ഭൂമിയുണ്ടാകും, പക്ഷേ നമ്മളുണ്ടാകില്ല

പാരിസ് ഉച്ചകോടിയില്‍ നിന്നു അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്ക് രാഷ്ട്രീയപ്രാധാന്യമേറെയാണ്.
ഭൂമിയുണ്ടാകും, പക്ഷേ നമ്മളുണ്ടാകില്ല

പാരിസ് ഉച്ചകോടിയില്‍ നിന്നു അമേരിക്ക പിന്‍മാറിയ പശ്ചാത്തലത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്ക് രാഷ്ട്രീയപ്രാധാന്യമേറെയാണ്. ഭൂമിയെന്ന ഗ്രഹത്തിന്റെ കോടാനുകോടി വര്‍ഷങ്ങളുടെ ചരിത്രത്തില്‍ കഴിഞ്ഞ വെറും 20 വര്‍ഷങ്ങള്‍ ഏല്പിച്ച ആഘാതത്തിന്റെ ഭീകരപ്രത്യാഘാതങ്ങളായി തിരിച്ചറിയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ശ്രദ്ധേയമായ ചില ചുവടുവയ്പ്പുകള്‍ നടത്തിയിരിക്കുകയാണ് ഉച്ചകോടി

കാലാവസ്ഥാവ്യതിയാനം ഒരു സിദ്ധാന്തമോ സങ്കല്പമോ അല്ല, പ്രളയവും വരള്‍ച്ചയുമായി നാമനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് ഇന്ന് തിരിച്ചറിയുന്ന കേരളത്തോട് ഇക്കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിന് ചിലത് പറയാനുണ്ട്. ഭൂമിയെന്ന ഗ്രഹത്തിന്റെ കോടാനുകോടി വര്‍ഷങ്ങളുടെ ചരിത്രത്തില്‍ കഴിഞ്ഞ വെറും 20 വര്‍ഷങ്ങള്‍ ഏല്പിച്ച ആഘാതത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളായി തിരിച്ചറിയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെ ഇപ്പോള്‍ വിളിക്കുന്നത്  'കാലാവസ്ഥാ പ്രതിസന്ധി' അഥവാ, 'കാലാവസ്ഥാ ദുരന്തം' എന്നാണ്.

അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തെ കരോലിനയെ പിടിച്ചുലച്ച 'ഫ്ളോറന്‍സ്' ചുഴലിക്കാറ്റും ഫിലിപ്പീന്‍സ് തീരങ്ങളില്‍ ആഞ്ഞടിച്ച 'മങ്കൂത്ത്' കൊടുങ്കാറ്റും മനുഷ്യരാശിയെ ഭയചകിതരും നിസ്സഹായരുമാക്കിയ ദിവസങ്ങളിലാണ് നാലായിരത്തില്‍പ്പരം കമ്പനികളും, നൂറിലേറെ രാഷ്ട്ര ഭരണാധിപന്‍മാരും പ്രതിനിധികളും, പ്രാചീന സമൂഹങ്ങളുടെ നേതാക്കളും, നിരവധിയായ സംഘടനകളും, ശാസ്ത്രജ്ഞരും, അക്കാദമിക ഗവേഷകരും, വിദ്യാര്‍ത്ഥികളും, കലാസാംസ്‌കാരിക പ്രവര്‍ത്തകരും സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുചേര്‍ന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവതരമായി നേരിടാന്‍ കാര്‍ബണ്‍ നിര്‍വ്യാപനം രണ്ടു ഡിഗ്രിക്കു താഴെയാക്കണമെന്ന താക്കീത് നിയോഗമായി ഏറ്റെടുത്ത പാരീസ് ഉച്ചകോടിയുടെ ഉടമ്പടിയില്‍നിന്നും തങ്ങള്‍ പിന്‍വാങ്ങുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വര്‍ഷം മുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാരീസ് തീരുമാനത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയുന്നുവെന്ന് ഏറ്റു പറഞ്ഞു കൊണ്ടാണ് സമ്മേളനത്തിന് കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ വേദിയൊരുങ്ങിയത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ സമ്മേളനത്തിന് മറ്റൊരു സവിശേഷതകൂടെയുണ്ടായിരുന്നു. ശാസ്ത്രജ്ഞരും ബഹുരാഷ്ട്ര കമ്പനികളും രാഷ്ട്രനേതാക്കളും കാര്‍ബണിന്റെയും ഹരിതഗൃഹവാതകങ്ങളുടെയും നിര്‍വ്യാപനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ഈ ഉച്ചകോടിയില്‍ പക്ഷേ, അവയെക്കാളും വിശ്വാസയോഗ്യമായി മുഴങ്ങിയ മറ്റു ചില ശബ്ദങ്ങളുണ്ടായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നെത്തിയ ഗോത്രസമൂഹ പ്രതിനിധികളും ആദിവാസി പ്രതിനിധികളും ഗ്രാമീണ ജനതയുടെ പ്രതിനിധികളും ഉയര്‍ത്തിയ ശബ്ദമായിരുന്നു അത്. അവര്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ചും അവരുടെ സാംസ്‌കാരിക ജൈവരൂപകങ്ങളെക്കുറിച്ചും പറഞ്ഞു. പ്രകൃതിയുടെ സംസ്‌കൃതിയെ നിരാകരിച്ചു കൊണ്ട് മുന്നേറിയ വികസനത്തിലെ കൊടുംപാതകങ്ങളെക്കുറിച്ച് അവര്‍ വിലപിച്ചു. പ്രകൃതിയിലേക്ക് മടങ്ങുന്ന ജീവിതം തങ്ങളുടെ അവകാശമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. വാസ്തവത്തില്‍, കേരളത്തിലെ സമീപകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന് ഈ സമ്മേളനത്തെ നോക്കുമ്പോള്‍ വന്‍ നേട്ടങ്ങളെന്ന് ഇവിടെ ഘോഷിക്കപ്പെട്ട തീരുമാനങ്ങളെക്കാള്‍ ഗോത്രസ്മൃതികളിലെ വിജ്ഞാനവും ശാസ്ത്രവുമാണ് കൂടുതല്‍ പ്രസക്തവും ശ്രദ്ധേയവുമായി തോന്നിയത്. അവയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ചില നിരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്.
എന്തുകൊണ്ട് കാലിഫോര്‍ണിയ?

