സമാന്തര സിനിമകളെ തള്ളിപ്പറയാനില്ല

കലയുടെ ധര്‍മ്മം എന്താണോ അതാണ് പത്മശ്രീ മധു കഴിഞ്ഞ 60 വര്‍ഷമായി ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
സമാന്തര സിനിമകളെ തള്ളിപ്പറയാനില്ല

ലയുടെ ധര്‍മ്മം എന്താണോ അതാണ് പത്മശ്രീ മധു കഴിഞ്ഞ 60 വര്‍ഷമായി ലോകത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. സര്‍ഗ്ഗാത്മകത, ശാന്തത, ഊര്‍ജ്ജസ്വലത എന്നിവയുടെ ആഴത്തിലുള്ള നാട്യശാസ്ത്രമാണ് മധുജീവനം. കല  ലക്ഷണമൊത്ത ഒരു മഹാവിജ്ഞാനമാണെന്ന് 85-ാം വയസ്സിലും തളരാതെ ഈ മഹാനടന്‍ ഉദ്ഘോഷിക്കുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ദേശീയ രക്ഷാധികാരിയും സംസ്ഥാന പ്രസിഡന്റും കൂടിയാണ് പത്മശ്രീ മധു.

നടനാവാന്‍ കൊതിച്ച മാധവന്‍ നായര്‍ക്ക് നാടകത്തേയും സിനിമയേയും തോല്‍പ്പിച്ച നിരവധി കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കേണ്ടിവന്നു. എന്നാല്‍, ആ മഹാപ്രതിഭ ഉലഞ്ഞില്ല. ഇതിനിടെ പ്രതാപത്തോടെ വാണിരുന്ന പിതാവും പിന്നെ മാതാവും ജീവിതത്തില്‍നിന്നു മടങ്ങിപ്പോയി. ജീവിതസഖിയായി മധുവിനെപ്പോലെ ക്ഷമാശീലയായ വിജയലക്ഷ്മി ഉമയാണ് മകള്‍.
മുന്‍ തിരുവനന്തപുരം മേയര്‍ ആര്‍. പരമേശ്വരപിള്ളയുടേയും കമലമ്മയുടേയും പുത്രനായ പത്മശ്രീ മധു സംസാരിച്ചു തുടങ്ങുന്നു.
----

കുട്ടിക്കാലം എങ്ങനെ...?
കുട്ടിക്കാലത്തേയുള്ള എന്റെ ആഗ്രഹം നടനാവുക എന്നതു മാത്രമായിരുന്നു. തൊഴുത്തിലും പുരയിടത്തിലും വരാന്തകളിലുമായിരുന്നു നാട്യയിടങ്ങള്‍. തൊഴുത്തിന് സ്റ്റേജിന്റെ ഒരു മുഖഭാവമുണ്ടെന്ന് അന്നേ തോന്നി. തൊട്ടടുത്ത വായനശാലയിലും ടൗണ്‍ഹാളിലുമൊക്കെ നാടകങ്ങള്‍ കാണുകയും അതനുകരിച്ച് കളിക്കുകയും ചെയ്യും. അന്നു കളിച്ച ഒരു നാടകത്തിന്റെ പേര് 'സ്ത്രീധനം.'

നാടകകളിയോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. എന്നെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണമെന്നായിരുന്നു തിരുവനന്തപുരം മേയറായ പിതാവിന്റേയും മാതാവിന്റേയും മോഹം. എന്നാല്‍ ഞാനാകട്ടെ, ഗണിതവിഷയത്തില്‍പ്പോലും കുഴിമടിയന്‍.
അധ്യാപകരാരും എന്റെ നാടകപരിപാടിയെ പ്രോത്സാഹിപ്പിച്ചില്ല. ഏക ആശ്രയം വായനശാല മാത്രം. എനിക്ക് ഇഷ്ടവിഷയം നാടകമാണെങ്കില്‍ വിട്ടുപിരിയാന്‍ പറ്റാത്ത ഒരിഷ്ടവിനോദമുണ്ട്. ഫുട്ബോള്‍ കളി. പകല്‍ മുഴുവന്‍ നാടകവും ഫുട്ബോളുമായിരുന്നു ജീവിതചര്യ.
സിനിമ കാണുന്നതിനും സമയം കണ്ടെത്തുമായിരുന്നു. 'ഭക്തമീര'യും 'ചന്ദ്രലേഖ'യുമൊക്കെ എത്രയോ തവണ കണ്ടു. അന്നൊക്കെ തമിഴ് സിനിമ മാത്രമേയുള്ളൂ. അന്നത്തെ പ്രധാന കലാരൂപമായ കഥാപ്രസംഗം കേള്‍ക്കാനും ഞാന്‍ സമയം കണ്ടെത്തും. കെ.കെ. വാധ്യാരുടെ എത്രയോ കഥകളാണെന്നോ കേട്ടത്.

