കടലും കഥയും മരണവും

വായിച്ചപ്പോഴും ശേഷവും കഥയിലെ വൃദ്ധന്റെ ചോദ്യം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

രാമേശ്വരം വന്ത്ട്ച്ചാ? ഈ ചോദ്യം  സമീപകാലത്ത് കഥയില്‍നിന്ന് വിടാതെ പിന്തുടര്‍ന്നു ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്ന ഒന്നാണ്. എന്‍. പ്രഭാകരന്റെ 'രാമേശ്വരം' എന്ന കഥയിലേതാണ് ഈ ചോദ്യം. വായിച്ചപ്പോഴും ശേഷവും കഥയിലെ വൃദ്ധന്റെ ചോദ്യം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കഥയിലും വായനക്കാരനിലും ഒരുപോലെ ഉരുണ്ടുകൂടുന്ന മരണഭീതിയാണോ അതെന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല. തീര്‍ച്ചയായും അതായിരുന്നില്ല.  ഭീതിയല്ല, മരണവും ഫിക്ഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് അതു ചിന്തയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നത്. മരണത്താല്‍ അവസാനിച്ചേക്കാവുന്ന ജീവിതത്തെ അതിരുകളില്ലാത്ത ലോകം കാട്ടിയാണ് ഫിക്ഷന്‍ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഥയാവാനും കഥയിലേതുപോലെ ആയിത്തീരാനുമുള്ള മോഹവുമാണ് ആധുനികമായ എഴുത്ത്. കഥയേയും മരണത്തേയും ഇങ്ങനെ മുഖാമുഖം നിര്‍ത്തുമ്പോള്‍ ഭീതിയല്ല, സര്‍ഗ്ഗാത്മകതയും മനുഷ്യാസ്തിത്വവും തമ്മിലുള്ള ഗാഢ ബന്ധമാണ് വെളിവാകുന്നത്. മാത്രവുമല്ല, രാമേശ്വരം എന്ന കഥയില്‍ മരണത്തെ അനുഭവിക്കുന്നതിനൊപ്പം തീവ്രമാണ് മധ്യവര്‍ഗ്ഗ അഹന്തയെ, നാട്യത്തെ അസ്ഥിരപ്പെടുത്തുന്ന അതിന്റെ കഥാംശം. കഥയില്‍നിന്നൊരു ഭാഗം നോക്കൂ:

''കിഴവന്റെ ചോദ്യം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പത്ത് സെന്റ് പറമ്പില്‍ പതിനൊന്നു മുറികളിലും മാര്‍ബിള്‍ പാകിയിരിക്കുന്ന വീട് എന്റെ എത്ര നാളത്തെ കഷ്ടപ്പാടിന്റെ ഫലമാണ്. ജീവിതത്തില്‍ വലിയ ഞെരുക്കമുണ്ടായിരുന്ന കാലത്ത് ബാങ്ക് ലോണെടുത്തും കുറി വിളിച്ചും പലരോടും കടം വാങ്ങിയുമൊക്കെ ഉണ്ടാക്കിയതാണ്. എന്നിട്ടാണ്...
ഇത്തരക്കാരുമായൊക്കെ സംസാരിക്കാന്‍ പുറപ്പെട്ടാല്‍ ഇങ്ങനെയൊക്കെ ചില പ്രശ്‌നങ്ങളുണ്ട്. അവര്‍ അവരുടെ നിലവാരംവെച്ച് നമ്മെയും അളന്നുകളയും. എവിടെയോ വാടക വീട്ടിലോ ചിലപ്പോ ആളൊഴിഞ്ഞ ഏതെങ്കിലും പാര്‍പ്പിടത്തിലോ ഒരുപക്ഷേ, കടത്തിണ്ണയില്‍ത്തന്നെയോ തങ്ങിയിരിക്കുന്ന കക്ഷിയാണ്. അയാളെപ്പോലെ തെണ്ടിനടന്നു കഴിയുന്നവനാണ് ഞാനും എന്നാണ് പുള്ളി ധരിച്ചുവെച്ചിരിക്കുന്നത്.''
   

