'എല്ലാ കാര്യത്തിലും നമ്മള്‍ അഭിപ്രായം പറയണമെന്നില്ല' ;  എംടി അഭിമുഖം

ഇടതുപക്ഷത്തിന്റെ - പ്രത്യയശാസ്ത്രപരമായി എന്നല്ല  പല കാര്യങ്ങളോടും ഒരടുപ്പം തോന്നിയിരുന്നു. കാരണം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത് എന്ന് തോന്നി
ചിത്രങ്ങള്‍: ടിപി സൂരജ്‌
ചിത്രങ്ങള്‍: ടിപി സൂരജ്‌

ടുത്തിടെ ഒ.എന്‍.വി  അവാര്‍ഡ് സ്വീകരിച്ചുകൊണ്ട്  താങ്കള്‍ പറയുന്നുണ്ടായിരുന്നു കവിതയാണ് ആദ്യം ഏഴുതാന്‍ ശ്രമിച്ചത് എന്ന്. എപ്പോഴാണ് കഥയാണ് തട്ടകമെന്നു തിരിച്ചറിഞ്ഞത്?

എനിക്ക് തോന്നുന്നു ആദ്യം എല്ലാവരും തുടക്കത്തില്‍ കവിതയാകും എഴുതുന്നത്. നമ്മളൊക്കെയും കുട്ടിക്കാലത്തു ആദ്യം കവിതയാണ് എഴുതിയത്. പിന്നെ  കുറച്ചു കഴിഞ്ഞപ്പോള്‍ നമുക്ക് തന്നെ തോന്നി അത് ശരിയാകുന്നില്ല. കാരണം, നമ്മള്‍ മുതിര്‍ന്നവരുടെയൊക്കെ കവിതകള്‍ വായിക്കുന്നുണ്ട്. ശരിയാകുന്നില്ല എന്ന് തോന്നിയിട്ട്, ആരും പറഞ്ഞിട്ടല്ല, നമ്മള്‍ തന്നെ വിട്ടുകളഞ്ഞു. കുറേശ്ശേ കഥയെഴുതാന്‍ തുടങ്ങി. അങ്ങനെയാണ് തുടക്കം. പിന്നെ അത് തന്നെയാണ് നമ്മുടെ ഒരു മേഖല എന്ന് നമ്മുക്ക് തന്നെ ഒരു ബോധ്യം വന്നു. 

ആദ്യത്തെ കഥ 13, 14 വയസ്സിലായിരുന്നല്ലോ? 

അതെ. 14 വയസ്സിലാണ്. 

ഇപ്പോള്‍ എം.ടിക്ക് 85 വയസ്സായി. എഴുപത് വര്‍ഷമായി എഴുതുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ സ്വന്തം എഴുത്തിനെ എങ്ങനെയാണ് എം.ടി. വിലയിരുത്തുന്നത്?  


തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യകാലത്ത്  നമുക്ക് തന്നെ അറിയില്ല. നമ്മളൊരു തരം ട്രയല്‍ ആന്‍ഡ് എറര്‍ പോലെയാണ്. നമ്മളിതാരെയും കൊണ്ട് കാണിച്ചിട്ടല്ല, നമുക്ക് തന്നെ എഴുതിക്കഴിഞ്ഞാല്‍ അത് ശരിയായി അല്ലെങ്കില്‍ ശരിയായില്ല എന്ന് തോന്നും. അപ്പൊ നമ്മളത് വിട്ടുകളയും. വേറെ നോക്കാമെന്നു വിചാരിച്ചു ശ്രമിക്കുന്നു. കുറച്ചു കഴിയുമ്പോള്‍ നമുക്ക് തോന്നുന്നു, കഷ്ടി ശരിയായി. അത് പിന്നെ, ഇതെന്തു ചെയ്യണം എന്നറിയില്ല. അപ്പൊ, നമുക്കറിയാവുന്ന ചെറിയ പത്രമോഫീസിലേക്ക് അയയ്ക്കും. ചിലത് അച്ചടിച്ചു വരും. അപ്പോള്‍, നമുക്ക് തന്നെ ഒരത്ഭുതമുണ്ട്, ഒരാഹ്ലാദവുമുണ്ട്. അങ്ങനെ ആണ് തുടക്കം. പിന്നെ, പഠിക്കുന്ന കാലത്ത്, കോളേജില്‍ പഠിക്കുമ്പോള്‍ കഥയെഴുതും. ചിലതിനൊക്കെ അയയ്ക്കും. ചിലത് അച്ചടിച്ചു വരും. കുറച്ചു കഴിയുമ്പോള്‍ ഇതു തന്നെയാണ് മേഖല നമുക്ക് പറ്റിയത് എന്ന് തോന്നും. കാരണം, അതിനു മുന്‍പ് നമ്മളൊക്കെ വായിക്കുന്നുണ്ട്. നമ്മുടെ മുന്‍ഗാമികളായിട്ടുള്ള, വലിയ എഴുത്തുകാരുടെ കഥകള്‍ വായിച്ചിട്ടുണ്ട്.  അതില്‍ ഒരല്പഹ്ലാദമുണ്ട്. അവരെപ്പോലെ എഴുതാന്‍ കഴിയുമെന്ന വിശ്വാസത്തിലല്ല. പക്ഷേ, അവരൊക്കെ എഴുതുന്നുണ്ടല്ലോ നമുക്കും ശ്രമിച്ചുകൂടെ എന്നൊരു തോന്നല്‍. അങ്ങനെ, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കും. എസ്.കെ.  പൊറ്റെക്കാട്, തകഴി, കേശവദേവ്, ബഷീര്‍ ഇവരുടെയൊക്കെ കഥകള്‍ വായിച്ച് നമുക്കൊരു വല്ലാത്ത ഒരാഹ്ലാദം. അതേപോലെ എഴുതാന്‍ പറ്റുമെന്ന് വിചാരിച്ചിട്ടല്ല, പക്ഷേ, കഥയാണ് നമ്മുടെ മേഖല. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയത് എന്നൊരു തോന്നലുണ്ടായി. അത് തുടര്‍ന്നു. 

ഈ പറഞ്ഞ മുന്‍കാല എഴുത്തുകാരില്‍ അങ്ങയെ സ്വാധീനിച്ച എഴുത്തുകാരുണ്ടോ?

ഇവരെല്ലാവരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ കഥകള്‍ വായിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, കഥകള്‍ അങ്ങനെ കിട്ടുകയൊന്നുമില്ല.  അടുത്ത് ചില ലൈബ്രറികള്‍ ഉണ്ടായിരുന്നു. അവിടെ പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ തേടിപ്പിടിച്ചു പോയി ഈ പുസ്തകങ്ങള്‍ വാങ്ങിച്ചുകൊണ്ട് വന്ന് വായിച്ച് ഭദ്രമായിട്ടു തിരിച്ചുകൊടുക്കും. തകഴി, ദേവ്, ബഷീര്‍, കാരൂര്‍, പൊറ്റെക്കാട്... ഇവരുടെയൊക്കെ  കഥകള്‍ വായിക്കുമ്പോള്‍ കഥകളിലുള്ള ഒരു    കഥ വായിക്കുന്ന  രസം; അതിനപ്പുറം ഇവരോടുള്ള ഒരാരാധനയും. ഒരാള്‍ എന്ന് പറഞ്ഞുകൂട, ഈ മുതിര്‍ന്ന എഴുത്തുകാരെയൊക്കെ നമ്മള്‍ മനസ്സില്‍ ആരാധിക്കും. ഏതെങ്കിലും കാലത്ത്  ഇവരെപ്പോലെയൊക്കെ എഴുതാന്‍ പറ്റണമേ എന്നൊരു തോന്നല്‍.

എം.ടി. വളരെ ചെറുപ്പത്തില്‍ത്തന്നെ ഇംഗ്ലീഷ് വായിച്ചു തുടങ്ങിയ ആളാണ്. വിശ്വ സാഹിത്യത്തില്‍ അങ്ങയെ ആകര്‍ഷിച്ചത് ആരൊക്കെയാണ്?  

ഞാന്‍ മലയാളം മാത്രമല്ല, പുറമെയുള്ളതും വായിക്കാന്‍ തുടങ്ങിയതിനു ചില കാരണങ്ങളുണ്ടായിരുന്നു, ഇതു വായിച്ചാല്‍ നിനക്കും മനസ്സിലാകും എന്ന് എന്റെ ജ്യേഷ്ഠന്‍ പറയുമായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി.  കോളേജില്‍ പഠിക്കുമ്പോള്‍ പ്രത്യേകിച്ചും. ഞാന്‍ പഠിച്ച വിക്ടോറിയ കോളേജില്‍ സാമാന്യം നല്ല ലൈബ്രറി ഉണ്ടായിരുന്നു. അവിടെനിന്ന് പുസ്തകങ്ങള്‍ എടുക്കാം. ഒരു സ്റ്റുഡന്റിനു രണ്ടു കാര്‍ഡുണ്ട്. അതുപയോഗിക്കാത്തവരുടെ കാര്‍ഡ് നമ്മള്‍ കളക്ട് ചെയ്യും. വെക്കേഷന് പോകുമ്പോള്‍ 10-20 കാര്‍ഡ് ഉണ്ടാകും. ഈ പുസ്തകങ്ങള്‍ ഒക്കെ വായിക്കുന്നത് അടഞ്ഞുകിടക്കുന്ന ചില വാതിലുകള്‍ തുറക്കുന്നതു പോലെയാണ്. മലയാളത്തില്‍ നമ്മള്‍ വായിക്കുന്നുണ്ട്. അതിനു പുറമെ ഇംഗ്ലീഷില്‍ ഉള്ള പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. 

ഹിഗ്ഗിന്‍ ബൊതേംസില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കുന്നത് എഴുതിയിട്ടുണ്ടല്ലോ?  

അതെ. ഒരുറുപ്പിക ആയിരുന്നു അന്ന് പോക്കറ്റ് ബുക്സിന് വില. പോക്കറ്റ് ജയന്റ്സ് എന്ന് പറയുന്ന വലിയ പുസ്തകത്തിന് രണ്ടുറുപ്പിക. എമിലി സോളയുടെ നാനയ്ക്കു  രണ്ടുറുപ്പിക ആയിരുന്നു അന്ന് വില. ഞാന്‍ പാലക്കാടേക്ക് കോളേജില്‍നിന്ന് പോകുന്നതും വരുന്നതും ഷൊര്‍ണൂര്‍ വഴിക്കാ. സ്റ്റേഷനില്‍ വണ്ടി കുറച്ചു നേരം  നില്‍ക്കും. അവിടെ ഹിഗ്ഗിന്‍ ബോതംസിന്റെ ഒരു സ്റ്റാള്‍ ഉണ്ട്. അവിടെനിന്ന് പുസ്തകം എടുക്കും. വാങ്ങാനൊന്നും അധികം സൗകര്യമുണ്ടാകില്ല, പൈസയുണ്ടാകില്ല. എന്നാലും കുറച്ചു ലുബ്ധിച്ചൊക്കെ രണ്ടും മൂന്നും ബുക്ക്സ് വാങ്ങും.    

