കാലദേശങ്ങളുടെ കഥ, മനുഷ്യരുടെയും

ചില പുസ്തകങ്ങളങ്ങനെയാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തരുന്നവ.
കാലദേശങ്ങളുടെ കഥ, മനുഷ്യരുടെയും

ചില പുസ്തകങ്ങളങ്ങനെയാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തരുന്നവ. ഒരിക്കലും വായിച്ച് തീരല്ലേ എന്നു നിങ്ങളെക്കൊണ്ട് ആശിപ്പിക്കുന്നവ. ഉള്ളില്‍ ഓളം തല്ലുന്ന ഓര്‍മ്മകളുണര്‍ത്തുന്നവ. കുറേക്കാലം കൂടിയാണ് അങ്ങനെയൊരു നോവല്‍ വായിച്ചത്. എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ 'എസ്പതിനായിരം.' എത്ര വ്യത്യസ്തമാണ് അറുപതുകളില്‍ മദ്ധ്യകേരളത്തില്‍ വളര്‍ന്ന ഒരു സവര്‍ണ്ണ ഹിന്ദു ബാലികയുടേയും മലബാറില്‍ വളര്‍ന്ന ഒരു മുസ്ലിം ബാലകന്റേയും കുട്ടിക്കാലാനുഭവങ്ങള്‍! എത്ര സമാനമാണ് ആ കുട്ടികളുടെ ആകാംക്ഷകള്‍! ഉദ്വേഗങ്ങള്‍! ജിജ്ഞാസകള്‍! കൗതുകങ്ങള്‍! അപരിചിതമായ ഒരു അനുഭവഭൂമികയിലൂടെ കുട്ടിക്കാലത്തെ അതേ ആകാംക്ഷയോടെ, വിഹ്വലതയോടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍.

മാതൃദായകത്വം നിലവിലുള്ള കോഴിക്കോട് തെക്കേപ്പുറത്തെ പ്രത്യേക വിഭാഗം മനുശന്മാരുടെ ജീവിതമാണ് ഇതില്‍ മിഴിവോടെ തെളിയുന്നത്. ചരിത്രകാരന്മാരുടേയും സാമൂഹ്യശാസ്ത്രജ്ഞരുടേയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ വേറിട്ട ഒരു സംസ്‌കാരമാണ് ഇവിടുത്തേത്. അറുപതുകളിലെ കേരളം, വിശിഷ്യാ കോഴിക്കോട് എങ്ങനെയായിരുന്നു എന്ന ചരിത്രവും കൂടി പറഞ്ഞുവെക്കുന്ന ഒരു കൃതിയാണിത്. കോഴിക്കോടിന്റെ സാംസ്‌കാരിക-വ്യാപാരചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് തെക്കേപ്പുറത്തിനുള്ളത്. എന്‍.പി. മുഹമ്മദിന്റെ 'എണ്ണപ്പാടം', പി.എ. മുഹമ്മദ്കോയയുടെ 'സുല്‍ത്താന്‍ വീട്' എന്നിവയും ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കൃതികളാണ്.

വിവിധ തരം മനുഷ്യബന്ധങ്ങളുടെ ചൂടും ചൂരും ഈ രചനയില്‍ നിറഞ്ഞുനില്‍ക്കുന്നു. കൂട്ടുകാരുമായുള്ള സൗഹൃദം, ജ്യേഷ്ഠനുമായി ഇടയ്ക്കിടെ വഴക്കു കലര്‍ന്ന സ്‌നേഹം, ഉപ്പയോട് ആദരവോടെയുള്ള ഇഷ്ടം, കാമുകിയോടുള്ള പ്രണയം, എല്ലാറ്റിലുമധികം മുന്തിനില്‍ക്കുന്ന വെല്ലിമ്മായോടുള്ള ആരാധനയോടെയുള്ള കൂട്ട് ഇങ്ങനെ ബന്ധങ്ങളുടെ ശാദ്വലതയില്‍ മുറ്റി വളരുന്ന കഥാകാരന്റെ യൗവ്വനത്തിലേക്ക് കാലെടുത്ത് വെക്കും വരെയുള്ള കൗമാരകാല ജീവിതവും അതുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ദേശചരിത്രവുമാണ് എസ്പതിനായിരം. 
