ജാതിയുടെ ചിതറിയ ഇടങ്ങള്‍- രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

നവസാമൂഹിക വ്യവസ്ഥയിലും അസമത്വം ഇല്ലാതാവുന്നില്ല. മാത്രമല്ല, അതിന്റെ ആഴവും പരപ്പും നിത്യജീവിതത്തില്‍ ഉടനീളം പ്രകടവുമാണ്.
ജാതിയുടെ ചിതറിയ ഇടങ്ങള്‍- രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

വസാമൂഹിക വ്യവസ്ഥയിലും അസമത്വം ഇല്ലാതാവുന്നില്ല. മാത്രമല്ല, അതിന്റെ ആഴവും പരപ്പും നിത്യജീവിതത്തില്‍ ഉടനീളം പ്രകടവുമാണ്. സാങ്കേതികതയുടെ വികാസത്തിനോ വിദ്യാഭ്യാസത്തിന്റെ സാധ്യതയ്ക്കോ സംവാദത്തിന്റെ ഇടങ്ങള്‍ക്കോ അസമത്വത്തെ തുടച്ചുനീക്കാനായിട്ടില്ല മധ്യവര്‍ഗ്ഗം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതോടെ  വിപണിയിലും കുടുംബങ്ങളിലും പുതിയ രീതികള്‍ ആവിര്‍ഭവിച്ചു. അതുപോലെ  സ്ത്രീ-പുരുഷ വ്യവഹാരങ്ങളും ദളിത് നയങ്ങളും  പാരിസ്ഥിതിക വാദങ്ങളും കരുത്താര്‍ജ്ജിച്ചു. എന്നിട്ടും വിവേചനങ്ങള്‍ നിലനില്‍ക്കുന്നു.   വരേണ്യര്‍ അനുഭവിച്ചിരുന്ന ജീവിതത്തിന്റെ 'പ്രത്യേകാവകാശങ്ങള്‍' സമൂഹത്തിന്റെ ഓരോ തുറയിലും പ്രകടമാണ്. എന്നാല്‍, ഈ 'പരിഗണനകള്‍'ക്ക് പുറത്തു നില്‍ക്കുന്നവരെ എങ്ങനെ മുന്നോട്ടുകൊണ്ടുവരാമെന്ന ചിന്തയുടെ ഫലമായിരുന്നു സംവരണമെന്ന നയം. 
 

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുതന്നെ സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ചിലയിടങ്ങളിലെങ്കിലും ഇതു പ്രാവര്‍ത്തികമാക്കിയിരുന്നു. കൊല്‍ഹാപ്പൂര്‍ രാജാവ് 1902-ല്‍ പിന്നോക്ക വിഭാഗത്തിനു ജോലി ലഭിക്കുന്നതിനായി അമ്പതു ശതമാനം സംവരണം ഉറപ്പാക്കി. 1909-ല്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ ഇന്ത്യ ഗവണ്‍മെന്റ് ആക്ടില്‍ സംവരണത്തിന്റെ ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1953-ലെ ഒന്നാംപിന്നോക്കവര്‍ഗ്ഗ കമ്മിഷന്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആസൂത്രണം ചെയ്തതായിരുന്നു. 1990-ല്‍ വി.പി. സിങ് മന്ത്രിസഭ അംഗീകരിച്ച മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വലിയ ഒരു മാറ്റം കൊണ്ടുവന്നു. അതോടുകൂടിയാണ് സാമൂഹികമായ പിന്നോക്കാവസ്ഥയെ നേരിടാനുള്ള നീക്കങ്ങള്‍ രാഷ്ട്രീയമായും ഭരണപരമായും  പ്രാബല്യത്തില്‍ വന്നത്. സ്വാതന്ത്ര്യാനന്തര സര്‍ക്കാര്‍ സംവിധാനത്തില്‍, സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത  സംവരണനയങ്ങള്‍ക്കെതിരെ മുന്നോക്കജാതിയിലുള്ളവരുടെ പ്രതിഷേധത്തിന്റെ നാളുകളായിരുന്നു അതേത്തുടര്‍ന്നുണ്ടായത്.

ഭരണകൂടത്തിന്റേയും പൗരന്മാരുടേയും ഇച്ഛാശക്തികൊണ്ടു മാത്രമേ സമത്വമെന്ന ഏറെക്കുറെ ഉട്ടോപ്യന്‍ ആയി മാറിയ ആശയത്തെ പ്രവര്‍ത്തനപഥത്തില്‍ എത്തിക്കാനാവൂ. എന്നാല്‍, ഭരണകൂടത്തിന്റെ മുന്‍ഗണന പലപ്പോഴും ജാതി/മത പ്രത്യയങ്ങളില്‍ അധിഷ്ഠിതമാണ്. സംവരണം പ്രാബല്യത്തില്‍ വന്നെങ്കിലും ആഗോളീകരണത്തിനു ശേഷമുള്ള കച്ചവടലോകത്ത് അതിജീവിക്കാന്‍ പിന്നോക്കാവസ്ഥയില്‍ ഉള്ളവര്‍ക്ക് കടമ്പകള്‍ പിന്നെയുമുണ്ട്. പ്രാദേശികമായി വികസിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വരെ ആഗോളവിപണി ഉണ്ടാവുമെന്നത് ഇവിടെ കുറച്ചു കാണുന്നില്ല. എന്നാല്‍, ഇടനിലക്കാരും മറ്റും നിറഞ്ഞ ലോകവിപണിയില്‍ പ്രാദേശികോല്‍പ്പന്നങ്ങളുടെ ക്രയവിക്രയം എളുപ്പമല്ല. അത്തരമൊരു സാധ്യതയെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന് ആഴത്തില്‍ വിശകലനം ചെയ്താലേ മനസേസിലാവുകയുള്ളു.  

ആനന്ദ് തെല്‍തുംബെ
ആനന്ദ് തെല്‍തുംബെ

ഭൂപരിഷ്‌കരണം, നവോത്ഥാന യത്‌നങ്ങള്‍ തുടങ്ങിയ വിപ്ലവകരമായ പ്രസ്ഥാനങ്ങള്‍ കേരളചരിത്രത്തില്‍ എമ്പാടും ഉണ്ട്. എന്നാലിവ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നിന്നവരെ ആയിരുന്നോ എന്നത് സംശയമാണ്. ഭൂപരിഷ്‌കരണം ഭൂമി പാട്ടത്തിനെടുത്തവരെയായിരുന്നു സഹായിച്ചത് എന്ന ആക്ഷേപം ഇതിന്റെ കൂടെത്തന്നെ പരാമര്‍ശിക്കേണ്ടതാണ്. കൃഷിപ്പണി ചെയ്തുപോന്ന വിഭാഗം അപ്പോളും പരിഗണന നേടിയില്ല എന്നു കണക്കുകള്‍ പറഞ്ഞുതരുന്നു. നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള, ഭരണാധികാരികളുടെ അനുഗ്രഹാശിസുകളോടെയുള്ള അനുരഞ്ജനശ്രമങ്ങള്‍ ഓരംവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണ്. ജാതിയുടെ ഉള്ളിലുള്ള ബലതന്ത്രങ്ങളേയും ഉപജാതികളുടെ വ്യവഹാരങ്ങളേയും പൂര്‍ണ്ണമായും സ്വാംശീകരിക്കാതെ ജാതിയെ 'വര്‍ഗ്ഗം' ആയി ഗണിക്കുന്ന രീതിക്ക് കൃത്യത പാലിക്കാനാവുമോ എന്നതില്‍ നിശ്ചയമില്ല. ആശയസംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ ജീവിക്കുമ്പോഴും ഇടര്‍ച്ചകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നയങ്ങളും  പുതിയ വഴികളും തുറന്നു കൊടുക്കുന്നത്. ജാതി /മത സമ്പ്രദായങ്ങളുടെ ആഴത്തിലുള്ള വേരുകള്‍ രാഷ്ട്രീയമായി  ഉപയോഗിക്കുന്നതിലായിരുന്നു അധികാരസ്ഥാനത്തുള്ള പലര്‍ക്കും താല്പര്യം. ജാതിയെ തുടച്ചുനീക്കാന്‍ സാധിക്കാത്തിടത്തോളം ജാതീയമായ കലുഷിതാവസ്ഥ തുടരുക തന്നെ ചെയ്യും. സമൂഹത്തിലെ, ഈ വിധത്തിലുള്ള 'അസ്പൃശ്യത' നേരിടുന്ന ഒരു വിഭാഗത്തിനു നിരന്തരം പ്രതിരോധ ശ്രമങ്ങള്‍ നടത്തേണ്ടിവരുന്നു. എങ്കില്‍ക്കൂടി ദൈനംദിന ജീവിതവൃത്തങ്ങളില്‍  അനീതിയും അസമത്വവും ഏറ്റുവാങ്ങേണ്ടിവരുന്നവരുമുണ്ട്. ഭരണകൂടത്തിന്റെ സ്വാര്‍ത്ഥത സമൂഹത്തിലേക്കും പടരുന്ന സ്ഥിതിവിശേഷമാണ് പൊതുവെയുള്ളത്. 

