഴ്ചയുടെ ഉപകരണമായി ധര്‍മ്മത്തെ കാണുന്നു. ധര്‍മ്മത്തിന്റെ കണ്ണുകളോടെ ലോകത്തെ നോക്കുമ്പോള്‍ പ്ലേറ്റോയെ വിശ്വസിക്കേണ്ടിവരുന്നു - ദൈവം ഭ്രാന്തയയ്ക്കുന്നു. ഈ ലോകത്തില്‍ നന്മ വിജയിക്കുമെന്നു വിശ്വസിച്ച വിഡ്ഢിയായിരുന്നോ യേശുക്രിസ്തു? ഡോസ്റ്റോവ്സ്‌ക്കിയുടെ വിഡ്ഢി ചോദിക്കുന്നു: ''ഒരിക്കല്‍ ഞാന്‍ സുഖമില്ലാത്തവനായി വിഡ്ഢിയെപ്പോലെ കാണപ്പെട്ടു. പക്ഷേ, ഏതുതരം വിഡ്ഢിയാണ് ഇപ്പോള്‍ ഞാന്‍? ചിന്തിക്കുന്ന വിഡ്ഢി എന്നു മനസ്സിലാക്കുന്നു.'' ആ വിഡ്ഢിത്തത്തില്‍ വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. ആത്മാവില്‍ ദരിദ്രരായ വിഡ്ഢികള്‍. വിശുദ്ധമായ കാര്യങ്ങള്‍ അശുദ്ധമായ ലക്ഷ്യത്തിനു ചെയ്യുന്നവരുണ്ട്. അവരാണ് ടി.എസ്. എലിയട്ടിന്റെ അന്ത്യപ്രലോഭനത്തില്‍ വീണവര്‍; അവര്‍ ബഹുമുഖ പ്രതിഭകളാണ്. ഡോ. ജക്കിലും മിസ്റ്റര്‍ ഹൈഡം സ്വാഭാവികമായി കളിക്കുന്നവര്‍.  ഈ കുറ്റവിചാരണക്കാര്‍ അനുഷ്ഠാന വിവാദത്തില്‍ ആരംഭിച്ച ഘര്‍-വാപസി, യേശുവിനെ തള്ളി സഭയെ രക്ഷിക്കുന്ന ഈ ഭീകരവാദമായി വളര്‍ന്നിരിക്കുന്നു. ദൈവത്തെ കൊന്നും അവരുടെ ഗോത്രദൈവങ്ങളെ സംരക്ഷിക്കുന്നു. ഇതൊക്കെ ഉണ്ടാക്കുന്നത് ശോകം മാത്രം.

ഈ ശോകമാണ് സാന്‍ചോ പാന്‍സ എന്ന സാധാരണ മനുഷ്യന്റേത്. അങ്ങനെയൊരു സാധാരണക്കാരനാണ് ഇതെഴുതുന്നതും. കഫ്ക പറഞ്ഞതല്ലേ ശരി! ''ഒരു പൊങ്ങച്ചവും പറയാതെ സാന്‍ചോ പാന്‍സ വര്‍ഷങ്ങളിലൂടെ ആ വഴി നടന്നു. ഡോ. ക്വിക്സോട്ട് എന്ന തന്നിലെ പിശാചില്‍നിന്നു വ്യതിചലിച്ചു. ധീരോദാത്തതയുടെ ധാരാളം കാര്യങ്ങള്‍ സന്ധ്യയ്ക്കും രാത്രിയിലും ഭക്ഷിച്ചു സാഹസികതയോടെ. ക്വിക്സോട്ടിന്റെ കുരിശുയുദ്ധങ്ങള്‍ സ്വതന്ത്ര മനുഷ്യന്‍ എന്ന വിധത്തിലും എന്നാല്‍ താത്ത്വികമായും പിന്‍തുടര്‍ന്നത് ഈ സാന്‍ചോ തന്നെയായിരുന്നു. ഒരുപക്ഷേ, അതു ചെയ്തത് ഒരു കടമയായിട്ടും പര്യവസാനത്തില്‍ ഉപകാരപ്രദമായ വിനോദമായിട്ടുമായിരുന്നു.''

