പാഠപുസ്തകങ്ങള്‍ ഇനിയെന്തിന് തിരുത്താതിരിക്കണം?

രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മുന്‍ഗാമിയെക്കുറിച്ച് തെറ്റായ പാഠങ്ങളാണ് നാം കുട്ടികളെ ഇപ്പോഴും പഠിപ്പിക്കുന്നത്.
പാഠപുസ്തകങ്ങള്‍ ഇനിയെന്തിന് തിരുത്താതിരിക്കണം?

രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മുന്‍ഗാമിയെക്കുറിച്ച് തെറ്റായ പാഠങ്ങളാണ് നാം കുട്ടികളെ ഇപ്പോഴും പഠിപ്പിക്കുന്നത്. നന്നേ ചെറിയ ക്ലാസ്സ് മുതല്‍ സര്‍വ്വകലാശാലാ തലംവരെ ഇതുതന്നെ കഥ.
ശരിയാണ്, ഈ പ്രതിഭാശാലിയെക്കുറിച്ച് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വരിയും കണ്ടുകിട്ടാനില്ല. മനപ്പൂര്‍വ്വമുള്ള തമസ്‌കരണമല്ലെങ്കില്‍ സ്വാഭാവികമായ അവഗണനയാവാം കാരണം. കൈകാര്യകര്‍ത്താക്കള്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയുടെ നടത്തിപ്പുകാരും കാവലാളുകളും ആയിരുന്നുവല്ലോ. ജന്മാര്‍ജ്ജിതമായ ഉച്ചനീചത്വങ്ങളെ നിരുപാധികം എതിര്‍ത്ത ഒരാളെ പൂവിട്ടു പൂജിക്കാന്‍ അധികാരസ്ഥാനികള്‍ തയ്യാറാകാത്തതില്‍ അദ്ഭുതമില്ല.

വെറും അവഗണനകൊണ്ട് ഇക്കൂട്ടര്‍ തൃപ്തരാകാത്തതിലുമില്ല അദ്ഭുതം. പറഞ്ഞ കാര്യത്തിന്റെ വില ഇടിച്ചുകാണിക്കാന്‍, അതു പറഞ്ഞവനെ മണ്ടനും ദാരിദ്ര്യവാസിയും മദ്യപാനിയുമൊക്കെയായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകള്‍ മെനഞ്ഞാല്‍ മതിയല്ലോ. അസ്ഥാനത്തുള്ള ആക്ഷേപഹാസ്യം മതി ഏത് ആടിനേയും പട്ടിയാക്കാന്‍. ഇതിനായി ഈ തല്‍പ്പരകക്ഷികള്‍ തന്മയത്വമുള്ള ധാരാളം ഐതിഹ്യകഥകള്‍ മെനഞ്ഞു.
ഈ തൂലികാചിത്രവും ഐതിഹ്യകഥകളും മാത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നടുവില്‍ കേരളം സന്ദര്‍ശിച്ച ലോഗന്‍ സായ്വും രേഖപ്പെടുത്തിയത്. ഈ 'രേഖ' പില്‍ക്കാലത്ത് ചരിത്രമായി.
പരമദരിദ്രയായ ഒരു അടിച്ചുതളിക്കാരിക്ക് അമ്പലക്കുളക്കടവില്‍ പശുച്ചാണകത്തിനടിയില്‍നിന്ന് ഒരു സ്വര്‍ണ്ണനാണയക്കിഴി കണ്ടുകിട്ടുന്നു. അതവര്‍ അതിന്റെ ഉടമസ്ഥനായ ബ്രാഹ്മണസഞ്ചാരിക്ക് കൊടുക്കുന്നു. സന്തുഷ്ടനായ അദ്ദേഹം അവര്‍ക്ക് സന്താനസമ്മാനം നല്‍കി യാത്രയാവുന്നു. ആ കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ അവനെ തിടപ്പള്ളിയുടെ മുന്നില്‍ നിര്‍ത്തി അടിച്ചുതളിക്കു പോയ അമ്മ തിരുനടയിലെ ബഹളം കേട്ട് വരുമ്പോള്‍ കാണുന്നത് ഒരു ബ്രാഹ്മണന്‍ കുട്ടിയെ ''മന്ദബുദ്ധിയായിപ്പോകട്ടെ'' എന്നു ശപിക്കുന്നതാണ്. അദ്ദേഹം തെറ്റായി ഉച്ചരിച്ച വേദപാഠം കുട്ടി മുജ്ജന്മ  ബ്രാഹ്മണ്യത്താല്‍ തിരുത്തിയതാണ് കാരണം. ''കാട്, കാട്!'' (തെറ്റ്, തെറ്റ്!) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് തിരുത്തിയതാണ് മാനഹാനിക്കു നിദാനം.
ആ ശാപം ഫലിച്ചു. കുട്ടി പിറ്റേന്നു മുതല്‍ മന്ദബുദ്ധിയായി. അവനെ ഒന്നുമിനി പഠിപ്പിക്കാനാവില്ല എന്ന് നാട്ടാശാന്‍ കൈയൊഴിഞ്ഞു. ദുഃഖിതയായ അമ്മ, മറ്റൊരു വഴിയും കാണാഞ്ഞ് കുട്ടിയേയും കൊണ്ട് അവന്റെ പിതാവിനെത്തേടി പുറപ്പെട്ടു. എങ്ങാണ്ടൊരിടത്ത് കണ്ടുകിട്ടിയ അദ്ദേഹം വിധിച്ച ചികിത്സ കുട്ടിക്ക് മദ്യവും മത്സ്യമാംസാദിയും!