ആപ്പിള്‍, ഹ്യൂലറ്റ് പാക്കാര്‍ഡ്, വാള്‍മാര്‍ട്ട്, ഗൂഗിള്‍ തുടങ്ങിയ ആഗോള കോര്‍പ്പറേറ്റുകളുടെ ആസ്ഥാനമായ കാലിഫോര്‍ണിയ ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തികളില്‍ ഒന്നാകുമ്പോഴും, ഈ വേനലില്‍ ഇവിടുത്തെ വിശാലമായ വനങ്ങളിലും മനുഷ്യവാസ മേഖലകളിലും എരിഞ്ഞുയര്‍ന്ന കാട്ടുതീ നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ തികച്ചും നിസ്സഹായരായിപ്പോയെന്ന ഞെട്ടിക്കുന്ന തിരിച്ചറിവും ഈ ആഗോള സമ്മേളനത്തിന് പിന്‍ബലമേകുന്നുണ്ട്. മാത്രമല്ല, പാരീസ് കാലാവസ്ഥ ഉച്ചകോടി രാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ വച്ച കാര്‍ബണ്‍ നിയന്ത്രണത്തിനായുള്ള കടുത്ത വെല്ലുവിളികളില്‍നിന്ന് പ്രസിഡന്റ് ട്രംപ് സ്വേച്ഛാപരമായ പിന്‍മാറ്റം നടത്തിയെന്നതും ഈ സമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. പ്രസിഡന്റ് ട്രമ്പിനെ 'നുണയനും കുറ്റവാളിയും വിഡ്ഢി'യുമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ കര്‍മ്മ സമ്മേളനത്തെ അഭിസംബോധന ചെയ്തത്. മാത്രമല്ല, 2045 എത്തുമ്പോഴേയ്ക്കും കാലിഫോര്‍ണിയ കാര്‍ബണ്‍ നിര്‍വ്യാപനത്തില്‍ പൂജ്യം എന്ന ലക്ഷ്യം കൈവരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. ഭൂമിയെന്ന ഗ്രഹത്തിന്റെ വാസയോഗ്യമായ നിലനില്പിന് അനിവാര്യമായ നടപടികളില്‍ നിന്നും വൈറ്റ് ഹൗസ് പിന്‍മാറിയപ്പോള്‍ തങ്ങള്‍ പിന്‍മാറിയിട്ടില്ലെന്ന് പ്രഖ്യാപിച്ചതിന്റെ തെളിവായി ഈ സമ്മേളനത്തെ വിശേഷിപ്പിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതനും മുഖ്യസംഘാടകപങ്കാളിയുമായ മൈക്കിള്‍ ബ്ലൂംബെര്‍ഗ് സംസാരിച്ചത്. നവംബറില്‍ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഈ സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ നിര്‍ണ്ണായകവുമാക്കുന്നു.

മിഷിഗണ്‍ ഗവര്‍ണര്‍ ജനിഫര്‍ ഗ്രാന്‍ഹോം സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ മുഖ്യ ആകര്‍ഷണമായിരുന്നു. കാലാവസ്ഥാ ദുരന്തങ്ങള്‍ വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യങ്ങളായി മനുഷ്യസമൂഹം അനുഭവിക്കുമ്പോള്‍, വാഷിങ്ങ്ടണ്‍ ഡി.സിയുടെ നിഷ്‌ക്രിയത്വത്തെ നോക്കിയിരിക്കാനാവില്ലെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. ''ഭൂമിയെ രക്ഷിക്കൂ എന്ന് ചിലര്‍ നിലവിളിക്കുന്നു,'' ഗ്രാന്‍ഹോം പറഞ്ഞു. ''ഭൂമിയിവിടെയുണ്ടാകും, അതിന്റെ എല്ലാ ദുര്‍ഗന്ധങ്ങളോടും മാലിന്യങ്ങളോടും ചേര്‍ന്ന് ഭൂമിയിവിടെയുണ്ടാകും. എന്നാല്‍ നമ്മളുണ്ടാവില്ല.'' അതിനാല്‍, നമുക്ക് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്. നമ്മള്‍ ഭൂമിയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നമുക്കു വേണം. ശൂന്യാകാശം ഈ ഗ്രഹത്തിനൊരു 'പ്ലാന്‍ ബി'യല്ല. ഒരു ആഫ്രിക്കന്‍ പഴമൊഴിയുണ്ട്: ''നമ്മള്‍ കാത്തിരുന്നാല്‍ നാളെ വരും; നമ്മള്‍ കാത്തിരുന്നില്ലെങ്കിലും നാളെ വരും.'' സമയം അതിക്രമിച്ചിരിക്കുകയാണ്. ശാസ്ത്രത്തിന് മനുഷ്യന്റെ ഏറ്റവും ഹീനമായ തിന്‍മയ്ക്ക് പരിഹാരം കണ്ടെത്താനായിട്ടില്ല. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ തീരൂ.'' ഹര്‍ഷാരവം നിറഞ്ഞ സദസ്സിനെ നോക്കി വികാരഭരിതയായാണ് അവര്‍ പറഞ്ഞത്. ശ്രദ്ധേയമായ ചില കാല്‍വയ്പ്പുകള്‍ക്ക് കാലിഫോര്‍ണിയ തുടക്കം കുറിക്കുകയാണ്.

ആനന്ദ് മഹീന്ദ്രയടക്കമുള്ള 24 ആഗോള കോര്‍പ്പറേറ്റ് മേധാവികള്‍ കാര്‍ബണ്‍ നിര്‍വ്യാപനത്തിനായി അവലംബിക്കുന്ന കടുത്ത നിയന്ത്രണപദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 'മിഷന്‍  2020' എന്നു പേരിട്ടിരിക്കുന്ന സംയുക്ത കരാറിന്റെ പ്രധാന ആസൂത്രകയായ ക്രിസ്റ്റീന ഫിഗറെസിന്റെ വാക്കുകളില്‍, ''നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ സ്വാധീനം നമ്മിലുണ്ടാക്കിയിരിക്കുന്ന ഫലങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളാല്‍ അടുത്ത തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക് വാസയോഗ്യമായ ഒരു ഗ്രഹത്തെ സമയബന്ധിതമായി നമുക്ക് കൈമാറാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ഈ കരാര്‍ നമുക്ക് നല്കുന്നത്.''

