പുരുഷോത്തര യുഗവും ക്രിസ്തീയ സഭകളിലെ അധികാര വ്യവസ്ഥയും

''വ്യഭിചാരക്കുറ്റം ആരോപിച്ച് ക്രിസ്തുവിന് മുന്‍പില്‍ പ്രമാണിമാര്‍ ഹാജരാക്കിയ സ്ത്രീയെ മാത്രം എന്തിനാണ് കല്ലെറിയുന്നത്? അവളുടെ പങ്കാളികളായ പുരുഷന്മാരെ എന്തുകൊണ്ടാണ് നിയമപ്രമാണം കുറ്റപ്പെടുത്താത്തത്?''
പുരുഷോത്തര യുഗവും ക്രിസ്തീയ സഭകളിലെ അധികാര വ്യവസ്ഥയും

ചോദ്യം: ''വ്യഭിചാരക്കുറ്റം ആരോപിച്ച് ക്രിസ്തുവിന് മുന്‍പില്‍ പ്രമാണിമാര്‍ ഹാജരാക്കിയ സ്ത്രീയെ മാത്രം എന്തിനാണ് കല്ലെറിയുന്നത്? അവളുടെ പങ്കാളികളായ പുരുഷന്മാരെ എന്തുകൊണ്ടാണ് നിയമപ്രമാണം കുറ്റപ്പെടുത്താത്തത്?''
ഉത്തരം: ''കാരണം, നിയമങ്ങള്‍ ഉണ്ടാക്കിയത് പുരുഷന്മാരാണ്.''

ചോദ്യവും ഉത്തരവും നാസിയാന്‍സിലെ ഗ്രിഗോറിയന്‍സിന്റേതാണ്. ക്രി.പി. നാലാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറിലെ കപ്പഡോഷ്യയില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ ക്രിസ്തീയ ദൈവശാസ്ത്ര പണ്ഡിതനാണ് നാസിയാന്‍സിലെ ഗ്രീഗോറിയോസ്. കിഴക്കും പടിഞ്ഞാറുമുള്ള പുരാതന ക്രിസ്തീയ സഭകളില്‍ ഒരുപോലെ സര്‍വ്വസമ്മതനായ വേദഗുരുവും കവിയും പ്രഭാഷകനുമായിരുന്നു ഗ്രീഗോറിയോസ്. വ്യഭിചാരകര്‍മ്മത്തില്‍ പിടിക്കപ്പെട്ട് ക്രിസ്തുവിന്റെ അടുക്കല്‍ കൊണ്ടുവന്ന സ്ത്രീയെക്കുറിച്ച് ബൈബിളിലുള്ള ഭാഗം വ്യാഖ്യാനിക്കവെയാണ് അദ്ദേഹം ഈ ചോദ്യോത്തരങ്ങള്‍ നല്‍കിയത്.

നമ്മുടെ ലോകം പുരുഷോത്തര യുഗ (PostMale / PostAndric age) ത്തിലേക്ക് പ്രവേശിച്ചിട്ട് നാളേറെയായി. ഫ്രെഞ്ച് എഴുത്തുകാരിയും സാര്‍ത്രിന്റെ കൂട്ടാളിയുമായിരുന്ന സിമോന്‍ ദ് ബോവ്വാറിന്റെ പ്രശസ്തമായ 'സെക്കന്‍ഡ് സെക്സ്' പ്രസിദ്ധീകരിച്ചിട്ട് ഏഴ് ദശാബ്ദങ്ങളാകുന്നു. അതിനും എത്രയോ മുന്‍പ് സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ വോട്ടവകാശത്തിനും വേണ്ടിയുള്ള രചനകളും പ്രസ്ഥാനങ്ങളും അമേരിക്കയില്‍ തുടങ്ങിയിരുന്നു. പക്ഷേ, അത്തരം സ്ത്രീ മുന്നേറ്റങ്ങളുടെ വിപ്ലവജ്വാലകള്‍ ചില പ്രത്യേക ബൗദ്ധിക കേന്ദ്രങ്ങളില്‍ ഒതുങ്ങിയതല്ലാതെ യൂറോപ്പിനെപ്പോലും കാര്യമായി പ്രകാശിപ്പിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയമത വ്യവസ്ഥകള്‍ ആണ്‍കോയ്മയുടെ കൊത്തളങ്ങളില്‍ സുരക്ഷിതമായി തുടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ വന്‍കെടുതികളില്‍നിന്ന് കരകയറാന്‍ ആഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്ന പാശ്ചാത്യ ജനത, തങ്ങളുടെ മതസാംസ്‌കാരിക സൗധങ്ങളുടെ തൂണുകള്‍ ഇളകിത്തുടങ്ങിയെന്ന് അല്‍പ്പമെങ്കിലും തിരിച്ചറിഞ്ഞത് 1960-കളുടെ അവസാനമുണ്ടായ വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭങ്ങളിലാണ്.

