അടുക്കാനും അകലാനുമുള്ള സ്വാതന്ത്ര്യമാണ് പ്രണയം

വി.ആര്‍. സുധീഷിന്റെ കഥാപ്രപഞ്ചത്തിലൂടെയും ജീവിതവഴികളിലൂടെയും യാത്രചെയ്യുമ്പോള്‍ അനുഭവത്തിന്റെ മണ്ണടരുകളും അനുഭൂതികളുടെ വിസ്തൃതാകാശവും നമ്മളെ തൊട്ടു കടന്നുപോവുന്നു.  
വി.ആര്‍. സുധീഷ്
വി.ആര്‍. സുധീഷ്

വി.ആര്‍. സുധീഷിന്റെ കഥാപ്രപഞ്ചത്തിലൂടെയും ജീവിതവഴികളിലൂടെയും യാത്രചെയ്യുമ്പോള്‍ അനുഭവത്തിന്റെ മണ്ണടരുകളും അനുഭൂതികളുടെ വിസ്തൃതാകാശവും നമ്മളെ തൊട്ടു കടന്നുപോവുന്നു.  പിന്നെയും പിന്നെയും തുടരുന്ന അനുഭവവേദനകളുടെ ആര്‍ദ്രസാന്ദ്രതയാണ് വി.ആര്‍. സുധീഷിന്റെ കഥകള്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി വായനക്കാരെ അനുഭവിപ്പിച്ചുകൊണ്ടിരുന്നത്. 
കഥയിലെന്നതുപോലെ ജീവിതത്തിലും സാമൂഹികമായ അവസ്ഥകളോടും ബന്ധവ്യവസ്ഥകളോടും  സുധീഷ് കലഹിക്കുകയും അതിന്റെ സംഘര്‍ഷങ്ങളത്രയും മനസ്സിലേറ്റു വാങ്ങുകയും ചെയ്യുന്നു. സ്ത്രീപുരുഷ ബന്ധങ്ങളിലെ വ്യക്തിസ്വാതന്ത്ര്യത്തിന് നിയമസാധുത നല്‍കുന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എഴുത്ത്, ജീവിതം, അധ്യാപനം എന്നിവയെക്കുറിച്ചും വ്യക്തി-സമൂഹം  തുടങ്ങിയ ബന്ധവ്യവസ്ഥയുടെ സ്വാതന്ത്ര്യസങ്കല്പങ്ങളേയും കുറിച്ച് വി.ആര്‍. സുധീഷ് സംസാരിക്കുന്നു. 

എഴുത്തുകൊണ്ട് സമൂഹത്തിന്റെ ഇഷ്ടവും ജീവിതംകൊണ്ട് മറ്റൊരു തരത്തില്‍ അനിഷ്ടവും ഏറ്റുവാങ്ങിയ എഴുത്തുകാര്‍ പലരുമുണ്ട്. വി.ആര്‍. സുധീഷ് അക്കൂട്ടത്തിലാണെന്ന് പറയുമ്പോള്‍ എന്തു തോന്നുന്നു ? 
എഴുതിയ കഥകളാണോ ജീവിച്ച ജീവിതമാണോ സാര്‍ത്ഥകമെന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്. എഴുതിയ കഥകളുടെ അവകാശി ഞാന്‍ മാത്രമാണോ? അല്ലെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. എഴുതി എന്നത് മാത്രമാണ് എന്റെ സത്യം. എനിക്ക് എഴുതാനുള്ള അനുഭവങ്ങള്‍ തന്നത് സമൂഹമാണ്. അതുപോലെ എഴുതിയ കഥകളെ സ്‌നേഹത്തോടെ ഏറ്റുവാങ്ങിയ വായനാസമൂഹവും എഴുത്തുകാരനോളം അതിന്റെ അവകാശിയായിത്തീരുന്നുണ്ട്. അതുകൊണ്ട് എഴുതിയ കഥകള്‍ സാര്‍ത്ഥകമായോ എന്ന ചോദ്യത്തിന്റെ ഉത്തരം വായനക്കാരില്‍നിന്നാണ് ഉണ്ടാവേണ്ടതെന്ന് തോന്നുന്നു. രണ്ടാമത്തേത് എന്റെ ജീവിതം സംബന്ധിച്ചുള്ളതാണ്. അതിനുള്ള ഉത്തരം ഞാന്‍ തന്നെ പറയേണ്ടതാണ്. പൊതുസമൂഹത്തിന്റെ മാതൃകാ ജീവിതസങ്കല്പങ്ങള്‍ എന്താണ്? അങ്ങനെയൊന്ന് ആര്‍ക്കെങ്കിലും എടുത്തുകാട്ടാനുണ്ടെങ്കില്‍ അതൊന്നും എന്നെ സ്വാധീനിച്ചിട്ടേയില്ല. ഈയിടെ ഒരാള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിച്ചിരുന്നു. എന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആരാണ് എന്ന്. ഞാനതിന് നല്‍കിയ ഉത്തരം ഞാന്‍ തന്നെയാണ് എന്റെ മാതൃക എന്നാണ്. ഇന്നും ഞാനിതു തന്നെ പറയുന്നു. ജീവിതത്തില്‍ എനിക്കാരേയും അനുകരിക്കേണ്ടിവന്നിട്ടില്ല.  

പരമ്പരാഗത കുടുംബ, സാമൂഹിക ഘടന ഉണ്ടാക്കിയെടുത്ത മാനദണ്ഡങ്ങള്‍ ഓരോ വ്യക്തിയുടേയും ഇഷ്ടപ്രകാരമുള്ള ജീവിതത്തിന്റെ സാധ്യതയേയും സാധുതയേയും നിര്‍ദ്ദയമായി നിരസിക്കുന്നുണ്ട്.  പ്രത്യേകിച്ചും വിവാഹേതര ബന്ധങ്ങളെ ഹിംസാത്മകമായ രീതിയിലാണ് പൊതുസമൂഹം നേരിടുന്നത്. പരമ്പരാഗതമായ മൂല്യസങ്കല്പങ്ങളും സ്വതന്ത്രമായ നവീന ജീവിതസങ്കല്പങ്ങളും തമ്മിലുള്ള ഈ സംഘര്‍ഷം കുറേ കാലമായി ഇവിടെ നിലനില്‍ക്കുന്നതാണ്. ഇതിനിടയിലാണ്   കഴിഞ്ഞ ദിവസം ആണിനും പെണ്ണിനും വിവാഹേതര ബന്ധങ്ങളാവാമെന്ന ഒരു സുപ്രധാനമായ സുപ്രീംകോടതി വിധി വന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചോദിക്കുന്നു; യഥാര്‍ത്ഥത്തില്‍ ആദര്‍ശമാണോ സ്വാതന്ത്ര്യമാണോ മനുഷ്യരില്‍ ജനിക്കേണ്ടതും ജയിക്കേണ്ടതും ?  
സമൂഹം മനുഷ്യരുടെ മനസ്സിനേയും ജീവിതത്തേയും നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഒരു വ്യക്തിയുടെ മനോനിലയും ചോദനകളും അനുഭവ വ്യഗ്രതകളും ചിന്തകളേയും  പ്രവര്‍ത്തനങ്ങളേയും സാരമായി സ്വാധീനിക്കുന്നു. നമ്മള്‍ പിന്തുടരുന്ന സാമൂഹികമായ നിയമങ്ങളില്‍ പലതും ഏതോ ഒരുകാലത്ത് സമൂഹം ഉണ്ടാക്കിയെടുത്തതാണ്. തലമുറകള്‍ പലതും അതിനെ അന്ധമായി പിന്തുടരുകയും ചെയ്തു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ആണും പെണ്ണും തമ്മിലും സമാന ലിംഗങ്ങള്‍ തമ്മിലും സാധ്യമാവുന്ന സ്വാഭാവികവും സ്വേച്ഛാപരവുമായ അടുപ്പത്തിനും ഇഷ്ടത്തിനും സമൂഹം വിലക്കും ഭ്രഷ്ടും കല്പിച്ചു വച്ചിരുന്നത്. ഇതുവരെ സംഭവിച്ചത് ഇതുതന്നെയാണ്. പക്ഷേ, വ്യക്തിസ്വാതന്ത്ര്യത്തെ ഏറ്റവും മാനവികമായിത്തന്നെ പരികല്പനം ചെയ്ത ഭരണഘടനയുടെ അനുശാസനങ്ങളില്‍ ഇതിന് സാധുതയും പരിരക്ഷയും കിട്ടുന്നു. ചോദ്യം ചെയ്തും തിരുത്തിയും നവീകരിക്കേണ്ട സാമൂഹിക വികലതകള്‍ ഇനിയുമുണ്ട്. പടിപടിയായി അതിന് മാറ്റം വരികതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഒരു സംശയവുമില്ല; സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ വിധി ഇന്ത്യന്‍ സാഹചര്യത്തെ സ്വാതന്ത്ര്യത്തിലേക്കുയര്‍ത്തുന്ന സുപ്രധാനമായ ഒരു വിധി തന്നെയാണ്.  

