ചോരമണക്കുന്ന കാലാപാനി

ഇന്ത്യയില്‍നിന്നും 1300 കിലോമീറ്റര്‍ അകലെ, ബംഗാള്‍ ഉള്‍ക്കടലിന്റേയും ആന്‍ഡമാന്‍ കടലിന്റേയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന 204 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍.
ചോരമണക്കുന്ന കാലാപാനി

ന്ത്യയില്‍നിന്നും 1300 കിലോമീറ്റര്‍ അകലെ, ബംഗാള്‍ ഉള്‍ക്കടലിന്റേയും ആന്‍ഡമാന്‍ കടലിന്റേയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന 204 ദ്വീപുകളുടെ സമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ദ്വീപുകളുടെ ആകെ വിസ്തീര്‍ണ്ണം 8250 ചതുരശ്ര കിലോമീറ്ററാണ്. ആകെ നാലു ലക്ഷത്തില്‍ താഴെ ജനങ്ങളെ ഇവിടെ വസിക്കുന്നുള്ളു. 204 ദ്വീപുകളില്‍ 15 എണ്ണത്തിലേ മനുഷ്യവാസമുള്ളു എന്നതാണ് അതിനു കാരണം. ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത നിരവധി ദ്വീപുകളുണ്ട്, ആന്‍ഡമാനില്‍. കൊടുങ്കാടുകളും കടല്‍ത്തീരങ്ങളും പുഴകളും മലമ്പ്രദേശങ്ങളുമുണ്ട്. 2200 വ്യത്യസ്ത സസ്യജാലങ്ങള്‍ ഇവിടെ തഴച്ചു വളരുന്നു. ഇതില്‍ 1300 എണ്ണവും ഇന്ത്യയില്‍ കണി കാണാന്‍ പോലും കിട്ടാത്തവയാണ്. ദ്വീപുസമൂഹത്തിന്റെ 86.2 ശതമാനവും നിത്യഹരിത വനങ്ങളാണ് എന്നതാണ് പ്രകൃതി സ്‌നേഹികളുടെ മനം കുളിര്‍പ്പിക്കുന്ന യാഥാര്‍ത്ഥ്യം. സസ്യലതാദികളിലേറെയും ഭൂമിശാസ്ത്രപരമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന തായ്ലന്റ്, മലേഷ്യ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ കണ്ടുവരുന്നവയാണ്. ഇന്ത്യയുടെ മണ്ണില്‍ വളരുന്ന വൃക്ഷങ്ങള്‍ നാമമാത്രമേയുള്ളു ആന്‍ഡമാനില്‍. അതുപോലെ ജന്തുജാലങ്ങളുടെ കാര്യത്തിലും ആന്‍ഡമാന് സവിശേഷതകളേറെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജന്തുവര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട് ഈ ദ്വീപുകളില്‍. ആന്‍ഡമാന്‍ കാട്ടുപന്നി (വൈല്‍ഡ്ബോര്‍) എന്ന മൃഗം ഉദാഹരണമാണ്. 14 വ്യത്യസ്ത തരം വവ്വാലുകള്‍, 270 തരം പക്ഷികള്‍, 225 തരം ചിത്രശലഭങ്ങള്‍  ഇങ്ങനെ ആന്‍ഡമാന്‍ തുറന്നുതരുന്ന വൈവിധ്യങ്ങളുടെ ലോകം വിസ്മയാവഹമാണ്. ഇവയ്‌ക്കെല്ലാം പാര്‍ക്കാനായി ഒന്‍പത് വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും 96 സംരക്ഷിത വനപ്രദേശങ്ങളും ദ്വീപുകളിലുണ്ട്.

ആന്‍ഡമാന്‍ എന്നു കേള്‍ക്കുമ്പോള്‍ നഗ്‌നരായ ആദിവാസികളുടെ ചിത്രമായിരിക്കും ചിലരുടെയെങ്കിലും മനസ്സില്‍ തെളിയുക. നരഭോജികളായ ആദിവാസികളുടെ നാട് എന്നൊക്കെയാണ് പലരും ആന്‍ഡമാനെക്കുറിച്ച് കേട്ടിരിക്കുന്നത്. എന്നാല്‍ നിരവധി ആദിവാസി ഗോത്രങ്ങളുണ്ടെങ്കിലും അവരാരും മനുഷ്യമാംസം ഭക്ഷിക്കുന്നതായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ, ഒന്നുണ്ട്, തങ്ങളുടെ 'ടെറിട്ടറി'യില്‍ അപരിചിതരെ കണ്ടാല്‍ വിഷം പുരട്ടിയ അമ്പ് എയ്തു കൊല്ലാന്‍ മിക്ക ഗോത്രക്കാര്‍ക്കും ഒരു മടിയുമില്ല, അന്നും ഇന്നും. എന്നുതന്നെയുമല്ല, പരിഷ്‌കൃത ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിവാസി സമൂഹം ഇപ്പോഴും ദ്വീപുകളിലുണ്ട്. സെന്റിനല്‍ എന്ന ഗോത്രത്തില്‍പ്പെടുന്ന ആദിവാസികള്‍ ഇന്നും പുറംലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ സെന്റിനല്‍ എന്ന ദ്വീപില്‍ മൃഗങ്ങളെ വേട്ടയാടിയും മീന്‍പിടിച്ചും കഴിഞ്ഞുകൂടുന്നു.

