വിളിച്ചാല്‍ വരാത്ത സ്ത്രീ: താഹ മാടായി

''വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ല'' എന്ന സുപ്രീം കോടതിവിധി സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ള ഇപ്പോള്‍ കേള്‍ക്കുന്നുണ്ടാവും.
വിളിച്ചാല്‍ വരാത്ത സ്ത്രീ: താഹ മാടായി

''വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ല'' എന്ന സുപ്രീം കോടതിവിധി സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ള ഇപ്പോള്‍ കേള്‍ക്കുന്നുണ്ടാവും. മലയാളിയുടെ ലൈംഗിക സദാചാരത്തെ ഏതോ തരത്തില്‍ തിരുത്താന്‍ ശ്രമിച്ചതായിരുന്നു പുനത്തിലിന്റെ ജീവിതവിധി. അത് എത്രമേല്‍ അപകടകരമാണ് എന്നു ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് പുനത്തില്‍. ഒക്ടോബറില്‍ പുനത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം കടന്നുവരികയാണ്. പുനത്തില്‍ ജീവിതം, വലിയൊരു പരിധിവരെ ജീവിതത്തില്‍ യജമാനഭാവം ചമയാത്ത ഒരു പുരുഷന്റെ ജീവിതമായിരുന്നു. ഒരു വരിയില്‍ത്തന്നെ മൂന്നു ജീവിതം എന്ന് എഴുതേണ്ടി വരും വിധം സംഭവബഹുലമായിരുന്നു ആ ജീവിതം. ദാ, പിന്നെയും ജീവിതം!

അതായത്, ഒരു വിവാഹിതന്റെ വിവാഹേതര പങ്കാളിത്തങ്ങള്‍ ഏതുവിധത്തില്‍ ആയിരിക്കണം എന്ന കാലുഷ്യമുള്ള ചോദ്യം ഓരോ വിവാഹിതനും വിവാഹിതയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.  കൊണ്ടുനടക്കുന്ന അത്യന്തം സ്ഫോടന ശക്തിയുള്ള ബോംബുപോലെയാണ് പലരും വിവാഹേതര ലൈംഗിക പങ്കാളിത്തത്തെ കാണുന്നത്. പൊട്ടിത്തെറിക്കുമ്പോള്‍ മാത്രമാണ് ആ ആള്‍ രഹസ്യമായി ലൈംഗിക /പ്രണയ ബോംബുകള്‍ കൊണ്ടുനടന്നിരുന്നു എന്നുതന്നെ അറിയുക.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ''ഉടലുകളുടെ ഉടമസ്ഥാവകാശം'' ആര്‍ക്കാണ് എന്ന ചോദ്യമാണ്. വിവാഹമെന്നത് അടിസ്ഥാനപരമായി രൂപപ്പെടുത്തുന്ന ഒരു ധാരണയുണ്ട്. മറ്റൊരാള്‍ക്കും കൈമാറാത്ത വിധം പരസ്പര പ്രചോദിതമായ ഒരു ലൈംഗിക വാഗ്ദാനമാണ് അത്. 'നിനക്ക് മാത്രമാണ് എന്റെ ഉടല്‍' എന്നു പരസ്പരം കൈ മാറുന്ന വാഗ്ദാനമാണ് വിവാഹം. ഈ വാഗ്ദാനനിര്‍മ്മിതിയാണ് വിവാഹജീവിതം. ഉടലില്‍ പരസ്പരമുള്ള അചഞ്ചലമായ വിശ്വാസനിര്‍മ്മിതിയാണ് അപ്പോള്‍ സംഭവിക്കുന്നത്. ഈ നിര്‍മ്മിതിക്ക് പക്ഷേ, ചില തകരാറുകള്‍ ഉണ്ട്.
ഒന്ന്, ഈ വാഗ്ദാനം പാലിക്കപ്പെടാന്‍ ഏറ്റവും നിര്‍ബന്ധിതമായ വിധേയത്വം സ്ത്രീകളില്‍ നിക്ഷിപ്തമാണ് എന്ന് അരക്കിട്ടുറപ്പിച്ച പുരുഷകേന്ദ്രീകൃതമായ സാമൂഹിക ബോധം.