സെര്‍വാന്റസ് ദരിദ്രനായി ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ അംഗമായി മരിച്ചു. ക്വിക്സോട്ട് മരണമില്ലാതെ ജീവിക്കുന്നു. ആ മാടമ്പിയുടെ പ്രേതം ആവസിക്കുന്നു - സാന്‍ചോ പാന്‍സയെപ്പോലെ പതിനായിരങ്ങളെ. ക്വിക്സോട്ടിനെ സംബന്ധിച്ചിടത്തോളം വലിയ ചികിത്സവേണ്ട ഭീകരഭ്രാന്ത്, ഈ ലോകം ആയിരിക്കേണ്ട വിധത്തില്‍ അതു കാണാതെ, ആയിരിക്കുന്ന വിധത്തില്‍ കാണുന്നതാണ്. ഈ ഭ്രാന്ത് ചികിത്സിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നമ്മുടെ ലോകവും ക്രൈസ്തവസഭയും ഇന്ന് നേരിടുന്നതും ഈ ഭ്രാന്തുതന്നെ. ഭോഗത്തിന്റേയും പണത്തിന്റേയും അവനവനിസത്തിന്റെ മൗലികവാദത്തിന്റേയും ഭ്രാന്തുകള്‍ നമ്മെ വേട്ടയാടുന്നു. ഈ ഭ്രാന്തുകള്‍ക്കു സഭയും ആതിഥ്യം നല്‍കി. സഭയുടെ മടിത്തട്ടില്‍ വളര്‍ന്നു. സഭയില്‍ ഉതപ്പുകളായി പൊട്ടിത്തെറിക്കുന്നത് ഈ ഭ്രാന്തുകളാണ്. സ്പാനിഷ് ബൈബിള്‍ എന്ന് ഉനാമൂനൊ വിശേഷിപ്പിക്കുന്ന ഈ കൃതിയുടെ പത്തുലക്ഷം കോപ്പികളാണ് വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസ് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കിയത്. അവിടത്തെ സാംസ്‌കാരികമന്ത്രി ഫ്രാന്‍സിസ്‌ക്കോ സെസ്റ്റോ പറഞ്ഞു: ''ഭീകരസ്വത്വങ്ങളാല്‍ നാം പീഡിതരാണ്; നീതിക്കുവേണ്ടിയുള്ള സംഘര്‍ഷങ്ങളുടേയും തെറ്റുതിരുത്തലിന്റേയും അടയാളമായ ഡോം ക്വിക്സോട്ടിനെ വെനിസ്വേലയിലെ ജനങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' ചികിത്സ ആവശ്യമാണ് എന്നറിയാത്ത സമൂഹവും സഭകളും ആത്മാവ് ഒഴിഞ്ഞുപോയ ശരീരമായി മാറിയിരിക്കുന്നു.

സാന്‍ചോ പാന്‍സ അവസാനമായി ക്വിക്സോട്ടിന്റെ കുഴിമാടത്തില്‍ എഴുതിവച്ചു: ''ഇവിടെ ബലവാനായ മാന്യവ്യക്തി ഉറങ്ങുന്നു. ജീവിതത്തിലും മരണത്തിലും മരണത്തെ വിജയിപ്പിക്കാത്ത ധീരതയുടെ ഔന്നത്യത്തിലേക്ക് അദ്ദേഹം ഉയര്‍ന്നു. അദ്ദേഹം ലോകത്തെ മാനിച്ചില്ല. ലോകത്തിന്റെ ഭീകരഭീഷണിയായിരുന്നു അദ്ദേഹം. ഈ വിധത്തില്‍ ഭ്രാന്തനായി ജീവിക്കുകയും സുബോധത്തോടെ മരിക്കുകയും ചെയ്യുന്നതു മഹാഭാഗ്യമാണ്.'' ഭ്രാന്ത് മാറി സുബോധത്തോടെ മരിക്കുന്ന ഭാഗ്യം പ്രാര്‍ത്ഥിക്കാന്‍ ഭയപ്പെടുന്നു! ആ സുബോധം മറന്നവരുടെ അട്ടഹാസം കേള്‍ക്കുന്നുണ്ട്. പക്ഷേ, അവര്‍ ചെയ്യുന്ന ആത്മാവിന്റെ വില്പനകളില്‍ ജീവിതം ഇളകേണ്ടതില്ല. അകത്തുനിന്നു ജനിക്കുന്ന ഭ്രാന്തിന്റെ സുഖം അതു ജീവിക്കുന്നതിലാണ്. എന്റെ നിരന്തരമായ മരണത്തിലൂടെ അപരന്റെ അസാന്നിദ്ധ്യത്തിന്റെ സാന്നിധ്യമാകാനും അപരനുവേണ്ടി സന്നിഹിതമാകാനും എന്നെ നിര്‍ബന്ധിക്കുന്നു ഭ്രാന്ത്. അധികാരം ഉപയോഗിക്കാതിരിക്കാനുള്ള പരിത്യാഗത്തിന്റെ വിശുദ്ധിയിലാണ് ഞാന്‍ നിരന്തരം മരിക്കുന്നത്. ദൈവരാജ്യം നിഷേ എഴുതിയതുപോലെ ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വരില്ലായിരിക്കാം. പക്ഷേ, അതു സന്നിഹിതമാകാനുള്ള ആത്മാവിന്റെ അങ്കമാണ് ജീവിതം - അത് അനുഭവമാണ്; അത് എല്ലായിടത്തുമുണ്ട്, ഒരിടത്തുമില്ല. ഈ ജീവിതം കുരിശുയുദ്ധമാണ്. ''ഈ അടയാളങ്ങളെ നീ കീഴടക്കും'' എന്നത് കുരിശിനെ വഞ്ചിച്ച സീസറിന്റെ കള്ളക്കഥയാണ്. ഇന്നും ഈ കഥ തുടരുന്നു.

യേശുക്രിസ്തു റോമന്‍ ആധിപത്യത്തില്‍ തളയ്ക്കപ്പെട്ടു. അവനെ രക്ഷിക്കാന്‍ കുരിശുയുദ്ധം വേണം - സ്വന്തം കാമക്രോധങ്ങളോടും ലോകസത്വങ്ങളോടും. മാംസത്തെ വസ്തുഭേദം വരുത്തി ആത്മാവാക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. ദൈവം എന്നില്‍ മോചിതനാകുന്നു. അതിന്റെ അനുഭവത്തില്‍ മോക്ഷമുണ്ട്. കാശിയില്‍ കാശിയില്ല. കാമം കടയുന്ന സ്‌നേഹത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com