പരീക്ഷിക്കപ്പെടുന്ന പുതിയ ലാറ്റിനമേരിക്കന്‍ എഴുത്ത്

ബൂം സാഹിത്യാനന്തരം ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട ക്രാക്ക് സാഹിത്യശാഖ എഴുത്തിനെ തദ്ദേശിയതയില്‍നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അതിപ്രസരത്തില്‍നിന്നും വിമുക്തമാക്കി.
പരീക്ഷിക്കപ്പെടുന്ന പുതിയ ലാറ്റിനമേരിക്കന്‍ എഴുത്ത്

ബൂം സാഹിത്യാനന്തരം ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട ക്രാക്ക് സാഹിത്യശാഖ എഴുത്തിനെ തദ്ദേശിയതയില്‍നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അതിപ്രസരത്തില്‍നിന്നും വിമുക്തമാക്കി. എഴുതുന്നത്  ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം അപ്രസക്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്രാക്ക് സാഹിത്യത്തിലെ ആഗ്രഗണ്യനായ ഖോര്‍ഹെ വോള്‍പി (Jorse Volpi) അവരുടെ മാനിഫെസ്റ്റോ പുറത്തിറക്കിയത്. അതോടെ നാല് ദശാബ്ദത്തിലധികം ഒട്ടേറെ വിവര്‍ത്തനങ്ങളിലൂടെ  പുറംലോകത്തെ അമ്പരപ്പിച്ച ലാറ്റിനമേരിക്കന്‍ സാഹിത്യം പുതിയ പാന്ഥാവുകള്‍ തേടാന്‍ ആരംഭിക്കുകയായിരുന്നു. ദേശത്തിന്റേയും തദ്ദേശിയരുടേയും ഉള്ളിലേക്കു നോക്കരുതെന്നായിരുന്നില്ല ഇതിന്റെ അര്‍ത്ഥം. ദേശതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ത്തന്നെ പുറംലോകത്തിന്റെ ആധിപത്യത്തെ ചെറുക്കാന്‍ ഇതര രാജ്യങ്ങളുടെ കഥകളും മിത്തുകളും ചരിത്രവുമെല്ലാം എഴുത്തില്‍ കടന്നുവരണമെന്നായിരുന്നു മാനിഫെസ്റ്റോവില്‍ അര്‍ത്ഥമാക്കിയിരുന്നത്. ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുറംലോകത്തിന്റെ ധാരണകളും ഇതോടെ തിരുത്തിക്കുറിക്കപ്പെടുമെന്നവര്‍ക്ക് അറിയാമായിരുന്നു. 
വോള്‍പിയുടെ 'ചാരത്തിന്റെ ഋതു' (Season of Ash)വെന്ന നോവല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ വേദനിക്കുന്ന ചരിത്രസന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുകയും ഒപ്പം പുതുസംവല്‍സരത്തിന്റെ വിക്ഷുബ്ദ്ധതകളേയും സന്ദേഹങ്ങളേയും മറകൂടാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ നാം പരിചയപ്പെടുന്ന കഥാപാത്രങ്ങള്‍ വാസ്തവത്തില്‍ മറ്റേതോ പേരില്‍ നഗരങ്ങളില്‍ അലഞ്ഞിരുന്നവരും  ഒരുവേളയില്‍ മുഖംമൂടിയണിഞ്ഞ് എല്ലാ നിയന്ത്രണ ഉപാധികളേയും കബളിപ്പിച്ചിരുന്നവരുമാണെന്ന് അറിയാന്‍ വിഷമമില്ല. അയഥാര്‍ത്ഥ്യമെന്നത് യാഥാര്‍ത്ഥ്യത്തിന്റെ തന്നെ മറ്റൊരു പര്യായമായതിനാല്‍ വോള്‍പി ഫിക്ഷനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ദ്വന്ദ്വങ്ങളുടെ പരിസരമൊരുക്കുന്നില്ല. വോള്‍പിയെ സംബന്ധിച്ചിടത്തോളം ഫിക്ഷന്‍ യാഥാര്‍ത്ഥ്യത്തിന്റെ തീച്ചൂളയേന്തുന്ന ചരിത്രാന്വേഷണമാണ്. മെക്സിക്കന്‍ എഴുത്തുകാരില്‍ അദ്ദേഹം ഏറ്റവുമധികം ആരാധിക്കുന്ന ഫുഎന്‍തെസ് (Carlos Fuentes) നടത്തിയ പരീക്ഷണങ്ങളും ഇതില്‍നിന്നും വിഭിന്നമായിരുന്നില്ലല്ലോ. 