രണ്ട്, ഉടല്‍ ഒരു കേന്ദ്രബിന്ദു ആകുന്നത് സ്ത്രീകളില്‍ മാത്രമാണ്. സ്ത്രീ വിരുദ്ധമാണ് ഉടല്‍ കേന്ദ്രീകൃതമായ ഈ സദാചാരബോധം, അല്ലെങ്കില്‍ പാരമ്പര്യ മോറല്‍ തിയറി (moral theory).
മൂന്ന്, വിവാഹിതയുടെ ഉടല്‍ ഭര്‍ത്താവിന്റെ കരുതല്‍ തടങ്കലില്‍ ആണ്. 'അവളില്‍' വേരുറപ്പിക്കുന്ന 'അവന്‍ മേധാവിത്വം.'
നാല്, ഭര്‍ത്താവിനു മാത്രം ഇണങ്ങുന്ന ഒരു ലൈംഗിക ആവിഷ്‌കാരത്തിന് അവള്‍ സദാ നിര്‍ബന്ധിക്കപ്പെടുന്നു. സ്ത്രീയുടെ ഉടല്‍ കരുതല്‍ തടങ്കലില്‍ വെച്ചുള്ള ഭര്‍ത്തൃമേധാവിത്വ സദാചാര നിര്‍മ്മിതിയില്‍ സ്ത്രീയുടെ ശരീരം ആത്മരഹിതമായ ഒരു ചരക്കുപോലെ കൈകാര്യം ചെയ്യപ്പെടുന്നു.
അഞ്ച്, അടുക്കള എന്ന സങ്കല്‍പ്പം സ്ത്രീക്ക് മാത്രം ബാധകമായപോലെ, ലൈംഗിക പാചകത്തിനു മാത്രം പുരുഷന്‍ കയറുന്ന ഇടമായി സ്ത്രീയുടെ ഉടല്‍ മാറുന്നു. ഭര്‍ത്തൃരുചിയുടെ പാചകശാലയായി മാറുന്ന ശരീരം.
ആറ്, സ്ത്രീത്വം എന്ന ബഹുരൂപമാര്‍ന്ന മൂല്യം ഭര്‍ത്താവ് എന്നൊരു കുറ്റിയില്‍ സ്ഥിരമായി ബന്ധിക്കപ്പെടുന്നു.
ഏഴ്, 'ചരിത്രാതീതമായ കാലം തൊട്ടേ സ്ത്രീ അടിമയാണ്' എന്ന ചരിത്രവിരുദ്ധമായ കെട്ടുകഥ 'ഉടല്‍ പേറ്റന്റില്‍' ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്നു.
എട്ട്, ലിംഗബോധത്തെക്കുറിച്ചുള്ള പുതിയ സ്ത്രീ അവബോധങ്ങള്‍ക്ക് തുല്യമായി ഒരു തരം ചോദ്യം ചെയ്യലും പൊറുക്കാത്ത ഭര്‍ത്താവ്.
ഒന്‍പത്, ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴെല്ലാം സെക്‌സിനു വിധേയയാകണം എന്ന കര്‍ക്കശ ഭര്‍ത്തൃബുദ്ധി ഉണ്ടാക്കുന്ന ആനന്ദരഹിത സ്ത്രീ ലൈംഗികത.
പത്ത്, ഉടല്‍ മാത്രം കേന്ദ്രബിന്ദു ആകുന്ന വിവാഹ വാഗ്ദാനത്തില്‍ മിക്കവാറും സംശയരോഗിയായി സ്ത്രീ ജീവിതം അസഹനീയമാക്കുന്ന ഭര്‍ത്താവ് എന്ന 'നോട്ടപ്പുള്ളി.'