വ്യക്തിസ്വാന്ത്ര്യത്തേയും സാമൂഹിക സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള സങ്കല്പങ്ങളും അതിന്റേതായ സംഘര്‍ഷങ്ങളും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്.  നിയമസാധുതയുണ്ടെങ്കിലും ഇല്ലെങ്കിലും കലാകാരന്മാരും   എഴുത്തുകാരും പലപ്പോഴും നിലനില്‍ക്കുന്ന മാമൂലുകളെ അവഗണിച്ചും  നിരസിച്ചും തന്നെയാണ് കടന്നുപോയിട്ടുള്ളത്. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് നിരത്താനാവും. പക്ഷേ, ഇതുകാരണമുള്ള സമൂഹികമായ കുറ്റപ്പെടുത്തലുകളേയും ഒറ്റപ്പെടുത്തലുകളേയും വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഇതരനും ഇതരയ്ക്കും എങ്ങനെയാണ് അതിജീവിക്കാനാവുക ?  
എന്നെ ഞാനാക്കിത്തീര്‍ക്കുന്നത് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ്. ചിന്തയും പ്രവര്‍ത്തനങ്ങളുമാണ്. വ്യക്തി ഒരേസമയം ആള്‍ക്കൂട്ടമെന്നപോലെ ആള്‍ക്കൂട്ടത്തിലെ ഏകാകിയുമാണ്. കുടുംബവും സമൂഹവും കലാപ്രവര്‍ത്തനവും ഒരേ വ്യക്തിമനസ്സിന്റെ വ്യത്യസ്ത തലങ്ങളെ മാറിമാറി സ്പര്‍ശിക്കുകയും അതെല്ലാം കൂടിച്ചേര്‍ന്ന ഒരനുഭവലോകത്തിന്റെ അവകാശിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. എഴുതാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി പലരും വാദിക്കാറുണ്ട്. ജീവിതത്തിലെ സ്വാതന്ത്ര്യം അതിനെക്കാള്‍ പ്രധാനമാണ്. ഞാന്‍ കൈവീശി നടക്കുന്നു. അതേസമയം എന്റെ കൈകള്‍ മറ്റൊരാളുടെ ദേഹത്ത് തട്ടരുതെന്ന് എനിക്ക് നിര്‍ബന്ധവുമുണ്ട്. സ്വാതന്ത്ര്യമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദം. 

എഴുതുമ്പോള്‍ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഒരെഴുത്തുകാരന്‍ മാത്രമല്ല. ക്ലാസ്സ് മുറിയില്‍ ഞാനൊരു അധ്യാപകനാണ്. പൊതു ഇടങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ്. കുടുംബത്തില്‍ ഞാനൊരു അച്ഛനാണ്. മകള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുന്ന അച്ഛന്റെ കടമ ഞാന്‍ നന്നായി നിറവേറ്റുന്നു. ഞാന്‍ സമൂഹത്തിന് പ്രത്യേകിച്ച് ഒരു പ്രയാസവുമുണ്ടാക്കിയിട്ടില്ല. പിന്നെ ഏതൊരു വ്യക്തിക്കും സാമൂഹിക ജീവിതത്തിനപ്പുറം സ്വകാര്യമായൊരു വ്യക്തിജീവിതം ഉണ്ടല്ലോ. അത് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ ലോകമാണ്.  ഏതൊരു പൗരനും അവകാശപ്പെട്ട സ്വാതന്ത്ര്യമാണത്. അതിനെ അരാജകം എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നുവെങ്കില്‍ അത് സങ്കുചിതത്വംകൊണ്ടു മാത്രമാണ്. കാലവും ലോകവും ഇത്രമേല്‍ മാറിയിട്ടും ഇതുപോലുള്ള സങ്കുചിത വാദങ്ങള്‍ സമൂഹത്തിനുമേല്‍ പിടിമുറുക്കുന്നു. അതിന് മാറ്റമുണ്ടാകണം. ഇന്നല്ലെങ്കില്‍ നാളെ പലതും തിരുത്തപ്പെടും. ഇങ്ങനെ തിരുത്തപ്പെട്ടും നവീകരിച്ചുമാണ് സ്വതന്ത്രമെന്നു പറയാവുന്ന പല അവസ്ഥകളിലേക്കും മാറ്റങ്ങളിലേക്കും നമ്മളെത്തപ്പെട്ടത്.   

 നവോത്ഥാനകാലത്തെ പ്രധാന സന്ദേശവും ആഹ്വാനവുമായിരുന്നു സ്വാതന്ത്ര്യം. പഴയ ചട്ടങ്ങളെ മാറ്റാനുള്ള ആഹ്വാനത്തോടൊപ്പം യുവജനഹൃദയത്തിന്റെ ഇഷ്ടപരിഗ്രഹേച്ഛകളെയാണ് സ്വാതന്ത്ര്യമായി ആശാന്‍ വിഭാവന ചെയ്തത്. ആണ്‍പെണ്‍ ബന്ധങ്ങളുടെ മാനസിക ലോകസഞ്ചാരത്തിലൂടെ സാമൂഹികബന്ധ നിര്‍മ്മിതിയേയും അതിന്റെ നിര്‍ബന്ധങ്ങളേയും ആശാന്‍ പൊളിച്ചെഴുതിയിട്ടുണ്ട്. 'നളിനി'യില്‍ ദിവാകരന്‍ നളിനിയെ ഉപേക്ഷിക്കുന്നു. ചിന്താവിഷ്ടയായ സീതയില്‍ രാമനും. കാമുകിയായും ഭാര്യയായും ജീവിച്ച രണ്ടു സ്ത്രീപാത്രങ്ങളാണിരുവരും. അടുക്കാനുള്ള സ്വാതന്ത്ര്യം ആണിന്റേയും പെണ്ണിന്റേയുമാകുമ്പോള്‍ അകലാനുള്ള സ്വാതന്ത്ര്യം പുരുഷന്റെ മാത്രം ഇച്ഛയായിത്തീരുന്നതിന്റെ ഉദാഹരണമാണ് ഇതു രണ്ടും. പ്രണയകഥാകാരന് അടുപ്പമെന്നപോലെ അകലുന്നതിന്റെ  വിദൂരതകളേയും സ്‌നേഹിക്കാന്‍ കഴിയുന്നോ? 
അകല്‍ച്ചയെ സ്‌നേഹിക്കുന്നതുകൊണ്ടല്ല പ്രണയജീവിതസഞ്ചാരത്തില്‍ അടുപ്പവും അകല്‍ച്ചയുമുണ്ട്. അടുപ്പം പോലെതന്നെ അകല്‍ച്ചയും ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു. അടുക്കുമ്പോള്‍ സന്തോഷിക്കുന്നു. അകലുമ്പോള്‍ വേദനിക്കുന്നു. വേദനയുടെ പലയാവര്‍ത്തനങ്ങളിലൂടെയാണ് പ്രണയം കടന്നുപോവുന്നത്.  പ്രണയത്തിന്റെ പുരുഷപക്ഷത്തെ ഞാനൊരിക്കലും പ്രതിനിധീകരിച്ചിട്ടില്ല. എന്റെ കഥകളില്‍ കാമുകനെ തേടുന്ന ഭര്‍ത്തൃമതികളുണ്ട്. അതിക്രമിച്ചു വന്ന കള്ളനെ പ്രാപിക്കുന്നവളുണ്ട്.  പ്രണയത്തില്‍നിന്ന് മരണത്തിലേക്ക് ദൈവത്തിന്റെ പൂവായി മാറി മറഞ്ഞു പോവുന്ന പെണ്‍കുട്ടികളുണ്ട്. മനസ്സിന്റെ സ്‌നേഹവും ശരീരത്തിന്റെ ദാഹവും പരസ്പരം പങ്കിട്ടു പ്രണയിക്കുന്ന പെണ്‍വിമതലൈംഗികരുണ്ട്.  'തിയേറ്റര്‍' എന്ന കഥ തിയേറ്ററിനുള്ളില്‍ രണ്ടു പ്രണയശരീരങ്ങള്‍ ഇരുട്ടില്‍ ഒരുമിക്കുന്നതിന്റെ കഥയാണ്. സിനിമ കാണാന്‍ ആളില്ലെങ്കിലും പ്രണയിക്കുന്ന രണ്ടുപേര്‍ക്ക് ഒന്നിക്കാന്‍ എന്റെ സിനിമ ഒരു കാരണമായെങ്കില്‍ ഞാന്‍ ചരിതാര്‍ത്ഥനായി എന്നാണ് ആ സിനിമയുടെ സംവിധായകന്‍ പറയുന്നത്. എവിടെയും പൂത്തുവിടരുന്ന പ്രണയത്തിന്റെ സ്‌നേഹപരാഗങ്ങള്‍ കഥയില്‍ അറിയാതെ ഇപ്രകാരം കടന്നുവരുന്നു. പെണ്‍മ എനിക്ക് പ്രണയം മാത്രമല്ല, പ്രപഞ്ചത്തിന്റെ അറിയാപ്പൊരുളുകള്‍ക്കിടയിലെ ആഴവും അനന്തതയും അത്ഭുതവുമാണത്.  