വെല്ലിമ്മ ആസിഫെന്നും കൂട്ടുകാരന്‍ കോയ ആഫീസെന്നും വിളിക്കുന്ന അങ്ങനെ എസ്പതിനായിരം പേരുകളുള്ള എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ വളര്‍ച്ചയുടെ ഈ കഥയില്‍ പ്രസവമുണ്ട്, സുന്നത്ത് കല്യാണവും സാധാ കല്യാണവും അറബിക്കല്യാണവും ഉണ്ട്, രതിയും സ്വവര്‍ഗ്ഗ രതിയുമുണ്ട്, മരണമുണ്ട്, അപ്പവാണിഭ നേര്‍ച്ചയും പള്ളിക്കുളം വൃത്തിയാക്കലും നോമ്പുതൊറയും പള്ളിപ്പെണക്കങ്ങളും തെരഞ്ഞെടുപ്പും കുത്തുറാത്തീബുമുണ്ട്, നോമ്പും പെരുന്നാളുമുണ്ട്, ബര്‍മ്മയും യുദ്ധവുമുണ്ട്. കള്ളപ്പണവും അറബിപ്പൊന്നുമുണ്ട്. പുഴയും പറമ്പും കടപ്പൊറവും ശ്മശാനവും അറവീടും പള്ളിയും പള്ളിക്കൂടവും മരമില്ലുമൊക്കെ പശ്ചാത്തലമായി വരുന്നുണ്ട്. ഇതെല്ലാം മുഴച്ചു നില്‍ക്കാതെ ഭംഗിയായി ഇഴചേര്‍ന്നിരിക്കുകയും ചെയ്യുന്നു. 
കുഞ്ഞുമനസ്സിലെ ചെറിയ വലിയ സന്തോഷങ്ങളേയും വിഹ്വലതകളേയും അതിന്റെ എല്ലാ ചാരുതയോടെയുമാണ് കഥാകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. കടപ്പുറത്തടിഞ്ഞ തിമിംഗലത്തെ കാണാന്‍ പോകുന്നത്, മതിലിനുമേല്‍ കയറിയിരുന്നു കുളം വൃത്തിയാക്കുന്നത് കാണുന്നത്, ശ്മശാനം കാണാന്‍ പോകുന്നത്, പറയന്മാര്‍ തീട്ടം കൊണ്ട് പോകുന്നത്, മരമില്ല് കാണാന്‍ പോകുന്നത്, കല്യാണത്തിനു മൂരിയെ അറക്കുന്നത്, സേട്ട് നാഗ്ജി ഫുട്ബാള്‍ കാണാന്‍ പോകുന്നത്, തെരഞ്ഞെടുപ്പിനു ചില്ലുപെട്ടികളില്‍ നേതാക്കളുടെ ചിത്രം വെച്ച് പ്രചരണം നടത്തുന്നത്, വെല്ലിമ്മ ഓല മെടയുന്നത്, പൊക്കുന്നിലേക്ക് കൂട്ടുകാരുടെ കൂടെയുള്ള സൈക്കിള്‍ യാത്ര, കുത്തുറാത്തീബും അപ്പവാണിഭ നേര്‍ച്ചയും സര്‍ക്കസും കാണാന്‍ പോകുന്നത്, ബാബുക്ക പാട്ട് കമ്പോസ് ചെയ്യുന്നത്, മെഹ്ഫിലിന്റെ ഒരുക്കങ്ങള്‍, നോമ്പുതുറയ്ക്ക് എം.ടിയും തിക്കോടിയനും ഉള്‍പ്പെടെ ഉപ്പായുടെ എഴുത്തുകാരായ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നത് തുടങ്ങി കുഞ്ഞുകണ്ണുകളിലൂടെയുള്ള കാഴ്ചകളെല്ലാം ദൃശ്യാത്മകമായി വര്‍ണ്ണിച്ചിരിക്കുന്നു. അതില്‍ അറബിയെ കാണാന്‍ പോകുന്ന സംഭവം നര്‍മ്മം കലര്‍ത്തിയാണ് വിവരിച്ചിരിക്കുന്നത്. വാടകയ്ക്ക് സൈക്കിളെടുക്കല്‍, ഓലമെടഞ്ഞു സൂക്ഷിക്കല്‍, സര്‍ക്കസ് കണ്ട് അന്തംവിടല്‍, പെരുന്നാളിനു കുപ്പായം വാങ്ങല്‍, സുന്നി-വഹാബി തര്‍ക്കം, സോവിയറ്റ് യൂണിയന്‍, മണി ഓഡര്‍, സൈക്കിള്‍ റിക്ഷ തുടങ്ങി അന്നത്തെക്കാലത്തെ അടയാളപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ടിതില്‍.

