മങ്ങിമറയുന്നൊരു നിഴല്‍ പോലെ

ഓര്‍മ്മയ്ക്ക് അല്ലെങ്കില്‍ മറവിക്ക് ഒരു നോവലിനെ പ്രത്യവലോകനപരമായി തിരുത്താനാകും, ചിലപ്പോള്‍ മെച്ചപ്പെടുത്താനുമാകും.
അന്തോണിയോ മുന്യോസ് മൊളീന
അന്തോണിയോ മുന്യോസ് മൊളീന

''ര്‍മ്മയ്ക്ക് അല്ലെങ്കില്‍ മറവിക്ക് ഒരു നോവലിനെ പ്രത്യവലോകനപരമായി തിരുത്താനാകും, ചിലപ്പോള്‍ മെച്ചപ്പെടുത്താനുമാകും. ഭാവിയുടെ അനന്തത ഒരു നോവലില്‍ക്കൂടി വിഭാവനം ചെയ്യാന്‍ കഴിയുന്നതിലും വിപുലമാണ്.'' സാഹിത്യത്തിന്റെ ശക്തിയും പരിമിതിയും ഒരുപോലെ വെളിപ്പെടുത്തുന്ന ഈ നിരീക്ഷണം നടത്തിയത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രതിഭാശാലികളായ സ്പാനിഷ് സാഹിത്യകാരന്മാരുടെ മുന്‍നിരയിലുള്ള അന്തോനിയോ മൂന്യോസ് മൊളീന (അിീേിശീ ങൗിീ്വ ങീഹശിമ) യാണ്. മൊളീനയുടെ ഏറ്റവും പുതിയ നോവലായ 'ലൈക്ക് എ ഫേഡിങ്ങ് ഷാഡോ' (ഘശസല അ എമറശിഴ ടവമറീം) ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച കൃതിയാണ്. ത്രിമാനതലങ്ങളില്‍ വികാസം പ്രാപിക്കുന്ന ഇതിവൃത്തങ്ങളാണ്  ഈ നോവലിന്റെ വലിയ സവിശേഷതകളില്‍ ഒന്ന്. ചരിത്രം, ഓര്‍മ്മ, ആത്മപരിശോധന എന്ന മൂന്നു തലങ്ങള്‍ ഇടവിട്ടിടവിട്ടുള്ള അധ്യായങ്ങളില്‍ക്കൂടി വ്യത്യസ്ത കഥകളായി വികസിപ്പിച്ചുവരുന്നു. 1968 ഏപ്രില്‍ നാലാം തീയതി മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അമേരിക്കയിലെ മെംഫിസ് പട്ടണത്തില്‍വെച്ച് വധിക്കപ്പെട്ടു. കിങ്ങിന്റെ ഘാതകന്‍ ജെയിംസ് ഏള്‍ റേ മൂന്നു മാസത്തോളം പൊലീസിനു പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നു. ഈ കാലയളവില്‍, പിടിക്കപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള പത്തു ദിവസം അയാള്‍ ലിസ്ബണിലെ ഹോട്ടല്‍ പോര്‍ച്ചുഗലില്‍ ഒളിച്ചുപാര്‍ക്കുന്നുണ്ട്.  ഏള്‍ റേയുടെ ലിസ്ബണിലെ ഒളിവുജീവിതവും ഒടുവില്‍ ലണ്ടനില്‍വെച്ച് അറസ്റ്റുചെയ്യപ്പെടുന്നതും വരെയുള്ള ഉദ്വേഗജനകവും സംഭവബഹുലവുമായ ജീവിതസാഹചര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് ഒരു കഥ. മൊളീനയുടെ ചെറുപ്പകാലത്ത്, അതായതു അദ്ദേഹം ഈ നോവല്‍ എഴുതുന്നതിനു ഏകദേശം മൂന്നു പതിറ്റാണ്ട് മുന്‍പാണ് ആദ്യമായി ലിസ്ബണ്‍ നഗരം സന്ദര്‍ശിക്കുന്നത്. വിരസമായ കുടുംബജീവിതാന്തരീക്ഷത്തില്‍നിന്നും രക്ഷനേടി ലിസ്ബണ്‍ നഗരത്തില്‍ ഒളിച്ചുപാര്‍ത്തുകൊണ്ടാണ് അദ്ദേഹം തന്റെ ആദ്യ നോവലായ 'വിന്റര്‍ ഇന്‍ ലിസ്ബണ്‍' (ണശിലേൃ ശി ഘശയെീി) പൂര്‍ത്തീകരിക്കുന്നത്.  അന്ന് മുപ്പതു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മൊളീനയുടെ സാഹസികമായ ലിസ്ബണ്‍ ജീവിതവും നോവല്‍ പ്രസിദ്ധീകരിച്ചു നാല് വര്‍ഷത്തിനു ശേഷം ലിസ്ബണിലേക്ക് നടത്തുന്ന രണ്ടാമത്തെ യാത്രയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും അടങ്ങുന്നതാണ് സമാന്തരമായി വികസിക്കുന്ന മറ്റൊരു കഥ. ഈ നോവല്‍ രചിക്കുന്ന വര്‍ത്തമാനകാലത്ത് ഇതിനോടകം പ്രശസ്തനായിത്തീര്‍ന്ന മൊളീന തന്റെ മകളെ സന്ദര്‍ശിക്കാനായി ലിസ്ബണ്‍ നഗരത്തില്‍ എത്തുന്ന സന്ദര്‍ഭത്തില്‍  തന്റെ ഓര്‍മ്മകളും ആത്മഗതങ്ങളും ഒക്കെ സംയോജിപ്പിച്ച്  അവതരിപ്പിക്കുന്നതാണ് മൂന്നാമത്തെ കഥയായി രൂപം കൊള്ളുന്നത്. മൊളീന കഥാപാത്രമായി വരുന്ന രണ്ടു കഥകളിലും ആഴത്തിലുള്ള ആത്മപരിശോധനകളും കലയേയും സാഹിത്യത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും പ്രഗല്‍ഭമായി സന്നിവേശിപ്പിച്ചിരിക്കുന്നു. പ്രമേയപരമായി പ്രത്യക്ഷത്തില്‍ ഐക്യമൊന്നുമില്ലെങ്കിലും ലിസ്ബണ്‍ നഗരം മൂന്നു കഥകളിലും കേന്ദ്രബിന്ദുവായി നിലകൊള്ളുന്നുണ്ട്. 