ഡ്രാമാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്മിഷന്‍...?
പ്രി യൂണിവേഴ്സിറ്റിക്ക് എനിക്ക് പഠിക്കാന്‍ കിട്ടിയ പ്രധാന വിഷയം ഗണിതം. എങ്ങനെയാണ് അത് വിജയിച്ചതെന്ന് ഇപ്പോഴുമറിയില്ല. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെന്ററില്‍ ബി.എ ഹിന്ദിക്ക് ചേര്‍ന്നു. ഹിന്ദിയില്‍ എം.എ കോഴ്സ് ചെയ്തത് ബനാറസ് യൂണിവേഴ്സിറ്റിയില്‍നിന്ന്. പഠനം കഴിഞ്ഞു നേരെ ഹിന്ദു കോളേജില്‍ ബിരുദാധ്യാപകനായി. ശേഷം നാഗര്‍ക്കോവിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലേക്കു മാറി. അക്കാലയളവിലാണ് പത്രത്തില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അഭിനയക്കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചായിരുന്നു പരസ്യം.
ഞാന്‍ അപേക്ഷിച്ചു. പ്രവേശനം കിട്ടാന്‍ സാധ്യതയില്ലെന്ന് അറിയാമായിരുന്നു. അഥവാ കിട്ടിയാല്‍ നാടകത്തെപ്പറ്റി കൂടുതല്‍ പഠിക്കാം, അത്രമാത്രം. വീടിനു സമീപം ഗീത ട്യൂഷന്‍ സെന്റര്‍ എന്ന പേരില്‍ സ്ഥാപനമിടണം. അതിനോടനുബന്ധിച്ച് നാടകപഠനവും കൊണ്ടുപോകാം എന്നൊക്കെയായിരുന്നു എന്റെ ചിന്ത. 

ഹിന്ദി രക്ഷിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. ഹിന്ദിഭാഷയിലെ പ്രാവീണ്യം മുന്‍നിര്‍ത്തി എനിക്ക് ഡ്രാമ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യ പ്രവേശന പട്ടികയില്‍ത്തന്നെ സ്ഥാനമുണ്ടായി. 25 രൂപയായിരുന്നു ഫീസ്. മലയാളത്തില്‍നിന്ന് ആരും പ്രവേശനത്തിന് ഉണ്ടായിരുന്നില്ല. മറ്റൊരു സന്തോഷവാര്‍ത്തയുമുണ്ട്. മധുവിന് ഫീസ് കൊടുക്കേണ്ടിവന്നില്ല. ഇങ്ങോട്ട് സ്‌കോളര്‍ഷിപ്പ് വക കിട്ടുകയും ചെയ്തു. 
പൂന നാഷണല്‍ ഡ്രാമ ഇന്‍സ്റ്റിറ്റിയൂട്ടിലെ എന്റെ സഹപാഠികള്‍ ബംഗാളിയിലെ ചമന്‍ലാല്‍, ഡല്‍ഹിയിലെ ഖേല്‍ കപൂര്‍, ബീഹാറിലെ പ്യാരിലാല്‍ തുടങ്ങിയവരായിരുന്നു. രണ്ടാമത്തെ ബാച്ച് ആയപ്പോഴേക്കും ഒരു മലയാളി ഹാജര്‍.  പേരാകട്ടെ, എസ്.ആര്‍.കെ. പിള്ള. പഠനത്തിനോടനുബന്ധിച്ച് നാടകം സ്വയം നിര്‍മ്മിക്കേണ്ടിയിരുന്നു. വ്യത്യസ്തങ്ങളായ സാഹചര്യവും ഭാഷയും സംസ്‌കാരവും ഭക്ഷണവുമുള്ള സഹപാഠികളോടൊപ്പം ലോകത്തെ ഗ്രസിക്കുന്ന വിഷയത്തില്‍ നാടകങ്ങള്‍ അവിടെ ചെയ്തു. അതുവഴി മഹത്തായ ഒരു കാര്യം ബോധ്യപ്പെട്ടു. നാടകത്തിന് ഒറ്റ ഭാഷയേയുള്ളൂ. അത് രംഗഭാഷ.