കാര്‍ബണ്‍ നിര്‍വ്യാപനത്തെ തടഞ്ഞു നിറുത്തുന്ന സംഭരണിയായി ബ്രസീലിലെ ആമസോണ്‍ കാടുകളെയും കാലിഫോര്‍ണിയയിലെ വനങ്ങളെയും സംരക്ഷിക്കാനുള്ള പദ്ധതിയുമായാണ് നോര്‍വേ സര്‍ക്കാരും നാച്ചുറല്‍ കാപ്പിറ്റല്‍ പാര്‍ട്ട്‌നേഴ്സും സമ്മേളനത്തിന്റെ ശ്രദ്ധ നേടിയത്. കാട് നശിപ്പിക്കപ്പെടുന്നത് തടയുന്ന പദ്ധതികള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. പുനചംക്രമണത്തിലൂടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കുകയും പ്രാദേശിക ഭക്ഷ്യോല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് അടുത്ത മുന്‍ഗണന. ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് വൈദ്യുതിയില്‍ അധിഷ്ഠിതമായ ഗതാഗതമാര്‍ഗ്ഗങ്ങളെ വ്യാപകമാക്കുകയാണ് മറ്റൊരു മുന്‍ഗണന. ശുദ്ധമായ ഊര്‍ജ്ജോല്‍പ്പാദനമാണ് കാര്‍ബണ്‍ നിര്‍വ്യാപനത്തെ തടയാനുള്ള പ്രധാന മാര്‍ഗ്ഗമായി പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.

ഇന്ത്യയുടെ പ്രാതിനിധ്യം
അമേരിക്കയിലെ പ്രകൃതി വിഭവ സംരക്ഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത 'ഫോറം ഓണ്‍ ഇന്ത്യ ക്ലൈമറ്റ് ആക്ഷന്‍' എന്ന സംരംഭമാണ് ഇന്ത്യയുടെ പ്രാതിനിധ്യം ഈ സമ്മേളനത്തില്‍ അറിയിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുജാത സൗനികിന്റെ പ്രഖ്യാപനമായിരുന്നു ഇന്ത്യയുടെ കാലാവസ്ഥാ പദ്ധതിയായി അറിയിച്ചത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളും 30 നഗരങ്ങളും ഉഷ്ണ നിയന്ത്രണ പരിപാടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ബോധവല്‍ക്കരണം, കാലാവസ്ഥാ മുന്നറിയിപ്പു പദ്ധതികള്‍, ആരോഗ്യപരിപാലകരെ വിന്യസിക്കല്‍, ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയ പരിപാടികളാണത്രേ ആവിഷ്‌കരിക്കുന്നത്. ഔദ്യോഗികമായി പങ്കെടുക്കുന്നവരില്‍ നാസിക്കിലെയും പൂനായിലെയും മേയര്‍മാരുടെ പേരുകള്‍ മാത്രമാണുണ്ടായിരുന്നത്.
ഭാവിയിലേക്കു നോക്കുമ്പോള്‍

ആഗോള കാലാവസ്ഥാ കര്‍മ്മസമ്മേളനം സമാപിച്ചത് ശക്തവും പ്രതിജ്ഞാബദ്ധവുമായ ചില പ്രഖ്യാപനങ്ങളോടെയാണ്. കാലാവസ്ഥാ പ്രതിസന്ധി നമ്മില്‍നിന്ന് ഏറ്റവും വേഗതയാര്‍ന്ന കര്‍മ്മങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നു. കാരണം, മനുഷ്യന്‍ ഭൂമിയിലേല്പിക്കുന്ന ആഘാതത്തിന്റെ ഫലമായി രോഗങ്ങള്‍, പട്ടിണി, യുദ്ധങ്ങള്‍, അഭയാര്‍ത്ഥി പ്രതിസന്ധികള്‍, ഉപജീവന മാര്‍ഗ്ഗ നിരാസങ്ങള്‍ എന്നിവ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്നു. വെള്ളപ്പൊക്കം, ഉഷ്ണതരംഗം, കൊടും വരള്‍ച്ച, കാട്ടുതീ എന്നിവ ആയിരക്കണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കുന്നത്. ഈ ദുരന്തം ഏറ്റവുമധികം അനുഭവിക്കുന്നത് ദരിദ്രരും ദുര്‍ബല വിഭാഗങ്ങളുമാണ്. അതിനാല്‍, ഇത് കര്‍മ്മവഴികളിലേക്കിറങ്ങേണ്ട സമയമാണ്. ആഗോള സഹകരണത്തിലുറച്ച ക്രിയാത്മക നടപടികളിലൂടെ നമൊന്നിച്ച് സമൂഹങ്ങളെയും ഊര്‍ജ്ജോല്‍പ്പാദന സംവിധാനങ്ങളെയും ജീവവ്യവസ്ഥയ്ക്കനുകൂലമാക്കി മാറ്റും. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കും. സമുദ്രങ്ങളെയും പരിസ്ഥിതിയെയും സംശുദ്ധമാക്കും. പൂര്‍ണമായും പൂജ്യം  കാര്‍ബണ്‍ ലോകത്തിലേക്ക് നാമെത്തും. ഇതായിരുന്നു ആഗോള കാലാവസ്ഥാ കര്‍മ്മ സമ്മേളനത്തിന്റെ ഒടുവില്‍ അംഗങ്ങളെടുത്ത പ്രതിജ്ഞാബദ്ധമായ തീരുമാനം.