ശാപമെന്നപോലെ ചികിത്സയും ഫലിച്ചു. ഒരു തികഞ്ഞ മദ്യപാനിക്കല്ലാതെ 'പരാപരാപരാ...' എന്ന് പാടിനടക്കാനാവുമോ എന്നാണ് ഭരതവാക്യച്ചിരി!
ബ്രാഹ്മണ്യത്തിന്റേയും ബ്രാഹ്മണബീജത്തിന്റേയും മഹിമകള്‍ പാടിപ്പുകഴ്ത്തുക കൂടിയാണ് ഈ കഥ. ബ്രാഹ്മണ ബീജത്തിന് ജന്മസിദ്ധമാണ് വേദജ്ഞാനം. (എന്നിട്ടെന്തേ ബ്രാഹ്മണന്‍ വേദം തെറ്റായി ഉച്ചരിച്ചത് എന്നു ചോദിക്കരുത്.) ബ്രാഹ്മണനായി ജനിച്ച ഒരാള്‍ വേദം തെറ്റായി ഉച്ചരിച്ചാലും ബ്രാഹ്മണന്‍ തന്നെയാണ്, ജന്മസിദ്ധമായ ശാപാനുഗ്രഹശക്തി പോവില്ല!
ബുദ്ധിമാന്ദ്യത്തിന് മദ്യപാനവും മാംസഭക്ഷണവും അഷ്ടാംഗഹൃദയം വിധിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ മഹാവൈദ്യന്മാരായ തിരുന്നാവായ മൂസ്സതും തിരുമുല്‍പ്പാടും പി.കെ. വാരിയരും പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

ഇങ്ങനെയൊക്കെ ഉണ്ടാകാം കഥകള്‍ എന്നു ദീര്‍ഘദര്‍ശനം ചെയ്തിട്ടെന്നപോലെ രാമാനുജന്‍ എഴുത്തച്ഛന്‍ സ്വന്തം എഴുത്താണികൊണ്ട് രാമായണത്തിന്റെ ഗുരുവന്ദനഭാഗത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാഥന്‍ അനേകാന്തേവാസികളോടും കൂടെ
മല്‍ക്കുരുന്നിങ്കല്‍ വാഴ്ക!''
''വിദ്വാന്മാരായ സല്‍ഗുണസമ്പന്നരില്‍ മുന്‍നിരക്കാരനും എനിക്കു ഗുരുനാഥന്‍ കൂടിയുമായ എന്റെ സ്വന്തം ജ്യേഷ്ഠന്‍ (അക്ഷരക്‌ളരി എന്ന ബോര്‍ഡിങ്ങ് സ്‌കൂളിലെ) നിരവധി അന്തേവാസികളോടൊപ്പം എന്റെ ഉള്ളില്‍ തെളിഞ്ഞു വാഴണം!''

ഇത്രയും ശേഷിയും ശേമുഷിയും ജനസമ്മതിയും മഹാഗുരുത്വവുമൊക്കെയുള്ള ഒരു ചേട്ടനുണ്ടെന്നിരിക്കെ അമ്മ അടിച്ചുതളിക്കാരിയല്ലേ ആകൂ!
ഈ ജ്യേഷ്ഠനും ആ കളരിതന്നെയും ഇല്ലാതായിക്കഴിഞ്ഞ ഒരുകാലത്താണ് ഈ വരികള്‍ കുറിക്കപ്പെട്ടതെന്ന് അവയിലെ ഗൃഹാതുരത്വ ധ്വനി വെളിപ്പെടുത്തുന്നുണ്ടെന്നുകൂടി ഓര്‍ക്കണം.