നാടക ഭ്രാന്തിന്റെ ഒടുക്കം...?
നാടകപഠനത്തിന്റെ ഇടവേളയില്‍ നാട്ടില്‍ ഒരു നാടകട്രൂപ്പ് ഇടണമെന്ന കലശമോഹം എനിക്കുണ്ടായി. അതുവരെ ഡല്‍ഹി-തിരുവനന്തപുരം യാത്രാവണ്ടിയിലായിരുന്നു നാടകസ്വപ്നങ്ങളുടെ രംഗപടം. കോഴ്സ് കഴിഞ്ഞ് റിസല്‍ട്ട് വരുംമുന്‍പേ സമാന ഭ്രാന്തുള്ള തിക്കുറിശ്ശിയുമായി 'മൈസര്‍' എന്ന നാടകം കളിച്ചു. പിന്നീട് 'പവര്‍ ഓഫ് ഡാര്‍ക്നെസ്സും.' ആ നാടകങ്ങളുടെ ഉറവിടഭാഷ ഇംഗ്ലീഷായിരുന്നു. ഇംഗ്ലീഷില്‍നിന്നു ഹിന്ദി വിവര്‍ത്തനമുണ്ടായി. ഞാനാണ് മലയാള തര്‍ജമക്കാരന്‍. നാടകങ്ങള്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. കൈനകരി കുമാരപിള്ളയൊക്കെ കാണാനുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇനിയുള്ള നാടകത്തിനുവേണ്ടി അവരെല്ലാം എന്തു സഹായത്തിനും തയ്യാര്‍. എനിക്ക് സന്തോഷംകൊണ്ട് ശ്വാസംമുട്ടിപ്പോയി. നാടകത്തെ പ്രബുദ്ധ ജനതതിയാണല്ലോ കൈനീട്ടി സ്വീകരിച്ചിരിക്കുന്നത്. 

സിനിമയിലേക്ക്...?
നാടകപഠനത്തിന്റെ അവസാന അധ്യായത്തിനിടെയാണ് രാമുകാര്യാട്ടിനെ ഞാന്‍ കാണുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ 'മുടിയനായ പുത്രന്‍' എന്ന ചിത്രത്തിന് ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡുണ്ടായിരുന്നു. കീര്‍ത്തിപത്രം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയതാണ് രാമുകാര്യാട്ട്. അന്ന് മലയാളി അസോസിയേഷന്‍ രാമുവിന് ഒരു സ്വീകരണമൊരുക്കി. അസോസിയേഷന്‍കാര്‍ മധുവിനെ രാമുവിന്റെ കൂടെയുണ്ടായിരുന്ന അടൂര്‍ഭാസിക്ക് പരിചയപ്പെടുത്തി. അടൂര്‍ഭാസിയാണ് രാമുകാര്യാട്ടിലേക്ക് എന്നെ അവതരിപ്പിച്ചത്.  ഡല്‍ഹിയില്‍ വച്ച് രാമുകാര്യാട്ട് എന്നോട് അടുത്തപടത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു. മൂന്നുമാസം കഴിഞ്ഞേ അഭിനയിക്കാനുള്ളൂ എന്നു പറഞ്ഞു ഞാന്‍ ഒഴിയാന്‍ ശ്രമിച്ചു. അപ്പോഴാണല്ലോ കോഴ്സൊന്നു തീരുക. രാമുകാര്യാട്ട് അപ്പോള്‍ പറഞ്ഞു, സ്‌ക്രിപ്റ്റ് പണിയൊക്കെ തീരുമ്പോഴേക്കും മൂന്നുമാസം കഴിയും. പിന്നെ ചന്ദ്രധാര പ്രൊഡക്ഷന്റെ യൂണിറ്റും ശരിയാകണം. സത്യനാണ് ഹീറോ. ചിത്രത്തിന്റെ പേര് 'മൂടുപടം'. എനിക്ക് ഒരു ചെറിയ വേഷം. അന്ന് ചന്ദ്രധാര പ്രൊഡക്ഷന്റെ യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ പി.എ. ബക്കര്‍. മാനേജര്‍ ആര്‍.എസ്. പ്രഭുവും. ശോഭനാപരമേശ്വരനൊക്കെ രാമുവിന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകളിലൊക്കെ എനിക്ക് അവസരം തന്നു. ന്യൂട്ടോണ്‍ സ്റ്റുഡിയോയിലാണ് അന്ന് അനുബന്ധ പ്രവര്‍ത്തനം. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഒരുക്കിയത് എന്‍.എന്‍. പിഷാരടിയാണ്. പ്രേംനസീറും അംബികയുമാണ് പ്രധാന കഥാപാത്രങ്ങള്‍. തുടക്കക്കാരനായ എനിക്ക് ഒരു ചെറിയ വേഷം മാത്രം. 
 
