എന്നെക്കുറിച്ച് അവനെന്തിന് ഇത്രയേറെ പറഞ്ഞു

ന്യൂസ് 18-ല്‍ ഞാന്‍ അവതരിപ്പിക്കുന്ന 'സാക്ഷി' എന്ന പരിപാടി പുന:സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ബ്രേക്കിംഗ് ന്യൂസ് വന്നത്-ബാലഭാസ്‌കര്‍ അന്തരിച്ചു.
എന്നെക്കുറിച്ച് അവനെന്തിന് ഇത്രയേറെ പറഞ്ഞു

ന്യൂസ് 18-ല്‍ ഞാന്‍ അവതരിപ്പിക്കുന്ന 'സാക്ഷി' എന്ന പരിപാടി പുന:സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ബ്രേക്കിംഗ് ന്യൂസ് വന്നത്-ബാലഭാസ്‌കര്‍ അന്തരിച്ചു. സ്‌ക്രീനില്‍ എന്റെ മുഖം, താഴെ അവന്റെ മരണവാര്‍ത്ത.
കുട്ടിക്കാലത്ത് തമലത്ത്, ഞങ്ങളുടെ നാട്ടില്‍ വച്ചാണ് ബാലുവിനെ ആദ്യം കാണുന്നത്. അവിടെ ബാലുവിന്റെ അമ്മയുടെ അനിയത്തിയുടെ വീടുണ്ട്. പത്താം ക്ലാസ്സിനു മുന്‍പുതന്നെ ബാലു ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ വന്നു വയലിന്‍ വായിച്ചിരുന്നു. അന്ന് പക്ഷേ, പരിചയമില്ല. പിന്നീട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വയലിനില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോള്‍ ഞങ്ങളുടെ വര്‍ത്തമാനങ്ങളിലേക്ക് അതു വന്നു; ഇടവകപ്പള്ളിയില്‍ വയലിന്‍ വായിക്കാന്‍ വന്ന കുട്ടിയാണല്ലോ എന്ന്. അന്ന് ബാലു മോഡല്‍ സ്‌കൂളിലും ഞാന്‍ എസ്.എം.വിയിലുമാണ് പഠിക്കുന്നത്. പ്രീഡിഗ്രിക്ക് തേര്‍ഡ് ഗ്രൂപ്പെടുത്ത് മാര്‍ ഇവാനിയോസ് കോളേജില്‍ ഒന്നിച്ചു പഠിക്കാന്‍ തുടങ്ങിയപ്പോള്‍ കൂട്ടുകാരായി മാറി. എസ്.എസ്.എല്‍.സിക്ക് ബാലുവിന് 525 മാര്‍ക്കായിരുന്നു, എനിക്കു 353. 25 വര്‍ഷം നീണ്ട സൗഹൃദത്തിനിടയില്‍ മാര്‍ക്കിന്റെ ഈ വ്യത്യാസം ഞങ്ങളുടെ പ്രതിഭയിലും നിലനിന്നു. അവന്‍ എത്രയോ പ്രതിഭാധനന്‍. എനിക്ക് സംഗീതവുമായി യാതൊരു ബന്ധവുമില്ല. പാട്ടു കേട്ടാല്‍ ഇഷ്ടമാണ്. ഇപ്പോള്‍ കുറേ സിനിമകളിലും സീരിയലുകളിലും ഗാനങ്ങള്‍ എഴുതി. അത്രതന്നെ. നോട്ട് കേട്ടാല്‍ വരികള്‍ എഴുതാന്‍ പ്രാപ്തനാക്കിയത് ബാലുവുമായുള്ള സഹവാസമാണ്. ഞങ്ങളെന്തൊക്കെയാണ് പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്തതെന്ന് ഇന്ന് ഓര്‍ത്തുനോക്കിയാല്‍ അദ്ഭുതപ്പെടും. നാലാഞ്ചിറയിലുള്ള മാര്‍ ഇവാനിയോസില്‍നിന്ന് കേശവദാസപുരം, പാളയം, വഴുതക്കാട് വഴി വീട്ടിലേയ്ക്കു നടക്കുകയാണ് ചെയ്യുക. ആ വഴികളിലത്രയും സ്വപ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നാളെ എന്താകണം, എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച്. ബാലു അപ്പോള്‍ത്തന്നെ പ്രതിഭയുടെ തിളക്കം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനെട്ടാം വയസ്സിലാണല്ലോ ആദ്യ സിനിമ 'മംഗല്യപ്പല്ലക്ക്.' രാത്രി ഏഴാകുമ്പോള്‍ അച്ഛന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ടുവിടും. അവന്‍ ഇംഗ്ലീഷിന്റെ ആളാണ്, എനിക്ക് അതു വഴങ്ങാന്‍ ബുദ്ധിമുട്ടും. എന്നെ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോള്‍ എനിക്കറിയാവുന്നത് അങ്ങോട്ടും പറഞ്ഞു കൊടുക്കും. നല്ല കൂട്ടായിരുന്നു; പള്ളിയിലും അമ്പലത്തിലുമൊക്കെ പോകും, ഒന്നിച്ച്. 

