വിസ്മയത്തുരുത്തിലേക്ക് ഒരു കപ്പല്‍ ദൂരം

രാത്രിയായതോടെ കപ്പല്‍ യാത്രയുടെ പുതിയ അദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. കപ്പലില്‍ പുറകിലെ വിശാലമായ സ്ഥലത്ത് അധികയാത്രക്കാരും കേന്ദ്രീകരിച്ചിരുന്നു.
വിസ്മയത്തുരുത്തിലേക്ക് ഒരു കപ്പല്‍ ദൂരം

ക്ഷദ്വീപ് യാത്ര സ്വപ്നം കണ്ട് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പലപ്പോഴും അവസാന ഘട്ടത്തില്‍ പാളിപ്പോകാറാണ് പതിവ്. ദ്വീപ് സന്ദര്‍ശനം അത്ര എളുപ്പമുള്ള കാര്യമല്ല, കേന്ദ്ര ഗവണ്‍മെന്റ് ശക്തമായിട്ടുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യനിരോധിത മേഖലയാണ് ഇവിടം. സന്ദര്‍ശനത്തിന് പെര്‍മിറ്റ് അത്യാവശ്യമാണ്. ദ്വീപുകാരനായ ഒരു വ്യക്തിക്ക്  താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു സ്പോണ്‍സറാകാം. അല്ലാത്തപക്ഷം  ലക്ഷദ്വീപ് സ്പോര്‍ട്സിന്റെ (Society for Promotion of Nature Tourism and Sports) പ്രത്യേക പാക്കേജുകളിലൂടെ മാത്രമേ ദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റുകയുള്ളൂ.  1982-ലാണ് സ്പോര്‍ട്സ്  (SPORTS) നിലവില്‍ വന്നത്.

കടമത്ത്, മിനിക്കോയ്, കവറത്തി, കല്‍പ്പേനി, അഗത്തി, ബങ്കാരം എന്നിവിടങ്ങളില്‍ സ്പോര്‍ട്സ് സൊസൈറ്റി ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നടത്തിവരുന്നു. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഓഫീസ് മുഖേന ടൂറിസ്റ്റ് പെര്‍മിറ്റ് നല്‍കിവരുന്നുണ്ട്. കോളേജ് അധ്യാപികയായ  ഭാര്യ ഇതിനകം രണ്ട് പ്രാവശ്യം ലക്ഷദ്വീപ് സന്ദര്‍ശിക്കുകയുണ്ടായി. ലക്ഷദ്വീപിലെ കടലിനടിയിലെ അത്ഭുതക്കാഴ്ചകളെക്കുറിച്ചുള്ള ഭാര്യയുടെ വിവരണങ്ങള്‍ പലപ്പോഴും ആവേശം കൊള്ളിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാത്ത സ്വപ്നമായി  നീണ്ടു പോവുകയാണ് ഉണ്ടായത്. 
ലക്ഷദ്വീപിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ എന്റെ കോളേജ് മേറ്റായ അമിനിക്കാരനായ നല്ലകോയയെക്കുറിച്ച് ഓര്‍ക്കാറുണ്ട്.  തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ നല്ലകോയ ബ്രണ്ണന്‍  ഹോസ്റ്റലിലായിരുന്നു താമസം. നല്ലകോയ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കവരത്തിയില്‍ ജോലി ചെയ്യുന്നതായി പിന്നീടെപ്പോഴോ എനിക്ക് അറിയാന്‍ സാധിച്ചു. ഒടുവില്‍, സഹോദരന്‍ വഴി നല്ലകോയയെ കണ്ടുപിടിച്ചു. ക്രിസ്തുമസ് അവധിക്ക്  യാത്രപോകാനുള്ള തയ്യാറെടുപ്പോടെ നല്ലകോയ എനിക്കും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമായി കവരത്തിയില്‍ താമസിക്കുന്ന മകളുടെ ഭര്‍ത്താവ് ജബ്ബാറിനെക്കൊണ്ട് പെര്‍മിറ്റ് അപേക്ഷ സ്പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കി അയച്ചുതന്നു. റിട്ടയര്‍മെന്റിനു ശേഷം നല്ലകോയ അമിനിയിലാണ് താമസിക്കുന്നത്.  ലക്ഷദ്വീപുകളുടെ തലസ്ഥാനമാണ് കവരത്തി.

അപേക്ഷ  പൂരിപ്പിച്ച് അയച്ചതിനു ശേഷം പൊലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞ് പെര്‍മിറ്റിനു വേണ്ടി കാത്തിരുന്നു. അടുത്ത പ്രശ്‌നം ടിക്കറ്റാണ്. കപ്പല്‍ ടിക്കറ്റ് യഥാസമയം കിട്ടുക എന്നത് അത്ര എളുപ്പമല്ല. പെര്‍മിറ്റ് അടിച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചകൊണ്ട് യാത്ര നടത്തണം. ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ വെക്കേഷന്‍ സമയത്തുള്ള ഷിപ്പിനും അതിനടുത്ത ഷിപ്പിനും ടിക്കറ്റില്ല. ഒടുവില്‍ ജനുവരി 30-ന്റെ ഷിപ്പിന് എമര്‍ജന്‍സി ക്വാട്ടയിലുള്ള ടിക്കറ്റ് ഒരു സുഹൃത്തിന്റെ സഹായത്താലാണ് കിട്ടിയത്. നാലു ക്യാബിന്‍ ടിക്കറ്റുകള്‍. വെക്കേഷന്‍ കഴിഞ്ഞുള്ള ഷിപ്പായതിനാല്‍, മക്കള്‍ യാത്രയില്‍നിന്നു പിന്‍മാറി. വളരെ പ്രായസപ്പെട്ട് നേടിയ പെര്‍മിറ്റും യാത്രാ ടിക്കറ്റും ഉപേക്ഷിച്ച് യാത്ര മാറ്റിവെക്കാന്‍ ഞാനും ഭാര്യയും തയ്യാറായില്ല. ദീര്‍ഘകാലത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ തന്നെ തീരുമാനിച്ചു.

രാവിലെ കൊച്ചി വില്ലിങ്ടണ്‍ ഐലന്റിലെ കപ്പല്‍ കേന്ദ്രത്തില്‍നിന്നും 'എം.വി. അറേബ്യന്‍ സീ' എന്ന കപ്പലിലെ ആറാം നമ്പര്‍ ക്യാബിനില്‍  ഞങ്ങള്‍ കയറി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകോളേജില്‍ പഠിക്കുമ്പോള്‍ മംഗലാപുരത്തുവെച്ച് പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'ലോഗോസ്' എന്ന കപ്പലില്‍ കയറി കാണാനുള്ള അവസരമുണ്ടായി എന്നല്ലാതെ കപ്പല്‍ യാത്ര എനിക്ക് ആദ്യത്തെ അനുഭവമാണ്. രാവിലെ 10 മണിക്ക് കപ്പലില്‍ കയറിയെങ്കിലും  കപ്പല്‍ പുറപ്പെട്ടത് ഉച്ചയ്ക്കു ശേഷം 2 മണിക്കാണ്. ഉച്ചഭക്ഷണം കപ്പലില്‍നിന്ന് കഴിച്ചു. 50 രൂപയ്ക്ക് സുഭിക്ഷം. മത്സ്യം വേണ്ടവര്‍ക്ക് മത്സ്യവും ഇറച്ചിയുമുണ്ട്. ക്യാബിനില്‍ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റിന് പകരമായി രണ്ട് പേര്‍ വന്നു. ഒരാള്‍ കവരത്തിക്കാരനായ അബൂബക്കര്‍ കോയ, അവിടത്തെ മുക്ത്യാറാണ്. എല്‍.എല്‍.ബി. ഡിഗ്രിയില്ലെങ്കിലും കക്ഷികള്‍ക്കുവേണ്ടി കേസ് നടത്താന്‍ അധികാരപ്പെടുത്തിയ ആള്‍. രണ്ടാമത്തെയാള്‍ അങ്കമാലിക്കാരനായ ശങ്കരന്‍കുട്ടി. കോണ്‍ട്രാക്ടറാണ്, കവരത്തിയില്‍ കെട്ടിടം പണിയുടെ കോണ്‍ട്രാക്ട് എടുത്തിരിക്കയാണ്. ശങ്കരന്‍കുട്ടിയും ആദ്യമായി കപ്പല്‍യാത്ര നടത്തുകയാണ്. 

