വര്‍ണ്ണവിവേചനകാലത്തിന്റെ ഗ്രീന്‍ബുക്ക്

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ  മദ്ധ്യത്തില്‍പ്പോലും അമേരിക്കയില്‍ പല സ്ഥലത്തും വര്‍ണ്ണവിവേചനത്തിന്റെ 'സ്മാരകങ്ങള്‍' കാണാമായിരുന്നു.
ഗ്രീന്‍ബുക്കില്‍ നിന്നുള്ള രംഗം
ഗ്രീന്‍ബുക്കില്‍ നിന്നുള്ള രംഗം


Travel is fatal to prejudice, bigtory and narrow mindedness  - Mark Twain

യിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ  മദ്ധ്യത്തില്‍പ്പോലും അമേരിക്കയില്‍ പല സ്ഥലത്തും വര്‍ണ്ണവിവേചനത്തിന്റെ 'സ്മാരകങ്ങള്‍' കാണാമായിരുന്നു. അപ്പോഴേയ്ക്കും വിവേചനങ്ങള്‍ താരതമ്യേന കുറഞ്ഞിരുന്നെങ്കിലും ചില  സംസ്ഥാനങ്ങളില്‍ കറുത്തവര്‍ക്കു മാത്രമായുള്ള ഭക്ഷണശാലകളും കാത്തിരിപ്പു കേന്ദ്രങ്ങളും ശുചിമുറികളും നിലനിന്നിരുന്നു. മുന്തിയ ഭക്ഷണശാലകളിലും വില്പനകേന്ദ്രങ്ങളിലും അവര്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. 'വെള്ളക്കാര്‍ക്കു മാത്രം' എന്നുള്ള അറിയിപ്പു പലകകള്‍ പല സ്ഥലത്തും കാണാമായിരുന്നു. സിനിമാക്കൊട്ടകകളില്‍ പോലും അന്ന് വിലകുറഞ്ഞ 'കറുത്ത ക്ലാസ്സുകള്‍' ഉണ്ടായിരുന്നു. ചില വില്പനകേന്ദ്രങ്ങളിലും മറ്റും മുന്‍വാതിലിലൂടെ കയറിയിറങ്ങാന്‍ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അമേരിക്കയിലും കാനഡയിലും അക്കാലത്ത് കറുത്ത പട്ടാളക്കാര്‍ക്കായി  ബ്ലാക്ക് യൂണിറ്റുകള്‍ വരെ ഉണ്ടായിരുന്നു. അവര്‍ക്കുള്ള താമസസ്ഥലങ്ങള്‍  (Barracks) വേറെയായിരുന്നു. ലോകയുദ്ധങ്ങളിലൊക്കെ പങ്കെടുത്ത് അവര്‍ തിരിച്ചുവരുന്നതുപോലും ഇത്തരം വിവേചനഗ്രാമങ്ങളിലേക്കായിരുന്നു.   അങ്ങനെയുള്ള ഒരു വിവേചനകാലത്തെ  മറ്റൊരു യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ഗ്രീന്‍ ബുക്ക് (Green Book) എന്ന ചലച്ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 

എണ്‍പത്തിയാറാം വയസ്സില്‍ 2013-ലാണ് പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനായ ഡൊണാള്‍ഡ്  ഷേര്‍ലി (Donald Shirley) അന്തരിക്കുന്നത്. ജമൈക്കന്‍ വംശജനായ അദ്ദേഹം കറുത്തവനായിരുന്നെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ പിയാനോ വാദകനെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. ബോസ്റ്റണ്‍ പോപ്സ് (Boston Pops) എന്ന അക്കാലത്തെ ഏറ്റവും പ്രശസ്ത സംഗീതസംഘത്തോടൊപ്പം പതിനെട്ടാം വയസ്സിലുള്ള പ്രകടനം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. സംഗീതത്തിലും മനശ്ശാസ്ത്രത്തിലും ഗവേഷണബിരുദം നേടിയ അദ്ദേഹം, പില്‍ക്കാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ  ജാസ് പിയാനിസ്റ്റും സംഗീതകാരനുമായി. ഒരു പ്രകടനവേദിയില്‍ കറുത്തവന്റെ സാന്നിദ്ധ്യം തുലോം വിരളമായിരുന്ന കാലത്താണ് ഡോണ്‍ ഷേര്‍ലിയുടെ സംഗീതപ്രവേശം. ശാസ്ത്രീയസംഗീതത്തെ ജനപ്രിയ സംഗീതത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ ഡോണ്‍ ഒരു വിജയഗാഥയാണ് രചിച്ചത്.