പ്രധാനമായും നാല് നെഗ്രിറ്റോ വര്‍ഗ്ഗക്കാരും രണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരുമാണ് ആന്‍ഡമാനിലെ ആദിമവാസികള്‍. ഗ്രേറ്റ് ആന്‍ഡമാനീസ്, ഓങ്ഗേ, ജറാവ, സെന്റിനലീസ് എന്നീ ആദിവാസികളാണ് നെഗ്രിറ്റോ വംശത്തില്‍ പെടുന്നത്. ഷോംപെന്‍, നിക്കോബാറീസ് എന്നീ വര്‍ഗ്ഗക്കാര്‍ മംഗളോയിഡ് വംശത്തിലും പെടുന്നു. ഇതില്‍ നെഗ്രിറ്റോകള്‍ 60,000 വര്‍ഷം മുന്‍പ് ആഫ്രിക്കയില്‍നിന്ന് കുടിയേറിയതാണെന്നു കരുതപ്പെടുന്നു. മംഗളോയിഡുകള്‍ മലേഷ്യ, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കണം എത്തിയത്.
സെന്റിനല്‍ ഒഴിച്ചുള്ള ആദിവാസികള്‍ പരിഷ്‌കൃത ലോകവുമായി കുറെയൊക്കെ ഇണങ്ങിക്കഴിഞ്ഞു. നിക്കോബാറികളാണ് കാടുവിട്ട് നാട്ടിലെത്തിയതില്‍ മുന്‍പന്തിയില്‍. പോര്‍ട്ട്ബ്ലെയറില്‍ ഗവണ്‍മെന്റ്   ഉദ്യോഗസ്ഥരായ നിരവധി നിക്കോബാറികളെ പരിചയപ്പെടാന്‍ കഴിഞ്ഞു. പരിഷ്‌കൃതരാണെങ്കിലും ഇവരെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. മംഗോളിയന്‍ ഛായ മാത്രമല്ല, സാമാന്യത്തിലധികം വലിയ താടിയെല്ലുകളും മൂക്കുമൊക്കെയുണ്ടാകും ഇവര്‍ക്ക്.

ഗ്രേറ്റ് ആന്‍ഡമാനീസ് ഗോത്രക്കാരുടെ കഥ കേട്ടാല്‍ കഷ്ടം തോന്നും. 8000-ത്തിലധികം ഉണ്ടായിരുന്ന  ആന്‍ഡമാനികള്‍ ഇപ്പോള്‍ 600 ആയി ചുരുങ്ങി. ഇതിനു കാരണം ബ്രിട്ടീഷുകാരാണ്. 1788-ല്‍ ബ്രിട്ടീഷുകാര്‍ ആന്‍ഡമാനിലെത്തും വരെ ആന്‍ഡമാനി ഗോത്രക്കാരുടെ അപ്രമാദിത്തമായിരുന്നു. അവര്‍ ഒരീച്ചയെപ്പോലും ദ്വീപുകളില്‍ കയറ്റാതെ, തനത് സംസ്‌കാരം മുറുകെപ്പിടിച്ച് നൂറ്റാണ്ടുകളോളം ജീവിച്ചു. ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ പിടിച്ചടക്കാന്‍ വന്നപ്പോള്‍ തുരത്തിയോടിച്ചതും ആന്‍ഡമാനികള്‍ തന്നെ. പ്രധാന ദ്വീപുകളായ പോര്‍ട്ട്ബ്ലെയറോ റോസ് ഐലന്‍ഡോ പിടിച്ചടക്കാനാവാതെ പോര്‍ട്ട് കോണ്‍വാലീസിലേക്ക് ബ്രിട്ടീഷ് പടയ്ക്ക് പിന്‍വാങ്ങേണ്ടിവന്നു.
നീണ്ട 60 വര്‍ഷക്കാലം ആന്‍ഡമാനികള്‍ പോര്‍ട്ട്ബ്ലെയറിനെ ബ്രിട്ടീഷ് പാദസ്പര്‍ശമേല്‍ക്കാതെ കാത്തുസൂക്ഷിച്ചു. പക്ഷേ, 1858-ല്‍ ബ്രിട്ടീഷ് പട്ടാളം സര്‍വസന്നാഹങ്ങളോടെയും ആഞ്ഞടിച്ചു. പട്ടാളക്കാരുടെ തോക്കിനു മുന്നില്‍ വിഷം പുരട്ടിയ അമ്പുകളും കുന്തങ്ങളുമേന്തിനിന്ന് അവര്‍ പോരാടി. കൃത്യമായ ആസൂത്രണത്തോടെയാണ് ആന്‍ഡമാനികള്‍ യുദ്ധം ആരംഭിച്ചതെങ്കിലും ബ്രിട്ടീഷ് ചാരന്മാര്‍ അവര്‍ക്കിടയിലുമുണ്ടായിരുന്നു. യുദ്ധത്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പുതന്നെ ദുധന്ത് തിവാരി തുടങ്ങിയ ചാരന്മാര്‍ ആന്‍ഡമാനികള്‍ക്കിടയില്‍ സൗഹൃദം നടിച്ച് കടന്നുകൂടിയിരുന്നു. യുദ്ധം കനക്കവേ, ചാരന്മാര്‍ എല്ലാ യുദ്ധരഹസ്യങ്ങളും ബ്രിട്ടീഷുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു. 