ക്രിസ്തുമസ് പരീക്ഷയ്ക്കു 100-ല്‍ ഒന്‍പത് മാര്‍ക്ക് മാത്രം കിട്ടിയ എന്നെ ബഫൂണെന്നു വിളിച്ച് ടീച്ചര്‍ കളിയാക്കി. ഗൈഡ് വാങ്ങി കാണാതെ പഠിച്ചു രക്ഷപ്പെടാമെന്നു പറഞ്ഞുതന്നത് ബാലുവാണ്. പക്ഷേ, പ്രീഡിഗ്രി കടക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ടായിരുന്നില്ല. തോല്‍ക്കുമെന്നും ഇനി പഠിക്കുന്നില്ലെന്നും പറഞ്ഞു ഞാന്‍ ചന്ദ്രാ ബുക്‌സില്‍ ജോലിക്ക് പോയി. അവിടെയാകുമ്പോള്‍ പുസ്തകങ്ങളും വായിക്കാമല്ലോ. ബാലുവും നരേന്ദ്രനും ഇടയ്ക്ക് അവിടെ കാണാന്‍ വരും. പരീക്ഷാഫലം വന്നപ്പോള്‍ ബാലുവിനും നരേന്ദ്രനും സെക്കന്‍ഡ് ക്ലാസ്സ്, എനിക്കു ഫസ്റ്റ് ക്ലാസ്സ്. ജോലി നിര്‍ത്തി ബിരുദ പഠനം. ചുവപ്പുകോട്ടയായ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കണം എന്നത് രണ്ടുപേരുടേയും ആഗ്രഹമായിരുന്നു. ഞാന്‍ മലയാളവും അവന്‍ സംസ്‌കൃതവും എടുത്തു. പക്ഷേ, ഞങ്ങളെപ്പോഴും ഒന്നിച്ചാണ്. എനിക്ക് ആള്‍ക്കൂട്ടത്തെ ഭയം, ബാലുവാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടത്തിനു നടുവില്‍. സിനിമയ്ക്കു പിന്നാലെ 'കിലുക്കം' എന്നൊരു ഷോയും ചെയ്തിരുന്നു. എന്റെ ആള്‍ക്കൂട്ടം അവനായിരുന്നു. ഞാനാകെ ചെയ്തത് കവിതയാണ്. 'പിറവി' എന്നൊരു കവിതാപുസ്തകം പത്തില്‍ പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് അവന്‍ എല്ലാവരോടും പറയും. 

സിനിമയില്‍ ബാലുവിനോട് ഒരിക്കലും ഞാന്‍ അവസരം ചോദിച്ചിട്ടില്ല. നീ നിന്റേതായ രീതിയില്‍ വളര്‍ന്നുവരണം, എന്റെ നിഴലിലാകരുത് എന്ന് ബാലു പറയുമായിരുന്നു. പക്ഷേ, അവന്റെ സംഗീതത്തില്‍ ഡമ്മി എഴുതും. പിന്നീട് അതുവച്ച് മറ്റു പലരും വരികള്‍ എഴുതിയിട്ടുണ്ട്. അക്കാലത്തിനു തുടര്‍ച്ചയായാണ് ബാലുവിന്റെ സൂപ്പര്‍ഹിറ്റ് വന്നത്. നിനക്കായ്, ആദ്യമായ്, ഓര്‍മ്മക്കായ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിന്റെ വരികളില്‍ ബാലുവിന്റെ മാസ്മരിക സംഗീതം. മലയാള സിനിമാഗാനങ്ങള്‍ക്കു സമാന്തരമായി അതിനെക്കാള്‍ ഹിറ്റാകുന്ന ഗാനങ്ങള്‍ ബാലു സൃഷ്ടിച്ചു. ആ പാട്ടുകളുടെ റേറ്റിംഗ്, മലയാളികള്‍ക്ക് അവയോടുള്ള ഇഷ്ടം ഇപ്പോഴും കുറഞ്ഞിട്ടില്ല. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ആദ്യമായി നടന്ന ഗാനമേള മത്സരത്തിലാണ് ഞങ്ങളൊന്നിച്ചത്. 'ആരു നീയെന്നോമലോ', 'ഈ മിഴികള്‍ തേടും രാഗമോ...' എന്നു തുടങ്ങുന്ന വരികള്‍ ഞാനെഴുതി. ബാലു സംഗീതം ചെയ്തു. അത് പിന്നീട് സൂര്യ ടി.വി ആല്‍ബമാക്കി. എസ്.എഫ്.ഐയുടെ സാംസ്‌കാരിക വിഭാഗം സംസ്‌കാരയില്‍ ബാലുവും ജാസി ഗിഫ്റ്റും സീമച്ചേച്ചിയും മറ്റും സജീവമായിരുന്നു. പിന്നെ അനൂപ് ശിവദാസന്‍. അവിടെ നിന്നുതന്നെ ഇഷാന്‍ ദേവ് എന്ന ഷാന്‍ മോനെ കിട്ടി. ജയന്‍ കീബോര്‍ഡ്, ഡ്രംസിന് ജസ്റ്റിന്‍, സുബ്രഹ്മണി-ഗഞ്ചിറ, മൃദംഗം, വിനോദ് ബേസ് ഗിറ്റാര്‍, വര്‍ഗീസ് ഇലക്ട്രിക് ഗിറ്റാര്‍. ഹിന്ദി എഴുതിയത് രാജേഷ്. ബാലു, ഞാന്‍, സാബു (തരികിട സാബു), ഷെറഫ്, സന്തോഷ്... അങ്ങനെയൊരു ടീം. ആ ടീം ആണ് കണ്‍ഫ്യൂഷന്‍ ബാന്‍ഡായത്. ഗാനമേള മത്സരത്തില്‍ ഞങ്ങള്‍ ഒന്നാം സമ്മാനം നേടി. അമ്പിളി അരവിന്ദന്‍ എവര്‍ റോളിംഗ് ട്രോഫി യൂണിവേഴ്സിറ്റി കോളേജ് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിക്കുകയായിരുന്നു. അന്നു കുട്ടികള്‍ ആവേശത്തോടെ ബാലുവിനെ എടുത്തുയര്‍ത്തിയ സ്ഥലത്താണ് അവനെ ഇന്ന് എടുത്തുകിടത്തിയത്. 

