ഭരണകൂടത്തിന്റെ ശത്രുക്കളെ സ്‌നേഹിക്കുമ്പോള്‍

ഒരു പീഡിത ജനതയുടെ ശബ്ദമാവുക എന്നത് എഴുത്തുകാരുടെ മുന്നിലെ കടുത്ത വെല്ലുവിളിയാണ്.
കമീല ഷംസി
കമീല ഷംസി

പാകിസ്താനി പ്രവാസ സാഹിത്യകാരി കമീല ഷംസിയുടെ ഹോം ഫയര്‍ എന്ന നോവലിനെക്കുറിച്ച്

രു പീഡിത ജനതയുടെ ശബ്ദമാവുക എന്നത് എഴുത്തുകാരുടെ മുന്നിലെ കടുത്ത വെല്ലുവിളിയാണ്. വിശേഷിച്ചും സ്ത്രീകളായ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആത്മനിയോഗപരമായ ഈ ചുമതലയുടെ ലാവണ്യമീമാംസ ഉള്‍ക്കൊള്ളുക എന്നത് അത്യന്തം ദുഷ്‌കരമാണ്. മതവും ഭരണകൂടവും ഒരുപോലെ പ്രതിസ്ഥാനത്ത് വരുന്ന ചരിത്ര സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട് എഴുതുക എന്ന രാഷ്ട്രീയ സന്ദര്‍ഭമാവട്ടെ ഈ വ്യാകുലതകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അപകടകരമായ എഴുത്തിന്റെ രാഷ്ട്രീയ നിര്‍ണ്ണായകത്വം കൊണ്ടും പോസ്റ്റ് കൊളോണിയല്‍ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള അനുപമമായ സൗന്ദര്യതീക്ഷ്ണതകൊണ്ടും പാകിസ്താനി പ്രവാസ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമായി മാറിയിട്ടുള്ള കമീല ഷംസി ഇത്തരത്തില്‍ തീവ്രമായ നൈതിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന എഴുത്തുകാരിയാണ്. ഷംസിയുടെ 'ഹോം ഫയര്‍' (നെരിപ്പോട്) എന്ന കൃതി 2017-ല്‍ ബൂക്കര്‍ ലോങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ഗാര്‍ഡിയന്‍, ടെലഗ്രാഫ് തുടങ്ങി പല ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ഈ വര്‍ഷത്തെ 'വിമെന്‍സ് പ്രൈസ് ഫോര്‍ ഫിക്ഷനും' നേടുകയുമുണ്ടായി. 

പാശ്ചാത്യ ഏജന്‍സികളാല്‍ സമ്മാനിതമാവുന്ന ഇസ്ലാമിക പശ്ചാത്തലമുള്ള നോവല്‍ എന്ന നിലയ്ക്ക് അല്പം സന്ദേഹത്തോടെയാണ് ഈ കൃതിയെ സമീപിച്ചത്. ഷംസിയുടെ തന്നെ 2005-ല്‍ പ്രസിദ്ധീകരിച്ച് 'ബ്രോക്കണ്‍ വേര്‍സസ്' (മുറിഞ്ഞ വാക്യങ്ങള്‍) പാകിസ്താനി സെക്യുലറിസത്തിന്റെ രാഷ്ട്രീയ പരാജയങ്ങളെ ഫെമിനിസ്റ്റ് പക്ഷത്തുനിന്നു വിമര്‍ശിക്കുന്ന ഒരു കൃതിയായിരുന്നു. 2005-ല്‍നിന്നും 2017-ലേക്കുള്ള ദൂരം മുസ്ലിം അപരവല്‍ക്കരണത്തിന്റെ ലോകചരിത്രത്തെ സംബന്ധിച്ച് ചെറുതല്ല. മാത്രമല്ല, 'ബ്രോക്കണ്‍ വേര്‍സസ്' എഴുപതുകളിലെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്ന കറാച്ചിയെക്കുറിച്ചായിരുന്നെങ്കില്‍, 'ഹോം ഫയര്‍' പറയുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമായ സമകാല രാഷ്ട്രീയമാണ്. സാമൂഹികമാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ആവേഗങ്ങളെ ചടുലമാക്കുന്നതിന്റെ സമകാലിക സാക്ഷ്യങ്ങള്‍ ഈ നോവലിന്റെ അവസാന അദ്ധ്യായങ്ങളില്‍ അവതരിപ്പിക്കുന്നത് ഒരു ഞടുക്കത്തോടെയെ വായിക്കാന്‍ കഴിയുകയുള്ളൂ. നോവലില്‍ ഒരു പ്രധാന കഥാപാത്രമായ അനീകാ പറയുന്നതുപോലെ 'GWM' (Googling While Muslim) എന്നതുപോലും സവിശേഷമായ അപകടസാധ്യതയാകുന്ന കാലത്തെക്കുറിച്ച് എഴുതുക എന്നതുതന്നെ അത്രയും സാഹസികമാണ്. 'ഐസിസ് റിക്രൂട്ട്മെന്റ്' എന്ന് ഗൂഗിള്‍ ചെയ്യുക എന്ന വലിയ സാഹസത്തിനു മുതിരാന്‍ തനിക്ക് നിര്‍വ്വാഹമില്ലാതിരുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഷംസി പറയുന്നുണ്ട്. 

