മലയാള കവിതയിലെ പ്രളയവാങ്മയങ്ങള്‍

നാസ്തികനായ ഒരു കവിപോലും 'കമഠേശ്വര' എന്നുച്ചരിച്ചുപോയ മുഹൂര്‍ത്തമുണ്ട് കെ.എ. ജയശീലന്റെ 'വിശ്വരൂപന്‍' എന്ന കവിതയില്‍.
മലയാള കവിതയിലെ പ്രളയവാങ്മയങ്ങള്‍

നാസ്തികനായ ഒരു കവിപോലും 'കമഠേശ്വര' എന്നുച്ചരിച്ചുപോയ മുഹൂര്‍ത്തമുണ്ട് കെ.എ. ജയശീലന്റെ 'വിശ്വരൂപന്‍' എന്ന കവിതയില്‍. ഓരോ മഴയും അതു കുറച്ചധികനേരം നീണ്ടുനിന്നാല്‍ മതി, ഒരു ചെറുപ്രളയഭീതിയുടെ കിടിലമാകുന്നുണ്ട്, മനുഷ്യനില്‍. മഴയത്ത് വീടെത്താന്‍ വെമ്പല്‍കൊള്ളുന്ന, അതിനാവാതെ വഴിയിലെങ്ങാന്‍ പെട്ടുപോയാല്‍ വല്ലാതെ അരക്ഷിതരാകുന്നവരാണ് നമ്മള്‍. താനനുഭവിക്കാത്തതെങ്കിലും തന്റെ പൂര്‍വ്വികരിലാരോ അനുഭവിച്ചറിഞ്ഞ ഒരു പ്രളയപ്പേടിയുടെ വിളുമ്പിലാകും അപ്പോള്‍, അയാള്‍. ഇക്കൊല്ലം മലയാളി അതു നേരിട്ടറിഞ്ഞു. നോഹയോളമോ മനുവിനോളമോ പഴക്കമുള്ള ഒരു കൊടിയ നടുക്കം കേരളത്തെ ഒരൊറ്റയുടലാക്കി മാറ്റുകയും  ആ ഉടലിനെ അത്രമേല്‍ നിരാധാരമാക്കുകയും ചെയ്ത നാളുകള്‍. ആ നാളുകളുടെ ദാരുണ സ്മരണയിലിരുന്നുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ബഷീറിന്റെ 'പാമ്പും കണ്ണാടി'യും എന്ന കഥയിലെ സുമുഖനായ ചെറുപ്പക്കാരനെ ഒരു പാമ്പു ചുറ്റിയിരിക്കുന്നു. 'ഞാനാകെ ജീവനുള്ള ഭയമാണ്' എന്ന്, ആ സന്ദര്‍ഭത്തില്‍ തന്റെ കഥാപാത്രമനുഭവിച്ച ഉള്‍ക്കിടിലത്തെ ബഷീര്‍ എഴുതിവച്ചു. കേരളത്തെ പ്രളയരൂപിയായ സര്‍പ്പം ചുറ്റിവരിയുകയും നാമാകെ ജീവനുള്ള ഭയമായി മാറുകയും ചെയ്ത മഴക്കാലം, മലയാള കവിതയിലെ പ്രളയവാങ്മയങ്ങളിലൂടെയുള്ള ഒരു സഞ്ചാരത്തേയും സംഗതമാക്കുന്നുണ്ട്. മഴ എന്ന കാല്‍പ്പനികാനുഭൂതിയുടെ തൂവാനമല്ല അവയില്‍; മഴ എന്ന വന്യവും കരാളവുമായ കൊടുംഭയം. ഗൗരിയുടെ ലാസ്യമല്ല, കാളിയുടെ താണ്ഡവം. ജീവിതമല്ല, മരണം. അഭയമല്ല, ഭയം. കരയല്ല, കയം.
തൊണ്ണൂറ്റൊന്‍പതിലെ, 1924-ലെ വെള്ളപ്പൊക്കം കുമാരനാശാന്‍ കണ്ടില്ല. അതിനു മുന്‍പ്, 1924 ജനുവരി 14-നു പുലര്‍ച്ചെ പ്രളയസമാനമായ ഒരേകാന്ത ദുരന്തം കവിയെ ഗ്രസിച്ചു. പില്‍ക്കാലം മറ്റൊരു കവി, ഡി. വിനയചന്ദ്രന്‍ എഴുതിയതുപോലെ,