നവീന ആഖ്യായിക
മുന്‍കാല സോവിയറ്റ് യൂണിയനിലെ ശാസ്ത്രജ്ഞനായ ഇറീന, ഹംഗറിയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഇവ, അമേരിക്കയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ ജെന്നിഫര്‍ എന്നീ വനിതകളുടെ പരസ്പരബന്ധിതവും എന്നാല്‍ തര്‍ക്ക സംബന്ധിതവും വിലോമവുമായ ജീവകഥനങ്ങളില്‍ നിന്നാണ് ഇന്നു നാം എത്തിനില്‍ക്കുന്ന നൂറ്റാണ്ടിന്റെ കല്‍പ്പടവുകള്‍ ഓരോന്നും വോള്‍പി നടന്നുകയറുന്നത്. മൂന്നു വ്യത്യസ്ത ഭൂഖണ്ഡങ്ങളുടെ അരക്ഷിതാവസ്ഥയുടെ ചരിത്രമായി  ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും അതിനുപരിയായി ശാസ്ത്രത്തിന്റേയും സമ്പത്തിന്റേയും ചരിത്രമായതിനെ കാണുകയായിരിക്കും ഉത്തമം. സോവിയറ്റ് യൂണിയന്റെ ദാരുണമായ പതനമാണ് നോവലിന്റെ കാതല്‍. എന്നാല്‍, വോള്‍പിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ അതിനെ വെറുമൊരു തകര്‍ച്ചയായി പരിഗണിക്കാതെ പില്‍ക്കാലങ്ങളില്‍ കമ്യൂണിസ്റ്റേതര രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ചിന്തകളുമായും ജീനോം വിപ്ലവവു(Genome Revolution)മായും ബന്ധിപ്പിക്കുന്നു. സ്വതന്ത്രചിന്തയുടെ കാലം അസ്തമിച്ചുവോ എന്ന സന്ദേഹം ഇത് അവശേഷിപ്പിക്കുകയും ചെയ്യുന്നു. 

സോവിയറ്റ് റഷ്യയുടെ പ്രബലനാളുകളില്‍ ഒട്ടനവധി ചിന്തകരും ശാസ്ത്രജ്ഞരും അനുഭവിച്ച യാതനയുടെ കഥകള്‍ക്ക് അവസാനമില്ല. ഇറീന ഇവാനോവിച്ചിന്റെ ഭര്‍ത്താവായ അര്‍ക്കാദി ഇവാനോവിച്ച് സ്റ്റാലിന്റെ നാളുകളില്‍ ഭരണകൂടത്തിന്റെ നിയമാവലികളുമായി അബോധ മനസ്സോടെ സന്ധിചെയ്ത ആളായിരുന്നു. ജൈവശാസ്ത്രത്തില്‍ കമ്യൂണിസം പ്രവര്‍ത്തനക്ഷമമാക്കുന്നത് എങ്ങനെയെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വാചാലമായപ്പോള്‍ തിരസ്‌കൃതരായ ശാസ്ത്രജ്ഞര്‍ അനേകമാണ്. അര്‍ക്കാദിയാകട്ടെ ജൈവശാസ്ത്രം മനുഷ്യന്റെ പ്രജ്ഞയുടെ പരിണാമമാണെന്നും അറിവിന്റെ മേഖലകള്‍ വിശാലമാകാന്‍ പരിണാമസിദ്ധാന്തത്തെ അവഗണിക്കരുതെന്നും വിശ്വസിച്ചുപോന്നു. 1939 ജൂലൈ 13-നാണ് അതു സംഭവിച്ചത്. സ്റ്റാലിന്റെ ഉപദേഷ്ടാവായിരുന്ന ബെറിയ പാരമ്പര്യശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ നിക്കോളേവ് വാവിലോവിനെ (Nikolai Ivanovich Vavilov) അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിറക്കുന്നു. ലൈസെന്‍കോവിന്റെ ശാസ്ത്രരീതികള്‍ക്ക് വിരുദ്ധമായ സിദ്ധാന്തങ്ങള്‍ വാവിലോവ് അവതരിപ്പിക്കുകയുണ്ടായെന്നതാണ്  അദ്ദേഹത്തിനു മുകളിലുണ്ടായ ആരോപണം. കാര്‍പാത്തിയന്‍ മലനിരകളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സമയത്താണ് സോവിയറ്റ് പൊലീസ് അദ്ദേഹത്തെ ബന്ധനസ്ഥനാക്കിയത്. വാവിലോവിന്റെ പെട്ടിയിലുണ്ടായിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കൂണുകളും സസ്യങ്ങളുമെല്ലാം അവര്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് സോവിയറ്റ് ജന്തുശാസ്ത്രത്തിന്റേയും ഇതര ഗവേഷണ മേഖലകളുടേയും ദുരന്തദിനങ്ങളായിരുന്നു. അതിക്രൂരമായി സോവിയറ്റ് പൊലീസ് വാവിലോവിനെ മര്‍ദ്ദിച്ച് അവശനാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം കപടമായിരുന്നെന്നും