എന്നാല്‍, ഒരു സൈനികഭരണത്തിനു കീഴില്‍ വളര്‍ന്ന തനിക്ക് ഏതെങ്കിലും ഹിംസാത്മക ഭരണത്തിന്റെ തിക്തതകള്‍ മനസ്സിലാക്കാന്‍ ഗൂഗിള്‍ ചെയ്യേണ്ട ആവശ്യമില്ല എന്നും അവര്‍ പറയുന്നുണ്ട്. മതതീവ്രവാദവും പട്ടാളഭരണവും ഫാസിസ്റ്റ് ഭരണകൂടങ്ങളും ഒക്കെ സ്വന്തം അംഗബലം കൂട്ടുന്നത് പൊതുവായ ചില പ്രത്യയശാസ്ത്ര സന്നാഹങ്ങള്‍ ഉപയോഗിച്ചാണ്. പ്രത്യയശാസ്ത്രപരമായ ആയുധങ്ങളെ മത-മതേതര ഭരണകൂടങ്ങള്‍ ഒരുപോലെ ഉപയോഗിക്കുന്നത് എങ്ങനെ എന്ന ചോദ്യം ഇന്ന് പാകിസ്താനി പ്രവാസരചനയുടെ മുന്നില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. 'അക്രമാസക്തമായ മുസ്ലിം സ്വത്വം' എന്ന പാശ്ചാത്യ വാര്‍പ്പുമാതൃക നിറഞ്ഞാടുന്ന ഹനീഫ് ഖുറേഷി, മോണിക ആലി തുടങ്ങിയവരുടെ രചനകളോ അല്ലെങ്കില്‍ ഇസ്ലാമില്‍നിന്നും 'പുരോഗമനപരമായ' അകലം സൂക്ഷിക്കുക വഴി മുസ്ലിം സമൂഹ്യാവസ്ഥകളെക്കുറിച്ചുള്ള പാശ്ചാത്യ ഓറിയന്റലിസ്റ്റ് നിലപാടുകളെ പുനര്‍നിര്‍മ്മിക്കുന്ന അസര്‍ നഫീസിയുടെ 'റീഡിങ്ങ് ലോലിതാ ഇന്‍ റ്റെഹറന്‍' (2005), അയന്‍ ഹിര്‍സി അലിയുടെ 'ഇന്‍ഫിഡെല്‍: മൈ ലൈഫ്' (2007) തുടങ്ങിയ കൃതികളോ ഉള്‍ക്കൊള്ളുന്ന യൂറോ-അമേരിക്കന്‍ മതേതരത്വത്തിന്റെ ഏകതാനമായ പരിഹാരങ്ങളില്‍നിന്നും വ്യക്തമായും വേറിട്ട ചില ചടുലമായ, പ്രശ്‌നഭരിതമായ രാഷ്ട്രീയബാദ്ധ്യതകളാണ് കമിലാ ഷംസി ഏറ്റെടുക്കുന്നത്. 

ഗോണ്ടിനാമോ എന്ന സൂചിക
സമകാലിക ഇസ്ലാമിക ചരിത്രത്തെ ഒരു സര്‍ഗ്ഗാത്മക കൃതിയില്‍ അടയാളപ്പെടുത്തുമ്പോള്‍ ഏറ്റവും സാഹസികമായ ഒന്നാണ് ഗോണ്ടിനാമോയെ സ്പര്‍ശിക്കുക എന്നത്. കമീല ഷംസി ഈ സൂചകത്തെ തൊട്ടുകൊണ്ടാണ് കഥ പറയുന്നത് എന്നത് എത്ര ധീരമായ കാല്‍വയ്പാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ലണ്ടനിലെ ഏറ്റവും വലിയ ഏഷ്യന്‍ കുടിയേറ്റപ്രദേശമായ വെമ്പ്ലിയില്‍ ജനിച്ചുവളര്‍ന്ന മദ്ധ്യവര്‍ഗ്ഗ പാകിസ്താനി സഹോദരങ്ങളായ ഇസ്മ, അനീക, പര്‍വ്വേസ് എന്നിവരുടെ സംഘര്‍ഷങ്ങളാണ് 'ഹോം ഫയര്‍' പ്രമേയമാക്കുന്നത്. 12 വയസ്സിനു തന്നെക്കാള്‍ ഇളയവരായ ഇരട്ടകളായ അനീകയേയും പര്‍വ്വേസിനേയും വളര്‍ത്തുന്ന ചുമതല ഇരുപത്തിനാലാമത്തെ വയസ്സില്‍ ഏറ്റെടുക്കുന്നവളാണ് ഇസ്മ. കാലിഫേറ്റിന്റെ പോരാളിയായി നാടുവിട്ട് ഒടുവില്‍ ഗോണ്ടിനാമോയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരിച്ച പിതാവിനെ ഇരട്ടകള്‍ക്ക് കണ്ട ഓര്‍മ്മപോലും ഇല്ല. അവരെ നോക്കുന്ന ചുമതല ഏറ്റെടുക്കേണ്ടിവന്നതോടെ ഉപേക്ഷിച്ച ഗവേഷണമോഹം വീണ്ടെടുത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇസ്മയെ അമേരിക്കയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത് അനീകയാണ്. സ്‌കോളര്‍ഷിപ്പോടെ നിയമം പഠിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയിരിക്കുന്നവളാണ് അനീകയെങ്കില്‍ സൗണ്ട് എന്‍ജിനീയറിങ്ങിലെ കഴിവുപയോഗിച്ച് ഒരു ഭാവി സ്വപ്നം കണ്ട് ഗ്രോസറിക്കടയിലെ ജോലിയുമായി മുന്നോട്ടു പോകുന്നവനാണ് പര്‍വ്വേസ്. ആദില്‍ പാഷ എന്ന അവനറിയാത്ത അവന്റെ അച്ഛന്‍ 'അബു പര്‍വ്വേസ്' (പര്‍വ്വേസിന്റെ അച്ഛന്‍) എന്ന പേരില്‍ വലിയ പോരാളിയായാണ് വീരമൃത്യു വരിച്ചത് എന്ന കഥകള്‍ പറഞ്ഞ് പര്‍വ്വേസിനെ തന്റെ കാന്തികവലയത്തിലേക്ക് അടുപ്പിക്കുന്ന ഐസിസ് റിക്രൂട്ടര്‍ ഫിറോസ് അവനോട് പറഞ്ഞുകൊടുക്കുന്നത് വീട്ടിലെ സ്ത്രീകള്‍ നിന്നെ പൂട്ടിയിടുന്ന ചങ്ങലകളാണ് എന്നാണ്. എന്നാല്‍, തന്റെ പലായനത്തിന്റെ ഓരോ ഘട്ടത്തിലും പര്‍വ്വേസ് ഓര്‍മ്മിക്കുകയും തിരിച്ചുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് അനീകയുമായുള്ള അഭേദ്യമായ ഗര്‍ഭാലിംഗനത്തിലേക്കാണ്. അനീകയും ഇസ്മയും തമ്മിലും ഉണ്ട് അതുപോലെ സ്പര്‍ശനത്തിന്റെ മാന്ത്രികതയില്‍ ഊന്നിയ ഒരു സൂക്ഷ്മമായ ഹൃദയബന്ധം. സ്‌കൈപ്പില്‍ തങ്ങള്‍ക്ക് തമ്മില്‍ തൊടുവാനാകുന്നില്ലല്ലോ എന്നു വിഷമിക്കുന്ന ഇസ്മയും അനീകയും ദീര്‍ഘദൂര ബന്ധങ്ങളുടെ പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന പലരെയും പോലെ വെബ്കാം തുറന്നുവച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നവരാണ്. ഈ അനാഥരായ സഹോദരങ്ങളുടെ ഇഴചേര്‍ന്ന ബന്ധത്തിലേക്കാണ് ഹോം സെക്രട്ടറിയുടെ മകനായ, പേരിനുപോലും കഷ്ടിച്ചു മാത്രം മുസ്ലിമായ ഇയോമന്‍ തന്റെ കൊളോണ്‍ ഗന്ധവും ബ്രിട്ടീഷ് മര്യാദകളും ഒക്കെയായി വരുന്നത്. അയ്മന്‍ എന്ന അറബിക് പേരിനെ ആംഗലീകരിച്ചത് ഐറിഷുകാരിയായ അവന്റെ അമ്മയാണെന്നും അവനില്‍ അല്‍പ്പമെങ്കിലും മുസ്ലിം സ്വത്വം-ഉര്‍ദു വാക്കുകളായും വര്‍ഷാവര്‍ഷത്തെ ഈദ് വിരുന്നായും-ചെലുത്താന്‍ പിതാവ് കരാമാത് ലോണ്‍ ശ്രമിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള സൂചനകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല അനീകയും ഇയോമനും തമ്മിലുള്ള ഗാഢമായ സാംസ്‌കാരിക അന്തരം. എന്നാല്‍, ഈ വ്യത്യാസങ്ങള്‍ തന്നെയാണ് തന്റെ പിതാവ് വെറുക്കുന്ന തരത്തിലുള്ള, തന്റെ പിതാവിനെ വെറുക്കുന്നവരില്‍പ്പെടുന്ന ഒരുവളായ അനീകയിലേക്ക് ഇയോമനെ അടുപ്പിക്കുന്നതും. സ്‌നേഹബന്ധങ്ങളുടെ വന്യതയിലേക്കാണ് സങ്കീര്‍ണ്ണമായ രാഷ്ട്രീയസമസ്യകളുടെ കാട്ടുതീ കമില ഷംസി പടര്‍ത്തുന്നത്. 

