മേഘനാദ് സാഹ: വിവേചനങ്ങള്‍ക്കു നടുവില്‍ ആര്‍ജ്ജവത്തോടെ

തന്റെ പേര് മേഘനാദ് സാഹ എന്നാണെന്നും മേഘനാഥ് സാഹ എന്നല്ലെന്നും ഇന്ത്യയുടെ ആ വിശ്രുത ശാസ്ത്രജ്ഞന്‍ ഉറപ്പിച്ചു പറഞ്ഞു.
മേഘനാദ് സാഹ: വിവേചനങ്ങള്‍ക്കു നടുവില്‍ ആര്‍ജ്ജവത്തോടെ

ന്റെ പേര് മേഘനാദ് സാഹ എന്നാണെന്നും മേഘനാഥ് സാഹ എന്നല്ലെന്നും ഇന്ത്യയുടെ ആ വിശ്രുത ശാസ്ത്രജ്ഞന്‍ ഉറപ്പിച്ചു പറഞ്ഞു. താന്‍ ആര്യദേവനായ മേഘങ്ങളുടെ നാഥന്‍ ഇന്ദ്രനല്ലെന്നും മേഘഗര്‍ജ്ജനം മുഴക്കുന്ന രാവണപുത്രന്‍ മേഘനാദനോടാണ് തന്റെ ബന്ധമെന്നും സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. അവിഭജിത ബംഗാളിലെ ഡാക്കയില്‍നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള സിയോരത്താലി ഗ്രാമത്തില്‍, ഒരു ചെറുകിട പലവ്യഞ്ജന വ്യാപാരിയായിരുന്ന ജഗന്നാഥ സാഹയുടേയും അദ്ദേഹത്തിന്റെ പത്‌നി ഭുവനേശ്വരിദേവിയുടേയും മകനായി 1893 ഒക്ടോബര്‍ 6-ാം തീയതി നമ്മുടെ കഥാപുരുഷന്‍ ജനിക്കുമ്പോള്‍ ഗംഭീരമായ ഇടിമുഴക്കവും കോരിച്ചൊരിയുന്ന മഴയുമായിരുന്നു. കൊടുങ്കാറ്റില്‍ ആ കുടുംബം താമസിച്ചിരുന്ന വീടിന്റെ മേച്ചിലോലകള്‍ പറന്നുപോയി. ബംഗാളിലെ പാവങ്ങളെ വെള്ളപ്പൊക്കത്തിന്റെ കെടുതികളിലേക്കു തള്ളിയിടുന്ന മഴദൈവത്തിനോടുള്ള പ്രാര്‍ത്ഥനയായി ഇന്ദ്രന്റെ നാമമായിരുന്നു അമ്മൂമ്മ കുഞ്ഞിനു നല്‍കിയത്. ആ പേരു തിരുത്തി, അവസാന ശ്വാസം വരെ കീഴടങ്ങാതെ മേഘഗര്‍ജ്ജനം മുഴക്കി പൊരുതി നിന്ന അസുരവീരന്റെ നാമം ഈ ശാസ്ത്രജ്ഞന്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രന്‍ അജിത് സാഹ പറയുന്നുണ്ട്. ദളിതര്‍ക്കു നേരെ നിലനിന്നിരുന്ന വിവേചനങ്ങളുടേയും അതിക്രമങ്ങളുടേയും പശ്ചാത്തലത്തില്‍, ആധുനികതയുടേയും ഐഹികതയുടേയും മൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് സാഹ ഈ നിലപാട് സ്വീകരിച്ചതെന്ന് സാഹയുടെ ജീവിതം വ്യക്തമാക്കുന്നുണ്ട്. 

സമകാലീനരായിരുന്ന ശാസ്ത്രജ്ഞന്മാരെ അപേക്ഷിച്ച് മേഘനാദ് സാഹക്ക് വലിയ വിമര്‍ശഭാവന ഉണ്ടായിരുന്നു. ഭൗതികശാസ്ത്രരംഗത്ത് എക്കാലവും വിലമതിക്കുന്ന അയോണീകരണ സമീകരണം കൊണ്ട് സാഹ ലോകശ്രദ്ധയെ ആകര്‍ഷിച്ചിരുന്നുവെങ്കിലും എല്ലാ കോണുകളില്‍നിന്നും താഴ്ന്ന ജാതിക്കാരനെന്ന വിവേചനം അനുഭവിച്ചു. സാഹയുടെ ജനാധിപത്യപരമായ സമീപനങ്ങളും ശാസ്ത്രീയമായ വീക്ഷണങ്ങളും പ്രധാനമന്ത്രിയോടു പോലും വിഭിന്നാഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനുള്ള ആര്‍ജ്ജവവും അദ്ദേഹത്തെ ഉദ്യോഗസ്ഥമേധാവിത്വത്തിനും മറ്റും അനഭിമതനാക്കുന്നതായിരുന്നു. ഇന്ത്യന്‍ ശാസ്ത്രവ്യവസ്ഥയില്‍നിന്നും അദ്ദേഹം അനുഭവിച്ച ജാതീയമായ വിവേചനങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങളുണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ ഭൗതികശാസ്ത്രത്തിന്റെ സൂക്ഷ്മ സാമൂഹികചരിത്രം എഴുതിയ ആഭാ സുര്‍ നിരീക്ഷിക്കുന്നുണ്ട്. സാഹമാരുടെ സമുദായം കിഴക്കന്‍ ബംഗാളിലെ സാമാന്യം ജീവിതസൗകര്യങ്ങളുള്ള ഒരു ഉപജാതി വിഭാഗമായിരുന്നെങ്കിലും ഇവരോടുള്ള വിവേചനം കഠിനമായിരുന്നുവെന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ചില രേഖകള്‍ കാണിക്കുന്നു. സാഹമാരുടെ കീഴില്‍ പണിയെടുക്കുന്ന ഭുമ്മാലി വിഭാഗക്കാര്‍ പോലും ഇവരുടെ ഭക്ഷണം സ്പര്‍ശിക്കുമായിരുന്നില്ല. ഇവര്‍ ഉപയോഗിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നാല്‍ ചണ്ഡാല്‍ വിഭാഗക്കാര്‍ക്ക് ജാതി നഷ്ടപ്പെടുമായിരുന്നു. 1950-ലെ ഭരണഘടനാ നിര്‍ദ്ദേശങ്ങളില്‍ സാഹയെന്ന ഉപജാതിവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന സുന്‍രികളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇവരോടുള്ള ജാതീയ വിവേചനങ്ങള്‍ കടുത്തതായിരുന്നു. മേഘനാദ് സാഹ അനുഭവിച്ച ജാതീയ വിവേചനത്തിന്റെ സാമൂഹിക പശ്ചാത്തലം ഇതാണ്. ഇന്ത്യയിലെ ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ഏതു നിലയ്ക്കും മുന്‍നിരയില്‍ നിന്നിരുന്ന മേഘനാദ് സാഹയുടെ ജീവിതം ബ്രാഹ്മണ്യശക്തികള്‍ക്കും ജാതിവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്കും പ്രാമാണ്യമുള്ള ഇന്ത്യന്‍ ശാസ്ത്രവ്യവസ്ഥയിലെ അനഭിലഷണീയമായ പ്രവണതകളുടെ കഥ കൂടിയായി മാറുന്നത് ഇങ്ങനെയാണ്.   