ബൂര്‍ഷ്വാശാസ്ത്രയുക്തിയുടേതായിരുന്നെന്നും രേഖപ്പെടുത്തിയ കടലാസുകളില്‍ നിര്‍ബന്ധിതമായി വാവിലോവിനെക്കൊണ്ട് ഒപ്പുകള്‍ ശേഖരിച്ചു. വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീടത് ജീവപര്യന്തമായി സോവിയറ്റ് ഭരണകൂടം ചുരുക്കുകയുണ്ടായി. ഒടുവില്‍ താനാരാണ് എന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ ജയിലിനുള്ളില്‍ത്തന്നെ വാവിലോവ് മരിച്ചു. വാവിലോവിന്റെ മരണം സോവിയറ്റ് ശാസ്ത്രജ്ഞരില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും അര്‍ക്കാദിയെപ്പോലൊരു ശാസ്ത്രജ്ഞന്‍ അതിനെ അപലപിക്കുകയുണ്ടായി. ഇറീനയാകട്ടെ, അര്‍ക്കാദിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് അര്‍ക്കാദിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദിത ശാസ്ത്രമാറ്റങ്ങള്‍ ഇറീനയില്‍ ഭയമുളവാക്കുകയും പിന്നീടത് പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയുമുണ്ടായി. 

കമ്യൂണിസവും ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടിന്റെ സന്തതിയാണ് ഇറീനയുടെ മകള്‍ ഒക്സാന. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വശംവദയായ ഒക്സാന റഷ്യക്കുള്ളില്‍ അവളുടേതായ സാങ്കല്‍പ്പിക ലോകം നിര്‍മ്മിക്കുന്നു. ഒരിക്കലും കാണാത്ത സുഹൃത്തുക്കള്‍ക്ക് അവള്‍ കത്തുകള്‍ അയയ്ക്കുകയും സോവിയറ്റ് രാഷ്ട്രീയ പരിസ്ഥിതിയെ വിമര്‍ശിക്കുകയും ചെയ്യുന്നു. സ്റ്റാലിന്റെ ഭരണകാലങ്ങളില്‍ പീഡിതയായ റഷ്യന്‍ കവയിത്രി അന്ന അഹ്മത്തോവയ്ക്കും ഒക്സാന സാങ്കല്‍പ്പിക ലോകത്തുനിന്നും കത്തുകള്‍ അയയ്ക്കുന്നുണ്ട്. അഹ്മത്തോവയുടെ കവിതകള്‍ നോവലില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ശീതയുദ്ധകാലങ്ങള്‍ക്കുശേഷം റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ ആരായിരുന്നെന്ന് ജനങ്ങള്‍ തിരിച്ചറിയുക ഉണ്ടായി. ഗോര്‍ബച്ചോവിനെ പിന്തുണച്ചുകൊണ്ട് ഇറീന പ്രസ്താവനകള്‍ ഇറക്കിയെങ്കിലും അര്‍ക്കാദി ഗ്ലാസ്നോസ്റ്റിനും പെരിസ്ട്രോയിക്കക്കുമെതിരെ നിലകൊള്ളുകയുണ്ടായി. ബോറിസ് യെല്‍സിനെപ്പോലൊരാളോടുള്ള അയാളുടെ കൂറാണ് ചതിയുടെ അദ്ധ്യായങ്ങളില്‍ നിറയുന്നത്. ഇറീനയുടേയും അര്‍ക്കാദിയുടേയും ഒക്സാനയുടേയും ജീവിതത്തിലൂടെ വോള്‍പി തുറന്നുകാട്ടുന്നത് കമ്പോളാധിഷ്ഠിത മുതലാളിത്ത റഷ്യയുടെ സമകാലിക ഭൂപടമാണ്. യെല്‍സിനെപ്പോലൊരു റഷ്യന്‍ പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതും അതായിരുന്നു.