ആന്‍ഡമാനികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. യുവാക്കളെല്ലാം തോക്കുകള്‍ക്കിരയായി. പോര്‍ട്ട്ബ്ലെയറില്‍ ബ്രിട്ടീഷ് പതാക ഉയര്‍ന്നു. ആന്‍ഡമാനികള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്ന ഭയം മൂലം ബ്രിട്ടീഷുകാര്‍ പുതിയ കരുക്കള്‍ നീക്കി. അവര്‍ പകര്‍ച്ചവ്യാധികള്‍ കടത്തിവിട്ടും മദ്യവും കറുപ്പും നല്‍കിയും ആന്‍ഡമാനികളെ കൊന്നൊടുക്കി. 1900 ആയപ്പോഴേക്കും ജനസംഖ്യ 8000-ത്തില്‍നിന്നും 600 ആയി ചുരുങ്ങി. അതോടെ മുഖ്യ ദ്വീപായ പോര്‍ട്ട്ബ്ലെയര്‍ വിട്ട് അവര്‍ സ്ട്രെയ്റ്റ് ഐലന്‍ഡിലേക്ക് താമസം മാറ്റി. നാമമാത്രമായ ജനസംഖ്യയുമായി അവര്‍ ഇന്നും സ്ട്രെയ്റ്റ് ഐലന്‍ഡില്‍ കഴിയുന്നുണ്ട്.

ജറാവകളാണ് ഇപ്പോള്‍ ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്നവരുടെ പ്രധാന കൗതുക കാഴ്ച. പോര്‍ട്ട്ബ്ലെയറില്‍നിന്ന് ദിഗ്ലിപൂര്‍ വരെ നീളുന്ന ഒരു ഹൈവേയുണ്ട്, 360 കി.മീ നീളമുള്ള ഗ്രാന്റ് ട്രങ്ക് റോഡ്. ഈ റോഡ് കടന്നുപോകുന്നത് ജറാവകളുടെ വാസകേന്ദ്രമായ കാടുകളിലൂടെയാണ്. പ്രത്യേകാനുമതിയോടെ ഇതുവഴി സഞ്ചരിക്കാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം കോണ്‍വോയ് ആയി മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. ആ യാത്രക്കിടയില്‍ ജറാവകളെ കാണാം. ഇപ്പോഴും പൂര്‍ണ്ണ നഗ്‌നരായാണ് മിക്ക ജറാവകളുടേയും നടപ്പ്. ഇവരുടെ ഫോട്ടോ എടുക്കാനോ ഇവര്‍ക്ക് ആഹാരമോ മറ്റെന്തെങ്കിലും നല്‍കാനോ പാടില്ല എന്നാണ് വ്യവസ്ഥ. ജറാവകളെ ഇങ്ങനെ പ്രദര്‍ശനവസ്തുവാക്കുന്നതില്‍ ലോക വ്യാപകമായി എതിര്‍പ്പ് ഉയരുന്നുണ്ട്. പരിഷ്‌കൃതരായ ജനങ്ങളുമായുള്ള സഹവാസം മൂലം പകര്‍ച്ചവ്യാധി പിടിപെട്ട് ജറാവകള്‍ മരിക്കുന്നതും പതിവായിട്ടുണ്ട്. അങ്ങനെ അവരുടെ വംശം ചുരുങ്ങി 400-ല്‍ ആയിട്ടുണ്ടിപ്പോള്‍.
ആന്‍ഡമാനിലെ ആദ്യ പ്രഭാതം. 9 മണിക്ക് ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ള വാഹനം ഹോട്ടലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ മട്ടിലുള്ള പൂരിയും കറിയും കഴിച്ച് റെഡിയായി നില്‍ക്കുമ്പോള്‍ കാറെത്തി. ഗൈഡ്  കം ഡ്രൈവര്‍ സിറാജിനോടൊപ്പം ട്രാവല്‍ ഏജന്‍സിയിലെ ഒരു പയ്യനും വന്നിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളിലേക്കുള്ള ടൂര്‍ പാക്കേജ് നേടിയെടുക്കുകയാണ് പയ്യന്റെ ഗൂഢലക്ഷ്യം. ''ഇന്നത്തെ ടൂര്‍ കഴിയട്ടെ, എന്നിട്ട് ചിന്തിക്കാം''- ഞാന്‍ പറഞ്ഞതു കേട്ട് നിരാശനായി പയ്യന്‍ മടങ്ങി. ഇന്നത്തെ യാത്രയ്ക്കിടയില്‍ ആന്‍ഡമാനെക്കുറിച്ച് കണ്ടും ഗൈഡില്‍നിന്ന് കേട്ടും പഠിച്ച ശേഷം നാളെ മുതല്‍ സ്വന്തം നിലയില്‍ യാത്ര ചെയ്യുകയാണ് എന്റെ ഗൂഢ ലക്ഷ്യമെന്ന് അവനറിയില്ലല്ലോ!