തന്നെ ഒരുപാട് കൗതുകങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന രണ്ടാം നമ്പറെന്നു സ്വയം വിളിക്കുന്ന കോയ സ്വവര്‍ഗ്ഗാനുരാഗിയായിത്തീര്‍ന്നു നാട് വിട്ടു പോകുന്നതും അതന്വേഷിക്കാന്‍ പൊലീസ് വരുന്നതുമെല്ലാം വിവരിച്ചിരിക്കുന്നു. പൊലീസുകാര്‍ പോയിക്കഴിഞ്ഞ് വെല്ലിമ്മ ഓടിവന്നെന്നെ മേലോടടുക്കി: ''പേടിച്ചോ എന്റെ മോന്‍?'' അങ്ങനെ വെല്ലുമ്മായുടെ കരുതലും സ്‌നേഹവും നുകര്‍ന്നുകൊണ്ട് അവരുടെ കൂടെ സര്‍ക്കീട്ടടിക്കുന്നതാണ് ആഫീസിന്റെ നേരം പോക്ക്. ജ്യേഷ്ഠനാകട്ടെ, സര്‍വ്വനേരവും വായനയും പഠിത്തവുമാണ്. ചിലപ്പോഴൊക്കെ ആഫീസിന്റെ കുട്ടിത്തരങ്ങളോട് ചെറിയ പുച്ഛവുമാണ് മൂപ്പര്‍ക്ക്. പക്ഷേ, ചില നേരത്ത് ആ ജ്യേഷ്ഠസ്‌നേഹം ഗൗരവത്തിന്റെ മറനീക്കി പുറത്തുവരുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭമാണ് പൊലീസുകാരുടെ ചോദ്യം ചെയ്യല്‍. അതുകഴിഞ്ഞ് ഭായി വന്നു കൈപിടിച്ചു: ''സാരല്ലാട്ടോ, നെനക്കൊന്നും പറ്റൂലാ. പറയാനുള്ളത് ധൈര്യമായി പറഞ്ഞല്ലൊ...'' ഭായി ഉമ്മയോട് പറഞ്ഞു: ''ഓന് ചൂടുള്ള ഒരു ചായ കൊട്ക്കിന്‍.'' ഞാന്‍ ഭായിയുടെ കൈ വിട്ടില്ല. എനിക്ക് ഭായിയോട് വല്ലാത്തൊരടുപ്പം തോന്നി. ഇത്തരം ഊഷ്മള സന്ദര്‍ഭങ്ങള്‍ വായനക്കാരുടെ കണ്ണ് നനയിക്കും. ഇങ്ങനെ പലതരം മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ വിതാനങ്ങളെ അതിഭാവുകത്വമോ അതിവൈകാരികതയോ ഇല്ലാതെ വളരെ സൂക്ഷ്മതയോടെയാണ് കഥാകാരന്‍ നമുക്കു മുന്നില്‍ തുറന്നുവെക്കുന്നത്. അതില്‍ വെല്ലിമ്മ എന്ന കഥാപാത്രത്തിന്റെ അനുപമമായ സ്വഭാവസവിശേഷതകള്‍ നമ്മെ അദ്ഭുതപ്പെടുത്തും. ആസീഫിനെ വാത്സല്യം കൊണ്ട് അത്രയ്ക്കത്രയ്ക്ക് പൊതിയുമ്പോഴും സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ല അവര്‍.