സോഫൊക്ലസിന്റെ 'ആന്റിഗണി'യുടെ പുനര്‍നിര്‍മ്മിതിയാണ് ഷംസിയുടെ അനീക. അവിചാരിതമായാണ് താന്‍ ഈ കഥയിലേക്ക് കടന്നു വന്നത് എന്ന് ഒരു അഭിമുഖത്തില്‍ ഷംസി പറയുന്നുണ്ട്. ലണ്ടനിലെ ഒരു നാടക സംവിധായകന്‍ ആധുനിക തിയേറ്റര്‍ സന്ദര്‍ഭം മനസ്സില്‍ കണ്ട് ആന്റിഗണി പൊളിച്ചെഴുതാന്‍ ആവശ്യപ്പെട്ടതാണ് തുടക്കം. എന്നാല്‍, നാടകത്തിനു പകരം ഈ നോവലാണ് ഷംസിയുടെ മനസ്സില്‍ തെളിഞ്ഞുവന്നത്. കഥാപാത്രങ്ങളിലും കഥാസന്ദര്‍ഭങ്ങളിലും ഒക്കെ പര്‍ന്നുകിടക്കുന്ന പുനര്‍നിര്‍മ്മിതിയുടെ സുന്ദരമായ അടരുകളേക്കാള്‍, ആന്റിഗണിയും ക്രിയോണും തമ്മിലുള്ള സുദീര്‍ഘമായ പ്രത്യയശാസ്ത്ര വാഗ്വാദത്തിലും വ്യക്തിധര്‍മ്മങ്ങള്‍ക്കുമേല്‍ സ്റ്റേറ്റിന്റെ അധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും ഒക്കെ നിറയുന്ന വൈരുദ്ധ്യങ്ങളാണ് ആന്റിഗണിയുടെ കഥയുമായി അനീകയുടേതിനെ ഘടിപ്പിക്കുന്നത്. ആന്റിഗണിയെപ്പോലെതന്നെ നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാറിയ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിലും തുടരുന്ന ഹിംസയ്ക്കെതിരെയുള്ള പ്രത്യയശാസ്ത്രപരമായ പെണ്‍ചെറുത്തുനില്‍പ്പിന്റെ പ്രതിനിധിയാവുകയാണ് അനീക.
പക്ഷേ, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ 'ആന്റിഗണി'യുടെ രംഗാവിഷ്‌കാരമായ ഷീമസ് ഹീനിയുടെ 'തീബ്സിന്റെ കരയിലെ ശവമടക്കല്‍' (Seamus Heaney, The Burial at Thebes) എന്ന കൃതിയിലെ നായികയുടെ പ്രതിരൂപമാണ് അനീക. ഷീമസ് ഹീനി ഐറിഷ് രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ട ആന്റിഗണിയെ ഷംസി മുസ്ലിം പ്രവാസജീവിതത്തിന്റെ വര്‍ത്തമാനകാലത്തേക്ക് വീണ്ടും മുളപ്പിച്ചെടുക്കുന്നു. അനീകയോട് കാമുകനായ ഇയോമന്‍ എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത് എന്നു ഒരിക്കല്‍ ചോദിക്കുന്നുണ്ട്. വളരെ വ്യക്തമായി ഇയോമന്റെ ബ്രിട്ടിഷ് ലിബറല്‍ മുസ്ലിം സംശയത്തോട് അവള്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്: ''പ്രാര്‍ത്ഥന പണമിടപാടു പോലെയല്ല മി. കാപ്പിറ്റലിസ്റ്റ്, അത് ഒരു ദിവസം തുടങ്ങുന്നതിനാണ്.'' ഇസ്ലാമിനെ കേവലമതമായി (തഖ്വ) അല്ലാതെ ഒരു സംസ്‌കാരമായി, ജീവിതശൈലിയായി കണക്കാക്കുന്ന അനേകശതം മനുഷ്യരുടെ ഈ ശബ്ദമാണ് അനീക കേള്‍പ്പിക്കുന്നത്. ഈ ശബ്ദം തീവ്രമതാധിഷ്ഠിത ദേശീയതകള്‍ മാത്രമല്ല പൂര്‍ണ്ണമായും നിരാകരിക്കുന്നത്. സാമുവല്‍ ഹണ്ടിംഗറ്റണിന്റെ 'ക്ലാഷ് ഓഫ് സിവിലൈസേഷന്‍' (Samuel P. Huntington, Clash of Civilizations) ഒക്കെ മുന്നോട്ടുവയ്ക്കുകയും പാശ്ചാത്യ നീതിബോധത്തില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യപ്പെട്ട മുസ്ലിം സാംസ്‌കാരിക അപരത്വത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ത്തന്നെ നിശ്ശബ്ദമാക്കപ്പെടുന്നതാണ് ഈ വേറിട്ട ശബ്ദം. 