പലരും പല വഴിക്ക് പിരിഞ്ഞിട്ടും ഞങ്ങളുടെ സൗഹൃദം നിലനിന്നു. ഡിഗ്രി കഴിഞ്ഞു ഞാന്‍ എം.എ മലയാളം എടുത്തു. അവന് അഡ്മിഷനാകുന്നേയുള്ളൂ. അക്കാലത്താണ് മൂന്നാമത്തെ സിനിമ ചെയ്തത്. 'ഇഷ്ടമാണിഷ്ടമാണിഷ്ടമാണ്' എന്ന ഗാനം. അതില്‍ ഗായകനുമായി ചെറിയ കശപിശ ഉണ്ടായി. ബാലു ടെന്‍ഷനടിച്ച് എന്റടുത്തു വന്നു. ലക്ഷ്മി എന്നൊരു പെണ്ണിനെ പ്രേമിക്കുമെന്നു സ്വപ്നം കണ്ടതായി പറഞ്ഞു. ഏതു ലക്ഷ്മി എന്ന ചോദ്യത്തിന് ഉത്തരമില്ല. ലക്ഷ്മിയെ അതിനു മുന്‍പ് കണ്ടിട്ടുമില്ല. രസമാണ് ആ സംഭവം. ലക്ഷ്മി എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടാല്‍ നിന്റെ ടെന്‍ഷന്‍ തീരുമോ എന്നു ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു. എം.എയ്ക്ക് അവിടെത്തന്നെ പഠിച്ചിരുന്ന എന്റെ സുഹൃത്ത് ലക്ഷ്മിയെ ഞാനവനു പരിചയപ്പെടുത്തി. അവര്‍ തമ്മില്‍ ആദ്യം സൗഹൃദവും പിന്നെ പ്രണയവുമായി. പിന്നെ അവര്‍ നല്ല കുടുംബമായി. വര്‍ഷങ്ങളോളം കാത്തിരുന്നു കുഞ്ഞ് ജനിച്ചയുടന്‍ വിളിച്ചത് എന്നെയാണ്. അവന്‍ പറഞ്ഞതാണത്. നിന്നോടാണെടാ ഞാനാദ്യം പറയുന്നതെന്ന്. എന്നെ നോക്കാനൊരു മോളായി എന്നും പറഞ്ഞു. ഞാന്‍ കുഞ്ഞിനെ കാണാന്‍ പോയി, നല്ല ഉറക്കം. ശബ്ദം കേട്ടപ്പോള്‍ കുഞ്ഞുകൈകള്‍ എന്റെ കൈയില്‍ മുറുക്കി. അതു കണ്ടുകൊണ്ടുവന്ന ബാലുവിന്റെ അച്ഛന്‍ പറഞ്ഞത് അവള്‍ അവളുടെ ബന്ധുവിനെ തിരിച്ചറിഞ്ഞല്ലോ എന്നാണ്. 

ബാലുവിന്റെ സ്‌നേഹവും കരുതലും വളരെ വലുതായിരുന്നു. തിരുവനന്തപുരത്ത് സൂര്യകാന്തിയില്‍ കണ്‍ഫ്യൂഷന്റെ ആദ്യ പരിപാടി-ഫ്‌ലേവര്‍ 2000. ഞാന്‍ മൈക്ക് ചുമക്കലുമൊക്കെയായി എല്ലാ തയ്യാറെടുപ്പുകള്‍ക്കും കൂടെ നിന്നിട്ട് ഏറ്റവും പിന്നില്‍ പോയിരുന്നു കാഴ്ചക്കാരനായി. പരിപാടി കഴിഞ്ഞു പ്രതിഫലം വീതം വച്ചപ്പോള്‍ എനിക്കും തന്നു. മൈക്ക് ചുമന്ന ഇവനെന്തിനാ ഷെയര്‍ കൊടുക്കുന്നതെന്ന് ആരോ ചോദിച്ചു. നീയൊക്കെ പാടിയതും കൈയടി വാങ്ങിയതും ഇവനെഴുതിയ വരികളാണ് എന്നായിരുന്നു ബാലുവിന്റെ മറുപടി. 

അവന്‍ അപകടത്തില്‍പ്പെട്ടതു മുതല്‍ എന്നെ വിളിച്ച അവന്റെ കൂട്ടുകാരില്‍ ഒരുപാടുപേരെ എനിക്ക് അറിയില്ല. പക്ഷേ, ബാലു എന്നെക്കുറിച്ച് അവരോടൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അദ്ഭുതത്തോടെയാണ് കേട്ടത്. ഏത് അഭിമുഖത്തിലും എന്തെങ്കിലും എന്നെക്കുറിച്ചും ഞങ്ങളുടെ കൂട്ടിനെക്കുറിച്ചും പറയും. എന്തുകൊണ്ടാണ് അവന്‍ എനിക്കിത്രയും പ്രാധാന്യം തന്നതെന്നോ കൂടെ നിര്‍ത്തിയതെന്നോ പരിചയപ്പെടുത്തിയതെന്നോ അറിയില്ല. 'ഐ അയ്യര്‍ അയ്യങ്കാര്‍' എന്ന ഇറങ്ങാനിരിക്കുന്ന സിനിമയിലെ വരികള്‍ ഞാനും സംഗീതം ബാലഭാസ്‌കറുമാണ്. ബാലുവിന്റെ പാട്ടുമുണ്ട് അതില്‍. ലക്ഷ്മി പറഞ്ഞ ഒരു ആശയത്തില്‍നിന്ന് ഒരു കഥ എഴുതാന്‍ ബാലു പറഞ്ഞിരുന്നു. ബാലു അഭിനയിക്കുന്ന സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. ഞാനത് എഴുതിത്തുടങ്ങി. ഒരു സീന്‍ മാത്രമേ എഴുതിയുള്ളൂ. മുഴുവന്‍ എഴുതിയിട്ട് ബാലുവിനെ കാണിക്കാനിരുന്ന അതിന്റെ ആ ഒരേയൊരു സീന്‍ അവനും കുടുംബത്തിനുമുണ്ടായ അപകടവുമായി സാദൃശ്യമുള്ളതാണ്.
എന്റെ സ്വകാര്യ അഹങ്കാരത്തേയും വയ്യാവേലിയേയും സ്‌നേഹത്തേയും എല്ലാം കൊണ്ടുപോയി. എന്റെ അമ്മയ്ക്ക് മകനെപ്പോലെയായിരുന്നു. അവനില്ലാതെ ഞാനൊരു ആള്‍ക്കൂട്ടത്തിലേക്കും പോയിട്ടില്ല. എന്റെ ആള്‍ക്കൂട്ടം കൂടിയാണ് പോയത്. എന്റെ പകുതിഭാഗത്ത് ഇരുട്ടുമൂടുന്നു. അവന്‍ മരിച്ചുവെന്നു സമ്മതിക്കാന്‍ ഞാനിപ്പോഴും ഒരുക്കമല്ല. ബാലു കൂടെത്തന്നെയുണ്ട് എന്ന് ഉറച്ചു വിശ്വസിച്ചില്ലെങ്കില്‍ വീണുപോകും. 