ഡ്രൈവര്‍ സിറാജ് ആന്‍ഡമാനില്‍ ജനിച്ചുവളര്‍ന്നയാളാണ്. പശ്ചിമ ബംഗാളില്‍നിന്ന് സ്വാതന്ത്ര്യസമര സേനാനിയായ മുത്തച്ഛനെ ബ്രിട്ടീഷുകാര്‍ പിടികൂടി സെല്ലുലാര്‍ ജയിലിലേക്ക് കൊണ്ടുവന്നു. പിന്നീട് പൊതുമാപ്പ് ലഭിച്ച് സ്വതന്ത്രനായെങ്കിലും അദ്ദേഹം ആന്‍ഡമാന്‍ വിട്ടു പോയില്ല. മുത്തച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷത്തിലേറെയായി. സിറാജും ബാപ്പയും രണ്ടു സഹോദരങ്ങളുമെല്ലാം ടാക്സി ഓടിച്ചാണ് ഉപജീവനം. ദ്വീപുകളിലെ ടൂറിസം അഭിവൃദ്ധിപ്പെട്ടപ്പോള്‍ കുടുംബവും നല്ല നിലയിലെത്തിയെന്ന് സിറാജ് പറഞ്ഞു. മഴക്കാലമൊഴിച്ചു നിര്‍ത്തിയാല്‍ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ് ആന്‍ഡമാനിലേക്ക്. ട്രാവല്‍ ഏജന്‍സികളെല്ലാം പണം വാരുകയാണെന്ന് സിറാജ് പറഞ്ഞു. (ഈ മേഖലയില്‍ തട്ടിപ്പും വെട്ടിപ്പും വ്യാപകമാണ്. ആറാം നാള്‍ ഞാനും അതിനിരയായി. അക്കഥ പിന്നാലെ പറയാം).