സൊര്‍ബോണ്‍ പോലുള്ള സര്‍വ്വകലാശാലകളില്‍ ഇടതുപക്ഷ ചിന്തകരുടെ പിന്തുണയോടെ അരങ്ങേറിയ വിദ്യാര്‍ത്ഥി സമരങ്ങള്‍ അക്കാദമിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അധികാരക്രമത്തെ ചോദ്യം ചെയ്തു. നിലവിലിരുന്ന അധികാര ഹയരാര്‍ക്കികളെ സാധൂകരിക്കുന്ന ബൗദ്ധിക കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് യൂണിവേഴ്സിറ്റികള്‍ വിമര്‍ശന വിധേയമായത്. സ്യൂട്ടും ടൈയുമണിഞ്ഞ് പഠിപ്പിക്കാന്‍ വന്ന സൊര്‍ബോണിലെ ഒരു പ്രൊഫസറെ തലയില്‍ ചവറ്റുകൊട്ട കമഴ്ത്തിയാണ് വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്. കത്തോലിക്കാ സഭയുടെ മൂത്ത പുത്രി എന്നു വിളിക്കപ്പെടുന്ന ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരീസില്‍ സമരകാലത്ത് ളോഹയിട്ട് പുരോഹിതന്മാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. 'ദൈവവുമില്ല, ഗുരുവുമില്ല' (Ni Dieu Ni Maitre) എന്ന ചുവരെഴുത്ത് പിന്നീട് വളരെ കാലം പാരീസിലെ തെരുവുഭിത്തികളില്‍ തെളിഞ്ഞുനിന്നു.
സ്ത്രീ സമരങ്ങളുടെ വിവക്ഷകള്‍: കേരളത്തില്‍ ഒരു നൂറ്റാണ്ടിലധികമായി അരങ്ങേറിയ സ്ത്രീസമരങ്ങള്‍ക്കെല്ലാം പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കിലും അവയെല്ലാം ഒരു പ്രതിഷേധത്തില്‍ നിന്നുണ്ടായതാണ്. പുരുഷാധിപത്യ വ്യവസ്ഥയോടും അതില്‍നിന്ന് ഉരുത്തിരിഞ്ഞ സ്ത്രീ വിവേചനപരമായ ആചാരങ്ങളോടും നിയമങ്ങളോടുമുള്ള കടുത്ത പ്രതിഷേധമായിരുന്നു അത്.
കേരളത്തിലെ മതയാഥാസ്ഥിതികരേയും ഉല്‍പ്പതിഷ്ണുക്കളേയും തുടക്കത്തില്‍ ഒരുപോലെ അമ്പരിപ്പിച്ച കന്യാസ്ത്രീ സമരത്തെ, അതിന് പ്രത്യക്ഷ കാരണമായ ഒരു ലൈംഗികാതിക്രമ വിവാദത്തിന്റെ ന്യായാന്യായങ്ങളില്‍ മാത്രം ഒതുക്കാതെ (അത് കോടതിക്ക് വിട്ടുകൊടുക്കാം), ക്രിസ്തീയ സഭകളുടെ ഔദ്യോഗിക തലങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് എതിരെയുള്ള ഐതിഹാസികമായ ഒരു സ്ത്രീ മുന്നേറ്റം എന്ന നിലയില്‍ക്കൂടി കാണാവുന്നതാണ്. അതിന്റെ പ്രഹരശേഷിയുടെ പ്രതീകാത്മകത തിരിച്ചറിഞ്ഞ് ഗൗരവമായ പുനര്‍വിചിന്തനത്തിനും അഴിച്ചുപണികള്‍ക്കും ക്രിസ്തീയ സഭാ കേന്ദ്രങ്ങള്‍ തയ്യാറായാല്‍ വലിയ സാമൂഹിക പരിവര്‍ത്തനത്തിന് അത് വഴിതെളിച്ചേക്കും. ഒറ്റപ്പെട്ട ചില വ്യക്തികളുടെ ധാര്‍മ്മികത, അച്ചടക്കം എന്നീ വിഷയങ്ങളില്‍ അത് പരിമിതപ്പെടുത്താതെ, പൊതുസമൂഹത്തില്‍ നീതി, സ്ത്രീപുരുഷ സമത്വം, കാരുണ്യം, സാഹോദര്യവും സുതാര്യമായ അധികാര ബന്ധങ്ങള്‍ എന്നിവ മാനദണ്ഡങ്ങളായി എടുക്കാവുന്നതാണ്.
പ്രബലമായ ക്രിസ്തീയ സഭകളില്‍ നിലവിലുള്ള ഉന്നത