തിരുത്താമായിരുന്നത് വല്ലതും...?
എല്ലാവരും വിചാരിക്കുന്നതും മാധ്യമങ്ങള്‍ എഴുതുന്നതും ഞാനാദ്യം അഭിനയിച്ചത് 'നിണമണിഞ്ഞ കാല്പാടുകളിലാ'ണെന്നാണ്. അത് ശുദ്ധ അസംബന്ധം. പി.കെ. അബ്ബാസിന്റെ 'സാദ് ഹിന്ദുസ്ഥാനി'ലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. എന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. അന്ന് അമിതാബ് ബച്ചന്‍ അരങ്ങേറ്റം കുറിച്ചതും 'സാദ് ഹിന്ദുസ്ഥാനി'ലായിരുന്നു... പുതിയ ആള്‍ എന്നതിന്റെ സഭാകമ്പമില്ലാതെ നല്ല ശബ്ദവും ആകാരവും അഭിനയവും അന്ന് അമിതാബ് ബച്ചന്‍ കാഴ്ചവച്ചത്. ഞാനിതുവരെ 420 ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയക്കാരുടെ കണക്ക് മുന്നൂറില്‍ തട്ടി നില്‍ക്കുകയാണ്. അതു തിരുത്തണം. എന്റെ കേവലം 260 ചിത്രങ്ങളുടെ പേര്‍ മാത്രമാണ് അവരുടെ പക്കലുള്ളത്.

ചെറുപ്പക്കാരുടെ കോസ്റ്റ്യൂം...?
ഒരിക്കല്‍ ഒരു പോപ് സിംഗറിനു തലയില്‍ ചൊറിവന്നു. അയാള്‍ അവിടെ നന്നായി വടിച്ചു. ഒരു ബ്യൂട്ടിഫിക്കേഷനുവേണ്ടി മറ്റേവശവും വടിച്ചു. അതു കണ്ട നമ്മട ചെറുപ്പക്കാര്‍ വെറുതെയിരിക്കുമോ. അവര്‍ ഭ്രാന്തമായി അതനുകരിച്ചു. പിന്നീട് അത് ട്രെന്റ് സെറ്ററായി. ഇപ്പോഴത്തെ ചെറുപ്പക്കാരെ കാണുന്നില്ലേ... ചിലര്‍ക്ക് കമ്മല്‍, ചിലര്‍ക്ക് വള, ചിലര്‍ക്ക് മാല... ചിലര്‍ മുടി പിന്നിയിട്ട് കെട്ടിവച്ചിരിക്കുന്നു. അത് പണ്ടേയുണ്ട്. പട്ടമ്മാരും ജൈനക്കാരും മുടി നീട്ടിവളര്‍ത്തിക്കെട്ടും. ബ്രാഹ്മണര്‍ക്കെല്ലാം കുടുമയുണ്ടായിരുന്നു. പൂവും ചൂടിയാ നടപ്പ്. കുടുമയില്‍ ചൂടാനൊരു... എന്ന പാട്ടുപോലുമില്ലേ. 

മധുവും ജോസ്പ്രകാശും 
മധുവും ജോസ്പ്രകാശും 

സിനിമ നാടകത്തെ നശിപ്പിച്ചോ...?
സിനിമയും നാടകവും സീരിയലുമൊക്കെ വ്യത്യസ്ത സമീപനമുള്ള കലാരൂപമാണ്. ഇവിടെ സിനിമ പിറന്നതുകൊണ്ട് ഒരു കലാരൂപവും നശിച്ചിട്ടില്ല, മറിച്ച് അവയെക്കൂടി സംരക്ഷിച്ചിട്ടേയുള്ളൂ. സിനിമയുമായി തട്ടിച്ചുനോക്കിയാല്‍ സീരിയലാണ് എനിക്കേറെയിഷ്ടം. സീരിയല്‍ എല്ലാരും കാണും. അച്ഛനും അമ്മയും കുട്ടികളും സഹോദരിയും കാണും. സീരിയലില്‍ അഭിനയിക്കുന്നവര്‍ കുടുംബങ്ങളില്‍ പ്രിയപ്പെട്ടവരും പരിചയക്കാരുമാണ്. ധാരാളം പുതിയ ചെറുപ്പക്കാര്‍ സിനിമയിലുണ്ടല്ലോ. എത്രപേരെ ജനം തിരിച്ചറിയും. മറ്റൊന്നു സിനിമ ഇപ്പോള്‍ ചെറുപ്പക്കാര്‍ മാത്രമേ കാണുന്നുള്ളൂ. സിനിമയും സീരിയലും തമ്മിലുള്ള പ്രധാന വ്യത്യാസം നിങ്ങളും മക്കളും തമ്മിലുള്ള വ്യത്യാസമാണ്. നാടകം യാഥാര്‍ത്ഥ്യം. അത് സമൂഹത്തിന്റെ പ്രതിരോധമാണ്. സിനിമയാകട്ടെ, കേവലം നിഴല്‍ചിത്രവും.
 