കപ്പല്‍ പതുക്കെ ചലിച്ചു തുടങ്ങി. പുറം കാഴ്ചകള്‍ കാണാനായി ക്യാബിനുള്ളില്‍നിന്നു  ഡക്കിലേക്ക് വന്നു. അനന്തമായ കടല്‍ ഞങ്ങള്‍ക്ക് മുന്നില്‍! സന്ധ്യാസമയത്തെ കപ്പല്‍ക്കാഴ്ച പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. പെട്ടെന്ന് സന്ധ്യ മാഞ്ഞുപോവുകയും ആകാശത്തു ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. രാത്രിയായതോടെ കപ്പല്‍ യാത്രയുടെ പുതിയ അദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. കപ്പലില്‍ പുറകിലെ വിശാലമായ സ്ഥലത്ത് അധികയാത്രക്കാരും കേന്ദ്രീകരിച്ചിരുന്നു. കപ്പല്‍ വെളിച്ചത്തില്‍ സ്ഫടികജലത്തില്‍ തിളങ്ങുന്ന ഓളങ്ങള്‍. പിറകില്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന കപ്പല്‍ച്ചാല്‍. കുറേ സമയം വിസ്മയലോകത്തു ചെലവഴിച്ചതിനു ശേഷം രാത്രി ഭക്ഷണത്തിനായി കാന്റീനിലേക്ക് മടങ്ങി. ചപ്പാത്തിയും ചോറുമാണ് രാത്രിഭക്ഷണം. ഇറച്ചിക്കറിയും പരിപ്പു കറിയുമുണ്ട്. ചപ്പാത്തിയും ചോറും രണ്ടും വേണമെങ്കില്‍ കഴിക്കാം. 50 രൂപ മാത്രം.

എ.സിയുള്ള ക്യാബിനില്‍ തീവണ്ടിയിലേതുപോലെ നാലു ബര്‍ത്തുകളാണ് ഉള്ളത്.  10 മണിയോടെ എല്ലാവരും കിടന്നു. ശങ്കരന്‍കുട്ടിയുടെ കൂര്‍ക്കംവലിയുടെ രസം അനുഭവിക്കാന്‍ കഴിയാതെ ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ ശങ്കരന്‍കുട്ടി ചിരിച്ചുകൊണ്ട് ക്യാബിനില്‍ ഇരിക്കുന്നു. പുറത്തേക്ക് കടക്കാന്‍ നേരത്ത് അറിയിപ്പു വന്നു. ബോട്ടിലേക്ക് കയറുന്നതിനുവേണ്ടി കപ്പലിന്റെ താഴത്തെ നിലയിലുള്ള എംബാര്‍ക്കേഷന്‍ ഡോറില്‍  യാത്രക്കാര്‍ എത്തിച്ചേരണമെന്ന്. ഞങ്ങള്‍ പുറത്തേക്കിറങ്ങി. കപ്പലിന്റെ ഇടനാഴിയിലൂടെ ക്യൂവായി നടന്നുതുടങ്ങി. പുറത്ത് ഇളകിക്കൊണ്ടിരിക്കുന്ന ബോട്ടിലേക്ക് കപ്പല്‍ ജോലിക്കാര്‍ ആളുകളെ  കൈപിടിച്ചു ഇറക്കുകയാണ്.  ഞങ്ങള്‍ ബോട്ടിലേക്ക് ഇറങ്ങി ചുറ്റിലും നോക്കിയപ്പോള്‍ വളരെ ദൂരത്ത് കര കാണാനായി.  ബോട്ട് കരയെ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി.  അര മണിക്കൂര്‍ ബോട്ട് യാത്രയ്ക്കുശേഷം കരയിലെത്തി. 


ലക്ഷദ്വീപ് ടൈംസിന്റെ എഡിറ്ററായ മൊഹിസിര്‍ മാസ്റ്ററും മരുമകന്‍ അബ്ദുള്‍ ജബ്ബാറും ജെട്ടിയിലുണ്ടാകുമെന്ന് നല്ലകോയ പറഞ്ഞിരുന്നു. കപ്പല്‍ കരയോട് അടുക്കുമ്പോള്‍ത്തന്നെ മൊഹിസിന്‍ മാസ്റ്റര്‍ ഫോണില്‍ വിളിച്ച് സാന്നിദ്ധ്യമറിയിച്ചു.. നീലനിറമുള്ള തെളിഞ്ഞ കടല്‍ജലത്തില്‍ അക്വേറിയത്തിലെന്നപോലെ നൃത്തംചെയ്യുന്ന മത്സ്യങ്ങള്‍. തണുത്ത കാറ്റും തെളിമയുള്ള പകലും കവറത്തിയിലേക്ക് ഞങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള പ്രകൃതിയുടെ പ്രകടനം. ട്രോളിബാഗും പിടിച്ച് പാലത്തിലൂടെ മുന്നോട്ട് നടക്കവേ ആരോ വന്ന് കൈ പിടിച്ചു. ''രമേഷല്ലേ''  പുഞ്ചിരിച്ചുകൊണ്ട് മൊഹിസില്‍ മാസ്റ്റര്‍. ''അതേ'' എന്ന് മറുപടി. അടുത്തു തന്നെ ലജ്ജാലുവായ മറ്റൊരു മനുഷ്യന്‍.
''അബ്ദുള്‍ ജബ്ബാര്‍ - നല്ലകോയയുടെ മരുമകന്‍.''  മൊഹിസിന്‍ മാസ്റ്റര്‍ പറഞ്ഞു. കൈപിടിച്ച് ലോഹ്യം പറഞ്ഞു.  ലോഡ്ജിലേക്ക് നടക്കാനുള്ള  ദൂരമേയുള്ളൂ. പാലം കടന്നു വെളുത്ത പൂഴിപ്പരപ്പില്‍ കാല്‍വെച്ചു.

കാലുകള്‍ പുതഞ്ഞുപോകുന്ന മണല്‍പ്പരപ്പ്. മണല്‍പ്പരപ്പില്‍ വലതുഭാഗത്തു സ്റ്റേജ് കണ്ടു. സ്റ്റേജിന് കുറച്ചപ്പുറത്തായി ലക്ഷദ്വീപ് സാംസ്‌കാരിക കേന്ദ്രം. സാംസ്‌കാരിക കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടു നടന്നു.  വലതുഭാഗത്ത് പഞ്ചായത്ത് ഓഫീസിന്റെ വലിയ കെട്ടിടം. സാംസ്‌കാരിക കേന്ദ്രവും വലിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസിന്റെ എതിര്‍വശത്തായി പോര്‍ട്ട് ഓഫീസ്. പോര്‍ട്ട് ഓഫീസിന്റെ സമീപത്ത് പ്രധാനമന്ത്രി മോദിയുടേയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫറൂക്കിന്റേയും കേന്ദ്ര തുറമുഖവകുപ്പ്  മന്ത്രിയുടേയും ചിത്രങ്ങളുള്ള ബോര്‍ഡ്. പിന്നീട് ഓഫീസുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം എല്ലാ ഗവണ്‍മെന്റ് ഓഫീസുകളുടെ ചുമരുകളിലുമുണ്ട്. ലക്ഷദ്വീപിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസ് എസ്സിന്റേയും നേതാക്കന്മാരുടെ കട്ടൗട്ടുകളും ട്രോളുകളും പ്രദര്‍ശിപ്പിച്ചുള്ള ബോര്‍ഡുകള്‍ കണ്ടു.

പോര്‍ട്ട് ഓഫീസിനു സമീപത്തുള്ള രണ്ടാമത്തെ ഹോട്ടലായ 'ബിസ്മില്ല'യിലേക്ക് മ. ഹോട്ടലിലെ കണ്ണാടി അലമാരയില്‍ പുട്ടും ദോശയും ഉപ്പുമാവും മറ്റ് എണ്ണക്കടികളും രാവിലെ തന്നെ സജ്ജമായിട്ടുണ്ടായിരുന്നു. കേരളത്തിന്റെ അതേ ഭൂപ്രകൃതിയുള്ള കവരത്തിയില്‍ കേരള ഭക്ഷണവും കണ്ടപ്പോള്‍ ധര്‍മ്മടത്തു തന്നെയാണോ ഞാന്‍ ഇപ്പോഴുമുള്ളതെന്ന് തോന്നിപ്പോയി. വെള്ളയപ്പവും ചായയും കഴിച്ചതിനുശേഷം അതേ ഹോട്ടലില്‍ ഞങ്ങള്‍ക്കുവേണ്ടി ബുക്ക് ചെയ്തതായ മുറിയിലേക്ക്. നല്ല വൃത്തിയുള്ള എ.സി റൂം. 850 രൂപയാണ് ചാര്‍ജ്.   ''പത്തുമണിയാകുമ്പോഴേക്കും റെഡിയാകണം.'' ഒരു ഓട്ടോറിക്ഷയില്‍ മൊഹിസിന്‍ മാസ്റ്ററുടെ ആസ്ഥാനമായ ലക്ഷദ്വീപ് ടൈംസില്‍ എത്തിച്ചേരാനും നിര്‍ദ്ദേശിച്ചുകൊണ്ട് മാസ്റ്ററും ജബ്ബാറും പിരിഞ്ഞു.