പെണ്‍മയുടെ പലമകളാണ് വി.ആര്‍. സുധീഷിന്റെ കഥകളിലെ കഥാപാത്രലോകത്തിന്റെ പൊതുസ്വഭാവമെന്ന് തോന്നിയിട്ടുണ്ട്. പെണ്‍സൗഹൃദങ്ങളും പ്രണയങ്ങളും ബോഗികളിലാകെ നിറച്ചുവച്ച ഒരു പ്രണയത്തീവണ്ടിയായി മാഷ് പല വഴികളിലൂടെയും ചൂളമടിച്ചോടുന്നു. പെണ്മയില്‍ മാഷ് അന്വേഷിക്കുന്നതെന്താണ്?
ഞാന്‍ പറഞ്ഞില്ലേ, പെണ്‍മ എന്നത് എന്റെ എല്ലാ കാലത്തേയും വലിയ അത്ഭുതങ്ങളിലൊന്നാണ്. അത് ശമിക്കാത്തതും അറിഞ്ഞുതീരാത്തതുമായ അത്ഭുതമാണ്. എന്റെ ലോകമെന്നത് പെണ്ണുങ്ങള്‍ നിറഞ്ഞു വാഴുന്ന അനുഭവലോകമാണ്. അതുമാത്രമല്ല, എന്നിലും ഒരു പെണ്ണുണ്ടെന്ന് എനിക്ക് തോന്നുന്നു. പെണ്ണിന്റെ കാഴ്ചപ്പാടിലൂടെയാണ് ഞാനെന്നും ലോകത്തെ കണ്ടിരുന്നത്. പെണ്‍സൗഹൃദങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും സാധ്യമാകുന്നത് ഈ അറിയലാണ്. പെണ്ണിനോടുള്ള ഈയൊരു പ്രതിപത്തി എന്നില്‍ ചെറുപ്പം തൊട്ടേയുണ്ടായിരിക്കണം. വീട്ടില്‍ എനിക്കൊരു പെങ്ങളില്ലായിരുന്നു. അമ്മയും മറ്റുമുണ്ടെങ്കിലും പെണ്ണുമായി കൂട്ടുചേരാവുന്ന ഒരു സാഹചര്യം ചെറുപ്പത്തില്‍ എനിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് കോളേജില്‍ പഠിക്കുമ്പോഴും പഠിപ്പിച്ചു തുടങ്ങിയപ്പോഴുമൊക്കെ പെണ്‍കുട്ടികള്‍ എന്റെ മനസ്സിലെ അത്ഭുതമായി മാറിക്കൊണ്ടിരുന്നു. പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ മിണ്ടാനുള്ള ധൈര്യം  പോലും ഉണ്ടായിരുന്നില്ല. പ്രണയലേഖനമെഴുതി അത് നല്‍കുവാന്‍ കഴിയാതെ കുറേക്കാലം കഴിച്ചുകൂട്ടിയിട്ടുണ്ട്. പ്രണയം എന്ന അനുഭവത്തില്‍ക്കൂടിയാണ് പെണ്‍കൂട്ടുകളുടെ അത്ഭുതലോകത്ത് ഞാനെത്തുന്നത്. അവര്‍ പിന്നീട് എന്റെ മനസ്സിനൊപ്പം കൂട്ടുചേര്‍ന്നു. പ്രണയമവസാനിക്കാത്ത ദിനരാത്രികളെ തന്ന സ്‌നേഹരൂപികളാണ് എനിക്ക് പെണ്‍കൂട്ടുകാര്‍. അവര്‍ ഒരിക്കലും എനിക്കൊരു ഭാരമായിരുന്നിട്ടില്ല. എന്റെ ഭാഗ്യവും ഭാഗധേയവുമാണവര്‍. ആദര്‍ശവിശുദ്ധികൊണ്ട് ഞാനിതിനെ പൊതിഞ്ഞുവയ്ക്കുന്നില്ല. മാംസനിബദ്ധവും നിരുപാധികവുമാണത്. അതുകൊണ്ടുതന്നെ പ്രണയമെന്നാല്‍ എനിക്ക് സ്വാതന്ത്ര്യവും സംഘര്‍ഷവും ലഹരിയുമാണ്. പ്രണയിക്കുന്നവര്‍ ഇന്ന് വിവാഹക്കരാര്‍ ഇല്ലാതെ ഒന്നിച്ച് താമസിക്കുന്ന സാമൂഹികാവസ്ഥ വന്നുകഴിഞ്ഞു.  സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ടത്തിനനുസരിച്ച് മനസ്സു പങ്കിടുന്നതോടൊപ്പം ശരീരം പങ്കിടുന്നതിന് ഇന്ന് നിയമതടസ്സങ്ങളൊന്നുമില്ല. ഇത്തരമൊരു വ്യക്തിസ്വാതന്ത്ര്യത്തിന് മുന്‍പ് സാമൂഹിക അംഗീകാരമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി കല്ലെറിയുന്നതിനുള്ള അംഗീകാരമാണ് സമൂഹം നല്‍കിയിരുന്നത്. ഇത്രയേറെ സങ്കുചിതത്വം നിലനിന്നിരുന്ന നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു വിച്ഛേദഘട്ടത്തിലാണ് ആശാന്‍ ലീലയെ പ്രണയസ്വാതന്ത്ര്യത്തിന്റെ വഴിയില്‍ പറഞ്ഞുവിട്ടത്. ലീലയും നളിനിയും സാമൂഹികബന്ധനങ്ങള്‍ക്കപ്പുറം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രണയപാതയിലൂടെ അധൈര്യം വെടിഞ്ഞ് തന്റെ കാമുകരെ തേടിപ്പോയവരാണ്. 

എണ്‍പതുകളില്‍ മാഷുടെ പ്രണയകഥകള്‍ കാല്പനികതയില്‍ പൊതിഞ്ഞ നിറക്കൂട്ടുകളായിരുന്നു. പിന്നീട് ഒരു പ്രേമാനന്തര ലോകത്തിലക്ക് സുധീഷിന്റെ കഥകള്‍ വഴിമാറുകയാണുണ്ടായത്. ''നാം രണ്ടു കഥാപാത്രങ്ങള്‍ മാത്രമായിരിക്കെ ഇനിയൊരു സാധ്യതയേയുള്ളൂ. നമുക്ക് സ്‌നേഹിച്ചുതുടങ്ങാം. വെറുക്കാനോ ശപിക്കാനോ അല്ല. അന്യോന്യം നരകമാവാനുമല്ല. പഴയ പ്രേമകഥകളൊക്കെ നമുക്ക് തിരുത്തണം'' എന്ന് മാഷ് എഴുതുന്നു. ചങ്ങമ്പുഴയും ചന്തുമേനോനും എം. മുകുന്ദനും അവതരിപ്പിച്ച കാല്പനിക പ്രണയരൂപങ്ങള്‍ക്ക് പുതിയ കാലത്ത് ഒരു തിരുത്ത് ആവശ്യമായി വരുന്നതായി താങ്കള്‍ക്ക് തോന്നിയതെന്തുകൊണ്ടാണ്? 
ഇന്ദുലേഖയും മാധവനും രമണനും ചന്ദ്രികയും ദാസനും ചന്ദ്രികയും രമയും നാരായണനുമൊക്കെ ഒരുകാലത്ത് മലയാളികളുടെ പ്രണയഭാവുകത്വത്തെ രൂപപ്പെടുത്തിയ കാല്പനിക പാത്രങ്ങളായിരുന്നു. വായനക്കാര്‍ നെഞ്ചേറ്റിയ പ്രണയരൂപകങ്ങളായി ഇവര്‍ ഒരുപാട് കാലം നിലകൊണ്ടു.  സങ്കല്പകാന്തികള്‍കൊണ്ട് നിറംചാര്‍ത്തിയ ഈ  പ്രണയരൂപങ്ങളല്ല പുതിയ കാലത്തിന്റെ അനുഭവസത്യം. ചന്ദ്രനില്‍ മുയലിനെ കണ്ടിരുന്ന കാലത്തുനിന്ന് ചന്ദ്രനില്‍ മുയലില്ലെന്നറിയുന്ന കാലത്തിന്റേതായ മാറ്റം പിന്നീട് പ്രണയത്തേയും കഥകളേയും പുതുക്കാന്‍ കാരണമായിട്ടുണ്ട്. നിന്നോട് നിലവിളിക്കുന്നു, മഴവീഴുമ്പോള്‍, നാം പ്രണയികള്‍, ചിദാകാശത്തിലെ ചിത, പരാഗണം തുടങ്ങിയ കഥകള്‍ പ്രണയത്തിന്റെ കാല്പനികതയ്ക്കപ്പുറം വര്‍ത്തമാനകാലത്തിന്റെ അനുഭവസത്യങ്ങളിലേക്ക് നോക്കാനാണ് ശ്രമിച്ചത്. 