ജാതിരഹിത കേരളം എന്നത് മിഥ്യ ആയി മാത്രം അവശേഷിക്കുന്നുവെന്ന ഉറപ്പിക്കലാണ് കഴിഞ്ഞ രണ്ടു ദശാബ്ദത്തെ കേരളീയ പശ്ചാത്തലത്തില്‍ നിന്നുണ്ടാവുന്നത്. വിപണിയുടേയും മൂലധനത്തിന്റേയും അല്ല സംസ്‌കാരത്തിന്റെ ആഗോളവല്‍ക്കരണമാണ് കീഴാളര്‍ക്ക് മേല്‍ ആദ്യം പതിച്ചത് എന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ (ദളിത് സൗന്ദര്യശാസ്ത്രം, ഡി.സി. ബുക്‌സ്, പുറം 47) നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. സാംസ്‌കാരിക അപചയത്തില്‍നിന്നു വിടുതല്‍ നേടാന്‍ കേരളീയ ജനതയ്ക്ക് സാധിച്ചിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്. മേലാളന്‍-കീഴാളന്‍ എന്ന ദ്വന്ദ്വത്തിനു ജന്മി-കുടിയാന്‍ എന്ന നിലയിലുള്ള ഭാവം മാറിയെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുണ്ട്. ആഗോളീകരണം സാംസ്‌കാരികവും സാമ്പത്തികവുമായ വിടവുകള്‍ വലുതാക്കി എന്ന ആശയം ശരിവെക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടാണ് പ്രദീപന്‍ പാമ്പിരിക്കുന്നു മുന്നോട്ടു വെച്ചത്. 
ഇത്തരത്തിലുള്ള അവസ്ഥയുടെ പശ്ചാത്തലത്തെ സാഹിത്യം, വിശേഷിച്ചും കഥാസാഹിത്യം എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നത് അന്വേഷിക്കേണ്ടതാണ്. ജീവിതത്തിലെ 'സവിശേഷ' മുഹൂര്‍ത്തങ്ങളെ പൊതുവെ സര്‍ഗ്ഗാത്മക സാഹിത്യകാരന്മാര്‍ കഥകളായി അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ റിയലിസത്തിന്റെ കാലം തൊട്ടേയുള്ള ഈ സങ്കേതത്തിന് ആധുനികാനന്തര കഥാപ്രപഞ്ചത്തിലും സ്ഥാനമുണ്ട് എന്നു സ്ഥാപിക്കുന്ന കഥകള്‍ ഇപ്പോഴും നാം വായിക്കാറുണ്ട്. അത്തരം ചില കഥകളെ സ്പര്‍ശിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങള്‍ക്കാണ് ഈ ലേഖനത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നത്. അരികുജീവിതത്തിന്റെ കഥകളെ ആ ജീവിതത്തെ പുറത്തുനിന്നും കാണുന്നവര്‍ക്ക് യഥാതഥമായി എഴുതാനാവില്ല. അവരോടു കൂടെ തോളോടുതോള്‍ നിന്നു ചിന്തിച്ചാലേ പ്രസ്തുത കഥകള്‍ ജീവിതവുമായി  ചേര്‍ന്നു നില്‍ക്കുകയുള്ളൂ.  അത് നമ്മുടെ സാംസ്‌കാരികവും സാമൂഹികവുമായ പരിസരത്തെ പ്രതിനിധീകരിക്കുകയും ചെയ്യും. 

ജാതിയെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യവും ജാതിബോധം വളര്‍ത്തുക എന്ന പ്രക്രിയയും സമാന്തരമായി വികസിക്കുന്ന ഒരു സാമൂഹ്യസ്ഥിതിയാണ് നിലവിലുള്ളത്. വര്‍ഗ്ഗസിദ്ധാന്തത്തെ ജാതിയുടെ ശൃംഖലയില്‍നിന്നു മുക്തമാക്കിക്കൊണ്ട് നിര്‍വ്വചിക്കാന്‍ സാധ്യമാണോ എന്നു സംശയമാണ്. വര്‍ഗ്ഗസങ്കല്പനത്തെക്കാള്‍ ജാതി എന്നത് തൊട്ടറിയാന്‍ സാധിക്കുന്ന വികാരമാവുന്ന അവസ്ഥയാണ് പൊതുവെയുള്ളത്. Republic of Caste എന്ന പുസ്തകത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദേ (Anand Teltumbde) ഇതു സംബന്ധിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് (പുറം 20, Navayana Publications). മുന്നോക്കജാതിയിലെ ഇടതുപക്ഷക്കാര്‍ യൂറോ കേന്ദ്രീകൃത മാര്‍ക്‌സിസ്റ്റ് ചിന്താധാരയെ ആധാരമാക്കി ഇന്ത്യന്‍ സാഹചര്യത്തിലെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്യാന്‍ തുനിയാറുണ്ട്.

സാറാ ജോസഫ്
സാറാ ജോസഫ്

ജാതിയെ മേല്‍പ്പുരയായി (super structure) ഗണിക്കുന്ന ഈ രീതിയില്‍, സാമ്പത്തികസ്ഥിതി വളരുന്നത് അനുസരിച്ച് ജാതിവേര്‍തിരിവുകള്‍ ഉച്ചാടനം ചെയ്യപ്പെടുമെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ 'ജാതീയത' എന്ന ഭൂതത്തെ ഇടതുപക്ഷം (പൊതുസമൂഹം) അപ്രധാനമായി കാണുകയും ദളിതര്‍ക്ക് മാത്രം അതിനെ നേരിടേണ്ടി വരികയും ചെയ്യുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. തെല്‍തുംബ്ദേ അഭിപ്രായപ്പെടുന്നതുപോലെ ദളിതര്‍ ജാതിപരമായ സംഘര്‍ഷങ്ങളോട് പൊരുതുകയും ചൂഷണത്തിന്റെ മറ്റു വശങ്ങളെ കാണാതെ പോകുകയും ചെയ്യുന്നു. എന്നിരുന്നാലും ഇടതുപക്ഷവും ദളിത്പക്ഷവും തമ്മിലുള്ള അന്തരം അധ്വാനവര്‍ഗ്ഗത്തിനു ഗുണം ചെയ്യില്ല എന്നതാണ് പ്രധാന ആശയം. കൊളോണിയല്‍ ഭരണകൂടത്തിന്റെ അവശേഷിപ്പായ സംവരണത്തെ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ ഉപയോഗപ്പെടുത്താനായിരുന്നു പോസ്റ്റ്കൊളോണിയല്‍ ഭരണകൂടങ്ങള്‍ താല്‍പ്പര്യപ്പെട്ടത്. ജാതിയെ സംരക്ഷിക്കാനുള്ള മുടക്കുന്യായം ആയി സംവരണത്തെ ഗണിക്കാനും തുടങ്ങി. എന്നാല്‍, സംവരണതത്വങ്ങള്‍ പല വഴിക്കും അട്ടിമറിക്കപ്പെട്ടുകൊണ്ടിരുന്നു. 'വിയര്‍പ്പടയാളങ്ങള്‍' എന്ന കഥയില്‍ സാറാ ജോസഫ് ഇത്തരമൊരു സാഹചര്യത്തെ രേഖപ്പെടുത്തുന്നുണ്ട്. ജനറല്‍ മെറിറ്റ് ലിസ്റ്റില്‍ രണ്ടാം റാങ്കുള്ള ദളിത് പെണ്‍കുട്ടിയെ സംവരണലിസ്റ്റില്‍ ഒന്നാം റാങ്കുകാരിയാക്കിക്കൊണ്ട് ആ പട്ടികയിലേക്ക് മാറ്റാന്‍ അധികൃതര്‍ തത്രപ്പെടുന്നു. തേവന്‍ എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപകന് ഈ തീരുമാനത്തില്‍ അമര്‍ഷമുണ്ടെങ്കിലും അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വെളുത്ത നിറമുള്ള സ്ത്രീയെ വിവാഹം ചെയ്ത അയാളുടെ TEVAN എന്ന പേര് മാറ്റി DEVAN എന്നാക്കാന്‍ അലമുറ കൂട്ടുന്ന ഭാര്യ അയാളുടെ ജാതിസമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ കഴിയാതെ മേല്‍ജാതിക്കാര്‍ 'സൃഷ്ടിച്ചെടുത്ത' വ്യവസ്ഥിതികളുടെ അടിമയായി മാറിയ പ്രൊഫസര്‍ തേവനെയാണ് കഥയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സവര്‍ണ്ണര്‍ക്ക് അനുകൂലമായ വ്യവസ്ഥകളെ തന്നിലേക്ക് ആഗിരണം ചെയ്തുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ ചെറുവിരല്‍പോലും അനക്കാനാവാതെ 'വാര്‍പ്പ്' മാതൃകയായി മാറുമ്പോള്‍, സാമൂഹികവും സാംസ്‌കാരികവും ആയ പരിവര്‍ത്തനം അയാളില്‍ ഉണ്ടാകുന്നില്ല. അവകാശത്തെ നിഘണ്ടുവിലെ വാക്ക് മാത്രമായി മാറ്റിക്കൊണ്ട് ഔദാര്യം എന്ന വാക്കിനു പ്രസക്തി വരുന്ന സന്ദര്‍ഭമാണിത്. സംവരണനിയമങ്ങള്‍ ഇവിടെ വിധേയത്വവും ജാതിബോധവും സൃഷ്ടിക്കുകയാണെന്ന തോന്നല്‍ ശക്തമാക്കുന്നു. 1891-ലും 1896-ലും നടന്ന പ്രക്ഷോഭങ്ങളായ മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും സര്‍ക്കാര്‍ ജോലിക്കായുള്ള സംവരണത്തിനു വേണ്ടിയുള്ള ശ്രമമായിരുന്നു. അന്ന് ദളിത്-ആദിവാസി-ഗോത്ര വിഭാഗക്കാരെ നായന്മാരുടേയും ഈഴവരുടേയും ബ്രാഹ്മണരുടേയും കൂടെ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കൊല്ലമേറെയായിട്ടും ഇന്നത്തെ സ്ഥിതിയിലും ദളിത് വിദ്യാര്‍ത്ഥികളോടുള്ള മനോഭാവം പൂര്‍ണ്ണമായും നിഷേധമുക്തമായിട്ടില്ല എന്നോര്‍ക്കണം. ''ഓരോ പടിയിലും വിയര്‍പ്പും പൊടിയും കൊണ്ട് രേഖപ്പെടുത്തിപ്പോകുന്ന ഒറ്റക്കാലടയാളങ്ങള്‍ ചരിത്രരേഖകളാണ്'' എന്ന ഈ കഥയിലെ വാക്യം ദളിത് അവസ്ഥയെ അടയാളപ്പെടുത്തുന്നു. എന്നാല്‍, തേവന്റെ കഥാപാത്രനിര്‍മ്മിതിയില്‍ സവര്‍ണ്ണ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതായി കാണാം എന്നതൊരു ന്യൂനതയാണ്.