''ആയുര്‍ജ്ജ്യോതിഷതത്ത്വവിദ്യകളെ
കൊഞ്ഞനം കാട്ടി
മൃതിജലതക്ഷകനായി
'രക്ഷകന്‍' എന്നു പേരിട്ട ബോട്ടിനെ
നിഗ്രഹിച്ച് ഓളപ്പരപ്പിന്റെ
സൗമ്യഹാസമായി.'' അതിനും എത്രയോ മുന്‍പുതന്നെ തന്റെ കഥാപാത്രങ്ങള്‍ക്ക് ജല മരണം വിധിച്ച് ആ അനുഭവത്തിന്റെ കരാളമായ കയങ്ങളില്‍ ആണ്ടുമുങ്ങിയിട്ടുണ്ട് ആശാന്‍, ''കാണുകില്‍ പുളകമാം കയത്തിലേക്കാണു കൊള്ളുവതിനുടന്‍ കുതിച്ചു ഞാന്‍' എന്ന് നളിനി. മറ്റൊരു കവിയായിരുന്നെങ്കില്‍, 'ഭയദമാം' എന്നെഴുതേണ്ടിയിരുന്നിടത്ത് 'പുളകമാം' എന്നെഴുതി ജലമരണത്തെ ഒരു ഭയങ്കര പുളകമാക്കി മാറ്റി കുമാരനാശാന്‍. 'പുളകങ്ങള്‍ കയത്തിലാമ്പലാല്‍/വിരിയിക്കും തമസാസമീരനില്‍' (ചിന്താവിഷ്ടയായ സീത).

കുമാരനാശാന്‍
കുമാരനാശാന്‍


''ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!/ദിഷ്ടമെങ്ങനെയൊരാള്‍ക്കതേ വരൂ' എന്ന്, തനിക്ക് ജലമരണം നിഷേധിച്ച ക്രൂരവിധിയോട് പരിഭവിക്കുന്നുമുണ്ട് അവള്‍. അഗാധതോയമാം 'തീര്‍ത്ഥ'മായിരുന്നു ആ ജലാശയം നളിനിക്ക്. അവള്‍ക്ക് വിധിക്കപ്പെടാതിരുന്നത് ലീലാമദനന്മാര്‍ക്ക് വിധിക്കുക തന്നെ ചെയ്തു, ആശാന്‍. ആ സന്ദര്‍ഭത്തിലേതാണ് മലയാള കവിതയിലെ അനന്യമായ ഈ പ്രളയവാങ്മയം:
''സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലികവൃദ്ധി രേവയാര്‍ന്നു,
ഘുമുഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ.''

സിവി രാമന്‍പിള്ള
സിവി രാമന്‍പിള്ള


രേവയുടെ 'അകാലികവൃദ്ധി'ക്കിടയാക്കിയ ആ അകാലികവൃഷ്ടി എവിടെനിന്നു വന്നു? 'അവളുടെ ശയനീയശായിയാ-/മവനൊരുഷസ്സിലുണര്‍ന്നിടാതെയായ്' എന്നതുപോലെയോ 'ദൈവത്തിന്‍ ഗതി നാഗയാനകുടിലം' എന്നതുപോലെയോ അഹേതുകവും അജ്ഞേയവുമാണത്. (മാരാര്‍, കമനന്റെ മരണം സ്വാഭാവികമല്ല, കൊലപാതകമാണ് എന്നു കണ്ടെത്തിയതുപോലെ എളുപ്പമല്ല 'നിയതി' എന്ന കാല/കാളമേഘത്തിന്റെ അതിവൃഷ്ടിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍; 'ഏകകാര്യമഥവാ ബഹൂത്ഥമാം' എന്നും അതിനാല്‍, ആശാന്‍). മാധവിയുടെ കണ്‍മുന്നില്‍വച്ച് അനുമരണം (എന്തൊരു പ്രയോഗമാണത്!) വരിച്ച ആ പ്രണയികളെ ഒരു സ്വപ്നദൃശ്യത്തിലൂടെ പുനരാനയിച്ചപ്പോഴും, 'ഹാ! സിക്താംഗ, രതീവസുന്ദരര്‍' എന്നെഴുതാന്‍ മറന്നില്ല, ആശാന്‍. മരണത്തിന്റെ കയത്തില്‍നിന്നു കയറി വന്നവരായതുകൊണ്ട് അവരുടെ ഉടലില്‍നിന്ന് അപ്പോഴും വെള്ളമിറ്റുന്നുണ്ടായിരുന്നു എന്നു തോന്നും ആ വിവരണം വായിച്ചാല്‍! മരണമെന്നാല്‍ മറുജന്മത്തിന്റെ കടവിലേയ്ക്ക് നീന്തിക്കയറുന്നതുപോലെ അനായാസമാണ് എന്നും. 'പെരുകുമഴല്‍ കെടാന്‍ ചിതാഗ്‌നിയാം/സരസിയില്‍ മുങ്ങി ജനിത്രി പോയതും' എന്ന് ലീലാമാതാവിന്റെ 'സതി'യെ വിവരിക്കുന്നുണ്ട് ആശാന്‍. 'ചിതാഗ്‌നിയാം സരസ്സ്' എന്നെഴുതി, തീയെ വെള്ളമാക്കുന്നു കവി. ആ സതിയെക്കാള്‍ സതീത്വമുണ്ടായിരുന്നു ലീലയ്ക്കും അവളുടെ ജലമരണത്തിനും എന്നാവാം ധ്വനി. ഒന്നു തീര്‍ച്ചയാണ്, പിന്നീട് ലീല ചെയ്യാനിരുന്നതിനെ 'ഫോര്‍ഷാഡോ' ചെയ്യുകയായിരുന്നു ഇവിടെ ആശാന്‍.