ഈ നീണ്ട കരിയറില്‍ എം.ടി. പത്രാധിപരായിരുന്നു, അധ്യാപകനായിരുന്നു, എഴുത്തുകാരനാണ്, തിരക്കഥാകൃത്താണ്, ചലച്ചിത്രകാരനാണ്. ഏതാണ് എം.ടി. സ്വയം ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്?   

എനിക്ക് എഴുത്തുതന്നെയായിരുന്നു ഏതു കാലത്തും എനിക്ക് സംതൃപ്തി തന്നത്. ഒരു കഥയെഴുതിക്കഴിഞ്ഞ് നമുക്കൊരു  സന്തോഷവും. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എഴുത്തു തന്നെയാണ് ഏതു കാലത്തും സംതൃപ്തി കണ്ടിരുന്നത്, ആഹ്ലാദം കണ്ടിരുന്നത്. എഴുതിക്കഴിഞ്ഞു നമുക്ക് തന്നെ ആ ശരിയായി എന്നുള്ളിലൊരു വിസ്പര്‍ എന്നൊരു തോന്നലുണ്ടാകുമ്പോള്‍ അത് വലിയൊരു ആഹ്ലാദത്തിന്റെ നിമിഷമാണ്. 

കേരളസമൂഹത്തില്‍ എല്ലാ നാളും എല്ലാ വിഷയങ്ങളോടും പ്രതികരിക്കുന്ന ഒരു വിഭാഗം സാംസ്‌കാരിക നായകന്മാരുണ്ട്. എന്നാല്‍, അങ്ങനെ എല്ലാറ്റിനോടും പ്രതികരിക്കാത്ത എഴുത്തുകാരനാണ് എം.ടി. അതൊരുപാട് വിമര്‍ശനങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. അതേ സമയം എം.ടിയുടെ പ്രതികരണങ്ങള്‍ വലിയ ചലനമുണ്ടാക്കിയിട്ടുമുണ്ട്. അതിപ്പോള്‍, തൊണ്ണൂറുകളിലെ ബാബറി മസ്ജിദ് വിഷയമാണെങ്കിലും രണ്ടായിരത്തിലെ മുത്തങ്ങ വിഷയമാണെങ്കിലും ഏറ്റവും ഒടുവില്‍ നോട്ടു നിരോധനമാണെങ്കിലും എം.ടി. പ്രതികരിക്കുമ്പോള്‍ കേരളം ചെവിയോര്‍ക്കും?  

അങ്ങനെയല്ല. പലതിനെപ്പറ്റിയും നമുക്കഭിപ്രായമുണ്ടാകും. എല്ലാം കേറിയിട്ടഭിപ്രായം പറയണമെന്നില്ല. എല്ലാ ആളുകളും പറയുന്നുണ്ട്. എല്ലാം ഒരുവിധം അറിയുന്നുണ്ട്. പക്ഷേ, നമുക്ക് പറഞ്ഞേ തീരൂ എന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അപ്പൊ നമ്മള്‍ പറയുന്നു. അതിനുവേണ്ട സന്ദര്‍ഭങ്ങളുണ്ട്. അതിനുവേണ്ടി നമ്മള്‍ പ്രസ്താവന ഇറക്കാന്‍ നടക്കുകയല്ല. പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ നമ്മള്‍ പറയുന്നു. എല്ലാറ്റിനെപ്പറ്റിയും അങ്ങനെ പറയണമെന്നില്ല. നമ്മുടെ ഉള്ളിലുണ്ട്. അതു നമ്മളെ സ്പര്‍ശിച്ചിട്ടുണ്ട്. അതെപ്പോഴെങ്കിലും നമ്മുടെ ഉള്ളില്‍നിന്ന് വരും.  പ്രസംഗിക്കുമ്പോഴോ എഴുതുമ്പോഴോ ഒക്കെയായിട്ട് നമ്മുടെ പ്രതികരണം ഏതെങ്കിലും നല്ല രീതിയില്‍ വരാതിരിക്കില്ല. ഇപ്പൊ ഒന്ന് കണ്ടു, ഉടനെ അതിനെക്കുറിച്ച് സ്റ്റേറ്റ്‌മെന്റ് ഇറക്കണം എന്നെനിക്കു തോന്നാറില്ല. 

പക്ഷേ, ഈ മൗനം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമില്ലേ?  

അതിപ്പോ, ആളുകള്‍ എന്ത് ധരിക്കുന്നുവെന്നതല്ല. നമുക്ക് പറയണം എന്ന് തോന്നിയ സമയത്ത് പറയുക. പിന്നെ, ഓരോന്നിനെപ്പറ്റിയും നമ്മള്‍ പറഞ്ഞേ തീരൂ എന്നൊന്നുമില്ല. എല്ലാറ്റിനെപ്പറ്റിയും നമ്മളൊരു കമന്റ് പറഞ്ഞു, അത് നമ്മുടെ ബാധ്യതയൊന്നുമല്ല. നമുക്ക് പറയണം, പറഞ്ഞേ മതിയാകൂ എന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ആ സമയത്ത് പറയും.

അടുത്തിടെ കേരളസമൂഹത്തിലുണ്ടായതില്‍ നോട്ടു നിരോധനമല്ലാതെ എം.ടിക്ക് പ്രതികരിച്ചേ പറ്റൂ എന്ന് തോന്നിയ മറ്റ് സംഭവങ്ങള്‍ ഏതൊക്കെയാണ്?

ഉണ്ട്. ഇപ്പൊത്തന്നെ നടന്ന (കാമ്പസ്) കൊലപാതകം. അതൊക്കെ എന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുള്ളതാണ്. അത് ഞാന്‍ ഉടനെ തന്നെ ഒരു പ്രസ്താവന ഇറക്കുക എന്നുള്ളതല്ല. അതെന്റെ മനസ്സിലുണ്ട്. ഞാനതിന്റെ ഒരു സന്ദര്‍ഭം വരുമ്പോ, സമയം വരുമ്പോ, ഉചിതം എന്ന് തോന്നുന്ന സമയത്ത് ഞാന്‍ പറഞ്ഞേക്കും. അതെന്റെ ഉള്ളിലില്ലാത്തതല്ല, എന്നെ സ്പര്‍ശിക്കാത്തതല്ല. വളരെയധികം സ്പര്‍ശിച്ചതാ.

അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ത്തന്നെ ഒരു എഴുത്തുകാരനെന്ന നിലയില്‍ മാത്രമല്ല, എട്ട് പതിറ്റാണ്ടായി കേരളത്തെ കാണുന്ന ഒരാളെന്ന നിലയില്‍ കാമ്പസ് രാഷ്ട്രീയത്തില്‍ എന്ത് തരം മാറ്റം വന്നു?

വയലന്‍സ് തിരിച്ചു വരുന്നുണ്ട്. ഏതു കാലത്തും കാമ്പസുകളില്‍ കുറച്ചു വയലന്‍സ് ഉണ്ടായിരുന്നു. ഇലക്ഷന്റെ ഒക്കെ ഭാഗമായിട്ട്. അതല്ലാതെ അതിക്രൂരമായ, വയലന്റായ കൊലപാതകങ്ങള്‍ പണ്ടിത്രയും ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. ഇപ്പൊ അത് കേള്‍ക്കുമ്പോ നമുക്ക് അത്ഭുതം തോന്നും. ഇവിടെ ഇതൊക്കെ സംഭവിക്കുമോ?

അതിനോടൊപ്പം തന്നെ ചോദിക്കാനുള്ളത്, ഇന്ത്യയില്‍ പൊതുവെ ഒരസഹിഷ്ണുത വരുന്നുണ്ട് ?

ശരിയാണ്. വളര്‍ന്നുവരുന്നുണ്ട്. 

അത് എം.ടിയെ എത്രത്തോളം  ബാധിച്ചിട്ടുണ്ട്?

അത് എന്നെയും സ്വാധീനിച്ചിട്ടുണ്ട്, മാത്രമല്ല, വിഷമിപ്പിച്ചിട്ടുണ്ട്, വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു. എഴുത്തിന്റെ മാത്രമല്ല അത്, പലതരത്തിലുള്ള ഇന്‍ടോളറന്‍സ്. ഒരു പുസ്തകമെഴുതിയാല്‍, അല്ലെങ്കില്‍ നിലവിലുള്ള ഒന്നിന് എതിരായിട്ടൊരാള്‍ സംസാരിച്ചെന്നു പറഞ്ഞാല്‍, ഒരു ഇന്‍ടോളറന്‍സ് ഉണ്ട്. അത് കൂടുതലായി പെരുകിവരുന്നു. അത് നമ്മളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. നമ്മളെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യങ്ങളതാ.  നമുക്കെല്ലാറ്റിനും പരിഹാരമുണ്ടാക്കാന്‍ പറ്റില്ല. ഒന്ന് രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍,  ഇതൊക്കെ നമ്മളെ വളരെയധികം സ്പര്‍ശിക്കുന്നുണ്ട്. പിന്നെ വളരെയധികം സ്പര്‍ശിക്കുന്ന മറ്റൊന്ന് പ്രകൃതിയോടുള്ള കൈയേറ്റങ്ങള്‍  പുഴകളോട്, പച്ചപ്പിനോട്, വയലുകളോട് ഒക്കെ ഉള്ള കൈയേറ്റങ്ങള്‍. അങ്ങനെ കുറേ കാര്യങ്ങളുണ്ട് നമ്മെ സ്പര്‍ശിക്കുന്നത്. ഇങ്ങനെ ചിലതുണ്ട്. ഇതിന്റെ  പുറമെയാണ് ഞാനീ പറഞ്ഞ പ്രകൃതിയോട് ഭാഷയോടുള്ള അവഗണന മറ്റൊരു കാര്യമാണ്. നമ്മളതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.  ഇത്തരം കൈയേറ്റങ്ങള്‍ എല്ലാവരേയും സ്പര്‍ശിക്കുന്ന കാര്യങ്ങളാണ്. ഇവിടുത്തെ മാത്രം എഴുത്തുകാരെയല്ല. ലോകത്തിന്റെ, ഇന്ത്യയുടെ പല ഭാഗത്തും പല എഴുത്തുകാരും ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍, കടന്നാക്രമണങ്ങള്‍  നമ്മുടെ ചിന്താ ശക്തി വളരാത്ത വിധത്തിലുള്ള കൈയേറ്റങ്ങള്‍. അത് ഒരു നല്ല കാര്യമായിട്ട് തോന്നിയിട്ടില്ല. നമ്മളെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്.  

ഇന്‍ടോളറന്‍സ് ഒരു ഘട്ടത്തിലേക്ക് വളര്‍ന്നു കഴിയുമ്പോള്‍ പല രീതിയില്‍ പുറത്തു വരുന്നുണ്ട്. അത് പെരുമാള്‍ മുരുകന്റെ പുസ്തകം തടയുന്നതിലാകാം, കല്‍ബുര്‍ഗിക്കോ ധബോല്‍ക്കറിനോ പന്‍സാരെക്കൊ ഗൗരി ലങ്കേഷിനോ പറ്റിയതുപോലെ നിശ്ശബ്ദരാക്കപ്പെടുകയാകാം. അല്ലെങ്കില്‍ ഒരു സിനിമ കാണിക്കാന്‍ അനുവദിക്കാത്ത തരത്തിലാകാം. എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കണമെന്നാണ് എം.ടി. കാണുന്നത്?