ഷംസിയുടെ 'മുറിഞ്ഞ വാക്യങ്ങള്‍' ഉയര്‍ത്തിയ ഒരു രാഷ്ട്രീയസമസ്യയായിരുന്നു മതതീവ്രവാദത്തിന്റെ തായ്വേരായ ആണ്‍കോയ്മാ ലൈംഗികാധിപത്യം. സുല്‍ഫിക്കര്‍ ഭൂട്ടോ ഇസ്ലാമിസ്റ്റ് മത തീവ്രവാദവുമായി സന്ധിചെയ്യുന്ന കാലത്ത് വസ്ത്രധാരണത്തിനും കലാസാംസ്‌കാരിക വേദികള്‍ക്കും കടുത്ത വിലക്കുകള്‍ കൊണ്ടുവന്നപ്പോള്‍, ജയിലില്‍ അടക്കപ്പെട്ട വിഖ്യാതനായ കവി ഫൈസ് അഹമെദ് ഫൈസിന്റെ 'ഹം ദേഖേങ്കെ' എന്ന വരികള്‍ ഗസല്‍ ഇതിഹാസമായ ഇക്ബാല്‍ ബാനു കറുത്ത സാരി ധരിച്ച് (സാരി ധരിക്കുന്നതിനു സ്റ്റേറ്റ് വിലക്ക് കല്‍പ്പിച്ചിരുന്നു) ആയിരങ്ങള്‍ക്കു മുന്നില്‍ പാടി സമരവീര്യം ഉയര്‍ത്തിയതുപോലുള്ള ഇസ്ലാമിക പെണ്‍ചെറുത്തുനില്‍പ്പുകളാണ് ഷംസിയുടെ 'മുറിഞ്ഞ വാക്യങ്ങളും' ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്. പാശ്ചാത്യ പ്രതിനിധാനങ്ങളില്‍ മതത്തിന്റെ കേവല ഇരകളായി മാത്രം നിറയുന്ന മുസ്ലിം സ്ത്രീ ഷംസിയുടെ കൃതികളില്‍ ആത്യന്തികമായും ഇസ്ലാം നിയമസംഹിതകള്‍കൊണ്ടുതന്നെ തീവ്രവാദത്തെ ചെറുക്കുന്ന ശക്തമായ നേര്‍ രൂപങ്ങളാണ്. സ്ത്രീ സ്വാതന്ത്ര്യം എന്ന സംജ്ഞയിലൂന്നിയ ഫെമിനിസം പ്രാഥമികമായും ഒരു പാശ്ചാത്യ നിര്‍മ്മിതിയാണെന്നും അതിന്റെ ധാര്‍മ്മിക ദ്വന്ദ്വങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന സ്ത്രീപക്ഷ അന്വേഷണങ്ങള്‍ സാധ്യമാണെന്നും ഈജിപ്ത്യന്‍ ഇസ്ലാമിക് പരിഷ്‌കരണങ്ങളിലെ സ്ത്രീപങ്കാളിത്തങ്ങളെ മുന്‍നിര്‍ത്തി സെബാ മെഹമുദ് പറഞ്ഞത് ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ് (Saba Mahmood, The Politics of Piety: The Islamic Revival and the Feminist Subject). മതേതര രാഷ്ട്രീയതയും ലിബറല്‍ ഫെമിനിസവും ചേര്‍ന്ന് ഉണ്ടാക്കുന്ന ഒരു ഇടുങ്ങിയ ചട്ടക്കൂടല്ല ഫെമിനിസത്തിന്റേത് എന്ന് തുറന്നുകാട്ടിയ സെബാ മഹമൂദിന്റെ പഠനങ്ങള്‍ ചെറുതല്ലാത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. പ്രൊട്ടെസ്റ്റാന്റിസം അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ കലരുന്നതുപോലെ തന്നെയാണ് മതാധികാരത്തിനുവേണ്ടി ഇസ്ലാമിക് പ്രസ്ഥാനങ്ങളും ഭരണകൂടോപാധികളിലേക്ക് കലരാന്‍ ശ്രമിക്കുന്നത് എന്ന മഹമൂദിന്റെ വാദം ഇരുപക്ഷത്തേയും ചൊടിപ്പിച്ചതാണ്. അടുത്തകാലത്തായി മത/മതേതര സമീപനങ്ങളിലെ സങ്കുചിതത്ത്വത്തിനെതിരെ  ഏറ്റവും ശക്തമായ എഴുത്തുകളും ചെറുത്തുനില്‍പ്പുകളും ഉണ്ടാകുന്നത് സ്ത്രീപക്ഷവാദങ്ങളില്‍നിന്നാണ് എന്നതു മാത്രം മതി മതേതരതയും മതവും ഒരുപോലെ ആണ്‍കോയ്മയുടെ ആയുധങ്ങളാവുന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ തിരിച്ചറിയാന്‍. 