സുഹൃത്തുക്കളുടെ സ്ഥിതി...?
നാഷണല്‍ ഡ്രാമ ഇന്‍സ്റ്റിറ്റിയൂട്ടിലെ എന്റെ സഹപാഠികള്‍ ഉന്നത നിലയില്‍ സമൂഹത്തെ നയിച്ചവരാണ്. ചമന്‍ലാല്‍ ബംഗാള്‍ ദൂരദര്‍ശന്റെ ഡയറക്ടറായി. കപൂര്‍ ഡല്‍ഹിയില്‍ ആക്ടിംഗ് പ്രൊഫസറായി. പ്യാരിയാകട്ടെ, ബോല്‍പുരി സിനിമയിലെ സൂപ്പര്‍ നക്ഷത്രവും. എസ്.ആര്‍.കെ. പിള്ള സൗണ്ട് ആന്‍ഡ് ഡ്രാമ ഡിവിഷന്റെ ഡയറക്ടറായി. അദ്ദേഹത്തിന്റെ പുത്രനാണ് അഭിലാഷ് പിള്ള. ഡ്രാമ ഇന്‍സ്റ്റിറ്റിയൂട്ടിനു ശേഷമാണ് പൂനയില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നത്. നാടക പഠനത്തിനു പകരം ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടായിരുന്നു എന്റെ കാലത്തെങ്കില്‍ ഞാന്‍ അതിനേ ചേരുമായിരുന്നുള്ളൂ.

എത്ര സിനിമകളുടെ സംവിധായകനായി...?
പ്രിയ, സതി, മാന്യശ്രീ വിശ്വാമിത്രന്‍, അക്കല്‍ഡാം, കാമം ക്രോധം മോഹം, നീലക്കണ്ണുകള്‍, തീക്കനല്‍, സിന്ധു, ധീരസമീരേ യമുനാതീരേ, ഉദയം പടിഞ്ഞാറ്, ഒരു യുഗസന്ധ്യ, ഇലകൊഴിഞ്ഞ മരം, ആരാധന എന്നിങ്ങനെ 14 സിനിമകള്‍ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രിയതരമായി തോന്നുന്നത് 'തീക്കനല്‍' ആണ്. മധു തിരക്കഥാകാരന്‍, പ്രൊഡ്യൂസര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചു. പി.എന്‍. മേനോന്റെയും കൃഷ്ണന്‍ നായരുടേയും ബാലചന്ദ്രമേനോന്റെയുമൊക്കെ സിനിമ ഞാന്‍ നിര്‍മ്മിച്ചിരുന്നു. ആദ്യ സംവിധാന സംരംഭമായ പ്രിയയില്‍ വില്ലനായാണ് ഞാന്‍ അഭിനയിച്ചത്.

ഇഷ്ട സംവിധായകര്‍...?
സിനിമയിലെ മികച്ച സംഘാടകന്‍ രാമുകാര്യാട്ടാണെന്നു പറയാനാണ് എനിക്കിഷ്ടം. അടൂര്‍ ഗോപാലകൃഷ്ണനാകട്ടെ, സിനിമയുടെ മികച്ച എന്‍ജിനീയറാണ്. അച്ചടക്കമുള്ള സംവിധായക പട്ടം സേതുമാധവനുള്ളതാണ്. പി. ഭാസ്‌കരന്‍ സിനിമയിലെ കാവ്യസംവിധായകനും. സ്‌നേഹവും മണ്ണിന്റെ ഗന്ധവുമുള്ള ഭാവുകത്വവുമായി വന്ന് എം.ടി. വാസുദേവന്‍ നായര്‍ നമ്മെ അതിശയിപ്പിക്കും. തകഴിച്ചേട്ടന് എന്നോട് വലിയ ഇഷ്ടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ 'ഭാര്‍ഗവീനിലയ'ത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത് മദ്രാസില്‍വച്ചായിരുന്നു. അന്നു ഞാനവിടെയുണ്ട്. ബഷീര്‍ ഒരു മാസം അവിടെ താമസിച്ചു. ചന്ദ്രധാര പ്രൊഡക്ഷന്റേതായിരുന്നു യൂണിറ്റ്. ഷൂട്ടിംഗ് തലശ്ശേരിയിലും. തിരക്കഥ, സംവിധാനം, പ്രൊഡക്ഷന്‍ എന്നിവയില്‍ മാത്രമല്ല, ഫോട്ടോഗ്രാഫിയിലും എഡിറ്റിംഗിലും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. സിനിമാ ഫോട്ടോഗ്രാഫിയില്‍ വിന്‍സെന്റിനോടാണ് താല്‍പ്പര്യം. നല്ല സീനുകള്‍ അദ്ദേഹം ഷൂട്ടുചെയ്യും. എഡിറ്റിംഗിനെപ്പറ്റി ചിന്തിക്കുമ്പോള്‍ പ്രഥമ പരിഗണന വെങ്കിട്ടരാമനു നല്‍കും. എന്റെ ഭൂരിപക്ഷം ചിത്രങ്ങളും എഡിറ്റ് ചെയ്തത് വെങ്കിട്ടരാമനായിരുന്നു. 