    ജഗന്നാഥ് സാഹ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല, മൂത്തമകനായ ജയ്നാഥിന്റെ പരാജയത്തിനു ശേഷം പ്രത്യേകിച്ചും.  മേഘനാദനാകട്ടെ, പഠനത്തില്‍ അതീവ തല്‍പ്പരനും. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടില്‍ നിന്നും പത്തു കിലോമീറ്ററോളം അകലെയുള്ള സിമുലിയയിലെ പള്ളിക്കൂടത്തിലാണ് മേഘനാദിനു പഠിക്കേണ്ടിയിരുന്നത്. ഒരു നാട്ടുവൈദ്യനായ അനന്തകുമാര്‍ ദാസിന്റെ ഗൃഹത്തില്‍ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടു താമസിക്കാനുള്ള സൗകര്യം മേഘനാദിനു ലഭിച്ചു. ജാതീയമായ വിവേചനങ്ങള്‍ക്കിടയിലും അവിടെ നിന്നുകൊണ്ടാണ് മേഘനാദ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഈ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന പ്രസന്നകുമാര്‍ ചക്രവര്‍ത്തി മേഘനാദില്‍ ഗണിതതാല്‍പ്പര്യത്തിന്റെ ആദ്യത്തെ വിത്തുകള്‍ പാകി. പഠനത്തില്‍ ജില്ലാതലത്തില്‍ ഉയര്‍ന്ന വിജയം നേടിയ സാഹ ഡാക്കയിലെ കൊളീജിയേറ്റ് സ്‌കൂളില്‍ ചേര്‍ന്നു. സ്‌കോളര്‍ഷിപ്പിനു പുറമേ, സഹോദരനായ ജയ്നാഥ് ഓരോ മാസവും നല്‍കിയിരുന്ന തുകയും മേഘനാദിന്റെ പഠനത്തെ സഹായിച്ചു. മേഘനാദിന്റെ പഠനകാലത്തുടനീളം സഹായഹസ്തവുമായി മൂത്ത സഹോദരനായ ജയ്നാഥ് ഉണ്ടായിരുന്നു. അമ്മ ഭുവനേശ്വരിദേവി മകന്റെ പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സിയോരത്താലിയില്‍  അമ്മയുടെ പേരില്‍ മേഘനാദ് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നുണ്ട്. പില്‍ക്കാലത്ത്, കിഴക്കന്‍ പാക്കിസ്താനിലെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ആ സ്‌കൂളിന്റെ മേല്‍നോട്ടം നിര്‍വ്വഹിച്ചിരുന്നത് സാഹ കുടുംബമായിരുന്നു. സ്‌കൂള്‍ വിടുതല്‍ പരീക്ഷയ്ക്കു തുല്യമായ പ്രവേശന പരീക്ഷയില്‍ കിഴക്കന്‍ ബംഗാളിലെ ഒന്നാം സ്ഥാനക്കാരനായി മേഘനാദ് വിജയിച്ചു. എന്നാല്‍, ഇവിടുത്തെ വിദ്യാഭ്യാസത്തിനിടയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും സാഹ പുറത്താക്കപ്പെടുന്നുണ്ട്. ഗവര്‍ണ്ണറുടെ സന്ദര്‍ശനസമയത്ത് നഗ്‌നപാദനായി സ്‌കൂളില്‍ ചെന്നതിനുള്ള ശിക്ഷയായിരുന്നു അത്. ഒരു സ്വകാര്യ പള്ളിക്കൂടത്തില്‍ ചേര്‍ന്നാണ് സാഹ ആ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡാക്ക കോളേജിലെ ഇന്റര്‍മീഡിയറ്റ് ശാസ്ത്രക്ലാസ്സുകള്‍ക്കിടയില്‍, പുലിന്‍ദാസിന്റെ നേതൃത്വത്തിലുള്ള ഡാക്ക അനുശീലന്‍ സമിതി എന്ന സംഘടനയുമായി സാഹയ്ക്കു ബന്ധമുണ്ടായിരുന്നു. എന്നാല്‍, അക്കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വേണ്ടത്ര രേഖകള്‍ ലഭ്യമല്ല. 
1911-ല്‍, ശാസ്ത്രബിരുദവിദ്യാര്‍ത്ഥിയായി സാഹ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ചേരുമ്പോള്‍ ജെ.സി. ബോസും പി.സി. റേയും അദ്ധ്യാപകരായി അവിടെ ഉണ്ടായിരുന്നു. ഡി. എന്‍. മല്ലിക്കാണ് ഗണിതശാസ്ത്ര ക്ലാസ്സുകള്‍ എടുത്തിരുന്നത്. സത്യേന്ദ്രനാഥബോസ് സഹപാഠിയായിരുന്നു. പ്രശാന്ത മഹലനോബിസ് സീനിയര്‍ വിദ്യാര്‍ത്ഥിയായും സുഭാഷ് ചന്ദ്രബോസ് ജൂനിയര്‍ വിദ്യാര്‍ത്ഥിയായും കോളേജിലുണ്ടായിരുന്നു. ഈഡന്‍ ഹിന്ദു ഹോസ്റ്റലില്‍ താമസിച്ചിരുന്ന സാഹ  പിന്നോക്ക ജാതിയില്‍പ്പെട്ടവനെന്ന നിലയ്ക്കു ജാതീയമായ വിവേചനങ്ങള്‍ക്കു വിധേയനായി. ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ദളിത് വിദ്യാര്‍ത്ഥികളോടൊപ്പം ഭക്ഷണം കഴിക്കാന്‍ സന്നദ്ധരായിരുന്നില്ല. സരസ്വതി പൂജ നടക്കുന്ന വേദിയിലേക്ക് ദളിത് വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതു തടഞ്ഞ സംഭവവുമുണ്ടായി. ജ്ഞാന്‍ഘോഷിന്റെ നേതൃത്വത്തില്‍ സാഹയും കൂട്ടുകാരും കോളേജ് തെരുവില്‍ സ്വകാര്യ ഭക്ഷണശാല ഉണ്ടാക്കിക്കൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. മേഘനാദിന് ഏതു കഷ്ടപ്പാടുകളേയും സഹിക്കാനും തരണം ചെയ്യാനുമുള്ള ശേഷി ഉണ്ടായിരുന്നു. 

ഗണിതശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം സത്യേന്ദ്രനാഥ ബോസിനോടൊപ്പം മേഘനാദ് സാഹയും കല്‍ക്കത്ത സര്‍വ്വകലാശാലയിലെ ലക്ച്ചറര്‍മാരായി ജോലിയില്‍ പ്രവേശിച്ചു. ആദ്യം പ്രായോഗിക ഗണിതവകുപ്പില്‍ നിയമനം ലഭിച്ച ഇവര്‍ പിന്നീട് ഭൗതികശാസ്ത്ര വകുപ്പിലേക്കു മാറി. ഗണിതശാസ്ത്രം പഠിച്ചവരെന്ന നിലയ്ക്ക് ഭൗതികശാസ്ത്രാദ്ധ്യാപനം ചില സങ്കീര്‍ണ്ണതകളെ സൃഷ്ടിച്ചുവെങ്കിലും ഇരുവര്‍ക്കും അതിനെ മറികടക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. താപഗതികത്തിലും വര്‍ണ്ണരാജികളുടെ പഠനത്തിലും മറ്റുമാണ് സാഹ ക്ലാസ്സുകള്‍ എടുത്തത്. ഇക്കാലത്ത് സി.വി. രാമന്റെ കീഴില്‍ ഗവേഷണത്തിനായി സാഹ ക്ഷണിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതു സ്വീകരിക്കുന്നില്ല. 1917-18 കാലയളവില്‍ സ്വന്തമായ ഗവേഷണത്തിലൂടെ എഴുതപ്പെട്ട പ്രബന്ധങ്ങള്‍ മേഘനാദ് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. ഫിസിക്കല്‍ റിവ്യൂ, ആസ്ട്രോഫിസിക്കല്‍ ജേര്‍ണല്‍, ഫിലോസഫിക്കല്‍ മാഗസിന്‍ തുടങ്ങിയ ശാസ്ത്രസംബന്ധിയായ ആനുകാലികങ്ങളില്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മിക്ക പ്രബന്ധങ്ങളിലും സത്യേന്ദ്രനാഥ ബോസിനും തന്റെ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി പ്രകാശിപ്പിച്ച സാഹ, മല്ലിക്കിനും രാമനും കൂടി ഓരോ പ്രബന്ധങ്ങളില്‍ കൃതജ്ഞത സൂചിപ്പിച്ചു. 1918-ല്‍ അദ്ദേഹം ഡോക്ടറേറ്റ് ബിരുദം നേടി, അതേ വര്‍ഷം തന്നെ രാധാറാണിയെ വിവാഹം കഴിച്ചു. 1919-ല്‍ സത്യേണ്‍ ബോസിനോടൊപ്പം ചേര്‍ന്ന് ആപേക്ഷിക സിദ്ധാന്തത്തെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്‍ രചിച്ച പുസ്തകത്തിന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു

1920-ല്‍ ഫിലോസഫിക്കല്‍ മാഗസിനില്‍ അദ്ദേഹം നാല് പ്രബന്ധങ്ങള്‍ എഴുതുന്നുണ്ട്. ഇവയുടെ സംഗ്രഹമെന്ന നിലയ്ക്ക് 1921-ല്‍ എഴുതിയ പ്രബന്ധമാണ് ജ്യോതിര്‍ഭൗതികത്തിന്റെ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്ന അയോണീകരണ സമീകരണത്തിലേക്കു നയിക്കപ്പെടുന്നത്. അണുഭൗതികവും താപഗതികവും തമ്മിലുള്ള ലളിതമായ ഉദ്ഗ്രഥനമാണ് സാഹയുടെ സിദ്ധാന്തത്തിനു ശോഭ നല്‍കിയത്. നീല്‍സ് ബോറിന്റെ അണുമാതൃകയ്ക്കു ശേഷം വര്‍ണ്ണരാജിയിലെ ഉത്സര്‍ജ്ജന രേഖകളേയും ആഗിരണ രേഖകളേയും കുറിച്ച് വ്യക്തമായി വിശദീകരിക്കാന്‍ കഴിയുമായിരുന്നു. ഇലക്ട്രോണുകളുടെ വ്യത്യസ്ത ഊര്‍ജ്ജാവസ്ഥകളിലേക്കുള്ള ചാട്ടവുമായി ഈ വിശദീകരണത്തിനു ബന്ധമുണ്ടായിരുന്നു. എന്നാല്‍, വര്‍ണ്ണരാജികളിലെ രേഖകളുടെ തീവ്രതാവ്യത്യാസം വിശദീകരിക്കാന്‍ ബോറിന്റെ അണുമാതൃകയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ ജോണ്‍ എഗര്‍ട്ട് എന്ന ശാസ്ത്രജ്ഞന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശത്തിന്റെ വര്‍ണ്ണരാജികളെക്കുറിച്ചും നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയോണീകരണത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. നക്ഷത്രങ്ങളിലെ ഉയര്‍ന്ന ഊഷ്മാവു മൂലം മൂലകങ്ങള്‍ അയോണീകരിക്കപ്പെട്ട അവസ്ഥയിലായിരിക്കും. ഇതിനെക്കുറിച്ചു താപഗതികനിയമങ്ങള്‍ ഉപയോഗിച്ച് എഗര്‍ട്ട് ചില കലനങ്ങള്‍ നടത്തി. മൂലകങ്ങളുടെ വിഘടനത്തിന്റേയും സംയോജനത്തിന്റേയും ഉഭയദിശീയമായ പ്രക്രിയകളെ പരിഗണിക്കുകയും ഒരു സന്തുലിതസമീകരണം എഴുതുകയുമാണ് എഗര്‍ട്ട് ചെയ്തത്. പൂര്‍ണ്ണമായും അയോണീകരിക്കുന്നതിനുള്ള വിഘടനതാപ(Heat of dissociation)ത്തിന്റെ അടിസ്ഥാനത്തിലുള്ള കലനമായിരുന്നു അത്. അണുവിനും അയോണിനും ഒരേ പ്രതിപ്രവര്‍ത്തന നിരക്കാണ് എഗര്‍ട്ട് സങ്കല്‍പ്പിച്ചത്. എഗര്‍ട്ടിന്റെ സങ്കല്‍പ്പനങ്ങളിലെ പരിമിതികളെ മേഘനാദ് സാഹ പെട്ടെന്നു തന്നെ മനസ്സിലാക്കുകയും മൂലകത്തിന്റെ അയോണീകരണശേഷി(Ionisation Potential)യെക്കൂടി കലനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എഗര്‍ട്ടിന്റെ കലനരീതി ആവര്‍ത്തിച്ച സാഹ, സമതുലിതാവസ്ഥയുടെ സമീകരണത്തില്‍ എത്തിച്ചേര്‍ന്നു. ആകാശവസ്തുക്കളുടെ നിരീക്ഷണങ്ങളില്‍നിന്നു ലഭിക്കുന്ന ഫലങ്ങളും ഭൂമിയിലെ പരീക്ഷണശാലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗവേഷണഫലങ്ങളും തമ്മിലുള്ള പരസ്പര പൊരുത്തത്തെ കുറിച്ച് ലോക്ഷയര്‍ എന്ന ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയിരുന്നതുപോലെ സ്ഥൂലവും സൂക്ഷ്മവുമായ ഭൗതിക പ്രതിഭാസങ്ങളുടെ പരസ്പരബന്ധത്തെ സാഹ വിശദീകരിച്ചു. ഫ്രാണ്‍ഹോഫറും കിര്‍ച്ചോഫും നക്ഷത്രപ്രകാശത്തിന്റെ വര്‍ണ്ണരാജികളുടെ ഗവേഷണത്തിലൂടെ നടത്തിയ അടിസ്ഥാനപരമായ കണ്ടെത്തലുകള്‍ക്കു സമാനമായ ഒരു വിപ്ലവമാണ് സാഹയുടെ സമീകരണം സൃഷ്ടിച്ചതെന്ന് ഓട്ടോ സ്ട്രൂവ് ചൂണ്ടിക്കാണിക്കുന്നു. ജ്യോതിര്‍ഭൗതികത്തിലെ ബൃഹത്പ്രശ്‌നങ്ങളായ നക്ഷത്രപരിണാമവും പ്രപഞ്ചഘടനയുമെല്ലാം ദ്രവ്യത്തിന്റെ അടിസ്ഥാന കണങ്ങളുടെ പഠനവുമായി കണ്ണി ചേര്‍ത്തുകൊണ്ടേ നിര്‍ദ്ധരിക്കപ്പെടുകയുള്ളൂവെന്നും ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഒരു അണുവിന്റെ വലിപ്പം നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നും സാഹയുടെ ഗവേഷണഫലങ്ങള്‍ തെളിയിച്ചതായി സാമുവല്‍ മിച്ചല്‍ പറയുന്നുണ്ട്. സാഹയുടെ കണ്ടെത്തല്‍ പല പ്രാവശ്യം നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടെങ്കിലും അത് നല്‍കപ്പെട്ടില്ല.