കാര്‍ബണ്‍ നിര്‍വ്യാപനത്തെ പാരിസ് ഉടമ്പടി നിര്‍ദ്ദേശിച്ച രണ്ടു ഡിഗ്രിയില്‍ താഴെ എന്നതില്‍നിന്നും ഒരു പടി കൂടെ കടന്ന് 1.5 ഡിഗ്രിയിലേക്കും താഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്തുടരുകയെന്ന് സംയുക്ത തീരുമാനത്തില്‍ രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 1992-ല്‍ ഐക്യരാഷ്ട്രസഭ ഫിജിയില്‍ വിളിച്ചു ചേര്‍ത്ത ആസൂത്രണ കണ്‍വെന്‍ഷനെ തുടര്‍ന്നുള്ള പങ്കാളിത്ത രാഷ്ട്രങ്ങളുടെ ഇരുപത്തിനാലാം വാര്‍ഷിക സമ്മേളനത്തെ മുന്‍നിറുത്തിയാണ് കാലാവസ്ഥാ കര്‍മ്മസമ്മേളനം സമാപിച്ചത്. എല്ലാ പങ്കാളികള്‍ക്കും തുല്യ പ്രാധാന്യം നല്‍കി എല്ലാവരെയും ശ്രവിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഫിജിയന്‍ സംഭാഷണകലയായ 'തലനോവാ' മാതൃകയിലാണ് cop 24പതിപ്പും നടക്കുക. കാലാവസ്ഥാ സുരക്ഷിതമായ പുതിയ ലോകത്തേക്ക് നയിക്കാനുള്ള കാല്‍വയ്പ്പുകള്‍ ചടുലമാകട്ടെയെന്ന ആഹ്വാനത്തോടെയാണ് സമ്മേളനത്തിന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ തിരശ്ശീല വീണത്. കേരളം നേരിട്ട കാലാവസ്ഥാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവന ചിന്തകളുടെയും മാര്‍ഗ്ഗങ്ങളുടെയും സ്വഭാവവും ദിശയും ഏതായിരിക്കണമെന്ന് ഈ സമ്മേളനം ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലെ ഒരു പുരാതന ഗോത്രമായ വിന്നെമെം വിന്റു അതിന്റെ സ്മൃതികളില്‍ നിന്നു കണ്ടെടുക്കുന്ന പാഠങ്ങള്‍ നമുക്കും വഴികാട്ടിയായേക്കും.

കലീന്‍ സിസ്‌ക്: ഗോത്ര വിജ്ഞാനത്തിന്റെ 
കാവലാള്‍

ലീന്‍ സിസ്‌കിനെ പരിചയപ്പെടുന്നതിനു മുമ്പേ വിന്നെമെം വിന്റുവെന്ന അവരുടെ ഗോത്രത്തെയും അവര്‍ കൈമാറുന്ന സ്മൃതികളുമറിയണം. ഓരോ ഗോത്രത്തിനുമുള്ളതുപോലെ വിന്നെമെം വിന്റുവിനുമുണ്ടൊരു സൃഷ്ടിപുരാണം. വടക്കന്‍ കാലിഫോര്‍ണിയായിലെ ഷാസ്റ്റ പര്‍വ്വതത്തില്‍ നിന്നൊഴുകിയിരുന്ന അരുവികളിലാണ് എല്ലാ ജീവികളും ഉത്ഭവിച്ചത്. അന്നു മനുഷ്യര്‍ക്ക് ശബ്ദമില്ലായിരുന്നു. എന്നാല്‍ വിശാലഹൃദയരായ സാമണ്‍ മത്സ്യങ്ങള്‍ അവരുടെ ശബ്ദം മനുഷ്യര്‍ക്കു നല്‍കി. പ്രത്യുപകാരമായി സാമണു വേണ്ടി തങ്ങള്‍ സംസാരിച്ചുകൊള്ളാം എന്നു മനുഷ്യര്‍ വാഗ്ദാനം ചെയ്തു. വിന്നെമെം വിന്റു ഗോത്രത്തിലുള്ളവര്‍ ആ വാഗ്ദാനം എന്നുമോര്‍ത്തു. അവര്‍ മേഘങ്ങളെ നോക്കി പ്രാര്‍ത്ഥിച്ചു. തലമുറകള്‍ അങ്ങനെ കടന്നു പോയി.

കലീന്‍ സിസ്‌ക്
കലീന്‍ സിസ്‌ക്

സാമണുകള്‍ വിശ്വസ്തരായ മത്സ്യങ്ങളാണ്. അവര്‍ മുട്ട വിരിഞ്ഞ് നീന്താറാകുമ്പോള്‍ പുഴയിലൂടെ പോവുകയായി. പസഫികിന്റെ ആഴങ്ങളിലേക്കും വിശാലതയിലേക്കും അവര്‍ യാത്ര പോകും. എല്ലാ യാത്രയും അവസാനിക്കുന്നത് തുടങ്ങിയിടത്തു തന്നെയായിരിക്കണമെന്ന് സമണുകള്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ തങ്ങളുടെ പിറന്നയിടങ്ങളിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ വന്നുകൊണ്ടിരുന്നു. ഒഴുക്കിനെതിരെ നീന്തിയും ചാടിയും അതിനിടയില്‍ നിരവധി പക്ഷിമൃഗാദികള്‍ക്ക് ഇരയായും സാമണുകള്‍ മടങ്ങിക്കൊണ്ടിരുന്നു. ആയിരത്തിലൊന്നോ രണ്ടോ എന്ന ക്രമത്തില്‍ അവര്‍ തിരികെയെത്തി. പെണ്‍മത്സ്യമിടുന്ന മുവായിരത്തിലേറെ മുട്ടകള്‍ക്ക് ആണ്‍ മത്സ്യം കാവല്‍ നിന്നു. ഒടുവില്‍ അവര്‍ അവിടെ മരിച്ചുവീണഴിഞ്ഞു. അവരുടെ കുഞ്ഞുങ്ങള്‍ നാലു മാസങ്ങള്‍ക്കു ശേഷം സ്വന്തം മാതാപിതാക്കളുടെ ശരീരാവശിഷ്ടങ്ങളില്‍ വിരിഞ്ഞ് വളര്‍ന്നു. ചിറകുകളും വാലുകളും ദൃഢമായപ്പോള്‍ അവര്‍ സമുദ്രായനം തുടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങുന്ന അതേ കാലചക്രചംക്രമണത്തില്‍ സാമണുകളും മനുഷ്യരും സമുദ്രവും പുഴയും മറ്റു ജീവജാലങ്ങളും ഒരേ ജീവിതം കണ്ടു. 