സ്‌നേഹസമ്പന്നനായതുകൊണ്ടാവാം മാഷോടൊപ്പം എപ്പോഴും ഒരാള്‍ക്കൂട്ടം രൂപപ്പെടുന്നത്. അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത വിശാലമായ സൗഹൃദവലയം താങ്കള്‍ക്കൊപ്പമുണ്ട്. അതില്‍ പെണ്‍കൂട്ടുകള്‍ക്ക് പ്രണയവും ആണ്‍കൂട്ടുകള്‍ക്ക് മദിരയും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു അല്ലേ?
ഞാന്‍ പ്രണയിയാണ് മദിരയുമാണ്. അതേപോലെ സംഗീതവുമാണ് ഞാന്‍.  ഇതൊക്കെ എന്നില്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. ഇതിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതില്‍ ഞാന്‍ പ്രണയവും സ്‌നേഹവും സൗഹൃദവും കാണുന്നു. എവിടെച്ചെന്നാലും എനിക്ക് കൂട്ടും കൂട്ടുകാരുമുണ്ട്. സ്‌നേഹം ഏറ്റുവാങ്ങിയും അത് തിരികെ നല്‍കിയുമല്ലാതെ ഇതുവരേയും ജീവിച്ചിട്ടില്ല. പെണ്‍കൂട്ടുകള്‍ എന്നെ നിരന്തരം പ്രണയത്തിന്റെ ഉന്മാദിയാക്കി മാറ്റിയെങ്കില്‍ ആണ്‍കൂട്ടുകള്‍ എന്നെ മദ്യത്തിന്റെ സ്‌നേഹോത്സവങ്ങളിലേക്ക് കൊണ്ടുപോയി. 

ചങ്ങമ്പുഴ
ചങ്ങമ്പുഴ

ആഗ്രഹിച്ച ജീവിതം പലപ്പോഴും പലര്‍ക്കും ലഭിക്കാതെ പോവുന്നു. വന്നുചേരുന്ന കഠിനമായ ജീവിത സഹചര്യങ്ങളുടെ മുന്‍പില്‍ പലരും പകച്ചു നിന്നുപോവുകയും ചെയ്യുന്നു. മാഷ് വന്നുചേരുന്ന കഠിനതകളെ ഏറ്റുവാങ്ങുകയും അതിജീവിക്കുകയും ചെയ്യുന്നു. വേദനയും കുറ്റബോധവും നഷ്ടബോധവും ഒന്നും മനസ്സിനെ മദിക്കുന്നില്ലെന്നാണോ? 
ആഗ്രഹിച്ചതല്ലെങ്കിലും ഇന്ന് ഞാനൊരു കുടുംബവിച്ഛേദകനാണ്. കുടുംബത്താല്‍ വിച്ഛേദിക്കപ്പെട്ടവനും കൂടിയാണ് ഞാന്‍. കുടുംബജീവിതം വലിയ പ്രഹരങ്ങള്‍ എനിക്ക് തന്നിട്ടുണ്ട്. അതില്‍ ഏതൊരാളേയും പോലെ ഞാനും ദുഃഖിച്ചിട്ടുണ്ട്. പക്ഷേ, അതിനെയൊക്കെ ഏതൊക്കെയോ തരത്തില്‍ അതിജീവിക്കാനുള്ള ഒരു ശക്തി എന്റെ മനസ്സിനുണ്ടായിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ മാത്രമല്ല, ഇതര വ്യക്തിജീവിതങ്ങളില്‍ ഒക്കെയുണ്ടാവുന്ന മുറിവുകള്‍ ഒരര്‍ത്ഥത്തില്‍ എഴുത്തുകാരന് എഴുതാനുള്ള പ്രേരണയും ഊര്‍ജ്ജവുമായി മാറുന്നു. ഏറ്റുവാങ്ങുന്ന വേദനകള്‍ എഴുത്തുകാരന്റെ അര്‍ത്ഥപൂര്‍ണ്ണമായ അനുഭവലോകമായാണ് മാറുന്നത്. വേദനിപ്പിക്കുന്ന പലതുമാണ് വന്നുചേരുന്നതെങ്കിലും ഉള്ളനുഭവങ്ങളായി പിന്നീടത് എഴുത്തിനെ അനുഗ്രഹിക്കുന്നു.  

''അലിഗറിയുടെ സ്വഭാവമുള്ള ആദ്യകാല കഥകളില്‍നിന്ന് പരോക്ഷമായ രാഷ്ട്രീയപ്രജ്ഞയും വിമത സാമൂഹികബോധവുമുള്ള കഥകളിലേക്ക് വികസിക്കുന്നതാണ് സുധീഷിന്റെ രചനാലോകം''- എന്ന് പി.കെ. രാജശേഖരന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് ആധുനികതയില്‍നിന്ന് ആധുനികോത്തരതയിലേക്ക് മലയാള ചെറുകഥ മാറുന്നതിന്റെ ഭാവുകത്വപരിണാമം എന്നതിനപ്പുറം എഴുതിത്തുടങ്ങിയ കാലവും എഴുത്തു തുടരുന്ന കാലവും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടായ മാറ്റത്തെ സ്വയം വിലയിരുത്തുന്നത് എപ്രകാരമാണ്?   
മാറ്റം എന്നതിനെക്കാള്‍ അതിനെ സൂചിപ്പിക്കാന്‍ അനുയോജ്യമായ ഒരു പദം പരിപാകം എന്നതാണെന്നു തോന്നുന്നു. മുന്‍പത്തെ ഞാനല്ല ഇപ്പോഴത്തെ ഞാന്‍. മുന്‍പത്തെ കാമുകനല്ല എന്റെ ഉള്ളിലെ ഇപ്പോഴത്തെ കാമുകന്‍. ജീവിതാനുഭവങ്ങള്‍ ഏതൊരു മനുഷ്യനിലും മാറ്റമുണ്ടാക്കുന്നുണ്ട്. ഇതൊരു തരം പരിപാകപ്പെടലാണ്. ജീവിതത്തില്‍ ഒരുപാട് പരിണാമഘട്ടങ്ങളുണ്ട്. അത് സ്വാഭാവികമായി വ്യക്തികളില്‍ സംഭവിക്കുന്നതാവാം. ചിലപ്പോള്‍ അസ്വാഭാവികം എന്ന തരത്തിലുള്ള  ജീവിതാനുഭവങ്ങളും ഉണ്ടായേക്കാം. എഴുതിത്തുടങ്ങുന്ന കാലത്ത് ഒരാള്‍ എഴുത്തുകാരനാവാന്‍ വേണ്ടിയാണ് എഴുതുന്നത്. മുന്‍വിധിയില്ലാത്ത ഒരു സ്വാതന്ത്ര്യം എഴുതി തുടങ്ങുന്നവര്‍ക്കുണ്ട്. പിന്നീട് ഒരെഴുത്തുകാരനായി അറിയപ്പെടുമ്പോള്‍ എഴുത്തില്‍ സൂക്ഷ്മശ്രദ്ധ ആവശ്യമായിത്തീരുന്നു. ഇത് എഴുത്തുകാരായി അറിയപ്പെടുന്നവരുടെയൊക്കെ വെല്ലുവിളിയാണ്. കാലമാറ്റങ്ങളോടൊപ്പം എഴുത്തുകാരന്റെ അനുഭവലോകങ്ങളിലുണ്ടാകുന്ന മാറ്റം ആഖ്യാനത്തിലും ആവിഷ്‌കാരത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പ്രണയത്തിലെന്നപോലെ ഒരു പരിപാകം എഴുത്തുജീവിതത്തിലും ഇപ്രകാരം സംഭവിക്കുന്നുണ്ടാവണം.  
വ്യക്തി എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും സമൂഹജീവി എന്ന നിലയിലുമൊക്കെ ഒരു ഐഡിയോളജി നമ്മുടെയൊക്കെ ഉള്ളിലുണ്ട്. കഥയിലും കഥാപാത്രങ്ങളിലും കടന്നുവരുന്നത് നമ്മുടെ ഐഡിയോളജി തന്നെയാണ്. ഒരു ഐഡിയോളജിക്കു വേണ്ടി ഇന്നാരും ഒരു കഥയെഴുതുന്നില്ല. അങ്ങനെ നല്ലൊരു കഥ എഴുതാന്‍ കഴിയുകയുമില്ല. മനസ്സില്‍ ഒരു കഥാപാത്രം രൂപപ്പെടുമ്പോള്‍ സ്വാഭാവികമായും അതില്‍ നമ്മുടെ ഐഡിയോളജി വന്നുചേരുകയാണ് ചെയ്യുന്നത്. അത് ബോധപൂര്‍വ്വമായി ചെയ്യുന്നതല്ല. വളരെ സ്വാഭാവികമായി വന്നുചേരുന്നത് തന്നെയാണ്. നമ്മുടെ പെരുമാറ്റംപോലെ കഥയിലെ കഥാപാത്രങ്ങളും കഥയില്‍ പെരുമാറുന്നു. 