    ആത്മവിശ്വാസപൂര്‍ണ്ണവും ഉറപ്പുള്ളതുമായ സി.വി. രാമന്റെ ശൈലിയില്‍നിന്നും വ്യത്യസ്തമായി തന്റെ ഗവേഷണഫലങ്ങളില്‍ സന്ദേഹാത്മകത സൂക്ഷിക്കാന്‍ മേഘനാദ് സാഹയ്ക്കു കഴിഞ്ഞിരുന്നു. ചിലപ്പോള്‍, ഗവേഷണഫലങ്ങള്‍ താല്‍ക്കാലികമായ ഉപയോഗം മാത്രമുള്ളതായിരിക്കാമെന്നു പറയാന്‍ അദ്ദേഹം വിമുഖനായിരുന്നില്ല. നിശ്ചിതമായ ഉത്തരങ്ങള്‍ ലഭിക്കാത്ത സന്ദര്‍ഭങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോടു പറഞ്ഞിരുന്നു. പരീക്ഷണഫലങ്ങളും സൈദ്ധാന്തിക കലനഫലങ്ങളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന കാര്യത്തിലും അദ്ദേഹം സൂക്ഷ്മദൃക്കായിരുന്നു. പരീക്ഷണഫലങ്ങള്‍ സാഹയുടെ സൈദ്ധാന്തിക കലനഫലങ്ങളുമായി യോജിക്കുന്നുണ്ടെന്ന വിവരം റസ്സല്‍ എന്ന ശാസ്ത്രജ്ഞന്‍ അറിയിക്കുമ്പോള്‍ സന്തോഷവാനാകുമ്പോഴും ചില സന്ദേഹങ്ങള്‍ ഉന്നയിക്കുന്ന  ഉല്‍പതിഷ്ണുവിനെ നാം കാണുന്നു. നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയോണീകരണത്തിന്റെ മുഴുവന്‍ വിശദീകരണവും അയോണീകരണശേഷി(Ionisation Potential) ഉപയോഗിച്ചു നല്‍കാന്‍ കഴിയുമോയെന്ന് സാഹ ഇപ്പോള്‍ സന്ദേഹവാനാകുന്നു. സി.വി. രാമനും സാഹയ്ക്കുമിടയിലെ വ്യതിരിക്തതകളെ അധികാരത്തോടുള്ള മനോഭാവത്തിലും സര്‍ഗ്ഗാത്മകതയിലും ഇവര്‍ക്കിടയിലുള്ള വ്യത്യാസങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നത് രസകരമായിരിക്കും! ശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ വിനിമയങ്ങളില്‍ വേഗമേറിയതും അയഞ്ഞതുമായ ഒരു ഭാഷാശൈലി സാഹ സ്വീകരിച്ചിരുന്നുവെങ്കിലും ഗവേഷണപ്രബന്ധങ്ങള്‍ അനുയോജ്യമായ ഭാഷയില്‍ എഴുതപ്പെട്ടുവെന്ന് ആഭാസുര്‍ നിരീക്ഷിക്കുന്നുണ്ട്. സാഹയുടെ ശാസ്ത്രപ്രബന്ധങ്ങളില്‍ ദീര്‍ഘവീക്ഷണവും സത്യസന്ധതയുമുണ്ടായിരുന്നു. തന്റെ സഹപ്രവര്‍ത്തകരോട് മഹാമനസ്‌കതയോടെ അദ്ദേഹം പെരുമാറി. എല്ലാവരേയും തുല്യരായി കണ്ടു. 