ബാലുവിന്റെ ഷൈനിംഗ്   
നീനാ പ്രസാദ്

എപ്പോഴും കാണുന്നില്ലെങ്കിലും യൂണിവേഴ്സിറ്റി കോളേജില്‍ എന്റെ ജൂനിയറായിരുന്നെങ്കിലും അന്നേ പ്രതിഭകൊണ്ട് ബാലഭാസ്‌കര്‍ ഞങ്ങളുടെയൊക്കെ ഇടയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റെയടുത്ത് ട്യൂഷനു വരുന്ന കാലം മുതലേ അറിയാം. നോക്കുമ്പോള്‍ ദാ, ബാലുവും മറ്റും ചേര്‍ന്നു മ്യൂസിക് ബാന്‍ഡ് ഉണ്ടാക്കുന്നു, പഠനം ഒരു വഴിക്കു നടക്കുമ്പോള്‍ത്തന്നെ സംഗീതവും കൂടെയുണ്ടാകുന്നു, അങ്ങനെയങ്ങനെ സജീവം. ബാലു അവിടെയുണ്ടെന്ന് അറിഞ്ഞിരുന്നു. അതു പക്ഷേ, ബാലുവിന്റെ ഷൈനിംഗ് ആയിരുന്നില്ല. ബാലുവിന്റെ ഷൈനിങ് എന്നും ബാലു ചെയ്യുന്ന കാര്യങ്ങളുടെ മേന്‍മയിലായിരുന്നു. ഒതുക്കമായിരുന്നു ആ വ്യക്തിത്വത്തിന്റെ പ്രത്യേകത. സംഗീതത്തിന്റെ വലിപ്പം നന്നായി അറിയാവുന്നതായിരുന്നു കാരണം. ഇങ്ങനെയൊരു സംഗീതജ്ഞന്‍ നമുക്ക് വേറെയില്ല; ആ ശ്രേണിയില്‍ ബാലുവിന്റെ സാധ്യതകള്‍ ഇനിയുമെത്രയോ ഉണ്ടായിരുന്നു. ജ്ഞാനസ്ഥനായാണ് ജനിച്ചത് എന്ന് അടുപ്പമുള്ളവര്‍ക്ക് തോന്നുമായിരുന്നു. ചെറുപ്പത്തിലേ നല്ല പാകത വന്നു, സംസ്‌കൃതം എം.എയൊക്കെ പിന്നെയാണ് വന്നത്.

ഉയരത്തിലെത്തിയിട്ടും ലാളിത്യം നിലനിര്‍ത്തിയ ചെറുപ്പക്കാരന്‍. ബാലുവിന്റെ വിയോഗം ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു. ഒരുപാടു കാലം ലക്ഷ്മിയുമൊത്തു കാത്തിരുന്നു കിട്ടിയ കുഞ്ഞിന്റെ മരണം താങ്ങാന്‍ ബാലുവിനെങ്ങനെ കഴിയുമെന്ന് ആലോചിച്ചിരുന്നു. പക്ഷേ, കുഞ്ഞുപോയത് അറിയാന്‍ നില്‍ക്കാതെ ബാലുവും പോയി. ഒരു മാസം മുന്‍പും ഷൊര്‍ണൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് ബാലുവിനേയും കുടുംബത്തേയും കണ്ടിരുന്നു. പിന്നെ കാണുന്നത് മടക്കയാത്രയിലെ ബാലുവിനെയാണ്. ഓര്‍ക്കാന്‍ കഴിയുന്നില്ല ബാലു പോയെന്ന്. ചില മരണങ്ങള്‍ വല്ലാതെ വേദനിപ്പിക്കും. അടുത്തു പരിചയമില്ലാത്തവരെപ്പോലും വേദനിപ്പിക്കുന്ന മരണമാണിത്.

മംഗല്യപ്പല്ലക്കിലെ പതിനെട്ടുകാരന്‍
രവി മേനോന്‍

ചെന്നൈ സാലിഗ്രാമത്തിലെ സൗണ്ട്സെന്‍സ് സ്റ്റുഡിയോയുടെ കണ്‍സോളില്‍ ലജ്ജ കലര്‍ന്ന പുഞ്ചിരിയുമായി കാത്തുനിന്ന ബാലഭാസ്‌കറാണ് ഓര്‍മ്മയില്‍. പതിനെട്ടു വയസ്സേയുള്ളു അന്ന് ബാലുവിനു പ്രായം. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരിലൊരാള്‍. ബാലു ചിട്ടപ്പെടുത്തിയ 'മംഗല്യപ്പല്ലക്കി'ലെ പാട്ടുകള്‍ സ്പീക്കറിലൂടെ ഒഴുകിവന്നപ്പോള്‍ അദ്ഭുതത്തോടെ അതു കേട്ടിരുന്നു ഞങ്ങള്‍-ഗായകന്‍ ജയചന്ദ്രനും ഞാനും. പാട്ടു തീര്‍ന്നപ്പോള്‍ ജയേട്ടന്റെ ചോദ്യം: ''അസ്സലായി. ആരാ മ്യൂസിക് ഡയറക്ടര്‍?''