സ്വന്തം നാടായ തെക്കേപ്പുറം എന്നുണ്ടായി എന്ന ഒരു കൗമാരക്കാരന്റെ മനസ്സിലുദിക്കുന്ന സംശയത്തിനുള്ള ഉത്തരം വെല്ലിമ്മായുടെ നാവില്‍നിന്നും വരുമ്പോള്‍ അത് ഖുറാനിലും ശാസ്ത്രത്തിലും പറയുന്ന ദര്‍ശനമായിത്തീരുന്നു. ''അവിടേം ഇവിടേം എവിടേം ഒന്നൂണ്ടായിരുന്നില്ല. കെറേ കെറേന്നു വെച്ചാല്‍ കെറേ കൊല്ലം മുന്‍പാ, ബൂമില്ലാ. ആകാശല്ലാ. സൂര്യനും ചന്ദ്രനും ഇല്ല. വെളിച്ചത്തിന്റെ ഒരു തരിപോലും ഇല്ലേനും. ഒക്കേം കുറ്റാക്കൂരിരുട്ടിന്റെ പൊതപ്പിട്ട് മൂടി ഒറങ്ങ്വേനും. അന്നേരം ഇരുള്‍പ്പടര്‍പ്പുകള്‍ ആകാശഭൂമികളെയാകെ മൂടി... അവിടെയുമിവിടെയും ഒന്നും ഉണ്ടായിരുന്നില്ല.'' എന്നാണ് നോവല്‍ അവസാനിക്കുന്നതും. 

മരണത്തെക്കുറിച്ചും പാപപുണ്യഫലങ്ങളെക്കുറിച്ചുമൊക്കെയുള്ള അകാംക്ഷകളും ഭയങ്ങളും നമ്മുടെ മനസ്സില്‍ ഏറ്റവുമധികം ഉടലെടുക്കുന്നത് കൗമാരകാലത്താണ്. ഒടുങ്ങാത്ത ആ ജിജ്ഞാസകൊണ്ടാണ് ആപ്പിസ് കോയക്കൊപ്പം കബറിസ്ഥാന്‍ കാണാന്‍ പോകുന്നത്. കബറിനുള്ളിലെ വര്‍ത്തമാനത്തെപ്പറ്റി പറയുന്നത്. പോരിശ ചെയ്ത മനിശ്ശന്മാര്‍ക്കേ കബറിനുള്ളിലെ ബര്‍ത്താനം കേള്‍ക്കാന്‍ പറ്റൂ. കബറടക്കം കഴിഞ്ഞയുടനെ മലക്കു വരും. ആദ്യം വരുന്ന മലക്കിന്റെ പേര് നൗമാന്‍ ന്നാ. ഓര് മയ്യത്തിനോട് പറയും, ''നീ ദുനിയാവില് വെച്ച് ചെയ്ത നന്മകളും തിന്മകളും എയുത്'' മലക്ക് മയ്യത്ത് കഫന്‍ ചെയ്ത വെള്ളത്തുണീന്നും ഒരു വല്യ കഷ്ണം പറിച്ചെടുക്കും. മയ്യത്തിനതു കൊടുത്തുകൊണ്ട് പറയും. ''ഇതില് നീ നിന്റെ തുപ്പല് കൊണ്ടെഴുത്.'' എയ്തിക്കഴിഞ്ഞാ ആ തുണിക്കണ്ടം മയ്യത്തിന്റെ കഴുത്തില്‍ കെട്ടിത്തൂക്കും. ഇതൊക്കെ വായിക്കുമ്പോള്‍ ഏതോ ജന്മാന്തരവിഹ്വലതകള്‍ നമ്മുടെ മനസ്സിലും വരികയായി. Ship of theseus-നെപ്പോലെ ഒരു ബാവാജീന്റെ കുടയുണ്ട് ഈ കഥയില്‍. കമ്പിയും ശീലയും കുതിരയും പിടിയുമൊക്കെ പലകുറി മാറ്റിയിട്ടും അത് ബാവാജീന്റെ കുട തന്നെ. നശ്വരതയും അനസ്യൂതതയും ഇഴചേര്‍ന്ന ജീവിതത്തിനെ ധ്വനിപ്പിക്കുന്ന അതിസുന്ദരമായ ഒരു ബിംബമായിട്ടാണ് ആ കുട കഥയില്‍ കടന്നുവരുന്നത്.