അടുത്തകാലത്ത് മാത്രം പരസ്യപ്പെടുത്തിയ എഫ്.ബി.ഐയുടെ സ്വകാര്യരേഖകളുടെ ചുവടുപിടിച്ചാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ ഘാതകനായ ജെയിംസ് ഏള്‍ റേയുടെ ജീവിതകഥ ചുരുളഴിയുന്നത്. വളരെ വസ്തുനിഷ്ഠമായി റേയുടെ ജീവചരിത്രം പരിശോധിക്കുന്ന ഒരു ആഖ്യാനരീതിയാണ് മൊളീന പൊതുവേ സ്വീകരിച്ചിരിക്കുന്നതെങ്കിലും കൊല നിര്‍വ്വഹിച്ച ശേഷം പലായനം ചെയ്യുന്ന റേയുടെ മാനിക് ഡിപ്രസ്സിവ് സ്വഭാവമുള്ള മാനസികനിലകളും കഥയില്‍ പലപ്പോഴും പ്രതിഫലിക്കുന്നുണ്ട്. കിങ്ങിനെ വധിച്ച ശേഷം പല പേരുകള്‍ സ്വീകരിച്ചു ആള്‍മാറാട്ടം നടത്തി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുപാര്‍ക്കുകയായിരുന്നു റേ ചെയ്തത്. ആദ്യം അയാള്‍ കാനഡയിലേക്ക് കടക്കുകയും അവിടെനിന്നും റാമോണ്‍  ജോര്‍ജ്ജ് സ്നെയ്ദ് എന്ന പേരില്‍ ഒരു പാസ്പോര്‍ട്ട് സംഘടിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, സൗകര്യപൂര്‍വ്വം, എറിക് എസ്. ഹാള്‍ട്ട്, ഹാര്‍വി ലോമേയര്‍, ജോണ്‍ ലാറി റയന്‍സ്, ജോണ്‍ വില്ലാര്‍ദ് , പോള്‍ എഡ്വേര്‍ദ് ബ്രിഡ്ജ്മാന്‍ തുടങ്ങിയ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു പാര്‍ക്കുന്നു. ഒടുവില്‍ ലണ്ടന്‍ വഴി ലിസ്ബണിലെത്തിച്ചേരുന്നു. അവിടെനിന്നും അങ്കോളയിലേക്ക് പോകാനുള്ള വിസ തരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ ഉദ്യമം വിജയിക്കുന്നില്ല. ലിസ്ബണില്‍ അകപ്പെട്ടുപോയ ആ പത്തു ദിനങ്ങള്‍ അയാള്‍ തെരുവുവേശ്യകള്‍ക്കൊപ്പം കുടിച്ചു ഉന്മത്തനായി ജീവിതമാസ്വദിച്ചു കഴിഞ്ഞുകൂടുന്നു. ഒടുവില്‍ ലണ്ടനിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബ്ബന്ധിതനാകുകയും അവിടെവെച്ച് പൊലീസിന്റെ പിടിയിലാവുകയും ചെയ്യുന്നു.  വിചാരണക്കൊടുവില്‍ 99 വര്‍ഷം ദൈര്‍ഘ്യമുള്ള ജീവപര്യന്ത തടവിനു വിധിക്കപ്പെട്ടു ജയിലില്‍ അടയ്ക്കപ്പെടുകയും അവിടെവെച്ചു ജീവിതം അവസാനിക്കുകയും ചെയ്യുന്നു. ഈ വസ്തുതകളൊക്കെ സമീപകാലത്ത് മാത്രം പരസ്യപ്പെടുത്തിയ എഫ്.ബി.ഐയുടെ സ്വകാര്യരേഖകളിലുള്ളതാണ്. എഫ്.ബി.ഐയുടെ രേഖകളോട് തികഞ്ഞ സത്യസന്ധത പുലര്‍ത്തിക്കൊണ്ട് വളരെ സൂക്ഷ്മതയോടുകൂടിയാണ് മൊളീന ഈ വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിനിധിയായ കൊലയാളിയുടെ മാനസികഘടനയും ആത്മസംഘര്‍ഷങ്ങളും തികഞ്ഞ വൈദഗ്ദ്ധ്യത്തോടെ മൊളീന കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാം. കയ്യിലുള്ള പണം തീരാറാകുമ്പോള്‍ തോക്ക് ചൂണ്ടി പിടിച്ചുപറിക്കുകയും മോഷ്ടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അയാള്‍.