ചന്തുമേനോന്‍
ചന്തുമേനോന്‍

വാര്‍ത്തകള്‍ പലതും സംഭവകഥയായി മാറുന്ന ഒരു മാധ്യമ അവതരണരീതി ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വസ്തുനിഷ്ഠമായി വിവരണമെന്ന പഴയരീതിക്കു പകരം കഥയെഴുത്തിന്റെ ആലങ്കാരികവും വൈകാരികവുമായ ആഖ്യാനശൈലിയിലേക്ക് മാധ്യമങ്ങള്‍ കടന്നുവരുന്നു. വി.ആര്‍. സുധീഷിനെപ്പോലുള്ള എഴുത്തുകാരാകട്ടെ, ഈ മാധ്യമവാര്‍ത്തകളില്‍ നിന്ന് പല കഥകളുടേയും രൂപങ്ങള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങും എഴുത്തുകാരുടെ റീ റിപ്പോര്‍ട്ടിങ്ങും വായനക്കാരെ സംബന്ധിച്ചിടത്തോളം ഒന്നുതന്നെയല്ലേ? അല്ലെന്നു സമര്‍ത്ഥിക്കാന്‍ എന്തെങ്കിലും യുക്തി തോന്നുന്നുണ്ടോ?  
നമുക്ക് മുന്നിലെത്തുന്ന ഓരോ ദിവസവും നിരവധി സംഭവകഥകള്‍കൊണ്ടു നിറഞ്ഞതാണ്. സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയായി നമ്മുടെ മുന്‍പിലെത്തുന്നത്.  മാധ്യമങ്ങളുടെ  മത്സരബുദ്ധി കാരണമാകാം വാര്‍ത്തയ്ക്ക് ഇന്ന് വിവിധങ്ങളായ അവതരണരൂപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രഹരശേഷിയുള്ള ഒന്നാക്കി മാറ്റാന്‍ ഭാഷയും ആഖ്യാനവും ചിത്രീകരണമികവും കൊണ്ടാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. കാഴ്ചയിലും കേള്‍വിയിലും വായനയിലൂടെയുമൊക്കെ കടന്നുപോവുന്ന ഏതൊരു വ്യക്തിയും അതുമായി ബന്ധപ്പെട്ട ഒരനുഭവലോകത്താല്‍ ഏതൊക്കെയോ തരത്തില്‍ ബന്ധിക്കപ്പെടുന്നുണ്ട്. വാര്‍ത്തകള്‍ അവരെ വേദനിപ്പിക്കുന്നുണ്ടായിരിക്കാം. പക്ഷേ, അതിനെക്കാള്‍ പ്രഹരശേഷിയുള്ള മറ്റൊന്ന് കണ്‍മുന്നിലെത്തുമ്പോള്‍ പഴയതൊക്കെയും മറന്നുപോകുന്നു. പുതിയ വാര്‍ത്തകളിലേക്ക് മറ്റൊരനുഭവത്തിലേക്ക് അവരൊക്കെയും കണ്‍മിഴിച്ചു നിന്നുപോകുന്നു. വാര്‍ത്തകളുടെ ഈ സമൃദ്ധി ഓര്‍മ്മകളെക്കാള്‍ മറവികൂടിയാണ് വിതരണം ചെയ്യുന്നത്. പുതിയത് കിട്ടുമ്പോള്‍ പഴയതിനെ കൈവെടിയുക എന്നത് നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവമായി മാറിയിട്ടുണ്ട്. ഈ ഉപേക്ഷകൊണ്ടാവാം വാര്‍ത്തകള്‍ക്കും അതുമായി ബന്ധപ്പെട്ട സംഭവഗതികളുടെ അന്വേഷണങ്ങള്‍ക്കും മാധ്യമങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുന്നത്.  ഒരെഴുത്തുകാരനാകട്ടെ, വാര്‍ത്തയാണെങ്കിലും ഉള്ളില്‍ത്തട്ടിയ പല മുറിവുകളേയും മറവികൊണ്ട് മായ്ചുകളയുന്നില്ല. വ്യക്ത്യാനുഭവങ്ങളുടെ സ്വയംപൂര്‍ണ്ണതയോടെ മനസ്സിന്റെ അടിത്തട്ടില്‍ അത് ഏറ്റുവാങ്ങുകയും വേദനകളാല്‍ പരുവപ്പെട്ട് അതിനൊരു സര്‍ഗ്ഗാത്മകരൂപം നല്‍കുകയുമാണ് ചെയ്യുന്നത്.  ഇത്തരത്തിലുള്ള അനുഭവങ്ങളില്‍നിന്ന് രൂപപ്പെട്ട കുറേ കഥകള്‍ ഞാനെഴുതിയിട്ടുണ്ട്.

'രക്തനക്ഷത്രം' എന്ന കഥയില്‍ ഇതിന്റെ ഒരനുഭവതലമുണ്ട്. ലഹളയില്‍ നഗരത്തിലെ യാചകരായ അച്ഛനമ്മമാരെ കാണാതാവുന്നു. അവര്‍ മരക്കൊമ്പില്‍ തുണിയില്‍ കൊളുത്തിവച്ച കുഞ്ഞു മാത്രം ജീവിച്ചിരിക്കുന്നു. അനാഥമായിപ്പോയ ഈ പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ പത്രത്തില്‍ അച്ചടിച്ചു വന്നപ്പോള്‍ ലക്ഷക്കണക്കിന് വായനക്കാര്‍ അതുകണ്ടു വേദനിച്ചു. ഇതാണ് പത്രവാര്‍ത്തയുടെ അനുഭവതലം. അച്ഛനമ്മമാര്‍ തിരിച്ചുവരാത്തതിനാല്‍ ആരുടേയും സംരക്ഷണം കിട്ടാതെ ആ കുഞ്ഞു മരിച്ചുപോയത് ആരുമറിയുന്നില്ല. ഫോട്ടോഗ്രാഫറകട്ടെ, ഏറ്റവും നല്ല ചിത്രത്തിന് മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡും സ്വീകരിച്ച് ആ വഴിയിലൂടെ വെറുതെ നടന്നു വരുന്നു. അപ്പോള്‍ മാത്രമാണ് മറ്റൊരു വാര്‍ത്തയ്ക്കുള്ള സാധ്യതയായി ആ കുഞ്ഞിനെ ഉറക്കിയ തൊട്ടിലും കുഞ്ഞും ചോരപ്പാടുകള്‍ മാംസച്ചിതറലുകളായി മാറിയ കഥപോലും അയാളറിയുന്നത്. ഈയൊരു യാഥാര്‍ത്ഥ്യമാണ്, ഇത്തരമൊരു പരിണാമമാണ് പൊതുവെ എല്ലാ വാര്‍ത്തകള്‍ക്കും സംഭവിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ ലഹളയെക്കുറിച്ച് പറയുമ്പോള്‍ ലഹളയ്ക്കപ്പുറമുള്ളതു കൂടി കാണാന്‍ എഴുത്തുകാരനിലെ നിരീക്ഷകന്‍ ശ്രദ്ധിക്കുന്നുണ്ടാവണം. അതുകൊണ്ടുതന്നെ വാര്‍ത്തയല്ല, വാര്‍ത്തയ്ക്കപ്പുറമുള്ളതിനെക്കൂടി എഴുത്തുകാരന്‍ കാണുന്നു. ചിലപ്പോള്‍ വാര്‍ത്തയ്ക്ക് ആസ്പദമായ സംഭവത്തിന് മുന്‍പിലേക്ക് എഴുത്തുകാരന്‍ കടന്നുചെല്ലുന്നു. 'ചതുരവെളിച്ചം' എന്ന കഥയില്‍ തീവണ്ടിയപകടത്തിന് തൊട്ടുമുന്‍പുള്ള ജീവിതസന്ദര്‍ഭത്തെയാണ് ചിത്രീകരിച്ചത്. 'ചോലമരപ്പാതകള്‍', 'ആത്മവിദ്യാലയമേ', 'കല്ലേരിയിലെത്തുന്ന തപാല്‍ക്കാരന്‍', 'അച്ഛന്‍ തീവണ്ടി', 'പുലി' തുടങ്ങിയ കഥകളും സംഭവിച്ച ജീവിതദുരന്തങ്ങളുടേതായ വാര്‍ത്താരൂപങ്ങളില്‍ കഥയായി മാറിയവയാണ്. അതുകൊണ്ട് ഈ കഥകളെ ഒരു റീ റിപ്പോര്‍ട്ടായി വിലയിരുത്തേണ്ടതില്ല. പത്രവാര്‍ത്തകളുടെ മറവിയെയല്ല. ഓര്‍മ്മകള്‍കൊണ്ടു തിരുത്തേണ്ടതും തിരിച്ചറിവുകൊണ്ട് പുതുക്കേണ്ടതുമായ ഒരു അനുഭവലോകമാണ് കഥകളിലൂടെ വാനയക്കാരിലേക്ക് പകരുന്നത്. 