പ്രതിരോധിക്കുകതന്നെ വേണം. എഴുതാതിരിക്കാന്‍ പറ്റില്ല, ആ എഴുത്ത് എത്ര പേരിലെത്തുമെന്നു പറയാന്‍ പറ്റില്ല. പക്ഷേ, പ്രതിരോധം വാക്കുകളിലൂടെ, നാടകമായാലും സിനിമയായാലും ഇതിലൂടെയൊക്കെ പ്രതിരോധത്തിന്റെ ശബ്ദങ്ങള്‍ വരും, വരാതിരിക്കില്ല.

പക്ഷേ, പലപ്പോഴും ചലച്ചിത്രങ്ങളൊക്കെ ജനങ്ങളിലേക്കെത്താത്ത ഒരവസ്ഥയുണ്ട്. ഇന്‍ടോളറന്‍സ് വളര്‍ന്നു എഴുത്തുകാരനെ മൂടുന്ന ഒരാവസ്ഥയുണ്ട് ?

അത് വളരെ ദയനീയമായ ഒരവസ്ഥയാണ്. അതിന്റെ ഗൗരവം എഴുത്തുകാരും കലാകാരന്മാരും മാത്രമല്ല  സമൂഹമറിയണം, ഈ കാലം അറിയണം.

അതിനോടൊപ്പം തന്നെ ചോദിക്കുകയാണ്. 'നിര്‍മാല്യം' വന്നിട്ടിപ്പോള്‍ 45 വര്‍ഷമാകുന്നു. അന്ന് അത് വിപ്ലവകരമായിരുന്നു. വിഗ്രഹത്തോട് പ്രതിഷേധിക്കാന്‍ ഒരു വെളിച്ചപ്പാട് അന്ന് കാണിച്ച ധൈര്യം ഇന്നായിരുന്നെങ്കില്‍ എം.ടി. എന്ന എഴുത്തുകാരന്‍ കാണിക്കുമായിരുന്നോ? 

അന്ന് ചെയ്തു. ഇന്നിപ്പോ അതേപോലത്തേത് എന്നുള്ളത് പറയാന്‍ പറ്റില്ല. അതുപോലത്തെ ഒരു തീം നമ്മുടെ മനസ്സില്‍ വന്നാലല്ലേ പറയാന്‍ പറ്റൂ. അന്നത് എന്റെ ഗ്രാമവുമായി ബന്ധപ്പെട്ടുള്ളതാണ്, ഞാന്‍ കാണുന്നതാണ്. ഉത്സവമില്ലാത്ത കാലങ്ങളില്‍ ഈ വെളിച്ചപ്പാട് ബെഗ് ചെയ്തിട്ട് വീട് വീടാന്തരം നടന്ന് നെല്ല് പിരിക്കുന്നത് ഞാന്‍ എന്റെ കുട്ടിക്കാലത്തു കണ്ടതാണ്. അത് നമ്മളറിയുന്ന ജീവിതത്തിന്റെ  ഭാഗമാണ്. നമ്മളതിനു വേണ്ടി ഉണ്ടാക്കിയതല്ല. വെളിച്ചപ്പാടെ, നിങ്ങളും ഇരക്കാന്‍ തുടങ്ങിയോ? വീടിലെ അമ്മമ്മ ചോദിക്കുന്നതാണ്. ഇതേപോലുള്ള സംഭവങ്ങള്‍കൊണ്ടാണ് നിര്‍മാല്യം വന്നത്. അപ്പോള്‍ അതേപോലുള്ള ഒന്ന് ചെയ്യുക എന്നുള്ളതല്ല, സമാനമായ പലതും നമ്മളെ അസ്വസ്ഥരാക്കുന്ന പലതുമുണ്ട്. അതിനെപ്പറ്റി നമുക്ക് സമയം വരുമ്പോ, അതിന്റെ ശരിയായ പ്രചോദനം വരുമ്പോ നമ്മള്‍ ചെയ്തിരിക്കും. 

എം.ടിയുടെ എഴുത്തിലേക്ക് വരുമ്പോള്‍, തങ്ങളുടെ കഥാപാത്രങ്ങള്‍  തിരസ്‌കൃതരാണ്. ജീവിതത്തില്‍നിന്ന്, സമൂഹത്തില്‍നിന്ന് പുറംതള്ളപ്പെട്ടവരാണ്. ഇന്‍സെക്യൂരിറ്റി ഇന്‍ഫെരിയോരിറ്റി ഇതെല്ലാം ഇവരുടെ കാരക്ടറിസ്റ്റിക്സ് ആണ്. തുടര്‍ച്ചയായി ഇതുതന്നെ വരുന്നതെന്താണ്? 

എന്നും അങ്ങനത്തെ  ഉണ്ടായിരുന്നു സമൂഹത്തില്‍, വീടുകളില്‍. ഒറ്റപ്പെട്ടു പോയവര്‍. അവര്‍ എല്ലാ പണിയും ചെയ്യും. പക്ഷേ, അവരുടെ പണി വേണ്ട മാതിരി ആരും ശ്രദ്ധിക്കില്ല. അതെ, എല്ലാ ഗ്രാമങ്ങളിലും വീടുകളിലും ഒക്കെ ഉണ്ടായിരുന്നു. ഈ ഒറ്റപ്പെടല്‍ കൂടുതലായി കഥാപാത്രങ്ങള്‍  ആക്കിയിട്ടുണ്ട്. അവരാണ് നമ്മുടെ നേരെ വരുന്നത്. 

എം.ടിയുടെ തന്നെ ജീവിത പരിസരത്തില്‍നിന്ന് കിട്ടുന്ന കഥാപാത്രങ്ങളാണോ അത്?  

കൂടുതലും എന്റെ വില്ലേജില്‍നിന്ന് വരുന്നതാണ്. കൂടുതലും ആ കാര്യത്തിന് കടപ്പെട്ടിരിക്കുന്നത് എന്റെ വില്ലജിനോടാണ്. അവിടെ ഓരോ കാലത്തും നമ്മുടെ കടന്നുപോകുന്ന കാര്യങ്ങള്‍,  പിന്നെ നമ്മുടെ മുന്‍തലമുറ നമ്മളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍. ഇപ്പൊ എന്റെ അമ്മ, മുത്തശ്ശി ഇവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ അപ്പം നമുക്കതിന്റെ ഗൗരവം മനസ്സിലാകില്ലെങ്കിലും നമ്മുടെ മനസ്സില്‍ കിടക്കും. പിന്നീടത്  പുറമേക്ക് വരും. 

അമ്മയെക്കുറിച്ച് പറയുമ്പോള്‍, അമ്മയ്ക്ക് എന്ന പേരില്‍ എം.ടി. എഴുതിയിട്ടുണ്ട്. അമ്മയെക്കുറിച്ച് എം.ടിയുടെ ഓര്‍മ്മ പങ്കുവെക്കാമോ?

ഞാനെഴുതുന്നതിനെക്കുറിച്ചൊന്നും എന്റെ  അമ്മക്കറിയില്ല. അന്ന് ഞാന്‍ ചെറിയ കുട്ടിയാ. അമ്മക്കാകെ അന്ന് വിഷമമുണ്ടായിരുന്നത്  രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് മണ്ണെണ്ണ കിട്ടാന്‍ വിഷമമാ. അപ്പൊ അതു കാരണം ഈ കുട്ടികള്‍ മോളിലിരുന്ന് എന്താണ് ഈ രാത്രി മണ്ണെണ്ണ ഇല്ലാത്ത കാലത്ത് വീണ്ടും  വിളക്ക്  കത്തിച്ചിരിക്കുന്നത് എന്നൊക്കെയുള്ള ചില ആവലാതികളേ ഉണ്ടായിരുന്നുള്ളു. എന്താ നമ്മള്‍ ചെയ്യുന്നത്, എഴുത്തോ എന്താണെന്നറിയില്ല. അമ്മ-അങ്ങനത്തെ ഒരു വിദ്യാഭ്യാസം ഒന്നുമില്ല. നാട്ടിന്‍ പുറത്തെ ഒരു നാലാം ക്ലാസ്സോ അഞ്ചാം ക്ലാസ്സോ പഠിച്ചിട്ടുള്ള ഒരമ്മ.  പക്ഷേ, ആ അമ്മ എന്നെ പലതരത്തിലും സ്വാധീനിച്ചിട്ടുണ്ട്. ഈ  വീട്ടില്‍ അരി  വച്ചോ എന്നുള്ളതിനേക്കാള്‍ അധികം അമ്മയ്ക്ക്  ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു നമ്മളിവിടെ കഴിക്കാന്‍  ഇരിക്കുമ്പോള്‍, അല്ല  വടക്കേതിലെ കുട്ട്യോള്‍ക്ക് അരിയുണ്ടായിരുന്നോ നെല്ലുണ്ടായിരുന്നോ എന്നത്. അതാണ് അമ്മ  പലയിടത്തും കഥാപാത്രമായി വന്നത്, അമ്മയെ കുറിച്ചെഴുതണം എന്ന് തോന്നിയത്. ഞാനൊന്നുമില്ല. ഞാന്‍ ഒക്കെ വരുന്നതിനു മുന്‍പ് കുട്ടികളായിരുന്ന സമയത്ത്, ഞങ്ങടെ ഭാഗം കഴിഞ്ഞുവത്രേ. ഒരുപാട് അംഗങ്ങള്‍ ഉള്ളതാണ്, അപ്പൊ ഈ കാരണവന്മാരും നാട്ടു മുഖ്യസ്ഥന്മാരും ഒക്കെയിരുന്ന്  ഭാഗം നടത്തുമ്പോള്‍, പലതിനെപ്പറ്റിയും പറയുമ്പോള്‍ ആ അത് നാലായിട്ട് വെയ്ക്കുക  എന്റെ അമ്മയ്ക്ക് നാലു മക്കളാ. പറഞ്ഞുകേട്ടതാണ് അമ്മ അകത്തുനിന്ന് വന്നിട്ട്  അല്ല. എല്ലാവരും, ഈ നാല് നാല് പറയണ്. നാലല്ല, അഞ്ച്. എന്റെ അനിയത്തി അവള്‍ക്കൊരു പെങ്കൊച്ചാ ഉള്ളത്. ഈ നാലെണ്ണം എങ്ങനെയെങ്കിലും പെഴച്ചോളും. നാലാണ്‍കുട്ട്യോളാ. അവര് എങ്ങനെയെങ്കിലും പെഴച്ചോളും. അവളെയും കൂടി കണക്കിലെടുക്കണം  അഞ്ച്. ഇന്ന് അര സെന്റ് ഭൂമിക്കുവേണ്ടി ഫൈറ്റ് നടക്കുന്ന കാലത്ത്, എന്റെ അമ്മ വന്നിട്ട് ഈ ആണുങ്ങളോട് പറയാണ്, നാലല്ല അഞ്ച്. ഇത് ഞങ്ങടവിടെ പിന്നീടൊരു ലെജന്‍ഡ് പോലെയായി. അവര്‍ക്കാ  കുന്നുംപുറവും സ്ഥലവുമൊക്കെ കിട്ടി. ചെറിയമ്മേടെ മകള്‍ക്ക്. ഇവിടെ കഷ്ടപ്പാടുണ്ട്. ഭക്ഷണത്തിനുതന്നെ എവിടെ നിന്നെങ്കിലും  കടം വാങ്ങിയിട്ടുള്ള നെല്ലൊക്കെയാണ്. പക്ഷേ, ഇങ്ങനെയിരിക്കുമ്പോഴും അമ്മയുടെ ഉല്‍ക്കണ്ഠ വടക്കേ വീട്ടിലെ കുട്ട്യോള്‍ക്ക് എവിടുന്നാ നെല്ല് കിട്ടീട്ടുണ്ടാകുക. അത് കുടുംബത്തിലെ മാത്രമല്ല, ഈ പരിസരത്തിലെ എല്ലാവരോടും. അവരൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട്  അതാണ് പ്രധാനമായിട്ടുള്ളത്. ആ തരത്തിലുള്ള ഒരു സ്വാധീനം എന്നിലുണ്ടായിരുന്നു. അമ്മയ്ക്ക് കണ്ടിട്ടുള്ളത്. അമ്മ ഉപദേശിച്ചിട്ടില്ല, പഠിപ്പിന്റെ കാര്യം പറഞ്ഞിട്ടില്ല. ഒന്നുമില്ല. നമ്മള്  മാത്രമല്ല. ഈ കുട്ടികളെപ്പോലെതന്നെയാണല്ലോ അവിടുത്തെ കുട്ട്യോള്. അവര് കഴിച്ചോ, അവരുടെ സ്ഥിതി  എന്നറിയാനുള്ള ഉല്‍ക്കണ്ഠ. അത് അമ്മയുടെ പ്രത്യേകതയായിരുന്നു. ഞാന്‍  കോളേജില്‍  ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. അമ്മ എന്റെ എഴുത്തിനെപ്പറ്റി അറിഞ്ഞിട്ടില്ല.