വാടകവീട്ടിലാണോ താമസിക്കുന്നത് എന്ന വൃദ്ധന്റെ ഒറ്റ ചോദ്യമാണ് ആഖ്യാതാവിനെ ഇത്തരത്തില്‍ ചൊടിപ്പിച്ചുകളയുന്നത്. അയാള്‍ കെട്ടിപ്പൊക്കിയ ആത്മവിശ്വാസത്തിന് വിള്ളല്‍ വീഴുന്നു. അയാളുടെ അസ്ഥിരതയെ പ്രകടമാക്കുന്ന ആത്മപ്രതിഫലനപരമായ ഈ കഥാംശത്തോടു ചേര്‍ന്നുനില്‍ക്കുമ്പൊഴേ മരണത്തില്‍ അര്‍ത്ഥം മുഴങ്ങുന്നുള്ളൂ. രാഷ്ട്രീയമായി വ്യാഖ്യാനിക്കാവുന്ന വര്‍ത്തമാനാനുഭവങ്ങളുടെ ഒരടര് രാമേശ്വരം എന്ന കഥയിലുടനീളമുണ്ട്. അതു പ്രത്യക്ഷത്തിലില്ലെന്നു തോന്നിയാലും കഥയുടെ പരോക്ഷ കാരണങ്ങള്‍ അവയൊക്കെയുമാണ്. ജീവിതാന്ത്യത്തെക്കുറിച്ച്, ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരെക്കുറിച്ച്, അഴുകുന്ന മധ്യവര്‍ഗ്ഗ ജീവിതത്തെക്കുറിച്ച്, പെട്ടെന്നോ അപ്രതീക്ഷിതമോ അവസാനിച്ചേക്കാവുന്ന ജീവിതോത്സവങ്ങളെക്കുറിച്ച് ഈ കഥ പറയാതെ പറയുന്നുണ്ട്. അവയൊക്കെയിരിക്കുമ്പോള്‍ത്തന്നെ ജീവിക്കുന്നതില്‍, അതിജീവിക്കുന്നതില്‍ ഫിക്ഷനിലുള്ള വിശ്വാസം നിര്‍വ്വഹിക്കുന്ന ധര്‍മ്മത്തെക്കുറിച്ചുള്ള സൂചനകളുമടങ്ങിയിട്ടുണ്ട്. തീവണ്ടിയിലെ ഒരു കമ്പാര്‍ട്ട്‌മെന്റില്‍  രാമേശ്വരം വന്ത്ട്ച്ചാ? എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന വൃദ്ധന്റെ ഫിക്ഷനലായ അസ്തിത്വമാണ് കഥയെ നിര്‍ണ്ണയിക്കുന്നത്. ആ അസ്തിത്വം തന്നെയാണ് മരണത്തേയും ജീവിതത്തേയും മുഖാമുഖം നിര്‍ത്തുന്നത്. അതേ കഥാത്മകത തന്നെയാണ് ഈ ചോദ്യത്തിന്റെ ആഖ്യാന സാധ്യതകളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്നതും- ''പുറത്ത് അതിവേഗത്തില്‍ പിന്നിലേക്ക് പാഞ്ഞകലുന്ന ദൂരത്തിലേക്കും കാലത്തിലേക്കും ശൂന്യതയിലേക്കും ആ ചോദ്യത്തെ ചുരുട്ടിയെറിഞ്ഞ് വണ്ടി ഒരു ചൂളംവിളിയോടെ അതിന്റെ കുതിപ്പിന് വേഗമേറ്റി'' ചുരുട്ടിയെറിയുന്ന ഈ ചോദ്യമാണ് കഥാത്മകമായ ഈ ലോകത്തിലേക്കുള്ള താക്കോല്‍. മരണാഭിമുഖമായി ചരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തിയ ജീവിതാവസ്ഥയെ ഫിക്ഷന്റെ നൂലിഴകള്‍കൊണ്ട് ബലപ്പെടുത്തുന്ന ഈ സമീപനം എന്‍. പ്രഭാകരന്റെ സമീപകാല എഴുത്തിന്റെ ആധാരശ്രുതിയാണ്. കടലും കഥയും മൃത്യുവും ചേര്‍ത്താണ് സാന്ദ്രമായ ജീവിതപ്രേമത്തിന്റെ കൊടി അദ്ദേഹത്തിന്റെ എഴുത്ത് ഉയര്‍ത്തിപ്പിടിക്കുന്നത്.
    