പക്ഷേ, എല്ലായ്‌പ്പോഴും ഈ ശ്രമങ്ങള്‍ വിജയിക്കുന്നില്ല എങ്കിലും അപകടംപിടിച്ച ആ ജീവിതശൈലി അയാള്‍ ആസ്വദിക്കുന്നുണ്ട്. എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റില്‍ തന്റെ പേര് പത്രങ്ങളില്‍ കാണുമ്പോഴൊക്കെ റേയ്ക്ക് വലിയ അഭിമാനം തോന്നുന്നു. റേ ഉപയോഗിച്ചിരുന്ന  ഭൗതികവസ്തുക്കള്‍ - തോക്ക് മുതല്‍ ടൂത്ത്ബ്രഷ് വരെ- മൊളീന വിശദമായും സൂക്ഷ്മമായും ആലേഖനം ചെയ്തിരിക്കുന്നത് കണ്ടാല്‍ ഇതൊരു എഫ്.ബി.ഐ ഫയലാണോ എന്ന് നമ്മള്‍ സംശയിച്ചുപോകും. പക്ഷേ, കഷ്ടപ്പാടുകളും അവഗണനകളും നിറഞ്ഞ റേയുടെ ബാല്യകൗമാരങ്ങള്‍ എങ്ങനെയാണ് അയാളില്‍ അപകര്‍ഷതാബോധവും ആത്മനിന്ദയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും കുത്തിനിറയ്ക്കുന്നതെന്ന് തികഞ്ഞ ഉള്‍ക്കാഴ്ചയോടും ആഖ്യാനപാടവത്തോടും കൂടി മൊളീന നമുക്ക് കാണിച്ചുതരുന്നു. വംശീയവെറിയുടെ വികാരവിക്ഷോഭങ്ങള്‍കൊണ്ട് അന്ധനാക്കപ്പെട്ട ഒരു വെള്ളക്കാരന്റെ മനസ്സ് റേയില്‍ നമുക്ക് കണ്ടെത്താനാകും. അതുകൊണ്ട് കറുത്തവര്‍ഗ്ഗക്കാരനായ കിങ്ങിനെ കൊല ചെയ്യുന്നതില്‍ അയാള്‍ക്ക് കുറ്റബോധമൊന്നും തോന്നുന്നുമില്ല. കഥയുടെ അവസാന ഭാഗത്ത് റേ ഓര്‍ത്തെടുക്കുന്ന ഒരു കഥാപാത്രമുണ്ട് - റൌള്‍ എന്ന വ്യക്തിത്വമില്ലാത്ത ഒരു നിഴല്‍രൂപം. റൌള്‍ എന്ന പേരിന്റെ അക്ഷരങ്ങള്‍ പോലും റേക്ക് കൃത്യമായി അറിയില്ല. ഞമീൗഹ ആണോ അതോ ഞീൗമഹ എന്നാണോ എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല. റൌള്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് താന്‍ കിങ്ങിനെ വധിച്ചതെന്ന് റേ എഫ്.ബി.ഐയോട് പറയുന്നുണ്ട്. പക്ഷേ, റെയുടെ മോഴിയല്ലാതെ റൌളിനെ കണ്ട മറ്റൊരു സാക്ഷിയുമില്ല. അത്ര വിദഗ്ദ്ധനായ ഒരു ചാരനായിരുന്നിരിക്കണം അയാള്‍. ആരും ശ്രദ്ധിക്കാന്‍ സാധ്യതയില്ലാത്ത, സാധാരണക്കാരുടെ രൂപവും വേഷവും ഭാവങ്ങളുമുള്ള ചാരന്മാരെയാണ് ഇത്തരം സുപ്രധാന ദൗത്യങ്ങള്‍ക്ക് ചാരസംഘടനകള്‍ നിയോഗിക്കാറുള്ളത് എന്ന തിരിച്ചറിവ്, താന്‍ ബലിയാടാക്കപ്പെടുകയായിരുന്നു എന്ന റേയുടെ ആരോപണത്തിന്  ശക്തി പകരുന്നുണ്ട്. റൌള്‍ എന്ന നിഴല്‍രൂപം ഏതെങ്കിലും വിദേശ ചാരസംഘടനയുടെ പ്രതിനിധിയായിരുന്നോ അതോ എഫ്.ബി.ഐ തന്നെ നിയോഗിച്ച  ചാരനായിരുന്നോ  എന്നൊക്കെയുള്ള സംശയങ്ങള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നുണ്ട് മൊളീന. ജയില്‍ ജീവിതത്തിനിടയില്‍ 1998-ല്‍ അസുഖബാധിതനായി റേ മൃതിയടഞ്ഞു. മരിക്കുന്നതിനു തൊട്ടു മുന്‍പും താനല്ല ഈ കുറ്റകൃത്യം ചെയ്തതെന്നും ഏതോ ചാരസംഘടന ഒരുക്കിയ കെണിയില്‍പ്പെട്ട് താന്‍ ഒരു ബലിയാടായി മാറുകയായിരുന്നുവെന്നും റേ ആരോപിച്ചിരുന്നു. കിങ്ങിന്റെ കുടുംബം ഇന്നും വിശ്വസിക്കുന്നത് റേയല്ല യഥാര്‍ത്ഥ ഘാതകന്‍ എന്നാണ്. എങ്കിലും റേയുടെ മരണത്തോടുകൂടി ഇനിയൊരു പുനരന്വേഷണത്തിനുള്ള സാധ്യതയില്ല എന്നു തന്നെ പറയാം.     