1872-ല്‍ വിന്നെമെം ജനത തങ്ങളുടെ സാമണുകള്‍ക്ക് മുട്ടയിട്ടു പെരുകാന്‍ ഒരു സങ്കേതം പുഴയോരത്ത് പണിതീര്‍ത്തു. ലോകത്തിലെ സകല സമുദ്രങ്ങളും സഞ്ചരിച്ച് മടങ്ങാന്‍ സാമണുകള്‍ക്കുള്ള സഹായമായിരുന്നു അത്. എന്നാല്‍, അതേസമയം കാലിഫോര്‍ണിയയിലടക്കം ഭൂഖണ്ഡത്തിലെ മുഴുവന്‍ ഗോത്രങ്ങളെയും ഉന്‍മൂലനം ചെയ്ത് ഭൂമി പിടിച്ചെടുത്തവര്‍ ഈ പവിത്ര ബന്ധങ്ങളൊന്നുമറിയാത്തവരായിരുന്നു. എന്നിട്ടും പുഴയൊഴുകി. സാമണുകള്‍ പുഴയിലൂടെ പസഫിക്കിലേക്കും തിരിച്ചും സഞ്ചരിച്ചുകൊണ്ടിരുന്നു. തെറ്റാതെ പിന്തുടര്‍ന്നുകൊണ്ടിരുന്ന ഈ ചംക്രമണത്തിന് പക്ഷേ, 1945-ല്‍ ഒരു മാറ്റമുണ്ടായി. ഷാസ്റ്റ പര്‍വതനിരകളില്‍ നിന്നൊഴുകിയ നദിയെ തടഞ്ഞുകൊണ്ട് അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാത് ആ വര്‍ഷമായിരുന്നു. അവശേഷിച്ച ഗോത്രവര്‍ഗ്ഗക്കാര്‍ അവരുടെ ആവാസ കേന്ദ്രങ്ങള്‍ വിട്ട് ജീവനുവേണ്ടി എങ്ങോട്ടൊക്കെയോ പലായനം ചെയ്തു. സാമണുകള്‍ക്ക് അണക്കെട്ട് കടന്ന് പുഴയിലെത്താന്‍ കഴിയാതെയുമായി. ഉന്‍മൂലനത്തെ അതിജീവിച്ച ശുഷ്‌കരായിത്തീര്‍ന്ന വിന്നെമെം ജനത ചിതറിക്കപ്പെട്ടവരായി. അവര്‍ക്കു പുഴയില്ലാതെയായി; ആചാരങ്ങള്‍ നഷ്ടപ്പെട്ടു; സാമണുകള്‍ക്കു കൊടുത്ത വാക്ക് പാലിക്കാനുമാകാതെയായി. 

എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം കലീന്‍സിസ്‌കിന്റെ നേതൃത്വത്തില്‍ സാമണുകളെ തിരികെ കൊണ്ടുവരാന്‍ ഐതിഹാസികമായ ഒരു ശ്രമമാരംഭിച്ചു. ന്യൂസിലന്റിലെ തെക്കേ ദ്വീപുകള്‍ക്കരികില്‍ അവരുടെ സാമണുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതറിഞ്ഞ് അവരെ തിരികെ തങ്ങളുടെ ഭവനത്തിലേക്കാനയിക്കാന്‍ വിന്നെമെം വിന്റു സ്ത്രീകളും മറ്റുള്ളവരും പുറപ്പെട്ടു. 2016 മുതല്‍ സാമണുകളെത്തേടിയുള്ള പ്രയാണം ഓരോ വര്‍ഷവും അവര്‍ തുടരുന്നു. ''ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്,'' കലീന്‍ പറഞ്ഞു. 'ഇവിടുത്തെ സര്‍ക്കാരും സമൂഹവും എന്തു ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കിത് പവിത്രമായ കര്‍മ്മവും അതിജീവനത്തിനായുള്ള സാഹസവുമാണ്.'


ഈ പുരോഗമനത്തിന്റെ അവസാനമെന്ത്?- കലീന്‍ സിസ്‌ക്

ഞാന്‍ മഷാന്റയില്‍ നിന്നാണ്. എന്റെ ജനങ്ങളുടെ അഞ്ചാമത്തെ ഗോത്രാധിപയാണ് ഞാന്‍. ഞങ്ങളുടെ ഗോത്രത്തില്‍നിന്ന് പലയിടങ്ങളിലായി ചിതറിപ്പോയവര്‍ കാലിഫോര്‍ണിയയിലെ ഈ പ്രദേശത്തേക്ക് തിരിച്ചെത്തുകയാണ്. കാലിഫോര്‍ണിയയുടെ ആദ്യത്തെ നിയമനിര്‍മ്മാണം ഞങ്ങളുടെമേല്‍ ഏല്പിച്ച വംശീയ ഉന്മൂലനത്തോടെ ഞങ്ങള്‍ ന്യൂനപക്ഷമായി. ഗോത്രവര്‍ഗ്ഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. പുരുഷന്‍മാര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, പിറന്നു വീണ ശിശുക്കള്‍, പിറക്കാനിരുന്നവര്‍, എല്ലാവരെയും അവര്‍ വേട്ടയാടി കൊന്നു. ചിതറിയോടി രക്ഷപ്പെട്ടവരില്‍ ചിലര്‍ മാത്രം പലയിടങ്ങളിലായി അവശേഷിച്ചു. ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാന്‍ തുടങ്ങി. ഞങ്ങള്‍ വീണ്ടും ഒരു ഗോത്രമാകുന്നതാണ് സ്വപ്നം.