വൈലോപ്പിള്ളി
വൈലോപ്പിള്ളി

വൈലോപ്പിള്ളിയുടെ പ്രളയരൂപകം
'വീചിക്ഷോഭമിയന്ന തീക്കടലുപോല്‍' എന്ന് ചിതാഗ്‌നിയുടെ കാളലിനെ വിവരിക്കുമ്പോഴും അതില്‍ സാഗരക്ഷോഭം പോലൊന്നു കണ്ടു, ആശാന്‍. 'കാടും കായലുമിക്കടല്‍ത്തിരകളും സഹ്യാദ്രികൂടങ്ങളും', 'അകാലതിമിരം' ബാധിച്ചു മായുകയും കേരളാവനി, 'കേരോദഞ്ചിതപാണി'യായി 'ചരമാര്‍ണ്ണവാനിലരവം' കൂട്ടിപ്പുലമ്പുകയും ചെയ്യുന്ന 'പ്രരോദന'ത്തിലെ പ്രാരംഭ ശ്ലോകത്തിലും കാണാം പേമാരി നിരാധാരമാക്കിയ ഒരു കരയെ. 'തിങ്ങിപ്പൊങ്ങും തമസ്സില്‍ കടലിലൊരു കുടംപോലെ ഭൂചക്രവാളം' എന്നെഴുതിയ വി.സിയും അതേ കാഴ്ച കണ്ടു. 'തീരവും മുകളിലാകാശവുമില്ലാത്ത തീക്കടല്‍' വിഭാവനം ചെയ്ത സി.വിയും മറ്റൊരു മഹാപ്രളയാനുഭവത്തെ-അഗ്‌നി പ്രളയമാണത്-സാക്ഷാല്‍ക്കരിച്ചു.

എംപി ശങ്കുണ്ണിനായര്‍
എംപി ശങ്കുണ്ണിനായര്‍

പില്‍ക്കാലം വൈലോപ്പിള്ളിയിലാണ് പ്രളയരൂപകം അതിന്റെ വിപ്ലവധ്വനികളോടെ-വിപ്ലവം എന്ന വാക്കിന് 'പൊന്തിക്കിടപ്പ്' എന്നും അര്‍ത്ഥമുണ്ട്-വീണ്ടും പ്രത്യക്ഷപ്പെടുന്നത്; 'കുടിയൊഴിക്കലി'ന്റെ അവസാനം. 'പെരിപ്ലൂസ്' എന്നാല്‍ കപ്പല്‍യാത്രയാണ് ഗ്രീക്കില്‍; 'പാരിപ്ലവം' എന്നാല്‍, സംസ്‌കൃതത്തില്‍ തോണിയുടെ പര്യയവും. അതിനാല്‍ 'വിപ്ലവ'വും മറ്റൊരു കടല്‍വാക്കോ പ്രളയപദമോ. രൂപകാര്‍ത്ഥത്തിലുമതേ, എല്ലാം ഒരേ നിരപ്പാക്കുന്ന (Universal leveller) ഗംഭീരനാണ് പ്രളയം! ഈ  നിഘണ്ട്വര്‍ത്ഥവും രൂപകാര്‍ത്ഥവും കാവ്യാര്‍ത്ഥമായി പ്രളയപ്പെട്ടു, വൈലോപ്പിള്ളി 'കുടിയൊഴിക്കലി'ന്റെ അന്ത്യഖണ്ഡങ്ങളെഴുതിയപ്പോള്‍.