1921-ല്‍ കല്‍ക്കത്താ സര്‍വ്വകലാശാലയിലെ ഖൈരാ പ്രൊഫസറായി അദ്ദേഹം നിയമിതനായി. അവിടുത്തെ ഗവേഷണത്തിന്റെ സ്ഥിതി പരിതാപകരമായിരുന്നു. വേണ്ടത്ര വിഭവശേഷിയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. കൊളോണിയല്‍ സര്‍ക്കാര്‍ ഗവേഷണത്തിനു മാത്രമായി ഒന്നും നല്‍കിയിരുന്നില്ല. ഒരു പരീക്ഷണശാല കെട്ടിപ്പടുക്കുകയെന്നത് സാഹയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടു നിറഞ്ഞ കാര്യമായിരുന്നു. സര്‍വ്വകലാശാലക്കുള്ളില്‍ രാഷ്ട്രീയമായ വിഭാഗീയതകളും ജാതീയമായ വിവേചനങ്ങളും ഔദ്യോഗികവൃത്തിയിലെ അസൂയയും ഒക്കെ ഉണ്ടായിരുന്നു. 1923-ല്‍, അലഹബാദ് സര്‍വ്വകലാശാലയുടെ പ്രൊഫസറും വകുപ്പു തലവനുമായി സാഹ നിയമിക്കപ്പെടുമ്പോള്‍ ഗണിതശാസ്ത്രത്തില്‍ ബിരുദങ്ങളുള്ളയാളെ ഭൗതികശാസ്ത്ര പ്രൊഫസറായി നിയമിക്കരുതെന്ന ആവശ്യവുമായി ചിലര്‍ മുന്നോട്ടു വരുന്നതു കാണാം. പക്ഷേ, അദ്ദേഹം നിയമിതനായി. സി.വി. രാമന്‍ യൂറോപ്പില്‍ ചെന്നതിനുശേഷം സാഹയുടെ പരിശ്രമങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടത്രെ! മേഘനാദ് സാഹ ഒരു ശുദ്ധസൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണെന്നു മില്ലിക്കനോട് രാമന്‍ പറയുന്നുണ്ട്. ഗവേഷണത്തിനായി പണം സ്വരൂപിക്കാനുള്ള സാഹയുടെ ശ്രമങ്ങളെ തകര്‍ക്കുന്നതിന് രാമന്റെ ഇടപെടലുകള്‍ക്കു കഴിയുന്നുമുണ്ട്. റൂഥര്‍ഫോര്‍ഡിന് എഴുതുന്ന കത്തില്‍ ഇന്ത്യയിലെ ശാസ്ത്രരംഗത്തെ ചേരിതിരിവുകളെക്കുറിച്ചു പറയുന്ന മാക്സ്ബോണ്‍ മേഘനാദ് സാഹയെ രാമന്റെ ശത്രുവായി  അവതരിപ്പിക്കുന്നത് രാമനില്‍നിന്നും പകര്‍ന്നു കിട്ടിയ വിവരങ്ങള്‍ കൊണ്ടാണെന്ന് ആഭാസുര്‍ നിഗമിക്കുന്നു.  അലഹബാദ് സര്‍വ്വകലാശാലയില്‍ ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള സാഹയുടെ ശ്രമങ്ങളും എവിടെയും പിന്തുണയ്ക്കപ്പെട്ടില്ല. സാഹയുടെ പ്രവര്‍ത്തനങ്ങളെ മുളയിലെ നുള്ളിക്കളയുന്ന രീതിയില്‍ ചില ശാസ്ത്രജ്ഞന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാണാം. 1925-ല്‍ സാഹയെ റോയല്‍ ഫെല്ലോ ആയി നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥവൃന്ദം അതിനെ എതിര്‍ക്കുന്നതു കാണാം. ഫൗളറും ഗില്‍ബര്‍ട്ട് വാക്കറുമാണ് സാഹയുടെ പേരു നിര്‍ദ്ദേശിക്കുന്നത്. ഇപ്പോള്‍, സാഹയുടെ രാഷ്ട്രീയബന്ധങ്ങള്‍ അന്വേഷിക്കപ്പെടുന്നു. ബ്രിട്ടീഷ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തുന്നു. സാഹയുടെ നാമനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രഗവേഷണഫലങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല.  എന്നാല്‍, ഫൗളറും വാക്കറും സാഹയ്ക്കുള്ള പിന്തുണയുമായി ഉറച്ചുനിന്നു. 1927-ല്‍ സാഹ റോയല്‍ സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.

1938-ല്‍ പാലിറ്റ് പ്രൊഫസറായി കല്‍ക്കത്താ സര്‍വ്വകലാശാലയിലേക്ക് അദ്ദേഹം തിരിച്ചുവന്നു. അണുകേന്ദ്രഭൗതികം കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുകയും ആ വിഷയത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1950-ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ് സ്ഥാപിക്കുന്നതിലേക്ക് ഇത് എത്തിച്ചേര്‍ന്നു. ഇന്ത്യയുടെ ന്യൂക്ലിയര്‍ പദ്ധതിയുടെ മുന്‍നിരയില്‍ സാഹ വരുന്നതിനെതിരെയുള്ള ചരടുവലികള്‍ ശക്തമായിരുന്നു. സാഹയുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ച 'ശാസ്ത്രവും സംസ്‌കാരവും' എന്ന ആനുകാലികത്തിന് ഫണ്ടു നല്‍കാനുള്ള ശുപാര്‍ശയുമായി പ്രൊഫ. നീധം എഴുന്നേല്‍ക്കുമ്പോള്‍, ഇന്ത്യയിലെ ഒരു പ്രസിദ്ധീകരണത്തിനും ബാഹ്യസഹായം ആവശ്യമില്ലെന്നു പറഞ്ഞ് ഹോമി ജെ. ഭാഭ അതിനെ തടയുന്നുണ്ട്.  സാഹയുടെ ഒരു വിദ്യാര്‍ത്ഥി എഴുതിയ പ്രബന്ധം ദേശീയ ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന ആനുകാലികം നിരാകരിക്കുകയും പിന്നീട് അമേരിക്കയില്‍ നിന്നുള്ള സുപ്രധാന ആനുകാലികമായ ഫിസിക്കല്‍ റിവ്യൂ അത് പ്രസിദ്ധീകരിക്കുകയും ചെയ്ത അനുഭവവും അദ്ദേഹത്തിനുണ്ട്. ഇതിനു പിന്നിലും ഭാഭയാണ് പ്രവര്‍ത്തിച്ചതെന്ന് സാഹ കരുതിയിരുന്നു.
    ജാതിബോധവും ജാതിശ്രേണീബന്ധങ്ങളും ശാസ്ത്രജ്ഞന്മാര്‍ക്കിടയിലെ സാമൂഹികമായ ഇടപെടലുകളില്‍ മാത്രമല്ല, ശാസ്ത്രജ്ഞാനത്തിന്റെ നിര്‍മ്മിതിയിലും പങ്കുവഹിക്കുന്നുണ്ടെന്ന് സാഹയുടെ ജീവിതവും ശാസ്ത്രസിദ്ധാന്തങ്ങളും തെളിയിക്കുന്നതായി ആഭാസുര്‍ എഴുതുന്നുണ്ട്. ജാതീയമായ വിവേചനങ്ങളില്ലാതെ എല്ലാ ജനവിഭാഗങ്ങളേയും സമഭാവനയോടെ കാണേണ്ടതാണെന്ന ജനാധിപത്യപരമായ സമീപനങ്ങളില്‍ വിശ്വസിക്കുന്ന സാഹയുടെ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ ശാസ്ത്രസങ്കല്‍പ്പനങ്ങളിലും തെളിയുന്നുണ്ടെന്നാണ് ആഭാ സുര്‍ ചൂണ്ടിക്കാണിച്ചത്. സാഹയുടെ ശാസ്ത്രം അധീശത്വാധികാരത്തിന്റെ ഘടനയ്ക്കു ബദലായി നിന്നു. ജനാധിപത്യപരമായ സമീപനങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങളെ തുണച്ചു. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും വളര്‍ച്ചയോടെ ജാതിഭേദങ്ങളില്ലാതെയാകുമെന്നാണ് സാഹ കരുതിയത്. ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം സാഹയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതാണെന്നുകൂടി ആഭ എഴുതുന്നുണ്ട്. ഇപ്പോള്‍, ഹിന്ദുത്വശക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യ ഭരിക്കാന്‍ തുടങ്ങുന്നതോടുകൂടി ശാസ്ത്രമൂല്യങ്ങള്‍ തന്നെ വലിയ മലിനീകരണങ്ങള്‍ക്കു വിധേയമാകുന്ന സ്ഥിതിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജനപക്ഷത്തു നിന്നുകൊണ്ട് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും ഉപയോഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന സാഹയുടെ നിലപാടുകള്‍ക്ക് ഭരണകേന്ദ്രങ്ങളില്‍നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. വരേണ്യവും ജാതീയവുമായ മൂല്യങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രവ്യവസ്ഥയെ കീഴ്പെടുത്തി തുടങ്ങിയിരുന്നു.