എഴുത്തിലേക്ക് തിരിച്ചു വന്നാല്‍, മാതൃഭൂമിയിലായിരുന്ന സമയത്ത് കുറേ പുതിയ എഴുത്തുകാര്‍ എം.ടിയിലൂടെ വന്നിട്ടുണ്ട്. അവരുടെ വളര്‍ച്ച ശ്രദ്ധിക്കാറുണ്ടോ?

കുറേയൊക്കെ ശ്രദ്ധിക്കും.

ഇപ്പോഴത്തെ തലമുറയിലെ താങ്കള്‍ ശ്രദ്ധിക്കുന്ന എഴുത്തുകാര്‍?

പലരും നന്നായിട്ട് എഴുതുന്നുണ്ടെന്നു തോന്നുന്നു. പിന്നെ ഞാന്‍ പണ്ടത്തെ മാതിരി വായിക്കുന്നില്ല.പുതിയ എഴുത്തുകാര്‍ പലരും നന്നായി എഴുതുന്നവരാണ്. നല്ല കഥകളും നോവലും വരുന്നുണ്ട്. മോശമായിട്ടെനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പോക്ക് അപകടമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. നമ്മുടെ ചെറുപ്പക്കാരായ എഴുത്തുകാര്‍ വളരെ ഗൗരവമായിട്ട് എഴുത്തിനെ എടുത്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെറും വിനോദത്തിനല്ലാതെ, ഇതൊരു ഗൗരവമായ ഉത്തരവാദിത്വമാണ് എന്ന് കണക്കാക്കിക്കൊണ്ടുതന്നെയാണ് അവരെഴുതുന്നതെന്നാണ് എന്റെ ചെറിയ, പരിമിതമായ വായനയില്‍ കാണുന്നത്.
പണ്ടത്തെ മാതിരി ഞാന്‍ എല്ലാം ഇരുന്നു വായിക്കാറില്ല. എന്നാലും, ഒന്നുകില്‍ നമുക്കതിന്റെ ഫീഡ്ബാക്ക് കിട്ടും - ആ കഥ വായിച്ചോ? ആ കവിത വായിച്ചോ? വായിക്കാം. വായിക്കണം എന്ന് നമ്മളോട് ആ സര്‍ക്കിളിലുള്ള ആളുകള്‍ പറയും. ഗൗരവമായിട്ട് തന്നെ എടുക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആരും ഇതൊരു നിസ്സാരം, തമാശ പോലെയല്ല എല്‍ക്കുന്നത്. അവര്‍ക്ക് ഒരു നേരമ്പോക്കല്ല സാഹിത്യം. അല്ലെങ്കില്‍ കഥയെഴുത്തായാലും കവിതയെഴുത്തായാലും അത് ഗൗരവമായിട്ടെടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അതുമാത്രമല്ല, വായനക്കാരും വളരെ വളര്‍ന്നിട്ടുണ്ട്. പഴേ മാതിരിയല്ല. അവര് ധാരാളം വായിക്കുന്നുണ്ട്. അവര്‍ക്ക് എക്‌സ്‌പോഷര്‍ ഉണ്ട്. അവരുടെ മുന്നില്‍ എത്തിക്കുക, അവരുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള ഒരു ചോദ്യമാണ്. മലയാള മാധ്യമ രംഗത്തുള്ള വലിയ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ?

അച്ചടിമാധ്യമത്തിന്റെ സ്വാധീനം വളരെ വലുതാണ്. അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അതാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. അതെ ഉത്തരവാദിത്വം പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കണം. ഒരു നിസ്സാര വാര്‍ത്ത കൊടുത്ത് ഒരു കലാപം ഉണ്ടാക്കാം. എഴുത്തുകാരുടെ, പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം അവര്‍ സ്വയം തിരിച്ചറിയണം. കാലഘട്ടത്തോടും സമൂഹത്തോടും അവര്‍ക്ക് ബാധ്യതകള്‍ ഉണ്ട്. അതിനെ മറികടക്കാന്‍ പാടില്ല. ഇതൊരു തരം സേവനമാണ്. They are perpetually on the search for truth. മറ്റൊരു രീതിയില്‍ ഇത് എഴുത്തുകാരനും ബാധകമാണ്. 

എം.ടിയുടെ എഴുത്തിന്റെ രീതി എങ്ങനെയാണ്?

തീം ആദ്യം ആലോചിക്കും. പേരിടുന്നത് അവസാനമാണ്

എം.ടിയുടെ ഷോര്‍ട്ട് റൈറ്റിംഗ്സ് വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഉദാഹരണത്തിന് ബഷീര്‍ മരിച്ചപ്പോള്‍ എഴുതിയത്. പിന്നെ മലയാള ഭാഷാ പ്രതിജ്ഞ. അത്തരം എഴുത്തുകള്‍ക്ക് പുറകിലുള്ള തോട്ട് പ്രോസസ്സ് എത്രത്തോളമാണ്?

അത് നമ്മുടെ ഉള്ളിലുള്ളതായിരിക്കാം. ആ സമയത്ത് പെട്ടെന്ന് വന്നതായിരിക്കാം. അതിനുവേണ്ടി തേടിനടക്കുന്നതല്ല. അത് ഉള്ളില്‍നിന്ന് വരുന്ന എഴുത്താണ്. ആലോചിച്ചെടുക്കുന്നതിനേക്കാള്‍, പെട്ടെന്ന് വരുന്നതാണ് അത്തരം എഴുത്തുകള്‍ 

ബഷീറുമായുള്ള അടുപ്പം ഒന്ന് പറയാമോ?

ഞാന്‍ ഏറെ എഴുതിയിട്ടുണ്ട്, ബഷീറിനെപ്പറ്റി. അദ്ദേഹം ചീത്ത പറയുകയും ശകാരിക്കുകയുമൊക്കെ ചെയ്യും. പക്ഷേ, വളരെ സ്‌നേഹമുള്ള ആളായിരുന്നു. കാണാന്‍ വരുന്ന പലരും ശല്യക്കാരാണെന്നു അറിയാമെങ്കിലും, പോകുമ്പോ ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിക്കും. പുറമെ പ്രകടിപ്പിക്കാത്ത നന്മയുടെ ഒരു വലിയ വശമുണ്ടായിരുന്നു.

അതുപോലെ തന്നെ സൗഹൃദമുള്ള ആളായിരുന്നു എസ്.കെ. എന്ന് പറഞ്ഞിട്ടുണ്ട്?

ഞാന്‍ എസ്.കെയുടെ വലിയൊരു ആരാധനാപാത്രമായിരുന്നു. കൂടുതല്‍ പരിചയം ഞാന്‍ കോഴിക്കോട് വന്നതിനു ശേഷമാണ്. വളരെ നല്ല സുഹൃത്തായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് നഗരത്തിലൊക്കെ ചുറ്റിനടക്കും. ഞാന്‍ അദ്ദേഹത്തിനുവേണ്ടി തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. ആകെ ഒരു തെരഞ്ഞെടുപ്പിനെ ഞാന്‍ പ്രസംഗിക്കാന്‍ പോയിട്ടുള്ളൂ. അതില്‍ അദ്ദേഹം തോറ്റു. എഴുത്തുകാര്‍ - പൊന്‍കുന്നം വര്‍ക്കി, ഞാന്‍, വയലാര്‍ - ഒക്കെ ചേര്‍ന്ന് അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഉദ്ഘാടനത്തിനു തലശ്ശേരിയില്‍ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഭാര്യാ വീട്ടിലാണ് താമസിച്ചത്.

ബഷീറിന്റേയും എസ്.കെയുടേയും കടുത്ത ആരാധകനായിരുന്നു എം.ടി. പക്ഷേ, അവരുടെയൊന്നും എഴുത്ത് ഒരുതരത്തിലും എം.ടിയുടെ എഴുത്തിന് ഒരു കലര്‍പ്പുണ്ടാക്കിയിട്ടില്ല?

അത് വേറെ. ബഷീറിന്റെ എഴുത്ത് അദ്ദേഹത്തിനു മാത്രം കഴിയുന്ന, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആണ്. 'ഒരു മനുഷ്യന്‍' പോലുള്ള കഥകള്‍. വടക്കെവിടെയോ സഞ്ചരിച്ച കാലത്തെ കഥകള്‍. ഒരു എഴുപത്തഞ്ചു ശതമാനവും ബഷീറിന്റെ സ്വന്തം അനുഭവങ്ങളാണവ. വളരെ വ്യക്തി പരമായ കാര്യങ്ങള്‍ - ജയിലില്‍ കിടന്നതുപോലെയുള്ള കാര്യങ്ങള്‍. More of a fact than fiction എന്ന് പറയാം.

ബഷീര്‍ ജ്ഞാനപീഠം ലഭിക്കേണ്ട ഒരു എഴുത്തുകാരന്‍ ആയിരുന്നില്ലേ? 