ജയിംസ് ഏള്‍ റേയുടെ ഉദ്വേഗജനകമായ സംഭവകഥയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്ന മറ്റൊരു ആഖ്യാനമാണ് മൊളീനയുടെ ചെറുപ്പകാലത്തിന്റെ ചിത്രീകരണം. ഗവണ്‍മെന്റ് ജോലിയും ഭാര്യയും കുട്ടികളുമൊക്കെയായി വിരസമായ ജീവിതത്തിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന നാളുകള്‍. അന്ന് മൊളീനക്ക് പ്രായം മുപ്പതു വയസ്സ് മാത്രം. സ്പെയിനിലെ ഗ്രനഡ എന്ന കൊച്ചു പട്ടണത്തിലാണ് മൊളീനയും കുടുംബവും അന്ന് പാര്‍ത്തിരുന്നത്. മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തനവിരസമായ ആ ജീവിതചക്രത്തില്‍നിന്ന് എഴുത്തിലൂടെ ഒരു മോചനം സാധ്യമാകുമെന്നയാള്‍ പ്രതീക്ഷിക്കുന്നു. ജോലിയില്‍നിന്നും ലീവെടുത്ത് അയാള്‍ ലിസ്ബണ്‍ നഗരത്തിലേക്ക് പോകുന്നു. സ്പെയിനിനു പുറത്തേക്കുള്ള അയാളുടെ ആദ്യത്തെ യാത്രയാണത്. ഒരു എഴുത്തുകാരന്റെ മാനസിക ഭാവങ്ങളോടുകൂടി നഗരം ചുറ്റുന്ന അയാള്‍ക്ക് ആകസ്മികമായി ഒരു പ്രണയിനിയെ ലഭിക്കുന്നു. മാട്രിടില്‍വെച്ച് പരിചയപ്പെട്ട യുവതിയായ പത്രപ്രവര്‍ത്തകയായവള്‍. ആദ്യ കൂടിക്കാഴ്ചയില്‍ ഒരു വൈദ്യുതി തരംഗം മാത്രമാണ് അവശേഷിച്ചത്. തുടര്‍ന്ന് മൊളീനയുടെ ആദ്യ നോവലായ 'വിന്റര്‍ ഇന്‍ ലിസ്ബണ്‍' പുറത്തിറങ്ങുകയും പെട്ടെന്ന് തന്നെ ഒരു ബെസ്റ്റ് സെല്ലര്‍ ആയി മാറുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ലിസ്ബണ്‍ സന്ദര്‍ശിക്കുമ്പോഴേക്കും അദ്ദേഹം അറിയപ്പെടുന്ന സാഹിത്യകാരനായി മാറിക്കഴിഞ്ഞിരുന്നു. മടക്കയാത്രയില്‍ മാട്രിഡില്‍ വെച്ച് പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യകാരന്‍ അദോള്‍ഫോ ബയിയോയി ഷെസാരെസിനെ (അറീഹളീ ആശീ്യ ഇലമെൃല)െ  അനുമോദിക്കുന്ന ഒരു ചടങ്ങില്‍ മൊളീനയ്ക്ക് പങ്കെടുക്കേണ്ടിയിരുന്നു. ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പ്രശസ്ത സ്പാനിഷ് നോവലിസ്റ്റ്  എന്‍. റീകെ വീലമാറ്റാസ് (ഋിൃശൂൗല ഢശഹമ ങമമേ)െ, കവി ഹ്വാന്‍ ലൂയീസ് പനീറോ (ഖൗമി ഘൗശ െജമിലൃീ) തുടങ്ങിയവരും ഉണ്ടായിരുന്നു. കുറ്റാന്വേഷണ കഥകളോട് തനിക്കു കമ്പമുണ്ടാക്കിയത് ബോര്‍ഹേസും  ഷെസാരസുമായിരുന്നുവെന്നു മൊളീന രേഖപ്പെടുത്തുന്നുണ്ട്. പോര്‍ച്ചുഗീസ് കവികളായ മാര്യോ സേസരിനി (ങമൃശീ ഇലമെൃശി്യ), ഫിര്‍നാന്തോ പിസ്സോഅ (എലൃിമിറീ ജലീൈമ) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും  ഈ സന്ദര്‍ഭത്തില്‍ നടത്തുന്നുണ്ട് മൊളീന. ബോര്‍ഹെസിനും ഷെസാരെസിനും പുറമേ പ്രതിഭാശാലിയായ ഉറുഗ്വേയന്‍ എഴുത്തുകാരന്‍ ഹ്വാന്‍ കാര്‍ലോസ് ഒനേറ്റിയും (ഖൗമി ഇമൃഹീ െഛിലേേശ) മൊളീനയില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു എന്ന് ഈ നോവലില്‍ അടങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ ആത്മഗതങ്ങളില്‍നിന്നും നാം മനസ്സിലാക്കുന്നു. ഈ ചടങ്ങിനിടയില്‍ വെച്ചാണ് പത്രപ്രവര്‍ത്തകയായ തന്റെ പ്രണയിനിയെ മൊളീന