    1930 മുതല്‍ ശാസ്ത്രത്തിന്റെ സമൂഹപ്രയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാഹ കാര്യമായി ഇടപെടുന്നുണ്ട്. നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ്, ഇന്ത്യന്‍ ഫിസിക്കല്‍ സൊസൈറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിങ്ങനെ പല ശാസ്ത്രസംഘടനകളിലും സാഹ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍, രാജ്യത്തിന്റെ ആസൂത്രണം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്യുന്ന ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവായ സുഭാഷ് ചന്ദ്രബോസുമായി സാഹ വിനിമയങ്ങള്‍ നടത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപയോഗവും വികസനപദ്ധതികളും ജനജീവിതത്തെയോ ജനതയുടെ പ്രശ്‌നങ്ങളെയോ അഭിസംബോധന ചെയ്യുന്നതല്ലെന്ന വിമര്‍ശം സാഹയ്ക്കുണ്ടായിരുന്നു. 1922-ലെ ബംഗാളിലെ വെള്ളപ്പൊക്കക്കെടുതികള്‍ക്ക് പ്രധാന കാരണം ശരിയായ രീതിയില്‍ വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യങ്ങള്‍ നല്‍കാതെ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ ബ്രോഡ്ഗേജ് റെയില്‍വേ പാതകള്‍ നിര്‍മ്മിച്ചതുകൊണ്ടായിരുന്നുവെന്ന് പി.സി. റേയോടൊപ്പം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാഹക്ക് അറിയാമായിരുന്നു. ഇത്തരം അനുഭവങ്ങളില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുകൊണ്ട്  ജനജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്ന രീതിയില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന പ്രശ്‌നം സാഹയുടെ ചിന്തയെ ഉലച്ചുകൊണ്ടിരുന്നു. ദേശീയ ആസൂത്രണസമിതിയെക്കുറിച്ചു സാഹ ഭാവന ചെയ്തത് ജനകീയമായ ഒരു സമീപനത്തില്‍ നിന്നുകൊണ്ടാണ്. 1938-ല്‍ തന്നെ ഉന്നതരായ രാഷ്ട്രീയനേതാക്കളും സാമ്പത്തികവിദഗ്ദ്ധരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു ആസൂത്രണസമിതി രൂപീകരിക്കപ്പെടുന്നുണ്ട്. മേഘനാദ് സാഹ ഇതില്‍ അംഗമായിരുന്നു. 1949-ല്‍ സ്വയം പിരിഞ്ഞു പോകുമ്പോഴേക്കും ദേശീയാസൂത്രണവുമായി ബന്ധപ്പെട്ട് ഇരുപത്തേഴ് വാള്യങ്ങള്‍ അടങ്ങുന്ന നിര്‍ദ്ദേശങ്ങള്‍ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. സാമാന്യ ജനവിഭാഗങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയുമുള്ള ജീവിതം സാദ്ധ്യമാകുന്നതിന് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും അടിസ്ഥാനത്തില്‍ രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനെയാണ് ഈ സമിതി ദീര്‍ഘദര്‍ശനം ചെയ്തത്. 1950-ല്‍ തന്നെ ഈ ശ്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നു കരുതാവുന്നതാണ്. ദേശീയ ശാസ്ത്രസമിതിയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പുതുക്കപ്പെടുകയോ തിരുത്തുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. സ്വാതന്ത്ര്യസമരം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ നമ്മുടെ ദേശീയ പ്രസ്ഥാനത്തോടൊപ്പമാണ് രാജ്യത്തെ ശാസ്ത്രജ്ഞന്മാരെന്നു ലോകത്തെ കാണിച്ചു കൊടുക്കണമെന്ന ദേശീയനേതാക്കന്മാരുടെ അപേക്ഷയോടു മുഖം തിരിഞ്ഞുനിന്ന രാമനും ഭാഭയും ഭട്നഗറും കൃഷ്ണനുമെല്ലാം അധികാരക്കൈമാറ്റത്തിനു ശേഷം സര്‍ക്കാരിനു ചുറ്റും തടിച്ചു കൂടുന്നതിനെക്കുറിച്ച് സാഹ നെഹ്‌റുവിന് എഴുതുന്ന ഒരു കത്തില്‍ പറയുന്നുണ്ട്. സാഹ സര്‍ക്കാര്‍ നയങ്ങളുടെ ഒരു നിശിത വിമര്‍ശകനായി മാറുന്നു. 