പൗരോഹിത്യാധികാരത്തെ  സഭകള്‍ തന്നെ പുന:പരിശോധിക്കാനിടയായാല്‍, ആദ്യവും അവസാനവുമായി നോക്കേണ്ടത് യേശുക്രിസ്തു പഠിപ്പിച്ചതും കാണിച്ചുതന്നതുമായ അധികാര സങ്കല്‍പ്പം എന്തായിരുന്നു എന്നതാണ്. ലളിതമായ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ:
സേവിക്കപ്പെടാനല്ല സേവിക്കാന്‍: യേശുവിന് മുപ്പത് വയസ്സായപ്പോള്‍ തന്റെ പരസ്യ പ്രവര്‍ത്തനത്തിന് നാന്ദികുറിച്ചുകൊണ്ട് ഉണ്ടായ മൂന്ന് പരീക്ഷകളില്‍ ഒന്ന് ലോകത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കി അതിന്മേല്‍ സര്‍വ്വാധിപതിയായി വാഴാനുള്ള പ്രലോഭനമായിരുന്നു. സാത്താന്‍ എന്ന് സുവിശേഷങ്ങള്‍ വിശേഷിപ്പിക്കുന്ന പരീക്ഷകന്റെ ഒരേയൊരു വ്യവസ്ഥ, തന്നെ കുമ്പിട്ട് നമസ്‌കരിച്ചാല്‍ ഭൂമിയിലെ സകല രാജ്യങ്ങളും യേശുവിന് നല്‍കാമെന്നതായിരുന്നു. സര്‍വ്വശക്തനായ ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനേയും ആരാധിക്കരുത് എന്ന വേദവാക്യം ഉദ്ധരിച്ച് ക്രിസ്തു മറുപടി കൊടുത്തു. അവിടെത്തുടങ്ങി കുരിശിലെ മരണത്തോളം പരീക്ഷകന്‍ വിടാതെ ക്രിസ്തുവിനെ അനുധാവനം ചെയ്തു. ക്രിസ്തുവിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ച അംഗീകാരമെല്ലാം ചൂണ്ടിക്കാട്ടി, രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് രാജാവായി വാഴാന്‍ പലരും ക്രിസ്തുവിനെ പ്രേരിപ്പിക്കുന്നുണ്ട്. തന്റെ സ്വന്തം ശിഷ്യന്മാരില്‍ ചിലര്‍ പോലും ആ കെണിയില്‍ വീഴുന്നുണ്ട്. അവരില്‍ രണ്ട് പേര്‍ ചെന്ന്, യേശു മഹാരാജാവായി മഹത്വത്തില്‍ സിംഹാസനാരൂഢനാകുമ്പോള്‍ ഇടത്തും വലത്തുമുള്ള സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെടുന്നു. ദസ്തയേവ്സ്‌ക്കിയുടെ 'കാരമസോവ് സഹോദരന്മാ'രില്‍, ജയിലില്‍ കിടക്കുന്ന യേശുവിനെ സന്ദര്‍ശിക്കുന്ന ഗ്രാന്‍ഡ് ഇന്‍ക്വിസിറ്ററുടെ കഥ പ്രസിദ്ധമാണല്ലോ. സാത്താന്റെ മൂന്ന് പരീക്ഷകള്‍ക്കും യേശു വഴങ്ങാഞ്ഞത് വിഡ്ഢിത്തമായിരുന്നു എന്നാണ് അയാള്‍ പറയുന്നത്. എത്ര മഹത്തായ അധികാരവും ശക്തിയുമാണ് ക്രിസ്തു നഷ്ടപ്പെടുത്തിയത്.
ശിഷ്യന്മാര്‍ തമ്മില്‍ തങ്ങളില്‍ ആരാണ് വലിയവന്‍ എന്നൊരു തര്‍ക്കമുണ്ടാവുന്നു. അപ്പോഴാണ് ക്രിസ്തു നിഷ്‌കളങ്കനായ ഒരു പൈതലിനെ എടുത്ത് മാറോടണച്ച് പറഞ്ഞത്, നിങ്ങള്‍ മനം തിരിഞ്ഞ് ഈ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനമുണ്ടാവുകയില്ല.
തന്റെ സ്വന്തം മതത്തിന്റെ പ്രമാണിമാരും പുരോഹിതന്മാരും തന്നെ വിസ്തരിക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്യും എന്ന് പ്രവാചകന്റെ ഉള്‍ക്കാഴ്ചയോടെ ക്രിസ്തു ശിഷ്യരോട് പറഞ്ഞു. അപ്പോള്‍ അപ്പോസ്‌തോലന്മാരില്‍ മുതിര്‍ന്നവനായ പത്രോസ് ''ഗുരുവേ, അങ്ങയ്ക്ക് അങ്ങനെ സംഭവിക്കരുതെ'' എന്ന് പറഞ്ഞ് യേശു ഏറ്റെടുത്ത ത്യാഗപൂര്‍ണ്ണമായ ജീവിത ദൗത്യത്തില്‍നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍, ''സാത്താനെ, നീ എന്റെ പുറകില്‍ പോകുക'' എന്നാണ് പ്രിയ ശിഷ്യനോട് ക്രിസ്തു പറഞ്ഞത്.