ഒളപ്പമണ്ണ
ഒളപ്പമണ്ണ


''കണ്ണീര്‍പ്പാട'ത്തിലെ വര്‍ഷപ്പാടത്തിനുമുണ്ട്, പ്രളയസാദൃശ്യം-
'കുരുന്നു ഞാറിന്‍ പച്ചത്തലപ്പും വരമ്പിന്റെ
ഞരമ്പുമല്ലാതെല്ലാമാണ്ടു നില്‍ക്കുന്നൂ നീറ്റില്‍:
ശ്വേതമായൊരു കൊറ്റിച്ചിറകും ചലിപ്പീലാ
കൈതകള്‍ കഴുത്തോളം വെള്ളത്തില്‍ നില്‍പ്പൂ ദൂരെ.
കാര്‍ത്തിരക്കേറും വാനം പല പോത്തിനെച്ചേര്‍ത്തു
പൂട്ടിന ചെളിപ്പാടം പോലെയുണ്ടുഷച്ചോപ്പില്‍.''

ഡി വിനയചന്ദ്രന്‍
ഡി വിനയചന്ദ്രന്‍


എത്ര മ്ലാനവും വിഷാദമഗ്‌നവുമാണ് (അതെ, വിഷാദമഗ്‌നം!) ആ ഭൂഭാഗദൃശ്യമെന്ന് കവിയെപ്പോലും കടന്നുകണ്ടു വിമര്‍ശകനായ എം.പി. ശങ്കുണ്ണി നായര്‍. അദ്ദേഹം എഴുതുന്നു:
''വെള്ളയും കറുപ്പും പച്ചയും ചുവപ്പും പ്രതിദ്വന്ദിവിധയാ പാടത്തിന്റെ ശൂന്യമായ വിസ്തൃതിയെ പതിന്മടങ്ങു പെരുപ്പിക്കുന്നതേയുള്ളൂ. കുരുന്നു ഞാറിന്റെ തലപ്പല്ലാതെ തലപ്പില്ല. വരമ്പിന്റെ ഞരമ്പല്ലാതെ ഞരമ്പില്ല. കൊറ്റിയുടെ ശ്വേതമായ ചിറകു കൈപോലും ചലിക്കുന്നില്ല. കഴുത്തോളം വെള്ളത്തില്‍ നില്‍ക്കുന്ന കൈതകളല്ലാതെ മനുഷ്യരില്ല. എല്ലാം ശൂന്യം. എന്നാല്‍, ആകാശത്തില്‍ വലിയ തിരക്കാണ്; മഴക്കാറുകളുടെ' (കാവ്യവ്യുല്‍പ്പത്തി)-ഇവിടെ വര്‍ഷപ്പാടത്തെ ഒരു ജലച്ചായ ചിത്രം പോലെ വരയ്ക്കുകയാണ് കവി; അതിനെ ഒരു ചിത്രം പോലെ വായിക്കുകയാണ് വിമര്‍ശകന്‍. ജലം കലാനിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുവാകുന്ന ജലച്ചായ ചിത്രരചന തന്നെയാണ് വൈലോപ്പിള്ളിയുടേതെന്ന വസ്തുതയ്ക്ക് പില്‍ക്കാല നിരൂപണവും അടിവരയിടുന്നുണ്ട്. ('ജലച്ചായം' എന്നാല്‍ ജലച്ചായം തന്നെയാകുന്നു, ഇവിടെ). ''എന്നാല്‍ ഈ കവിതയില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ ഒരംശം വര്‍ഷപ്പാടത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനു കൈവന്നിട്ടുള്ള മോഹിപ്പിക്കുന്ന സൗന്ദര്യമാണ്. വൈലോപ്പിള്ളി ഇവിടെ പിന്തടരുന്ന പരിചരണരീതിയുടെ അന്തിമസാഫല്യം കണ്ടറിയണമെന്നുണ്ടെങ്കില്‍ ഫ്രെഞ്ച് ചിത്രകാരനായ ക്ലോഡ് മോനെയുടെ വാട്ടര്‍-ലില്ലീസ് എന്ന പ്രശസ്ത ചിത്രം ഓര്‍മ്മിച്ചാല്‍ മതിയാകും.'' (വി. രാജകൃഷ്ണന്‍, വര്‍ഷപ്പാടത്തിന്റെ ദുഃഖശ്രുതി). പച്ചയും ചുവപ്പും പ്രതിദ്വന്ദികളാകുന്നത് തനി കേരളീയ കലയായ കഥകളിയിലാണെന്ന് കടന്നു കാണുന്നു, ശങ്കുണ്ണി നായര്‍. കടലായിരുന്നു, വൈലോപ്പിള്ളിക്കു കവിതയ്ക്കു മഷിപ്പാത്രം; ഇവിടെയത് കടല്‍പോലെ നീണ്ടുപരന്നു കിടക്കുന്ന വര്‍ഷപ്പാടവും. ''മാര്‍ക്കണ്ഡേയന്‍ കണ്ടതുപോലെ ഏകാര്‍ണ്ണവമായി കിടക്കുന്ന കര്‍ക്കിടകപ്പാടം'' എന്ന് ശങ്കുണ്ണി നായര്‍ എഴുതുന്നുണ്ട്. എന്താണ് മാര്‍ക്കണ്ഡേയന്‍ കണ്ടത്? എങ്ങനെയാണ് കടലുകള്‍ ഏകാര്‍ണ്ണവമായത്?
''ശക്തമായ ഒരു കാറ്റ് എവിടെനിന്നോ വീശിത്തുടങ്ങി. ആകാശം കാര്‍മേഘപടലം കൊണ്ടു നിറഞ്ഞു. ഇടിനാദം കൊണ്ട് ദിക്കുകള്‍ മുഖരിതമായി. പെരുമഴ പെയ്തു തുടങ്ങി. കടലുകള്‍  ഇളകി ഒന്നിച്ചു. സകലതും ജലത്തില്‍ മുങ്ങി. മാര്‍ക്കണ്ഡേയന്‍ മാത്രം നിസ്സഹായനായി ജടകളെ കാറ്റില്‍ അഴിച്ചിട്ടു പറപ്പിച്ചുകൊണ്ടുനിന്നു. അയാള്‍ ദിക്കുകളെ വിവേചിച്ചറിയാന്‍ വയ്യാതെ തളര്‍ന്നു നടന്നു. മാര്‍ക്കണ്ഡേയന്‍ ഒരു നിമിഷം കടല്‍ച്ചുഴികളില്‍ത്താണു. അടുത്ത നിമിഷം എറിഞ്ഞുയര്‍ന്ന തിരകളില്‍ അയാള്‍ മേല്‍പ്പോട്ടുയര്‍ന്നു. തിരകളുടെ നടുക്ക് ഒരു അരയാല്‍മരം നില്‍ക്കുന്നതായി മുനിക്കു തോന്നി. ആ മരത്തിന്റെ വടക്കുകിഴക്കേ കൊമ്പില്‍ ഒരു ഇലയില്‍ ഒരു ശിശു ശരീരപ്രഭകൊണ്ട് അന്ധകാരത്തെ വിഴുങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. മാര്‍ക്കണ്ഡേയന്‍ ശിശുവിന്റെ ശ്വാസബലത്താല്‍ ആകൃഷ്ടനായി, ശിശുവിന്റെ ഉദരത്തില്‍ കടന്നു. ഉദരത്തില്‍വച്ച് മാര്‍ക്കണ്ഡേയന് ഒരു