കുടുംബത്തിനകത്ത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം സമവായം സാധ്യമാകാത്തവിധം പലപ്പോഴും സംഘര്‍ഷാത്മകമായിത്തീരുന്നു. അതേസമയം കുടുംബത്തിനു പുറത്ത് ഇന്ന് വ്യാപകമായിത്തന്നെ സ്‌നേഹബന്ധത്തിനും പ്രണയത്തിനും സൗഹൃദത്തിനുമൊക്കെ സാധ്യതകളുണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. കുടുംബബന്ധങ്ങളിലെ സ്ത്രീ/പുരുഷന്മാര്‍ക്ക് സമൂഹമാധ്യമകാലത്ത് സംഭവിച്ചത് എന്താണ്?  
കുടുംബത്തിന് പുറത്തുള്ള പ്രണയബന്ധത്തെ ഒരു കുടുംബഘടനയും അംഗീകരിക്കില്ല. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് എഴുത്തുകാരന്‍  കുടുംബം ഉണ്ടാക്കരുത് എന്ന്. കുടുംബം സ്വാതന്ത്ര്യത്തിന് തടസ്സമാണ്. കുടുംബത്തിനകത്തായാലും പുറത്തായാലും പ്രണയംപോലും പലപ്പോഴും ഉപാധികളാല്‍ ചുറ്റിവരിയപ്പെട്ടതായി തീരുന്നു. നിരുപാധികമായ പ്രണയത്തിന് മാത്രമേ സ്വാതന്ത്ര്യവും സൗന്ദര്യവുമുള്ളൂ. ഈ സ്വാതന്ത്ര്യം കുടുംബം അനുവദിക്കാറില്ല. പ്രണയബന്ധങ്ങളിലെ നിരുപാധികതയിലാണ് എന്റെ പ്രണയസങ്കല്പം നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരേയൊരു പെണ്ണിനെ മാത്രമേ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ എനിക്ക് കണ്ടെത്താനായിട്ടുള്ളൂ. എന്റേതായ സ്വാതന്ത്ര്യം അനുവദിച്ചുതരുന്ന അവളുടേതായ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രണയിനി എന്റെ ജീവിതത്തില്‍ അവള്‍ മാത്രമാണ്. ഭര്‍ത്താവിനെ വേശ്യാലയത്തിലേക്ക് കൊണ്ടുപോകുന്ന ശീലാവതിയെപ്പോലെ അവള്‍ എന്റെ മനസ്സില്‍ പ്രണയസ്വാതന്ത്ര്യത്തിന്റെ  ഒരു മിത്തായി  നിലകൊള്ളുന്നു. 

എം മുകുന്ദന്‍
എം മുകുന്ദന്‍


സംഗീതത്തോടുള്ള പ്രണയത്തെക്കുറിച്ച് മാഷ് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സംഗീതബോധം  കഥയെഴുത്തില്‍ എപ്രകാരമാണ് സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തത്? എം.ടിയും  മാധവിക്കുട്ടിയുമൊക്കെ വാക്കുകളില്‍ സംഗീതത്തിന്റെ ഭാവസൗന്ദര്യത്തെ ആവാഹിച്ചവരായിരുന്നല്ലോ?
സംഗീതത്തിന്റെ ആന്തരതാളമില്ലാതെ ഒന്നും എഴുതാന്‍ എനിക്ക് കഴിയാറില്ല. കഥയെഴുത്തില്‍ മാത്രമല്ല, ഏതൊരെഴുത്തിലും വാക്കുകളിലേക്ക് വാക്കുകള്‍ കുട്ടിച്ചേര്‍ക്കുമ്പോഴുണ്ടാകുന്ന സംഗീതാത്മകത എഴുത്തിനോടൊപ്പം സ്വാഭാവികമായിത്തന്നെ വന്നുചേരുന്നു. അന്തര്‍ധാരയായി മാറുന്ന ഒരു മ്യൂസിക്കല്‍ മൂവ്മെന്റുകളിലൂടെ പിന്നീട് ഓരോ വാചകങ്ങളും കൂട്ടിച്ചേര്‍ത്താണ് കഥയുണ്ടാക്കിയെടുക്കുന്നത്. കഥയെഴുതുമ്പോള്‍ ഒരു വാചകമെഴുതിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത വാചകത്തിനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട്. ഹ്രസ്വവും ദീര്‍ഘങ്ങളുമായി മാറാറുള്ള ഈ കാത്തിരിപ്പിനിടയില്‍ ആന്തരസംഗീതം ഉള്‍ച്ചേര്‍ന്ന അടുത്ത വാചകം പിന്നീട് മാറ്റങ്ങള്‍ വരുത്തേണ്ടതില്ലാത്തവിധം സ്വയംപൂര്‍ണ്ണമായിത്തന്നെ വാര്‍ന്നുവീഴുന്നു. കഥയുടെ അന്തരീക്ഷത്തിന് അനുസരിച്ച ഒരു ഭാഷ രൂപപ്പെടുമ്പോള്‍ തന്നെ അതിന്റെ ഭാവബദ്ധതകൊണ്ടുണ്ടാകുന്ന സംഗീതാത്മകത ഒരുപക്ഷേ, രൂപപ്പെട്ടുവരുന്നതുമായിരിക്കാം. എഴുതാനുള്ള കഥയുടെ ഫ്രെയിം മനസ്സിലുണ്ടെങ്കിലും അതിനെ വിളക്കിച്ചേര്‍ക്കേണ്ടുന്ന വാചകങ്ങള്‍ താളാത്മകമായി വാര്‍ന്നുവീഴുമ്പോള്‍ കഥ പൂര്‍ത്തിയാവുന്നു. ഉള്ളില്‍ തളംകെട്ടിയ ഒരു കൊടുങ്കാറ്റോ കലിയോ അടങ്ങുമ്പോഴുള്ള പ്രശാന്തതയും സന്തോഷവും അപ്പോളനുഭവിക്കുന്നു. എം.ടിയും മാധവിക്കുട്ടിയും മറ്റൊരു രീതിയില്‍ ഭാഷയെ ഭാവസാന്ദ്രമാക്കിയവരാണ്. ആഖ്യാനമാതൃകകള്‍ ഇത്തരത്തില്‍ പലതുമുണ്ടെങ്കിലും ഞാന്‍ എഴുതുന്ന ശൈലിയെ വായനക്കാര്‍ ഇഷ്ടപ്പെടുന്നുണ്ട്. എഴുത്തിനോടുള്ള എന്റെ സമീപനം സരളമായും ലളിതമായും പറയാന്‍ ശ്രമിക്കുക എന്നതു തന്നെയാണ്.