ഞങ്ങള്‍ യാത്ര ആരംഭിച്ചു. ട്രാഫിക് സിഗ്‌നലുകളിലൊഴിക മറ്റെവിടെയും വാഹനത്തിരക്കൊന്നും കാണാനില്ല. കേന്ദ്രഭരണപ്രദേശമായതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകളാണ് ഇവിടുത്തെ കെട്ടിടങ്ങളിലേറെയും. ഹെലിക്കോപ്റ്ററില്‍ 45 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന 200  കിലോമീറ്റര്‍ ദൂരെയുള്ള നിക്കോബാര്‍ ദ്വീപിലും നിരവധി ഗവണ്‍മെന്റ് ഓഫീസുകളുണ്ടത്രേ. അവിടേക്ക് വിനോദസഞ്ചാരികള്‍ക്ക് പോകണമെങ്കില്‍ കടമ്പകളേറെയുണ്ട്. ഭരണകൂടത്തിന് അപേക്ഷ നല്‍കി കാത്തിരിക്കണം. ചിലപ്പോള്‍ അപേക്ഷ തള്ളിക്കളയാനും മതി. അനുമതി കിട്ടിയാല്‍, പിന്നെ ഹെലിക്കോപ്റ്ററില്‍ സീറ്റ് ഒഴിവ് വരുന്നതുവരെ കാത്തിരിക്കണം. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന പവന്‍ഹംസ് ഹെലിക്കോപ്റ്ററുകളാണ് പോര്‍ട്ട്ബ്ലെയറില്‍നിന്ന് മറ്റു ദ്വീപുകളിലേക്ക് സര്‍വീസ് നടത്തുന്നത്. പോര്‍ട്ട്ബ്ലെയര്‍  നിക്കോബാര്‍ യാത്രയ്ക്ക് 7000 രൂപയാകും, ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.
ചാത്തം സോമില്ലിലേക്കാണ് ആദ്യ യാത്ര. കടല്‍ത്തീരത്തോട് ചേര്‍ന്ന് നീളുന്ന റോഡ് നീലക്കടലിന്റെ സുന്ദരമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തായ്ലന്റിലും മലേഷ്യയിലെ ലങ്കാവിയിലും മൗറീഷ്യസിലുമാണ് ഇത്രയും ശാന്തസുന്ദരവും നീലനിറമുള്ളതുമായ കടല്‍ കണ്ടിട്ടുള്ളത്. വെളുത്ത പഞ്ചാരമണലും നീലാകാശവും ഇളംനീല കടലും  പ്രകൃതിയുടെ ക്യാന്‍വാസിലെ ഈ അനുപമ ചിത്രമാണ് ആന്‍ഡമാനിലെവിടെയും നമ്മെ വരവേല്‍ക്കുന്നത്.
കടല്‍ത്തീര പാതയിലൂടെ കാറോടിക്കവേ, സിറാജ് കുന്നിന്‍മുകളിലേക്ക് വിരല്‍ ചൂണ്ടി- സെല്ലുലാര്‍ ജയില്‍. ഒരു നടുക്കത്തോടെ ആ പേര് എന്റെ പ്രജ്ഞയില്‍ വന്നലച്ചു. നാടിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ച നൂറുകണക്കിന് ഭാരതീയരെ മൃഗസമാനരായി തടവിലിട്ട കാരാഗൃഹം. അടിച്ചും കുത്തിയും തൂക്കിക്കൊന്നും ബ്രിട്ടീഷ് നരാധമന്മാര്‍ ജീവിതം കൊണ്ടാടിയിരുന്ന ജയില്‍ വളപ്പ്. ദേശാഭിമാനിയായ ഏതൊരു ഇന്ത്യക്കാരനും സെല്ലുലാര്‍ ജയില്‍ ഹൃദയത്തില്‍ കുത്തുന്ന വേദനയാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും നെഞ്ചുവിരിച്ച് ചവിട്ടിനില്‍ക്കുന്ന മണ്ണിനുമെല്ലാം പകരം കൊടുക്കേണ്ടിവന്നത് സെല്ലുലാര്‍ ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ വര്‍ഷങ്ങളോളം നരകയാതന സഹിച്ച നിസ്വാര്‍ത്ഥമതികളുടെ ജീവിതമാണ്. 