വീണ്ടും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് തീവ്രപ്രണയത്തിന്റെ ഹര്‍ഷോന്മാദം വര്‍ണ്ണിക്കുന്നതിനിടയിലും ഷെസാരെസിനെക്കുറിച്ചും പനീറോയെക്കുറിച്ചുമുള്ള കൗതുകകരമായ വിവരണങ്ങള്‍ നല്‍കുന്നുണ്ട് മൊളീന. നോവലിന്റെ ഈ മധ്യഭാഗങ്ങളുടെ വായനയില്‍ക്കൂടി തെളിഞ്ഞുവരുന്നത്  പ്രണയവും സാഹിത്യവും കൂടിക്കുഴഞ്ഞ് ഉന്മാദാവസ്ഥയിലായ മൊളീന എന്ന് പേരുള്ള പ്രതിഭാധനനായ   യുവസാഹിത്യകാരന്റെ ചിത്രമാണ്. സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവമാര്‍ന്ന ചിന്തകളും വിശകലനങ്ങളും മൊളീന ഈ ഭാഗത്ത് ആത്മഗതങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊളീന പറയുന്നു: ''സൗന്ദര്യം, അനുരൂപ്യം, ഒത്തൊരുമ തുടങ്ങിയ ഗുണവിശേഷങ്ങള്‍ സ്വാഭാവികമായ പ്രക്രിയകളുടെ നൈസര്‍ഗ്ഗികമായ പരിണിത ഫലങ്ങളാണ്. അതിന്റെ ഉല്പത്തിയും നിലനില്‍പ്പും ഒരു സംയോജക ബുദ്ധിവൈഭവത്തെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. പ്രകൃതി നിര്‍ദ്ധാരണശക്തി ആത്യന്തിക ഉദ്ദേശ്യലക്ഷ്യമില്ലാതെ പ്രവര്‍ത്തിക്കുന്നതുപോലെയാണത്. ഒരിലയുടെയോ മരത്തിന്റേയോ ശരീരത്തിന്റേയോ പ്രതിസമത എങ്ങനെ നിശ്ചയിക്കപ്പെടുന്നുവോ, ഒരു നദി അതിന്റെ ദിശ എങ്ങനെ കണ്ടെത്തുന്നുവോ അതുപോലെ സ്വാഭാവികമായി സ്വയം സംഘടിതമാകുന്ന ഒരു പ്രക്രിയയാണത്. ദൈവികമായ ഒരു പരമശക്തിപ്രകാശനത്തിന്റെ പ്രതിഫലനമല്ല അത്. ക്ലിപ്തരൂപമില്ലാത്ത യഥാര്‍ത്ഥ സംഭവങ്ങളെ മിനുക്കിയെടുക്കുക എന്നതല്ല സാഹിത്യത്തിന്റെ പരമമായ ലക്ഷ്യം. മുന്‍വിധികളില്ലാത്തതും ആകസ്മികമായതും അതേസമയം യാഥാര്‍ത്ഥ്യത്തിന്റെ കര്‍ക്കശമായ നിയമക്രമങ്ങള്‍ക്ക്  വിധേയമായതുമായ സാഹചര്യങ്ങളെ അനുകരിക്കുകയെന്നതാവണം നല്ല സാഹിത്യം ലക്ഷ്യം വെക്കേണ്ടത്. എമിലി ദിക്കെന്‍സെന്‍ പറഞ്ഞതാണ് ശരി: ''ഭൂതബാധയുള്ള ഒരു ഭവനമാണ് പ്രകൃതിയെങ്കില്‍ ഭൂതബാധയുള്ള ഭവനമായി രൂപാന്തരം പ്രാപിക്കാനുള്ള അനന്തമായ  ശ്രമമാണ് കല.''

ഒനെറ്റിയുടെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തെ കാണാന്‍ പോകുന്നതിന്റെ വിശദമായ വിവരണങ്ങളും മൊളീന നല്‍കുന്നുണ്ട്.  മൊളീനയുടെ ആദ്യ നോവലായ 'വിന്റെര്‍ ഇന്‍ ലിസ്ബണ്‍' വായിച്ചാസ്വദിച്ചു എന്ന് പറയുന്ന ഒനേറ്റി അദ്ദേഹത്തെ ഏറെ സ്വാധീനിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ വില്ല്യം ഫോക്നറുടെ (ണശഹഹശമാ എമൗഹസിലൃ) കൃതികള്‍ വായിക്കണമെന്ന് മൊളീനക്ക് ഒരുപദേശവും നല്‍കുന്നുണ്ട്. സ്പാനിഷ് ലാറ്റിനമേരിക്കന്‍ സാഹിത്യലോകത്തെ അതികായന്മാരുമായുള്ള സൗഹൃദങ്ങളും സല്ലാപങ്ങളും അതോടൊപ്പം തന്നെ തന്റെ രഹസ്യപ്രണയത്തിന്റെ ആനന്ദാനുഭൂതികളും എല്ലാം കൂടിച്ചേര്‍ന്ന ഈ സമാന്തരകഥ ഓര്‍മ്മക്കുറിപ്പിന്റെ ശൈലിയിലാണ് മൊളീന അവതരിപ്പിച്ചിരിക്കുന്നത്. മൊളീന തന്റെ ആത്മകഥയെഴുതിയാല്‍ അതില്‍ താന്‍ യുവാവായിരുന്ന കാലഘട്ടം ഇങ്ങനെതന്നെയാകും രേഖപ്പെടുത്തുക എന്ന് നമ്മള്‍ക്കനുഭവപ്പെടുന്നു. 