വിശ്വദര്‍ശനമുണ്ടായി. ആകാശം, ചക്രവാളം, ജ്യോതിസ്സുകള്‍, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, ഭൂപ്പരപ്പുകള്‍, ദിക്കുകള്‍, സുരന്മാര്‍, അസുരന്മാര്‍, വനങ്ങള്‍ എന്നുവേണ്ട, സകലതും അതാതിന്റെ വ്യാപാരങ്ങളില്‍ വ്യാപരിക്കുന്നതു കണ്ടു. പഞ്ചഭൂതങ്ങളും യുഗങ്ങളും കല്‍പ്പങ്ങളും ദൃഷ്ടിക്കു മുന്‍പില്‍ക്കൂടി നിശ്ചലമായി കടന്നുപോകുന്നതും മുനി കണ്ടു. ക്ഷണനേരം കഴിഞ്ഞപ്പോള്‍ ശിശുവിന്റെ ശ്വാസവേഗതയില്‍പ്പെട്ട് വീണ്ടും വെളിയില്‍ വന്നു. അദ്ദേഹം വെള്ളങ്ങളില്‍ നിന്നു. കുന്നിന്റെ മുകളില്‍ വടവൃക്ഷം അപ്പോഴും നില്‍ക്കുന്നുണ്ട്. അതിന്റെ ഇലയില്‍ ശിശു കിടക്കുന്നുണ്ട്. ശിശു മഹാവിഷ്ണുവാണെന്ന് മാര്‍ക്കണ്ഡേയനു മനസ്സിലായി, ആലിംഗനം ചെയ്യാന്‍ ഓടിയണഞ്ഞപ്പോഴേയ്ക്കും ശിശു അപ്രത്യക്ഷനായി, മാര്‍ക്കണ്ഡേയന്‍ വിഷ്ണുവിനെ സ്തുതിച്ചു.'' (പുരാണിക് എന്‍സൈക്ലോപീഡിയ, വെട്ടം മാണി). കടലുകള്‍ ഇളകി ഒന്നിച്ചപ്പോള്‍ അവ, 'ഏകാര്‍ണ്ണവ'മായി. മാര്‍ക്കണ്ഡേയന്റെ ഈ പ്രളയദര്‍ശനമാണ് ഡി. വിനയചന്ദ്രന്റെ 'പ്രളയമാര്‍ക്കണ്ഡേയം' എന്ന കവിതയ്ക്കാധാരം. കവിയുടെ വിശ്വരൂപദര്‍ശനമാണ് കവിതയില്‍:
''ഞാനാരെന്നാഴി, യാഴിത്തിരയിലില, യിലയ്ക്കുള്ളിലായ്-
ക്കണ്ണനുണ്ണി,
ഞാനാണെന്നാദിമൂല പ്രകൃതി, പ്രതിവചിച്ചുത്ഭവിച്ചുല്ലസിച്ചു
ഞാനേ സംഹാരനൃത്തം, സ്ഥിതി സകലജഗല്‍ സൃഷ്ടി, മാ, വാണി, 
യംബ,
ഞാനേ മാര്‍ക്കണ്ഡനെന്നില്‍ പ്രളയബഹുലമാം
ബോധധാരാസിധാര.''
'പ്രളയബഹുലമാം ബോധധാര' എന്ന് വിനയചന്ദ്രന്റെ കവിയേയും വിവരിക്കാം. അതിനാല്‍ കവിയുടെ 'മാനഫെസ്റ്റോ'കളിലൊന്നുതന്നെ 'പ്രളയമാര്‍ക്കണ്ഡേയം' എന്ന കവിത. വിനയചന്ദ്രനില്‍ ദര്‍ശന പ്രളയമായിരുന്നത്, കാലവര്‍ഷക്കെടുതിയും കാലക്കെടുതിയുമാകുന്നു ബാലചന്ദ്രനില്‍-
''ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴങ്ങിയ
മരങ്ങളും, ചത്ത
മൃഗങ്ങളും, മര്‍ത്ത്യ-
ജഡങ്ങളും ജല-
പ്രവാഹത്തില്‍ച്ചുഴ-