 
ഹംഗറിയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞയായ ഇവ സോവിയറ്റ് യൂണിയന്റെ പതനവും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണങ്ങളുടെ അപചയവും കാണുന്നത് അടുത്ത നൂറ്റാണ്ടിലെ മാനവരാശിയുടെ അരക്ഷിതാവസ്ഥയുടെ പ്രതിഫലനമായാണ്. കൃത്രിമ ബുദ്ധി (Artificial Intelligence)യുടെ അനന്തസാദ്ധ്യതകള്‍ എന്തെല്ലാമായിരിക്കാമെന്ന് ചിന്തിക്കുന്ന ഇവ മനുഷ്യന്‍ ഇത്രയും കാലം വിശ്വാസമര്‍പ്പിച്ച വിശ്വാസങ്ങളുടേയും സിദ്ധാന്തങ്ങളുടേയും അപചയത്തെ സ്വയം നശീകരണത്തിന്റെ മുന്നോടിയായി പരിഗണിക്കുന്നു. വര്‍ത്തമാനത്തിന്റെ കമ്പോളാധിഷ്ഠിത യുഗത്തില്‍ ഒന്നില്‍ അനവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മനുഷ്യമസ്തിഷ്‌കത്തിന് ഒരു വിശ്വാസത്തേയും സംരക്ഷിക്കുവാനാകില്ല. ബെര്‍ലിന്‍ മതില്‍ തകരുന്നതും രണ്ടായിരുന്ന ജര്‍മ്മനി ഒന്നിച്ചതുമെല്ലാം ഇവയില്‍ വളര്‍ത്തിയ സന്ദേഹങ്ങള്‍ അനേകമായിരുന്നു. നാട്‌സികള്‍  ഇനിയും ഭൂമിയില്‍ പ്രത്യക്ഷപ്പെടാമെന്ന ഇവയുടെ നിരീക്ഷണം ഗ്രാസ്സിന്റെ (Gunter Grass) ആകുലതകളോട് അടുത്തുനില്‍ക്കുന്നു. 

ഇവയുടെ കഥയിലൂടെ വോള്‍പി ലാക്കാക്കുന്ന മറ്റൊരു ആശയമാണ് ഈ നൂറ്റാണ്ടില്‍ പരക്കെ വ്യാപിക്കപ്പെട്ട ലൈംഗിക വിപ്ലവത്തിന്റെ നൂതന ധാരകള്‍. ഇവയുടെ പരീക്ഷണങ്ങളിലും സ്വന്തം ജീവിതത്തിലും ലൈംഗികത പ്രശ്‌നവല്‍കൃതമാകുന്നുണ്ട്. കൃത്രിമ ബുദ്ധിയോടെ ഉല്‍പ്പാദനക്ഷമമാകുന്ന ഒരുകൂട്ടം ജനങ്ങള്‍ക്ക് നഷ്ടമാകുന്നതെന്തോ അവ സ്വതസിദ്ധമായ ലൈംഗിക ചോദനകളല്ലേയെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.