മതേതര മുസ്ലിമിന്റെ ഒരു വാര്‍പ്പുമാതൃകയായി ഷംസി വരച്ചിടുന്ന കഥാപാത്രമായ കാരാമാത് ലോണ്‍ ആദ്യത്തെ മുസ്ലിം ബ്രിട്ടീഷ് ഹോംസെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട സാജിദ് ഖാനെയും ബ്രിട്ടനിലെ ഇതര സെക്കുലര്‍ മുസ്ലിം രാഷ്ട്രീയാധികാരികളേയും ഊന്നിയാണ് എന്നത് നോവലിന്റെ സമകാലികാഭിമുഖ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.  സോഫോക്ലസിന്റെ ക്രിയോണിനെപ്പോലെ സ്‌നേഹാധികാരങ്ങളെ പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കുന്ന ലോണ്‍ ഉറച്ച മതേതര 'വിശ്വാസി'യാണ്. സിറിയ എന്നു കേള്‍ക്കുന്നതുതന്നെ ഇയാളെ പ്രതിരോധത്തിലാക്കുന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സിറിയക്കഥകളുടെ പശ്ചാത്തലത്തില്‍ വായിക്കുന്നത് ചെറുതല്ലാത്ത പരസ്പരബന്ധങ്ങളെ ഓര്‍മ്മിപ്പിക്കും. അനീകയുടെ സഹോദരന്‍ പര്‍വ്വേസ് സിറിയയിലേക്ക് പോകുന്നത് റക്കയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയാളികളുടെ വീഡിയോചിത്രങ്ങള്‍ പകര്‍ത്തുന്നതിനാണ്. പക്ഷേ, പര്‍വ്വേസ് പോകുന്നത് അനാഥത്വത്തിന്റേയും സാമൂഹ്യബഹിഷ്‌കരണത്തിന്റേയും മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ സമസ്യകളുടേയും ഒക്കെ ഭാരം ചുമന്നുകൊണ്ടുമാണ്. ഒരു ബ്രിട്ടീഷ് മുസ്ലിമിന്റെ ഈ ഭാരത്തെയാണ് മതരാഷ്ട്രീയത്തിന്റെ ചായങ്ങള്‍ വിഭ്രമാത്മകമാക്കുന്നത് എന്നത് പക്ഷേ, ലോണിനെപ്പോലുള്ള മതേതരതയുടെ വക്താക്കള്‍ക്ക് വിഷയമല്ല. സിറിയ എന്നു കേട്ടപാതി കേള്‍ക്കാത്തപാതി കൊടുംഭീകരതയുടേയും ആടുമേക്കലിന്റേയും കഥകള്‍ ഓര്‍ത്ത് പാസ്പോര്‍ട്ടുകള്‍ മരവിപ്പിച്ച്, വ്യക്തിബന്ധങ്ങള്‍ തകര്‍ത്ത് ഭീതിയുടെ വലിയ ചിത്രങ്ങള്‍ മെനഞ്ഞെടുക്കുക എന്നത് അവരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ, സ്വാര്‍ത്ഥതയുടെ ക്രൂരരാഷ്ട്രീയം കൂടിയാവുന്നു.

മറ്റൊരു നിലനില്‍പ്പിന്റേയും സ്വാര്‍ത്ഥതയുടേയും ക്രൂരരാഷ്ട്രീയം മാത്രമാണ് കാലിഫേറ്റിന്റേതും എന്ന് ഷംസീ സൂചിപ്പിക്കുന്നത് ഭരണകൂടരാഷ്ട്രീയത്തിന്റെ ബദലായ വിപ്ലവാത്മകമായ ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവച്ചുകൊണ്ടു കൂടിയാണ്. ഇതിനു രണ്ടു വക്താക്കളുണ്ട് നോവലില്‍. ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഭീതിയുടെ ഉപകരണവല്‍ക്കരണത്തെക്കുറിച്ചും ഗവേഷണം ചെയ്യാനും ബ്രിട്ടനെന്ന 'അരക്ഷിത' രാജ്യത്തെക്കുറിച്ചുള്ള തന്റെ തീസിസ് എഴുതുന്നതിനുവേണ്ടിയും അമേരിക്കയിലേക്ക് എത്തിയ ഇസ്മയാണ് ഒരാള്‍. ഇസ്മയുടെ ചെറുത്തുനില്‍പ്പ് സെബ മെഹമുദിന്റേതുപോലുള്ള ബൗദ്ധികമായ രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളെ ഓര്‍മ്മിപ്പിക്കുന്നത് ഒട്ടും യാദൃച്ഛികമല്ല. ഇരട്ടപൗരത്വത്തിനെതിരെ ബ്രിട്ടന്‍ നീങ്ങുന്നത് 790 വര്‍ഷത്തെ ബ്രിട്ടീഷ് നിയമങ്ങളുടെ അട്ടിമറിയാണ് എന്നു വാദിക്കുന്ന തന്റെ കശ്മീരി പ്രൊഫസറോട് സ്ഫോടനങ്ങളില്‍ പങ്കാളികളാകുന്ന 'ഭീകരവാദിക'ളെ 'ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി വംശജര്‍' അല്ലെങ്കില്‍ 'ബ്രിട്ടിഷ് മുസ്ലിം' അല്ലെങ്കില്‍ 'ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമ' എന്നൊക്കെയല്ലാതെ ബ്രിട്ടീഷ് പൗരന്മാര്‍ എന്നു ഭരണകൂടം എപ്പോഴെങ്കിലും കണക്കിലെടുക്കാറുണ്ടോ എന്നു മറുചോദ്യം ചോദിക്കുന്നുണ്ട് ഇസ്മ. ഇസ്മയുടെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത് ഭരണകൂട മുഖങ്ങളുടെ ചരിത്രപരമായ ഇരട്ടത്താപ്പുകളാണ്. ഡോക്ടറേറ്റിനുള്ള ഗവേഷണത്തിനു അമേരിക്കയിലേക്ക് പോകാനുള്ള തന്നെ, സിറിയയിലേക്ക് പോയ സഹോദരനുള്ളവള്‍ എന്ന നിലയ്ക്ക് എയര്‍പോര്‍ട്ടില്‍ വിധേയയാക്കുന്ന തിരച്ചിലിന്റേയും തടഞ്ഞു വക്കലിന്റേയും വൈയക്തികാനുഭവങ്ങള്‍ ഗവേഷണപ്രബന്ധമാക്കുന്ന ഇസ്മയും അവള്‍ക്കും ലോകത്തിനും ഇടയില്‍ ഉള്ളത് അവളുടെ പര്‍ദ്ദ മാത്രമാണ് എന്നു 'സ്‌നേഹത്തോടെ' ഉപദേശിക്കുന്ന കശ്മീരി പ്രൊഫസറായ ഹീരയും അടങ്ങുന്ന ബൗദ്ധിക ചെറുത്തുനില്‍പ്പുകളുടെ ക്ഷുബ്ദമായ വശം ഷംസി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു പങ്ക് മാത്രമാണ്. 