ചോലമരപ്പാതകള്‍, ചിദാകാശത്തിലെ ചിത, ദൈവത്തിനൊരു പൂവ്, വംശാനന്തര തലമുറ തുടങ്ങിയ നിരവധി കഥകളെ മുന്‍നിര്‍ത്തിക്കൊണ്ട് ചോദിക്കുന്നു; സുധീഷിന്റെ കഥാന്ത്യങ്ങളത്രയും ദുരന്തത്തിലോ ദുഃഖത്തിലോ അവസാനിപ്പിക്കുന്നതാണ്. ഇത്തരമൊരു കഥാന്ത്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ് ?
ഒരു കഥ വായിച്ചാല്‍ അതു വായനക്കാരുടെ മനസ്സില്‍ മായാതെ നിലകൊള്ളണം എന്ന ആഗ്രഹം എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നു. വായനകൊണ്ട് അവസാനിക്കുന്ന കഥകളല്ല. വായന കഴിഞ്ഞാലും അത് വായനക്കാരോടൊപ്പം പോകുന്നതായിരിക്കണം എന്ന തോന്നല്‍ എന്റെയുള്ളിലും ഉണ്ടായിരിക്കണം. ഇത്രമാത്രം ദുരന്തങ്ങളിലേക്ക് കൊണ്ടുപോയി വായനയെ വലിയ വേദനയാക്കി മാറ്റുന്നത് എന്തിനാണെന്ന് വായനക്കാരായ ചില സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട്. കഥവായിച്ച് കലങ്ങിയ കണ്ണുകളുമായി എന്റെ അടുത്തേക്ക് വരുന്നവരുമുണ്ട്. ചില യാഥാര്‍ത്ഥ്യങ്ങള്‍ സങ്കല്പങ്ങളെക്കാള്‍ ഭീകരമാണ്. ചോലമരപ്പാതകള്‍ എന്ന കഥയിലുള്ളത് അതാണ്. ഒരിക്കല്‍പോലും കാണാനിട നല്‍കാതെ വേദനമാത്രം ബാക്കിവച്ച് മരണത്തിലേക്ക് മാഞ്ഞുപോയ മായ എന്ന പെണ്‍കുട്ടിയെ ഇങ്ങനെയല്ലാതെ എങ്ങനെ കാണിച്ചുതരും. പ്രണയതീവ്രതയില്‍ മറ്റൊരാളുടേതാകാന്‍ പറഞ്ഞുവിട്ട പെണ്‍കുട്ടി വിവാഹവേദിയില്‍ കരഞ്ഞോ ചിരിച്ചോ എന്നറിയാന്‍ കാത്തുനില്‍ക്കുന്ന കാമുകനോട് - ചിദാകാശത്തിലെ ചിത - അവള്‍ ഇപ്പോള്‍ ഈ ലോകത്തേയില്ല എന്നല്ലാതെ എന്താണ് പറയേണ്ടത്. വായനക്കാര്‍ പ്രതീക്ഷിക്കുന്നിടത്തല്ല അപ്രതീക്ഷിതമായ ഇടങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോവുക എന്നിടത്താണ് എഴുത്തുകാരന്‍ ശ്രദ്ധ പതിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ഒരടി കൊടുക്കുന്ന കഥകളാണ് സുധീഷിന്റേതെന്ന് എം. ലീലാവതി അഭിപ്രായപ്പെട്ടത് ഇതുകൊണ്ടായിരിക്കാം. കഥകൊണ്ട് വായനക്കാരുടെ മനസ്സില്‍ പോറലേല്‍പ്പിക്കാനാണ് എനിക്കിഷ്ടം. ശുഭാന്ത്യകഥകള്‍ ഞാന്‍ അധികമൊന്നും എഴുതാതെ പോയതിന്റെ കാരണങ്ങള്‍ ഇതൊക്കെയാവും.  

ടിപി ചന്ദ്രശേഖരന്‍
ടിപി ചന്ദ്രശേഖരന്‍

ഒരുതരം സിനിമാറ്റിക് വിഷന്‍ ആണിതെന്ന് തോന്നുന്നു. സിനിമ മനസ്സില്‍ കിടക്കുന്നതുകൊണ്ടാവുമോ കഥാനുഭവത്തെക്കുറിച്ച് ഇങ്ങനെയൊരു സങ്കല്‍പം വളര്‍ന്നു വന്നത് ? 
അതെ. ദൃശ്യങ്ങളായാണ് കഥ മനസ്സില്‍ വികസിക്കുന്നത്. ഉള്ളില്‍ ഒരു മൂവി ക്യാമറ കഥപറഞ്ഞുകൊണ്ടേയിരിക്കുന്ന അനുഭവം.

കഥാപാത്രങ്ങള്‍ കഥയാകുന്നതിന് മുന്‍പും ശേഷവും മനസ്സില്‍ അവശേഷിപ്പിക്കുന്ന അനുഭവമെന്താണ്? 
വ്യക്തിപരമായ അനുഭവങ്ങള്‍ കഥയായി മാറുമ്പോഴാണ് മനസ്സ് വലിയ സംഘര്‍ഷത്തില്‍ പെട്ടുപോവുന്നത്. 'മായ' എന്ന കഥയും കഥാപാത്രവും എന്നെ വല്ലാത്തൊരവസ്ഥയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരിക്കലെങ്കിലും ഒന്നു കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹം മനസ്സില്‍ എന്നും അവശേഷിപ്പിക്കുന്നുണ്ട് ആ കഥാപാത്രം. 'ഒരു വളര്‍ത്തുപൂച്ചയുടെ ജീവിത കഥ'  യഥാര്‍ത്ഥത്തില്‍ കുടുംബകഥയാണ്. ഒറ്റപ്പെടലും കൂട്ടും ശൂന്യതയും സ്‌നേഹവും പരിരക്ഷയും നഷ്ടങ്ങളുമെല്ലാം മാറിമാറിയെത്തുന്ന വീടെന്ന രൂപകത്തിനെ എല്ലാവരുമായി കൂട്ടിച്ചേര്‍ക്കുന്ന ഒന്നായി വളര്‍ത്തു പൂച്ച കഥയില്‍ നിലകൊള്ളുന്നു. അപ്രതീക്ഷിതമായി അത് മരണപ്പെടുന്നതോടെ ജീവിതത്തില്‍ മറ്റൊരു ശൂന്യകാലം രൂപപ്പെടുന്നു. 'വംശാനന്തര തലമുറ'യിലെ തവള കുട്ടിക്കാലം തൊട്ടെ എന്റെ മനസ്സിലുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സയന്‍സ് ക്ലാസ്സില്‍ നടന്നതു തന്നെയാണ് ആ കഥയുടെ ആദ്യഭാഗം. നെടുകെ പിളര്‍ന്നുവയ്ക്കപ്പെട്ട ഒരു തവളയെ കണ്ടതിന്റെ വേദന കാലങ്ങള്‍ക്ക് ശേഷമാണ് കഥയായി മാറിയത്.  മനുഷ്യര്‍ മാത്രമല്ല, ഇതര ജീവജാലങ്ങളുടെ അനുഭവതലം മനസ്സിലെവിടെയോ കിടക്കുന്നുണ്ടാവണം. അതാകട്ടെ, കഥാപാത്രങ്ങളായി വരികയും പലപ്പോഴും കഥയായി രൂപംകൊള്ളുകയും ചെയ്യുന്നു. 

നമ്മുടെ നാടോടി കഥനപാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന ജന്തുലോക കഥാപാത്രതലം മാഷുടെ കഥകളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. മിത്തിലേക്കും പുരാവൃത്തത്തിലേക്കും തിരിച്ചുപോകുന്ന തരത്തിലുള്ള കഥകളും (തട്ടാത്തെരുവ്) താങ്കളുടേതായുണ്ട്. പാരമ്പര്യ വഴികളോടുള്ള പ്രതിപത്തിയാണോ ഇതിനു പിന്നിലെ പ്രേരകശക്തി? 
സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ ഘടകങ്ങളും ഏതൊരു എഴുത്തുകാരനേയും സ്വാധീനിക്കുന്നുണ്ടാവണം. എന്റെ വായനയില്‍ നാടോടിക്കഥകളുണ്ട്. ലോക സാഹിത്യകൃതികളുണ്ട്. നമ്മുടെ ഭാഷയില്‍ ഉണ്ടായ മഹത്തായ കൃതികളുമുണ്ട്. വായനയുടെ അര്‍ത്ഥവത്തായ ലോകം എഴുത്തുകാരന് അത്യാവശ്യമാണ്, ടി.എസ്. എലിയട്ട് ഇതിനെ  Tradition and individual Talent എന്നു വിളിക്കുന്നു.  ഇന്നിനെക്കുറിച്ചും ഇന്നലെയെക്കുറിച്ചുമുള്ള കൃത്യമായ ഒരു ധാരണ ഉണ്ടാകാന്‍ ഇത് വളരെ പ്രധാനമാണ്. ആവര്‍ത്തനങ്ങളും അനുകരണങ്ങളുമായി മാറാതിരിക്കാന്‍ ഈ അറിവ് പ്രയോജനം ചെയ്യും. വായിച്ചും എഴുതിയുമുള്ള പരിചയം കൊണ്ടായിരിക്കാം ഒരു കഥയെഴുതിത്തുടങ്ങുമ്പോള്‍ അതിന്റെ രൂപം മനസ്സില്‍ തെളിയുന്നുണ്ട്. അത് കഥാപരിചയത്തില്‍ നിന്നാണുണ്ടാവുന്നത്. മലയാളത്തിലെ ഒരുവിധം എഴുത്തുകാരുടെ കഥകളെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. ഈയൊരു സാഹിത്യപരിചയം എഴുത്തുകാര്‍ക്ക് അത്യാവശ്യമാണ്. 