കുടയെടുക്കാതെ പുസ്തകത്തിലേക്കിറങ്ങുന്ന വായനക്കാരെ പൊടുന്നനെ നനയ്ക്കുന്ന പല തരം മഴയുണ്ട് ഈ ജീവിതകഥയിലെമ്പാടും. പടച്ചോനേ, ഇമ്മയക്ക് ഒരറുതിയില്ലേ? എന്നു ചോദിപ്പിക്കുന്ന ഭൂമി തുളച്ചിറങ്ങുന്ന തോരാമഴ, പ്രണയിനിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താരാട്ടാവുന്ന മഴ, ആയിരം കൈകള്‍ വീശിപ്പാഞ്ഞ് വരുന്ന മഴ, കാഴ്ചയെ മറയ്ക്കുന്ന, ചെവിടടപ്പിക്കുന്ന, ഭൂമിയുമാകാശവുമൊന്നാക്കുന്ന മഴ, ഏതോ ആകാശമടക്കുകളില്‍നിന്നു മേഘങ്ങളുടെ കറുത്ത പുതപ്പ് വലിച്ചെടുത്ത് പന്തുകളിക്കു മുകളില്‍ കോരിച്ചൊരിയുന്ന സങ്കല്‍പ്പ മഴ, ചരല്‍ വീശിയെറിയുന്ന മഴ, വെല്ലിപ്പായുടെ സങ്കടങ്ങളായി പെയ്യുന്ന മഴ, ഒരു കാരണോല്ലാണ്ട് കരയണ പെണ്ണുങ്ങളെപ്പോലെയും വന്നുപോയ ഒരടയാളവുമവശേഷിപ്പിക്കാത്ത പിയ്യാപ്ലമാരെപ്പോലെയുമുള്ള മഴ. പഞ്ഞിക്കെട്ട് കൊടഞ്ഞിട്ട ആകാശത്തുനിന്നും വെള്ളിയൊഴിച്ച് പാരുന്ന പോലത്തെ മഴ, തീവ്രതരമല്ലാത്ത ഓര്‍മ്മപോലെ ചാറുന്ന മഴ. ഇങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍. വെള്ളപ്പൊക്കത്തിന്റേയും രക്ഷാപ്രവര്‍ത്തനങ്ങളുടേയും ക്യാമ്പിന്റേയും വിവരണങ്ങളുമുണ്ടിതില്‍.
സ്വവര്‍ഗ്ഗരതി പ്രകൃതിയുടെ സ്വാഭാവികതയാണെന്നുള്ള തിരിച്ചറിവ് ഇപ്പോള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇവിടെ ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് ഈയിടെയാണ് വന്നത്. എന്നാല്‍, ആണുങ്ങള്‍ ആണുങ്ങളോട് ബന്ധം വെച്ചാല്‍ അല്ലാഹു ഭൂമി കീഴ്മേല്‍ മറിച്ചിടുമെന്നു വിശ്വസിച്ചിരുന്ന കാക്കക്കാരണോന്മാരെ കാലം തൊട്ട് തെക്കെപ്പൊറത്തുണ്ടായിരുന്ന പിരിശത്താലുള്ള മൊഹബത്താണ് കൊടുപ്പീസ്. അതായത് ആര്‍ക്കും കളിമക്കളിക്ക് കെടന്നു കൊടുക്കണ കുണ്ടന്മാര്‍. മദ്രസയിലേയും പള്ളിയിലേയും ഉസ്താദുമാരുള്‍പ്പെടെയുള്ളവര്‍ ബാലന്മാരെ ലൈംഗികമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ഈ കഥയില്‍ വരുന്നുണ്ട്. ഈ തുറന്നു പറച്ചിലിന്റെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.
വെല്ലിമ്മയുടെ ഉമ്മ തൊട്ട് പേരമകള്‍ വരെയുള്ള ആറ് തലമുറയില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സമര്‍പ്പണം ഒരുപക്ഷേ, മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും. തനതായ സ്വത്വവും വ്യക്തിത്വവും മിഴിവുമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് എസ്പതിനായിരത്തിലുള്ളത്. കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് വെല്ലിമ്മ. ''ചെതല്ലാത്തത് ചെയ്താല് ആരാണെങ്കിലും കയ്സേസി കന്നും പൂട്ടി ഇരിക്കൂലാ.'' എന്നതാണ് വെല്ലിമ്മയുടെ നയം. ഏതൊരു കാര്യത്തിലും വെല്ലിമ്മയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. അറബികള്‍ ഇവിടെ വന്നു കെട്ടുന്നതിനെപ്പറ്റി ''അല്ലെങ്കില് ഇവടെ ഒന്ന് കെട്ടിയാലെന്താ? ഏതോ ബഹറിനപ്പുറള്ള അറബിക്കെട്ടുന്നും പുറപ്പെട്ട്, കൊറേ ദിവസം കടലില് സഞ്ചരിച്ച് ഇവടെത്തി, ആറേഴു മാസം ഒറ്റത്തടിയായി കഴിയണ ഓര് ഇവടെ ഒന്നോ രണ്ടോ കെട്ട്യാലെന്താ കൊയപ്പം? ഏതെങ്കിലും പാവപ്പെട്ട ഒരു പെണ്ണെങ്കിലും രക്ഷപ്പെടൂലോ'' എന്നാണ് വെല്ലിമ്മയുടെ ന്യായം. ആഘോഷങ്ങള്‍ക്കും ബന്ധുവീടുകളിലേക്കും 'ആസീഫി'നെ കൊണ്ടുപോകുന്നത് വെല്ലിമ്മയാണ്. തെരഞ്ഞെടുപ്പിന് ആവേശപൂര്‍വ്വം വോട്ടുപിടിക്കുന്ന കോണ്‍ഗ്രസ്സുകാരി പാത്തുമുട്ത്താത്തയും കമ്യൂണിസ്റ്റുകാരി കച്ചിബിത്താത്തയുമുണ്ട്. പരപ്പനങ്ങാടിയിലെ സര്‍വ്വ കഥകളുമറിയുന്ന പാത്തുത്തായുണ്ട്. പ്രണയിനിയും ധൈര്യശാലിയുമായ ഷാഹിനയുണ്ട്. കല്യാണമൊറപ്പിച്ച് അദബില് കഴിയണ സുലൈയത്തായുണ്ട്. സല്‍ക്കാരം സ്‌നേഹമായി ഒഴുക്കുന്ന മറിയുമ്മയുണ്ട്. അറബി മൊഴിചൊല്ലി, അടുപ്പൂതി പുകഞ്ഞ കണ്ണും കെട്ടുപോയ മണ്ണെണ്ണ വിളക്കുപോലെ കരുവാളിച്ച മുഖവുമുള്ള സക്കീനയുണ്ട്. പെണ്ണുങ്ങളുടെ ചില ജീവിതരഹസ്യങ്ങളറിയാന്‍ ഏതൊരു കൗമാരക്കാരനും ആകാംക്ഷയുണ്ടാവും. ആ ആകാംക്ഷ കഥാകാരനെ പല സ്ത്രീകളുടേയും ഉള്‍ക്കഥകളിലേക്കെത്തിക്കുന്നുണ്ട്. കൈതപ്പൊന്തയിലിരുന്നു പതിനാറുകാരി ഉമ്മുകുത്സുവിന്റെ കുളി വീക്ഷിക്കുന്ന, മണ്ടേല് മുയ്മനും അറബിയെഴുത്തുള്ള സത്യപ്പാമ്പ് വായനക്കാരുടെ മനസ്സിലേക്കും ഇഴഞ്ഞുകേറുമെന്നുറപ്പ്.