മറുപങ്ക് അനീകയുടേതാണ്. ആന്റിഗണിയെപ്പോലെ അവ്യാജമായ, ആത്മാര്‍ത്ഥമായ ധീരമായ ഒരു തുറന്നുപറച്ചിലാണ് അനീകയുടേത്. ഹോം സെക്രട്ടറിയുടെ മകനായ ഇയോമനെ താന്‍ സ്‌നേഹിക്കുന്നതും (സ്‌നേഹിച്ചതും) പര്‍വ്വേസിനെ തിരിച്ചു ലണ്ടനിലേക്ക് കൊണ്ടുവരാന്‍ ഈ ബന്ധം കൊണ്ട് തനിക്ക് സാധിക്കും എന്ന തന്റെ വിശ്വാസമാണ് എന്നതാണ് അനീകയുടെ സത്യം. ഈ ഒരു സത്യം മാത്രമെ പര്‍വ്വേസ് റക്കയില്‍നിന്നു തിരിച്ചുവരാന്‍ ശ്രമിക്കാനാണ് ഇസ്താന്‍ബുളിലെ ബ്രിട്ടീഷ് എംബസ്സിക്കു മുന്നില്‍ എത്തിയത് എന്നും ഈ ശ്രമത്തിനിടെ അവന്‍ അവിടെവച്ച് കൊല്ലപ്പെടുകയായിരുന്നു എന്നും തെളിയിക്കാന്‍ അവളുടെ പക്കലുള്ളു. കാരണം ഔദ്യോഗിക നിലപാട് പ്രകാരം പര്‍വ്വേസ് ബ്രിട്ടീഷ് എംബസിക്കെതിരെയുള്ള ആക്രമണത്തിനായി എത്തിയപ്പോള്‍ ബദല്‍ തീവ്രവാദി ഗ്രൂപ്പുകളാല്‍ കൊല്ലപ്പെടുകയാണ്. അതുകൊണ്ട് അവന്‍ 'രാജ്യദ്രോഹി'യും അവന്റെ ഭൗതികശരീരം രാജ്യാതിര്‍ത്തിക്കിപ്പുറം വരാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍, പര്‍വ്വേസ് ഒരു ബ്രിട്ടീഷുകാരനാണ്, തിരിച്ചുവരാന്‍ ആഗ്രഹിച്ചവനാണ് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അവന്റെ ദേഹം കറാച്ചിയില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് ഭരണകൂടവുമായി ഒറ്റയാള്‍ സമരത്തിനു മുതിരുകയാണ് അനീക. മനുഷ്യ ഭാഗധേയങ്ങള്‍ മതത്തിന്റേയും ഭരണകൂടത്തിന്റേയും ആധുനിക മനുഷ്യാവകാശങ്ങളുടേയും കുരുക്കുകള്‍ക്കുള്ളില്‍ മുറുകുന്ന സമകാല ലോകരാഷ്ട്രീയം ഷംസി വരച്ചിടുന്നത് ഇങ്ങു കേരളത്തില്‍പ്പോലും പ്രതിധ്വനികള്‍ കണ്ടെത്താവുന്ന കൃത്യതയോടെയാണ്. 

ആത്മസത്ത കലര്‍ന്ന പെണ്‍പക്ഷം
ഔദ്യോഗികമായ ഘടനാപരമായ വ്യവസ്ഥാനുസാരിയായ സത്യത്തെ ചെറുക്കാന്‍ അനീക ഉപയോഗിക്കുന്നത് സ്‌നേഹബന്ധങ്ങള്‍ക്കിടയില്‍ ഒതുക്കിമാറ്റിവയ്ക്കപ്പെടുന്ന തീക്ഷ്ണമായ ചില ധാര്‍മ്മിക തീവ്രതകളാണ്. രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രണയം ഉപയോഗിച്ചു എന്ന പഴിയും രാജ്യദ്രോഹിയായ സഹോദരനെ തള്ളിപ്പറയുന്നില്ല എന്ന ഭീകരമായ കുറ്റവും ഒരുപോലെ ഏറ്റെടുത്തുകൊണ്ട് ഇരുപക്ഷത്തുമായി നിലനിന്നുകൊണ്ട് കറാച്ചി എംബസ്സിക്കു മുന്നില്‍ പര്‍വ്വേസിന്റെ മൃതദേഹവുമായി സമരം ചെയ്യാന്‍ ധൈര്യപ്പെടുകയാണ് അനീക. കരാമതിന്റെ ലിബറല്‍ ആദര്‍ശങ്ങള്‍ക്ക് അനീക തന്റെ പുത്രനെ വഴിപിഴപ്പിക്കുന്ന ലഹരിയും ഉന്മത്തതയും ആകുന്നതു പര്‍ദ്ദ ധരിച്ചതുകൊണ്ടു മാത്രമല്ല.  