സെല്ലുലാര്‍ ജയിലിന്റെ ആദ്യദര്‍ശനത്തില്‍ത്തന്നെ ഞാന്‍ ദുഃഖഭാരത്തോടെ തലകുനിച്ചു.  എന്റെ തലമുറയ്ക്കുശേഷം വരുന്ന ന്യൂജെന്‍ കുട്ടികള്‍ ഇതേ ഹൃദയഭാരത്തോടെ സെല്ലുലാര്‍ ജയിലിനെ നോക്കിക്കാണുമോ? സംശയമാണ്.
സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനത്തിനായി ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ജയിലിന്റെ കഥ പറയുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയുമുണ്ട്. അതും കാണണമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
കടല്‍ത്തീര റോഡിലൂടെ പോകുമ്പോള്‍ ഹോട്ടലുകള്‍, ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസുകള്‍, ബ്രിട്ടീഷ് മാതൃകയില്‍ പണിത പഴയ ബംഗ്ലാവുകള്‍ എന്നിവ കടലിലേക്ക് കണ്ണും പായിച്ച് കുന്നിന്‍ചെരിവില്‍ നില്‍ക്കുന്നത് ഭംഗിയുള്ള കാഴ്ചയാണ്. ശാന്തസുന്ദരമായ ജീവിതം. പെട്ടെന്നാണ് ആ ചോദ്യം എന്റെ മനസ്സിലേക്കു വന്നത്. ആന്‍ഡമാനില്‍ ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടോ? 
''ഇല്ല''-സിറാജ് പറഞ്ഞു. ''എന്റെ ഓര്‍മ്മയില്‍ ഒരിക്കലേ ഇവിടം ഗതാഗതം സ്തംഭിച്ച് നിശ്ചലമായിട്ടുള്ളു. അത് ടാക്സി-ബസ് പണിമുടക്ക് നടന്ന ദിവസമാണ്. ന്യായമായ കാര്യത്തിനായിരുന്നതുകൊണ്ട് ജനങ്ങളും വാഹനങ്ങള്‍ ഓടിക്കാതെ സഹകരിച്ചു. അതല്ലാതെ മെയിന്‍ലാന്റിലേതുപോലെ ഹര്‍ത്താലെന്നും പറഞ്ഞ് കടകളടച്ചും മറ്റും വീട്ടിലിരിക്കുന്ന  പതിവ് ഇവിടെയില്ല.''
ബുദ്ധിയും ബോധവുമുള്ള ഇന്ത്യന്‍ പൗരന്മാരാണല്ലോ ആന്‍ഡമാനിലുള്ളത് എന്നോര്‍ത്തുപോയി. പിന്നീട് കണ്ടുമുട്ടിയ മലയാളികളും ജീവിക്കാന്‍ ഏറ്റവും സുഖമുള്ള നാടാണ് ആന്‍ഡമാനെന്ന് പറയുകയുണ്ടായി. സൈ്വര്യജീവിതം തകര്‍ക്കുന്ന സംഭവങ്ങളൊന്നും പൊതുവെ ഇവിടെ ഉണ്ടാകാറില്ല. ഇന്ത്യയുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനങ്ങളും സ്‌നേഹത്തോടെയും സഹകരണത്തോടെയും ഇവിടെ കഴിഞ്ഞുകൂടുന്നു. കുറ്റകൃത്യങ്ങള്‍ നാമമാത്രമേയുള്ളൂ. മോഷണക്കേസുകളാണ് കുറ്റകൃത്യങ്ങളിലേറെയും. കൊലപാതകമൊക്കെ ദുര്‍ലഭമാണ്. ഈയിടെയായി  ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ ആന്‍ഡമാനിലേക്ക് നുഴഞ്ഞു കയറിയത്തുടങ്ങിയിട്ടുണ്ട്. അപൂര്‍വമായി മാത്രം നടക്കുന്ന  മാനഭംഗം പോലെയുള്ള  കേസുകളില്‍ മുന്‍പന്തിയില്‍ ഈ അനധികൃത കുടിയേറ്റക്കാരാണത്രേ.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ താഴെയാണ് ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിന്റെ സ്ഥാനമെങ്കിലും ഗാര്‍ഹിക പീഡനത്തിന്റെ തോത് വളരെ കൂടുതലാണത്രേ. ആന്‍ഡമാനിലെ 35 ശതമാനം വീടുകളിലും ഗാര്‍ഹിക പീഡനം നടക്കുന്നുണ്ടെന്നും അതിനു കാരണം ഗൃഹനാഥന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനമാണെന്നും ഒരു റിപ്പോര്‍ട്ടില്‍ വായിച്ചിരുന്നു. മദ്യപാനം ഒരു വിപത്തായി കരുതുന്നില്ല, ആന്‍ഡമാനിലെ ജനസമൂഹം. വാറ്റുചാരായം ഉള്‍പ്പെടെ എല്ലാ മദ്യങ്ങളും ഏതു ദ്വീപിലും സുലഭമാണ്.

മെയിന്റോഡ് പിന്നിട്ട് സിറാജിന്റെ കാര്‍ ഒരു പാലത്തില്‍ പ്രവേശിച്ചു. 100 മീറ്റര്‍ നീളമുള്ള ഈ പാലം ചെന്നെത്തുന്ന ദ്വീപാണ് ചാത്തം ഐലന്‍ഡ്. 250 വര്‍ഷത്തെ ചരിത്രം പറയാനുണ്ട് ഈ ദ്വീപിന്. യൂറോപ്യന്‍മാരുടെ അധികാര ത്വരയുടേയും യുദ്ധക്കൊതിയുടേയും തിക്തഫലങ്ങള്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചു, ചാത്തം ദ്വീപും അതിനുള്ളിലെ സോമില്ലും. സോമില്ലെന്നു പറയുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തെ ചെറിയ തടിഅറക്കമില്ലുമായിട്ടൊന്നും ചാത്തം സോമില്ലിനെ താരതമ്യപ്പെടുത്തരുത്. ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഈ തടിമില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മില്ലാണ്.