വെള്ളക്കാര്‍ ഭരണ സംസ്ഥാപനത്തിനായി നിലവിലിരുന്ന ജാതിമേല്‍ക്കോയ്മ വ്യവസ്ഥയെ അപ്പടി അംഗീകരിച്ചതോടെ ഐതിഹ്യാശ്ലീലങ്ങളേയും ദത്തെടുത്തു!
പട്ടിണിയിലും ദീനതയിലും രോഗത്തിലും താന്തോന്നികളായ നാടുവാഴികളുടെ ചൂഷണമര്‍ദ്ദനങ്ങളിലും അക്ഷരശൂന്യതയുടേയും വന്‍നികുതിയുടേയും നരകത്തിലും അകപ്പെട്ടവരുടെ മോചനത്തിന് എഴുത്തച്ഛന്‍ കണ്ടെത്തിയത് നാലു കാര്യങ്ങളായിരുന്നു. ലോകത്ത് നിലവിലുള്ള എല്ലാ അറിവുകളും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു ഭാഷ. അക്ഷരമാല തൊട്ട് പുതുക്കി പദക്രമക്കണക്കും പ്രയോഗസുഖവും ധ്വനിസാദ്ധ്യതകളും വരെ പരീക്ഷിച്ച് ഭാഷയെ അദ്ദേഹം പുനര്‍ജ്ജനിപ്പിച്ചു. ഈ ഭാഷാക്രമവും അക്ഷരമാലയും പ്രചരിപ്പിക്കാന്‍ ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ചു. രണ്ടാമത്തെ കാര്യം സാര്‍വ്വജനീനവും സാര്‍വ്വത്രികവും സര്‍വ്വവിഷയകവുമായ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ടു. മൂന്നാമത്, കുടുംബത്തിനകത്തും പുറത്തുമുള്ള മനുഷ്യബന്ധങ്ങള്‍ എങ്ങനെ മാതൃകാപരമാക്കാമെന്നും രാജാവ് എന്നാല്‍ എന്തു കോലത്തില്‍ ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പിന്നെ ജാതിനാമാദികളായ എല്ലാ ഭേദങ്ങളും മറക്കാനുള്ള ഏറ്റവും നല്ല ഉപായം സ്വയം മറന്നുള്ള അര്‍പ്പണബോധം ജനിപ്പിക്കുന്ന ഭക്തിയാണെന്നും മനുഷ്യന് സുഖമായും സന്തോഷമായും കഴിയാനുള്ള ഈ ലോകവീക്ഷണം, ഈശാവാസ്യോപനിഷത്തിന്റെ പ്രഥമപദ്യത്തിലുണ്ടെന്നും അടിവരയിട്ടുറപ്പിച്ചു.

മക്കളെപ്പോലെ പ്രജകളെ സ്‌നേഹിക്കുന്ന നീതിമാനായ രാജാവും നല്ലതും ചീത്തയും തിരിച്ചറിയാന്‍ ഉതകുന്ന വിദ്യാഭ്യാസത്തിലൂടെ നിസ്വാര്‍ത്ഥരും നിഷ്‌കളങ്കമായ പ്രജകളും ഇവരെയെല്ലാം ഈ സംസ്‌കാരത്തിലേക്കു നയിക്കാനും അതില്‍ നിലനിര്‍ത്താനും ശേഷിയുറ്റ ഒരു ഭാഷയും ഭേദബുദ്ധിയില്ലാതെ പൊതുനന്മയ്ക്കായി സ്വയം സമര്‍പ്പിക്കുന്ന മനോഭാവവും ഒരുമിച്ചു നിലനില്‍ക്കുന്നേടം തന്നെയാണല്ലോ സ്വര്‍ഗ്ഗരാജ്യം! അങ്ങോട്ടല്ലെ ഇനിയെങ്കിലും നീങ്ങേണ്ടത്?

എഴുത്തച്ഛനെ ചെറുശ്ശേരിയുടെ പിന്‍ഗാമിയാക്കാന്‍ കാണിച്ച നിഷ്‌കര്‍ഷയും ദുരുദ്ദേശ്യപരം തന്നെ. ഇല്ലങ്ങളുടെ 'അകായ'കളില്‍, ഇന്നുമുപയോഗിക്കുന്ന ഗ്രാമ്യശൈലി ('തീക്കായ വേണം', 'തുടങ്ങീതേ') മുന്‍നിര്‍ത്തി ഭാഷാകാലം നിശ്ചയിച്ചാല്‍ ഇന്നു ജീവിക്കുന്ന പലരും പതിന്നാലാം നൂറ്റാണ്ടിലാണെന്നു പറയേണ്ടിവരും!

മാത്രമല്ല, പഴയ മലയാള ലിപിയിലെഴുതിയ ഒരു കൃഷ്ണഗാഥപ്പകര്‍പ്പും കണ്ടുകിട്ടിയിട്ടില്ല. പുതിയ ലിപിയില്‍ കണ്ടുകിട്ടിയ കാലനിശ്ചയമുള്ള ആര്യ മലയാള കൃതി 1520-ലാണ്. നാടോടിച്ചരിത്രവും നാട്ടറിവുകളും മറ്റും വെച്ച് എനിക്ക് മനസ്സിലായത് രാമാനുജനെഴുത്തച്ഛന്‍ 1482 മുതല്‍ 1566 വരെയാണ് ജീവിച്ചതെന്നാണ്.
പാഠപുസ്തകങ്ങളിലെ തെറ്റായ വിവരങ്ങളും കള്ളക്കഥകളും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങളും നീക്കാനുള്ള തന്റേടം എന്നാണ് നമുക്കു തികയുക?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com