പ്രദീപന്‍ പാമ്പിരിക്കുന്ന്
പ്രദീപന്‍ പാമ്പിരിക്കുന്ന്

ഭരണകൂടത്തിന്റേയും പൊതുസമൂഹത്തിന്റേയും ലളിതവല്‍ക്കരിക്കപ്പെട്ട യുക്തി കൊണ്ടാണ്  വിവേചനത്തിന്റെ പല തരത്തിലുള്ള കരുക്കളെ പരിശോധിക്കുന്നത്. ''കോണ്‍വെന്റ് സ്‌കൂളില്‍ ജാതിവ്യത്യാസം അനുഭവപ്പെടാതെ പഠിച്ച'' ദളിത് യുവതിയാണ് സിതാര എസിന്റെ 'കറുത്ത കുപ്പായക്കാരി' എന്ന കഥയിലെ കേന്ദ്രകഥാപാത്രം. ദളിത് വിഭാഗത്തിലുള്ള കുട്ടികളെ മാറ്റിനിര്‍ത്തുന്ന രീതി നിലവിലുണ്ട് എന്നതിന്റെ തെളിവായിരുന്നു കോഴിക്കോട് പേരാമ്പ്രയില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ സമീപകാലത്ത് നടന്നത്.

സി അയ്യപ്പന്‍
സി അയ്യപ്പന്‍

ഇത് പൊതുവിദ്യാലയങ്ങളില്‍ വരെ വേലിക്കെട്ടുകള്‍ ഉണ്ടെന്നു സ്ഥാപിക്കുന്നു. അതുകൊണ്ടുതന്നെ കഥയിലെ സ്‌കൂളിലെ ഈ 'സമഭാവ'ത്തോടെയുള്ള പെരുമാറ്റം അദ്ഭുതത്തോടെയെ കാണാനാവൂ. എന്തു കൊണ്ടാണ് അവിടെ വേര്‍തിരിവ് ഇല്ലാഞ്ഞതെന്ന് കഥയില്‍ സൂചനകളില്ല. അതിനാല്‍ തന്നെ കഥയില്‍ അത്തരം ഒരു രാഷ്ട്രീയത്തെ എത്ര കണ്ട് ഗൗരവകരമായി ചിന്തിച്ചു എന്നതില്‍ വ്യക്തത ഇല്ല. ഒറ്റമുറി വീട്ടില്‍ അച്ഛന്റേയും അനിയന്റേയും കൂടെ ജീവിച്ചിരുന്ന അവള്‍ക്ക് രാജീവന്‍ എന്ന ദളിത് ആക്ടിവിസ്റ്റിനോട് അടുപ്പമുണ്ടായി. ഒരു കൊലപാതകത്തിന്റെ പേരില്‍ രാജീവന്‍ ഒളിവില്‍ പോയപ്പോള്‍ പൊലീസുകാര്‍ വന്നു അവളെ വലിച്ചിഴച്ചുകൊണ്ടു പോയി ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ദളിത് ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തീവ്രവാദികളായി മുദ്രപതിപ്പിക്കാനുള്ള സ്റ്റേറ്റിന്റെ ഗൂഢശ്രമം ആണ് ഈ കഥയില്‍ ദ്യോതിപ്പിക്കുന്നത്. കറുത്ത നിറമുള്ള വിദ്യാഭ്യാസമുള്ള നായികയ്ക്ക് ഉറങ്ങുന്ന സൂര്യന്റെ നിറമായിരുന്നു. കറുത്ത ശരീരത്തിന് മേല്‍ കറുത്ത കുപ്പായമിട്ടുകൊണ്ട് കറുപ്പിന്റെ രാഷ്ട്രീയം അവള്‍ ഊന്നിപ്പറയുകയാണ്. ദളിത് സ്ത്രീയുടെ ചെറുത്തുനില്പിനെ അഹന്തയോടെ കാണുന്ന പൊതുസമൂഹത്തിന്റെ ബോധ്യങ്ങളുടേയും യുക്തിയുടേയും മുകളിലാണ് ഈ കഥയിലെ പൊലീസ് വര്‍ഗ്ഗം നിലകൊണ്ടത്. ജാതി-ലിംഗബന്ധങ്ങളെ നേരായ വണ്ണം അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ കാര്യക്രമത്തിനു കഴിയുന്നില്ല എന്നതാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. പ്രവചനസ്വഭാവുമുള്ള വിധത്തില്‍ ആഖ്യാനം വികസിക്കുകയും ഭരണകൂടം കറുത്തവര്‍ക്ക് എതിരാണെന്നുള്ള പാഠം സ്ഥാപിക്കുകയും കൂടെ ചെയ്തുകൊണ്ട് സാമ്പ്രദായികമായ കഥാധര്‍മ്മം പാലിക്കുന്ന വിധത്തിലാണ് 'കറുത്ത കുപ്പായക്കാരി' മുന്നോട്ട് പോകുന്നത്. 

ജീവിതത്തേയും അതിന്റെ എല്ലാ വിഭവസമാഹരണങ്ങളേയും സാഹിത്യരൂപങ്ങള്‍ സദാ ശ്രദ്ധിക്കുന്നുണ്ട്. 'കഥ' ആണ് ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനി. അരികുജീവിതക്കാഴ്ചകള്‍ ഒട്ടും പുതുമയല്ലാത്ത  സമൂഹത്തിന്റെ കണ്ണാടിയില്‍ പുറമ്പോക്കുകള്‍ വരെ രാഷ്ട്രീയ അജന്‍ഡകള്‍ ആയി മാറുകയാണ്. പൊതുസമൂഹത്തിന്റെ ഉപരിഘടനയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന അരികുജീവിതത്തിന്റെ കാഴ്ചകള്‍ വര്‍ത്തമാനകാലത്ത് ഒട്ടും അപ്രസക്തമല്ല. അവയില്‍ വര്‍ണ്ണ/ജാതി വ്യവസ്ഥ പുറത്തു നിന്നും നോക്കിയാല്‍ കാണാത്തവിധം തുന്നിവെച്ചിരിക്കുന്നുവെന്നു മാത്രം. വരേണ്യ/മധ്യ വിഭാഗത്തിനും താഴ്ന്ന വിഭാഗത്തിനും ഇടയിലുള്ള സാമ്പത്തിക വ്യത്യാസം ചെറുതല്ല. ദാരിദ്ര്യരേഖയിലും അതിന്റെ താഴെയും നില്‍ക്കുന്ന  വിഭാഗം  ജാതിഘടനയില്‍ കൂടുതലും അസവര്‍ണ്ണര്‍ ആവുന്നതിന്റെ രാഷ്ട്രീയം പിന്നെയും സങ്കീര്‍ണ്ണമാണ്. അധ:സ്ഥിതര്‍ക്കോ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കോ എങ്ങനെയാണ് നിശ്ചിതമായി തീരുമാനിക്കപ്പെട്ട ചില വര്‍ഗ്ഗങ്ങള്‍ നടത്താറുള്ള കേവല വര്‍ഗ്ഗസമരങ്ങള്‍ നടത്താനാവുക എന്ന ചോദ്യം കെ.എം. സലിംകുമാര്‍ ഉന്നയിച്ചത് ഇവിടെ പ്രസക്തമാണ്. (പുറം 32, നെഗ്രിറ്റിയൂഡ്, ഡി.സി. ബുക്‌സ്) അധ:സ്ഥിതരെ മൊത്തമായി എടുത്താല്‍ ഒരു വര്‍ഗ്ഗമായി കാണാന്‍ കഴിയാത്തതുകൊണ്ട് അവര്‍ വര്‍ഗ്ഗസമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ ചുറ്റുപാടിലാണ് സിതാരയുടെ കഥ വായിക്കേണ്ടത്

