നിരവധി സമതുലനങ്ങളുടെ അരങ്ങ്

''അങ്ങനെയെങ്കില്‍ അന്നേരം കടലെന്തേ വറ്റാത്തത്?''''ഒരു ശതകോടീശ്വരനും പത്തു കാശ് കടംകൊടുത്തതുകൊണ്ട് ക്ഷീണിക്കാറില്ലാത്തത് എങ്ങനെയോ അങ്ങനെതന്നെ!''
നിരവധി സമതുലനങ്ങളുടെ അരങ്ങ്

''ത്രയേറെ പുഴകള്‍ ഒരുമിച്ച് ഒഴുകിച്ചെന്നിട്ടും കടല്‍ എന്താണ് അച്ഛാ നിറഞ്ഞു കവിയാത്തത്?'' പതിനാറ് വയസ്സായ പേരക്കുട്ടിയുടെ സംശയം.
ടെലിവിഷനില്‍ പ്രളയവാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങള്‍.
''കടം കൊടുത്തത് തിരിച്ചു കിട്ടിയതുകൊണ്ട് ആരെങ്കിലും അധിക സമ്പന്നരാകാറുണ്ടോ? ഈ വെള്ളമത്രയും കടലില്‍നിന്നുതന്നെ ആവിയായതാണല്ലോ!''
''അങ്ങനെയെങ്കില്‍ അന്നേരം കടലെന്തേ വറ്റാത്തത്?''
''ഒരു ശതകോടീശ്വരനും പത്തു കാശ് കടംകൊടുത്തതുകൊണ്ട് ക്ഷീണിക്കാറില്ലാത്തത് എങ്ങനെയോ അങ്ങനെതന്നെ!''
ഏതാനും നിമിഷങ്ങള്‍ക്കകം അടുത്ത ചോദ്യം വന്നു: ''ഉരുണ്ടു പന്തുപോലിരിക്കുന്ന ഭൂമിയുടെ നാലുപുറവുമായി സമുദ്രങ്ങള്‍ കരയിലേക്കു പരക്കാതെ നില്‍ക്കുന്നതെങ്ങനെ?''
അപ്പോഴാണ് എനിക്കവനോട് സമതുലനങ്ങളുടെ കഥ പറയേണ്ടിവന്നത്.
കാണപ്പെട്ട പ്രപഞ്ചം നിലനില്‍ക്കുന്നത് എണ്ണമറ്റ സമതുലനങ്ങളുടെ ഫലമായാണ്. ഭൂമിയുടെ ആകര്‍ഷണബലവും ഭൂമിയുടെ കറക്കം കാരണം ഭൂമിയില്‍നിന്ന് ചിതറിത്തെറിക്കാനുള്ള ബലവും സമരസപ്പെട്ടാണ് സമുദ്രങ്ങള്‍ 'കരേറി കരകള്‍ മുഴുവനും മുക്കി മൂടാത്ത'ത്.
സൂര്യന്റെ ഗുരുത്വാകര്‍ഷണബലവും സൂര്യനില്‍നിന്ന് തെറിച്ചകലാന്‍ അതിനു ചുറ്റുമുള്ള കറക്കത്താല്‍ ഉണ്ടാകുന്ന പ്രേരണയും സമരസപ്പെടുന്നതിനാല്‍ ഭൂമി നിലനില്‍ക്കുന്നു. ചന്ദ്രന്‍ ഭൂമിക്കു ചുറ്റുമുള്ള വഴിയില്‍ കുടിപാര്‍ക്കുന്നതും ഇങ്ങനെത്തന്നെ.

അനുമാനങ്ങളും പ്രവചനങ്ങളും
സൂര്യനില്‍നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് ഭൂമിയില്‍ വീഴുന്നു. അതിനു പുറമെ ഭൂമിയുടെ അകത്ത് ഉളവാകുന്ന ചൂട് പുറത്തേയ്ക്ക് പ്രസരിക്കുന്നുമുണ്ട്. ഇതു രണ്ടും കൂടി അന്തരീക്ഷത്തിലെ വായുവിന്റേയും കടലിന്റേയും പല അടുക്കുകളിലൂടെ വ്യാപിച്ച് കാറ്റുകള്‍ക്കും നീരൊഴുക്കുകള്‍ക്കും കാരണമാകുന്നു. പോരാ, നീരാവിയുണ്ടാകാനും അത് മേഘമാകാനും മഴയാകാനും കൂടി കാരണമാകുന്നു.
സമതുലനങ്ങളില്‍നിന്നുള്ള വ്യതിയാനമാണ് വെള്ളം നീരാവിയാകാനും കാറ്റുണ്ടാകാനും മേഘവും അതില്‍ വൈദ്യുതിയുമുണ്ടാകാനും മഴ പൊഴിയാനും വെള്ളം ഒഴുകാനും എല്ലാം കാരണം. ഈ വ്യതിയാനങ്ങളാകട്ടെ, പിഴക്കാത്ത ഒരു താളക്രമത്തില്‍ ആവര്‍ത്തിക്കുന്നു. താളവട്ടങ്ങള്‍ക്കു പക്ഷേ, വ്യത്യാസമുണ്ട്. ദിവസത്തില്‍, പക്ഷത്തില്‍, മാസത്തില്‍, ഋതുവില്‍, ആണ്ടില്‍, വ്യാഴവട്ടത്തില്‍ എന്നിങ്ങനെ കല്പകാലം (പ്രപഞ്ചത്തിന്റെ ആയുഷ്‌കാലം) വരെ താളവട്ടങ്ങള്‍ കാണപ്പെടുന്നു.