ഇപ്പോഴും നിയമം അങ്ങനെ തന്നെയാണോ?
ഞാനിന്നും ആ നിയമവുമായി പോരാട്ടത്തിലാണ്. വിശുദ്ധമായ ഈ ഭൂമിയില്‍ നടത്തേണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ അനുവദിക്കാത്ത നിയമത്തിനെതിരാണ് ഞാന്‍. ഒരുമിച്ചു ചേര്‍ന്ന് ഒരു സമൂഹമായി മുന്നോട്ടു പോകാന്‍ ബദ്ധപ്പെടുമ്പോള്‍, നിയമം ഞങ്ങള്‍ക്കെതിരാകുന്നു. ഫെഡറല്‍ നിയമങ്ങള്‍ ഞങ്ങളെ തിരിച്ചറിയാതെ പോകുന്നു. അവകാശങ്ങളുണ്ടെന്ന് സമ്മതിച്ചു തരാതിരിക്കുന്നു. അതേ സമയം ഗോത്ര നിയമനിര്‍മ്മാണത്തിന് ഞങ്ങള്‍ക്ക് അനുവാദമില്ലാതെയും പോകുന്നു. ഞങ്ങള്‍ ഒരു വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള മതസമൂഹമല്ല. ഞങ്ങള്‍ക്ക് കെട്ടിയുണ്ടാക്കിയ ദേവാലയങ്ങളോ ആരാധനാലയങ്ങളോ ഇല്ല. അതിനാല്‍ അമേരിക്കന്‍  ഇന്ത്യന്‍ മതസ്വാതന്ത്ര്യ നിയമം ഞങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. നിയമത്തിന്റെ കണ്ണില്‍ ഞങ്ങളെ തിരിച്ചറിയാന്‍ അടയാളങ്ങളില്ല. ഞങ്ങള്‍ എത്ര പേരുണ്ടെന്നോ, എവിടെയാണെന്നോ, ഞങ്ങളുടെ പ്രശ്‌നങ്ങളെന്തെന്നോ, ഞങ്ങളെങ്ങനെ ജീവിക്കുന്നുവെന്നോ തിരിച്ചറിയാന്‍ ഇവിടെ നിയമങ്ങളോ സംവിധാനങ്ങളോ ഇല്ല. ഞങ്ങള്‍ക്കിവിടെ ഭൂമിയില്‍ ജീവിക്കേണ്ടതുണ്ട്; ഞങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും തിരിച്ചുപിടിക്കേണ്ടതുണ്ട്; ഞങ്ങളൊരു ജനവിഭാഗമായി തിരിച്ചു വരേണ്ടതുണ്ട്; ഭൂപടത്തില്‍ ഞങ്ങളുടെ ഇടവും രേഖപ്പെടുത്തേണ്ടതുണ്ട്.

നിങ്ങളുടെ സമൂഹം എങ്ങനെയാണ് അവകാശങ്ങള്‍ക്കായി പോരാടുന്നത്?
 ഈ ആവശ്യം യു.എന്നില്‍പ്പോലും ഉന്നയിച്ചതാണ്. ഒരു സമൂഹവും ഗോത്രവിഭാഗവുമായി ഞങ്ങളെ തിരിച്ചറിയുകയും ജീവിക്കാനുള്ള സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ആവശ്യം. എന്നാല്‍, ഒരു പോരാട്ടമായി ഇതു മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കാരണം, എനിക്കു മുന്‍പുണ്ടായിരുന്ന ഗോത്രാധിപ ചോദിച്ചു: ''നമ്മളെന്തിന് പോരാടണം? നമ്മെ ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാനുദ്ദേശിച്ചിറങ്ങിയ ഒരു രാജ്യത്തോട് നാമെന്തിന് പോരാടണം? നമുക്കവരെ എത്രത്തോളം വിശ്വസിക്കാം? ഇപ്പോള്‍ അവര്‍ സാങ്കേതിക വിദഗ്ദ്ധര്‍ കൂടെയാണ്!'' അതു കൊണ്ട് പോരാട്ടം ഞങ്ങളുടെ മാര്‍ഗ്ഗമല്ല.

പിന്നെയെങ്ങനെയാണ് നിങ്ങള്‍ മുന്നോട്ടു പോകുക?
ഞാനൊരു കഥ പറയാം. പൗരാവകാശം നടപ്പിലാക്കിയ 1928-ല്‍ ഇവിടെ 'കാലിഫോര്‍ണിയ സമതലഭൂമി' എന്ന പേരില്‍ ഒരു കേസുണ്ടായിരുന്നു. 1972-ലാണ് അതവസാനിച്ചത്. അതില്‍ മൂന്നു കാര്യങ്ങളാണ്  വിധിച്ചത്: ഒന്നാമതായി, കാലിഫോര്‍ണിയ സര്‍ക്കാരിനു മുന്‍പില്‍ ഞങ്ങള്‍ 1950-നു മുന്‍പേ ഇവിടെ താമസിച്ചിരുന്നവരായിരുന്നു എന്നു തെളിയിക്കണം; രണ്ടാമതായി, ഇതേ കാര്യം ഞങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിനു മുന്‍പിലും തെളിയിക്കണം; മൂന്നാമതായി, ഞങ്ങള്‍ ഒരു ഗോത്ര സമൂഹത്തില്‍ പെടുന്നവരാണെന്നും തെളിയിക്കണം. ഇത് ഞങ്ങളുടെ തിരിച്ചറിയലിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടമായി മാറി. അങ്ങനെ ഞങ്ങള്‍ കുറേപ്പേര്‍ അതിലൂടെ കടന്നു പോയി. എനിക്കും എന്റെ തലമുറയില്‍പ്പെട്ട ചിലര്‍ക്കും അങ്ങനെ ഒരു നമ്പര്‍ കിട്ടി. എന്നാല്‍, ഞങ്ങളായിരുന്നു അങ്ങനെ നമ്പര്‍ കിട്ടിയ അവസാനത്തെ പൗരന്‍മാര്‍. ഈ സംവിധാനങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയപ്പെടുന്നവര്‍ ഞങ്ങളില്‍ ചിലര്‍ മാത്രം. ഞങ്ങളില്‍ ചിലര്‍ക്കു മാത്രം ഒരു നമ്പര്‍! എന്താണിതിന്റെ അര്‍ത്ഥം? അസംബന്ധമല്ലേ? ഞങ്ങള്‍ ഇക്കാര്യം ജനീവയിലുന്നയിച്ചു. ഞങ്ങളുടെ അവകാശങ്ങളെന്തെന്ന് ഞങ്ങള്‍ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ ഭാവി തലമുറയ്ക്ക് അവരുടെ വിശ്വാസത്തിലും ജീവിതത്തിലും വളര്‍ന്നു വരാന്‍ ആരോടാണ് പോരാടേണ്ടത്? ഞങ്ങളുടെ ഗോത്രത്തെ നിസ്സാരമാക്കി തീര്‍ത്തുകളയുന്നത് ഞങ്ങള്‍ സഹിക്കണമെന്നോ? അതിനാല്‍, ഞങ്ങളെ മനുഷ്യരായി കണക്കാക്കാത്ത നിയമങ്ങളെ ഞങ്ങള്‍ക്ക് ലംഘിക്കേണ്ടി വരും.