നാടകം യവനികയിലാണോ...?
എല്ലാ പരീക്ഷണവും നടക്കേണ്ടത് ലാബിലാണ്, ജനങ്ങള്‍ക്കിടയിലല്ല. നാടകം ജനങ്ങള്‍ക്കുമേല്‍ പരീക്ഷിക്കുമ്പോള്‍ ജനം മറ്റു കലാരൂപം തേടിപ്പോകും. നാടകകലാകാരനു സിനിമാകലാകാരനു ലഭിക്കുന്ന ജനസമ്മതി കിട്ടാത്തത് പോപ്പുലാരിറ്റി ഇല്ലാത്തതുകൊണ്ടാണ്. സിനിമ എല്ലാരും കാണും. അതിനാല്‍ ജനപ്രിയം. പൊതുവേ ജനത്തിനു പരീക്ഷണത്തിനൊന്നും താല്‍പ്പര്യമില്ല. അവര്‍ക്ക് റിസള്‍ട്ടാണ് വേണ്ടത്. ഉദാഹരണത്തിന് എത്രയോ സിനിമകള്‍ ഷൂട്ടിംഗിനു മുന്‍പ് വാര്‍ത്ത കിട്ടുന്നു. അഭിനേതാവ്, പാട്ട്, സംവിധാനം, കഥ എന്നിവയെല്ലാം ഓരോ ദിവസവും വാര്‍ത്തയാവുകയാണ്. ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് സിനിമ തിയേറ്ററിലെത്തുമ്പോള്‍ എന്താണ് സ്ഥിതി. മാധ്യമങ്ങള്‍ എത്ര വലുതാക്കിയാലും ജനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പടം തിയേറ്ററില്‍ പൊട്ടും. അതിന് ഒറ്റ ദിവസം മതി. 

പുതു സിനിമകള്‍...?
പഴയതും പുതിയതുമായ സിനിമകളെപ്പറ്റി മൂന്നു പ്രധാന നിരീക്ഷണങ്ങളാണ് എനിക്കുള്ളത്. അതിങ്ങനെ: സിനിമയുടെ ദൈര്‍ഘ്യം പകുതിയായി കുറഞ്ഞു. വേഗത കൂടി. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ ലോ കോസ്റ്റായി മാറി. ചില സമാന്തര ചിത്രങ്ങള്‍ ലാഗു ചെയ്യുന്നത് കാണാറില്ലേ. എന്തൊരു ബോറാണ്. പഴയ സിനിമയില്‍ 'ഓളവും തീരവും' എത്ര സ്പീഡുള്ള ചിത്രമാണ്. അതിന്റെ സ്പീഡ് ഇപ്പോഴത്തെ ഏതു ചിത്രത്തിനാണ് ഇതുവരെ വന്നിട്ടുള്ളത്. അതിന്റെ ശബ്ദസന്നിവേശവും ഷൂട്ടിംഗും ഒരേ സമയത്തായിരുന്നു. പണ്ട് ഷൂട്ടിംഗ് ചെയ്യുമ്പോള്‍ പാടുന്ന നടന്മാരും നടിമാരുമായിരുന്നു അഭിനയിക്കാന്‍ വരിക. ഷൂട്ടിംഗ് തയ്യാറാവുമ്പോള്‍ കാമറയുടെ പുറകില്‍ ഭാഗവതര്‍ സംഗീത ഉപകരണങ്ങളുമായി നില്‍ക്കും. സ്റ്റാര്‍ട്ട്-ആക്ഷന്‍ പറയുമ്പോള്‍ സംഗീതം ഒഴുകുകയായി. കാമറ ചലിക്കുന്നതനുസരിച്ച് ഭാഗവതരും സംഘവും ചലിക്കും. ഈ കാഴ്ച അതീവ രസകരമാണ്. ഇപ്പോഴത്തെ രീതിയെന്താണ്. സ്റ്റുഡിയോ തന്നെ വേണ്ട. ലൊക്കേഷനൊക്കെ വേറെ വേറെ. അതുകൊണ്ടുതന്നെ ഉമാ സ്റ്റുഡിയോ ഞാന്‍ പുനഃസ്ഥാപിക്കില്ല. ഞാന്‍ ഒരു കൊമേഴ്സ്യല്‍ ലൈനില്‍ നില്‍ക്കുന്ന നടനാണ്. എന്നുവച്ച് സമാന്തര സിനിമകളെ തള്ളിപ്പറയുന്നില്ല. അടൂരിന്റെ 'സ്വയംവര'ത്തിലും പി.എന്‍. മേനോന്റെ 'ഓളവും തീരത്തി'ലും ഞാന്‍ അഭിനയിച്ചില്ലേ. 