ന്നൊലിച്ചു പോകുന്നു.''
അതിജീവനത്തിനായുള്ള അവസാന പോരാട്ടത്തില്‍ സുഹൃത്തിന്റെ പിണവും തോണിയാവാം. അതും കടുംപിടിവിട്ട് തെറിക്കുമ്പോള്‍ നമ്മള്‍ പരസ്പരം ചുറ്റിപ്പിടിച്ചു മുക്കിയെന്നും വരാം.
''ഒരാള്‍ തുലയുമ്പോ-
ഴയാളുടെ പിണ-
മൊരാള്‍ക്കു തോണിയാം.''
വൈലോപ്പിള്ളിയുടെ 'യുഗപരിവര്‍ത്തന'ത്തില്‍ കാലപ്രവാഹമോ ചരിത്രപ്രവാഹമോ ആയിരുന്നത് പ്രളയമാവുകയും ആ പ്രളയത്തില്‍ നീന്തിത്തളരുന്ന മിഥുനങ്ങളുടേത് മരണമുഖത്തുനിന്നു ജീവിതത്തിലേയ്ക്ക് ഇഴയുന്നവരുടെ ഒടുക്കത്തെ ഇഴച്ചിലാവുകയും ചെയ്യുന്നു, ഈ കവിതയില്‍.
ഒളപ്പമണ്ണയുടെ 'ഒലിച്ചുപോകുന്ന ഞാന്‍' ആണ് മലയാള കവിതയിലെ ഏറ്റവും മികച്ച പ്രളയവാങ്മയം. മുറ്റത്തു പെയ്യുന്ന മഴ കണ്ടുനില്‍ക്കുന്ന കവിയിലാണ് കവിതയുടെ തുടക്കം:
''പോകാന്‍ പുറപ്പെട്ടു നില്‍ക്കുമെന്‍ കണ്‍കളില്‍
മത്തെടുത്തോടി നടക്കുന്നു, ചങ്ങല
പൊട്ടിച്ചു ഭൂമിയില്‍ വന്നൊരൈരാവതം.''
തുടര്‍ന്ന് ഇങ്ങനെയും:
''തുള്ളിയലയ്ക്കും ജലപ്രവാഹങ്ങളെ-
ന്നുള്ളിലുന്മാദത്തിരകളുയര്‍ത്തവേ,
തോരാത്ത മാരിതന്‍ കൂറ്റനലകളെന്‍
തോളത്തെടുത്തു നടന്നുപോകുന്നു ഞാന്‍.''
യവനപുരാണത്തിലെ അറ്റ്‌ലസിനേയും ഹെര്‍ക്കുലീസിനേയും അനുസ്മരിപ്പിക്കുന്ന അതിസാഹസമാണയാളുടേത്! പിന്നീട്, പ്രളയത്തിന്റെ കാളിനാടകം കണ്ട്, പുഴയോരത്തു നില്‍പ്പാണയാള്‍. 'പ്രവാഹകാളി' എന്ന പ്രയോഗം സി.വി. രാമന്‍പിള്ളയുടേതാണ്. പ്രവാഹകാളിയുടെ ദര്‍ശനം കവിയില്‍ വരുത്തിയ, താദാത്മ്യബോധപരമായ, പരിണാമം നോക്കൂ:
''അന്നദി, മുങ്ങിയും പൊങ്ങിയും ചാവുന്ന
ജന്തുക്കളെക്കൊണ്ടു പന്താടി നില്‍ക്കവേ,
നീര്‍നായ കണ്ണുമിഴിച്ചിതെന്‍ കണ്‍കളില്‍
നീര്‍ക്കാക്കയില്‍ ഞാന്‍ ചിറകു വിടര്‍ത്തിനേന്‍.''
കവി തന്റെ ജലജന്മം വീണ്ടെടുക്കുന്നു, ഈ ഈരടികളില്‍. 'വാ പിളര്‍ത്തുന്നയാദസ്സുകള്‍'-ജലജന്തുക്കളാണ് യാദസ്സുകള്‍-എന്ന് എം.പി. ശങ്കുണ്ണി നായര്‍.