''വിശ്വസിക്കാന്‍ പറ്റുന്നില്ല. സീനിയര്‍ ആയ ആരോ കംപോസ് ചെയ്ത പാട്ടാണെന്നാണ് തോന്നിയത്. എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള പാട്ടുകള്‍ ചെയ്യാന്‍ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ.'' നമ്രശിരസ്‌കനായി ഗായകന്‍ പി. ജയചന്ദ്രന്റെ വാക്കുകള്‍ കേട്ടുനിന്ന ബാലഭാസ്‌കറിന്റെ ചിത്രം ഇന്നുമുണ്ട് ഓര്‍മ്മയില്‍; ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷവും. സംഗീത സംവിധായകനായി അരങ്ങേറിയിട്ട് അധികനാളായിരുന്നില്ല കൗമാരത്തില്‍നിന്നു യൗവ്വനത്തിലേക്കു കടക്കുക മാത്രം ചെയ്തിരുന്ന ബാലഭാസ്‌കര്‍. 'വെണ്ണിലാ ചിറകുമായ് മണിമുകില്‍ ശലഭമായ്...' ദിവസങ്ങള്‍ മാത്രം മുന്‍പ് റെക്കോര്‍ഡ് ചെയ്ത പാട്ടാണ്. വ്യത്യസ്തമായ ഈണം. രാഗഭാവം ഉള്‍ക്കൊണ്ടുതന്നെ തികച്ചും ആധുനികമായ ഓര്‍ക്കസ്‌ട്രേഷന്‍ ശൈലി. പാട്ട് തീര്‍ന്നപ്പോഴാണ് ജയചന്ദ്രന്‍ ചോദിച്ചത്. കണ്‍സോളിലെ 'ആള്‍ക്കൂട്ട'ത്തിനിടയില്‍നിന്ന് ഒരാള്‍ സങ്കോചത്തോടെ മുന്നോട്ട് കയറിനില്‍ക്കുന്നു. മീശമുളക്കാത്ത ഒരു പയ്യന്‍. അടുത്തുനിന്നവരിലാരോ അയാളെ ജയചന്ദ്രനു പരിചയപ്പെടുത്തുന്നു: ''ഈ കുട്ടിയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ബാലഭാസ്‌കര്‍.'' നേര്‍ത്ത ലജ്ജ കലര്‍ന്ന പുഞ്ചിരിയോടെ ഒന്നും മിണ്ടാതെ നിന്ന നവാഗത സംഗീത സംവിധായകനെ അദ്ഭുതത്തോടെ നോക്കി ജയചന്ദ്രന്‍. പിന്നെ എഴുന്നേറ്റുനിന്നു കൈകൂപ്പിയാണ് ആ അനുഗ്രഹ വചനങ്ങള്‍ പറഞ്ഞത്.

അന്ന് ജയചന്ദ്രന്റെ കാറിലാണ് ബാലു തിരികെ തന്റെ താമസസ്ഥലത്തേയ്ക്ക് മടങ്ങിയത്. ചെന്നൈ നഗരവീഥികളിലൂടെയുള്ള യാത്രയിലുടനീളം ജയേട്ടന്‍ തനിക്കിഷ്ടപ്പെട്ട പഴയ പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു ഞങ്ങളെ. മുഹമ്മദ് റഫിയുടേയും പി. സുശീലയുടേയും പി.ബി. ശ്രീനിവാസിന്റേയുമൊക്കെ പാട്ടുകള്‍. ബാലു ആദ്യമായി കേള്‍ക്കുകയായിരുന്നു അവയില്‍ പലതും. ''സിനിമയില്‍ നിലനില്‍ക്കാന്‍  ആഗ്രഹമുണ്ടെങ്കില്‍ പഴയ നല്ല പാട്ടുകള്‍ കൂടെക്കൂടെ കേള്‍ക്കണം. മദന്‍ മോഹന്റേയും എം.എസ്. വിശ്വനാഥന്റേയും ബാബുരാജിന്റേയും പാട്ടുകള്‍.''  ജയചന്ദ്രന്റെ മുഖത്തെ ഭാവപ്പകര്‍ച്ചകളും സംസാരവും ആലാപനവും കൗതുകത്തോടെ ആസ്വദിച്ചിരിക്കെ തികച്ചും അപ്രതീക്ഷിതമായി ബാലു പറഞ്ഞു: ''എനിക്ക് സിനിമയോട് ഭ്രമമില്ല സാര്‍. സിനിമയല്ല എന്റെ സ്വപ്നം. യാദൃച്ഛികമായി ഇവിടെ വന്നുപെട്ടു എന്നേയുള്ളൂ. എന്റെ ജീവിതം തന്നെ വയലിനാണ്. സിനിമയൊക്കെ അതുകഴിഞ്ഞേ വരൂ...'' ഉറച്ച ശബ്ദത്തിലുള്ള ആ വാക്കുകളില്‍ സംഗീതത്തെ ഗൗരവത്തോടെ കാണുന്ന ഒരു കൗമാരക്കാരന്റെ ആത്മവിശ്വാസം മുഴുവന്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ ബാലു ഒന്നുകൂടി പറഞ്ഞു: ''ജയചന്ദ്രന്‍ സാറിന്റെ ശബ്ദത്തിന്റെ ആരാധകനാണ് ഞാന്‍. എനിക്കുവേണ്ടി സാര്‍ എന്നെങ്കിലും ഒരു പാട്ട് പാടണം. നല്ല റൊമാന്റിക് ആയ ഒരു പാട്ട്. വലിയൊരു ആഗ്രഹമാണ്.'' ചിരിച്ചുകൊണ്ട് ആരാധകനെ യാത്രയാക്കുന്നു ഭാവഗായകന്‍.

ഒരു വര്‍ഷത്തിനകം ബാലഭാസ്‌കറിനുവേണ്ടി ജയചന്ദ്രന്‍ പാടി; 'നിനക്കായ്' എന്ന ആല്‍ബത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം.' സിനിമാഗാനങ്ങളെക്കാള്‍ ജനപ്രിയമായി മാറിയ ആല്‍ബം ഗാനം. ''ഞാന്‍ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്ത ഗാനമാണത്.'' പിന്നീടൊരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ബാലു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവരുന്നു. ''പ്രണയിനിയെക്കുറിച്ചാണ് അതിന്റെ വരികള്‍. അവ ചിട്ടപ്പെടുത്തുമ്പോള്‍ ഞാന്‍ എന്റെ കാമുകിയെ ഓര്‍ത്തു. മറ്റാരേയുമല്ല; എന്റെ പ്രിയപ്പെട്ട വയലിനെ. രാഗമായ് അതു താളമായ് നീയെനിക്കാത്മാവിന്‍ ദാഹമായി, ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരു അനുരാഗമായ് എന്നൊക്കെയുള്ള വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ എന്റെ വയലിന്‍ തന്നെയായിരുന്നു മനസ്സില്‍...''
മരണം വരെ ആ ഇഷ്ടം കാത്തുസൂക്ഷിച്ചു ബാലഭാസ്‌കര്‍. 