അഭിനയിച്ചത് കാണുമ്പോള്‍...?
ഫുട്ബോള്‍ കളിക്കുമ്പോഴാണല്ലോ നമുക്ക് ഒരു ത്രില്‍ ഉണ്ടാവുക. എത്ര ബോളെടുത്തെന്നോ എത്ര ഔട്ടായെന്നോ എന്നത് ഒരു വിഷയമേയല്ല. അതുപോലെ എനിക്ക് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സന്തോഷം തോന്നുക. ഫുട്ബോള്‍ കളിക്കുമ്പോഴല്ല.

ഇഷ്ട സിനിമ...?
ഞാന്‍ സംവിധാനം ചെയ്ത സിന്ദൂരപ്പൊട്ട് 1971-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തിരുന്നു. 

മികച്ചവ പിന്നെന്തുകൊണ്ട് ചെയ്തില്ല...?
സത്യജിത് റേ എത്രയോ ചിത്രങ്ങള്‍ ചെയ്തു. 'പഥേര്‍ പാഞ്ചാലി'യാണ് എല്ലാവര്‍ക്കും അറിയാന്‍ കഴിയുന്നത്. എന്റെ നല്ല ചിത്രങ്ങളിലൊന്നായ ആരാധന നിര്‍മ്മിച്ചത് നടി ശാരദയായിരുന്നു. 

ഇഷ്ട കഥാപാത്രം...?
'ഉമ്മാച്ചു'വിലെ മായന്‍ ആണ്. അതില്‍ ഞാനില്ല. പൊതുവേ എല്ലാ ചിത്രത്തിലും എന്റെ ഏതെങ്കിലും ഒരു ഭാഗം കാണും. എന്റെ രണ്ടാമത്തെ ഇഷ്ട ചിത്രം ജയരാജിന്റെ 'കുടുംബസമേത'മാണ്. അതിലും ഞാനില്ല. 1992-ല്‍ പ്രത്യേക ജൂറി അവാര്‍ഡ് ആ ചിത്രത്തിലെ അഭിനയത്തിനു കിട്ടി. 

ഷീല, ശാരദ, ജയഭാരതി, കെ.ആര്‍. വിജയ, ശ്രീവിദ്യ...?
ഇവരെല്ലാം മികച്ച അഭിനേത്രികളാണ്. അതില്‍ ഇത്തിരി കൂടുതലിഷ്ടം ശ്രീവിദ്യയോടാണ്. മെച്ചൂരിറ്റിയിലേക്ക് വന്നപ്പോള്‍ എനിക്ക് ജോഡിയായി ശോഭിച്ചത് ശ്രീവിദ്യയാണ്. ഞങ്ങളുടെ ആകാരവും പ്രായവും പക്വതയും അതിനു ഹൃദ്യത നല്‍കി. 

സന്ദര്‍ശിച്ച വിദേശരാജ്യങ്ങള്‍...?
ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അഭിനയത്തിനായി സന്ദര്‍ശിച്ചത് ഒരേയൊരു രാജ്യത്താണ്. അതാകട്ടെ, അമേരിക്കയിലും. ആഭ്യന്തര യാത്രകളും കുറവ്. മദ്രാസ്, മുംബൈ, ഹൈദരാബാദ്... എന്നിവടങ്ങളിലൊക്കെ മാത്രമേ ഞാന്‍ പോയിട്ടുള്ളൂ.