കെഎം സലീംകുമാര്‍
കെഎം സലീംകുമാര്‍



ജാത്യാധിപത്യത്തിന്റെ തൂണുകള്‍ക്കെതിരെയുള്ള യത്‌നങ്ങള്‍ ശിഥിലമാണെന്നു ചില സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്താറുണ്ട്. പുതിയ ലോകത്തിന്റെ സമ്മര്‍ദ്ദങ്ങളും സാധ്യതകളും അരികുജീവിതം നയിക്കുന്നവരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നു മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ആള്‍ക്കൂട്ടത്തിന്റെ 'തത്ത്വശാസ്ത്രം' ദുര്‍ബ്ബലരെ ഏതെല്ലാം വിധേന ഒറ്റപ്പെടുത്തുമെന്നു പറയുക വയ്യ. തിരക്ക് പിടിച്ച വീഥികളിലും   പൊതുവാഹനങ്ങളിലും പട്ടണങ്ങളിലും തെരുവുകളിലും മനുഷ്യര്‍ കൂട്ടത്തോടെ ഒഴുകുകയാണ്. മറ്റൊരാളുടെ സൂക്ഷ്മനോട്ടത്തില്‍ പരിഭ്രമിക്കുന്നതും ഒളിച്ചുനോട്ടത്തിനെ  ഭയപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെപ്പറ്റിയായിരുന്നു ഏലിയാസ് കാനെറ്റി Crowds and Power എന്ന ഗ്രന്ഥത്തില്‍ ദീര്‍ഘമായി ഉപന്യസിച്ചത്. ഒറ്റയ്ക്കാവുമ്പോള്‍ ഉല്‍ക്കണ്ഠപ്പെടുകയും ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ സങ്കോചത്തിന്റെ ചമയങ്ങള്‍ അണിയുകയും ചെയ്യുന്ന മനുഷ്യന്റെ ജീവിതമാണ് അദ്ദേഹം പരിശോധിച്ചത്. തിരക്കുപിടിച്ച ഇടങ്ങളില്‍വരെ തൊട്ടുകൂടായ്മയും സവര്‍ണ്ണ നോട്ടങ്ങളും അവതരിക്കുന്നതിന്റെ കാഴ്ചകളാണ് എന്‍. പ്രഭാകരന്റെ 'ഇഞ്ചിപ്പണിക്കാര്‍' എന്ന കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുടകില്‍നിന്നും നാട്ടിലേക്ക് പോകാനായി കയറിയ ബസില്‍ വെച്ചു രണ്ട് ഇഞ്ചിപ്പണിക്കാര്‍ക്ക് സംഭവിച്ച ദുര്യോഗമാണ് ഈ കഥയുടെ പ്രമേയം. അധികാരത്തിന്റെ അടയാളരൂപങ്ങള്‍ ഉരുണ്ടുകൂടാന്‍ സ്ഥലമോ സമയമോ നിയന്ത്രണം കല്‍പ്പിക്കുന്നില്ല എന്നു വ്യക്തമാക്കുന്ന കഥയാണിത്. ഇഞ്ചിപ്പണിക്കാരുടെ, വേഷം, വിയര്‍പ്പ് കലര്‍ന്ന ഗന്ധം തുടങ്ങിയ ഘടകങ്ങളാണ് ബസിലെ മറ്റു യാത്രക്കാര്‍ക്ക് അനിഷ്ടം ഉണ്ടാക്കിയത്. വൃത്തിയുള്ള വസ്ത്രവും ആഢ്യത്വമുള്ള ശരീരഭാഷയും സാംസ്‌കാരിക ചിഹ്നങ്ങളായി കാണുന്ന മധ്യവര്‍ഗ്ഗത്തെ പരിഹസിക്കുകയും അപലപിക്കുകയുമാണ് ഈ കഥയില്‍.
ശരീരത്തിന്റെ നിറത്തെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തി വായിക്കേണ്ട കാലം കഴിഞ്ഞു. മറിച്ചുള്ള വിചാരം, സാമൂഹികമായ ജ്ഞാനോദയം സ്വായത്തമായി  എന്നുള്ള ബോധ്യം തെറ്റാണെന്നാണ് സ്ഥാപിക്കുന്നത്. സി അയ്യപ്പന്‍ 'ഭ്രാന്ത്' എന്ന കഥയില്‍ ഇത്തരത്തില്‍ ഒരു സന്ദര്‍ഭത്തെ ഇഴകീറി അപഗ്രഥിച്ചിട്ടുണ്ട്. വര്‍ണ്ണവ്യവസ്ഥ സാംസ്‌കാരിക തുറസ്സില്‍ 'നികൃഷ്ട'മാവുന്നത് എപ്രകാരമെന്ന ആലോചന ഈ കഥയിലുണ്ട്.  ''അധ:കൃതയെന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത നിറവും സൗന്ദര്യവുമുള്ള അവള്‍ കടവായും പൊട്ടി ചത്ത പശുവിനേയും തിന്നു കഴിഞ്ഞിരുന്നവരുടെ പിന്മുറക്കാരെ അറപ്പോടെ നോക്കുന്നതില്‍ വലിയ അനൗചിത്യമൊന്നുമില്ലല്ലോ'' എന്ന കഥയിലെ വാചകത്തിലൂടെ നിറത്തേയും സൗന്ദര്യത്തേയും ജാതിയുടെ ഉരകല്ലില്‍ വെച്ച് ഉരയ്ക്കരുതെന്ന ബോധ്യത്തെയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ നടക്കുന്നുണ്ടെന്ന സൂചനയും ഇവിടെയുണ്ട്. ഇവ തമ്മിലുള്ള അകലത്തെയാണ് കഥാകൃത്ത് അഭിസംബോധന ചെയ്യുന്നത്.

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍


വിഭവസമാഹരണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ രൂപപ്പെട്ടുവരുന്ന പുതിയ ലോകത്ത് ഭാവിയെപ്പറ്റി ആശങ്കകള്‍ ഒന്നുമില്ലാത്തവര്‍ ജാതിയെക്കുറിച്ചു സംസാരിക്കുന്നത് പോലെയായിരുന്നില്ല സി. അയ്യപ്പന്റെ കഥാപാത്രങ്ങള്‍ സംസാരിച്ചിരുന്നത്. സി. അയ്യപ്പന്റെ കഥകളിലെ ലോകം തീര്‍ത്തും ഭിന്നമായ ദളിത് പരിസ്ഥിതിയെയാണ് വലയം ചെയ്യുന്നത്. ഫാന്റസിയുടെ ലോകത്തിലൂടെ ദളിതരുടെ പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന അയ്യപ്പന്റെ കഥകളില്‍ സഹതാപത്തിന്റെ കാഴ്ചകളില്ല. 
ഇതേ പരിസരത്തില്‍ തന്നെയാണ് യമയുടെ 'പോസ്റ്റ്മാന്റെ മകള്‍' എന്ന കഥയുടെ പിറവി. 'പോസ്റ്റ്മാന്റെ മകള്‍' എന്ന കഥ ഉയര്‍ത്തുന്ന ചര്‍ച്ച പിന്നോക്ക വിഭാഗത്തിന്റെ തനതു രീതികളെ പോഷിപ്പിക്കാന്‍  മാറുന്ന രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സാധ്യമാണോ എന്നതാണ്. പാര്‍ശ്വവല്‍ക്കൃത അവസ്ഥയിലെ ജീവിതം മിക്കപ്പോഴും അസവര്‍ണ്ണര്‍ക്ക്  തുല്യം ചാര്‍ത്തിയതാവും. പുലയക്കോളനി വിട്ട് പുറത്ത് പഠിക്കാന്‍ പോകുന്ന ചോതിയിലൂടെയും അച്ഛനായ പോസ്റ്റുമാന്‍ ഗോപാലനിലൂടെയും അരികുജീവിതത്തിന്റെ സമവാക്യങ്ങള്‍ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. നിറം കലര്‍ത്താത്തതായ  ജീവിതസാഹചര്യങ്ങള്‍ പകര്‍ത്തുകയാണിതില്‍. 'പരിഷ്‌കൃത സമൂഹത്തിന്റെ ഭയങ്ങളും പശ്ചാത്താപങ്ങളും അടക്കം ചെയ്ത അപരഭൂമിയുടെ' പരിതാപങ്ങളെ വ്യക്തമാക്കുന്ന ഈ കഥയില്‍ കറുപ്പ് നിറത്തെ ഫെയര്‍ ആന്‍ഡ് ലവ്ലി കൊണ്ട് നേരിടുന്ന യുവതികളെ അവതരിപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ പരിധികളില്‍ നിന്നും അകന്നുമാറി ജീവിക്കുന്നവരുടെ സമൂഹമാണ് അവിടെയുള്ളത്. പോസ്റ്റുമാനായ ഗോപാലന്റെ കൈയിലൂടെ മാത്രമായിരുന്നു എഴുത്തുകള്‍ ആ പഞ്ചായത്തില്‍ എത്തിയിരുന്നത്. എന്നാല്‍, പുലയനായ അയാള്‍ക്കു ഒരു ഗ്ലാസ് വെള്ളം പോലും ആരും വാഗ്ദാനം ചെയ്തിരുന്നില്ല. മരിച്ചാല്‍ മണ്ണിലേ അടക്കാവൂ എന്നും കത്തിക്കരുത് എന്നും അയാള്‍ ആഗ്രഹിച്ചിരുന്നു. മരണത്തിലെങ്കിലും വാരിപ്പുണരാന്‍ മണ്ണിന്റെ കനിവ് അയാളെപ്പോലെയുള്ളവര്‍ക്ക് ആവശ്യമായിരുന്നു. 