ലക്ഷദ്വീപിലെ പ്രധാന വാഹനം ഓട്ടോയാണ്. കാറുകള്‍ ഇല്ലെന്നുതന്നെ പറയാം. ഹോട്ടലിന്റെ മുന്നില്‍ ഇടതുവശത്തായിട്ടാണ് ഓട്ടോപാര്‍ക്ക്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനായി ഓലകൊണ്ട് ഒരു ഷെഡ് കെട്ടിയിട്ടുണ്ട്. ഓട്ടോപാര്‍ക്കില്‍ അപ്പോള്‍ ഒരു ഓട്ടോറിക്ഷാ മാത്രമെ ഉണ്ടായിരുന്നുള്ളൂ.  വെള്ളമുണ്ടും ടീ ഷര്‍ട്ടുമിട്ട് തലയില്‍ വെള്ളത്തൊപ്പിവെച്ച ഡ്രൈവറായ ചെറുപ്പക്കാരന്‍ സീറ്റില്‍ ഇരിക്കുന്നു. ലക്ഷദ്വീപ് ടൈംസിന്റെ പേര് പറഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളേയും കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. പെട്രോളിന്റെ വിലയെക്കുറിച്ച് ചോദിച്ചപ്പോള്‍, 100 രൂപയാണെന്നും ഇവിടുത്തെ മിനിമം ചാര്‍ജ് 50 രൂപയാണെന്നും പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രാന്തപ്രദേശത്തിലൂടെ ഓട്ടോറിക്ഷ കടന്നുപോകുന്ന പ്രതീതി. വീതി കുറഞ്ഞ, പക്ഷേ വൃത്തിയും വെടിപ്പുമുള്ള കോണ്‍ക്രീറ്റ് റോഡുകള്‍. റോഡിന് ഇരുവശങ്ങളിലും വലുതും ചെറുതുമായ കെട്ടിടങ്ങള്‍. 10 മിനിറ്റ് യാത്ര ചെയ്തതിനു ശേഷം ലക്ഷദ്വീപ് ടൈംസിന്റെ മുന്നില്‍ ഞങ്ങള്‍ ഇറങ്ങി.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലാണ് ലക്ഷദ്വീപ് ടൈംസ്. ഗവണ്‍മെന്റിന്റെ ഇംഗ്ലീഷിലുള്ള  പ്രസിദ്ധീകരണം. സ്‌കൂള്‍ അധ്യാപകനായിരുന്ന മൊഹിസിന്‍ മാഷ് ലക്ഷദ്വീപ് ടൈംസിന്റെ എഡിറ്ററായി ചാര്‍ജ് എടുത്തിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. ഓഫീസിലേക്ക് കടന്നപ്പോള്‍ മാഷ് സുസ്മേരവദനനായി മേശയ്ക്കപ്പുറത്ത് ഇരിക്കുന്നുണ്ട്. മാഷ് എഴുന്നേറ്റ് ഞങ്ങളെ സ്വാഗതം ചെയ്തു. വിശാലമായ ഓഫീസ് റൂം.  അലമാരയില്‍നിന്നും പത്രത്തിന്റെ  കോപ്പിയെടുത്ത് എനിക്ക് തന്നു. ദൈ്വമാസികയാണ് 'ലക്ഷദ്വീപ് ടൈംസ്' ലക്ഷദ്വീപിനെക്കുറിച്ചുള്ള പരിപാടികള്‍ ചിത്രീകരിക്കുന്ന ഒരു പത്രം. നല്ല വെള്ളപ്പേപ്പറില്‍ പൂര്‍ണ്ണമായും പതിയാത്ത അക്ഷരങ്ങള്‍.
 ''ആദ്യം നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യണം. ഒറിജിനല്‍ പെര്‍മിറ്റ്  അവിടെ ഏല്‍പ്പിക്കണം.'' 


ലക്ഷദ്വീപ് ടൈംസിന് സമീപത്തുതന്നെയാണ് കവറത്തി പൊലീസ് സ്റ്റേഷന്‍. സാമാന്യം വലിയ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. യൂണിഫോമിടാതെയുള്ള ഒരു മുസ്ലിം വനിത (സ്റ്റേഷന്‍ റൈറ്ററാണെന്ന് തോന്നുന്നു) മേശപ്പുറത്തുള്ള വലിയ ലഡ്ജര്‍ ബുക്കില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ പെര്‍മിറ്റ് കൈമാറി. പെര്‍മിറ്റ് വിവരങ്ങളൊക്കെ പുസ്തകത്തില്‍ ചേര്‍ത്തു.  ഫോട്ടോ കോപ്പി കൈവശം വെക്കാന്‍ പറഞ്ഞു. തിരിച്ചു പോകുമ്പോള്‍ തിരികെ വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. പൊലീസ് സ്റ്റേഷന്റെ ചുമരിലുള്ള റാക്കില്‍ ഹെല്‍മെറ്റുകളും പട്ടാളക്കാരുടെ യൂണിഫോം പോലുള്ള വസ്ത്രങ്ങളും അടുക്കിവെച്ചിട്ടുണ്ടായിരുന്നു. ചിരട്ട ഉപയോഗിച്ചുകൊണ്ടുള്ള ധാരാളം കരകൗശല സാധനങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. കുറച്ച് പെണ്‍കുട്ടികള്‍ കരകൗശല ജോലിയില്‍ മുഴുകി ഇരിക്കുകയാണ്. തൊട്ടടുത്ത മുറിയില്‍ ചകിരിനാരും മുത്തുകളും മറ്റും ഉപയോഗിച്ചു മാലയുണ്ടാക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കവറത്തിയിലെ റഹീന ടീച്ചറാണ് പഠിപ്പിക്കുന്നത്. അലി അക്ബര്‍ എന്ന 56-കാരനായ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനാണ് യൂണിറ്റിന്റെ ചുമതല. അദ്ദേഹം 1997-ലാണ് ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ 40,000 രൂപ ശമ്പളം പറ്റുന്നു.  കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലായതിനാല്‍ 60 വയസ്സുവരെ ജോലി ചെയ്യാം.  പഠിക്കുന്നവര്‍ക്ക് ഒരു മാസത്തെ കോഴ്സിന് 3000 രൂപ സ്‌റ്റൈപ്പെന്റുണ്ട്. പെണ്‍കുട്ടികളാരും തന്നെ  പര്‍ദ്ദ ഉപയോഗിച്ചതായി കണ്ടില്ല.
ഉച്ചഭക്ഷണം അടുത്തുതന്നെയുള്ള ഹോട്ടലില്‍നിന്നും കഴിച്ചു. ലക്ഷദ്വീപില്‍ സുലഭമായി കിട്ടുന്ന ടൂണ മത്സ്യം പൊരിച്ചതും കറിവെച്ചതും  ഭക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. പൊരിച്ചതടക്കം 50 രൂപയാണ് ചാര്‍ജ്. ഹോട്ടലിന് അടുത്തായി പോസ്റ്റാഫീസ് പ്രവര്‍ത്തിക്കുന്നു.. കവരത്തിയില്‍ സിനിമാഹാള്‍ ഒന്നും തന്നെയില്ല. സിനിമ കാണണമെങ്കില്‍ കൊച്ചിയില്‍ വരണം. സിനിമയെന്ന കലയെ അവര്‍ താല്‍പ്പര്യപൂര്‍വ്വം പരിഗണിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സന്ധ്യയാവാന്‍ തുടങ്ങിയിരുന്നു. ജെട്ടിയില്‍ നങ്കൂരമിട്ടു കിടക്കുന്ന വലിയ ബോട്ടുകള്‍! പശ്ചാത്തലത്തില്‍ ചുവന്നു തുടുത്ത സൂര്യന്‍ കടലിലേക്ക് മുങ്ങാനുള്ള ഒരുക്കത്തിലാണ്. കടല്‍ത്തീരത്തുള്ള മണല്‍പ്പരപ്പിലെ സ്റ്റേജിലിരിക്കവേ സ്റ്റേജ് ഒരു ബോട്ട് പോലെ ഇളകുന്നതായി തോന്നി. 

ചരിത്രത്തിലെ ചില തുരുത്തുകള്‍

ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ഇവിടെ കുടിയേറ്റമുണ്ടായത്. ചേരമാന്‍ പെരുമാള്‍ അറബികളായ കച്ചവടക്കാരുമായുള്ള ബന്ധത്താല്‍ മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുകയും കൊടുങ്ങല്ലൂരില്‍നിന്നു മെക്കയിലേക്ക് പോകുന്നതിനായി കടല്‍യാത്ര ചെയ്യുകയുമുണ്ടായി എന്നും വിവരമറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അന്വേഷിച്ചു യാത്രചെയ്യുകയും കാറ്റും കോളും നിമിത്തം കടല്‍യാത്ര ദുഷ്‌കരമായതിനാല്‍ അവര്‍ ബങ്കാരം എന്ന ദ്വീപില്‍ ആശ്രയം തേടുകയുമുണ്ടായി. മടക്കയാത്രയിലാണ് അവര്‍ അമിനിദ്വീപും മറ്റു ദ്വീപുകളും കണ്ടെത്തുന്നത്, അവര്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ താമസയോഗ്യമായ ചില ദ്വീപുകള്‍ കണ്ടെത്തിയെന്ന് പുതിയ രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പ്രജകളില്‍ ചിലരെ അവിടങ്ങളില്‍ പോയി താമസിക്കാന്‍ അനുവദിക്കുകയാണ് ഉണ്ടായത്.