മാണിക്യനിലെ ബാലനടന്‍ മുതല്‍
മഹേഷ് പഞ്ചു 

(സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി)

എന്നെക്കാള്‍ പത്തുവയസ്സെങ്കിലും ഇളയതാണ് ബാലു. ഞാനൊക്കെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നു പഠിച്ചിറങ്ങിക്കഴിഞ്ഞാണ് ബാലു അവിടെ എം.എ സംസ്‌കൃതം പഠിക്കാന്‍ വരുന്നത്. പക്ഷേ, അതിനു മുന്‍പേ ഞങ്ങള്‍ തമ്മില്‍ അറിയാം. എന്നുവച്ചാല്‍ ബാലുവിന്റെ കുട്ടിക്കാലം മുതലേ അറിയാം. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനു സമീപം കുന്നുകുഴി പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്ററായിരുന്നു അന്ന് ബാലുവിന്റെ അച്ഛന്‍. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 'മാണിക്യന്‍' എന്ന കഥ ദുരദര്‍ശനുവേണ്ടി അനില്‍ ബാനര്‍ജി സംവിധാനം ചെയ്തു പരമ്പരയാക്കിയപ്പോള്‍ ബാലഭാസ്‌കര്‍ അതില്‍ ബാലനടനായിരുന്നു. ഞാനും പ്രേംകുമാറുമൊക്കെ അതില്‍ അഭിനയിച്ചിരുന്നു. 1992-1993 ലാണ്. ഏഷ്യാനെറ്റില്‍ മുന്‍ഷി ചെയ്യുന്ന അനില്‍ ബാനര്‍ജിയുടെ ആദ്യ സംവിധാനം അതായിരുന്നു. 
ഞാനും ജോബിയും മറ്റും ചേര്‍ന്ന് 1995-ല്‍ 'ടച്ച്' എന്ന പേരില്‍ ഒരു കലാഗ്രൂപ്പുണ്ടാക്കി-'ടാലന്റ് ഓഫ് യൂണിവേഴ്സിറ്റീസ് ക്രിയേറ്റീവ് ഹൈറ്റ്‌സ്.' വി.ജെ.ടി ഹാളില്‍ പി. ഭാസ്‌കരന്‍ മാഷാണ് 'ടച്ച്' ഉദ്ഘാടനം ചെയ്തത്. യുവജനോത്സവങ്ങളില്‍ കഴിവു തെളിയിച്ചവര്‍ക്ക് അതിനുശേഷം വേദികളുണ്ടായിരുന്നില്ല അക്കാലത്ത്. ആകെക്കൂടിയുള്ളത് ദൂരദര്‍ശന്‍ മാത്രം. ഏഷ്യാനെറ്റ് തുടങ്ങാന്‍ പോകുന്നതേയുള്ളു. ടച്ചിന്റെ പേരില്‍ കുറേ പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ ബാലഭാസ്‌കറും അതില്‍ ഭാഗഭാക്കായി. വയലിന്‍ വായിക്കാന്‍ ബാലുവുണ്ടാകും. 

പിന്നീട് ഞാനും ജി.എസ്. പ്രദീപും ജോബിയും ബാലുവുമൊക്കെ ചേര്‍ന്ന് 'റഷ്' എന്ന പേരില്‍ പലയിടത്തും രണ്ട് മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ സംഘടിപ്പിച്ചു. കോമഡിയും സംഗീതവുമൊക്കെയുണ്ടായിരുന്നു. ബാലുവാണ് സംഗീതത്തിന്റെ ആള്‍. അതിനുശേഷം ഇടക്കാലത്ത് പലരും പലവഴിക്കായി. ഞാന്‍ അഭിഭാഷകനായി മാറി. ബാലു സംഗീതത്തില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചു. 2000-ല്‍ കൈരളി ടിവിയില്‍ ഞാന്‍ ചില പരിപാടികള്‍ നിര്‍മ്മിച്ചപ്പോഴാണ് വീണ്ടും ഞങ്ങളൊന്നിച്ചത്. കലാലയവര്‍ണ്ണങ്ങള്‍, കണ്‍ഫ്യൂഷന്‍, തെന്നാലി രാമന്‍, കിലുക്കാംപെട്ടി എന്നീ പരിപാടികളുടെയൊക്കെ ടൈറ്റില്‍ മ്യൂസിക് ചെയ്തത് ബാലുവാണ്. അതെല്ലാംതന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും കലാലയവര്‍ണ്ണങ്ങളും കണ്‍ഫ്യൂഷനും. കണ്‍ഫ്യൂഷന്റെ നിരവധി എപ്പിസോഡുകളില്‍ ബാലു അതിഥിയായി വന്നു. കോളേജ് വിദ്യാര്‍ത്ഥികളൊക്കെ കത്തുകളിലൂടെയും ഫോണിലൂടെയും ആവശ്യപ്പെടുമായിരുന്നു, ചില പാട്ടുകള്‍ പറഞ്ഞിട്ട് അത് ബാലുവിനെക്കൊണ്ട് പാടിക്കാന്‍. അതിന്റെ തുടര്‍ച്ചയായി മൂന്നു നാലു സിനിമകള്‍ ചെയ്തു, സ്വന്തമായി ഷോകള്‍ ചെയ്യാന്‍ തുടങ്ങി. ബാലഭാസ്‌കര്‍ എന്ന പ്രതിഭയെ കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും അറിഞ്ഞു തുടങ്ങി. 2005-നു ശേഷം ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ കൂടിക്കാഴ്ചകളോ വിളികളോ ഇല്ലെങ്കിലും അടുപ്പം നിലനിന്നു. ഇടയ്ക്ക് ഏതെങ്കിലുമൊക്കെ വേദികളില്‍ പരസ്പരം കണ്ടു. നമ്മള്‍ ബാലുവിന്റെ വളര്‍ച്ചയുടെ ഗതിവേഗം നോക്കിനിന്നു. നല്ല പയ്യനായിരുന്നു, പാവമായിരുന്നു.