വ്യവസായവല്‍ക്കരണത്തിന്റെ ചൂടേറിയ നാളുകളില്‍ ആത്യന്തികമായും യൂറോപ്യന്‍ ജനത അവരുടെ ചോദനകളില്‍നിന്നും വിമുക്തരായേക്കാമെന്ന് ഇവ വിശ്വസിക്കുന്നു. ഇവയുടെ വിശ്വാസം വെറുമൊരു അയഥാര്‍ത്ഥ്യ ലോകത്തിന്റേതല്ല. സമകാലിക പടിഞ്ഞാറിന്റെ ലൈംഗിക ചരിത്രത്തില്‍ കമ്പോളാധിഷ്ഠിത വാങ്ങലുകളും കൊടുക്കലുകളും മരുന്ന് ഉല്‍പ്പാദനവുമെല്ലാം കാട്ടിത്തരുന്നത് അന്യമായിക്കൊണ്ടിരിക്കുന്ന ശരീരപ്രവര്‍ത്തനങ്ങളും ലൈംഗികാസക്തിയേയുമാണ്. ഇവയുടെ പഠനങ്ങള്‍ ജീനോം വിപ്ലവത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ടെങ്കിലും നമ്മുടെ സൃഷ്ടികള്‍ തന്നെ നമ്മെ ഭരിക്കാന്‍ ആരംഭിച്ച അസംസ്‌കൃത യുഗത്തിന്റെ വരവ് അറിയിക്കുക കൂടി ചെയ്യുന്നു. 
ജെന്നിഫറിന്റെ അമേരിക്ക ആധിപത്യത്തിന്റെ നഖമുഖമെന്താണെന്ന് കാട്ടിത്തരുന്നു. വാള്‍ മാര്‍ട്ടിന്റേയും ഐ.എം.എഫിന്റേയും (IMF) ലോകത്തില്‍ സമ്പത്തുണ്ടാകുന്നത് എങ്ങനെയെന്നാണ് ജെന്നിഫറിന്റെ ജീവിതം പഠിപ്പിക്കുന്നത്. തുറന്ന ലൈംഗികതയുടെ കൂത്തരങ്ങായി അമേരിക്ക മാറിയതിനു പിറകിലെ കാരണം സമ്പത്തിന്റെ അനിയന്ത്രിത വിനിയോഗവും അതോടൊപ്പം ഇതര വംശജരെ അരികോടു ചേര്‍ത്തുനിര്‍ത്തി  അവരുടെ അസ്തിത്വാഭിനിവേശങ്ങള്‍ നിഷ്പ്രഭമാക്കാനുമുള്ള അമേരിക്കയുടെ തന്ത്രവുമായിരുന്നു. നക്ഷത്രവിപ്ലവം സ്വപ്നം കണ്ട റീഗന്റെ (Ronald Reagan) കാലത്താണ് ജെന്നിഫര്‍ അവരുടെ സഹോദരി ആലിസണുമൊത്ത് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത്. ഒരിക്കലും ഇതര വംശജരാല്‍ സൃഷ്ടിച്ചെടുക്കപ്പെട്ട അമേരിക്കന്‍ മണ്ണില്‍ കൊക്കോ കോള സംസ്‌കാരവും വമ്പന്‍ കമ്പനികള്‍ മുതല്‍മുടക്കിയുണ്ടാക്കിയ സൗധങ്ങളും നാടിന്റെ സമ്പത്തിനെ തിരിച്ചറിയുന്നില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. സഹോദരി ആലിസണിന്റെ കുത്തഴിഞ്ഞ ജീവിതത്തില്‍ അസംതൃപ്തയായ ജെന്നിഫറും പലപ്പോഴും വഴിതെറ്റിയ ബന്ധങ്ങള്‍ക്ക് അടിമപ്പെടുന്നുണ്ട്. ജെന്നിഫറിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും ലോകസമ്പത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ സമ്പദ്ശാസ്ത്രജ്ഞര്‍ നിഷേധിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും ശീതയുദ്ധാനന്തര അമേരിക്ക വളര്‍ത്തിക്കൊണ്ടുവന്ന ബീഭത്സ സംസ്‌കൃതിയെ ചെറുക്കുന്ന സ്ത്രീ ശബ്ദമായി ജെന്നിഫര്‍ മാറുന്നത് നാം കാണുന്നു. ഉഭയലൈംഗികതയ്ക്കും ആഫ്രോ-അമേരിക്കന്‍ ജീവിതരീതിക്കും പ്രാധാന്യം നല്‍കുന്ന ജെന്നിഫര്‍ മഹാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്നുപൊന്തുന്ന എതിര്‍പ്പുകളെ അംഗീകരിക്കുന്നവളാണ്. ആലീസിന്റെ ജീവിതമാകട്ടെ, പിന്നീട് പലസ്തീനിലേക്ക് നീങ്ങുകയും അരബ്-ജൂത സ്പര്‍ദ്ധയുടെ അടരുകള്‍ ഒരു പൊതുസേവികയുടെ പക്ഷത്തുനിന്നും അനാവരണം ചെയ്യുകയും ചെയ്യുന്നു. 