ഇതെല്ലാമായും സമരസപ്പെടാനുള്ള കഴിവോടെയാണ് ജീവന്റെ ഉല്പത്തിയും പരിണാമവും! കോടിക്കണക്കിനു കൊല്ലങ്ങളായി ജീവന്‍ നിലനില്‍ക്കുന്നത് ഇതിനാലാണ്. ഭൗതിക സാഹചര്യങ്ങളിലെ വ്യതിയാനങ്ങളുടെ താളക്രമങ്ങള്‍ക്ക് ചന്ദ്രന്റെ മുതല്‍ അവസാനത്തെ ഗ്രഹംവരെയും സൂര്യന്‍ മുതല്‍ ഏറ്റവും അരികിലുള്ള മറ്റു നക്ഷത്രങ്ങള്‍വരെയുമുള്ള എല്ലാറ്റിന്റേയും നിലയും (അടുപ്പവും അകലവും) സ്ഥിതിയും (ഊര്‍ജ്ജപ്രസരശേഷിയും) ഹേതുക്കളാണ്.
ഇതെല്ലാം ഒരേസമയം നിരീക്ഷിച്ച് കണക്കിലെടുക്കാന്‍ ഒരു സംവിധാനത്തിനും കംപ്യൂട്ടറിനും കഴിയില്ല. അതിനാലാണ് കാലാവസ്ഥ മിക്കപ്പോഴും പ്രവചനാതീതമാകുന്നത്. അതുകൊണ്ട് നാം പ്രമുഖമായ അനുമാനങ്ങള്‍ക്കായി ഘടകങ്ങളെ മാത്രം ആസ്പദമാക്കുന്നു.
ഊര്‍ജ്ജ വികിരണത്തില്‍ സൂര്യന് ഒരു 11 വര്‍ഷ താളവട്ടമുണ്ട്. ഈ വികിരണം പരമാവധി കുറഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍. ഭൂമുഖത്ത് വന്‍പ്രളയങ്ങളുണ്ടായപ്പോഴെല്ലാം സൂര്യന്‍ ഈ അവസ്ഥയിലായിരുന്നു. ഈ അവസ്ഥ ഭൂമിയിലെ കാര്യങ്ങളെ എവ്വിധം എത്രത്തോളം ബാധിക്കുന്നുവെന്നു കണ്ടെത്താന്‍ ഗവേഷണം മുറയ്ക്കു നടക്കുന്നു.
ഏതായാലും നിരവധി സമതുലനങ്ങളെ ആശ്രയിച്ചും വ്യതിയാനങ്ങളെ ഉപയോഗിച്ചുമാണ് ജീവന്റെ തീര്‍ത്ഥയാത്ര എന്നു നിശ്ചയം. വ്യതിയാനങ്ങള്‍ നിയന്ത്രണാതീതങ്ങളാവുമ്പോള്‍ ദുരന്തങ്ങളാവുന്നു. അത്തരം ഒന്നാണ് ഇപ്പോള്‍ സംഭവിച്ചത്. അനുഭവങ്ങളെല്ലാം ജീവന് പാഠങ്ങളാകേണ്ടതും ആകുന്നതും. ഇതും ഒരു പാഠമാണ്-രണ്ടു വിധത്തില്‍.
പ്രകൃതിദുരന്തങ്ങളെ നമ്മുടെ ബുദ്ധിമോശം കൊണ്ട് അധികദുരിതമാക്കരുത് എന്ന പാഠം വളരെ പ്രധാനമാണ്. അതിവര്‍ഷക്കെടുതി മാത്രമാണ് ഉണ്ടായതെങ്കില്‍ ജീവനും സ്വത്തിനും ഇത്രയും നാശം വരില്ലായിരുന്നു എന്നു നിശ്ചയം; ഇത്രയും പേര്‍ ദുരിതത്തിലാവുകയുമില്ലായിരുന്നു. സ്വാഭാവിക ജലപ്രളയം പത്തു നാല്പതു ഡാമുകളിലെ 'ജലമുക്തി പ്രഭവം' കൊണ്ട് സങ്കീര്‍ണ്ണമാവുകയായിരുന്നു. ഈ ഡാമുകള്‍ ഇത്രയും നിറയുവോളം കാത്തുവെക്കേണ്ടതില്ലായിരുന്നു. വര്‍ഷകാലം ഇനിയും കിടക്കുന്നു, തുലാവര്‍ഷം വരാനുമിരിക്കുന്നു. ഓരോ ഡാമിലും ഏതേതു കാലങ്ങളില്‍ പരമാവധി സംഭരണം എത്രയാകാമെന്നൊരു സമ്പ്രദായം ഇനിയെങ്കിലും പാലിക്കാം.