സിതാര എസ്
സിതാര എസ്



സമ്പന്നരായ മധ്യവര്‍ഗ്ഗം ഏറ്റവും പുതിയ ലോകക്രമത്തില്‍ ആനന്ദം കണ്ടെത്തുകയും നിമ്ന മധ്യവര്‍ഗ്ഗം അവര്‍ക്കൊപ്പം എത്തിച്ചേരാന്‍ യത്‌നിക്കുകയും ചെയ്യുന്നു. ഈ സംഘര്‍ഷത്തില്‍ ധനം, തൊഴില്‍, സാമൂഹ്യപദവി എന്നിവയാണ് മുഖ്യമായ ഘടകങ്ങള്‍. എങ്കിലും ജാതിയുടെ പരോക്ഷ ചിന്ത സമ്പന്ന/നിമ്ന മധ്യവര്‍ഗ്ഗത്തേയും അലോസരപ്പെടുത്തുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന കഥയില്‍ ഈ വിചാരത്തെ സംശയമൊന്നുമില്ലാതെ തീര്‍ച്ചപ്പെടുത്തുന്നുണ്ട്. ജാതിചിന്ത പൊതുവെ സമൂഹത്തിന്റെ (അദൃശ്യ) ആവരണമായി സ്ഥിതി ചെയ്യുമ്പോള്‍ മധ്യവര്‍ഗ്ഗത്തിനും അതില്‍നിന്നും മോചനമില്ല. പഴയ ചിട്ടവട്ടങ്ങളില്‍നിന്നും ലോകത്തെ മുക്തമാക്കിക്കൊണ്ട് നവീകരിക്കുക എന്നത് കാലാകാലങ്ങളില്‍ സമൂഹവും മനുഷ്യരും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യമാണ്. ആദിമ രൂപങ്ങളേയും വിശ്വാസങ്ങളേയും മറന്നു കൊണ്ട് പുതുലോകത്തേക്ക് എത്തുമ്പോള്‍ പ്രാക്തനമായ ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലായ്മ ചെയ്യേണ്ടതാണ്. എന്നാല്‍, ജാതിയുടെ കാര്യത്തില്‍ അതു സംഭവിക്കുന്നില്ല. പന്തിഭോജനം എന്ന കഥ ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഭക്ഷണവിഭവങ്ങള്‍ക്ക് വരെ ജാതിയുടെ ബന്ധം കല്‍പ്പിക്കുന്ന വിധത്തില്‍ സമൂഹത്തില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കേണ്ടിവരും. നായരുടെ അവിയലും നമ്പൂതിരിയുടെ മാമ്പഴപുളിശ്ശേരിയും ക്രിസ്ത്യാനിയുടെ പോര്‍ക്ക് വരട്ടിയതും എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്. 'പന്തിഭോജനത്തില്‍' സന്തോഷ് ഏച്ചിക്കാനം ഈ വ്യത്യാസം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു പുലയനെ ജാതിപ്പേര് വിളിച്ചതിനുശേഷം കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മേനോന്റെ കാര്യം പരാമര്‍ശിക്കുമ്പോള്‍ ജാതിയില്‍ നായരായ കഥാപാത്രം രമ്യ ''ഇത്രയും ക്രൂരനാവാന്‍ ഒരു മേനോന് പറ്റില്ല'' എന്നൊരു പ്രസ്താവന നടത്തിയിരുന്നു.