പോസ്റ്റ് കമ്യൂണിസം
സോവിയറ്റ് നാടുകളുടെ പതനം അമേരിക്കയെ സഹായിച്ചതിനു പിറകിലും ആരും ഇന്നേവരെ ചിന്തിക്കാനിടയില്ലാത്ത സമ്പദ്ശാസ്ത്രത്തിന്റെ ചരിത്രമുണ്ടെന്ന ജെന്നിഫറിന്റെ കണ്ടുപിടുത്തം ലോകരാഷ്ട്രങ്ങളുടെ നിജസ്ഥിതിയെന്തെന്ന് ബോധ്യപ്പെടുത്തുന്നു. പില്‍ക്കാല റഷ്യ വാങ്ങലുകളുടേയും കൊടുക്കലുകളുടേയും നാടായി ചുരുങ്ങിയപ്പോള്‍ ആശയവാദത്തിന്റെ മാത്രം മരണമല്ല സംഭവിച്ചത്; മനുഷ്യബോധത്തിന്റെ കീഴ്മറിച്ചില്‍ കൂടിയായിരുന്നു അത്. ജെന്നിഫറും ഇറീനയും തമ്മില്‍ വളരുന്ന അടുപ്പത്തിന്റെ പശ്ചാത്തലം എന്താണെന്ന് വോള്‍പി വ്യക്തമാക്കുന്നില്ല. പ്രത്യേക കാരണമൊന്നും ഇല്ലാതെ കൂടിച്ചേരുന്ന കഥാപാത്രങ്ങളാണ് ഈ നോവലില്‍ എല്ലായിടത്തുമുള്ളത്. അവര്‍ പലസ്തീന്‍ മുതല്‍ ഈജിപ്ത് വരെയുള്ള ചരിത്ര-സാമൂഹിക ഭൂമികയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 

വ്യക്തതയുള്ള ചരിത്രം തുറന്നുകാണിക്കുമ്പോഴും വോള്‍പിയുടെ ആഗ്രഹം അതിനെ അയഥാര്‍ത്ഥ്യത്തിന്റെ അനേക പര്യായങ്ങളായി മാറ്റിത്തീര്‍ക്കുവാനാണ്. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ അവാന്തരഫലങ്ങള്‍ പിന്നീട് അനേകനാടുകളുടെ പതനത്തിനും കമ്പോളാധിഷ്ഠിത  വികസനത്തിനും വഴിയൊരുക്കിയപ്പോള്‍ അരാഷ്ട്രീയതയുടെ ആവരണത്തിനുള്ളില്‍ തഴച്ചുവളര്‍ന്ന ബഹുവംശജതയുടെ അമേരിക്ക ചൈനക്കാരെയും ഇന്ത്യക്കാരെയും സ്പാനിഷുകാരെയുമെല്ലാം പശപോലെ ഒട്ടിച്ച് ഇല്ലാതാക്കുകയും അവരിലൂടെ തന്നെ ശാസ്ത്രസാങ്കേതികരംഗത്ത് ഔന്നത്യത്തിലെത്തുകയുമുണ്ടായി. യൂറോപ്പിന്റെ ജിനോം വിപ്ലവവും കൃത്രിമ ബുദ്ധിയുമെല്ലാം സ്വാംശീകരിച്ച് അമേരിക്കയുണ്ടാക്കുന്ന സൈബര്‍ ഉത്തരയുഗത്തിലെ മനുഷ്യരും മരുന്നുകളും തന്നെയാണ് കമ്പോളത്തെ നിയന്ത്രിക്കുന്നതെന്നും ഈ കൃതി രേഖപ്പെടുത്തുന്നു. എന്നിരുന്നാലും വെളിപാടി(Apocalypse)ന്റെ മിന്നലാട്ടമായി വോള്‍പിയുടെ നോവല്‍ മാറുന്നില്ല. ചരിത്രത്തിന്റെ വേദനിക്കുന്ന തുടര്‍ച്ചകള്‍ ഭാവിയില്‍ പ്രത്യക്ഷപ്പെടാമെന്ന സന്ദേഹമിതില്‍ കൂടിയിരിക്കുന്നുണ്ട്. 