പ്രണയ വിവാഹവുമായി ബന്ധപ്പെട്ടുമുണ്ട് ബാലു എന്നും ഓര്‍മ്മിച്ചിരുന്നതും എനിക്കൊരിക്കലുമിനി മറക്കാനാകാത്തതുമായ ഓര്‍മ്മകള്‍. ബാലു ലക്ഷ്മിയുമായി വന്നത് ഞങ്ങള്‍ കൈരളിയുടെ ഒരു കാമ്പസ് പരിപാടി ചിത്രീകരിച്ചുകൊണ്ടിരുന്ന കോട്ടയം ഈരാറ്റുപേട്ടയ്ക്കടുത്ത് അരുവിക്കര സെന്റ് ജോര്‍ജ് കോളേജിലേക്കായിരുന്നു. എന്നെ വിളിച്ചു കാര്യം പറഞ്ഞു, ഇങ്ങോട്ടുവരാന്‍ ഞാന്‍ പറയുകയും ചെയ്തു. അതിനു മുന്‍പേ ഞങ്ങള്‍ വിവരം അറിഞ്ഞിരുന്നു. അഞ്ചു ദിവസത്തെ ചിത്രീകരണം കഴിയുന്നതുവരെ അവിടെയടുത്ത് ഓശാന മൗണ്ടില്‍ അവര്‍ക്ക് താമസമൊരുക്കി. അതൊക്കെ ഇതുവരെ രസമുള്ള ഓര്‍മ്മകളായിരുന്നെങ്കില്‍ ഇനി സങ്കടപ്പെടുത്തുന്ന ഓര്‍മ്മകളാണ്.

എന്തുമാത്രം ദൃശ്യങ്ങളാണ് കണ്‍മുന്നില്‍
പാര്‍വ്വതി (മാലാ പാര്‍വ്വതി)

തിരുവനന്തപുരത്ത് മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോള്‍ സുപ്രഭാതം പരിപാടിയിലേക്ക് ബാലുവിനെ അഭിമുഖം ചെയ്താണ് പരിചയപ്പെടുന്നത്. അതു പിന്നെ നല്ല അടുപ്പമായി. ലക്ഷ്മിയുമായുള്ള പ്രണയവും എതിര്‍പ്പ് മറികടന്നുള്ള ഒന്നാകലും ബാലുവിന്റെ അച്ഛന്റെ എതിര്‍പ്പുമൊക്കെ ഓര്‍ത്തുപോകുന്നു. അതിജീവനത്തിനുവേണ്ടി വല്ലാതെ കഷ്ടപ്പെട്ട ആ കാലത്ത് കൂടെ നിന്നവരില്‍ ഒരാളായതുകൊണ്ടു കൂടിയാകണം രണ്ടു പേര്‍ക്കും വലിയ സ്‌നേഹമായിരുന്നു. പാറുച്ചേച്ചീന്നുള്ള വിളിയും എവിടെ വച്ചു കണ്ടാലുമുള്ള ഓടി വരവും... എന്തുമാത്രം ദൃശ്യങ്ങളാണ് കണ്‍മുന്നില്‍. എത്ര വളര്‍ന്നിട്ടും സിംപിളായിരുന്നു, സ്‌നേഹം മാത്രമായിരുന്നു എല്ലാവരോടും.
പണത്തിനു ബുദ്ധിമുട്ടിയിരുന്ന തുടക്ക കാലത്താണ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്തു നടന്നത്. അതിന്റെ ഭാഗമായി ബാലുവിന്റെ സംഗീതവും ചേര്‍ത്തു ചിലതൊക്കെ ചെയ്യിച്ചു. ചെയ്യുന്ന എന്തിലുമേതിലും ബാലുവിന്റെ ക്രിയേറ്റിവിറ്റിയും പ്രതിഭാസ്പര്‍ശവും തുടിച്ചുനിന്നു. സുഹൃത്തുക്കള്‍ ഏതെങ്കിലും രീതിയില്‍ ഭാഗഭാക്കാകുന്ന പരിപാടികള്‍ക്കൊക്കെ ബാലുവിനേയും വിളിച്ചിരുന്നു അക്കാലത്ത്. കുറച്ചു പണം കിട്ടിക്കോട്ടെ എന്നു വിചാരിച്ചു ചെയ്യുന്നതാണെന്ന് ബാലുവിന് അറിയാമായിരുന്നു. പക്ഷേ, ബാലുവിന്റെ പ്രതിഭയെ കൂടെക്കൂട്ടുക തന്നെയായിരുന്നു ആ കഴിവ് അറിയാവുന്നവര്‍ ചെയ്തിരുന്നത്. ഹോട്ടലില്‍ ജോലിക്കു പോകേണ്ടിവരുമോ എന്നൊക്കെ തമാശയായിട്ടാണെങ്കിലും പറഞ്ഞിരുന്ന കാലം. പിന്നെപ്പിന്നെ സംഗീതം കൊണ്ട് അതിജീവിക്കണം എന്നത് ബാലുവിന്റേയും വാശിയായി. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പും ലക്ഷ്മിയുമായുള്ള സ്‌നേഹവും ഒരു പോലെ തീവ്രമായിരുന്നു.
സംഗീതവും വയലിനും ബാലുവിന്റെ ജീവിതം തന്നെയായിരുന്നു. പിന്നെ ആ ചിരിയും. വയലിന്‍ ബാലുവിന്റെ കയ്യില്‍ പ്രത്യേകമായി ഉണ്ടെന്നു തോന്നാത്തവിധം ശരീരത്തിലെ അവയവം പോലെയായിരുന്നല്ലോ.
ഉദിച്ചുയര്‍ന്നു വന്നുകൊണ്ടിരിക്കുകയായിരുന്നു ബാലഭാസ്‌കര്‍. അതിനിടെയാണ് ഈ അപ്രതീക്ഷിത അസ്തമയം.