സ്വജാതിയില്‍പ്പെട്ട ഒരാളോടുള്ള അനുഭാവമാണ് രമ്യനായര്‍ പ്രകടിപ്പിച്ചത്. നായരും നമ്പൂതിരിയും സുറിയാനി ക്രിസ്ത്യാനിയും സവര്‍ണ്ണ വിഭാഗമായി ഒറ്റക്കെട്ടാവുന്ന രംഗവും കഥയിലുണ്ട്. ജാതി ഇല്ല എന്ന് അവകാശപ്പെടുമ്പോളും ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ജാതിനോട്ടങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ധാരാളമുണ്ട്. മധ്യവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ ആഗോളീകരണം പല വിധത്തില്‍ വിസ്തൃതമാക്കി. എന്നാല്‍, വിപണി സവര്‍ണ്ണ രുചികളെ ആശ്ലേഷിക്കാനാണ് ആവേശം കാണിച്ചത്. ഇതൊരു ചിഹ്നശരംപോലെ 'പന്തിഭോജനത്തില്‍' സൂചിപ്പിച്ചിട്ടുണ്ട്. ദളിത് അഭിഭാഷകയായ രുഗ്മിണി കഴിക്കാന്‍ 'ചേറ്റുമീന്‍' കൊണ്ടുവരുമ്പോള്‍, സവര്‍ണ്ണരുടെ ഭക്ഷണം സാമ്പ്രദായിക നോട്ടത്തില്‍ 'ആഢ്യ'മാണ്. മധ്യവര്‍ഗ്ഗത്തിന്റെ അന്തരീക്ഷത്തില്‍നിന്നുകൊണ്ട് ജാതിയെ അപലപിക്കുന്ന വിധത്തിലാണ് 'പന്തിഭോജനം' വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരം അടക്കംപറച്ചിലുകളില്‍ കൂടെ ജാതീയതയെ രേഖപ്പെടുത്തുന്നതില്‍ എത്രമാത്രം നീതിയുണ്ട് എന്ന് ആലോചിക്കണം.
ഇതിന്റെ വ്യാപിപ്പിക്കല്‍  ആണ് 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന   സന്തോഷ് കുമാര്‍ എഴുതിയ കഥയിലെ സംസ്‌കൃത പണ്ഡിതനായ കുഞ്ഞിക്കോരു മാസ്റ്റര്‍ക്ക് സംഭവിച്ച ദുര്യോഗം. വേദങ്ങളില്‍ അഗാധമായ അറിവുണ്ടായ മാസ്റ്റര്‍ ദളിതനായത് കൊണ്ട് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല. മരിച്ചുകഴിഞ്ഞു ശവമടക്കാന്‍ സ്ഥലം കിട്ടാതെ ചെറിയ വീടിന്റെ അടുക്കളയില്‍ അദ്ദേഹത്തെ അടക്കുകയായിരുന്നു. മതപരമായ സംഹിതയില്‍ അധിഷ്ഠിതമായ ആചാരങ്ങളും മാമ്മൂലുകളുമാണ് കേരളത്തിലെ നമ്പൂതിരിമാര്‍ പാലിച്ചിരുന്നത്. എന്നാല്‍, കുഞ്ഞിക്കോരുവിനെ പോലെയുള്ള ദളിതന് വേദപഠനത്തിനും അനുഷ്ഠാനത്തിനും വിലക്കുകള്‍ കല്‍പ്പിക്കുന്നത് ജാതിമതിലുകള്‍ തന്നെയാണ്. അസവര്‍ണ്ണനെ ക്ഷേത്രക്കാര്യങ്ങളിലും ദൈവത്തിനെ പൂജിക്കാനും അനുവദിക്കുന്നതില്‍ പൊതുസമൂഹം ഇപ്പോഴും സഹിഷ്ണുത കാണിക്കുന്നില്ലല്ലോ. വേദങ്ങളേയും ഉപനിഷത്തുകളേയും മതചിന്തകളായി ഗണിച്ചു കൊണ്ട് അതിലേക്ക് ജാതിക്കാഴ്ചപ്പാടുകളെ ചേര്‍ത്തുവായിക്കുന്നത് ആശാവഹമല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രത്തില്‍, നമ്പൂതിരിമാരുടെ നിത്യേനയുള്ള വ്യവഹാരങ്ങള്‍ -സാമ്പത്തികവും സാമൂഹികവും-ആചാരങ്ങളുടെ മറക്കുടയില്‍ നിന്നായിരുന്നു. ഓരോ പ്രവൃത്തിയും ആചാരത്തില്‍ ഊന്നിയുള്ളതായിരുന്നു (K.N. Sunandan: From Acharam to Knowledge: Claims of Caste Dominance in Twentieth Century Malabar). അതായത് ചെറിയൊരു നിയമം തെറ്റിച്ചാലും അത് തെറ്റിച്ചയാളെ മാത്രമല്ല, മുഴുവന്‍ ജാതിയേയും ബാധിക്കുമെന്ന വിശ്വാസമാണ് നിലനിന്നിരുന്നത്. മീന്‍ പാകം ചെയ്തു കഴിക്കാറുള്ള വീട്ടില്‍ ഇരുന്നു ഋഗ്വേദം പരിഭാഷപ്പെടുത്തിയിരുന്ന മാസ്റ്ററെ വരേണ്യവര്‍ഗ്ഗം വേണ്ടവണ്ണം ബഹുമാനിച്ചിരുന്നില്ല. പണ്ഡിറ്റ് കുഞ്ഞിക്കോരു മാസ്റ്റര്‍ക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണുപോലും കിട്ടിയില്ല എന്നതിന്റെ രാഷ്ട്രീയം ആക്ഷേപാര്‍ഹമാണ്. ജാതിചിന്തയുടെ അസ്തിവാരം  ഇളക്കിക്കൊണ്ട്, താല്‍പ്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ന്യായം ഓരോരുത്തര്‍ക്കുമുണ്ട്. കഥയില്‍ മാസ്റ്ററുടെ ചുറ്റുപാട് നിര്‍മ്മിച്ചിരിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ല. അസവര്‍ണ്ണ പണ്ഡിതന് അനുഭവിക്കേണ്ടിവരുന്ന സഹതാപാര്‍ഹമായ വശങ്ങള്‍ക്കാണ് കഥയില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 
മണ്ണില്‍ പണിയെടുക്കുന്നവനാണ് ഭൂമിയുടെ അവകാശമെന്ന സങ്കല്പം ഏറെക്കുറെ യുട്ടോപ്യനായി തീര്‍ന്നു. അധ്വാനത്തിലൂടെയുള്ള ജ്ഞാനനിര്‍മ്മിതിയുടെ ഫലമായി ഭൂമി ദളിതനു സ്വന്തമാവാത്തതിന്റെ ഫലമായാണ് മാസ്റ്റര്‍ക്ക് അന്തിയുറങ്ങാന്‍ ആറടി മണ്ണ് പോലും ഇല്ലാതെ പോയത്. ഈ കഥയില്‍ എന്തുകൊണ്ട് അധ്വാനിക്കുന്ന ജനവിഭാഗത്തിനെ പ്രതിനിധീകരിക്കുന്ന കക്ഷിരാഷ്ട്രീയക്കാര്‍ അസന്നിഹിതരായതെന്നതും കൗതുകകരമാണ്. അത്തരമൊരു രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കഥയെ സമീപിച്ചിരുന്നുവെങ്കില്‍ കഥയുടെ നിലപാട് തന്നെ മാറുമായിരുന്നുവോ  എന്നും ആലോചിക്കേണ്ടതാണ്. 
നായര്‍ സമുദായത്തില്‍പ്പെട്ട കാമുകനെ വിവാഹം കഴിക്കാനായി ഈഴവ പെണ്‍കുട്ടിയുടെ വീട്ടിലെ ഉമ്മറത്തിരിക്കുന്ന (ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ എടുത്തു മാറ്റുന്നത് എസ്. ഹരീഷിന്റെ മോദസ്ഥിതനായി വസിപ്പൂ മല പോലെ എന്ന കഥയിലെ സന്ദര്‍ഭമാണ്. ജാതി ഇല്ല എന്നും സമൂഹത്തിലെ ജാതിവിചാരം മാഞ്ഞുപോയെന്നുമുള്ള 'പരിഷ്‌കൃത' വര്‍ഗ്ഗത്തിന്റെ ബോധത്തിനെ പ്രഹരിക്കുകയായിരുന്നു എസ്. ഹരീഷ് ഈ കഥയിലൂടെ. ജാതിയുടെ പല തരത്തിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയവല്‍ക്കരണമാണ് ഇത്തരത്തിലുള്ള വേര്‍തിരിവുകളെ മുഴക്കുന്നത്. ജാതിയെ  അവഗണിച്ചുകൊണ്ട്, ജാതിബിംബങ്ങളെ മൂടിവെക്കാതെയുള്ള വ്യവഹാരങ്ങള്‍ക്ക് ചെറുപ്പക്കാര്‍  വരെ തയ്യാറാവുന്നില്ല എന്നതു നിര്‍ഭാഗ്യകരമാണ്. ഈ കഥയില്‍ സ്ഥാപിക്കുന്നത് ഇതേ കാര്യമാണ്. രണ്ടു ജാതികള്‍ തമ്മിലുള്ള വിനിമയത്തില്‍ ഉണ്ടാകുന്ന ഭാഷാപരമായും ആചാരപരമായുള്ള വ്യത്യാസങ്ങളേയും ജാതി രാഷ്ട്രീയത്തേയുമാണ് ഈ കഥയില്‍ അഭിസംബോധന ചെയ്യുന്നത്. കല്ല് ചെത്തുന്ന കുലത്തൊഴിലായിരുന്ന ജാതിയുടെ അവശേഷിക്കുന്ന ബിംബങ്ങള്‍ ഇപ്പോഴും അതിലെ അംഗങ്ങള്‍കൊണ്ട് നടക്കുന്നതും മറ്റും കഥയില്‍ സൂചിപ്പിക്കുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന രീതി (വെളുത്തുള്ളി ഇട്ട കറികള്‍), ഭാഷയിലെ വ്യതിയാനങ്ങള്‍ (ആനയെ, ആനേനെ, പപ്പടം കാച്ചുക, പപ്പടം വറുക്കുക) എന്നീ പ്രത്യക്ഷ രീതികള്‍ ആഖ്യാനത്തിലുണ്ട്. മീന്‍ കൂട്ടാതെ, വൃത്തിയോടും ശുദ്ധിയോടും കൂടി ജീവിക്കാന്‍ ഉദ്‌ബോധിപ്പിച്ച ഗുരുദേവന്റെ ശിഷ്യനായ കാരണവരുടെ സമ്മതമൊന്നും കൂടാതെ ആയിരുന്നു പുതുതലമുറ ഗുരുവിനെ വീടിന്റെ പൂമുഖത്തുനിന്നും കുടിയിറക്കിയത്. നായര്‍-ഈഴവ വിവാഹം സുഗമമായി നടക്കാനും ഗുരുവിന്റെ ചിത്രം കാണുന്ന നായന്മാര്‍ക്ക് 'അസ്‌കിത' വരാതിരിക്കാനും വേണ്ടിയായിരുന്നു പൊടിപിടിച്ച തട്ടിന്മുകളിലേക്ക് ഗുരുവിനെ വലിച്ചെറിഞ്ഞത്.