ഇല്ലാതാകുന്ന അതിര്‍ത്തികള്‍ 
സൈബര്‍ കാലത്തെ കാലുഷ്യത്തിലേക്ക് ചുവടുവെയ്ക്കുമ്പോഴും വോള്‍പിയുടെ നോവലില്‍ തെളിയുന്നത് നാളെയുടെ ദേശ-രാഷ്ട്ര ഭാവനകള്‍ എന്തെല്ലാമായിരിക്കുമെന്നതാണ്. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. കമ്പോളാധിഷ്ഠിത രാഷ്ട്രനിര്‍മ്മിതിക്കായി വ്യഗ്രത കൂട്ടുന്ന ഒരുകൂട്ടം ഭരണാധികാരികളും അവരുടെ സഹായികളും ഒരുവശത്ത് പൊങ്ങിവരുമ്പോള്‍, മറുവശത്ത് നാം കാണുന്നത് മെക്സിക്കോവിനെപ്പോലൊരു രാജ്യത്തിനുള്ളില്‍നിന്നും വളര്‍ന്നുപൊന്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള സ്വരങ്ങളാണ്. ഇന്ത്യയെപ്പോലെ, ഉപദേശീയതകള്‍ ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങള്‍ക്കുള്ളിലും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. അത്തരമൊരവസ്ഥയില്‍, തദ്ദേശിയ തനിമയെക്കുറിച്ച് വാചാലമായോ പഴയ സ്പാനിഷ് പ്രതാപകാലത്തെ ആശ്ലേഷിച്ചോ പഴിപറഞ്ഞോ ഒരു രാജ്യത്തിനും മുന്നോട്ട് നീങ്ങാനാകില്ല. ഇതൊരു പ്രത്യേക ചരിത്രസന്ദര്‍ഭം തന്നെയാണ്. അതിനെ എങ്ങനെ നേരിടാമെന്ന ചോദ്യമാണ് വോള്‍പിയുടെ ആഖ്യായികയില്‍ നാം വായിക്കുന്നത്. കടുത്ത രാഷ്ട്രീയ മാത്സര്യങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ഇന്ന് ലാറ്റിനമേരിക്കയിലുള്ളത്. അതിനാല്‍ത്തന്നെ അവയ്‌ക്കൊന്നും കമ്പോളത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ സാധ്യവുമല്ല. ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ പൊടുന്നനെ ഇല്ലാതാവുന്നതും നമുക്ക് കാണാം. 