യൂദയുടെ മോഹഭംഗം: ഒരു വ്യാഖ്യാനമനുസരിച്ച് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ശിഷ്യന്‍ യൂദാ ഒരു തീവ്ര ദേശീയവാദി ആയിരുന്നു. റോമാ ചക്രവര്‍ത്തിയുടെ അധികാരത്തിന്‍ കീഴില്‍ സാമന്തരായി കഴിഞ്ഞുകൂടിയിരുന്ന യൂദന്മാര്‍ സ്വയംഭരണാവകാശവും പൂര്‍ണ്ണ സ്വാതന്ത്ര്യവും ലഭിക്കണമെന്ന് പൊതുവെ ആഗ്രഹിച്ചവരായിരുന്നു. അവരില്‍ത്തന്നെ കുറേ പേര്‍ തീവ്രവാദികളായി ആയുധവും അക്രമവും ഉപയോഗിച്ച് സ്വാതന്ത്ര്യം നേടണമെന്ന് വാദിച്ചിരുന്നു. അവരിലൊരാളായിരുന്നു ക്രിസ്തുശിഷ്യനായി തീര്‍ന്ന യൂദാ എന്നൊരു പാരമ്പര്യമുണ്ട്. ഗലീലിയിലെ നസ്റേത്തുകാരന്‍ യേശു എന്ന ചെറുപ്പക്കാരന്റെ ജ്വലിക്കുന്ന കണ്ണുകളും ആധികാരികമായ വാക്കുകളും അത്ഭുതസിദ്ധികളും ബഹുജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകരണവും യൂദായെ സ്വാധീനിച്ചുകാണും. മാത്രവുമല്ല, യേശു തന്റെ പ്രബോധങ്ങളിലെല്ലാം താന്‍ സമീപിക്കാനിരിക്കുന്ന ഒരു പുതിയ രാജ്യവ്യവസ്ഥയെക്കുറിച്ച് നിരന്തരം സൂചന നല്‍കുകയും ചെയ്തു. യൂദയും കൂട്ടരും ഇതൊരു രാഷ്ട്രീയ മാനിഫെസ്റ്റോ ആയി കണക്കാക്കുകയും സര്‍വ്വാധിപതിയായ കൈസറുടെ സിംഹാസനം മറിച്ചിട്ട് യൂദന്മാരുടെ പുതിയ സാമ്രാജ്യം സ്ഥാപിക്കുകയാണ് നസ്രായനായ ഈ യുവാവിന്റെ ലക്ഷ്യം എന്ന് ധരിക്കുകയും ചെയ്തുകാണും. റോമാ ചക്രവര്‍ത്തിക്ക് കപട സ്തുതിപാടിക്കൊണ്ട് തങ്ങളുടെ അനീതികള്‍ക്ക് നീതികരണം തേടിയിരുന്ന യഹൂദപ്രമാണിമാരേയും, പുരോഹിത വൃന്ദത്തേയും അടിമുടി വിമര്‍ശിച്ച ക്രിസ്തു തീവ്രവാദികള്‍ക്ക് വീരപുരുഷനായതില്‍ അത്ഭുതമില്ല. പക്ഷേ, എന്റെ രാജ്യം ഐഹികമല്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന യേശുവിന്റെ വാക്കുകള്‍ അവര്‍ അവഗണിച്ചു.
ക്രിസ്തുവിന്റെ അന്ത്യത്തോടടുത്ത് യേശു വിശുദ്ധ നഗരമായ ജറുസലേമിലേക്ക് നാടകീയമായ ഒരു ജൈത്രയാത്ര നടത്തുന്നുണ്ട്. യേശു കയറിയത് പടക്കുതിരയുടെ മേലല്ല, ഒരു പാവം കഴുതയുടെ പുറത്തായിരുന്നു എന്നത് രാഷ്ട്രീയ സ്വപ്നം വെച്ചുപുലര്‍ത്തിയ തീവ്രവാദികളെ നിരാശപ്പെടുത്തിക്കാണും. ദൈവപുത്രന് ഓശാന പാടിയത് തീര്‍ത്തും ദുര്‍ബ്ബലരായ കൊച്ചുകുട്ടികളായിരുന്നു. വെറും സാധാരണക്കാരായ മനുഷ്യര്‍ വഴിയില്‍ കണ്ട ഒലിവുമരത്തിന്റെ ചില്ലകളും ഈന്തപ്പനയുടെ ഓലകളും എടുത്താണ് പുതിയ രാജാവിനെ എതിരേറ്റത്.
ഇതിന്റെയെല്ലാം അവസാനം ഗത്സമനയിലെ ഒലിവുതോട്ടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യേശുവിനെ പിടിച്ചുകെട്ടിക്കൊണ്ടു പോകാനെത്തിയ ദേവാലയ ഭടന്മാര്‍ക്ക് ആളു തെറ്റിപ്പോകാതിരിക്കാന്‍ തന്റെ ഗുരുവിനെ ചുംബിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു. ഗുരു അത്ഭുത ശക്തികൊണ്ട് അവരില്‍നിന്ന് കുതറിമാറി രക്ഷപ്പെട്ട് തന്റെ സാമ്രാജ്യം സ്ഥാപിക്കുമെന്ന് ഒരുപക്ഷേ, യൂദാ വിചാരിച്ചുകാണും. പക്ഷേ, പിന്നീട് റോമന്‍ ഗവര്‍ണ്ണറായ പിലാത്തോസിന്റെ ന്യായപീഠത്തിന് മുന്നില്‍ കൈകള്‍ ബന്ധിക്കപ്പെട്ട് അടിയും തുപ്പലുമേറ്റ് നിന്ദിതനും പീഡിതനുമായി യേശു നിന്നപ്പോള്‍ രാഷ്ട്രീയ മോഹങ്ങള്‍ വച്ചുപുലര്‍ത്തിയവര്‍ക്ക് ഇച്ഛാഭംഗം പൂര്‍ണ്ണമായി. പുരോഹിതന്മാര്‍ തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നതിന് കോഴയായി കൊടുത്ത മുപ്പത് വെള്ളിക്കാശ് ജറുസലേം ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് യൂദാ പോയി തൂങ്ങിമരിച്ചു.

അധികാരത്തിന്റെ അപനിര്‍മ്മാണം: ക്രിസ്തു കുരിശുമരണം ഏല്‍ക്കുന്നതിന് മുന്‍പ് ശിഷ്യന്മാരോടൊപ്പം നടത്തിയ പെസഹാ ഭക്ഷണ സമയത്താണ്, ഒരു സേവകനെപ്പോലെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നത്. നാടകീയമായ രീതിയില്‍ ലൗകികാധികാര വ്യവസ്ഥയെ അട്ടിമറിക്കുകയായിരുന്നു ക്രിസ്തു. ഗുരു ഒരിക്കലും ശിഷ്യന്മാരുടെ കാലുകള്‍ കഴുകാറില്ല, തിരിച്ചാണല്ലോ എല്ലായിടത്തും. ആക്ഷരികമായി അങ്ങനെ കാല്‍ കഴുകുകയല്ല, മനോഭാവത്തില്‍ മാറ്റം വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. എങ്കിലും പില്‍ക്കാലത്ത് ക്രിസ്തീയ സഭകള്‍ പലയിടത്തും അനേക ലക്ഷങ്ങള്‍ ചെലവിട്ട് ആഡംബരപൂര്‍ണ്ണമായ ചടങ്ങായി ഇത് അനുകരിക്കുന്നു. ഈ അനുഷ്ഠാനത്തിന്റെ അര്‍ത്ഥശൂന്യതകൊണ്ടാവണം, ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അഗതികളേയും ഇതര മതസ്ഥരേയും അഭയാര്‍ത്ഥിയായ സ്ത്രീയേയും ഇരുത്തി അവരുടെ കാലുകള്‍ കഴുകാന്‍ മുതിര്‍ന്നത്. യഥാര്‍ത്ഥ ക്രിസ്തീയ പാരമ്പര്യം വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിച്ചതെങ്കിലും അത് എല്ലാ സഭാധികാരികളും സ്വീകരിച്ചില്ല. അദ്ദേഹത്തെപ്പോലെ അറിയപ്പെട്ടവരല്ലെങ്കിലും, എത്രയോ മെത്രാന്മാരും വൈദികരും സന്യസ്തരും യാതൊരു അധികാര മോഹവുമില്ലാതെ ക്രിസ്തുവിന്റെ ഉത്തമ അനുയായികളായി ത്യാഗപൂര്‍വ്വം മനുഷ്യസേവനം നിര്‍വ്വഹിക്കുന്നുണ്ട് എന്ന് വിശ്വാസികള്‍ക്കറിയാം. അതാണ് അവരുടെ സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും.