അദ്ദേഹം ഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കിയ എഴുത്തുകാരന്‍ ആണ്. ശരിയാണ്, അദ്ദേഹത്തിന് കിട്ടിയിട്ടില്ല. പക്ഷേ, അതൊന്നും എഴുത്തിന്റെ ഒരു മാനദണ്ഡമായി എടുക്കേണ്ടതില്ല. ഭാഷക്കുള്ളില്‍ ഒരു ഭാഷയുണ്ടാക്കിയ വ്യക്തി - നമ്മളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ മനുഷ്യന് എങ്ങിനെ ഇത് സാധിക്കുന്നു. താരതമ്യേനെ കുറച്ചേ എഴുതിയിട്ടുള്ളു. 

എം.ടി. എഴുതിത്തുടങ്ങുന്ന കാലത്ത് മധ്യകേരളം, ഉത്തരകേരളം അങ്ങിനെയൊരു വേര്‍ തിരിവുണ്ടായിരുന്നോ?

അങ്ങിനെയല്ല. അവിടുത്തെ പലതും ഇവിടെ വായിച്ചാല്‍ മനസ്സിലാകില്ല, ഇവിടുത്തെ പലതും അവിടെ വായിച്ചാല്‍ മനസ്സിലാകില്ല എന്നൊരു സ്ഥിതി ഉണ്ടായിരുന്നു. അല്ലാതെ എഴുത്തുകാര്‍ തമ്മില്‍ ഒരു വേര്‍തിരിവ് ഉണ്ടായിട്ടില്ല. കേരളത്തില്‍ ഉണ്ടായിട്ടില്ല. മറ്റു പലയിടത്തും ഉണ്ട്. 

സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ പുതിയ പലതും കൊണ്ടുവന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് താങ്കള്‍. എങ്ങിനെയായിരുന്നു അത്?

നമ്മളിങ്ങനെ വായിച്ചുകൊണ്ടിരിക്കുന്നു. പുതിയത് പലതും കാണും. നമുക്കൊരു താല്‍പ്പര്യം തോന്നും. നമുക്ക് താല്‍പ്പര്യം ഇല്ലാത്തത് വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാര്യമില്ല. നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ വായനക്കാരുമായി പങ്കുവെയ്ക്കും.

കേരളത്തിന്റെ രാഷ്ട്രീയ പരിസരത്തേക്ക് വന്നാല്‍ ഒരു കാലത്ത് ഇ.എം. എസ്സിനെപ്പോലെയുള്ളവര്‍ നിര്‍വ്വഹിച്ചിരുന്ന ഒരു റോളുണ്ട് - കേരളത്തിന്റെ ഒരു കള്‍ച്ചറല്‍ എഡിറ്റര്‍ - എന്ന ഒരു പദവി. സമൂഹത്തിനു ദിശാബോധം നല്‍കുന്നവര്‍. പല അവസരത്തിലും അത്തരമൊരു പങ്കാണ് എം.ടി കേരള സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നത് എന്ന് തോന്നുന്നു?

നമുക്ക് ചിലത് പറയാതിരിക്കാന്‍ വയ്യ എന്നു തോന്നും. ചിലപ്പോള്‍ ചില വേദികളില്‍ പറ്റിയ സന്ദര്‍ഭം വരുമ്പോള്‍ പറയും. അതിനോട് ജനങ്ങള്‍ യോജിച്ചോ ഇല്ലയോ എന്നല്ല. ജനങ്ങള്‍ അറിയേണ്ട കാര്യമാണ് എന്ന് കരുതി പറയുന്നതാണ്.

നോട്ടു നിരോധനത്തില്‍ എം.ടിയുടെ പ്രസ്താവനയ്ക്ക് ശേഷം സംഘപരിവാറിന്റെ വലിയൊരു ആക്രമണമുണ്ടായി. പക്ഷേ, അപ്പോള്‍ താങ്കള്‍ പ്രതികരിച്ചില്ല?

ഇതിലെന്താ പ്രതികരിക്കേണ്ട ആവശ്യം? അതില്‍ വ്യാഖ്യാനിക്കാനൊന്നുമില്ല. ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. അത് വീണ്ടും വീണ്ടും പറയേണ്ട ആവശ്യമില്ല. ബുദ്ധിമുട്ടാണെന്ന് ഇന്നും പറയുന്നു.

ഏതെങ്കിലും സമയത്ത് ഇടതു രാഷ്ട്രീയത്തോട് ഒരു അടുപ്പം തോന്നിയിട്ടുണ്ടോ? എം.ടി ഒരു ഇടതു മനസ്സ് സൂക്ഷിക്കുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്?

ഞങ്ങളുടെ ഗ്രാമത്തില്‍ അങ്ങനെ ഇടതുപക്ഷക്കാര്‍ ആരുമുണ്ടായിരുന്നില്ല. അത്തരം മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നില്ല. പലരും ദേശീയ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്. രാഷ്ട്രീയത്തെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ ഉള്ള അവസരം പോലും ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രദേശത്തുനിന്ന് വലിയ രാഷ്ട്രീയ നേതാക്കളുണ്ടായിരുന്നില്ല. ആനക്കര വടക്കത്തെ കുട്ടിമാളു അമ്മ - അങ്ങനെ ഉണ്ടായിരുന്നവരൊക്കെ ദൂരെയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ അങ്ങനെ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലേക്കൊന്നും കടന്നുപോയിട്ടില്ല. രാഷ്ട്രീയം ശ്രദ്ധിക്കുന്നത് കുറേക്കൂടി കഴിഞ്ഞിട്ടാണ്.

എപ്പോഴെങ്കിലും ഇടതുരാഷ്ട്രീയം എം.ടിയെ സ്വാധീനിച്ചിരുന്നോ?

ഇടതുപക്ഷത്തിന്റെ - പ്രത്യയശാസ്ത്രപരമായി എന്നല്ല  പല കാര്യങ്ങളോടും ഒരടുപ്പം തോന്നിയിരുന്നു. കാരണം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത് എന്ന് തോന്നി. കഷ്ടപ്പെടുന്നവരുടെ ജീവിതം നന്നാകണം എന്ന തോന്നല്‍ നമുക്കുമുണ്ടായിരുന്നു. അത് നമ്മുടെ ചിന്താഗതിയെ സ്വാധീനിച്ചു. അല്ലാതെ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല.

ഒരിടത് മനസ്സ് സൂക്ഷിച്ചിരുന്നു എന്നാണോ?

പല കാര്യങ്ങളും ചെയ്യേണ്ടതാണ് അവര്‍ ചെയ്യുന്നത് എന്ന തോന്നല്‍. ഞങ്ങളുടെ നാട്ടില്‍ കൃഷിക്കാരാണ് അധികവും. അവരുടെ ജീവിതത്തില്‍ മാറ്റം വേണം, അവര്‍ക്കു കുറച്ചുകൂടി അവകാശങ്ങള്‍ കിട്ടണം എന്ന തോന്നല്‍ നമ്മളിലെല്ലാം ഉണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയത്തില്‍ ഞാനങ്ങനെ ഇടപെട്ടിട്ടില്ല. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എഴുത്തും വായനയും ഒക്കെയാണ് നമ്മളെ ആകര്‍ഷിച്ചത്. അത്യാവശ്യം കോളേജ് നാടകം, അതില്‍ മാഷെ സഹായിക്കല്‍ ഒക്കെയായിരുന്നു ആ സമയത്ത് ചെയ്തത്.

അടുത്തിടെ എം.ടിക്കെതിരെ ഇസ്ലാമോഫോബിയ എന്ന ആരോപണം വന്നിരുന്നു. എപ്പോഴെങ്കിലും ലേബല്‍ ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? ആ വിഷയത്തില്‍ എന്ത് കൊണ്ടാണ് എം.ടി സ്വയം വിശദീകരിക്കാന്‍ ശ്രമിക്കാതിരുന്നത്?

ലേബല്‍ ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. ആ വിഷയം ഞാന്‍ നിസ്സാരമായാണ് എടുത്തത്. കുറച്ചു പിള്ളേര്‍ വന്നു; ഞാന്‍ പോകാത്ത സമ്മേളനത്തിന് എന്റെ പേര് വയ്ക്കുകയും അതില്‍ പങ്കെടുത്തവര്‍ക്ക് ഞാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നും പറഞ്ഞു. ഞാന്‍ ചോദിച്ചു, ''എന്താണ് നിങ്ങളുടെ പരിപാടി. ഞാന്‍ അതുപോലും അറിയാതെ എങ്ങനെ സര്‍ട്ടിഫിക്കറ്റ് കൊടുക്കും'' എന്ന്. അവരുടെ രോഷം അവരെഴുതി തീര്‍ത്തു ഫേസ്ബുക്കില്‍ . ഇതിപ്പോ ആര്‍ക്കും ചെയ്യാവുന്ന വിദ്യയാണല്ലോ.

ഇസ്ലാമോഫോബിയ വിഷയം വന്നപ്പോള്‍, ടി. പദ്മനാഭന്‍ അങ്ങയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. അത് ശ്രദ്ധിച്ചിരുന്നോ?

ഉവ്വ്. ഞാന്‍ വായിച്ചിരുന്നു അത്, എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

വിമര്‍ശകരെ ശ്രദ്ധിക്കാറുണ്ടോ?

വായിക്കും. ഏതു കാലത്തും വിമര്‍ശനം ശ്രദ്ധിക്കാറുണ്ട്.

വിശ്വസാഹിത്യത്തില്‍ എം.ടിയെ ഏറ്റവുമധികം സ്വാധീനിച്ചതാരാണ്?

ഓരോ കാലത്തും ഓരോരുത്തരാണ്. പക്ഷേ, ദി ഗ്രേറ്റസ്റ്റ് എന്ന് പറയാവുന്നത് ദോസ്റ്റോവിസ്‌കിയാണ് എന്നാണ് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നത്. ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ - മാര്‍കേസ്, ലോസ, ഫ്യുണ്ടെസ്  ബ്രസീലിയന്‍ അമാഡോ, ഒക്കെയുണ്ട് ഗ്രേറ്റ് റൈറ്റേഴ്സ്. പിന്നെ മഹാനായ ടോള്‍സ്റ്റോയ് ഉണ്ടായിരുന്നു. പക്ഷേ, ഇതൊക്കെ കഴിഞ്ഞാലും ഒരു ഗിരിശൃംഗം പോലെ അചഞ്ചലമായി നില്‍ക്കുന്നു ദോസ്റ്റോവിസ്‌കി.

പുറത്തുള്ള എഴുത്തുകാരുമായി ബന്ധം സൂക്ഷിക്കാറുണ്ടോ? അല്ലെങ്കില്‍ എഴുത്തു കുത്തുകള്‍?

ഇല്ല. ഇവരെയൊക്കെ കാണാന്‍ തന്നെ പ്രയാസമാണ്.

ഇന്ത്യന്‍ എഴുത്തുകാരുമായുള്ള അടുപ്പം?

ഇന്ത്യന്‍ എഴുത്തുകാര്‍ - ഇന്ന് ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാരുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. മഹാശ്വേതാദേവി, സുനില്‍ ഗംഗോപാധ്യായ, യു.ആര്‍. അനന്തമൂര്‍ത്തി, പി. ലങ്കേഷ്, ശ്രീകൃഷ്ണ ആലനഹള്ളി. പലരേയും സാഹിത്യസമ്മേളനങ്ങളില്‍ കാണും, ഒരുമിച്ച് യാത്രകള്‍ ഉണ്ടാകും. ഇന്ത്യന്‍ എഴുത്തുകാരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു.