പീറ്റര്‍ ഫാറെലി
പീറ്റര്‍ ഫാറെലി


ഡോണ്‍ ഷേര്‍ലിയുടെ ജീവിതത്തിലെ, തെക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഒരു സംഗീതയാത്രയുടെ കഥ മാത്രമേ സംവിധായകനായ പീറ്റര്‍ ഫാറെലി (Peter Farrelly) നര്‍മ്മം ചേര്‍ത്ത് നമ്മളോടു പറയുന്നുള്ളുവെങ്കിലും അതിനിടയില്‍ ഇഴയടുപ്പമുള്ള മനുഷ്യബന്ധത്തിന്റെ ചിത്രം കൂടിയുണ്ട്. 1962 ആണ് കഥാകാലം. അവര്‍ണ്ണ (Coloured)നെന്ന നിലയില്‍ ഡോണ്‍ ഷേര്‍ലി നേരിടുന്ന സംഭവങ്ങളാണ് 'ഗ്രീന്‍ ബുക്ക്' പറയുന്നത്.

കറുത്തവന്റെ പോരാട്ടങ്ങള്‍
ഡോണ്‍ ഷേര്‍ലി വിദ്യാസമ്പന്നനാണ്. കറുത്തവനെങ്കിലും കുലീനനാണ്. സഭ്യമായ, അന്തസ്സുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ  തെക്കന്‍ യാത്രയില്‍ സാരഥിയായി കൂടെ ചേരുന്നത് ടോണി ലിപ് (Tony Lip Vallelonga) എന്ന വായാടിയും ചൂടനുമായ വെള്ളക്കാരനാണ്. കോപ്പ കബാന (Copacabana) എന്ന ഭക്ഷണശാലയിലെ സെക്യൂരിറ്റിപ്പണി പോയതിനു ശേഷം ജോലി തപ്പിയിരിക്കുമ്പോഴാണ് ഈ ഡ്രൈവര്‍ ജോലി കിട്ടുന്നത്. യാത്രയില്‍ എന്തൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അയാളുടെ പേരിനോടൊപ്പമുള്ള 'ലിപ്' എന്ന വട്ടപ്പേരുപോലും അയാളുടെ വായാടിത്തത്തില്‍നിന്നു കിട്ടിയതാണ്. പരുക്കനും വിടുവായനുമായ ടോണി യാത്ര കഴിയുമ്പോഴേക്കും  നല്ലവനായി മാറുന്നു. ആ യാത്ര രണ്ടുപേര്‍ക്കും അവിസ്മരണീയമാവുകയാണ്. പ്രത്യേകിച്ചും ടോണിയുടെ ജീവിതവീക്ഷണം തന്നെ അത് മാറ്റിമറിക്കുകയാണ്.  പുതിയ ലോകങ്ങള്‍ അയാളെ വിശാലമനസ്‌കനാക്കി മാറ്റുന്നു. ചിരിപ്പിച്ചു മുന്നേറുന്ന ഈ ചിത്രത്തിന്റെ അന്ത്യം അത്ഭുതാവഹമായ ഒരു സംഭവത്തില്‍ അവസാനിക്കുകയാണ്.

ഡോണ്‍ ഷേര്‍ലി
ഡോണ്‍ ഷേര്‍ലി

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാന്‍ സംവിധായകനോടും ബ്രയന്‍ ഹെയ്സ് ക്യൂറി (Brian Hayes Currie)യോടും ചേര്‍ന്നിരിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തിലെ ടോണി ലിപ്പിന്റെ മകനായ നിക് വാലെലോന്‍ഗ (Nick Vallelonga)യാണ്. അച്ഛന്റെ ജീവിതകഥ പലപ്പോഴും നേരിട്ടു കേട്ട മകന്റെ രചന ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഡോണ്‍ ഷേര്‍ലിയുടെ വേഷത്തില്‍ മാഹെര്‍ഷാല അലി (Mahershala Ali)യും ടോണി ലിപ്പായി വീഗോ മോര്‍ട്ടെന്‍സെനും (Viggo Mortensen) മത്സരിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിവിധ ഹോളിവുഡ് ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പടിഞ്ഞാറന്‍ ലോകത്ത് ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളിലൊരാളാണ് മാഹെര്‍ഷാല അലി. വീഗോ മോര്‍ട്ടെന്‍സന്‍, ഡാനിഷ് വംശജനായ അമേരിക്കന്‍ നടനാണ്. ടോണി ലിപ്പിനു വേണ്ടി ഇറ്റലിക്കാരന്റെ ഇംഗ്ലീഷ് ഉച്ചാരണം തേടിപ്പഠിക്കുകയും പന്ത്രണ്ട് കിലോഗ്രാം തൂക്കം കൂട്ടുകയും ചെയ്ത വീഗോ അത് രണ്ടും ഒഴിവാക്കിയാണ് ടൊറോന്റോ ചലച്ചിത്രമേളയുടെ ചുവന്ന പരവതാനിയിലെത്തി ആരാധകരോടു സംവദിച്ചത്. അതുകൊണ്ടു തന്നെ, താരത്തെ പെട്ടെന്നു തിരിച്ചറിയാന്‍ അവര്‍ ബുദ്ധിമുട്ടി.