ദൈവരാജ്യത്തിന്റെ ഇടം: സാധാരണ ജനങ്ങള്‍ പ്രതീക്ഷിച്ചതും ക്രിസ്തു പൂര്‍ണ്ണമായി നിരസിച്ചതുമായ ഒരു ഭൗതിക, രാഷ്ട്രീയ സാമ്രാജ്യ വ്യവസ്ഥയല്ല ക്രിസ്തീയ സഭയുടെ അടിസ്ഥാനം എന്ന് വ്യക്തമായി. ദൈവരാജ്യത്തെക്കുറിച്ച് നിരന്തരം പഠിപ്പിച്ച ക്രിസ്തു അതിനെ ഒരു പരലോക വ്യവസ്ഥ മാത്രമായിട്ടല്ല കണ്ടത്. ദൈവരാജ്യം നിങ്ങള്‍ക്കുള്ളിലുണ്ട്/നിങ്ങള്‍ക്കിടയിലാണ് എന്ന് ക്രിസ്തു പറഞ്ഞത് സത്യവും നീതിയും സാഹോദര്യവും സമത്വവും സമാധാനവും നിലനില്‍ക്കുന്ന ഒരു ഇടത്തെക്കുറിച്ചായിരുന്നു. ഈ ലോകത്തിന്റെ ഭൗതിക വ്യവസ്ഥയേയും അതിന്റെ മാനദണ്ഡങ്ങളേയും ചോദ്യം ചെയ്യുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒന്നായിട്ടാണ് ക്രിസ്തു ദൈവരാജ്യ വ്യവസ്ഥയെ അവതരിപ്പിച്ചത്.

ത്രിതല അധികാര വ്യവസ്ഥ: ക്രമേണ ക്രിസ്തീയ സഭ പല സ്ഥലങ്ങളിലും രൂപപ്പെട്ട് തുടങ്ങിയപ്പോള്‍ അതിന്റെ അനുദിന ഭരണത്തിലും വിശ്വാസത്തിന്റെ സംരക്ഷണത്തിനും ചില മിനിമം ഘടനകള്‍ വേണ്ടിവന്നു. അങ്ങനെയാണ് ഓരോ പ്രദേശത്തുമുള്ള ക്രിസ്തീയ സഭകള്‍ക്ക് എപ്പിസ്‌ക്കോപ്പാ അഥവാ ബിഷപ്പ് (ആക്ഷരികാര്‍ത്ഥത്തില്‍ 'മേല്‍നോട്ടക്കാരന്‍') പ്രസ്ബിറ്റര്‍ (സുറിയാനിയില്‍ കശ്ശീശാ അഥവാ മൂപ്പന്‍), ഡീക്കന്‍ (സുറിയാനിയില്‍ ശെമ്മാശന്‍ അഥവാ ശുശ്രൂഷകന്‍) എന്ന ത്രിതല ഭരണസംവിധാനം ഉണ്ടാകുന്നത്.
ഇപ്പോഴും പുരാതന സഭകളില്‍ നിലനില്‍ക്കുന്ന ഈ വ്യവസ്ഥയെക്കുറിച്ച് അല്‍പ്പം പറയേണ്ടതുണ്ട്. ക്രിസ്തുവില്‍നിന്ന് ശിഷ്യന്മാരായ അപ്പോസ്‌തോലന്മാര്‍ക്ക് ലഭിച്ച അധികാരമാണ് ബിഷപ്പിലൂടെ താഴേക്ക് കൈമാറുന്നത്. ഈ അധികാരം പ്രഥമമായും അജപരിപാലന ശുശ്രൂഷയ്ക്കു (Pastoral Ministry) വേണ്ടിയാണ്; തല്ലാനും കൊല്ലാനും ചൂഷണം ചെയ്യാനുമുള്ളതല്ല. നിരന്തരമായ സ്‌നേഹവും കരുതലും മൂലം വിശ്വാസികളെ ആന്മരക്ഷയിലേക്ക് നയിക്കുക എന്നതാണിവിടെ ലക്ഷ്യം. പ്രബോധനം, ശാസന, ശിക്ഷണം എന്നിവയൊക്കെ ഈ പ്രക്രിയയുടെ ഭാഗമായി വരാം. മുന്‍പറഞ്ഞ മൂന്ന് തലത്തില്‍പ്പെട്ട അധികാര സ്ഥാനങ്ങളും ക്രിസ്തീയ സഭ എന്ന വിശ്വാസികളുടെ സമൂഹത്തില്‍നിന്ന് ഉണ്ടാവേണ്ടതാണ്. സമൂഹത്തിന്റെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ തെരഞ്ഞെടുപ്പും ദൈവാത്മാവിന്റെ ആവാസവും പ്രചോദനവും മൂലം പട്ടം ലഭിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് വിശ്വാസ സമൂഹത്തിന്റെ കെട്ടുപണി, സുവിശേഷ പ്രഘോഷണം തുടങ്ങിയവയാണ് വൈദിക ശ്രേണിയുടെ സുപ്രധാനമായ ധര്‍മ്മം. ഈ ധര്‍മ്മം ഉചിതമായി അനുഷ്ഠിക്കാത്തവരെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുവാനുള്ള സംവിധാനങ്ങളും ഈ സമൂഹത്തിനുണ്ട്. ഈ സ്ഥാനികള്‍ക്ക് ലഭിക്കുന്ന അപ്പോസ്‌തോലിക അധികാരം വിശ്വാസ സമൂഹത്തിനുള്ളിലും ആ സമൂഹത്തിന് വേണ്ടിയുമാണ്. ആധുനിക കാലത്ത് വികസിച്ച ജനാധിപത്യ സംവിധാനത്തിന്റെ പല ഘടകങ്ങളും ആദ്യകാല ക്രിസ്തീയ സഭാഭരണ സംവിധാനത്തില്‍ കാണാവുന്നതാണ്. ഇപ്പോഴും പൗരസ്ത്യ സഭകളില്‍ എപ്പിസ്‌ക്കോപ്പല്‍ സംവിധാനത്തിന്റെ അടിസ്ഥാനം ജനങ്ങളുടെ സമ്മതവും തെരഞ്ഞെടുപ്പും സ്വീകരണവുമാണ്.