'പന്തിഭോജനത്തിലും' 'മോദസ്ഥിതനിലും' മധ്യവര്‍ഗ്ഗത്തിന്റെ എല്ലാ തരത്തിലുള്ള സുരക്ഷയും അനുഭവിച്ചുകൊണ്ട് ജാതിയുടെ അസമത്വം ചര്‍ച്ച ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ ആണുള്ളത്. 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന കഥയില്‍ ജാതിക്കു മുകളില്‍ വര്‍ഗ്ഗമെന്ന സങ്കല്‍പ്പനത്തെ സ്ഥാപിച്ചിരിക്കുന്ന ഇടതുപക്ഷത്തിന്റെ ഇടപെടലുകള്‍ കഥയുടെ ഗതിയെ മാറ്റിമറിക്കാനുള്ള സാധ്യതയെ ആരാഞ്ഞിട്ടില്ല.
5
ആഗോളീകരണത്തിനു ശേഷമുള്ള ലോകത്തില്‍ ജീവിക്കുന്ന നമുക്ക് ജാതി എങ്ങനെയാണ് ഇത്ര പ്രധാനമാവുന്നതെന്ന് ആലോചിക്കേണ്ട വിഷയമാണ്. നാഗരികതയും വിദ്യാഭ്യാസവും സാങ്കേതികതയുടെ ഉദയവും വികാസവും ജാതികളുടെ വേലിക്കെട്ടുകള്‍ പൊളിച്ചെറിയാന്‍ പര്യാപ്തമായിത്തീരുന്നില്ല. മാര്‍ക്‌സിസ്റ്റ് ചിന്തകനായ നിക്കോളായ് ബുഖാറിന്റെ വര്‍ഗ്ഗത്തേയും ജാതിയേയും കുറിച്ചുള്ള ആശയം വളരെ പ്രസക്തമാണ്. (Historical Materialism: A System of Sociology, 1921) ഉല്‍പ്പാദനത്തിന്റെ മേഖലയില്‍ പൊതുസ്ഥാനം വഹിക്കുന്ന ഒരു കൂട്ടം 'വര്‍ഗ്ഗം' ആയി പരിണമിക്കുന്നു. എന്നാല്‍ നിയമപരമായ സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു പൊതുനിലപാട് എടുക്കുന്ന സംഘത്തെ 'ജാതി'യായി കണക്കാക്കാം എന്നായിരുന്നു ബുഖാറിന്‍ വാദിച്ചത്. ഇതിന്‍പ്രകാരം ജന്മികള്‍ വര്‍ഗ്ഗവും ആഢ്യത്വം ജാതിയുമാണ്. സാമ്പത്തികമായി ജന്മി പാപ്പരായി ഭിക്ഷക്കാരനായി മാറിയാലും അയാള്‍ 'കുലീനന്‍' ആണ് എന്നര്‍ത്ഥം. ഈ സങ്കല്‍പ്പനത്തെ ഇന്ത്യന്‍ പരിത:സ്ഥിതിയില്‍ വായിക്കുമ്പോള്‍ വേറൊരു വീക്ഷണം ഉയര്‍ന്നുവരുന്നതായി കാണാം. തൊഴിലാളിവര്‍ഗ്ഗത്തെ മധ്യവര്‍ഗ്ഗമായി പ്രായേണ പരിഗണിക്കാത്ത  രാജ്യത്ത് അവരില്‍ ഏറിയ പങ്കും  പിന്നോക്ക വിഭാഗക്കാരാണ് എന്നത് തെല്‍തുംബ്ദേ എടുത്തുപറയുന്നുണ്ട്. പല വിഭാഗങ്ങളിലുള്ള പിന്നോക്ക ജാതിയിലുള്ളവര്‍ക്ക് ഒത്തുചേര്‍ന്ന് 'വര്‍ഗ്ഗ'മായി മാറാന്‍ സാധിക്കുന്നില്ല (Republic of Caste: Page No. 98) എന്നതാണ് നിര്‍ഭാഗ്യകരമായ അവസ്ഥ. ഇതു തന്നെയാണ് വേറൊരു രീതിയില്‍ വര്‍ഗ്ഗസമരത്തെക്കുറിച്ച് കെ.എം. സലിംകുമാര്‍ പറഞ്ഞതും. 
അസ്പൃശ്യരായ ജാതിക്കാരെ മുഴുവന്‍ ഒരുമിച്ച് നിര്‍ത്തുന്നതിന്റെ ശ്രമമായി അവരെ Depressed Class ആയി അംബേദ്കര്‍ വിഭാവനം ചെയ്തിരുന്നുവെന്ന് തെല്‍തുംബ്ദെ സൂചിപ്പിക്കുന്നുണ്ട്. (പുറം 101). ഇതിന്റെ ഭാഗമായി എണ്ണമറ്റ ഉപജാതികളെ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗമായി അദ്ദേഹം കാണാന്‍ ആഗ്രഹിച്ചു. സമൂഹത്തിന്റെ ഉപവിഭാഗങ്ങള്‍ക്ക് പ്രത്യേക സാഹചര്യങ്ങളില്‍ വര്‍ഗ്ഗത്തിന്റേതായ 'തുറന്ന' സമീപനം നഷ്ടപ്പെടുകയും ജാതിയുടെ 'അടഞ്ഞ സമീപനം' രൂപപ്പെടുകയും ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട് (പുറം 100, Republic of Caste). ജാതി എന്നത് മതത്തില്‍നിന്നു മാത്രം സൃഷ്ടിക്കപ്പെട്ടതോ സുസ്ഥിരപ്പെട്ടതോ അല്ല: എന്നാല്‍, മതം ജാതിക്ക് ഒരു 'ഭൗതിക അധികാരം' കൊടുക്കുന്നുണ്ട് (പുറം 116, Republic of Caste). എന്നാല്‍, ഒരു മതത്തിലുള്ള ജാതിയില്‍നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ആ മേല്‍ക്കൈ നഷ്ടപ്പെടുന്നുണ്ടോ എന്നാലോചിക്കേണ്ടതാണ്. ദളിതരില്‍ നിന്നും ക്രിസ്ത്യാനി ആയവര്‍ നേരിടുന്ന ജാതീയവും തൊഴില്‍പ്പരവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതുമായ അല്ലലുകള്‍ ആണ് കെ.ആര്‍. മീര 'നായ്‌ക്കോലം' എന്ന കഥയില്‍ വരച്ചിടുന്നത്. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം  വിദ്യാഭ്യാസക്കച്ചവടം കൊണ്ട് സാധിക്കുന്നില്ല. ആഗോളീകരണത്തിനു ശേഷമുള്ള കേരളീയ സമൂഹത്തില്‍  സ്വകാര്യ മേഖല നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. നായ്‌ക്കോലത്തില്‍ ഇതു സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇതോടൊപ്പം കഥയില്‍ വിവരിച്ചിരിക്കുന്ന പ്രാന്തവല്‍ക്കൃതരായ പരിവര്‍ത്തിത ക്രൈസ്തവ  സമുദായത്തിലെ കുട്ടികളുടെ സ്ഥിതിയാണ് കഷ്ടം. പരിവര്‍ത്തിത ക്രിസ്ത്യാനികളെ സഭയും പുരോഹിതനും നോക്കിക്കാണുന്ന രീതിയും പ്രതിലോമകരമാണ് എന്നു  പ്രത്യക്ഷോദാഹരണമായി കഥയിലെ ഡയറക്ടറച്ചനിലൂടെ വ്യക്തമാക്കുന്നുണ്ട്. അതേ വിഭാഗത്തില്‍പ്പെടുന്ന ആഖ്യാതാവായ പത്രപ്രവര്‍ത്തകയ്ക്കും തൊഴിലിലും വ്യക്തിഗത ജീവിതത്തിലും ചില നിലപാടുകളുടെ പേരില്‍ നഷ്ടങ്ങളുടെ പട്ടിക വലുതാകുന്നുണ്ട്. ഹൈറേഞ്ചില്‍ പള്ളി നടത്തുന്ന സ്‌കൂളിലെ, എയ്ഡ്സ് പിടിപെട്ട പത്തു വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനം കഥാനായികയുടെ ഇടപെടല്‍ മൂലം പുറംലോകം അറിഞ്ഞു. ഇതില്‍ മിക്കവാറും ദളിത് വിഭാഗത്തില്‍നിന്നും പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളായിരുന്നു എന്നത് പ്രസ്തുത സംഭവത്തിനു വാര്‍ത്താപ്രാധാന്യം കൂട്ടി. ഈ പരിസരപ്രദേശത്താണ് കഥ വികസിക്കുന്നത്. 