1946-ല്‍, ആണവഗവേഷണസമിതിയുടെ ആദ്യത്തെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ഭാഭയായിരുന്നു. 1948-ല്‍ ആണവോര്‍ജ്ജനിയമം പാസ്സാക്കിയപ്പോള്‍ മൂന്നു പേരെയാണ് ആണവോര്‍ജ്ജ കമ്മിഷനില്‍ ഉള്‍പ്പെടുത്തിയത്, ഭാഭയും ഭട്നഗറും കൃഷ്ണനും. അതിലും സാഹയെ ഉള്‍പ്പെടുത്തിയില്ല. സാഹയ്ക്ക് ഒരു സ്ഥാനവും നല്‍കേണ്ടതില്ലെന്ന അലിഖിതമായ തീരുമാനം ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ആദ്യമായി ന്യൂക്ലിയര്‍ ഭൗതികം ഒരു സര്‍വ്വകലാശാലയില്‍ പഠനവിഷയമാക്കുന്നതിനു മുന്നിട്ടിറങ്ങിയ സാഹ ഇപ്പോള്‍ ആണവ ഗവേഷണത്തിന്റെ മേഖലയിലെല്ലായിടത്തും തഴയപ്പെട്ടു. ആണവ ഗവേഷണത്തിന്റെ പുതുക്കിയ നിയമങ്ങളനുസരിച്ച് തന്റെ ഗവേഷണ പദ്ധതികളുടെ അംഗീകാരത്തിന് ഭാഭയോടു ചര്‍ച്ച ചെയ്യാന്‍ സാഹ നിര്‍ബ്ബന്ധിതനായിരുന്നു. ഭട്നഗറിനെപ്പോലെ കഴിവുകെട്ട ഒരു ശാസ്ത്രജ്ഞനില്‍നിന്നും ഭാഭയെപ്പോലെ തന്നെക്കാള്‍ പതിനെട്ടു വര്‍ഷം ജൂനിയറായ ഒരു ശാസ്ത്രജ്ഞനില്‍നിന്നും ഉത്തരവുകള്‍ കൈപ്പറ്റേണ്ടിവരുന്നതിനെക്കുറിച്ച് സാഹ നെഹ്‌റുവിന് എഴുതുന്നുണ്ട്. എന്നാല്‍, സാഹയുടെ അപേക്ഷകളിലൊന്നിലും നെഹ്‌റു ചലിക്കുകയുണ്ടായില്ല. ഇന്ത്യയുടെ ആണവ പദ്ധതിയില്‍ വിദേശ ശാസ്ത്രജ്ഞന്മാരുടെ നേരിട്ടുള്ള ഇടപെടല്‍ അനുവദിക്കുന്നതിനോട് സാഹ യോജിച്ചില്ല. അവര്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വിദഗ്ദ്ധോപദേശം നല്‍കിയാല്‍ മതിയെന്നും കാര്യങ്ങള്‍ നമ്മളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നെഹ്‌റുവിന് എഴുതുന്നു. സാഹയുടെ ശബ്ദം പരിഗണിക്കപ്പെട്ടതേയില്ല. താന്‍ തഴയപ്പെടുകയാണെന്ന തോന്നല്‍ സാഹയ്ക്കുണ്ടായിരുന്നിരിക്കണം. ആണവോര്‍ജ്ജ ഗവേഷണത്തിലെ രഹസ്യസ്വഭാവത്തിനും അദ്ദേഹം എതിരായിരുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ഉപയോഗിക്കുകയെന്ന നയം സ്വീകരിച്ചവര്‍ ആണവ ഗവേഷണത്തില്‍ രഹസ്യം സൂക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം കരുതി. ആണവ ബജറ്റിനെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെഹ്‌റു സാഹയുടെ വിമര്‍ശങ്ങളെ അവഗണിച്ചു. അവ വസ്തുനിഷ്ഠമല്ലെന്നും അതുകൊണ്ടുതന്നെ ശാസ്ത്രീയമല്ലെന്നും നെഹ്‌റു പറഞ്ഞു. നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുകയാണെങ്കില്‍ അതും നിശ്ശബ്ദമായിരിക്കില്ലെന്ന സാഹയോടുള്ള നെഹ്‌റുവിന്റെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു. 
1952-ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്രനായി കല്‍ക്കത്ത നോര്‍ത്ത് വെസ്റ്റ് നിയോജകമണ്ഡലത്തില്‍നിന്നും മേഘനാദ് സാഹ ലോക്സഭയിലേക്കു മത്സരിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഇതേ സമയം തന്നെ സത്യേന്ദ്രനാഥ ബോസ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നുമുണ്ട്. 1956-ല്‍ മരണപ്പെടുന്നതുവരെ, ലോകസഭയില്‍ സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക നയങ്ങളുടെ നിശിത വിമര്‍ശകനായി സാഹ പ്രത്യക്ഷപ്പെട്ടു. ആസൂത്രണത്തിന്റേയും നിര്‍വ്വഹണത്തിന്റേയും എല്ലാ സ്ഥാനങ്ങളില്‍നിന്നും സാഹ ഒഴിവാക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ വികസനാസൂത്രണത്തെക്കുറിച്ച് സവിശേഷമായ താല്‍പ്പര്യം പുലര്‍ത്തുകയും ദേശീയപ്രസ്ഥാനത്തോടൊപ്പം നില്‍ക്കുകയും ചെയ്ത മേഘനാദ് സാഹയെ തഴഞ്ഞുകൊണ്ട് എല്ലാ ശാസ്ത്രസമിതികളുടേയും സംഘടനകളുടേയും കേന്ദ്രസ്ഥാനങ്ങളില്‍ ഉന്നത ജാതിക്കാര്‍ പ്രതിഷ്ഠിക്കപ്പെട്ടു. ജാതീയമായ വിവേചനങ്ങള്‍ നിലനിന്നിരുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമ്പോഴും തന്റെ മേല്‍നോട്ടത്തില്‍ത്തന്നെ രചിക്കപ്പെട്ട ജീവചരിത്രത്തില്‍നിന്നും ജാതീയമായ ചിഹ്നങ്ങളെ ഉപേക്ഷിക്കുന്ന ഒരു സമീപനമാണ് സാഹ സ്വീകരിച്ചത്. എന്നാല്‍, മറുവശത്ത് ഉന്നതജാതീയരായ ശാസ്ത്രജ്ഞന്മാരുടെ ഉന്നതജാതീയരായ ശിഷ്യഗണങ്ങളും മറ്റു ജീവചരിത്രകാരന്മാരും പുസ്തകനിര്‍മ്മാതാക്കളും വസ്തുനിഷ്ഠമെന്ന നിലയില്‍ അയഥാര്‍ത്ഥമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. സാഹയോടൊപ്പം ചലിക്കാനും ചര്‍ച്ചകളിലേര്‍പ്പെടാനും ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഉള്ളിലേക്കു ചുരുണ്ടിരിക്കുന്നവനാണെന്നും സി.വി. രാമന്റെ ശിഷ്യനായ രാമശേഷന്‍ എഴുതുന്നതു ആഭ ഉദ്ധരിക്കുന്നുണ്ട്. സാഹ തന്റെ ഇഷ്ടക്കേടുകളെ ദീര്‍ഘകാലം സൂക്ഷിക്കുന്നയാളാണെന്നും അദ്ദേഹത്തിനു ഭാഭയോടാണോ നെഹ്‌റുവിനോടാണോ കൂടുതല്‍ അനിഷ്ടമെന്നു സന്ദേഹിക്കാമെന്നും രാമശേഷന്‍ എഴുതുന്നു. സാഹയെ ഉയര്‍ന്ന ശേഷിയുള്ള ശാസ്ത്രജ്ഞനായും അനന്തമായ സ്വപ്നങ്ങളുള്ളയാളായും അവതരിപ്പിക്കുമ്പോള്‍ത്തന്നെ യുവശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കഴിവില്ലാത്തയാളായി വിലയിരുത്തുന്നു. ചന്ദ്രശേഖറിനെ ഇന്ത്യയിലേക്കു സാഹ ക്ഷണിക്കുന്നത് അദ്ദേഹത്തിന്റെ മാതുലനായിരുന്ന സി.വി. രാമനെതിരെ യുദ്ധം ചെയ്യാനായിരുന്നുവെന്നൊക്കെ ആരോപിക്കുന്നവരുമുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍നിന്നും രാമന്‍ രാജിവച്ച് പുറത്തു പോകേണ്ട സാഹചര്യങ്ങളുണ്ടായത്, മറ്റു വകുപ്പുകളുടെ ഫണ്ടുകള്‍ ഭൗതികശാസ്ത്ര വകുപ്പിലേക്കു മാറ്റുന്നുവെന്ന ആരോപണത്തിന്റെ തുടര്‍ച്ചയിലാണ്. ഇത്തരം കാര്യങ്ങളില്‍ സാഹ ഇടപെട്ടിരുന്നുവെന്ന ആരോപണങ്ങളെ ആഭ തന്റെ പഠനത്തില്‍ ബഹിഷ്‌കരിക്കുന്നുണ്ട്. സാഹ തന്റെ വിദ്യാര്‍ത്ഥികളോടും സഹപ്രവര്‍ത്തകരോടും സൗഹാര്‍ദ്ദപരമായ ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നു. സത്യേണ്‍ബോസും സാഹയും തമ്മിലുള്ള വിനിമയങ്ങളില്‍ ഉത്തമ സുഹൃത്തുക്കളെയാണ്  നമുക്കു കാണാന്‍ കഴിയുക! 