യോഗ്യന്‍, അയോഗ്യന്‍: ഓര്‍ത്തഡോക്സ് സഭകളില്‍ ഒരു ബിഷപ്പിന് പട്ടം കൊടുക്കുമ്പോള്‍ ജനങ്ങള്‍ ഉറക്കെ 'ഓക്സിയോസ്' എന്ന് വിളിച്ചുപറയുന്ന രീതിയുണ്ട്. ഗ്രീക്കില്‍നിന്ന് സുറിയാനിയില്‍ വന്ന വാക്കിന് യോഗ്യന്‍ എന്നര്‍ത്ഥം. പട്ടമേല്‍ക്കുന്ന വ്യക്തി ആ സ്ഥാനത്തിന് യോഗ്യനാണെന്ന് സാക്ഷിക്കുന്നു എന്നാണ് വിവക്ഷ. സഭയുടെ കാനോന്‍ നിയമം അനുസരിച്ച് ഇങ്ങനെ ജനങ്ങളുടെ തെരഞ്ഞെടുപ്പും സ്വീകരണവും ഇല്ലെങ്കില്‍ പട്ടം കൊടുക്കുന്ന നടപടി നിയമരഹിതവും അസാധുവുമാണ്. അതുപോലെ തന്നെ അങ്ങനെ പട്ടം ലഭിക്കുന്ന വ്യക്തി ഭാവിയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കും വൈദികധര്‍മ്മത്തിനും ചേരാത്ത പ്രവൃത്തികള്‍ നടത്തിയതായി തെളിയിക്കപ്പെട്ടാല്‍ അയാളെ 'അനാക്സിയോസ്' (അയോഗ്യന്‍) എന്ന് പറഞ്ഞ് തള്ളാനും സഭയ്ക്ക് അധികാരമുണ്ട്. ചുരുക്കത്തില്‍ ക്രിസ്തീയ അധികാരം ഏതെങ്കിലും ഒരു വ്യക്തിയില്‍, അയാള്‍ എത്ര ഉന്നതനായാലും ഒതുക്കപ്പെടുന്നില്ല. എല്ലാ വൈദിക സ്ഥാനികളും സഭാ സമൂഹത്തിലെ അംഗങ്ങളും അതിന് വിധേയരുമാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഈയിടെ പ്രസിദ്ധപ്പെടുത്തിയ 'ദൈവജനത്തിന് ഒരു കത്ത്' എന്ന രേഖയില്‍ ഇത് എടുത്തുപറയുന്നുണ്ട്.