രാമേശ്വരം, കടലും മരണവും ചേരുന്ന ഒരിടമാണ് കഥയില്‍. ആ സ്ഥലമുണ്ടാക്കുന്ന കഥാത്മകമായ പ്രതിധ്വനികളാണ് വായനക്കാരില്‍ ഉടലുണര്‍വ്വുകളെ രൂപപ്പെടുത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന ഇടത്തില്‍ ചാരവും അസ്ഥിയുമായെങ്കിലും ചെന്നുവീഴുക, എല്ലായിടവും ഒഴുകി ഒഴുകി നിറയുക- മതാത്മകമല്ല ഈ മോഹം. നിശ്ചലതയുടെ, യാന്ത്രികതയുടെ ബോധമണ്ഡലത്തെ കടലിന്റെ വിക്ഷുബ്ധമായ പ്രവാഹങ്ങള്‍കൊണ്ടാണ് എന്‍. പ്രഭാകരന്റെ എഴുത്ത് അഭിമുഖീകരിക്കുന്നത്. വ്യാകുലജലമാര്‍ന്ന സാഗരവും തുംഗഗിരിനിരകളും കലാദേവതയുടെ പാദമുദ്രകള്‍ പതിഞ്ഞതാണെന്നു പറയുന്ന ആശാനെ അനുസ്മരിച്ചാല്‍ വ്യാകുലതയാര്‍ന്ന കടലിനെ എഴുത്തിന്റെ അബോധമായി സ്വീകരിക്കുന്നതിന്റെ യുക്തി പിടികിട്ടും. അതുകൊണ്ടാണ് മരിച്ചവരെല്ലാം കടലിലേക്കാണ് പോവുന്നതെന്ന് എന്‍. പ്രഭാകരന്റെ എഴുത്തിന്റെ മനോഭാവമായി പ്രകടമാകുന്നത്. 'പാവം' എന്നൊരു കവിതയുണ്ട് അദ്ദേഹത്തിന്റേതായി (2009).
ഉച്ചവെയിലിലും ഉപ്പുകാറ്റിലുമുണങ്ങി
ഒരു സംഘം കുട്ടികള്‍
പൂഴിപ്പരപ്പിലൂടെ തുഴഞ്ഞുതുഴഞ്ഞെത്തി
കടലില്‍ കണ്ണുപിഴച്ച് കരക്കടിഞ്ഞൊരു
തിമിംഗലത്തെ കാണാനായിരുന്നു
അവരുടെ വരവ്.
തീരത്തില്‍നിന്നിത്തിരിയകലെ
തിരകള്‍ താഴ്മകാട്ടുന്ന ഉടലില്‍
ഒരിക്കലേ നോക്കിയുള്ളൂ
അവരിലൊരാള്‍ ഉറക്കെ നിലവിളിച്ചു
അയ്യോ, അച്ചാച്ചന്‍ എന്റച്ചാച്ചന്‍
അങ്ങു ദൂരെ, ദൂരെ ദൂരെ
ആഴക്കടലില്‍ ഉച്ചമയക്കത്തിലായിരുന്ന
പെണ്‍തിമിംഗലം
അതു കേട്ട് ഞെട്ടിയെണീറ്റ്
ആരോടെന്നില്ലാതെ പറഞ്ഞു: പാവം ചെക്കന്‍.
    