ദ്വീപുകളില്‍ സാമാന്യം വലുപ്പമുള്ള അമിനി, ആന്ത്രോത്ത്, കവറത്തി, കല്‍പ്പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ജനങ്ങള്‍ താമസമാരംഭിക്കുകയും ചെയ്തു.പില്‍ക്കാലത്ത് ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അമിനിയിലുള്ളവര്‍ കില്‍ത്താന്‍, ചെത്തലത്ത്, കടമം എന്നീ ദ്വീപുകളിലേക്ക് മാറിത്താമസിക്കുകയുണ്ടായി. 1930-ലാണ് ബിത്രദ്വീപിലേക്ക് കുടിയേറ്റമാരംഭിക്കുന്നത്. ആള്‍ത്താമസമില്ലാതിരുന്ന ബങ്കാരം ദ്വീപ് 1987 കാലത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കി. ദ്വീപുകളില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തില്‍നിന്നും കണ്ടെത്തിയ ഒരു കാര്യം ബുദ്ധിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ദ്വീപ് നിവാസികള്‍ എന്നാണ്. തെക്കെ ഇന്ത്യയില്‍ ബുദ്ധിസം നിലവില്‍ വരുന്നതിനു മുന്‍പ് ബുദ്ധിസം ഇവിടെ നിലനിന്നിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

മലബാറുമായിട്ടുള്ള ദ്വീപുകളുടെ സാമീപ്യം മൂലം മലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗതി ദ്വീപ് നിവാസികളെ സ്വാധീനിച്ചതായി കാണാം. ഹിന്ദുക്കളുടെ ചില ആചാരങ്ങളും രീതികളും ദ്വീപ് നിവാസികള്‍ പിന്‍തുടരുന്നതായി കാണാം. മരുമക്കത്തായ നിയമം ഇവിടെ നിലനിന്നതായി മനസ്സിലാക്കുന്നു. ബ്രിട്ടീഷുകാര്‍ 18-ാം നൂറ്റാണ്ടില്‍ അമിനിദ്വീപും 19-ാം നൂറ്റാണ്ടില്‍ മറ്റു ദ്വീപുകളും പിടിച്ചെടുക്കുന്നതിനു മുന്‍പ് മലബാറിലെ രാജാക്കന്മാരായിരുന്നു ഈ ദ്വീപുകളുടെ ഭരണകര്‍ത്താക്കള്‍. ഹസറത്ത് ഉബൈദുള്ള എന്ന സഞ്ചാരിക്ക് മുഹമ്മദ് നബി സ്വപ്നദര്‍ശനം നല്‍കുന്നു. മുഹമ്മദ് നബിയുടെ സന്ദേശവുമായി അദ്ദേഹം അറേബ്യയിലെ ജിദ്ദയില്‍നിന്നും യാത്ര തിരിക്കുന്നു. കപ്പല്‍ ഛേദം മൂലം അയാള്‍ അമിനി ദ്വീപില്‍ എത്തുകയും പ്രവാചകന്റെ  സന്ദേശം ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിക്കുന്നതിനായി ഒരു സ്ത്രീ തയ്യാറാവുകയും അവര്‍ക്ക് അയാള്‍ ഹമീദത്ത് എന്ന് പേരിടുകയും പിന്നീട് അവളെ വിവാഹം കഴിക്കുകയുമുണ്ടായി.  അമിനിയില്‍നിന്ന് അന്ത്രോത്ത്, കല്‍പ്പേനി, കവറത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയുണ്ടായി. ആദ്യകാലത്ത് ധാരാളം പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും പിന്നീട് മതപരിവര്‍ത്തനത്തില്‍ വിജയം വരിക്കുകയാണ് ഉണ്ടായത്.
അമിനിയില്‍, അദ്ദേഹത്തിന്റെ രണ്ടാമത്തെ വരവോടെ കൂടുതല്‍ പേര്‍ ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി.  പിന്നീടയാള്‍ അന്ത്രോത്തില്‍ സ്ഥിരത്താമസമാക്കുകയുണ്ടായി. അദ്ദേഹം അന്തരിച്ചപ്പോള്‍ അന്ത്രോത്ത് ജമാമസ്ജിദ് പള്ളിക്കരികെ സംസ്‌കരിച്ചു. ഹസറത്ത് ഉബൈദുള്ള മക്ബറ ധാരാളം ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്. പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഇന്ത്യയില്‍ വന്നുതുടങ്ങിയപ്പോള്‍ അതിന്റെ പ്രതിഫലനം ലക്ഷദ്വീപുകളിലുമുണ്ടായി. രണ്ടുപേരും ലക്ഷദ്വീപിലെ മേന്മയേറിയ കയര്‍ ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ടരായി. ധാരാളം യാത്രായാനങ്ങള്‍ ലക്ഷദ്വീപിലേക്ക് വരികയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ ഓടങ്ങളില്‍ യാത്ര ചെയ്ത് കയര്‍ ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു.

വര്‍ഷംതോറും 1000 കണ്ടി കയര്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കുന്നതിനായി നിര്‍ബന്ധിച്ചപ്പോള്‍  1525-ല്‍ കോലത്തിരി അത് നിഷേധിക്കുകയും തുടര്‍ന്ന് അല്‍ബുക്കര്‍ക്കിന്റെ പിന്‍ഗാമിയായ ഹെന്റിക്ക് ഡി മെന്‍സിസ് പോര്‍ച്ചുഗീസ് പടയെ അമിനിയില്‍ നിയോഗിക്കുകയും പോര്‍ച്ചുഗീസുകാര്‍ നേരിട്ട് ഭരണം കയ്യാളുകയും ചെയ്തു. പോര്‍ച്ചുഗീസ് ഭരണം അതിരൂക്ഷമായപ്പോള്‍ ദ്വീപുകാര്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തുകൊണ്ട് ധാരാളം പോര്‍ച്ചുഗീസുകാരെ കൊന്നു. വിഷം നല്‍കിയതായ സ്ഥലത്തിന് പാമ്പിന്‍പള്ളി എന്നാണ് പേര്.  400 ഓളം ദ്വീപ് വാസികളെ കൊന്നൊടുക്കിക്കൊണ്ട് പോര്‍ച്ചുഗീസുകാര്‍ പകവീട്ടി.  1549-'50ലാണ് ഇതു സംഭവിച്ചത്.  അതിനുശേഷം  ആലിരാജയാണ് കോലത്തിരിയുടെ നിര്‍ദ്ദേശാനുസരണം 6000 പണം കോലത്തിരിക്ക് നല്‍കാമെന്ന ധാരണയില്‍ ഭരണം നടത്തിയത്.  പോര്‍ച്ചുഗീസുകാര്‍ കയറിനുവേണ്ടി കൊള്ളയടി തുടര്‍ന്നുകൊണ്ടിരുന്നു. രണ്ട് പ്രാവശ്യം ചേത്തലത്ത് വീണ്ടും ആക്രമിക്കുകയുണ്ടായി.  ഒടുവില്‍ സമാധാനത്തിനുവേണ്ടി ദ്വീപുകാര്‍ വര്‍ഷത്തില്‍ 1000 ക്വിന്റല്‍ കയര്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കാമെന്ന് സമ്മതിച്ചു.