യോമന്‍ തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുവാന്‍ വേണ്ടിയാണ് താന്‍ അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായത് എന്നു പറഞ്ഞുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരോട് അനീക ചോദിക്കുന്നത്, ഇതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു എന്ന്. സ്വന്തം ജീവിതത്തിന്റെ നിഷ്‌കളങ്കമായ സുതാര്യത മറ്റൊരു കണ്ണില്‍ കുറ്റമായി മാറുന്ന ജീവിതാവസ്ഥകള്‍ തുറന്നുകാട്ടപ്പെടുകയാണ്. ആന്റിഗണിയുടെ തീവ്രമായ വ്യക്തിരാഷ്ട്രീയ യുക്തിയുടെ വെറും തുടര്‍ച്ചയല്ല അനീക. മറിച്ച് തുല്യതയിലൂന്നിയ ഫെമിനിസ്റ്റ് രാഷ്ട്രീയവഴികളില്‍ നഷ്ടപ്പെടുന്നതും വീണ്ടെടുക്കപ്പെടേണ്ടതുമായ സ്വത്വത്തിന്റെ ധാര്‍മ്മികത (ethics of self) എന്ന ആശയത്തിന്റെ കൂടെ പ്രതിഫലനമാണ്. സ്ത്രീ എന്ന നിലയ്ക്കും മുസ്ലിം സ്ത്രീ എന്ന നിലയ്ക്കും കാമുകി എന്ന നിലയ്ക്കും സഹോദരി എന്ന നിലയ്ക്കും ഒക്കെ താന്‍ നിലകൊള്ളുന്ന പ്രതലങ്ങളെ സ്വന്തമായ ഒരു ധാര്‍മ്മിക ചട്ടക്കൂടിനകത്തുനിന്നാണ് അനീക ദര്‍ശിക്കുന്നത്. പര്‍ദ്ദ ധരിക്കാനും ധരിക്കാതിരിക്കാനും അവള്‍ക്ക് കാരണങ്ങളുണ്ട്. ഇയോമനെ പ്രണയിക്കാനും അവനെ സ്വന്തം രാഷ്ട്രീയാവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും അവളുടെ ധാര്‍മ്മികതയില്‍ ന്യായങ്ങള്‍ ഉണ്ട്. ഒരേ സമയം പര്‍വ്വേസിന്റെ പക്ഷത്തും ഇസ്മയുടെ പക്ഷത്തും നില്‍ക്കാനും അവള്‍ക്ക് കഴിയും. ലിബറല്‍ ഫെമിനിസ്റ്റ് ചട്ടക്കൂടുകളുടെ തുല്യതാവാദങ്ങള്‍ക്കോ നീതിബോധങ്ങള്‍ക്കോ ശാക്തീകരണ ന്യായങ്ങള്‍ക്കോ ഒന്നും വഴങ്ങാത്ത ആത്മസത്ത കലര്‍ന്ന ഒരു പെണ്‍പക്ഷം ആണ് അനീക മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം തെരഞ്ഞെടുപ്പിന്റെ പേരില്‍ സുപ്രീംകോടതി വരെ ചെന്ന ഹാദിയ, ഭര്‍ത്താവിനെ ദുരഭിമാനക്കൊലചെയ്ത സ്വന്തം വീട്ടുകാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത തമിഴ്നാട്ടിലെ കൗസല്യ, അതേ സാഹചര്യങ്ങളിലൂടെ ഇന്നു കടന്നുപോകുന്ന കോട്ടയത്തു കൊലചെയ്യപ്പെട്ട കെവിന്റെ പങ്കാളി നീനു തുടങ്ങി പലരും അനീകയുടെ ജീവിക്കുന്ന മാതൃകകളായി നമുക്കു മുന്നില്‍ ഉണ്ട്. ഇതുകൊണ്ടുതന്നെയാവും ഈ കൃതി ഇന്ത്യയുടേയും വിശേഷിച്ച് കേരളത്തിന്റേയും രാഷ്ട്രീയപരിസരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വായന അര്‍ഹിക്കുന്നത്.

ഫിക്ഷന്‍, നോവല്‍, കഥയെഴുത്ത് തുടങ്ങിയ രൂപങ്ങള്‍ക്കപ്പുറം വ്യക്തികളുടെ ദൈനംദിനം കഥകളാവുന്ന സോഷ്യല്‍ മീഡിയയുടെ കാലത്ത് എഴുതപ്പെടുന്ന ഒരു കൃതി എന്ന നിലയ്ക്കും ഹോം ഫയര്‍ സവിശേഷത കൈവരിക്കുന്നുണ്ട്. ഇസ്മയില്‍ തുടങ്ങി, ഇയോമനിലൂടെ, പര്‍വ്വേസിലൂടെ ഗതിവേഗം കൂട്ടി അനീകയില്‍ എത്തുന്ന ആഖ്യാനം ഒടുക്കം പ്രൊഫൈല്‍ സ്റ്റാറ്റസുകളുടേയും റ്റ്വീറ്റുകളുടേയും ഹാഷ്റ്റാഗുകളുടേയും ചടുലതയിലേക്കാണ് വന്നെത്തുന്നത്. അതും കടന്നാകട്ടെ വെബ് വാര്‍ത്താപോര്‍ട്ടലുകളുടെ ഗോസ്സിപ്പുകളാണ് ആഖ്യായികകളാകുന്നത്. കരാമാത് എന്ന അവസാനത്തെ അധ്യായത്തില്‍ കറാച്ചി എംബസ്സിക്കു മുന്നില്‍ പര്‍വ്വേസിന്റെ മൃതദേഹം ലണ്ടനില്‍ തന്നെ സംസ്‌കരിക്കണം എന്ന ആവശ്യവുമായി അനീക നടത്തുന്ന ഒറ്റയാള്‍ സമരമാകട്ടെ തത്സമയ സംപ്രേക്ഷണങ്ങള്‍ പല ചാനലുകളിലായി തെളിയുന്ന ദൃശ്യങ്ങളായിട്ടാണ് വിവരിക്കപ്പെടുന്നത്. അനീകയുടെ പക്ഷത്താണ് താന്‍ എന്ന് ഇയോമന്‍ കരാമതിനെ അറിയിക്കുന്ന ലൈവ് സ്ട്രീമിങ്ങ്, ഒടുക്കം പ്രണയികളുടെ അന്ത്യചുംബനത്തിന്റെ രംഗം ദൃശ്യമാക്കി നിശ്ചലമാക്കുന്ന കാമറാക്കണ്ണുകള്‍, ആഖ്യായികയിലെ ഈ നവസാങ്കേതിക പരിസരങ്ങള്‍ ആലങ്കാരികമായി ചേര്‍ത്തുവയ്ക്കപ്പെടുകയല്ല. മറിച്ച് കഥയുടെ രാഷ്ട്രീയം തന്നെയായി നിലനില്‍ക്കുകയാണ്. 