അമേരിക്കന്‍ സര്‍വ്വാധിപത്യമായിരുന്നല്ലോ ഒരുകാലത്ത് ഈ നാടുകളുടെയെല്ലാം ഭീഷണി. എന്നാല്‍ അങ്ങനെയൊന്ന് ഇന്നില്ലെന്നാണ് വോള്‍പിയുടെ നോവല്‍ സമര്‍ത്ഥിക്കുന്നത്. വിദേശ മൂലധനത്തിന്റെ കെട്ടുറപ്പുള്ള നിരവധി പ്രൊജക്റ്റുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. എണ്ണ ഖനനം മുതല്‍ സന്താനോല്‍പ്പാദനം വരെ ത്വരിതഗതിയില്‍ സാധ്യമാക്കുന്ന ഈ പ്രൊജക്റ്റുകളില്‍ സ്വാഭാവികമായും നിറഞ്ഞിരിക്കുന്നത് അമേരിക്കയുടെ നേരെയുള്ള പ്രതിരോധത്തിന്റെ സൂചനകളാകാം. അതുപോലെ മറ്റുചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പല കാര്യങ്ങളിലും ചൈനയുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ആഗോളീകരണ യുഗത്തിന്റെ രാഷ്ട്രീയമെന്ന് പലരും ഇതിനെ വിളിക്കുന്നുണ്ടെങ്കിലും കാസ്ട്രോ ഭരണാനന്തര (Post-Castro) രാഷ്ട്രീയമാണ് ഇതെന്ന് കരുതുന്നതായിരിക്കും ഉചിതം. കാരണം അന്‍പതുകള്‍ക്ക് ഒടുവില്‍ കാസ്ട്രോ എയ്തുവിട്ട വിപ്ലവകാലം ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. 
ഫുഎന്‍തെസ്, മാര്‍ക്കേസ്, ല്ല്യോസ തുടങ്ങിയ പ്രബലര്‍ കയ്യാളിയിരുന്ന ബൂം സാഹിത്യത്തില്‍നിന്നും ക്രാക്ക് സാഹിത്യമേഖലയിലേക്ക് പ്രവേശിക്കുമ്പോള്‍ ലാറ്റിനമേരിക്കയുടെ ആന്തരിക പ്രതിനിധാനം കുറയുകയാണോ എന്ന സന്ദേഹം ഇന്നു പലരിലുമുണ്ട്. തദ്ദേശിയ സ്വത്വബോധത്തേയും അതിലൂടെ വലുതാകുന്ന എതിര്‍പ്പുകളുടേയും മുഖമുദ്രയായിരുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യം വഴിമാറി സഞ്ചരിക്കുന്നുണ്ടെങ്കില്‍, അത് അര്‍ത്ഥമാക്കുന്നത് ക്രാക്ക് മാനിഫെസ്റ്റോ നിദര്‍ശിക്കുന്നതുപോലെ ലാറ്റിനമേരിക്കയെന്ന അസാധാരണത്വത്തില്‍ നിന്നുമുള്ള വിമോചനം ആവശ്യമായതിനാലാണ്. ഇന്നുള്ള ലോകബന്ധങ്ങള്‍ ഒരിക്കലും ലാറ്റിനമേരിക്കന്‍ നാടുകളെ അവയുടെ പ്രാക്തന സംസ്‌കൃതികളുടെ നിറവില്‍ പ്രതിനിധാനം ചെയ്യാന്‍ കൂട്ടാക്കുന്നവയല്ല. ല്ല്യോസയെപ്പോലൊരു എഴുത്തുകാരന്‍ ഇത്തരം ചില ആശയങ്ങള്‍ അദ്ദേഹത്തിന്റെ പുതിയ ആഖ്യായികകളില്‍ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും വോള്‍പിയുടേയും ഇതര ക്രാക്ക് എഴുത്തുകാരുടേയും വിശാല ആഖ്യായികകള്‍ക്കൊപ്പം അവ നില്‍ക്കുന്നില്ല. നാടെന്ന രൂപകത്തില്‍നിന്നും അനന്യമായി ലോകരാഷ്ട്രീയവും രാജ്യാനന്തര സാമൂഹിക സംഭവങ്ങളും അടയാളപ്പെടുത്തുകയെന്ന ലക്ഷ്യമാണ് വോള്‍പിയിലുള്ളത്. ഈ നോവലിലെ ത്രികോണ ബന്ധിതമായ ഇതിവൃത്തം സമര്‍ത്ഥമായി അതു നിറവേറ്റുകയും ചെയ്യുന്നു. 
പുതിയ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റേതെന്നപോലെ അറിയപ്പെടേണ്ട സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഭൂമികയാണ് ഇവിടെ തുറക്കപ്പെടുന്നതും. നാലാം ലോകത്തേയും ചെറുത്തുനില്‍പ്പിന്റെ സാധ്യതകളേയും അറിയുന്നവര്‍ ഇതു മനസ്സിലാക്കാതെ തരമില്ലതാനും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com