അത്മായരെന്ന കുഞ്ഞാടുകള്‍: പില്‍ക്കാലത്തുണ്ടായ ഒരു വലിയ മാറ്റം സഭാ സമൂഹത്തില്‍ വൈദികരും അല്‍മായരുമായുള്ള വേര്‍തിരിവാണ്. വൈദികരുടെ അജപാലനാധികാരം ക്രമേണ ഭരണാധികാരമായി. സമ്പത്തും സ്ഥാപനശേഷിയും വര്‍ദ്ധിച്ചപ്പോള്‍ ഈ അധികാരം കൂടുതല്‍ ലൗകിക മാതൃകയില്‍ ആവുകയും ചിലപ്പോള്‍ ലൗകിക ഭരണാധികാരികളെക്കാള്‍ വൈദിക നേതാക്കള്‍ അധികാരപ്രമത്തരാകുകയും ചെയ്തു. പഴയ റോമാ സാമ്രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ വികസിച്ച ക്രിസ്തീയ സഭ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമാ കൈസറായിരുന്ന കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ക്രിസ്തീയ വിശ്വാസ സ്വീകരണത്തോടെ രാജകീയ സഭയായി മാറി. പില്‍ക്കാലത്ത് റോം കേന്ദ്രമാക്കിയ കത്തോലിക്കാ സഭയും റോമാ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ബിസാന്റിയം എന്നു വിളിക്കപ്പെട്ടിരുന്ന ആധുനിക ഇസ്റ്റാംബൂള്‍) കേന്ദ്രമാക്കിയ ഓര്‍ത്തഡോക്സ് സഭയും സാമ്രാജ്യ വ്യവസ്ഥയുടെ അധികാരഘടനകളേയും സ്ഥാനമാനങ്ങളേയും അനുകരിച്ചു തുടങ്ങി. ലത്തീന്‍ ഭാഷാ പാരമ്പര്യത്തിലുള്ള റോമന്‍ സഭയും ഗ്രീക്ക് ഭാഷാ പാരമ്പര്യത്തിലുള്ള ഓര്‍ത്തഡോക്സ് സഭയും കൂടാതെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിരിലുള്ള സുറിയാനി സഭകളും ഈജിപ്തിലെ കോപ്റ്റിക്ക് സഭയും ആദ്യകാലത്ത് പ്രബലമായിരുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെ റോമാ സാമ്രാജ്യത്തിന്റെ പുറത്ത് എത്യോപ്യാ, ഇന്ത്യ, നൂബിയ, അര്‍മീനിയ, ജോര്‍ജിയ, പേര്‍ഷ്യയിലെ മെസപ്പത്തോമിയ തുടങ്ങിയ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രിസ്തീയ സഭകള്‍ സ്ഥാപിതമായി എന്നത് വിസ്മരിച്ചുകൂടാ. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ സഭകളാണ് ലോകചരിത്രത്തില്‍ കൂടുതല്‍ അറിയപ്പെട്ടതും സ്വാധീനം ചെലുത്തിയതും. റോമിലും മറ്റുമുണ്ടായ വൈദിക അധികാര വ്യവസ്ഥകള്‍ മറ്റ് സഭകളിലേക്കും വ്യാപിച്ചതായി കാണാം. യൂറോപ്യന്‍ സഭകളുടെ സാമ്രാജ്യത്വ ശേഷിയും കൊളോണിയല്‍ പ്രസ്ഥാനവും മറ്റു പല ഘടകങ്ങളും അതിന് അനുകൂലമായി.

ഇരുവാള്‍ സിദ്ധാന്തം: പാശ്ചാത്യ റോമാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിഭരണം ദുര്‍ബ്ബലമായപ്പോള്‍ റോമിലെ പാത്രിയര്‍ക്കീസന്മാരായിരുന്ന മാര്‍പ്പാപ്പാമാര്‍ ആത്മീയാധികാരത്തിന്റേയും ലൗകികാധികാരത്തിന്റേയും 'ഇരുവാള്‍ സിദ്ധാന്തം' അവകാശപ്പെടുകയും യൂറോപ്പിലെ നാട്ടുരാജാക്കന്മാരെ തങ്ങളുടെ വരുതിക്ക് നിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അഞ്ചാം നൂറ്റാണ്ടിലെങ്കിലും തുടങ്ങിയ ഈ റോമന്‍ അധികാര വ്യവസ്ഥ പത്തൊന്‍പതാം നൂറ്റാണ്ടു വരെയും യൂറോപ്പിന്റെ പല സ്ഥലങ്ങളിലും നിലനിന്നു. നെപ്പോളിയന്‍ ബോണാപ്പാര്‍ട്ടിന്റെ കിരീടധാരണം ശ്രദ്ധേയമാണ്. 1803-ല്‍ നെപ്പോളിയന്‍ ഫ്രെഞ്ചു രാജാവായപ്പോള്‍ പഴയ പതിവനുസരിച്ച് പീയുസ് ഏഴാമന്‍ മാര്‍പ്പാപ്പാ പാരീസിലെ നോത്രദാം കത്തീഡ്രലിലെത്തി. ആഡംബര പൂര്‍ണ്ണമായ രാജകീയ സദസ്സില്‍ നെപ്പോളിയന്‍ മാര്‍പ്പാപ്പയുടെ മുന്‍പില്‍ മുട്ടുകുത്തുകയും മാര്‍പ്പാപ്പാ അദ്ദേഹത്തെ കിരീടം അണിയിക്കുകയും ചെയ്യും എന്നെല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വളരെ നാടകീയമായി നൊപ്പോളിയന്‍ നടന്നുവന്ന് മാര്‍പ്പാപ്പയുടെ കയ്യില്‍നിന്ന് കിരീടം എടുക്കുകയും അവിടെ കൂടിയിരുന്ന വന്‍ സദസ്സിന് നേരെ തിരിഞ്ഞ് കിരീടം സ്വയം അണിയുകയും തന്റെ ഭാര്യയെ കിരീടം ധരിപ്പിച്ച് രാജ്ഞിയായി വാഴിക്കുകയും ചെയ്തു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ നീണ്ട മാര്‍പ്പാപ്പയുടെ വൈദിക അധികാരത്തിനേറ്റ കനത്ത അടിയായിരുന്നു അത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കിയ ബയിസന്റയിന്‍ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. രാജകീയ മതം എന്ന നിലയില്‍ അതിന്റെ മുതല്‍പിടിക്കാരായ പല മെത്രാന്മാരും വൈദികരും സമ്പത്തും സ്ഥാനമാനങ്ങളും തേടുന്നവരായി. എന്നാല്‍ 1453-ല്‍ ഓട്ടമന്‍ തുര്‍ക്കികള്‍ മഹാനഗരമായ കോണ്‍സ്റ്റാന്റിനോപ്പില്‍ പിടിച്ചെടുത്തതോടെ അവിടെ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ അധികാരശേഷി ഇല്ലാതെയായി. പശ്ചിമേഷ്യയില്‍ ഒരിക്കല്‍ പ്രബലമായിരുന്ന ക്രിസ്തീയ സഭകള്‍ മിക്കതും ഇസ്ലാമിക ഭരണകൂടങ്ങള്‍ക്ക് ഇന്നും വിധേയമായി നില്‍ക്കുന്നു. ഇറാക്ക്, സിറിയാ എന്നീ രാജ്യങ്ങളിലൊക്കെ സഭകള്‍ നാമമാത്രമെന്ന് പറയാം.