ശ്രീകുമാര്‍ കരിയാട്
ശ്രീകുമാര്‍ കരിയാട്


''കാട്ടുതീ പോലെ പടര്‍ന്നു പോയിടുമീ-
യാറ്റിലെ ഘോരസൗന്ദര്യം, മനോഹരം!''
എന്നും കവി. മനുഷ്യരാശി പിന്നിട്ട ജീവിത സംഗ്രാമ ഋതുക്കളെയൊന്നാകെ, വീണ്ടും നടിക്കുന്ന ഉന്മാദിയോ നടനോ ആയി മാറുന്നു അപ്പോള്‍ അയാള്‍- ''നിന്നുപോയ്, ഞാനൊരുന്മാദിയില്‍ തെല്ലിട.'' പരിപൂര്‍ണ്ണമായ  താദാത്മ്യബോധത്തിന്റെ പകര്‍ന്നാട്ടമാണിവിടെ. പ്രളയദുരന്തത്തില്‍നിന്നു കരകയറുന്ന കേരളത്തിന്റെ ആത്മഗാനമാണി കവിത, അഥവാ അങ്ങനെയാവേണ്ടതുണ്ട് ഈ ഒളപ്പമണ്ണ കവിത. 'കരകയറുക' എന്ന വാക്കിനുപോലും എന്തൊരു മുഴക്കമാണിക്കാലയളവില്‍!
ശ്രീകുമാര്‍ കരിയാടിന്റെ 'കാളികടവ്' എന്ന കവിയുമുണ്ട്, ഒളപ്പമണ്ണക്കവിതയോടു മത്സരിച്ചുകൊണ്ട്, ഈ ശ്രേണിയില്‍-
''ഭദ്രകാളി കുളിക്കുന്ന
കടവ്, സോപ്പു തേച്ചവള്‍
പതയ്ക്കുന്നു പാതിരയ്ക്ക്
ഞാന്‍ മാത്രം കണ്ടതാണത്.'' യവനപുരാണത്തിലെ, 'ആക്ടിയോണി'ന്റെ ഛായയുണ്ട് ഈ കാണിക്ക്.
''കൊടുവാള്‍ക്കൈകളാകുന്നു
പുഴയോളങ്ങളൊക്കെയും
അവയ്ക്കു മുകളില്‍പ്പാഞ്ഞു-
പോകുന്നൂ കടല്‍മാലകള്‍''
ഉഗ്രഭാവങ്ങളോരൊന്നു-
മോരോമുങ്ങലി,ലൂറ്റമാര്‍-
ന്നലച്ചു ചെന്നു ദുഃസ്വപ്ന-
ക്കപ്പലുള്ള കടല്‍വരെ.
അവള്‍ക്കു മുല രണ്ടല്ല,
ഒരു രണ്ടായിരം മുല.
രാഗസ്വരൂപപാശാഢ്യ,
ക്രോധാകാരാങ്കുഗോജ്ജ്വല.''
ഹാസ്യ-ബീഭത്സ-ഭയാനകങ്ങളെ ഒരുമിച്ചിണക്കുന്ന നാറാണത്തു കാഴ്ചയാണ് ഈ കവിതയുടെ അനന്യത.
''അമ്മതന്‍ ശക്തിസൗന്ദര്യം
പ്രതിബിംബിച്ച കാരണം
വെള്ളപ്പൊക്കത്തിലാകുന്നു
മകളാമാലുവാപ്പുഴ
അമ്മതന്‍ നഗ്‌നബീഭത്സം
പ്രത്യക്ഷപ്പെട്ട കാരണം
അന്ധനാകുന്നു ഞാനാകും
മകനാനില്‍പ്പിലക്ഷണം.''

കെഎ ജയശീലന്‍
കെഎ ജയശീലന്‍


ഇവിടെ, ആക്ടിയോണ്‍ 'ഈഡിപ്പസ്സാ'കുന്നു; യവന-കേരളീയാനുഭവങ്ങള്‍ ചേര്‍ന്ന് ജുഗല്‍ബന്ദിയാകുന്നു. ആലുവാപ്പുഴ, ഇക്കഴിഞ്ഞ പ്രളയകാലത്തെന്നപോലെ, പ്രവാഹകാളിയാകുന്നു.
കെ.എ. ജയശീലന്റെ 'വിശ്വരൂപനെ' പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഈ കുറിപ്പിന്റെ തുടക്കം. മഴവെള്ളം, പ്രളയസാഗരവിസ്താരമായും വിശ്വദര്‍ശന വിസ്തൃതിയായും വികാസം കൊള്ളുന്നുണ്ട്, ആ കവിതയില്‍. കുട്ടിയെ സ്‌കൂളിലാക്കാന്‍, മഴയുള്ള ദിവസം, പുറപ്പെട്ടതാണയാള്‍-
''പെട്ടെന്ന് മഴ പൊട്ടിവീണു,
നിമിഷം കൊണ്ട് വര്‍ഷത്തി-
ന്നശ്വാരൂഢമഹാബലം
മഥിച്ചു ജംഗമാജഗ-
മങ്ങളൊത്ത ജഗത്തിനെ.''
മലയാള കവിതയിലെ ഏറ്റവും വിശദാംശ സമൃദ്ധമായ പ്രളയവര്‍ണ്ണനയാണ് തുടര്‍ന്നു വരുന്നത്. അനാസ്തികമായ ഒരു വിശ്വരൂപദര്‍ശനത്തോടെ കവിത അതിന്റെ പര്യവസാനത്തിലെത്തുന്നു.
പൂന്തോട്ടത്തു നമ്പൂതിരിയുടെ ഒരു മുക്തകത്തോടെയാവട്ടെ, പ്രളയവാങ്മയങ്ങളെക്കുറിച്ചുള്ള, ഈ ലഘുവിചാരത്തിന്റെ വിരാമം:
''അംഭോരാശി കുടുംബിനീതിലകമേ, നല്‍ച്ചാലിയാറേ,
തൊഴാം
അന്‍പെന്നെപ്രതി കൈവരേണമതിനായ് ഞാനൊന്നു
സംപ്രാര്‍ത്ഥയേ
അംഭോജാക്ഷികള്‍ മൗലിയാമിവള്‍ മണിപ്പോതം കട-
പ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com