അപ്പോള്‍, വിവാഹേതര ലൈംഗികബന്ധം ഒരു കുറ്റകൃത്യമല്ല എന്ന കോടതി വിധി, തുല്യതയെക്കുറിച്ചുള്ള ഒരു ആശയമാണ് പങ്കുവെയ്ക്കുന്നത്. എന്നാല്‍, യാഥാസ്ഥിതിക സമൂഹം അതു വായിക്കുന്നത്, കുടുംബത്തെ ശിഥിലമാക്കുമെന്നും ഒരു തരം അരാജകത്വം അഴിച്ചുവിടുമെന്നുമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് മല ചവിട്ടാം എന്ന വിധിയിലും 'തുല്യത' എന്ന ആശയം തന്നെയാണ് അടിസ്ഥാനപരമായി പ്രതിഫലിക്കുന്നത്. അത് ലൈംഗികതയുമായി നേരിട്ട് ബന്ധപ്പെടുത്തി 'സ്ത്രീ ഒരു ലൈംഗികച്ചരക്ക്' എന്ന സ്ത്രീ വിരുദ്ധബോധം അതിന്റെ സംവാദസത്തയായി കൊണ്ടുവരികയാണ് പലരും. 'ഉടല്‍' മാത്രം കേന്ദ്രബിന്ദു ആകുന്ന ആ ചര്‍ച്ചകളില്‍, സദാചാരം മതനിര്‍മ്മിതി കൂടിയാണെന്ന് ഊന്നിപ്പറയാന്‍ ചിലര്‍ ശ്രമിക്കുന്നു. 2018 സെപ്റ്റംബര്‍ 29-നു വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 എന്ന വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ചരിത്രവിധിയെ വിലയിരുത്തി മാധ്യമം ദിനപത്രം എഴുതിയ എഡിറ്റോറിയല്‍ തലക്കെട്ട് തന്നെ ''സദാചാരം നിയമത്തിന് പുറത്ത്'' എന്നാണ്. അതിന്റെ അവസാനം ഇങ്ങനെയാണ്:

സദാചാരം നിലനിര്‍ത്താനുള്ള ബാധ്യത ബാഹ്യനിയമത്തിന് ഉള്ളതിനെക്കാള്‍ കൂടുതലുള്ളത് മതമൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തന്നെയാണ്. ശിക്ഷിക്കുന്ന നിയമത്തെക്കാള്‍ മനസ്സാക്ഷിയേയും ദൈവത്തേയും ഭയക്കുന്ന വ്യക്തിയാണല്ലോ യഥാര്‍ത്ഥ സ്വാതന്ത്ര്യവും അന്തസ്സും നേടുക.
'മാധ്യമ പ്രബോധനം' ആവുകയാണ് ഈ എഡിറ്റോറിയല്‍. ദൈവമാണ് ഭയക്കപ്പെടേണ്ട നിയമം എന്ന ആശയം ഇതിലുണ്ട്. പക്ഷേ, ആരുടെ ദൈവം? ഏതു മതത്തിന്റെ ദൈവം? ഏതു മതവും ദൈവവുമാണ് 'സ്ത്രീ പുരുഷ തുല്യത' എന്ന ആശയം മനോഹരമായി പ്രതിഫലിപ്പിക്കുന്നത്? സെമിറ്റിക് മതങ്ങള്‍ മിക്കവാറും പാട്രിയാര്‍ക്കി ബോധമാണ് മതത്തിലൂടെയും ദൈവത്തിലൂടെയും വിതരണം ചെയ്യുന്നത്. 'ദൈവത്തേയും മനസ്സാക്ഷിയേയും ഭയക്കുന്ന വ്യക്തി' അതാണ് ഊന്നല്‍. ഭയമാണ് വേണ്ടത്, സ്വാതന്ത്ര്യം അല്ല! സ്ത്രീകള്‍ക്കാവശ്യമായ ഭയവിമുക്തമായ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സുപ്രീംകോടതി സംസാരിക്കുന്നത്.
അടുക്കളയില്‍ ആധുനികത കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍പോലും സ്ത്രീ ജീവിതത്തില്‍ സെമിറ്റിക് മതങ്ങള്‍ കൊണ്ടുവന്നിട്ടില്ല.

ഗ്യാസടുപ്പ്, ഇലക്ട്രിക് സ്റ്റൗ, ഹോട് പ്ലേറ്റ്, മിക്‌സി, കുക്കിംഗ് റേഞ്ച്, ഗ്രൈന്റര്‍, വെജിറ്റബിള്‍ കട്ടര്‍, ഡീപ് ഫ്രീസര്‍, വാഷ് ബേസിന്‍... ഇങ്ങനെ അടുക്കളയിലെ ജോലി ആയാസരഹിതമാക്കുന്ന അനേകം സാമഗ്രികള്‍... മതം ഭയരഹിതവും ആയാസരഹിതവുമായ ഒരു അടുക്കള സ്വാതന്ത്ര്യംപോലും സ്ത്രീകള്‍ക്ക് അനുവദിച്ചുകൊടുക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്. ഉടല്‍ വിശുദ്ധമാണ് എന്ന കുറ്റിയടിക്കലില്‍ തങ്ങളുടെ കര്‍ത്തൃത്വം, അല്ലെങ്കില്‍ തന്മ തുല്യതയില്‍ വിന്യസിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചിട്ടില്ല, ഒരു പരിധിവരെ ഒരു വിശ്വാസ സമൂഹത്തിലെ സ്ത്രീകള്‍ക്കും സാധിച്ചിട്ടില്ല. ആ നിലയില്‍ തുല്യത എന്ന ബോധം വളരെ കുറഞ്ഞ അളവില്‍ മാത്രം വിതരണം ചെയ്യുന്ന സമൂഹത്തിലാണ് തുല്യതയെക്കുറിച്ചുള്ള ആശയം നിയമവര്‍ത്തമാനമായി വരുന്നത്.