കവികളില്‍ അങ്ങയെ കൂടുതല്‍ പ്രചോദിപ്പിച്ചിരുന്നത് ആരാണ്?

എന്റെ പ്രിയ കവി ഇടശ്ശേരിയാണ്. പല കാരണവുമുണ്ടാകാം. ഞങ്ങള്‍ ഒരേ പ്രദേശത്തുനിന്നാണ്. ഒരേ തരം വാക്കുകളും ശൈലിയും ഉപയോഗിക്കുന്നവരാണ്. പൊതുവെ എല്ലാരുമായി - വൈലോപ്പിള്ളി, കുറുപ്പുമാഷ് - അടുപ്പമുണ്ടായിരുന്നു. പക്ഷേ, എന്റെ സ്വന്തം കവി ഇടശ്ശേരിയാണ്. പിന്നീട് വന്നവരില്‍ പലരുടേയും കവിതകള്‍ എനിക്കിഷ്ടമാണ് - സുഗത, ഒ.എന്‍.വി, ബാലചന്ദ്രന്‍ ഇവരുടെയൊക്കെ കവിതകള്‍ ഇഷ്ടമാണ്. കേള്‍ക്കാന്‍ പോയിട്ടുമുണ്ട്.

കഥാകാരന് കവികളോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ? കവിയാകാന്‍ കഴിയാത്തതില്‍?

നമുക്കൊരു കഥ പെട്ടെന്നുണ്ടാക്കാന്‍ കഴിയില്ല. അവര്‍ക്ക് വേണമെങ്കില്‍ നാല് വരി പെട്ടെന്നാലോചിച്ച് എഴുതിക്കൊടുക്കാം. അതുകൊണ്ടുള്ള ഒരു നിഷ്‌കളങ്കമായ അസൂയ എന്ന് വേണമെങ്കില്‍ പറയാം.

കലാകാരന് അരാജകത്വം വേണമെന്ന് ഒരു തോന്നല്‍ ചിലപ്പോഴെങ്കിലും നമുക്കിടയിലുണ്ട് - ജോണ്‍ അബ്രഹാമിലൂടെ, എ. അയ്യപ്പനിലുടെ വളര്‍ന്നുവന്ന ഒരു തോന്നല്‍?

കലാകാരന് അരാജകത്വം നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എഴുത്തിന് ഒരു അച്ചടക്കം വേണം. ചില നിയമങ്ങള്‍ പാലിക്കണം, അത് ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടാല്‍ എഴുത്തില്‍നിന്നും നഷ്ടപ്പെടാം. ചിലര്‍ അതുകൊണ്ടാണ് നന്നായിട്ടെഴുതുന്നതെന്നു പറയാറുണ്ട്. എനിക്ക് തോന്നിയിട്ടില്ല.

എം.ടിയുടെ ദൈവസങ്കല്‍പ്പം എന്താണ്? താങ്കളുടെ എഴുത്തില്‍ പലപ്പോഴും ദൈവം നമുക്കിടയിലെ ഒരാളാണ്?

എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു ശക്തി - ജഗന്നിയന്താവ് - ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു, അതുണ്ടെന്നോ ഇല്ലെന്നോ വാദിക്കാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ, അതുണ്ടെന്നു മനസ്സില്‍ വച്ചാല്‍ നല്ലതാണ് എന്നാണ് തോന്നല്‍. അങ്ങനെ കരുതുമ്പോള്‍ ഞാന്‍ സ്വയം അച്ചടക്കമുള്ള ആളാകുന്നു.

ഇപ്പൊ നാട്ടിലുള്ള അധികം കലാപങ്ങളും ദൈവത്തിന്റെ പേരിലാണ്?

ആ തരം ദൈവമല്ല എന്റെ സങ്കല്‍പ്പം. കുറച്ചു വഴിപാട് ചെയ്തു; അതിനെന്തെങ്കിലും പ്രതിഫലം കിട്ടും എന്ന് കരുതുന്ന ആളല്ല ഞാന്‍. അതല്ല എന്റെ സങ്കല്‍പ്പം. എല്ലാ അമ്പലങ്ങളിലും പോയി പ്രാര്‍ത്ഥിക്കുന്ന ഒരു ഭക്തനല്ല ഞാന്‍. പക്ഷേ, എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഒരു പരമശക്തിയുണ്ട്. അത് നിങ്ങളേയും നിരീക്ഷിക്കുന്നുണ്ട്. നിങ്ങളതിനോടും മറുപടി പറയേണ്ടിവരും, എന്ന ഒരു ബോധം ഉണ്ട്.

മൂകാംബികയ്ക്ക് പോകാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്?

അതെ. അടുത്ത കാലം വരെ. അതിനെ കണക്കാക്കുന്നത് വിദ്യയുടെ ഈശ്വരിയായിട്ടാണ്. എന്നാല്‍ ഞാനതിനെ കാണുന്നത് പ്രകൃതിയുടെ ഈശ്വരിയായാണ്.

പ്രകൃതിയെക്കുറിച്ച് പറഞ്ഞല്ലോ. ഇടക്കാലത്ത് സൈലന്റ് വാലി പോലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു മലയാളത്തിലെ എഴുത്തുകാര്‍. അതിപ്പോള്‍ കുറഞ്ഞുവരുന്നതായി തോന്നുന്നു?

എല്ലാരും പറയുന്നുണ്ട്. പക്ഷേ, പരിസ്ഥിതി കാര്യങ്ങള്‍ വേണ്ടത്ര വരുന്നതായി തോന്നുന്നില്ല.

എഴുത്തുകാര്‍ കൂടുതല്‍ സെല്‍ഫ് സെന്റേര്‍ഡ് ആകുന്നതുകൊണ്ടാണോ അത്?

എഴുത്തുകാര്‍ മറ്റുപല കാര്യങ്ങളിലും ഇടപെടുന്നതുകൊണ്ടായിരിക്കും. പക്ഷേ, ഇത്തരം വിഷയങ്ങളില്‍ നമ്മള്‍ വളരെ ഭേദമാണ്, മറ്റു ഭാഷക്കാരെ അപേക്ഷിച്ച്.

പുതിയ എഴുത്തുകാര്‍ക്ക് പൊതുവില്‍ സമൂഹത്തോട് ഉത്തരവാദിത്വം കുറഞ്ഞു വരുന്നുണ്ടോ?

ഉത്തരവാദിത്വം ഉണ്ടാകണം. ഇല്ലാതെ എങ്ങിനെയാണ് അവര്‍ക്ക് സമൂഹത്തേയും അതിലെ കഥാപത്രങ്ങളേയും പറ്റി എഴുതാനാകുക? അവര്‍ ജീവിക്കുന്ന കാലഘട്ടത്തോടും സാമൂഹിക പരിതാവസ്ഥയോടും അവര്‍ക്ക് ഉത്തരവാദിത്വം വേണം. പ്രകൃതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ചിലപ്പോഴത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള കലഹവുമാകും.

പല തലമുറയിലെ രാഷ്ട്രീയക്കാരെ കണ്ടിട്ടുള്ള ഒരു എഴുത്തുകാരനെന്ന നിലയില്‍, വ്യക്തിപരമായി എം.ടിയെ ആകര്‍ഷിച്ച രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലുമുണ്ടോ? ഒരു മാതൃകയാക്കാം എന്ന് തോന്നിയവര്‍?

രാഷ്ട്രീയക്കാരെ അകലെനിന്ന് കണ്ടിട്ടുണ്ട്. പലരുമായും നല്ല സൗഹൃദമുണ്ട്. കെ.പി. ആര്‍. ഗോപാലനുമായി അടുപ്പമുണ്ടായിരുന്നു. അദ്ദേഹം റിട്ടയര്‍ ചെയ്തതിനു ശേഷം വടക്കേ മലബാറിലൂടെ പോകുമ്പോള്‍ തമ്മില്‍ സംസാരിച്ചിരിക്കും. അദ്ദേഹത്തിന് എന്നെ കാണാന്‍ ഇഷ്ടമായിരുന്നു. രാഷ്ട്രീയമൊന്നുമല്ല. മറ്റു കാര്യങ്ങള്‍. അവരുടെ രാഷ്ട്രീയമല്ല, വ്യക്തികള്‍ എന്ന നിലയിലുള്ള സൗഹൃദം. അത്തരം സൗഹൃദം എല്ലാ പാര്‍ട്ടികളിലുമുണ്ടായിരുന്നു. അതുപോലെ എ.കെ. ഗോപാലനുമായി നല്ല സൗഹൃദമുണ്ടായിരുന്നു.

പുതിയ എഴുത്തുകാരെക്കുറിച്ച് പറഞ്ഞല്ലോ. എം.ടി പറഞ്ഞ രീതിയില്‍ സാമൂഹിക ബോധമുള്ള പുതിയ എഴുത്തുകാര്‍ വരുന്നുണ്ടോ?

വരുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍. അവരുടെ എഴുത്തില്‍ അതിന്റെ സൂചന കാണാറുണ്ട്. കുറെക്കൂടി വിപുലമായി വരുമെന്ന് തോന്നുന്നു. രസിപ്പിക്കാനുള്ള എഴുത്ത് എന്നത് മാറി, ചിന്തിപ്പിക്കാനുള്ള എഴുത്ത് എന്ന രീതിയില്‍ മാറിയിട്ടുണ്ട്. യുവ എഴുത്തുകാര്‍ - കവിതയായാലും കഥയായാലും - കൂടുതല്‍ ചിന്തിപ്പിക്കാനുള്ള എഴുത്ത് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ആ മാറ്റം വളരെ പ്രകടമാണ്. പുതിയ എഴുത്തുകാര്‍ നമ്മുടെ കാലഘട്ടത്തെക്കുറിച്ച്, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഒക്കെ ബോധവാന്മാരാണ്. അത്ര പ്രകടമായി അല്ലെങ്കിലും അതവരുടെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ട്. 

പല പുതിയ എഴുത്തുകാരും പത്രപ്രവര്‍ത്തനരംഗത്തുനിന്നാണ് വരുന്നത്?

പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറച്ചു എഴുത്തു വേണ്ടിവരും. അങ്ങനെ എഴുതി വരുമ്പോള്‍ കൂട്ടത്തില്‍ പത്രപ്രവര്‍ത്തനമല്ലാതെയുള്ള എഴുത്തും വരും.

പക്ഷേ, ചിലപ്പോഴൊക്കെ പത്രപ്രവര്‍ത്തനം സര്‍ഗ്ഗാത്മക എഴുത്തിനെ ഇല്ലാതാക്കുന്നുമില്ലേ?