'പുലി' എന്ന കഥ കേരളരാഷ്ട്രീയ ചരിത്രത്തില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ  കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ഇടതുപക്ഷ അനുഭാവിയായിട്ടും പാര്‍ട്ടിയെ വിമര്‍ശിക്കാനും തിരുത്താനുമുള്ള നിലപാട് ഈ സംഭവവുമായി ബന്ധപ്പെട്ട് താങ്കള്‍ കാണിച്ചിട്ടുണ്ടെന്നും അറിയാം. അതുകൊണ്ടുതന്നെ ചോദിക്കുന്നു ഐ.എസിനെക്കാള്‍ പ്രാകൃതമായി രാഷ്ട്രീയ കൊലകള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടായിരിക്കും ?
രാഷ്ട്രീയരംഗത്തുണ്ടായ ജീര്‍ണ്ണതയാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം എന്നു തോന്നുന്നു. നിര്‍ഭാഗ്യകരമായ ഈ ജീര്‍ണ്ണതയാണ് ദിനംപ്രതി കൂടിവരുന്നത്. ഇതുതന്നെയാണ്  ഭരണരംഗത്തും പൊതുഇടങ്ങളിലും പടര്‍ന്നുകൊണ്ടിരിക്കുന്നത്. തെറ്റുചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടുന്നു. ആരു തെറ്റുചെയ്താലും അത് ആവര്‍ത്തിക്കരുത് എന്ന് ഉറക്കെ പറയാനുള്ള നേതൃത്വപരമായ ഇടപെടല്‍ ഉണ്ടാകുന്നേയില്ല. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു നേതാവ് 'അരുത്' എന്ന് പറയുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നേവരെ പത്രക്കാര്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. ഇടതുപക്ഷം ഇക്കാര്യത്തില്‍ മറ്റാരെക്കാളും കൂടുതല്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം കാണിക്കണം. സാംസ്‌കാരിക പ്രവര്‍ത്തകരെക്കാള്‍ ഇത് ആര്‍ജ്ജവത്തോടെ പറയേണ്ടത് രാഷ്ട്രീയനേതൃത്വം തന്നെയാണ്. 

കൊലപാതക ചരിത്രത്തില്‍ പാര്‍ട്ടിക്കകത്തുനിന്ന് പാര്‍ട്ടിയെ തിരുത്താനും നവീകരിക്കാനുമുള്ള അര്‍ത്ഥവത്തായ ശ്രമങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകരില്‍നിന്നും  കൂടുതലായും ഉണ്ടാകേണ്ടതല്ലേ. വിജയന്‍ മാഷടക്കമുള്ള ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടല്ലോ?
തെറ്റുചെയ്യുന്ന അണികളെ നിയന്ത്രിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെക്കാള്‍ പാര്‍ട്ടി നേതൃത്വത്തിനാണ് കഴിയുക. വിജയന്‍ മാഷെപ്പോലെ ധിഷണാശാലിയായ ഒരാള്‍ ഒരിക്കലും പാര്‍ട്ടിയുടെ വരുതിക്ക് നില്‍ക്കേണ്ട ആളായിരുന്നില്ല. പു.ക.സയുടെ പ്രസിഡന്റ് ആകേണ്ട ആളായിരുന്നില്ല അദ്ദേഹം. പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടുകൊന്നപ്പോഴും ജയകൃഷ്ണന്‍ മാഷെ ക്ലാസ്സ്മുറിയില്‍വെച്ച് കൊലചെയ്തപ്പോഴും അദ്ദേഹം അതിനെ ന്യായീകരിച്ചത് പാര്‍ട്ടിക്കുവേണ്ടിത്തന്നെയാണ്. പാര്‍ട്ടി വിട്ടു വന്നതിനുശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍  വന്നുചേര്‍ന്ന ജീര്‍ണ്ണതകളെയൊക്കെ വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വിജയന്‍മാഷിന് തെറ്റുപറ്റിയിട്ടുണ്ട്. എന്നാല്‍, അഴീക്കോടാകട്ടെ, ഒരിക്കലും പാര്‍ട്ടിയെ വിമര്‍ശിച്ചതായി കണ്ടിട്ടുമില്ല.  

എം.ടിക്കും ഒ.വി. വിജയനും മുകുന്ദനും കോവിലനും പുനത്തിലിനുമൊക്കെ അവരുടെ രചനാലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. താങ്കളുടെ കഥകളില്‍ അങ്ങനെ കഥാകേന്ദ്രിതമായ ഗ്രാമമോ നഗരമോ ഇല്ല. പല പേരുകളില്‍ രൂപവും ഭാവവും മാറിവരുന്ന ഗ്രാമീണതയും നാഗരികതയും കഥകളില്‍ പലപാട് ഉണ്ടുതാനും.  ഇതിനു കാരണമെന്തായിരിക്കും?  
എനിക്ക് സ്വന്തമായി ഒരു നാടില്ലായിരുന്നു. പല നാടുകളിലൂടെയാണ് കുട്ടിക്കാലം തൊട്ടേ ഞാന്‍ സഞ്ചരിച്ചത്. അച്ഛന്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു. ജോലി സംബന്ധമായി അച്ഛന്‍ സ്ഥലം മാറുന്നതിനനുസരിച്ച് ഞങ്ങളുടെ നാടും വീടും മാറിക്കൊണ്ടിരുന്നു. അതുകൊണ്ട് പലനാടുകള്‍ ചേര്‍ന്നതാണ് എന്റെ നാട്. എന്റെ കൂട്ടുകാരും സഹപാഠികളും പലയിടങ്ങളിലുള്ളവരാണ്. ചെറിയ തോതിലെങ്കിലും ഞാനൊരു നാടോടിയായതുകൊണ്ടാവാം ഒരു നാടിനെ മാത്രം ചുറ്റിപ്പറ്റിയുള്ള കഥാപശ്ചാത്തലവും കഥാപാത്രനിര്‍മ്മിതിയും ഇല്ലാതെ പോയത്. ഗ്രാമത്തെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്നത് സിനിമാ ടാക്കീസും അന്നു കണ്ട സിനിമകളും ഒക്കെയാണ്. ടാക്കീസിനെപ്പറ്റി ഒരു നോവലെഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ, അതുപോലുള്ള ചില കഥകള്‍ വന്നതുകൊണ്ട് ആ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു.

എംഎന്‍ വിജയന്‍
എംഎന്‍ വിജയന്‍

സോഷ്യല്‍ മീഡിയ ഉണ്ടാക്കിയെടുത്ത വെര്‍ച്വല്‍ റിയാലിറ്റിയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ശ്രദ്ധേയമായ കഥയാണ് മായ. പരസ്പരം ഒരിക്കലും കാണാത്തവര്‍ തമ്മില്‍ പങ്കുവയ്ക്കുന്ന പ്രണയത്തിന് പലപ്പോഴും കബളിപ്പിക്കലിന്റേതായ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. 18 കാരി അന്‍പതു പിന്നിട്ട ഒരാളെ പ്രണയിക്കുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. പക്ഷേ, പ്രണയവും പെട്ടെന്നുള്ള മരണവും ഇത്തരമൊരു കബളിപ്പിക്കലിന്റെ മറുപുറം അവശേഷിപ്പിക്കുന്നില്ലേ ?
ഞാനനുഭവിച്ച   പ്രണയത്തിന്റേയും എന്നെ വേദനിപ്പിച്ച ആ മരണത്തിന്റേയും കഥയാണ് മായ. പേരു സൂചിപ്പിക്കുന്നതുപോലെ അവള്‍ എന്റെ മനസ്സില്‍ മായ തന്നെയാണ്. അവള്‍ എന്റെ മാത്രം യാഥാര്‍ത്ഥ്യമാണ്. അവളുടെ മരണം എന്റെ പ്രണയത്തിന്റെ ഏറ്റവും വലിയ ധര്‍മ്മസങ്കടവുമാണ്. കഥയിലൂടെ  പകര്‍ത്തിവച്ചത് ഈ അനുഭവസത്യമാണ്. അതിനെ കബളിപ്പിക്കലായി കാണാന്‍ എനിക്ക് കഴിയില്ല. വിധിയുടെ കബളിപ്പിക്കലാണ് എനിക്കവള്‍. സംശയങ്ങളും ചോദ്യങ്ങളും വായിക്കുന്നവരുടേതാണ്. അവര്‍ക്ക് മായയെ എങ്ങനെ വേണമെങ്കിലും വായിക്കാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. 

എഴുത്തിനുവേണ്ടി മാറ്റിവയ്ക്കാവുന്ന ഒരു സമയവും സാഹചര്യവും ഇപ്പോള്‍ മാഷിനുണ്ടായിട്ടുണ്ട്. എഴുതാന്‍ എന്തൊക്കെയാണ് മനസ്സില്‍ സ്വരുക്കൂട്ടി വച്ചിരിക്കുന്നത് ?
 മനസ്സില്‍ ഒരു നോവലിന്റെ രൂപം മെനഞ്ഞെടുക്കുന്നുണ്ട്. പിന്നെ കുറേ കഥകളും. ആശാനെക്കുറിച്ചുള്ള ഒരു കാവ്യപഠനവും  എഴുതണമെന്ന് ആഗ്രഹിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com