എന്നാല്‍, നോവല്‍ അവസാനഘട്ടമെത്തുമ്പോള്‍  രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സമാന്തരമായി സഞ്ചരിക്കുന്നത് കാണാം. കിംഗ് വെടികൊണ്ടു മരിക്കുന്ന ദിവസം അദ്ദേഹത്തിന്റെ മനസ്സില്‍ക്കൂടി കടന്നുപോകുന്ന ചിന്തകളുടെ സൂക്ഷ്മമായ ആവിഷ്‌കാരമാണ് ഇതില്‍ ഒന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് അമേരിക്കന്‍ പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായി വന്ന് വര്‍ഗ്ഗവിവേചനവും മറ്റു സാമൂഹ്യാസമത്വങ്ങളും അടക്കിവാണിരുന്ന അമേരിക്കന്‍ സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ കൊടുങ്കാറ്റായി മാറിയ യുവനേതാവാണ്  മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്. കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിനിധിയെന്നതിനുപരി, സാര്‍വ്വദേശീയ അംഗീകാരം ലഭിച്ച ഒരു ക്രിസ്ത്യന്‍ വേദപണ്ഡിതന്‍ കൂടിയാണ് കിംഗ്.  എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അന്ത്യദിനത്തില്‍ സംശയങ്ങളും ആത്മപരിശോധനകളും കൊണ്ട് കലങ്ങിയ മനസ്സുമായാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നേതൃത്വപാടവത്തെ സംബന്ധിച്ച നിരവധി ഉള്‍ക്കാഴ്ചകളും നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കിംഗിന്റെ സുദീര്‍ഘമായ ആത്മഗതം. കറുത്തവര്‍ഗ്ഗക്കാരുടേയും യുവതലമുറയുടേയും നേതാവ് എന്നതൊരാവരണം മാത്രമാണെന്ന് കിംഗ് വിശ്വസിച്ചിരുന്നു. താന്‍ ആരാണെന്ന് കിംഗ് സ്വയം ചോദിക്കുന്നുണ്ട്. പക്ഷേ, സ്വന്തം മനസ്സാക്ഷിയുടെ ഉത്തരം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. വിവാഹിതയായ സ്ത്രീയുമായി രഹസ്യബന്ധമുള്ളയാള്‍, ദൈവവഴിയില്‍ സഞ്ചരിക്കുന്ന സ്നാപകന്‍, സുഖലോലുപതയില്‍ അഭിരമിക്കുന്നവന്‍ തുടങ്ങിയ വൈരുദ്ധ്യങ്ങളുടെ അപഹാസ്യമായ സമന്വയമാണ് താന്‍ എന്ന് കിംഗ് തിരിച്ചറിയുന്നു. ഒരര്‍ത്ഥത്തില്‍ സ്വയം തടവിലാക്കപ്പെട്ടവനാണ് താന്‍ എന്നും തന്റെ ഉപരിപ്ലവമായി കെട്ടിപ്പടുത്തുയര്‍ത്തപ്പെട്ട പൊതുജീവിതത്തില്‍നിന്ന് ഒരു തിരിച്ചുപോക്ക് ഇനി ഉണ്ടാവില്ല എന്നും കിംഗിനു ബോദ്ധ്യമാകുന്നു. തന്റെ ഈ അപഹാസ്യമായ ജീവിതത്തില്‍ നിന്നുള്ള ഒരേയൊരു മോചനമാര്‍ഗ്ഗം മരണം മാത്രമാണെന്ന ധ്വനി കിംഗിന്റെ ആത്മഗതത്തില്‍ അന്തര്‍ലീനമായിരിക്കുന്നതായി കാണാം. മെംഫിസ് പട്ടണത്തിലെ ലൊറെയിന്‍ മോട്ടലില്‍ വെച്ച് ഇത്തരം ആത്മസംഘര്‍ഷങ്ങളില്‍ക്കൂടി കിംഗ് കടന്നുപോകുന്ന വേളയില്‍ത്തന്നെ മറുവശത്തുള്ള ലോഡ്ജിന്റെ കുളിമുറിയില്‍ ടെലിസ്‌കോപ്പ് ഘടിപ്പിച്ച തോക്കുമായി ഘാതകന്‍ തയ്യാറെടുക്കുന്നതിന്റെ നാടകീയമായ വിവരണം നല്‍കുന്നുണ്ട് മൊളീന. കിങ്ങിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചു ഹോട്ടലിന്റെ താഴെ കാറില്‍ കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം കിങ്ങിന്റെ കാമുകി ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ കിംഗിനോടൊപ്പം വിരുന്നുസല്‍ക്കാരവേദിയിലേക്ക് പോകാനായി ഒരുങ്ങുകയാണ്.  വളരെ നാടകീയമായ ഈ മുഹൂര്‍ത്തങ്ങളുടെ അവതരണ രീതിക്ക് ഒരു സിനിമാറ്റിക് സ്വഭാവം കൈവരുന്നത് കാണാം. 
നോവലില്‍ ഒരു ഭാഗത്ത് മൊളീന പറയുന്നു: ''സാഹിത്യം എന്നത് മറ്റൊരു വ്യക്തിയുടെ മനസ്സില്‍ക്കടന്നു അവിടെ പാര്‍ക്കാനുള്ള തീവ്രമായ ഒരു ആഗ്രഹമാണ്. ഒരു വീട്ടില്‍ അതിക്രമിച്ചുകയറി അതിന്റെ ജനാലകള്‍ മലര്‍ക്കെ തുറന്നിട്ട് മറ്റൊരാളിന്റെ കണ്ണുകളില്‍ക്കൂടി ലോകത്തെ വീക്ഷിക്കുന്നത് പോലെയാണത്. പക്ഷേ, ഈ മായക്കാഴ്ച ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ലതാനും.''