നോവലിന് ആമുഖമായി ഷംസി കുറിച്ചിരിക്കുന്നത് ഷീമസ് ഹീനിയുടെ ആന്റിഗണി പറയുന്ന ഒരു വരിയാണ്: ''നമ്മള്‍ സ്‌നേഹിക്കുന്നവര്‍ ചിലര്‍ സ്റ്റേറ്റിന്റെ ശത്രുക്കള്‍ ആണ്.'' സ്വയം തിരഞ്ഞെടുത്ത അന്യമതസ്ഥനോ കീഴാളനോ ആയ ഭര്‍ത്താവിനും കാമുകനും വേണ്ടി, രാഷ്ടീയമായ നിലപാടുകളുടെ പേരില്‍ മരിച്ചവരും കാണാതായവരും ആയ മക്കളുടേയും പേരില്‍ ഒക്കെ പൊതുജീവിതത്തിലേക്ക് വ്യക്തിബന്ധങ്ങളുടെ പുതിയ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സ്ത്രീകള്‍ ദൃശ്യമാകുന്ന ഇന്നത്തെ ഇന്ത്യയില്‍ ആന്റിഗണിയുടെ ഈ വാചകത്തിന്റെ പ്രസക്തി അനിഷേധ്യമാകുന്നു. സങ്കരത്വത്തെ (hybridity) സഹവാസത്തിന്റെ ഏകരൂപമായി ഉയര്‍ത്തിപ്പിടിക്കുന്ന പോസ്റ്റ് കൊളോണിയല്‍ സാമൂഹ്യരാഷ്ട്രീയതയ്ക്ക് താങ്ങാവുകയോ മുതല്‍ക്കൂട്ടാവുകയോ ആകുന്ന ഇന്ത്യന്‍ പ്രവാസ (ഡയസ്പ്പോറിക്) എഴുത്തുകളില്‍നിന്നു പ്രത്യക്ഷമായ ഒരു വ്യതിരിക്തത കാണിക്കുന്നുണ്ട് പാകിസ്താനി ഇംഗ്ലീഷ് ഫിക്ഷന്‍. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യം വരേണ്യസ്വഭാവം വച്ചുപുലര്‍ത്തുകയും പ്രാദേശിക ഭാഷകളുമായുള്ള തുലനത്തില്‍ മേല്‍ക്കോയ്മയും വിപണിയും കയ്യടക്കിവയ്ക്കുകയും ചെയ്തത് ഇന്ത്യന്‍ സാഹിത്യനിരൂപണത്താല്‍ ഊതിപ്പെരുപ്പിക്കപ്പെട്ട ഒരു പാന്‍ ഇന്ത്യന്‍ മതേതര ദേശീയത മൂലമാണ് എന്ന് അക്കാഡമിഷ്യനും ആക്ടിവിസ്റ്റുമായ പ്രൊഫസര്‍ സായിബാബ തന്റെ ഒരു പഠനത്തില്‍ പറയുന്നുണ്ട് (2008). ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക-രാഷ്ടീയാവസ്ഥയോടു പുലര്‍ത്തുന്ന നിസ്സംഗതയും അലംഭാവവും അപക്വമായ കേവല സൗന്ദര്യാത്മക നിലപാടും ആണ് വിക്രം സേത്തും അമിതാവാ ഘോഷും ഒക്കെയടങ്ങുന്ന പാന്‍-ഇന്ത്യന്‍ പ്രവാസ ഇംഗ്ലീഷ് എഴുത്തിന്റെ മുഖമുദ്ര എന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രാദേശിക സാഹിത്യം ഒറ്റയ്ക്കും കൂട്ടമായും ശ്രമിക്കുന്ന തീക്ഷ്ണമായ രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളുടെ നിരയുമായി തുലനം ചെയ്താല്‍ ഇന്ത്യന്‍ ഇംഗ്ലീഷ് ഡയസ്പോറിക് എഴുത്ത് എന്നു വിളിക്കപ്പെടുന്ന ശാഖ പ്രകടമായ ഒരു ഉപരിപ്ലവതയില്‍ രമിക്കുന്നു എന്ന സംശയം പ്രബലമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ദക്ഷിണേഷ്യന്‍ ഡയസ്പോറ എന്ന നിലയ്ക്ക് ശക്തിയാര്‍ജ്ജിക്കുന്ന ഒരു പുതുനിര പാകിസ്താനി എഴുത്തുകാര്‍ ഉയര്‍ന്നുവരുന്നത് അവഗണിക്കാന്‍ കഴിയുന്ന കാര്യമല്ല. ആഗോള ഇസ്ലാമോഫോബിയക്കും തദ്ദേശീയമായ മതഭ്രാന്തിനും എതിരെ ഒരുമിച്ചുയര്‍ത്തുന്ന ശബ്ദമായി ഉയരുന്നുണ്ട് മൊഹസിന്‍ ഹമിദ്, മൊഹമ്മദ് ഹനിഫ്, നദിം അസ്ലാം, കമില ഷംസി തുടങ്ങിയവരുള്‍പ്പെടുന്ന പാകിസ്താനി ഡയസ്പോറ എന്നുതന്നെ നിസ്സംശയം പറയാം. കലുഷിതമായ ഇന്നത്തെ ആഗോള രാഷ്ട്രീയസാഹചര്യത്തോട് അതീവസൂക്ഷ്മമായി പ്രതികരിക്കാന്‍ യൂറോപ്പിലേയും അമേരിക്കയിലേയും ഭരണകൂട പിന്തുണയോടെയുള്ള കടുത്ത ഇസ്ലാംവിരുദ്ധതയുടെ നേര്‍ക്കുനിന്നുതന്നെ മുതിരുന്ന ഈ എഴുത്തുകാരുടെ രാഷ്ട്രീയബോധം ഉണ്ടാക്കുന്ന ചലനങ്ങള്‍ 'പാകിസ്താനിലേക്ക് പറഞ്ഞയക്കല്‍' ശിക്ഷാക്രമമാകുന്ന ഇന്ത്യന്‍ ഹൈന്ദവ-തീവ്രദേശീയതയുടെ കാലത്ത് ഇന്ത്യയില്‍ തീര്‍ച്ചയായും വായിക്കപ്പെടുകതന്നെ വേണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com