നിയമലംഘനവും ഒരു സമരമാര്‍ഗ്ഗമല്ലേ? ഇന്ത്യയില്‍ ഗാന്ധിയും അതു സ്വീകരിച്ചിരുന്നു.
എന്റെ മുത്തശ്ശി 1888-ല്‍ ജീവിച്ചിരുന്നു. ഒരു നൂറ്റാണ്ടിന്റെ മാറ്റത്തിലൂടെ അവര്‍ കടന്നു പോവുകയായിരുന്നു. ബസില്‍ ആദ്യമായി കയറിയതിനെപ്പറ്റി അവര്‍ പറഞ്ഞു. അവരെ വിചാരണയ്ക്ക് കൊണ്ടുപോയതായിരുന്നു അത്. അവര്‍ അമ്പരന്നു പോയി. തന്നെ ചന്ദ്രനിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ കരുതി. അത്രയും വേഗമായിരുന്നു അവരുടെ യാത്രയ്ക്ക്. അത്രയും അപരിചിതമായിരുന്നു അവര്‍ കണ്ട പട്ടണക്കാഴ്ചകള്‍! ഇതെല്ലാം സംഭവിക്കുമ്പോള്‍ എന്താണ് തങ്ങള്‍ ചെയ്യുന്നതെന്ന് മുത്തശ്ശിയെ പിടിച്ചവര്‍ക്കോ വിചാരണ ചെയ്യുന്നവര്‍ക്കോ അറിയില്ലായിരുന്നു. ഞാനന്ന് മുത്തശ്ശിയോട് നിയമങ്ങളെക്കുറിച്ച് ചോദിച്ചു. തനിക്ക് അവരുടെ നിയമങ്ങളൊന്നും ഇഷ്ടപ്പെട്ടില്ലെന്ന് അവര്‍ പറഞ്ഞു. മനുഷ്യരെ തരംതിരിക്കുന്ന നിയമങ്ങളായിരുന്നു അവ. പണം മാത്രമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ഗോത്രങ്ങളിലുള്ളവര്‍ ആ നിയമങ്ങളെ എതിര്‍ത്തു. എതിര്‍ത്തവരെല്ലാം ഭൂമുഖത്തു നിന്നു തൂത്തു മാറ്റപ്പെട്ടു. 

ഇന്നും അത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നു. മനുഷ്യനും നദിയും മരങ്ങളും മത്സ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയാത്ത നിയമങ്ങള്‍. അവ മാറ്റേണ്ടതുണ്ട്. ലോകം മുഴുവനും ചില ധീരശാലികള്‍ ഈ പ്രകൃതി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രംഗത്തു വരുന്നുണ്ട്. എന്റെ പ്രതീക്ഷ അതിലാണ്. മാനവ സമൂഹ നിര്‍മ്മിതിക്കെതിരായ നിയമങ്ങള്‍ ലംഘിക്കപ്പെടണം; തിരുത്തപ്പെടണം.

കാലത്തിനനുസരിച്ചുള്ള വികസനോന്മുഖമായ മാറ്റങ്ങളും നിയമങ്ങളുമെന്നല്ലേ ഭരണകൂടങ്ങള്‍ വാദിക്കുന്നത്?

അതാണവരുടെ വാദം. ഈ ലോകത്തിലെ ജീവഘടകങ്ങള്‍ മുഴുവന്‍ ചൂഷണം ചെയ്ത് സമ്പാദിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം സേവനത്തിനു മാറ്റി വയ്ക്കുന്നു, പ്രകൃതിസംരക്ഷണത്തിനു നല്‍കുന്നു എന്നതിലെ യുക്തിയെന്താണ്? ശാസ്ത്രജ്ഞര്‍ കരുതുന്നത് അവര്‍ ലോകത്തെ മാറ്റുകയാണെന്നാണ്. യഥാര്‍ത്ഥ മാറ്റം അതിന്റെ സ്രഷ്ടാവില്‍ നിന്നുണ്ടാകുന്നതാണ്. അതില്ലാത്ത മാറ്റങ്ങള്‍ തലതിരിഞ്ഞതാകാനേ തരമുള്ളൂ. സാമണ്‍ മത്സ്യങ്ങളെക്കുറിച്ച് ഇപ്പോഴാണ് ശാസ്ത്രജ്ഞര്‍ പഠിക്കുന്നത്. ഞങ്ങളുടെ ഗോത്രസ്മൃതികളുടെ ഭാഗമായിരുന്നു സാമണുകള്‍. കടല്‍വെള്ളത്തില്‍ പോയി തിരികെ ശുദ്ധജലത്തിലേക്കു വരുമ്പോള്‍ അവയുടെ ശരീരം തീരെ ദുര്‍ബലമായിരിക്കും. അവയുടെ പിറന്നയിടത്തേക്കുള്ള വരവ് അത്രയേറെ ദീര്‍ഘമാണ്. പസഫിക്കിന്റെ തീരം ചേര്‍ന്നുള്ള അവരുടെ പ്രയാണം ഈ നാടിനും തീരപ്രദേശത്തെ ജീവവ്യവസ്ഥയ്ക്കും അത്രയേറെ പ്രധാനപ്പെട്ടതാണ്. ആര്‍ക്കാണ് അതിന്റെ ശാസ്ത്രമറിയുന്നത്? മത്സ്യങ്ങള്‍ തിരികെ വരികയാണ്. അവയുടെ ശരീരമാകെ രൂപാന്തരപ്പെട്ടിട്ടുണ്ടാകും. നദിയുടെ ഒഴുക്കിനെതിരെയാണ് അവ നീന്തുന്നത്. തടസ്സങ്ങള്‍ക്കു മുകളിലൂടെ ചാടിയാണ് അവ സഞ്ചരിക്കുന്നത്. എന്തിനാണത്? ആ സഞ്ചാരപഥത്തിലെ എത്രയേറെ ജീവവര്‍ഗ്ഗങ്ങളെയാണ് അവ പോറ്റുന്നതെന്നറിയാമോ? സാമണുകളാണ് ഏറ്റവുമധികമായി തങ്ങളെ മറ്റുള്ളവര്‍ക്കായി നല്കുന്നവര്‍. 