ജാതിയെന്നത് ഒരു പറ്റം മനുഷ്യരെ ആചാരങ്ങളുടെ അടിസ്ഥാനത്തില്‍ ഗണാത്മകമായി കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കല്ലാതാവുന്നതിന്റെ രാഷ്ട്രീയം പഠിക്കേണ്ടതാണ്. കാലിക സമൂഹത്തിലെ ജാതീയമായ (അ)സമവാക്യങ്ങളുടെ ആഴവും പരപ്പും നിര്‍വ്വചിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് പ്രത്യക്ഷവും മൂര്‍ത്തവുമായ ഉപാധികള്‍ വരെ മാനവികതയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കൊടുക്കാറില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ദരിദ്രസാഹചര്യങ്ങളില്‍നിന്നു വരുന്ന കുട്ടിക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കാനുള്ള കാരണമായി 'അല്‍ഗോരിതത്തെ'; കുറ്റം പറയുമ്പോള്‍ സാങ്കേതികതയും പ്രതികൂലമാണെന്നു ചിന്തിക്കേണ്ടിവരും. അസമത്വം കുറയ്ക്കുന്നതിനു വേണ്ടി നിരന്തരം വികസന മാതൃകകള്‍ ആവിഷ്‌കരിക്കുന്ന ഒരു സംവിധാനത്തില്‍, അത്തരം ഉദ്യമങ്ങള്‍ വരെ സമത്വത്തിനെതിരെയാവുന്ന വിരോഭാസമാണ് ദൃശ്യമാവുന്നത്. ഇവിടെയാണ് നവസമൂഹം നേരിടുന്ന വെല്ലുവിളി. അതിനെ തരണം ചെയ്യാന്‍ പലതരത്തിലുള്ള ഭിന്നതകളെ  മാറ്റിക്കൊണ്ട് ചിന്തിക്കാന്‍ കഴിഞ്ഞാല്‍ നാം വിജയിച്ചു. കഥകളിലും കലാരൂപങ്ങളിലും കാണുന്ന വാര്‍പ്പുമാതൃകയിലുള്ള ദളിത്/പിന്നോക്ക കഥാപാത്രങ്ങളുടെ ആവിഷ്‌കരണത്തിലൂടെ ചതുരവടിവുള്ള ചില ആഖ്യാന മുഹൂര്‍ത്തങ്ങള്‍  മാത്രമാണ് ഉടലെടുക്കുന്നത്.
പ്രത്യക്ഷത്തില്‍ നാമറിയാതെ എന്നാല്‍, അബോധപൂര്‍വ്വം ഉരുവം കൊള്ളുന്ന വികാരമായി ജാതിചിന്ത നമ്മെ ബാധിച്ചുകൊണ്ടിരിക്കുന്നു. കേവലം ഒരു കൂട്ടമോ വര്‍ഗ്ഗമോ ആയി കാണാതെ ജാതിയുടെ ശരീരങ്ങളെ ഹിതകരവും ഹീനകരവും ആയ സാഹചര്യങ്ങളിലൂടെ അനുയാത്ര ചെയ്യാനാണ് സമൂഹം താല്‍പ്പര്യപ്പെടുന്നത്. നെഹ്രുവിയന്‍ ഇന്ത്യയില്‍ ജനിച്ച തലമുറകള്‍ ജാതിയെ കാലഹരണപ്പെട്ട സങ്കല്പമായാണ് കണ്ടത് എന്നു സാമൂഹിക ശാസ്ത്രജ്ഞനായ സതീഷ് ദേശ്പാണ്ഡെ രേഖപ്പെടുത്തിയിട്ടുണ്ട് (സമകാലിക ഇന്ത്യ എന്ന പുസ്തകം, 2003). എന്നാല്‍, ഏറ്റവും സുശക്തമായ, ആധുനികാനന്തരമായ ഒരു കര്‍ത്തൃത്വമായാണ് ദളിത് പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുന്നത് (സണ്ണി എം. കപിക്കാട്, ജനതയും ജനാധിപത്യവും, 2017). നഗരത്തിലും ഗ്രാമത്തിലും ഒരേപോലെ വളക്കൂറുള്ള ജാതീയതയെ പൊതുരംഗത്ത് പരാമര്‍ശിക്കരുതെന്നു പിന്താങ്ങിയത് ഉന്നതകുലജാതരായിരുന്നുവന്ന് ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഒരു മാനസിക നിലപാട് ഇവരുടെ 'വിശേഷാധികാരം' ആയി കണക്കിലെടുക്കാം. ഇതുതന്നെയാണ് Privileged Class അരികുജീവിത കഥകള്‍ എഴുതുമ്പോളും സംഭവിക്കുന്നത്. കഥകളിലൂടെയുള്ള കാഴ്ചപ്പാടില്‍ സാമാന്യേന പ്രകടമാകുന്ന ഒരു അവലോകനമുണ്ട്. അസവര്‍ണ്ണരുടെ/ദളിതരുടെ ദു:സ്ഥിതിയില്‍ അനുകമ്പയോ അമര്‍ഷമോ അവതരിപ്പിക്കുന്ന പ്രമേയങ്ങളാണ് സാധാരണയായി മുഖ്യധാരയിലെ  കഥകളിലുണ്ടാകുന്നത്. 'കാഴ്ചക്കാരായി ഇരിക്കുക' എന്ന പ്രത്യേകതയുള്ള സമൂഹത്തിനെ ആണ് എം.ബി. മനോജ് 'വേവുകയാണ് എല്ലാം' എന്ന കഥയില്‍ സൂചിപ്പിച്ചത്. ഈ കാഴ്ചസമൂഹത്തിന്റെ നീട്ടിക്കൊണ്ടുപോകലായി മുഖ്യധാരയിലെ ജാതീയത നിറഞ്ഞ കഥകളെ കാണുന്നതില്‍ തെറ്റില്ല. കഥാപാത്രങ്ങളുടെ നിര്‍ഭാഗ്യകരമായ 'വിധി'യിലേക്ക് സൂക്ഷ്മമായി കേന്ദ്രീകരിച്ച കഥകളാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. മുഖ്യധാരയ്ക്ക് പുറത്ത് ജീവിക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെല്ലാം ഇപ്പറഞ്ഞ കഥകളുടെ സംവാദ ഭൂമിക്കു അകലെയാണ് എന്നതാണ് വാസ്തവം. എന്നാലും പുതിയതായി രൂപപ്പെടുന്ന പരിത:സ്ഥിതിയില്‍ ഇങ്ങനെയുള്ള ഐക്യപ്പെടലും സ്വാഗതാര്‍ഹമാണ്. തകഴിയുടെ രണ്ടിടങ്ങഴിയില്‍ പറയനും പുലയനുമുള്ള  മോചനസ്വപ്നങ്ങളില്‍ വിദ്യാഭ്യാസം നാലയലത്തുപോലും വരുന്നില്ല എന്നത് അദ്ഭുതകരമായ കാല്പനികതയാണ് എന്ന പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ അഭിപ്രായം (ദളിത് സൗന്ദര്യശാസ്ത്രം, പുറം 25, 2011) ഇവിടെ പ്രസക്തമാണ്. ഈ ഒരു സ്ഥിതിയില്‍നിന്നും പിന്നോക്കാവസ്ഥകളെ മാറ്റി ചിന്തിക്കാനുള്ള ആര്‍ജവം സമകാലത്തെ കഥകളിലുണ്ട് രാഷ്ട്രീയബോധ്യങ്ങളുടെ സാത്മീകരണമാണ് ഇതിനു പിന്നിലുള്ളതെന്നു തീര്‍ച്ചയാണ്.
മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേയ്ക്ക് എത്തുന്തോറും മ്ലേച്ഛത്വവും ആരോപിക്കാവുന്ന ജാതിവ്യവസ്ഥയാണ് ഇന്ത്യയില്‍ ഉള്ളതെന്ന അംബേദ്കറുടെ വാദം പ്രാധാന്യം അര്‍ഹിക്കുന്നു. ജാതി സാമൂഹിക യാഥാര്‍ത്ഥ്യമായി മാറുകയും ഉന്‍മൂലനം ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ അതിനു സമകാലാവസ്ഥകളില്‍ വേരോട്ടം ഉണ്ടാവുകയും ചെയ്തു. അങ്ങനെയിരിക്കെ, 'കഥകള്‍' പോലെയുള്ള സാഹിത്യരൂപത്തില്‍ കൂടെ, നേരായ സാമൂഹിക സ്ഥിതി പ്രതിഫലിപ്പിക്കാന്‍ നവലോകക്രമത്തില്‍ സാധിക്കുമെന്നു കരുതുന്നത് ആദര്‍ശപരമായ ആലോചനയാണ്. ഒട്ടൊക്കെ, സമാനമായ പരിസരത്തില്‍ ജാതിവേര്‍തിരിവുകളുടെ സന്ദര്‍ഭങ്ങള്‍ കൊണ്ടുവരാനാണ് ഇത്തരം കഥകള്‍ ശ്രമിക്കുന്നത്. ജാതിവ്യവസ്ഥയുടെ അസഹിഷ്ണുതകളിലൂടെ കടന്നുപോകാത്ത കഥാകൃത്ത് അങ്ങനെയൊരു സന്ദര്‍ഭത്തെ ഭാവനയില്‍ കണ്ട എഴുതുമ്പോള്‍ കഥയ്ക്കുണ്ടാവുന്ന 'അച്ച്' രൂപം അതിന്റെ രാഷ്ട്രീയത്തിന്റെ ശക്തി കുറയ്ക്കുന്നു. ''കറുത്തവന്റെ ദൈന്യത അനുഭവിച്ചറിഞ്ഞവര്‍ക്കു കറുപ്പിന്റെ സൗന്ദര്യത്തെ കാണാന്‍ കഴിയുമോ'' എന്ന്  'ചിരുതക്കുന്നി'ലെ (നീഗ്രോ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന പി.ജി. ഗോപി എഴുതിയ കഥ) രവിയുടെ വിചാരം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്നെയാണ്. അത്തരത്തില്‍ ഒരു സ്വാംശീകരണം പൊതുവെ സംഭവിക്കുന്നില്ല എന്നത് വസ്തുതയാണ്. ജാതിയുടെ അസമത്വം നിലനില്‍ക്കുന്നിടത്തോളം ഇവിടെ വിവരിച്ചതുപോലെയുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ബോധപൂര്‍വ്വമായ നിലപാട് കഥകളില്‍ ഇല്ലെങ്കില്‍ ആ കഥകളെ കാലം വിചാരണ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com