1762-ല്‍ ആലിരാജ മാലിദ്വീപ് പിടിച്ചെടുക്കുകയും ഭരണാധികാരിയായ സുല്‍ത്താനെ തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് ആലിരാജ മിനിക്കോയിലേക്കും മറ്റു ലക്ഷദ്വീപുകളിലേക്കും സ്വാധീനശക്തി വ്യാപിപ്പിക്കുകയുണ്ടായി. കയറിന്റെ കച്ചവടം ആലിരാജയുടെ ആധിപത്യത്തില്‍ നടത്തിയിരുന്നത് ദ്വീപുകാര്‍ക്ക് തൃപ്തികരമായിരുന്നില്ല.  1783-ല്‍ രണ്ട് ഓടങ്ങള്‍ നിറയെ കയര്‍ പുറക്കാട്ട്, കുലാപ് കുടുംബങ്ങളുടേത് മംഗലാപുരത്ത് കൊണ്ടുപോയി ടിപ്പുസുല്‍ത്താന് വില്‍ക്കുകയുണ്ടായി.  1784-ല്‍ മാംഗ്ലൂര്‍ കച്ചവട എഗ്രിമെന്റ് പ്രകാരം അറക്കല്‍ ബീവി,  അബ്ദുള്‍ഖാദര്‍ കാര്യക്കാര്‍ എന്നയാളെ അമിനിയില്‍ നിയമിച്ചു. അബ്ദുള്‍ഖാദറിന്റെ ചെയ്തികളില്‍ രോഷം പൂണ്ട ദ്വീപുകാര്‍ അയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. പിന്നീട് അയാളെ ചങ്ങലകളില്‍ ബന്ധനസ്ഥനാക്കി മാംഗ്ലൂരില്‍ കൊണ്ടുപോയി ടിപ്പു സുല്‍ത്താനെ ഏല്‍പ്പിച്ചു. അങ്ങനെ അമിനി ദ്വീപ് ടിപ്പു സുല്‍ത്താന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായി. ടിപ്പു സുല്‍ത്താന്‍ ശ്രീരംഗപട്ടണത്തു വെച്ച് പരാജയപ്പെട്ടതോടെ 1799-ല്‍ ദ്വീപുകളെല്ലാം ബ്രിട്ടീഷുകാരുടെ കീഴിലായി.

അതിനു മുന്‍പ് 1790-ല്‍ അറക്കല്‍ ബീവി കണ്ണൂരില്‍ കീഴടക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ദ്വീപുകളും ബ്രിട്ടീഷുകാരുടെ കീഴിലാവുകയുണ്ടായി. എന്നാല്‍ ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരണച്ചുമതല ഏറ്റെടുത്തില്ല. അറക്കല്‍ ബീവി 1905 വരെ ലക്ഷദ്വീപ് ഭരിച്ചു. 1905-ല്‍ മലബാര്‍ ഡിസ്ട്രിക്ട് വന്നതോടെ ദ്വീപുകളും അതിന്റെ ഭാഗമായി. 1924-ല്‍ അമിനി ദ്വീപ് കനറാ ഡിസ്ട്രിക്ടിന്റെ ഭാഗമായി.     ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും ദ്വീപുകളില്‍ അധികാരം കയ്യാളിയില്ല. പുറത്തുള്ളവര്‍ക്ക് ദ്വീപിലേക്ക് വരുന്നതില്‍ അന്ന് മുതലേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 9 പ്രൈമറി സ്‌കൂളുകളും കുറച്ച് ഡിസ്പെന്‍സറികളും ദ്വീപുകളില്‍ തുറക്കപ്പെടുകയുണ്ടായി.
ആഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരം മിനിക്കോയ്  ഒഴിച്ച് മറ്റെല്ലാ ദ്വീപുകാര്‍ക്കും അറിയാന്‍ സാധിച്ചു. 1.11.1956-ല്‍ ലക്ഷദ്വീപ്  യൂണിയന്‍ ടെറിട്ടറി (Union Territory) ആയി പ്രഖ്യാപിക്കപ്പെട്ടു. ആദ്യത്തെ അഡ്മിനിസ്ട്രേറ്ററായി തലശ്ശേരിക്കാരനായ മൂര്‍ക്കോത്ത് രാമുണ്ണിയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നിയമിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 239 വകുപ്പ് പ്രകാരം പ്രസിഡന്റ് അഡ്മിനിസ്ട്രേറ്ററെ ഭരണാധികാരിയായി നിയമിച്ചതോടെ ദ്വീപുകള്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തില്‍ കീഴിലായി. ലക്ഷദ്വീപ് 11 ജനവാസ ദ്വീപുകളും 16 ജനവാസമില്ലാത്ത ദ്വീപുകളും 3 പാറക്കൂട്ടങ്ങളുടെ ദ്വീപുകളും 6 വെള്ളത്തില്‍ മുങ്ങിയ മണല്‍ത്തിട്ടകളുമടങ്ങിയതാണ്. 


 പ്രഭാതഭക്ഷണം കഴിച്ച് പുറപ്പെട്ടു. നല്ല പഞ്ചാരമണല്‍ ബീച്ച്. വൃത്തിയും വെടിപ്പുമുള്ള മണല്‍ പ്രദേശം. കടല്‍ത്തീരത്ത് നിരനിരയായി കെട്ടിയ ചെറിയ കുടിലുകള്‍. സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള കോണ്‍ക്രീറ്റ് കെട്ടിടവുമുണ്ട്. മനോഹരമായ ബീച്ചില്‍നിന്നും കുറച്ചകലെ ബോട്ട് ജെട്ടി കാണാം. ഗ്ലാസ് ബോട്ടിന്റെ ഓഫീസിലേക്ക് കയറി. കുറച്ചു സമയം മുന്‍പ് 2 പേരെയും കയറ്റിയ ഒരു ബോട്ട് കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. 2500 രൂപയാണ് ബോട്ടിന്റെ ചാര്‍ജ്.  കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്‌തെടുക്കാം. ലൈഫ് ജാക്കറ്റുകളണിഞ്ഞ് ബോട്ടില്‍ കയറി.  താഴെയുള്ള കണ്ണാടി ഗ്ലാസ്സിലൂടെ തെളിഞ്ഞ സ്ഫടികജലത്തില്‍ കടലിന്റെ അടിത്തട്ട് കാണാം. വിവിധ വര്‍ണ്ണങ്ങളിലുള്ള ഭംഗിയുള്ള മത്സ്യങ്ങള്‍! പവിഴപ്പുറ്റുകളും മത്സ്യനൃത്തങ്ങളുമൊക്കെ ആസ്വദിച്ചുകൊണ്ട് കുറച്ച് ദൂരം മുന്നോട്ട് പോയി. പിന്നീട് കരയിലേക്ക് മടങ്ങി.  
കുറച്ചകലെയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതുതായി പണികഴിപ്പിച്ച  ബംഗ്ലാവ് കാണാം. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ ഫറൂക്ക് ഖാന്‍ റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസറാണ് (കശ്മീരില്‍നിന്നുമുള്ള ബി.ജെ.പിക്കാരന്‍). പഴയ ബംഗാളിന്റെ അവശിഷ്ടങ്ങള്‍ ഒന്നുമില്ല. അതിനടുത്തുതന്നെയാണ് കടല്‍വെള്ളത്തിന്റെ ശുദ്ധീകരണശാല. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് ലക്ഷദ്വീപുകാര്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്.

വെള്ളത്തിന് ഉപ്പുരസം ഒട്ടുമില്ല. ഉച്ചഭക്ഷണം ആറ്റക്കോയയുടെ വീട്ടിലാണ് ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ആറ്റക്കോയ ലക്ഷദ്വീപ് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ സ്റ്റെനോ  ആണ്.  പി.ഡബ്ല്യു.ഡിയുടെ ക്വാര്‍ട്ടേര്‍സിന്‍ മുകളിലാണ് ആറ്റക്കോയ താമസിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം ആറ്റക്കോയ ഞങ്ങളെ അടുത്തുതന്നെയുള്ള ഓഫീസിലേക്ക് നയിച്ചു. കലക്ട്രേറ്റിന് തൊട്ടടുത്താണ് പി.ഡബ്ല്യു.ഡി  ഓഫീസ്. ആറ്റക്കോയയുടെ മുറി,  ഹൈക്കോടതി ജഡ്ജിയുടെ ചേമ്പര്‍ പോലെ വിശാലവും ചുമരില്‍ മരത്തിന്റെ പാനലുകള്‍ പതിച്ചതുമാണ്.  വിസിറ്റേഴ്സിന് വിശ്രമിക്കാന്‍ സോഫകളുമുണ്ട്.  ഞങ്ങളെ ഓഫീസില്‍ ഇരുത്തിയതിനുശേഷം അദ്ദേഹം പെട്ടെന്ന്  ചെയ്തുതീര്‍ക്കേണ്ട ചില ഫയലുകളില്‍ മുഴുകി.  അല്പസമയത്തിനുള്ളില്‍ ചായയുമായി പ്യൂണ്‍ വന്നു. നല്ല കടുപ്പത്തിലുള്ള ചായയും പുറത്തുനിന്നുള്ള കടല്‍ക്കാറ്റും ഞങ്ങളെ കൂടുതല്‍ ഉന്മേഷഭരിതരാക്കി. കലക്ട്രേറ്റിനടുത്തുതന്നെയാണ് ജില്ലാക്കോടതി ലക്ഷദ്വീപുകളുടെ ജില്ലാ ജഡ്ജി രമാകാന്താണ്. 