അവര്‍ണ്ണരുടെ ഇത്തരം യാത്രകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി വിക്ടര്‍ യൂഗോ ഗ്രീന്‍ (Victor Hugo Green) എന്ന തപാലുദ്യോഗസ്ഥന്‍ 1936-ല്‍ തയ്യാറാക്കിയ യാത്രാസഹായിയാണ് 'നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീന്‍ ബുക്ക്' (Negro Motorist Green Book) ആ പുസ്തകമാണ് ഈ ചലച്ചിത്രത്തിന്റെ പേരിനാധാരം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്ന ജിം ക്രോ നിയമങ്ങള്‍ (Jim Crow Laws) കറുത്തവരെ മുഖ്യധാരയില്‍നിന്നു അമ്പേ മാറ്റിനിറുത്തിയിരുന്നു. യാത്രകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം അവര്‍ കൊടിയ പീഡനങ്ങളും വേര്‍തിരിവുകളും ഏറ്റുവാങ്ങിയിരുന്നു. പച്ചനിറത്തിലുള്ള ഈ യാത്രാപ്പുസ്തകം അവരെ വളരെയധികം സഹായിച്ചിരുന്നു. അവര്‍ക്കു തങ്ങാന്‍ പറ്റിയ മോട്ടലുകളുടേയും ഭക്ഷണശാലകളുടേയും ഗരാജുകളുടേയും വിലാസങ്ങളും വഴികളും അത് വിശദീകരിച്ചിരുന്നു. വെള്ളക്കാരന്റെ ഹോട്ടലുകളില്‍ അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കണമെങ്കില്‍ അവര്‍ക്ക് കറുത്തവരുടെ ഗരാജുകളില്‍ത്തന്നെ അഭയം പ്രാപിക്കണമായിരുന്നു.  പൊതുസ്ഥലങ്ങളില്‍ അവര്‍ക്കു കുടിക്കാനുള്ള വെള്ളം പോലും വേറെയായിരുന്നു. സ്ട്രീറ്റ് കാറുകളില്‍ (Trams) ഒരനുബന്ധ ശകടമായി പിടിപ്പിച്ച ഭാഗത്തുമാത്രമേ അവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കറുത്തവര്‍ ഏതു സമയത്തും നിര്‍ബ്ബന്ധപൂര്‍വ്വമുള്ള ഒഴിവാക്കലുകള്‍ക്ക് വിധേയരായിരുന്നു. അവരെ  പൊലീസും നഗരാധികാരികളും അകാരണമായി പീഡിപ്പിക്കുകയും നിരന്തരമായി കുറ്റങ്ങളില്‍ പെടുത്തുകയും പതിവായിരുന്നു. അക്കാലത്ത് ഇത്തരമൊരു പുസ്തകം അവര്‍ക്ക് അനുഗ്രഹമായിരുന്നു. ഏതൊരു ആഫ്രോഅമേരിക്കന്റേയും വംശപരമ്പരയ്ക്ക് ഇത്തരം ഒരു ആസുരകാലത്തിന്റെ കഥ പറയാനുണ്ടാകും.

2016 ല്‍ ബാരി ജെന്‍കിന്‍സ് (Barry Jenkins) സംവിധാനം ചെയ്ത 'മൂണ്‍ലൈറ്റി'  (Moonlight)-ലെ അഭിനയത്തിനു ഏറ്റവും മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ആളാണ് മാഹെര്‍ഷാല അലി. അതിലേക്ക് നാമനിര്‍ദ്ദേശം കിട്ടിയ നടന്മാരിലൊരാളാണ് വീഗോ മോര്‍ട്ടെന്‍സന്‍. ഇക്കഴിഞ്ഞ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ(TIFF)ത്തില്‍ ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രമാണ്. ഈ മേള കഴിയുന്നതോടെയാണ് ഓസ്‌കര്‍ ചര്‍ച്ചക്കള്‍ക്ക് ചൂടുപിടിക്കുന്നത്. ഇവിടെ നിന്നു ജനശ്രദ്ധ നേടുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓസ്‌കര്‍ പുരസ്‌കാര നിര്‍ണ്ണയങ്ങളിലും തിളങ്ങാറുള്ളത്.  ഈ വര്‍ഷം നവംബര്‍ 21-നാണ് ചിത്രം ഔപചാരികമായി പ്രദര്‍ശനശാലകളിലേക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com