കാലാവസ്ഥാ ദുരന്തത്തെ അതിജീവിച്ച ഒരു ജനത എന്തു ചെയ്യണം?
നിങ്ങളുടെ ഗോത്രസ്മൃതികളിലേക്കു മടങ്ങണം. കൊടുക്കുന്നത് ഉറപ്പാക്കുന്ന നിയമങ്ങളുണ്ടാക്കണം. ഈ ലോകത്തെ മുഴുവന്‍ തകര്‍ക്കുന്ന സാമ്പത്തിക നിയമങ്ങളെ നിരാകരിക്കുന്ന ഗോത്ര സംസ്‌കൃതിയിലേക്ക് നാം മടങ്ങണം. കാലിഫോര്‍ണിയയ്ക്ക് ഇന്നൊരു അഹങ്കാരമുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സാമ്പത്തിക വ്യവസ്ഥയാണത്രേ അവര്‍. ഈ ഉറ്റം കൊള്ളല്‍ കൊണ്ട് എന്തു മാറ്റമുണ്ടാക്കാന്‍ കഴിയും? കൊടുക്കുന്നതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാന്‍ കഴിയും? സമ്പാദിച്ച്, സമ്പാദിച്ച്... ആമസോണ്‍കാരന്‍ ഏറ്റവുമധികം വസ്തുക്കള്‍ വിറ്റ് ബില്യണുകള്‍ സമ്പാദിച്ച്... എവിടെയാണവസാനം? നമ്മുടെ മക്കള്‍ പട്ടിണിയിലാണ്. അവര്‍ക്കു കൊടുക്കേണ്ടതില്ലേ? പുരോഗമനത്തിന്റെ അവസാനമെന്താണ്?

ഗോത്ര സംസ്‌കൃതിയില്‍ നിന്നു തുടങ്ങാം: ഡോ. ദാന സാറ്റ്നര്‍
യൂണിവേഴ്സിറ്റി ഓഫ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ അന്താരാഷ്ട്ര പഠനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രൊഫസറും അന്താരാഷ്ട്ര നിയമ വിദഗ്ദ്ധയുമാണ് ഡോ. ദാന സാറ്റ്നര്‍. കാലാവസ്ഥാ സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റിയില്‍ നടന്ന അക്കാദമിക ചര്‍ച്ച നയിച്ചത് പ്രൊഫ. സാറ്റ്നര്‍ ആയിരുന്നു. 
ലോകമെമ്പാടും ഗോത്രവര്‍ഗ്ഗക്കാരും ആദിവാസികളും ഗ്രാമീണരും മുന്നോട്ടുവന്നു കൊണ്ടിരിക്കുകയാണ്. എന്താണവര്‍ ലോകത്തോടു പറയുന്നത്?
അവരുടെ ഇടത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമാണ് അവര്‍ പറയുന്നത്. അവരില്‍നിന്ന് തട്ടിയെടുത്ത ഭൂമിയെക്കുറിച്ചും അവര്‍ക്ക് നഷ്ടപ്പെടുത്തിയ ജൈവ സംസ്‌കൃതിയെക്കുറിച്ചും അവര്‍ പറയുന്നു. അവരുടെ ദൈവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പറയുന്നു. അത് മനുഷ്യവംശത്തിന്റെ പ്രാചീന സ്വരമാണ്. ഭരണകൂടങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ സ്വരം.

ഡോ. ദാന സാറ്റ്നര്‍
ഡോ. ദാന സാറ്റ്നര്‍


ഇതിനെന്തെങ്കിലും ഫലം കാണാന്‍ കഴിയുന്നുണ്ടോ?
ആക്ടിവിസ്റ്റുകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇടപെടലുകളുടെ ഫലമായി ഭൂമിയും ജലസ്രോതസ്സുകളും ഗോത്രസമൂഹങ്ങളും തമ്മിലുള്ള ജീവല്‍ബന്ധത്തെ തുറന്നു കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരം ഇടപെടലുകള്‍ നിയമനിര്‍മ്മാതാക്കളുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുമുണ്ട്. 
പ്രകൃതിയുടെ അവകാശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നിയമങ്ങളുണ്ടോ?
അടുത്തകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. പ്രകൃതിക്ക് അതില്‍ത്തന്നെ അവകാശങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറായി വരുന്നുണ്ട്. ഇവിടെ, നിയമനിര്‍മ്മാണ സഭയില്‍, മരങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. നദികള്‍ക്കുമുണ്ട് അവകാശങ്ങള്‍. അതിനാല്‍ നദികളെ മലിനമാക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇവിടെ നിയമങ്ങളുണ്ട്. പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളാണിവ. നമ്മുടെ ചിന്തകള്‍ വിശാലമായ തലത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. അതിനു നാം ആദ്യം കേള്‍ക്കേണ്ടത് ഗോത്ര സമൂഹങ്ങളെയും ആദിവാസികളെയും ഗ്രാമീണരെയുമാണ്.


'ഹിക്യാനാലിയ'
സമുദ്രം, കാലാവസ്ഥ, ജീവന്‍ ഇവ തമ്മിലുള്ള ജൈവീയബന്ധത്തിന്റെ പ്രതീകമായിരുന്നു 'ഹിക്യാനാലിയ'യുടെ വരവ്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട ഹവായില്‍നിന്ന് പുറപ്പെട്ട പായ്വഞ്ചിയാണ് 'ഹിക്യാനാലിയ.' 2500 മൈലുകള്‍ കാറ്റിന്റെ ഗതിയില്‍ താണ്ടി സാന്‍ ഫ്രാന്‍സിസ്‌കോയുടെ തീരത്ത് നങ്കൂരമിട്ടപ്പോള്‍ ആവേശത്തോടെയാണ് ഗ്ലോബല്‍ കാലാവസ്ഥാ കര്‍മ്മസമ്മേളനത്തിന്റെ പ്രതിനിധികള്‍ എതിരേറ്റത്. പോളിനേഷ്യന്‍ വോയേജിങ് സൊസൈറ്റിയുടെ പ്രസിഡന്റും 'ഹിക്യാനാലിയ'യുടെ നാവിഗേറ്ററുമായ നൈനോവ തോംസണെ കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ തന്നെ പരിചയപ്പെടുത്തി. 'ഹിക്യാനാലിയ' സമുദ്രഗവേഷണ യാത്രയും സമുദ്ര സംരക്ഷണ യാത്രയുമായിരുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ വിശ്വസിച്ച നക്ഷത്രത്തിന്റെ പേരായ 'ഹിക്യാനാലിയ' പോളി നേഷ്യന്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പൗരാണിക ജ്ഞാനത്തിന്റെ പ്രതീകം കൂടെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com