ജീവചരിത്രത്തില്‍നിന്നും ജാതീയമായ എല്ലാ മുദ്രകളേയും തുടച്ചുകളയുന്ന സമീപനമാണ് മേഘനാദ് സാഹയെ അംബേദ്ക്കറിസ്റ്റ് സമീപനത്തില്‍നിന്നും അകറ്റ നിര്‍ത്തിയതെന്ന് ആഭ സുര്‍ നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രമാത്രവാദത്തിന്റെ ദര്‍ശനം സാഹയില്‍ സൃഷ്ടിച്ചെടുത്ത താല്‍പ്പര്യങ്ങളാകണം, ജാതിവ്യവസ്ഥയോടു നിര്‍മ്മമമാകുന്ന ശാസ്ത്രവ്യവസ്ഥയെക്കുറിച്ചു നിശ്ശബ്ദമാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജ്ഞാനോദയത്തിന്റെ വാഗ്ദാനമെന്ന നിലയ്ക്ക് ശാസ്ത്രത്തെ നോക്കിക്കാണുന്ന സമീപനമാണ് സാഹയ്ക്കുണ്ടായിരുന്നത്. അത് മൂല്യനിരപേക്ഷമായ ഒരു ജ്ഞാനവ്യവസ്ഥയെന്ന നിലയ്ക്ക് ശാസ്ത്രത്തെ കാണുന്ന സമീപനമായിരുന്നു. ശാസ്ത്രവാദത്തിന്റെ ദര്‍ശനത്തില്‍ നില്‍ക്കുന്ന സാഹയ്ക്ക് ഒരേ സമയം ഭൗതികശാസ്ത്രജ്ഞനും കീഴാളനും ആയിരിക്കാന്‍ കഴിയുമായിരുന്നില്ല! ജനാധിപത്യപരമായ ശേഷികളുണ്ടെങ്കിലും വംശീയവും ജാതീയവും ലൈംഗികവും വര്‍ഗ്ഗപരവുമായ വിവേചനങ്ങളെ ന്യായീകരിക്കുന്നതില്‍ ശാസ്ത്രം തുടര്‍ച്ചയായ പങ്കു വഹിക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാത്തതാണ്. സാഹ ഇക്കാര്യത്തെ പരിഗണിച്ചില്ല. ഭൗതികശാസ്ത്രത്തിന്റെ മേഖല കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏതാനും ദശകങ്ങള്‍ വരെ സ്ത്രീരഹിതമായിരുന്നുവെന്ന കാര്യത്തെ സാഹ പരിഗണിക്കാതിരുന്നതും ഇതുകൊണ്ടാണ്. സാഹയുടെ മകളുടെ അഭിപ്രായത്തില്‍ അയാള്‍ ഉത്തമനായ ഒരു പുരുഷാധികാരിയായിരുന്നെന്ന് ആഭാ സുര്‍ എഴുതുന്നുണ്ട്. മകനായ അജിത് സാഹയുടെ വിദ്യാഭ്യാസക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന സാഹ പെണ്‍മക്കളുടെ കാര്യത്തില്‍ വലിയ  ഉപേക്ഷയാണ് കാട്ടിയത്. (പില്‍ക്കാലത്ത് ഈ സമീപനത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്നു കൂടി സാഹയുടെ മകള്‍ ചിത്രാ റോയ് ആഭയോടു പറയുന്നുണ്ട്.) 

എന്നാല്‍, ദേവേന്ദ്രനാമം തിരുത്തി മേഘനാദ് എന്ന പേരു സ്വീകരിക്കാനുള്ള നമ്മുടെ കഥാനായകന്റെ തീരുമാനം ശാസ്ത്രത്തിന്റെ മേഖലയില്‍ പ്രവൃത്തിയെടുക്കുന്ന കീഴാളന്‍ അഭിമുഖീകരിച്ച സംഘര്‍ഷങ്ങളുടെ തെളിവായി നില്‍ക്കുന്നു. രാഷ്ട്രം ഈ പിന്നോക്ക ജാതിക്കാരനോട് എങ്ങനെയാണ് പ്രതികരിച്ചത്? ഭാരതരത്‌നവും പത്മ അവാര്‍ഡുകളും സ്ഥാപിച്ച വര്‍ഷത്തിലോ തൊട്ടടുത്ത വര്‍ഷമോ സി.വി. രാമന്‍, എം. വിശ്വേശ്വരയ്യ, സത്യേന്ദ്രനാഥ ബോസ്, ഹോമി ജെ. ഭാഭ, ഭട്നഗര്‍ എന്നീ ഉന്നത ജാതിക്കാര്‍ക്കെല്ലാം  രാഷ്ട്രം നല്‍കുന്ന ഏതെങ്കിലും സമ്മാനം നല്‍കി ആദരിക്കപ്പെട്ടുവെങ്കിലും മേഘനാദ് സാഹ അതില്‍നിന്നും ഒഴിവാക്കപ്പെട്ടു. ഒരു കീഴാളന്‍ അതിന് അര്‍ഹനല്ലെന്ന നീതി നടപ്പാക്കപ്പെട്ടു! മുകളില്‍ എടുത്തുപറഞ്ഞ ശാസ്ത്രജ്ഞനാമങ്ങളില്‍ ആരുടെയെങ്കിലും കീഴെയാണോ സാഹയുടെ സ്ഥാനമെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

Reference:
1. Santimay Chattergee, Enakshi Chatterjee: Meghnad Saha, National Book Trust, India, New Delhi, 2002
2. Santimay Chattergee (Ed.) - Collected Works of Meghnad Saha, Orient Longman Limited, Calcutta, 1966
3. Abha Sur: Dispersed Radiance - Caste, Gender and Modern Science in India, Navayana, New Delhi, 2011 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com