ഉന്മാദിയാണോ ഈ ബാലുവെന്നു തോന്നിപ്പോകും
ലക്ഷ്മി രംഗന്‍ (ഗായിക) 
ശാരദാ തമ്പി (നര്‍ത്തകി) 

ഞങ്ങളൊരുമിച്ചു തിരുവനന്തപുരത്തു നടത്തുന്ന കലാങ്കണ്‍ നൃത്ത സംഗീത കേന്ദ്രത്തില്‍ അവിചാരിതമായി വിഖ്യാത ഡ്രംസ് ഗായകന്‍ ശിവമണി എത്തി. തൊട്ടടുത്ത് ആയുര്‍വ്വേദ ചികിത്സയ്ക്കായി വന്ന ശിവമണി ഞങ്ങളുടെ കലാകേന്ദ്രം കണ്ട് അവിടെ വരാനുള്ള സന്മനസ്സ് കാണിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ചെലവിടുന്നതിനിടയില്‍ ഇതാ മുറ്റത്ത് മറ്റൊരതിഥി: ബാലഭാസ്‌കര്‍! 
ശിവമണിയും ബാലഭാസ്‌കറുമെല്ലാം ഒന്നിനു പിന്നാലെ എത്തിച്ചേരുമ്പോള്‍ അമ്പരക്കാതെ തരമില്ല. ശിവമണി കലാങ്കണില്‍ വന്നുവെന്നറിഞ്ഞ് ഓടിയെത്തിയതാണ് ബാലു. അത്രയ്ക്കു സ്‌നേഹബന്ധമായിരുന്നു ഇരുവരും തമ്മില്‍. 
ബാലുവിനെ എന്നാല്‍ ഞങ്ങള്‍ അപ്പോഴല്ല ആദ്യമായി പരിചയപ്പെടുന്നത്. കേരള സര്‍വ്വകലാശാലാ കലോത്സവ നാളുകള്‍ തൊട്ടറിയാം. ഞങ്ങളുടെയെല്ലാം ആരാധനാപാത്രം. 
എത്ര ഉയരങ്ങളിലെത്തിയാലും മണ്ണില്‍ ചവിട്ടി നടന്നിരുന്നു ബാലു. ഏറ്റവുമൊടുവില്‍ കാണുന്നത് കീബോര്‍ഡിസ്റ്റായ വിജിത്തിന്റെ മരണവേളയിലാണ്. ഒരു മുഷിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച്, സ്ലിപ്പറുമിട്ട് ആകെ ഉലഞ്ഞു ബാലു. 'ലക്ഷ്മീ'എന്നു പറഞ്ഞ് അടുത്തു വന്നു. ഭര്‍ത്താവും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ ബെന്‍സണോട് അതിലും അടുപ്പമാണ്. ബാലുവും ലക്ഷ്മിയും ആരുമറിയാതെ വിവാഹിതരാകുന്ന വേളയില്‍ ഉറ്റവരായി നിന്നവരില്‍ ഒരാള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞൊന്നു കാണുമ്പോഴും 'അണ്ണാ' എന്നൊരു വിളിയില്‍ ആ ഇടവേള അലിയിച്ചുകളയുമായിരുന്നു ബാലു. 
ബാലുവിനെ ഇന്നത്തെ ബാലുവാക്കിയതില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ശശികുമാര്‍ സാറിനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. അമ്മാവനും മരുമകനും തമ്മിലുളള ആ ഗുരുശിഷ്യബന്ധം ഞങ്ങളെല്ലാം സ്‌നേഹാദരങ്ങളോടെ കണ്ടിട്ടുള്ളതാണ്. കര്‍ക്കശക്കാരനായിരുന്നു ശശികുമാര്‍ സാര്‍. ബാലുവിനെ ലോകം അറിയുന്ന കലാകാരനാക്കി മാറ്റണമെന്നത് അദ്ദേഹത്തിന് ഒരു വാശിപോലെയാണ് തോന്നിയിട്ടുള്ളത്. ആ വാശി ബാലുവിനും കിട്ടിയിരുന്നു. മണിക്കൂറുകള്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കും. ആഹാരംപോലും വേണ്ടെന്നുവച്ച് അതു ചെയ്യുമ്പോള്‍ ഉന്മാദിയാണോ ഈ ബാലുവെന്നു തോന്നിപ്പോകും. 

പ്രതിഭയെന്നൊന്നും വിശേഷിപ്പിച്ചാല്‍ പോരാ ബാലഭാസ്‌കറിനെ. സ്റ്റീഫന്‍ ദേവസിയെപ്പോലെ ഒരു കലാകാരന്‍ കീബോര്‍ഡില്‍ വായിക്കുന്ന നോട്ടുകള്‍ വയലിനില്‍ വായിക്കുക ഒട്ടും എളുപ്പമല്ല. ബാലു അതു മത്സരിച്ചു ചെയ്തു. വയലിനും ബാലുവും തമ്മില്‍ ദൈവികമായ ഒരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുല്യരായ ഗായകര്‍ പാടി ഹിറ്റായ ഗാനങ്ങള്‍ അതിലും മധുരത്തോടേയും പൂര്‍ണ്ണതയോടേയും ബാലു വയലിനില്‍ വായിച്ചു. സ്റ്റേജില്‍ ആര്‍ക്കോ വേണ്ടി വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നില്ല ബാലഭാസ്‌കര്‍. അദ്ദേഹത്തെ കാണാനും കേള്‍ക്കാനുമിരിക്കുന്ന ഓരോരുത്തര്‍ക്കും ബാലു തനിക്കു വേണ്ടിയാണ് വായിക്കുന്നതെന്നു തോന്നിപ്പിച്ചു. കാഴ്ചക്കാരനുമായി ഉണ്ടാക്കുന്ന ആ ഹൃദയബന്ധമാണ് ഒരു വലിയ കലാകാരനു വേണ്ട ഏറ്റവും വലിയ മഹത്വം. ബാലു മഹത്വത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു. അതിനിടയില്‍ ഇടറിവീണു.

ഞങ്ങള്‍ തിരുവനന്തപുരത്തെ കലാകാരന്മാര്‍ക്ക് ഇതുവരെ അഭിമാനിച്ചു മുന്നില്‍ നിര്‍ത്താന്‍ ബാലഭാസ്‌കറുണ്ടായിരുന്നു. ഞങ്ങളിലൊരാളായിരുന്നു ബാലു. കാണുമ്പോള്‍ ഞാനൊരു പാവം, നിങ്ങളുടെ മുന്നില്‍ ഞാനാര് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ബാലു എത്രയോ ഉയരത്തില്‍ നില്‍ക്കുന്നയാളാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട്, ആ പറച്ചിലില്‍ ഞങ്ങള്‍ അഭിമാനവും സന്തോഷവും കണ്ടെത്തി. ഇത്രയേറെ സങ്കടം നല്‍കുന്ന ഒരു വേര്‍പാട് ഉണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com