ഈ നോവല്‍ എഴുതാനായി മൊളീന ഉപയോഗിച്ചിരിക്കുന്ന  രചനാതന്ത്രം സാഹിത്യത്തെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള നിരീക്ഷണങ്ങളെ സാധൂകരിക്കുന്നതാണ് എന്ന് കാണാം. ഈ കൃതിയിലെ മൂന്നു കഥാതന്തുക്കള്‍ക്കും പ്രമേയപരമായ ഐക്യമൊന്നുമില്ല എന്നതാണ് ഇതിവൃത്തപരമായി മൊളീനയുടെ കൃതിക്ക് അവകാശപ്പെടാവുന്ന ഏറ്റവും വലിയ സവിശേഷത. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റേയും അദ്ദേഹത്തിന്റെ ഘാതകന്‍ ജയിംസ് ഏള്‍ റേയുടേയും ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ അടങ്ങുന്ന നോവലില്‍ ചരിത്രവസ്തുതകളുടെ സത്യസന്ധത നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ രചയിതാവായ മൊളീനയുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ തികഞ്ഞ അവധാനത്തോടുകൂടി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഈ മൂന്ന് വ്യക്തികളുടേയും വ്യത്യസ്ത കാലഘട്ടങ്ങളിലെ വീക്ഷണങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. നോവലിസ്റ്റിന്റെ കാഴ്ചപ്പാടുകള്‍ക്കും ഏകദേശം കാല്‍ നൂറ്റാണ്ടിന്റെ അന്തരമുണ്ട്. കിംഗിന്റെ മരണം സംഭവിക്കുന്ന 1968  (അന്ന് മൊളീന പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള ബാലനാണ്), അദ്ദേഹത്തിന്റെ ആദ്യ നോവലായ 'വിന്റര്‍ ഇന്‍ ലിസ്ബണ്‍' പൂര്‍ത്തീകരിക്കുന്ന 1987, ഒടുവില്‍ കിംഗിന്റെ ഘാതകന്റെ കഥപറയുന്ന ഈ നോവല്‍ രചിക്കുന്ന വര്‍ത്തമാനകാലം (സ്പാനിഷ് ഭാഷയില്‍ രചിക്കപ്പെട്ട 'ലയിക് എ ഫേടിംഗ് ഷാഡോ' 2014-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയത് 2018-ല്‍ മാത്രമാണ്) എന്നീ മൂന്നു കാലഘട്ടങ്ങളേയും കൂട്ടിയിണക്കുന്ന കണ്ണി ലിസ്ബണ്‍ നഗരമാണ്: കിംഗിന്റെ കൊലപാതകത്തിനു ശേഷം റേ ഒളിച്ചുപാര്‍ക്കുന്ന ലിസ്ബണ്‍, മുപ്പതുവയസ്സുള്ള മൊളീന തന്റെ ആദ്യ നോവല്‍ രചനയ്ക്ക് പ്രചോദനം തേടി എത്തുന്ന ലിസ്ബണ്‍ നഗരം, ഒടുവില്‍ ലിസ്ബണ്‍ നഗരത്തില്‍ സ്ഥിരത്താമസമാക്കിയ തന്റെ മകളേയും മരുമകനേയും കാണാനായി ഈ നോവല്‍ രചിക്കുന്ന വേളയില്‍ മൊളീന എത്തിച്ചേരുന്ന വര്‍ത്തമാനകാല ലിസ്ബണ്‍. 

നവീന യുറോപ്യന്‍ സാഹിത്യത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആത്മപ്രേരിത കഥാഖ്യാന (അൗീേ ളശരശേീി) ശൈലിയാണ് മൊളീന ഈ കൃതിയുടെ രചനയ്ക്കായി സ്വീകരിച്ചിരിക്കുന്നത്. ആറു വാല്യങ്ങളിലായി പരന്നുകിടക്കുന്ന 'മൈ സ്ട്രഗ്ഗിള്‍സ്' (ങ്യ ടൃtuഴഴഹല)െ എന്ന ഇതിഹാസ സമാനമായ രചനയിലൂടെ വിഖ്യാതനായിത്തീര്‍ന്ന നോര്‍വീജിയന്‍ സാഹിത്യകാരന്‍ കാള്‍ ഔവ്വേ ക്നെസ്ഗാഡ് (ഗമൃഹ ഛ്‌ല ഗിമൗഴെമൃറ) ന്റെ രചനാസമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ നോവലിനായി മൊളീന സ്വീകരിച്ചിരിക്കുന്ന ശൈലി. വ്യത്യസ്ത കാലങ്ങളിലെ ഓര്‍മ്മകളുടെ അന്തര്‍വ്യാപനവും ഛിന്നഭിന്നമായി കിടക്കുന്ന ഓര്‍മ്മത്തുണ്ടുകളുടെ ആകസ്മിക സംയോജനങ്ങളും തനിക്കെന്നും ഇഷ്ടവിഷയങ്ങളായിരിക്കുമെന്നു പറയുന്നുണ്ട് മൊളീന.  