കേരള ഹൈക്കോടതിയുടെ കീഴിലാണ്  ലക്ഷദ്വീപിലെ കോടതികള്‍.  ഒരു മുന്‍സിഫ് കോടതി അന്ത്രോത്തിലുണ്ട്. കവറത്തി, അന്ത്രോത്ത്, മിനിക്കോയ്, കല്‍പേനി എന്നീ ദ്വീപുകള്‍ ജില്ലാക്കോടതിക്ക് കീഴിലാണ്. മറ്റൊരു മുനസിഫ് കോടതി അമിനിയിലാണ്. അമിനി, അഗത്തി, കടമം, കില്‍ത്താന്‍, ചെത്തിലത്ത്, ബിത്ര എന്നീ ദ്വീപുകള്‍ ഇതിന്റെ കീഴിലാണ്. കവറത്തിയിലെ സബ്ബ്കോടതിയാണ് 1997-ല്‍ ജില്ലാ കോടതിയായി ഉയര്‍ത്തിയത്. കവരത്തിയിലെ ലൈറ്റ് ഹൗസ് വളരെ പ്രസിദ്ധമാണ്. 38 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസിന് 185 സ്റ്റെപ്പുകളുണ്ട്. 1998-ല്‍ 28,81,000 രൂപ ചെലവഴിച്ച് 3,19,000 രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചുകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ലൈറ്റ് ഹൗസ് ലക്ഷദ്വീപ് ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. മുകളില്‍ കയറിയാല്‍ ഒരു ഭാഗത്ത് തെങ്ങോലകള്‍ പച്ചപുതച്ചു കിടക്കുന്നതും മറുഭാഗത്ത് നീലജല കടലും പരന്നുകിടക്കുന്നത് കാണാം.

ലൈറ്റ് ഹൗസിന് അടുത്തുതന്നെയാണ് വാര്‍ഫ് (ചരക്ക് കപ്പലുകള്‍ അടുപ്പിക്കുന്ന സ്ഥലം). ലൈറ്റ് ഹൗസില്‍നിന്നുമിറങ്ങി വാര്‍ഫിനടുത്തേക്ക് നടന്നു. വാര്‍ഫിലേക്ക് പോകുന്ന വഴിയില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസുകാര്യങ്ങള്‍ മദ്ധ്യസ്ഥമായി പറഞ്ഞുതീര്‍ക്കുന്ന കേന്ദ്രത്തിന്റെ ബോര്‍ഡ് കണ്ടു. വാര്‍ഫില്‍നിന്നുമുള്ള കാഴ്ചകള്‍ നയനാനന്ദകരമായിരുന്നു.  ഓഖിയുടെ ആഘാതത്തില്‍ വീണുകിടക്കുന്ന ഉയരമുള്ള ലാമ്പ് പോസ്റ്റല്ലാതെ മറ്റൊരു ദുരന്തവും കവറത്തിക്കുണ്ടായിട്ടില്ല. ദ്വീപിന് ചുറ്റുമുള്ള പവിഴപ്പുറ്റുകള്‍ ദ്വീപിനെ സംരക്ഷിക്കുന്ന സംരക്ഷണ ബെല്‍റ്റുകളാണത്രെ.
 ലക്ഷദ്വീപിലെ ഫിഷറീസ് മ്യൂസിയത്തില്‍ ലക്ഷദ്വീപുകളിലെ കടല്‍ മത്സ്യങ്ങളുടെ ഭൗതികശരീരം സ്ഫടികഭരണികളില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വലിയ സ്രാവിന്റെ ഉണങ്ങിയ ശരീരം, ധാരാളം ഫോസിലുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. അവിടെ നിന്നും മടങ്ങുന്ന വഴി ഞങ്ങള്‍ വീണ്ടും ഹട്ടുകളുള്ള ബീച്ചിലേക്ക് യാത്ര തിരിച്ചു. സന്ധ്യാസമയത്ത് ബീച്ചില്‍നിന്നും കടലിലേക്ക് കണ്ണോടിച്ചാല്‍ നയനാന്ദകരമായ കാഴ്ചയാണ്. രാത്രി 10 മണിക്ക് കടല്‍ത്തീര റോഡിലൂടെയുള്ള മടക്കയാത്ര. ശാന്തമായ കടലില്‍ ഇളകുന്ന വെളിച്ചക്കീറുകള്‍. കടല്‍ക്കരയിലെ റോഡിനു സമീപം ഇടയ്ക്കിടെ ചില പെട്ടിക്കടകളും. സമീപത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരേയും കാണാം. ആരും അപരിചിതത്വത്തോടെ വീക്ഷിക്കുന്നില്ല. ചില സ്ഥലത്ത് സ്ത്രീകള്‍ സംസാരിച്ചു നില്‍ക്കുന്നതായി കണ്ടു. സ്ത്രീകള്‍ക്ക് ഏതു സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സ്ഥലമാണ് ലക്ഷദ്വീപുകള്‍.


മടക്കയാത്രയ്ക്കുള്ള കപ്പല്‍ ടിക്കറ്റ് കിട്ടാനില്ല. കപ്പല്‍ ടിക്കറ്റില്ലെങ്കില്‍ അഗത്തിയില്‍നിന്നും വിമാനത്തില്‍ കൊച്ചിയിലേക്കു പറക്കാമെന്ന് തീരുമാനിച്ചു. ലക്ഷദ്വീപുകളുടെ ഏക വിമാനത്താവളമാണ് അഗത്തി.  വിമാനടിക്കറ്റിനുവേണ്ടി അന്വേഷിച്ചപ്പോള്‍ അതിനും ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി. ഒരു ദ്വീപില്‍നിന്നു മറ്റൊരു ദ്വീപിലേക്ക് പോകാന്‍, സ്പീഡ് വെസ്സലുകളാണ് ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യുന്നതിനും, രോഗികളെ കൊണ്ടുപോകുന്നതിനും ഹെലിക്കോപ്ടര്‍ ഉപയോഗിക്കുന്നു.

അഗത്തിയും ബങ്കാരവും കാണാന്‍ പെര്‍മിറ്റ് നീട്ടിക്കിട്ടിയിരുന്നു. അഗത്തിയിലേക്ക് സ്പീഡ് വെസ്സലില്‍ പോകണം. ചെറിയ ഒരു ഷിപ്പ്. 100 പേര്‍ക്ക് ഇരിക്കാവുന്നത്. ഹോട്ടലില്‍നിന്നും 100 മീറ്റര്‍ അകലെയാണ് ജെട്ടി. പോര്‍ട്ട് ഓഫീസിനു മുന്നിലെ ലക്ഷദ്വീപ് കലാഭവന്‍ എന്ന വലിയ കെട്ടിടത്തിന്റെ പടികളില്‍ ഇരുന്നു. ഹൈമാക്സ് ലാമ്പിന്റെ വെളിച്ചത്തില്‍ പോര്‍ട്ട് ഓഫീസ് കെട്ടിടവും പരിസരവും വെയിലില്‍ കുളിച്ചുനില്‍ക്കുന്നതുപോലെ. കേന്ദ്രഗവണ്‍മെന്റിന്റെ സ്ഥാപനമാണ് കലാഭവന്‍. ലക്ഷദ്വീപില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം പ്രാധാന്യം നല്‍കുന്നുണ്ട്. ആറ് മണിയായപ്പോള്‍ പോര്‍ട്ട് ഓഫീസ് തുറന്നു. അഗത്തി ദ്വീപിലേക്ക് ഒരാള്‍ക്ക് 100 രൂപയാണ് വെസ്സല്‍ ചാര്‍ജ്. പുറപ്പെടുന്നു എന്ന് മൈക്കിലൂടെ അനൗണ്‍സ്മെന്റ് വന്നു. പതുക്കെ വെസ്സല്‍ ചലിച്ചുതുടങ്ങി. പിന്നെ സ്പീഡായി. ദൂരെ നിന്നും അഗത്തി ദ്വീപിന്റെ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങി.  രണ്ട് മണിക്കൂര്‍ യാത്ര. വെസ്സലില്‍നിന്നു ബോട്ടിലിറങ്ങി വേണം ജെട്ടിയിലെത്താന്‍. ആടിയുലയുന്ന ബോട്ടില്‍ കയറി ഞങ്ങള്‍ ജെട്ടിയിലെ പാലത്തിനു മുകളിലെത്തി. പാലത്തില്‍നിന്ന് 2 കി.മീ അകലെയാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ള ഗസ്റ്റ് ഹൗസ്. 
നീല പെയിന്റടിച്ച ചെറിയ രണ്ടുനില കെട്ടിടം. ആകെ നാലു മുറികള്‍. താഴെ കെട്ടിട ഉടമയായ അമാന്റെ ഭാര്യയുടെ ഉപ്പ ഒരു മുറിയില്‍ താമസിക്കുന്നുണ്ട്. അമാന്‍ മുകളിലത്തെ മുറി തുറന്ന് ബാഗുകള്‍ അവിടെ എത്തിച്ചു. പ്രാതല്‍ തയ്യാറായിട്ടുണ്ടെന്നും താഴെ നിന്നു കഴിക്കാമെന്നും പറഞ്ഞു. കെട്ടിടത്തിനു താഴെ മണല്‍പ്പരപ്പില്‍ 2 പ്ലാസ്റ്റിക്ക് മേശകളും കസാലകളും വെച്ചിട്ടുണ്ട്. നല്ല വിശപ്പുള്ളതിനാല്‍ ഞങ്ങള്‍ ഉടനെ താഴേക്ക് വന്നു. വെള്ളയപ്പവും മുട്ടക്കറിയും ടൂണ പൊരിച്ചതുമുണ്ട്. (ടൂണ മത്സ്യം ദ്വീപില്‍ സുലഭമായി കിട്ടുന്ന മത്സ്യമാണ്. കാഴ്ചയില്‍ നമ്മുടെ അയക്കൂറയുടെ ചെറിയ പതിപ്പ്.) വലിയ അരയാല്‍ മരം പോലുള്ള മരത്തിന്റെ എതിര്‍വശത്തായുള്ള 'മുബാറക്ക്' ഹോട്ടലില്‍ കയറി ചായയും അടയും കഴിച്ചു. അട അരയാല്‍ ഇല പോലെയുള്ള ഇലയിലാണ് പൊതിഞ്ഞിട്ടുള്ളത്. നാട്ടിലെ അടയേക്കാള്‍ നല്ല സ്വാദ് തോന്നി. 4 അടക്കും 2 ചായയ്ക്കും കൂടി 50 രൂപ. ഭക്ഷണസാധനങ്ങള്‍ക്കൊക്കെ മിതമായ വിലയാണ് കവറത്തിയിലെപ്പോലെ അഗത്തിയിലും.  