പിരാന്ത് വന്നു മരിച്ച മമ്മദാലിക്ക, രക്തബന്ധമില്ലെങ്കിലും കുട്ടികളെ കാഴ്ചകള്‍ കാണാന്‍ കൊണ്ടുപോകുന്ന കോയമോന്‍ക്ക, കോണ്‍ഗ്രസ്സൗക്ക എന്നു വിളിപ്പേരുള്ള ഉപ്പാപ്പ, കടലില്‍ കാണാതായ അതൃമാന്‍ക്ക തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളും വലത്തോട്ടും ഇടത്തോട്ടും ചിത്രം വരച്ചിരുന്ന ചൂലിലെ ഈര്‍ക്കിളുകള്‍ പിടഞ്ഞുനിന്നു. കുട തുറന്ന് ആകാശത്തേയ്ക്ക് നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്ന രാത്രിദൃശ്യം, ഓര്‍മ്മയുടെ എല്ലൊടിഞ്ഞപോലെ തുടങ്ങി മനോഹരമായ പ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് സമൃദ്ധമാണീ രചന.
ക അബാലയത്തിന്റെ പൊന്‍വെളിച്ചംകൊണ്ട് കണ്ണ് മഞ്ഞളിച്ച്, ഉളികൊണ്ട് സ്വയം സുന്നത്ത് ചെയ്യപ്പെട്ട് സ്വര്‍ഗ്ഗം പൂകുന്ന മിശ്കാല്‍ പള്ളി പണിത പെരുന്തച്ചന്‍,  ഏയാമാകാശത്തിന്റെ ഒടൂലെ തട്ടില്‍നിന്ന്  പോര്‍ച്ചുഗീസുകാരുടെ ആക്രമണസമയത്ത് മിശ്കാല്‍ പള്ളിയുടെ മേല്‍ത്തട്ടില്‍നിന്നും കുറ്റിച്ചിറക്കുളത്തിലേക്ക് പറന്നിറങ്ങുന്ന ഉസ്താദുമാര്‍, ആദിയുമന്തവുമില്ലാതെ കിടക്കുന്ന മഹാസമുദ്രത്തിന്റെ ആയിരം കൈകളാല്‍ കോരിയെടുത്ത് തിരമാലകളുടെ പൂമെത്തയില്‍ കിടന്ന് ഇടിയങ്ങരയിലെത്തുന്ന ശൈഖ് മാമുക്കോയ തങ്ങളുടെ മയ്യത്ത്, ബോധാബോധങ്ങള്‍ക്കിടയില്‍ വെല്ലിമ്മ പറയുന്ന നബിയുടെ ബുറാക് എന്ന പറക്കുംകുതിരപ്പുറത്തെ സഞ്ചാരക്കഥ, പെറക്കാന്‍ പോണ കുട്ടി പള്ളേന്ന് സലാത്തും ദിക് റും ചൊല്ലുന്നത് തുടങ്ങി ഫാന്റസിയും ഭ്രമാത്മകതയും ചേര്‍ന്ന കുറേ സംഭവങ്ങളുണ്ടിതില്‍.