1976-ല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ രണ്ട് കഥകളില്‍ ചിരുത, വിളിച്ചാല്‍ വരുന്ന വസ്തുക്കള്‍ സ്ത്രീയുടെ മനോലോകം ആവിഷ്‌കരിക്കുന്നത് വളരെ സൂക്ഷ്മമായിട്ടാണ്. അതില്‍ തന്മയിലേക്ക് നടന്നുപോകുന്നു 'വിളിച്ചാല്‍ വരുന്ന വസ്തുക്കളി'ലെ സുകുമാരി. സ്ത്രീയുടെ തന്മ അല്ലെങ്കില്‍ ഐഡന്റിറ്റി സ്വയം വേണ്ടെന്നു വെക്കുന്ന ചിരുത. എഴുത്തുകാരനായ കാമുകനില്‍നിന്ന്, അതിന്റെ മായികമായ മോഹവലയങ്ങളില്‍നിന്ന് സുകുമാരി നടന്നുപോകുന്നു, വിളിച്ചാല്‍ തിരിച്ചുവരാത്തവിധം ഒരു സ്വതന്ത്രയായി. വിളിച്ചാല്‍ വരുന്ന ഒരു വസ്തുവല്ല താനെന്ന ഒരു പ്രഖ്യാപനം അതിലുണ്ട്. ചിരുതയാവട്ടെ, പെറ്റുകൂട്ടുന്ന ഒരു യന്ത്രമായി ഭര്‍ത്തൃകാമനയ്ക്ക് മുന്നില്‍ വീഴുന്നു. തട്ടിമാറ്റാന്‍ ശ്രമിക്കുന്നെങ്കിലും രോമാവൃതമായ ആ കൈകകള്‍ അവളില്‍ പിടിമുറുക്കുന്നു. അയയുന്നതും പിടിമുറുക്കുന്നതുമായ ഒരു പുരുഷവലയത്തിലാണ് സ്ത്രീ, മിക്കവാറും. സ്ത്രീ ആവിഷ്‌കരിക്കപ്പെടേണ്ടത് സ്വയം നിര്‍വ്വചിക്കാനാവുന്ന ഒരു സ്വാതന്ത്ര്യത്തിലേക്കാണ്. ശരീരം സമം വിശുദ്ധി എന്ന സമവാക്യത്തിന് ഇന്ത്യയിലെങ്കിലും ഇനി നിയമപരമായി പ്രസക്തിയില്ല.
സെമിറ്റിക് വംശാവലിയില്‍പ്പെട്ട പുനത്തില്‍ തന്റെ ജീവിതത്തിലും എഴുത്തിലും അതുകൊണ്ടുവരാന്‍ ശ്രമിച്ചു. അതില്‍ ജീവിതവും സര്‍ഗ്ഗാത്മകതയും ആഘോഷിച്ചു, ആ ആഘോഷങ്ങള്‍ ആവര്‍ത്തനവിരസമാക്കി സ്വയം പരാജയപ്പെടുത്തുകയും ചെയ്തു. 'ഉടല്‍' മാത്രം കേന്ദ്രബിന്ദുവായി കണ്ട ഒരാളുടെ പരാജയം കൂടിയായിരുന്നു അത്. അപ്പോഴും, പുനത്തില്‍ വിവാഹേതര ലൈംഗികബന്ധത്തെ ഒരു വ്യക്തി നടത്തുന്ന കുറ്റകൃത്യമായി പരിഗണിച്ചില്ല.
ചിരിക്കുന്നുണ്ടാവണം, പുനത്തില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com