മില്ലിലേക്ക് നടന്നുകയറും മുമ്പ് ആ ചരിത്രമൊന്നു വായിക്കാം.
ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗ്ഗത്തിനിടയില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇടത്താവളമായി ആന്‍ഡമാനെ കണ്ടെത്തിയത് 1789-ലാണ്. ലെഫ്റ്റനന്റ് ആര്‍ക്കിബാള്‍സ് ബ്ലെയര്‍ എന്ന സൈനികത്തലവന്‍ വൈപ്പര്‍ എന്ന കപ്പലില്‍ പോര്‍ട്ട്ബ്ലെയറിനോടടുക്കവേ കപ്പലിന് തകരാര്‍ സംഭവിച്ച് ഒരു ചെറുദ്വീപില്‍ കുടുങ്ങി. ഇപ്പോള്‍ വൈപ്പര്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന ആ ദ്വീപില്‍ നിന്ന് വിളിപ്പാടകലെയാണ് ചാത്തം ദ്വീപ്.
ആന്‍ഡമാനില്‍ ബ്രിട്ടീഷ് താവളം സ്ഥാപിക്കാന്‍ വെമ്പല്‍ കൊണ്ട ലെഫ്റ്റനന്റ് ബ്ലെയറിന് ചാത്തം ദ്വീപ് അതിനു പറ്റിയ സ്ഥലമാണെന്നു തോന്നി. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളേയും കൊടുംകുറ്റവാളികളേയും താമസിപ്പിക്കാന്‍ പറ്റിയ ഒരു ജയില്‍ നിര്‍മ്മിക്കുക എന്നതും ബ്ലെയറിന്റെ ഗൂഢോദ്ദേശ്യമായിരുന്നു. വൈപ്പര്‍ ദ്വീപിലാണ് അങ്ങനെയൊരു ജയിലും കഴുമരവും ആദ്യമായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചത്. കുറേക്കൂടി വിപുലമായ രീതിയില്‍ സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കുംവരെ വൈപ്പര്‍ ദ്വീപിലെ തടവുപുള്ളികള്‍ ബ്രിട്ടീഷ് പട്ടാളക്കാരുടെ സകല ക്രൂരതകള്‍ക്കും ഇരയായിക്കൊണ്ടിരുന്നു. ആദിവാസി യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ബലാല്‍സംഗം ചെയ്ത് പൂര്‍ണ്ണ നഗ്‌നയാക്കി കെട്ടിത്തൂക്കിയ കഴുമരവും ഷേര്‍ അലിഖാന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ തൂക്കിക്കൊന്ന കഴുമരവുമൊക്കെ ഇപ്പോഴും വൈപ്പര്‍ ദ്വീപിലുണ്ട്. ഈ ദ്വീപിനു ചുറ്റുമുള്ള കടല്‍വെള്ളത്തെയാണ് 'കാലാപാനി' എന്നു വിളിക്കുന്നത്. മനുഷ്യമാംസവും രക്തവും ഒഴുകിയിറങ്ങി കറുത്തുപോയ വെള്ളമെന്നായിരിക്കാം ഈ പേരിട്ടവര്‍ വിവക്ഷിച്ചത്.

വൈപ്പര്‍ ദ്വീപിനു ശേഷം ബ്ലെയറിന്റെ കണ്ണു പതിഞ്ഞത് ചാത്തം ദ്വീപിലാണ്. പോര്‍ട്ട്ബ്ലെയറില്‍നിന്ന് (ലെഫ്റ്റനന്റ് ബ്ലെയറിന്റെ പേരാണ് പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ പ്രധാന ദ്വീപിന് നല്‍കിയത്) വിളിപ്പാടകലെയുള്ള ഈ ദ്വീപിലേക്ക് ആദ്യം ഒരു മരപ്പാലം നിര്‍മ്മിക്കുകയാണ് ബ്ലെയര്‍ ചെയ്തത്. എന്നിട്ട് പോര്‍ട്ട്ബ്ലെയറിനെ ബ്രിട്ടീഷ് സൈനികത്താവളത്തിന്റെ ആസ്ഥാനമാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. താവളത്തിനുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും സെല്ലുലാര്‍ ജയിലിന്റെ നിര്‍മ്മാണത്തിനുമായി തടി ആവശ്യമാണല്ലോ എന്ന് ബ്ലെയര്‍ സായ്വ് ചിന്തിച്ചു. അതിനായി ചാത്തം ദ്വീപില്‍ ഒരു തടിമില്ലിന്റെ പണി 1883-ല്‍ തുടങ്ങി. ബ്രിട്ടനില്‍നിന്ന് സെക്കന്റ്ഹാന്‍ഡ് മെഷീനുകള്‍ ഇറക്കുമതി ചെയ്ത് മില്ലില്‍ സ്ഥാപിച്ചു. വര്‍ഷത്തില്‍ 20,000 മരങ്ങള്‍ മുറിച്ച് വിവിധ ആവശ്യങ്ങള്‍ക്കായുള്ള പലകകളും നിര്‍മ്മിക്കാന്‍ ശേഷിയുള്ള മില്ലില്‍ 750 ജോലിക്കാരേയും നിയമിച്ചു.
1942 വരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തടിമില്ലായിരുന്നു ചാത്തം സോമില്‍. വിവിധ തരം വൃക്ഷങ്ങള്‍ ആന്‍ഡമാനില്‍ സുലഭമായിരുന്നതുകൊണ്ട് അവ വെട്ടിയെടുത്ത് പലകകളാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് ആരുടേയും അനുവാദം വേണ്ടിയിരുന്നില്ല. ഇവിടെ പാകപ്പെടുത്തിയെടുത്ത തടിയും വഹിച്ചുകൊണ്ട് കപ്പലുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടുകൊണ്ടിരുന്നു.