ചിലപ്പോഴൊക്കെ ശൈലീകൃതമായി പോകുന്നത് പത്രപ്രവര്‍ത്തനത്തിന്റെ പരാധീനതകളിലൊന്നാണ്.സഞ്ജയന്‍ പത്രാധിപരായിരിക്കുന്ന കാലത്തെ ഒരു തമാശ പറയാറുണ്ട്. ''മദ്യനിരോധനത്തെപ്പറ്റി നേതാവ് എന്ത് പറഞ്ഞു?'' ''സര്‍, വിശേഷിച്ചൊന്നും പറഞ്ഞില്ല.'' ''ശരി, എന്നാലത് രണ്ടു കോളമായി കൊടുത്തോളു.'' ഇങ്ങനെ ഒരു തമാശ പറയാറുണ്ട്. പത്രപ്രവര്‍ത്തനവും എഴുത്തും - ഇത് രണ്ടും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. ഇത് രണ്ടും തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. റിപ്പോര്‍ട്ടാഷ് എന്ന് പറയുന്നത് ഏകദേശം ഫിക്ഷന്റെ അടുത്തുനില്‍ക്കുന്ന ഒന്നായിരുന്നു. പലരും - ഹെമിംഗ്വേ - ഒക്കെ അങ്ങിനെ വന്നവരല്ലേ? ഇത് രണ്ടും തമ്മില്‍ അടുപ്പമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് രണ്ടും വേറെയാണ്. പത്രങ്ങളുടെ രീതി തന്നെ മാറി. മാസികകള്‍ തന്നെ നോക്കൂ - പണ്ടെല്ലാം ഒരു മാസികയില്‍ തന്നെയായിരുന്നു. ഇന്നിപ്പോള്‍ സ്പെഷലൈസ് ചെയ്യുന്ന മാസികകളാണ് അധികവും.

ലിറ്റില്‍ മാഗസിനുകള്‍ സജീവമായ ഒരുകാലം ഉണ്ടായിരുന്നു പുതിയ എഴുത്തുകാര്‍ അതിലൂടെ വന്നിരുന്നു?

ഇപ്പോഴുമുണ്ട്. ആദ്യകാലത്ത് പുതിയ വീക്ഷണം, സമീക്ഷ ഒക്കെ വന്നിരുന്നത് ഓര്‍മ്മയുണ്ട്.

അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരിനോട് പ്രതിഷേധിച്ചു കുറേയേറെ എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കിയിരുന്നു. അതൊരു ശരിയായ പ്രതിഷേധമായി തോന്നുന്നുണ്ടോ?

അത് ശരിയായ നടപടിയായി എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും കാലത്ത് ആരോ തന്ന അവാര്‍ഡുകള്‍ ഇപ്പോള്‍ തിരിച്ചുകൊടുക്കുന്നതില്‍ എന്താണ് കാര്യം? എനിക്ക് 1968-ല്‍ ആണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയത്. ഇപ്പൊ ആരോടോ പ്രതിഷേധിച്ച് 68-ല്‍ ഞാന്‍ വാങ്ങിയ അവാര്‍ഡ് തിരിച്ചുകൊടുക്കുന്നതില്‍ എനിക്കൊരു അര്‍ത്ഥവും തോന്നിയിട്ടില്ല.

അടുത്തിടെ ഒ.വി. വിജയനുമായി ബന്ധപ്പെട്ടു വന്ന ഒരു ചര്‍ച്ച ശ്രദ്ധിച്ചിരുന്നോ? വിജയന്‍ ഒരു മൃദു ഹിന്ദുത്വവാദിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സക്കറിയ അത്തരം അഭിപ്രായം പറഞ്ഞിരുന്നു, വിജയനെ എങ്ങിനെയാണ് ഓര്‍ക്കുന്നത്?

വിജയന്‍ എന്റെ സീനിയറായിരുന്നു. നല്ല പരിചയമുണ്ടായിരുന്നു. ഒരുപാട് കൂടിക്കഴിയാനുള്ള അവസരമുണ്ടായിരുന്നില്ല. അദ്ദേഹം കൂടുതല്‍ സമയവും ഡല്‍ഹിയിലായിരുന്നു. അവിടെ പോകുമ്പോള്‍ കാണുമായിരുന്നു, വളരെ അടുത്ത് സഞ്ചരിച്ചിട്ടില്ല.

വിജയന്‍ ഒരു മൃദു ഹിന്ദുത്വ സ്വഭാവം പുലര്‍ത്തുന്ന ആളായി തോന്നിയിട്ടുണ്ടോ?

ഇല്ല, എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന് ചില ആത്മീയ ഗുരുക്കന്മാരൊക്കെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

എഴുത്തിലേക്ക് തിരിച്ചുവരാം. സ്വന്തം എഴുത്തില്‍ എം.ടിയെ ഏറ്റവും സ്പര്‍ശിച്ച നോവല്‍ ഏതാണ്?

'അസുരവിത്ത്.'

അസുരവിത്ത് നാലുകെട്ടിന്റെ തുടര്‍ച്ചയായി അനുഭവപ്പെടാറുണ്ട്?

ഇല്ല, തുടര്‍ച്ചയല്ല. ആ കാലഘട്ടം അതുതന്നെയാണ്. അതിനു ശേഷമാണ് ഗോവിന്ദന്‍കുട്ടിയൊക്കെ വരുന്നത്

പുതിയ എഴുത്തുകള്‍?

എന്റെ ആരോഗ്യം അത്ര നല്ലതല്ല ഇപ്പോള്‍. മനസ്സില്‍ പലതുമുണ്ട്. എന്നെ വറി ചെയ്യുന്ന ഒന്നാണത്. ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണ്.

എം.ടിയുടെ എഴുത്തിന് നിയതമായ ഒരു സമയഘടനയുണ്ടോ?

ഒരു കഥയ്ക്ക് ഇത്ര ദിവസമെന്നൊന്നും പറയാന്‍ പറ്റില്ല. ചിലത് വളരെ വേഗത്തില്‍ എഴുതുന്നതാണ്. ചിലത് മാറ്റിയെഴുതി, കളഞ്ഞു രണ്ടാമത് വീണ്ടുമെഴുതി, അങ്ങിനെയും ചെയ്യാറുണ്ട്. ചിലത് രണ്ടുമൂന്നു ദിവസം കൊണ്ടെഴുതും. എഴുതുന്ന സമയത്തെ മാനസികാവസ്ഥ പോലിരിക്കും.

ഒരേ മാസികയ്ക്ക് മൂന്നു പേരില്‍ കഥയും കവിതയും ലേഖനവും അയച്ചതായി വായിച്ചിട്ടുണ്ട്. എപ്പോഴാണ് ഇതാണ് എന്റെ കഥയെഴുതുന്ന പേര് എന്ന് തിട്ടപ്പെടുത്തിയത്?

അത് പത്രാധിപന്മാര്‍ ശ്രദ്ധിക്കാത്തതുകൊണ്ട് വന്നതാണ്. അന്ന് പുതിയ ഒരു മാസിക തുടങ്ങുകയായിരുന്നു. കഥയും കവിതയും ലേഖനവും ഓരോ പേരിലയച്ചു. പേരിനെപ്പറ്റി പോലും എനിക്കൊരു ധാരണ ഉണ്ടായിരുന്നില്ല. വാസുദേവന്‍ നായര്‍ എന്ന് കാണുമ്പോള്‍, വലിയൊരു ആളാണെന്ന് തോന്നിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ വച്ചത്. എന്റെ സര്‍ട്ടിഫിക്കറ്റിലൊന്നും നായര്‍ ഇല്ല. പത്രമോഫീസില്‍ തുറന്നു നോക്കുമ്പോള്‍ വലിയൊരു ആളാണെന്നു കരുതിക്കോട്ടെ എന്നു വിചാരിച്ച് വച്ചതാണ്.

അമ്മയെക്കുറിച്ച് വളരെ ദീര്‍ഘമായി എഴുതിയിട്ടുണ്ട്. പക്ഷേ, അച്ഛനെക്കുറിച്ച് അധികം എഴുതിയിട്ടില്ല?

അച്ഛന്‍ അധികവും ഉണ്ടായിരുന്നില്ല ഇവിടെ. സിലോണിലായിരുന്നു. വല്ലപ്പോഴും ഒരതിഥി വരുമ്പോലെ വന്നു പോയിരുന്നു. അത്ര അടുപ്പം ഉണ്ടായിട്ടില്ല.

അത്രയും അടുപ്പം തോന്നിയ മറ്റാരെങ്കിലുമുണ്ടായിരുന്നോ?

ഏറ്റവും മൂത്ത ജ്യേഷ്ഠന്‍. എം.ടി. ഗോവിന്ദന്‍ നായര്‍. നാട്ടില്‍ത്തന്നെ ഹെഡ് മാഷായിരുന്നു. ചേച്ചി, അദ്ദേഹത്തിന്റെ ഭാര്യ - അമ്മയുടെ സ്ഥാനത്തായിരുന്നു. ഫാദര്‍ ഫിഗര്‍ എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ അധിക കാലവും സിലോണിലായിരുന്നു. ഞാന്‍ കോളേജിലൊക്കെ പഠിച്ച ശേഷമാണ് അച്ഛന്‍ തിരിച്ചു വരുന്നത്. വന്ന ശേഷവും അച്ഛന്റെ വീട്ടിലായിരുന്നു താമസം. അമ്മ ഞങ്ങളുടെ തറവാട്ടിലും. അച്ഛന്‍ വല്ലപ്പോഴും വന്നു പോകുമായിരുന്നു.

കോളേജ് കാലത്ത് വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. പൈസയുടെ ബുദ്ധിമുട്ടൊക്കെ. ഞാന്‍ ഇങ്ങിനെയൊക്കെ ആകേണ്ടതായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നല്ല ഷര്‍ട്ട് ഇടാനുള്ള ആഗ്രഹമൊക്കെ തോന്നിയിട്ടില്ലേ?

കോളേജില്‍ പഠിക്കുമ്പോള്‍ തോന്നും, മറ്റുള്ളവര്‍ നല്ല ഷര്‍ട്ടിട്ട് വരുമ്പോഴൊക്കെ. പക്ഷേ, നമുക്കതിനുള്ള സൗകര്യമില്ല എന്ന് അറിയാമായിരുന്നു. മറ്റുള്ള വലിയ വീട്ടിലെ കുട്ടികളെ കാണുമ്പേള്‍, അവരുടെ വേഷഭൂഷാദികള്‍ കാണുമ്പോള്‍, നമുക്കങ്ങനെയൊക്കെ ആയാല്‍ കൊള്ളാമെന്നു ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സൗകര്യമുണ്ടായിരുന്നില്ല.

കോളേജില്‍ പഠിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രണയമുണ്ടാകാറുണ്ട്. അത്തരമൊരു അടുപ്പം ആരോടെങ്കിലും തോന്നിയിരുന്നോ?

ഉത്തരം: ഇല്ല, ഉണ്ടായിട്ടില്ല. ഒന്ന്, Comparatively I was a very small boy. ചെറിയ കുട്ടിയാ. ബാക്കി കുട്ടികള്‍ നല്ല ഫാഷനൊക്കെ ആയി വരുന്നവരാണ്. ഒരുപക്ഷേ, അങ്ങിനെയൊരു പ്രണയത്തിന്റെ തോന്നലൊക്കെ ഉണ്ടായാല്‍പ്പോലും അവരുടെ ആ ലോകത്തേക്ക് കടക്കാന്‍ പോലും എനിക്ക് പറ്റിയിട്ടില്ല. ചിലര്‍ മോട്ടോര്‍ ബൈക്കിലൊക്കെ വരുന്നവരാണ്.