ഒരു സിനിമാശാലയുടെ പുറംചുവരുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിശ്ചലദൃശ്യങ്ങളെ ഇതിവൃത്തമാക്കി ഒരു നോവല്‍ എഴുതുന്നത് എത്ര കൗതുകകരമായിരിക്കും എന്നും വിഭാവനം ചെയ്യുന്നുണ്ട് അദ്ദേഹം. പൂര്‍ത്തീകരിക്കേണ്ട ഒരു കടംകഥയിലെ വിട്ടുപോയ കണ്ണികളല്ല നമ്മുടെ ഓര്‍മ്മകള്‍. തികച്ചും നിഗൂഢവും സ്വതന്ത്രവുമായ ആന്തരിക പ്രേരണകളുടെ സമ്മര്‍ദ്ദത്താല്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന കൂടിച്ചേരലുകളുടേയും വിഘടനങ്ങളുടേയും ശൃംഖലകളാണ് നമ്മില്‍ നിരന്തരമായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.'' മൊളീന പറഞ്ഞു നിര്‍ത്തുന്നു. ഒരു കാലിഡോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ അതിന്റെ ഓരോ ചലനങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യക്രമീകരണത്തിലൂടെ ഓരോ പുതിയ ദൃശ്യവിസ്മയം നമുക്ക് കാഴ്ചവെയ്ക്കുന്നതുപോലെയാണിത്. മൂന്നു വ്യത്യസ്ത കാഴ്ചപ്പാടിലൂടെ, മൂന്ന്  വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന മൊളീനയുടെ ഈ നോവലിന്റെ പ്രമേയവും നമുക്ക് ഈ 'കാലിഡോസ്‌കോപ്പിക് ഇഫക്റ്റ്' സമ്മാനിക്കുന്നുണ്ട്. ഹാവിയര്‍ മറായിയാസിനും (ഖമ്ശലൃ ങമൃശമ)െ, എന്റീകെ വീലമാറ്റാസിനും (ഋിൃശൂൗല ഢശഹമങമമേ)െ ഒപ്പം സ്പെയിനില്‍ നിന്നുള്ള  പ്രതിഭാശാലികളായ എഴുത്തുകാരുടെ മുന്‍നിരയിലാണ് മൊളീനയുടേയും സ്ഥാനം. 

മൊളീന പറയുന്നു: ''എല്ലാ അന്ത്യത്തിനും ഒരാമുഖമുണ്ട്. ഏതു കഥയ്ക്കും ഒരന്ത്യവുമുണ്ട്. നോവല്‍ ജീവിതത്തെ ലളിതവല്‍ക്കരിക്കുന്നു. പ്രത്യേകിച്ചും അതിന്റെ പരിസമാപ്തി നാം സഹജാവബോധത്തില്‍ക്കൂടി സൃഷ്ടിച്ചെടുക്കുമ്പോള്‍. വിവരണാത്മക ഭാവനയുടെ ഇന്ധനം പുതുതായി സൃഷ്ടിക്കപ്പെട്ടവയിലല്ല, മറിച്ച്  പൂര്‍വ്വകാല യാഥാര്‍ത്ഥ്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.'' ചരിത്രപരമായ സത്യസന്ധതയും വസ്തുനിഷ്ഠമായ അവലോകനവും ഈ കൃതിയിലുടനീളം കാണാമെങ്കിലും ഭാവനാപൂര്‍ണ്ണമായ പ്രതിഭയുടെ പ്രഭയില്‍ അവയ്ക്ക് ഒരു തൃതീയമാനം കൈവരുന്നതായി കാണാം. ചരിത്രത്തില്‍ സംഭവിച്ചത് ഒരു ഭൂതകാല യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് ഒരു പത്രപ്രവര്‍ത്തകന്‍ പത്രത്തിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പൊലീസുദ്യോഗസ്ഥന്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോഴും ഏറ്റവും വസ്തുനിഷ്ഠമായി സംഭവങ്ങള്‍ ആലേഖനം ചെയ്താല്‍ പോലും അത് പ്രതിഫലനാത്മകമായ പുതിയൊരു യാഥാര്‍ത്ഥ്യമായിട്ടാകും നിലകൊള്ളുക. എന്നാല്‍, പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ ഭാവനയില്‍ക്കൂടി അത് സഞ്ചരിക്കുമ്പോള്‍ അതൊരു ത്രിമാന യാഥാര്‍ത്ഥ്യമായി പരിണമിക്കുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റേയും അദ്ദേഹത്തിന്റെ ഘാതകന്റേയും അതോടൊപ്പം അവരുടെ കഥപറയുന്ന കഥാകാരന്റേയും ആത്മസംഘര്‍ഷങ്ങളും മാറിമറിയുന്ന കാഴ്ചപ്പാടുകളും സമയകാലബന്ധിതമല്ലാത്തതും സംയോജിതവുമായ ഒരു ശാശ്വത യാഥാര്‍ത്ഥ്യത്തെ ഇരുട്ടില്‍ മിന്നല്‍പ്പിണര്‍ എന്നപോലെ നമുക്ക് വെളിവാക്കിത്തരുന്നു.

ഈ അര്‍ത്ഥത്തില്‍ നോക്കിക്കാണുമ്പോള്‍ 'മങ്ങിമറയുന്നൊരു നിഴല്‍പോലെ' എന്ന് ശീര്‍ഷകമുള്ള ഈ നോവല്‍ തെളിഞ്ഞു മിഴിവാര്‍ന്നു വരുന്നൊരു നിഴല്‍പോലെയാണ് വായനക്കാരന് അനുഭവപ്പെടുന്നത്. മൊളീനയില്‍നിന്നും സാഹിത്യലോകത്തിനു ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട് ഉല്‍കൃഷ്ടമായ ഈ രചനാവിസ്മയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com