മൂന്ന് ദിവസം മുന്‍പുള്ള പത്രങ്ങളാണ്. മാതൃഭൂമി, മനോരമ, ഹിന്ദു, എക്സ്പ്രസ്സ് തുടങ്ങിയവ. തൊട്ടടുത്ത മുറി ലൈബ്രറിയാണ്. റാക്കുകളിലായി പുസ്തകങ്ങള്‍ അടുക്കിവച്ചിട്ടുണ്ട്. പത്തായിരത്തോളം പുസ്തകങ്ങളുണ്ടെന്ന് ലൈബ്രേറിയന്‍ പറഞ്ഞു. തൊട്ടടുത്തു തന്നെയാണ് അഗത്തി മ്യൂസിയം. ഉച്ചസമയമായതിനാലും വെള്ളിയാഴ്ച ആയതിനാലും മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. ടൗണിലൂടെ വെറുതെ ചുറ്റിനടന്നു. ചെറിയ ടൗണാണ്. രണ്ട് മൂന്ന് ഹോട്ടലുകളും കുറച്ച് സ്റ്റേഷനറി കടകളും ടെക്സ്‌റ്റൈല്‍സ് ഷോപ്പുകളുമുണ്ട്.  ലക്ഷദ്വീപുകളുടെ പ്രധാന ആശുപത്രിയായ രാജീവ് ഗാന്ധി ആശുപത്രി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.   മ്യൂസിയത്തിന്റെ കാവല്‍ക്കാരായി രണ്ട് സ്ത്രീകളുണ്ട്. ടിക്കറ്റ് ചാര്‍ജ് ഒന്നുമില്ല. പണ്ടുകാലത്തെ പാത്രങ്ങളും ഗൃഹോപകരണങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കാഴ്ചക്കായി ഒരുക്കി വെച്ചിട്ടുണ്ട്. വെറുതെ ഒരു മ്യൂസിയം എന്ന് ഒറ്റവാക്കില്‍ പറയാം. വൈകുന്നേരം ഞങ്ങള്‍ അഗത്തിയിലെ പ്രശസ്തമായ ലഗൂണ്‍ ബീച്ചിലേക്ക് തിരിച്ചു. വളരെ വിശാലമായി പരന്നുകിടക്കുന്ന മനോഹരമായ ബീച്ചാണ് ലഗൂണ്‍ ബീച്ച്.  അഗത്തിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ബീച്ചില്‍ ധാരാളം റസ്റ്റോറന്റുകളുണ്ട്. 



ബങ്കാരത്തിലേക്ക് പോകുന്നതിനായി രാവിലെ 6 മണിയോടെ ജെട്ടിയിലെത്തി. ബങ്കാരത്തേക്ക് പോകുന്ന ബോട്ടുകളൊന്നും കണ്ടില്ല. സാധാരണ രാവിലെ തന്നെ ടൂറിസ്റ്റുകളുണ്ടാകും. ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ആരെയും കാണാത്തതിനാല്‍ ഒരു ബോട്ടുകാരനെ സമീപിച്ചു യാത്ര ഏര്‍പ്പാടാക്കി. 5000 രൂപയാണ് ചാര്‍ജ്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റിസോര്‍ട്ടുകള്‍ ബങ്കാര ദ്വീപിലുണ്ട്. പി.ഡബ്ല്യു.ഡിയുടെ ഗസ്റ്റ് ഹൗസ് അവിടെയുണ്ടെന്നും ഫ്രഷ് ആവാന്‍ അവിടം ഉപയോഗിക്കാം. സാധാരണയായുള്ള തുറന്ന മോട്ടോര്‍ ബോട്ട്. ഞാനും ഭാര്യയും രണ്ട് ബോട്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ആഴക്കടലിലൂടെയുള്ള ബോട്ട് യാത്ര രസകരമാണ്. ചുറ്റിലും കടല്‍. സ്ഫടിക ജലത്തിന് മുകളിലൂടെ കുതിച്ചുനീങ്ങുന്ന ബോട്ട്. രണ്ട് മണിക്കൂര്‍ യാത്ര. അങ്ങകലെ ബങ്കാരം ദ്വീപിന്റെ നേരിയ നിഴല്‍ കണ്ടുതുടങ്ങി. ബങ്കാരത്തിന് അടുത്തു തന്നെ തിണ്ണക്കര എന്ന ദ്വീപുണ്ട്. അതും ടൂറിസ്റ്റ് കേന്ദ്രമാണ്. തിണ്ണക്കരയ്ക്കും  ബങ്കാരത്തിനുമിടയില്‍ കടലിന് ആഴം കുറവാണ്.
വേലിയേറ്റം ഉള്ളപ്പോള്‍ മാത്രമേ  തിണ്ണക്കരയിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. ബോട്ട് ഡ്രൈവര്‍ സുബൈര്‍ പറഞ്ഞു. ''സാര്‍, തിണ്ണക്കരയില്‍  ആദ്യം പോകാം, വെള്ളം ഇറക്കമായാല്‍ അങ്ങോട്ട് പോകാന്‍ പറ്റില്ല.''
കടലിന് ആഴം കുറവായതിനാല്‍ മുന്നിലേക്ക് കടന്നിരിക്കാന്‍ ആവശ്യപ്പെട്ടു. സ്ഫടികജലത്തില്‍ കടലാമകള്‍ നീന്തിക്കളിക്കുന്നു. അങ്ങകലെ പച്ചപ്പ് തെളിയാന്‍ തുടങ്ങി. ഫൈബര്‍ സ്റ്റെപ്പുകള്‍ക്കടുത്ത് ബോട്ട് അടുപ്പിച്ചു. സ്റ്റെപ്പുകളിലൂടെ നടന്നു വെളുത്ത പഞ്ചാര മണലില്‍ കാല് വെച്ചു. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള ഓലമേഞ്ഞ ചെറിയ ഹട്ടുകളുണ്ട്. റെസ്റ്റോറന്റും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റസ്റ്റോറന്റില്‍ കയറി ഞങ്ങള്‍ ചായ കുടിച്ചു. ചായക്ക് 10 രൂപയാണ് വില. മണല്‍പ്പരപ്പിലെ കസാലകളിലിരുന്നും ഊഞ്ഞാലില്‍ ആടിയും കുറേ ഫോട്ടോകളെടുത്തും അര മണിക്കൂറിനുശേഷം ഞങ്ങള്‍ തിണ്ണക്കരയോട് യാത്ര പറഞ്ഞു. ജനവാസമില്ലാത്ത തിണ്ണക്കര വളരെ ചെറിയ ദ്വീപാണ്. ഒരു അറ്റത്തുനിന്നും മറ്റേ അറ്റം കാണാം. തിണ്ണക്കരയുടെ കിഴക്ക് പെരളി, ചെറിയ പെരളി എന്നീ ദ്വീപുകളുണ്ട്

തിണ്ണക്കരയില്‍നിന്നും ഞങ്ങളുടെ ബോട്ട് നേരെ പോയത് ബങ്കാരം ദ്വീപിലേക്കാണ്. ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബങ്കാരം. ബങ്കാരത്ത്  എത്തുമ്പോള്‍ 10 മണിയായിരുന്നു.  ടൂറിസ്റ്റുകള്‍ക്ക് താമസിക്കുന്നതിനായി ധാരാളം ഓലയും മുളയും ഉപയോഗിച്ചുള്ള ഭംഗിയുള്ള കോട്ടേജുകള്‍ നിരനിരയായി നിര്‍മ്മിച്ചിട്ടുണ്ട്. സ്‌കൂബാ ഡൈയിംഗ് നടത്തുന്നതിന് ഇവിടെ പ്രത്യേക കേന്ദ്രമുണ്ട്. ഞങ്ങള്‍ കരയിലേക്ക് നടക്കുമ്പോള്‍ സ്‌കൂബാഡൈയിംഗിന് പ്രാക്ടീസ് ചെയ്യുന്നവരെ കടലില്‍ കാണുകയുണ്ടായി. പ്രത്യേക ഉപകരണങ്ങള്‍ ധരിച്ച് ജലത്തിനടിയിലൂടെയുള്ള യാത്രയാണ് സ്‌കൂബാ ഡൈയിംഗ്.നിരനിരയായി നില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചം.