പ്രത്യേകിച്ചും ഇടുക്കി ഡാമില്‍ ഇത്രയും വെള്ളം നിറച്ചത് പിടിപ്പുകേടായിപ്പോയി. 'മുല്ലപ്പെരിയാര്‍ ഭീതി'യെപ്പറ്റി സുപ്രീംകോടതിയെ വരെ ബോദ്ധ്യപ്പെടുത്താന്‍ ബദ്ധപ്പെടുന്ന നമുക്ക് യഥാര്‍ത്ഥത്തില്‍ ആ ഭീതി ഇല്ലെന്നല്ലെ ഇടുക്കിയില്‍ നാം നിലനിര്‍ത്തിയ പരമാവധി ഉയരത്തിന്റെ അര്‍ത്ഥം? മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാല്‍ ആ പ്രളയപ്രവാഹം നേരെ ഇടുക്കി ഡാമികത്തേയ്ക്കാണല്ലോ വരിക!
ദുരന്തദുരിതാനുഭവത്തിന് ജാതിമതകക്ഷിഭേദങ്ങളില്ല എന്നതാണ് മറ്റൊരു പാഠം. തമ്പുരാട്ടിയും അടിയാത്തിയും ഒരേപോലെ ശ്വാസംമുട്ടി ഒരേപോലെയുള്ള മരണത്തില്‍നിന്നു രക്ഷപ്പെട്ടാല്‍, ഒരേ ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ച് ഒരേ വെള്ളം കുടിച്ച് ഒരേ വിരിപ്പില്‍ ഉറങ്ങുന്നു! ബെന്‍സ് കാറും നാനോയും ഒരേപോലെ ഒഴുകിപ്പോകുന്നു! കുടിലിലേക്കും ബംഗ്ലാവിലേക്കും കയറുന്നത് ഒരേ കലക്കുവെള്ളം, ഒരേ വിതാനത്തില്‍!
ഹൃദയങ്ങളിലെ നന്മയെ പുറത്തു കൊണ്ടുവരാന്‍ ഈ ദുരന്തവും സഹായിച്ചു. അവശരായവരെ സഹായിക്കാന്‍ സ്വജീവന്‍പോലും മറന്ന് രംഗത്തിറങ്ങിയവരെ കണ്ടല്ലോ. നീന്തിപ്പിടിച്ച് ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരുന്നവരുടെ ജാതിയോ മതമോ ആരും ചോദിച്ചില്ല. രക്ഷിക്കാന്‍ നീളുന്ന കൈയിന്റെ ഉടമസ്ഥന്‍ ഏതു ജാതിമതക്കാരനെന്നും ആരും അന്വേഷിച്ചില്ല. ആര്‍ പാകം ചെയ്ത ഭക്ഷണമാണ് ക്യാമ്പില്‍ താന്‍ കഴിക്കുന്നതെന്ന ശങ്ക ആരെയും വിശപ്പടക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും അറിവില്ല.
ചക്കീചങ്കരം നാടകം കളിക്കാനുള്ള സമയമല്ല ഇതെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒട്ടൊക്കെ തിരിച്ചറിഞ്ഞു. സൃഷ്ടിപരമായാണ് നിഷേധാത്മകമായല്ല പ്രതികരിക്കേണ്ടതെന്ന് എല്ലാവര്‍ക്കും വെളിപാടുണ്ടായല്ലോ.
വാര്‍ത്താമാധ്യമങ്ങള്‍, പ്രത്യേക ദൃശ്യവിഭാഗം, അവസരത്തിനൊത്തുയര്‍ന്നു. റേറ്റിങ്ങ് മാത്രമല്ല, ലക്ഷ്യമായിരിക്കേണ്ടതെന്ന് മനസ്സിലായെന്നു നിശ്ചയം.
കുറ്റവാസനയുള്ള മനസ്സുകള്‍ ആധുനിക സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുമെന്നുകൂടി വ്യക്തമായി. മുല്ലപ്പെരിയാര്‍ അണപൊട്ടി എന്നും കടല്‍ പിന്മാറിയതിനാല്‍ സുനാമി വരുന്നെന്നും വരെ പരപീഡനവാസനയുള്ളവര്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ നുണ പ്രചരിപ്പിച്ചു രസിച്ചു.
പഠിപ്പും പത്രാസും പ്രശസ്തിയുമൊന്നും ഇല്ലാത്ത സാധാരണക്കാര്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ 'ജലപിശാചി'നോടു പൊരുതി രക്ഷയ്‌ക്കെത്തുന്ന കാഴ്ച മനുഷ്യനന്മയിലുള്ള വിശ്വാസം ഊട്ടുറപ്പിക്കുന്നു എന്നു പ്രത്യേകം പറയാതെ വയ്യ. വെള്ളം വാര്‍ന്നുപോകുമ്പോള്‍ വന്നുചേരാവുന്ന പകര്‍ച്ചവ്യാധിയെ പടിക്കു പുറത്തുനിര്‍ത്താന്‍ കൂടി നമുക്കു മുന്‍കരുതലെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com