സന്ന്യാസത്തിന്റെ പ്രതിഷേധം: ഈജിപിതിലെ മരുഭൂമിയിലും പലസ്തീന്‍ പ്രദേശങ്ങളിലും മൂന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയ സന്ന്യാസപ്രസ്ഥാനം ആരംഭിച്ചത്, ലൗകികാധികാരങ്ങളില്‍ അഭിരമിച്ചു തുടങ്ങിയ സഭാ വ്യവസ്ഥയോടുള്ള പ്രതിഷേധം ആയിട്ട് കൂടിയായിരുന്നു. ഒരു ബിഷപ്പിനെ കണ്ടാല്‍ എത്രയും വേഗം ഓടി മാറിക്കൊള്ളണം എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച സന്ന്യാസിഗുരുക്കന്മാരും ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, ബിഷപ്പിന്റെ പദവിയും സ്ഥാനമാനങ്ങളും യുവ സന്ന്യാസിമാരെ അവരുടെ സമര്‍പ്പണ ജീവിതത്തില്‍നിന്ന് വഴിതെറ്റിക്കാനിടയുണ്ട് എന്നതായിരുന്നു ഭയം. വിശുദ്ധ അന്തോണിയോസ്, വിശുദ്ധ അപ്രേം തുടങ്ങിയവരെപ്പോലെ പില്‍ക്കാലത്ത് പ്രശസ്തരായി തീര്‍ന്ന സന്ന്യാസി ശ്രേഷ്ഠന്മാര്‍ മിക്കവരും വൈദികസ്ഥാനികളല്ലായിരുന്നു. പ്രാര്‍ത്ഥനയിലും തപോനിഷ്ഠയിലും കാരുണ്യപ്രവൃത്തികളിലും വേരൂന്നിയ ജീവിതശൈലിയിലൂടെയാണ് അവര്‍ ക്രിസ്തുമാര്‍ഗ്ഗം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചത്. ജനങ്ങള്‍ക്ക് വലിയ വിശ്വാസവും ആശ്രയവുമായിരുന്നു അങ്ങനെയുള്ളവരില്‍. അതുകൊണ്ട് പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ ബിഷപ്പിനെ തെരഞ്ഞെടുക്കേണ്ടത് സന്ന്യാസിമാരില്‍ നിന്നാവണം എന്ന രീതി പില്‍ക്കാലത്തുണ്ടായി. ഇപ്പോഴും അന്ത്യോക്യന്‍ സുറിയാനി സഭകളില്‍ ബിഷപ്പ് ധരിക്കുന്ന ശിരോവസ്ത്രം (13 കുരിശടയാളങ്ങള്‍ തയ്യിപ്പിച്ച് ചേര്‍ത്ത മസനപ്സ) സന്ന്യാസിയുടെ വേഷത്തിന്റെ ഭാഗമാണ്. ഒരാള്‍ മെത്രാനായാലും അയാള്‍ ജീവിതനിഷ്ഠകളില്‍ സന്ന്യാസിയുടെ പാരമ്പര്യം നിലനിര്‍ത്തണമെന്നാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

അധികാരമല്ല, അധികാരത്തിന്റെ ജീര്‍ണ്ണതയാണ് സമൂഹത്തിന്റേയും ക്രിസ്തീയ സഭകളുടേയും പ്രശ്‌നം. യൂദമതാദ്ധ്യക്ഷന്മാരുടെ നോട്ടത്തില്‍ യേശു പഠിപ്പില്ലാത്തവനും പൗരോഹിത്യ അധികാരമില്ലാത്തവനുമായിരുന്നു. എങ്കിലും അവന്റെ പ്രബോധനങ്ങള്‍ എത്ര ആധികാരികമാണ് എന്നു തിരിച്ചറിഞ്ഞ ജനങ്ങള്‍ അത്ഭുതം കൂറിയതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു. ജീര്‍ണ്ണിച്ചുപോയ മതാധികാരത്തെയാണ് ക്രിസ്തു സാഹസികമായി നേരിട്ടത്. തന്റെ അമ്മ ഉള്‍പ്പെടെയുള്ള സ്ത്രീകളോട് യേശു പ്രകടിപ്പിച്ച ആദരപൂര്‍വ്വമായ സ്‌നേഹസൗഹൃദങ്ങളും കാരുണ്യവും കുഞ്ഞുങ്ങളോട് പ്രദര്‍ശിപ്പിച്ച ആര്‍ദ്രമായ വാല്‍സല്യവും കരുതലും പില്‍ക്കാലത്ത് പല സഭകളുടേയും ഔദ്യോഗിക ഘടനകളില്‍നിന്ന് മിക്കവാറും അപ്രത്യക്ഷമായി. എന്നാല്‍, അതേ സമയം, എത്രയോ ആയിരം വൈദികരും സന്ന്യസ്തരും അധികാരത്തിന്റെ വെച്ചുകെട്ടുകളില്ലാതെ ക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി എളിമയോടെ, നമ്മുടെ ലോകത്തെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതും വിസ്മരിച്ചുകൂടാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com