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനിലും യൂറോപ്പിലും എന്തിന് ന്യൂയോര്‍ക്കില്‍പ്പോലും നിര്‍മ്മിക്കപ്പെട്ട രമ്യഹര്‍മ്മങ്ങളിലെല്ലാം ആന്‍ഡമാനില്‍ നിന്നുള്ള തടി ഉപയോഗിച്ചിട്ടുണ്ട്. ലണ്ടനിലെ രാജകൊട്ടാരമായ ബെക്കിങ്ഹാം പാലസിന്റെ ജനവാതിലുകളിലെ തടിയും നമ്മുടെ ആന്‍ഡമാനിലേതുതന്നെ.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ സോമില്ലിന്റെ കഷ്ടകാലം ആരംഭിച്ചു. 1942 മാര്‍ച്ച് 10-ന് ജാപ്പനീസ് പട്ടാളം ആകാശത്തുനിന്ന് ബോംബുവര്‍ഷം നടത്തി. 200-ലധികം തൊഴിലാളികള്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ ചാത്തം സോമില്‍ തകര്‍ന്നു തരിപ്പണമായി. മരങ്ങളും പലകകളും കടലെടുത്തു. ബോംബുവീണ കുഴികളിലേക്ക് കടല്‍ വെള്ളം ഇരച്ചു കയറി.

ചാത്തം ദ്വീപ് മരണപ്പറമ്പായി. യുദ്ധത്തില്‍ വിജയം കണ്ട ജാപ്പനീസ് പടയാളികള്‍ പോര്‍ട്ട്ബ്ലെയറില്‍ പറന്നിറങ്ങി. നഗരമദ്ധ്യത്തിലെ കുന്നിന്‍മുകളില്‍ ജാപ്പനീസ് പതാക പറന്നു.
1942 മുതല്‍ 1945 വരെ ജപ്പാന്റെ അധീനതയിലായി, പോര്‍ട്ട്ബ്ലെയറും ചാത്തം ദ്വീപുമെല്ലാം. 1940-ല്‍ വീണ്ടും ബ്രിട്ടീഷുകാര്‍ ദ്വീപ് പിടിച്ചടക്കി. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ യൂണിയന്‍ ജാക്കും കൊടിമരമിറങ്ങി, കപ്പല്‍ കയറി.
ചാത്തം സോമില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു. ബോംബാക്രമണത്തില്‍ തകര്‍ന്ന മരപ്പാലം പൊളിച്ചുമാറ്റി ആധുനിക കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചു. മില്‍ പുനര്‍നിര്‍മ്മിച്ച്, മെഷീനറികള്‍ കേടുപാടു മാറ്റി പുനഃസ്ഥാപിച്ചു. പുതിയ തൊഴിലാളികളെ നിയമിച്ചു. 
അങ്ങനെ പൂര്‍വ്വ പ്രതാപത്തിലേക്ക് ചാത്തം സോമില്‍ തിരിച്ചുവന്നു. ഇപ്പോള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റേയും ബ്രിട്ടീഷ്,  ജാപ്പനീസ് ക്രൂരതകളുടേയും പുനര്‍ജീവനത്തിന്റെയുമെല്ലാം സ്മാരകമാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ തടിമില്‍.

10 രൂപ ടിക്കറ്റെടുത്തു വേണം ഉള്ളില്‍ പ്രവേശിക്കാന്‍. വടക്കേ ഇന്ത്യയില്‍നിന്നുള്ള വലിയ കുടവയറുള്ള ചേട്ടന്മാരും ഫുട്ബോള്‍പോലെ ഉരുണ്ടുനീങ്ങുന്ന ചേച്ചിമാരുമാണ് സന്ദര്‍ശകരിലേറെയും. എല്ലാവരുടേയും കയ്യില്‍ കൊറിക്കാനുള്ള വിഭവങ്ങള്‍ കുമ്പിള്‍ കുത്തിയ കടലാസുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദുരന്തസ്മാരകങ്ങള്‍ കാണുമ്പോഴുള്ള ടെന്‍ഷന്‍ കുറയ്ക്കാന്‍ എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നത്  നല്ലതാണല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com