ഒറ്റ നിലയിലുള്ള ഒരു വീടാണ് ഗസ്റ്റ് ഹൗസ്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള ഗസ്റ്റ് ഹൗസുകളല്ലാതെ മറ്റു പാര്‍പ്പിടങ്ങള്‍ ഒന്നും തന്നെ ബംഗാരത്തില്‍ ഇല്ല. ബങ്കാരത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയെത്താന്‍  അരമണിക്കൂര്‍ മതിയാകും. സ്‌കൂബാ ഡൈയിംഗ് ചെയ്യുന്നതിനുള്ള പ്രത്യേക ടൂറിസ്റ്റ് കേന്ദ്രം കണ്ടു. ബീച്ചില്‍ രണ്ട് മൂന്ന് റസ്റ്റോറന്റുകളുണ്ട്. റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ മണല്‍പ്പരപ്പില്‍ ഭംഗിയായി നിരത്തിവെച്ചിട്ടുള്ള കസാലകളും, മേശകളും!  തെങ്ങുകള്‍ക്കിടില്‍ കെട്ടിയിട്ടുള്ള കയര്‍ തൊട്ടിലുകള്‍! ഞങ്ങള്‍ കസാലകളിലിരുന്നും തൊട്ടിലില്‍ കിടന്നും കുറച്ചുസമയം ചെലവഴിച്ചു. എങ്ങും പച്ചവിരിച്ചു കിടക്കുന്ന നല്ല ആരോഗ്യമുള്ള തെങ്ങിന്‍കൂട്ടം. വിശാലമായ ഹെലിപ്പാഡ്. തൊട്ടടുത്തുള്ള ഷെഡ്ഡില്‍ ഹെലിക്കോപ്ടര്‍ നിര്‍ത്തിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമാണ് ഹെലിക്കോപ്ടര്‍ ഉപയോഗിക്കുന്നത്. അടുത്തുള്ള പ്രധാന ആശുപത്രി അഗത്തിയിലാണ് ഉള്ളത്. ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് 4000 രൂപ ചെലവു വരും.


ദ്വീപിന്റെ തെക്ക് ഭാഗത്തു ചെറിയ ഒരു പുഴയുള്ളതായി സുബൈര്‍  പറഞ്ഞു. ഞങ്ങള്‍ വീണ്ടും പുഴയെ ലക്ഷ്യമാക്കി നടന്നു. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ സ്ഥലമാണ് പുഴ. കുറച്ചാളുകള്‍ പുഴയ്ക്കരികില്‍ വസ്ത്രങ്ങള്‍ കഴുകുന്നതായി കണ്ടു. പുഴയും കഴിഞ്ഞു കുറച്ചുകൂടി തെക്കോട്ട് പോയാല്‍ സോളാര്‍ പാടം കാണാം. ബംഗാരത്ത് വൈദ്യുതി  ഉല്‍പ്പാദിപ്പിക്കുന്നത് ഈ സോളാര്‍ കേന്ദ്രത്തില്‍ നിന്നാണ്. രണ്ട് മണിയോടെ ഞങ്ങള്‍ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയെത്തി. സ്വാദിഷ്ടമായ മത്സ്യക്കറിയും മത്സ്യം പൊരിച്ചതുമെല്ലാം കഴിച്ച് ഞങ്ങള്‍ വീണ്ടും ബീച്ചിലേക്ക് മടങ്ങി. ബീച്ചിലെ സുഖശീതളമായ ഇരിപ്പിടങ്ങളില്‍ വിശ്രമിച്ചു. 4 മണിക്കാണ് മടക്കയാത്ര. താമസിച്ചാല്‍ വെള്ളമിറക്കുമാകും. സൂക്ഷിച്ചുപോയില്ലെങ്കില്‍ പാറകളില്‍ തട്ടി ബോട്ട് മറിയും. 
നാലു മണിയോടെ അഗത്തിയിലേക്ക് മടങ്ങുന്നതിനായി ബോട്ട് ജെട്ടിയിലേക്ക് നടന്നു. അറബിക്കടലിലെ രത്‌നക്കല്ലായ ബങ്കാരത്തോട് യാത്ര പറഞ്ഞു. ബോട്ടില്‍ ഞങ്ങളും സുബൈദയും കയറി. ബോട്ട് ഇളകാന്‍ നേരത്ത് ചിലര്‍ ഓടിവന്നു. സുബൈറിന്റെ പരിചയക്കാരാണെന്ന് തോന്നുന്നു. ഹട്ടുകളില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണവും മറ്റു റിപ്പയറുകളും ചെയ്യുന്ന ആശാരിമാര്‍, അഗത്തിയില്‍ നിന്നെത്തിയ തൊഴിലാളികള്‍.  അവര്‍ ബോട്ടിന്റെ മുന്‍പിലാണ് കയറിയത്.  ആളുകള്‍ കൂടുമ്പോള്‍ ബോട്ടിന് എന്തെങ്കിലും സംഭവിച്ചാലോ എന്ന് ഞാന്‍ മനസ്സില്‍ ഭയപ്പെട്ടു. ഒരാള്‍  ബോട്ടിന്റെ മുന്നറ്റത്തുള്ള തൂണില്‍ പിടിച്ചുകൊണ്ട് ദിശ നിയന്ത്രിക്കുകയായി. മറ്റൊരാള്‍ ബോട്ടിന്റെ പരന്ന പ്രതലത്തില്‍ (വക്കില്‍) കിടക്കുന്നതായി കണ്ടു. ബോട്ട് ചെറുതായി ഒന്ന് തെന്നിയാല്‍ അയാള്‍ കടലില്‍ പോകും. ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി.  അനന്തമായ ജലപ്പരപ്പിലൂടെയുള്ള ബോട്ട് യാത്ര പ്രത്യേക അനുഭൂതിയാണ്. വെള്ളം ഇറങ്ങിയതിനാല്‍ ശ്രദ്ധിച്ചുവേണം മുന്നോട്ടുള്ള യാത്ര. പലപ്പോഴും ബോട്ട് ദിശകള്‍ മാറിമാറി നീങ്ങുന്നതായി കണ്ടു. പാറകളും മറ്റും ഒഴിവാക്കിക്കൊണ്ടുള്ള യാത്ര. ഒന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ അഗത്തിയില്‍ തിരിച്ചെത്തി. 
മടക്കയാത്രയ്ക്കുള്ള ദിവസമാണ്. 10.30-നാണ് എയര്‍ ഇന്ത്യയുടെ അഗത്തി-കൊച്ചി-ബാംഗ്ലൂര്‍ ഫ്‌ലൈറ്റ്. ലക്ഷദ്വീപിലെത്തിയപ്പോള്‍ കുറേ നല്ല മനുഷ്യരെ കാണാനിടയായി. സംസ്‌കാരമുള്ളവരായ സ്‌നേഹമുള്ള മനുഷ്യര്‍. ബാഗുകളെല്ലാം ഓട്ടോറിക്ഷയില്‍ കയറ്റി.  20 മിനിട്ട് കൊണ്ട് എയര്‍പോര്‍ട്ടിലെത്തി.  ചെറിയ എയര്‍പോര്‍ട്ട്. തലയില്‍ കാക്കി പര്‍ദ്ദയണിഞ്ഞ ഒരു വനിതാ പൊലീസുകാരി സെക്യൂരിറ്റി ചെക്കിംഗ് നടത്തുന്നതായി കണ്ടു. കൃത്യം 10.30-ന് വിമാനം ഉയര്‍ന്നുപൊങ്ങി. നാല് ദിവസത്തെ കടല്‍ യാത്രയ്ക്കുശേഷം ആകാശത്തിലൂടെയുള്ള വ്യോമയാത്രയില്‍ ലക്ഷദ്വീപുകളോട് വിടപറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com