നല്ല നിര്‍മ്മാതാവായിരുന്നല്ലോ...?
മധു, മിനി എന്ന കുട്ടികളുടെ ചിത്രം നിര്‍മ്മിച്ചത് നല്ല കഥയായതുകൊണ്ടായിരുന്നു. മലപ്പുറത്തെ ഇസ്‌കിന്ദര്‍ മിസയാണ് മിനിയുടെ തിരക്കഥാകൃത്ത്. 1995-ല്‍ സംസ്ഥാനത്തെ മികച്ച കുട്ടികളുടെ ചിത്രമായി 'മിനി' തെരഞ്ഞെടുക്കപ്പെട്ടു. പി. ചന്ദ്രകുമാറായിരുന്നു സംവിധാനം. 1980-ല്‍ സ്പെഷല്‍ ജൂറി പുരസ്‌കാരമെത്തി. ജെസി ഡാനിയേലിനെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും 2004-ല്‍ സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് ജെസി ഡാനിയേല്‍ പുരസ്‌കാരവും കിട്ടി. 
തമിഴില്‍ മൂന്ന് ചിത്രമാണ് എന്റേതായിട്ടുള്ളത്. 'ധര്‍മദുരൈ'യില്‍ രജനികാന്തിന്റെ പിതാവായി അഭിനയിച്ചു. 2007-ല്‍ 'ഒരു പൊണ്ണു ഒരു പയ്യന്‍' എന്ന ചിത്രത്തിലും വേഷം ചെയ്തു. ഭാരതവിലാസത്തില്‍ ഒരു കോളനി അസോസിയേഷന്റെ വാര്‍ഷികത്തിന് മധുവായിത്തന്നെ അഭിനയിച്ചു. 

ഇനി സംവിധാനം...?
മനസ്സില്‍ തട്ടുന്ന കഥ കിട്ടിയാല്‍ ഇനിയും സംവിധാനം ചെയ്യും. 

രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തിലേക്ക് വന്നു. ആരുടെ കൂടെയാണ്...?
എനിക്ക് രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യമില്ല. സിനിമ തന്നെയാണ് എനിക്ക് രാഷ്ട്രീയം. അമിതാബ് ബച്ചന്‍, രജനീകാന്ത്, കമലഹാസന്‍ എന്നിവരെ ഏതെങ്കിലും പരിപാടിക്കിടെ കണ്ടാല്‍ സംസാരിക്കും എന്നതില്‍ കവിഞ്ഞ് അവരുമായി മധു നിരന്തരബന്ധം പുലര്‍ത്താറില്ല. 

ഇപ്റ്റ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്...?
പൂനയില്‍ പഠിക്കുമ്പോള്‍ ഇപ്റ്റയുടെ ദേശീയ നേതാവായ ശംഭുമിത്രയെ പരിചയമുണ്ടായിരുന്നു. അക്കാലം മുതലാണ് ഇപ്റ്റയെപ്പറ്റി കേട്ടത്. അവര്‍ അതിഥി അധ്യാപകരായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വരാറുണ്ടായിരുന്നു. ഗിരീഷ് കര്‍ണാടും ഗസ്റ്റ് അധ്യാപകനായി ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കും.
 
ഇപ്പോഴത്തെ സിനിമ അഭിനയം...?
ആദ്യകാലത്ത് പ്രോപ്റ്റിംഗ് (സംഭാഷണം പിന്നില്‍നിന്നു പറഞ്ഞുകൊടുക്കുന്ന രീതി) ആസ്വദിച്ചിരുന്നു. സിനിമയില്‍ 14 വര്‍ഷം വരെ പ്രോപ്റ്റിംഗ് രീതി പിന്തുടര്‍ന്നു. അതിനുശേഷം സംഭാഷണം കാണാപ്പാഠം പഠിക്കും. മുന്‍പ് പാടുന്നവരായിരിക്കും അഭിനേതാക്കള്‍. ഇപ്പോള്‍ അതു വേണ്ട. നൃത്തം ചെയ്യുന്നവരാകണം എന്നു വന്നിട്ടുണ്ട്.

കെ.പി.എ.സിയുടെ സിനിമ ചെയ്തല്ലോ...?
നാടകമാണ് എന്റെ കലാജീവിതത്തിന്റെ അടിസ്ഥാന ഊര്‍ജ്ജം. അതിനെ അവഗണിക്കാന്‍ കഴിയുമോ. കേരള നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ നാടകസമിതിയാണ് കെ.പി.എ.സി. അവര്‍ക്കുവേണ്ടി സംവിധാനം ചെയ്ത ചിത്രമാണ് ഏണിപ്പടികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com