തെക്കേപ്പുറം, പരപ്പനങ്ങാടി, എണ്ണപ്പാടം എന്നീ മൂന്നിടങ്ങളിലുമുള്ള സസ്യജീവിജാലങ്ങള്‍ ഈ കഥയുടെ ഭാഗമാകുന്നുണ്ട്. പരപ്പനങ്ങാടിയിലുള്ള  ഭൂതം, പ്രേതം, ചൈത്താന്മാര്, ചൈത്താന്മാരെ മക്കള്, മക്കളെ മക്കള്, ഒപ്പം പാമ്പ്, ചേര, കീരി, കുറുക്കന്‍, കാട്ടുപൂച്ച ഇതൊന്നും തെക്കേപ്പുറത്തില്ല എന്നു പറഞ്ഞപ്പോള്‍ പാത്തുത്താ പറയുന്ന ആ വാചകമുണ്ടല്ലൊ-  ഇതൊന്നുമില്ലാതെ പിന്നെന്ത് ദുനിയാവാണ്? അതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന മഹത്തായ ഒരാശയം. ഭൂമിയുടെ അവകാശികള്‍ എന്നു സകല ജീവജാലങ്ങളേയും കരുതിപ്പോന്ന ബഷീര്‍ എന്ന വലിയ കഥപറച്ചിലുകാരനെ ഓര്‍മ്മിപ്പിക്കുന്നതാണാ ചോദ്യം. തൊട്ടാവാടിയും ബദാം മരവും തൊട്ട് എടങ്ങേറിന്റെ അവലും കഞ്ഞി സൃഷ്ടിക്കുന്ന ചേര് മരം വരെ ഈ നോവലിലെ കഥാപാത്രമാണ്. 
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് കഥാകാരന്റെ മകനായ ബാസിം അബു ആണ്. 

കാലദേശങ്ങളെ അതിജീവിക്കുമ്പോഴാണ് രചനകള്‍ ക്ലാസ്സിക്കായിത്തീരുന്നത് എന്നാണല്ലോ. എസ്പതിനായിരം സ്ഥലകാലങ്ങളിലൂന്നി നില്‍ക്കെത്തന്നെ മനുഷ്യവികാരങ്ങളെ അനശ്വരവും അപരിമേയവും ആക്കുകയാണ്. ഈ കൃതി മലയാളഭാഷയ്ക്കും സംസ്‌കാരത്തിനും ചെയ്യുന്ന സംഭാവന ചെറുതല്ല. ഭാഷകള്‍ കാലാധീനപ്പെട്ടു പോകുകയും സംസ്‌കാരങ്ങള്‍ മിശ്രിതപ്പെട്ട് തനിമ നഷ്ടപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് ഒരു കൂട്ടം മനുഷ്യരുടെ തനത് ഭാഷ, പലഹാരങ്ങള്‍ (നൂറു കൂട്ടം തീറ്റസാധനങ്ങളുടെ പേര് വരുന്നുണ്ടിതില്‍), ആചാരങ്ങള്‍, നേരം പോക്കുകള്‍, കളികള്‍, വ്യവഹാരങ്ങള്‍ എന്നിവയെയെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കുക എന്നൊരു മഹനീയ ധര്‍മ്മം കൂടി അനുഷ്ഠിക്കുന്നുണ്ട് എസ്പതിനായിരം. നൂറ്റാണ്ടുകള്‍ക്കപ്പുറം 20-ാം നൂറ്റാണ്ടിലെ കോഴിക്കോട് ചരിത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തീര്‍ച്ചയായും ഈ പുസ്തകം സംഘകൃതികളെപ്പോലെ വിലപ്പെട്ട വിവരങ്ങള്‍ കണ്ടെത്താനുള്ള ഒരു സ്രോതസ്സായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com