അവരെപ്പോലെയൊക്കെ ആകണമെന്ന് തോന്നിയിട്ടില്ലേ?

ഉള്ളില്‍ തോന്നും. അത് സാധിക്കില്ല എന്നറിയാം. അവരെപ്പോലെ നല്ല വേഷമൊക്കെ നമുക്ക് വിചാരിച്ചാല്‍ പറ്റുന്നതല്ല എന്നുമറിയാം.

അത് ഏതെങ്കിലും തരത്തില്‍ ഒരു അരക്ഷിതാവസ്ഥയോ അപകര്‍ഷതാബോധമോ ഉണ്ടാക്കിയിട്ടുണ്ടോ?

ഇല്ല. പൈസയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഫീസ് കൊടുക്കാന്‍ തന്നെ ബുദ്ധി മുട്ടുണ്ടായിരുന്നു. അതുകൊണ്ട് ഫാഷന് സൗകര്യമില്ല. ഞാന്‍ വളരെ പ്രാക്ടിക്കല്‍ ആയിരുന്നു അക്കാര്യത്തില്‍. നമ്മള്‍ മോഹിച്ചിട്ട് കാര്യമില്ല, ആലോചിക്കേണ്ട. സ്‌കോളര്‍ഷിപ്പ് എഴുതി പകുതി ഫീസ് ആയത് വലിയൊരു ആശ്വാസമായിരുന്നു.

നേരത്തെ മാസികകള്‍ക്ക് കഥകളയച്ച കാര്യം പറഞ്ഞു. പിന്നൊരിക്കല്‍ എം.ടി. പത്രാധിപര്‍ എന്ന നിലയില്‍, മറുഭാഗത്തിരുന്നു കഥകള്‍ വിലയിരുത്തിയിട്ടുണ്ട്. ആ അനുഭവം ഒന്ന് വിവരിക്കാമോ?

ഞാന്‍ വളരെ പ്രയോഗികമായാണ് കഥകള്‍ തിരഞ്ഞെടുത്തിരുന്നത്. കൊള്ളാമെന്നു തോന്നിയാല്‍ നമ്മള്‍ എടുക്കുകതന്നെ വേണം. ഒരാള്‍ അറിയപ്പെടുന്ന ആളാണോ ഇല്ലയോ എന്നല്ല, ആ കഥ കൊള്ളാമെന്നു നമുക്ക് തോന്നിയാല്‍ - നമുക്കാദ്യം തോന്നണം - അത്തരം കഥകളാണ് നമ്മള്‍ പ്രസിദ്ധീകരിക്കുന്നത്.

അങ്ങിനെ അന്ന് പ്രസിദ്ധീകരിച്ചതിന് പിന്നീട് വളര്‍ന്നു വന്നവര്‍?

പലരും വന്നിട്ടുണ്ട്. സക്കറിയയുടെ ആദ്യത്തെ കഥയൊക്കെ ഞാനാ പ്രസിദ്ധീകരിച്ചത്. അയാളാരാണെന്നുപോലും എനിക്കറിയില്ലായിരുന്നു.

ഏതെങ്കിലും എഴുത്തുകാര്‍ സ്വന്തം കഥയെടുത്തില്ല എന്ന പേരില്‍ കലഹിച്ചിട്ടുണ്ടോ?

അതൊക്കെ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്, ചിലര്‍ ശകാരിക്കും. അതീ തൊഴിലിന്റെ ഭാഗമാണ്.

ഒരു മെന്റര്‍ എന്ന നിലയില്‍ എന്‍.വി. കൃഷ്ണവാര്യര്‍ എങ്ങിനെയായിരുന്നു?

എന്‍.വി. ചിലതൊക്കെ എനിക്ക് വിട്ടുതരികയായിരുന്നു ചെയ്യുക. കവിത, ലേഖനങ്ങളൊക്കെ അദ്ദേഹം നോക്കും. കഥ എന്നോട് നോക്കാന്‍ പറയും. He was a great scholar. നമുക്ക് സംശയമുണ്ടെങ്കില്‍ എപ്പോഴും വിളിച്ചു ചോദിക്കാം. ഇവിടുന്നു പോയിക്കഴിഞ്ഞും ആ ബന്ധമുണ്ടായിരുന്നു. ചിലപ്പോള്‍ ചില സംശയങ്ങളൊക്കെ തോന്നിയാല്‍, എഴുതി ചോദിക്കും, കൃത്യമായി മറുപടി അയച്ചുതരും.

ലളിതാംബിക അന്തര്‍ജനവുമായി നല്ല അടുപ്പമായിരുന്നെന്നു കേട്ടിട്ടുണ്ട്. 'പ്രിയപ്പെട്ട മകനേ' എന്ന് തുടങ്ങുന്ന ഒരു കത്തിനെപ്പറ്റി പറഞ്ഞത് വായിച്ചിട്ടുണ്ട്?

ലളിതാംബിക എന്നെ ഉപദേശിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരുതരം നിരാശാബോധമുണ്ടാക്കരുത്... അങ്ങിനെയൊക്കെ. അവരുടെയൊക്കെ കത്തുകള്‍ പലതും നഷ്ടപ്പെട്ടു. സൂക്ഷിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്ന പല കത്തുകളും നഷ്ടപ്പെട്ട് പോയി. ലളിതാംബികയുടെ കത്തുകള്‍ അങ്ങിനെ പലതും. ബഷീറിന്റേതടക്കം കത്തുകള്‍ എന്റെ കൈയില്‍നിന്ന് പോയി. ഇവിടെയിരുന്നുകൊണ്ട് ബഷീര്‍ എഴുതിയ കത്തുകള്‍പോലും നഷ്ടപ്പെട്ടുപോയി. 

ഇപ്പോഴത്തെ എഴുത്തുകാരുമായി ഒരു ദൈനംദിന ബന്ധം സൂക്ഷിക്കുന്നുണ്ടോ?

ഇല്ല. ഇടയ്ക്ക് വിളിക്കും. എല്ലാരേയും അറിയും. പണ്ടത്തെ മാതിരിയുള്ള ഒരു ബന്ധമില്ല. ഇന്ന് എല്ലാരും തിരക്കിലാണ്. ഞാനും പിന്നെ അധികം പുറത്തിറങ്ങാറില്ല.

എം.ടിയെക്കുറിച്ചുള്ള ഒരു വിമര്‍ശനം അതാണ്. മറ്റു സാംസ്‌കാരിക നായകന്മാരെ പോലെ എല്ലാ പരിപാടിക്കും തല കാണിക്കുന്ന ആളല്ല എം.ടി?

ആവശ്യമുള്ളതിനു പോകും. പിന്നെ എന്റെ അനാരോഗ്യവും പരാധീനതയും അങ്ങിനെ പ്രഖ്യാപിക്കേണ്ടതില്ലല്ലോ.

ചലച്ചിത്രകാരനെന്ന നിലയില്‍ ലോക സിനിമയില്‍ എം.ടിയെ സ്വാധീനിച്ചവര്‍ ആരൊക്കെയാണ്?

ഞാനങ്ങനെ സിനിമയൊന്നും ചെയ്തിട്ടില്ല. എനിക്ക് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ചവര്‍ പുറമെ നിന്നാണെങ്കില്‍ ബര്‍ഗ്മാന്‍, കുറസോവ. ഇന്ത്യയില്‍നിന്നു സത്യജിത് റേ. (ഋതിക്) ഘട്ടക്കൊക്കെയായി പരിചയമുണ്ടായിരുന്നു. കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് റേയുമായിട്ടാണ്. മലയാളത്തില്‍ എല്ലാരുമായി അടുപ്പം ഉണ്ട്.

മലയാള സിനിമയിലെ ഇപ്പോഴത്തെ കോലാഹലം ശ്രദ്ധിക്കാറുണ്ടോ?

ഇല്ല. ഞാനത് ഫോളോ ചെയ്തിട്ടില്ല

ഇടക്കാലത്തു ഫുട്‌ബോളിനോട് വലിയ കമ്പമായിരുന്നല്ലോ?

അതെ. പക്ഷേ, ഇപ്പോഴില്ല. മുന്‍പ് ഫുട്ബാളും ടെന്നീസും ഒക്കെ നോക്കിയിരുന്നു. കളിക്കാരേയും അവരുടെ ഫോമുമൊക്കെ അറിയാമായിരുന്നു. ഇപ്പൊ അല്ലാതെ തന്നെ മറ്റു കാര്യങ്ങളുണ്ട്. ഇപ്പൊ കഴിയുന്നതും വായിക്കുകയാണ് പ്രധാനം.

വായന ഒരു തുടര്‍ പ്രക്രിയയായി ഇപ്പോഴും ഉണ്ട്?

വായനയില്ലാതെ പറ്റില്ല. പകലല്ല, രാത്രി കിടക്കുമ്പോള്‍ രണ്ടു മണിക്കൂറെങ്കിലും വായിക്കും. എന്നാലേ എനിക്കുറങ്ങാന്‍ പറ്റൂ. അതൊരു അഡിക്ഷനാണെന്നു വേണമെങ്കില്‍ പറയാം.

അന്തിച്ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ?

ഇല്ല, ഞാനത് കാണാറില്ല

ഒരുപാടു ഞെട്ടിക്കുന്ന കാര്യങ്ങളാണ് ദിവസവും വരുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എല്ലാ ദിവസവും വരുന്നുണ്ട്. കേരളത്തിന്റെ പോക്കിനെക്കുറിച്ച് ആശങ്ക തോന്നുന്നുണ്ടോ?

എല്ലാവരും ആശങ്കാകുലരാണ്. സ്ത്രീകളോട്, കുട്ടികളോട് ഒക്കെയുള്ള അതിക്രമങ്ങള്‍ വരുന്നുണ്ട്. എന്താണ് പരിഹാരമെന്നറിയില്ല. ഇവിടെ മാത്രമല്ല. ഇന്ത്യ മുഴുവനുണ്ട് ഇത്തരം പ്രശ്‌നങ്ങള്‍.

പക്ഷേ, കേരളം എല്ലാ നാളും മാറിനിന്നിട്ടുണ്ട്?

കേരളം മാറിനില്‍ക്കുകയാണെന്നാണ് നമ്മള്‍ കരുതുന്നത്. അല്ല. കേരളവും ഇപ്പോള്‍ അതേ പാതയില്‍ തന്നെയാണ്. ദിവസവും വരുന്ന വാര്‍ത്തകള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നമ്മള്‍ എന്തുമാത്രം അപകടത്തിലേക്കാണ് പോകുന്നത് എന്നത് എല്ലാവരിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്.

ആകുലമായ മുഖത്തോടെ എം.ടി പറഞ്ഞു നിര്‍ത്തി. കെട്ടുപോയ ബീഡി ആഞ്ഞുവലിക്കുന്ന ഈ മനുഷ്യന്‍, വിരല്‍ചൂണ്ടുന്നത് ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേക്കാണ്, നാളെയുടെ നിശ്വാസങ്ങളിലേക്കാണ്.

(സമകാലിക മലയാളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com