മരിച്ചവര്‍ക്കു പോവാനുള്ള ഇടമാണ് കടലെന്ന കല്പന ഈ കവിതയുടെ അനുഭവത്തില്‍ പ്രധാനമാണ്. അച്ചാച്ചനും അമ്മമ്മയുമെല്ലാം  കടലിലുണ്ടെന്ന അറിവാണ് കണ്ണു പിഴച്ച് കരയിലെത്തുന്ന തിമിംഗലം നല്‍കുന്നത്. കടല്‍ ആശ്വാസം നല്‍കുന്ന ഒരു ലക്ഷ്യസ്ഥാനമാണ്. വ്യാകുലജലമാര്‍ന്ന ഈ കടലിന് വെറും കടലായി നില്‍ക്കുക അസാധ്യം. കഥ തന്നെയാണീ കടല്‍. കഥയാവുന്ന കടല്‍ എന്നോ കടലാവുന്ന കഥയെന്നോ പറഞ്ഞാലും ആ വാക്യങ്ങള്‍ രണ്ടും ഇവിടെ ശരിയാവും. കടലിനു നല്‍കുന്ന കഥാത്മകതയുടെ തലം-അതാണ് ഈ കഥാകാരന്റെ സമീപകാല കഥകളുടെ വിശിഷ്ടമാകുന്ന ഘടകം. കഥ പോലെയുള്ള കടലിലേക്കുള്ള തിരിച്ചുപോക്കുകളാണ് രാമേശ്വരവും തോണിയുടെ ആത്മകഥയുമെല്ലാം പറയാന്‍ ശ്രമിക്കുന്നത്. കഥയുടെ കടലില്‍നിന്നു വന്നു അതുപോലെ തിരിച്ചുപോവുന്ന ഒരാളിന്റെ എഴുത്തുകളായി (അതോ സ്വപ്നമോ) അവ വായിക്കുന്നത് ആ കഥകളുടെ തീവ്രമായ സംവേദനത്തെ തിരിച്ചറിയുന്നതിന് സഹായകമാവും. രാമേശ്വരം എന്ന കഥ അപ്പാടെ ഒരു സ്വപ്നമായിരുന്നല്ലോ. തീവണ്ടിയിലിരിക്കുകയായിരുന്ന ആ ദമ്പതികളുടെ ഞെട്ടലൊഴിച്ച് കിഴവനും ആ ചോദ്യവുമെല്ലാം ഒരു സ്വപ്നമായിരുന്നു. കഥയിലാണ് ജീവിതമുള്ളതെന്ന് ഈ എഴുത്ത് ആര്‍ജ്ജവത്തോടെ വിശ്വസിക്കുന്നുണ്ട്. 'കഥയിലെന്നപോലെ' ജീവിക്കാനാണ് അവയുടെ ഇച്ഛ. കഥ ഈയര്‍ത്ഥത്തില്‍ ഒരു കടലാവുന്നു.

എന്‍ പ്രഭാകരന്‍
എന്‍ പ്രഭാകരന്‍

ചെന്നുചേരാനാഗ്രഹിക്കുന്ന സ്ഥാനം; ലക്ഷ്യം. കടലിന് കേവലമായ സ്ഥലമാനം മാത്രമല്ല ഉള്ളത്. കടല്‍ ഈ കാണായ ലോകത്തിന്റെ ലഘുവെങ്കിലും (miniature) സമാന്തര രൂപവുമാണ്. ജീവജാതികളുടെ ആരംഭസ്ഥലവും ഒരു ജൈവിക സാമ്രാജ്യവുമാണത്. ഭൂമിയെ സംബന്ധിച്ചിടത്തോളം അമ്നിയോട്ടിക് ദ്രവം. കടലിന്റെ രൂപകമെന്ന നിലയിലുള്ള ഉണ്മയേയും നിശ്ചയിക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. വസ്തുക്കളുടെ ഭൗതിക ഗുണങ്ങളെ അനുഭവിപ്പിക്കാനുള്ള ശേഷിയാണ് ഭാഷയില്‍ അര്‍ത്ഥങ്ങളുടെ പ്രവാഹവേഗങ്ങളെ, സാന്ദ്രതയെ സൃഷ്ടിക്കുന്നത്. വാക്കുകള്‍ സമൂഹത്തിന്റെ അധ്വാനഫലമാണെന്നു പറയാവുന്നതും അതിനാലാണ്. സാമൂഹികാധ്വാനമാണ് ഭാഷയെ സര്‍ഗ്ഗാത്മകതയുടെ തുടരായി നിലനിര്‍ത്തുന്നത്. കടലില്‍നിന്ന് കഥകളുണ്ടാകാതെ വയ്യ. വാര്‍ദ്ധക്യത്തിന്റെ നിരാശ കലര്‍ന്ന, ജരാനരകളുടെ വിളര്‍ച്ചയുള്ള ജീവിതത്തില്‍നിന്ന് മനുഷ്യര്‍ക്ക്  കഥയുടെ ലോകത്തേക്ക് സഞ്ചരിക്കാതെ നിവൃത്തിയില്ല. 'അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക്' (2012) എന്ന ചേതോഹരമായ കവിതയില്‍ എന്‍. പ്രഭാകരന്‍ ഈ കഥയുടെ രഹസ്യം പറയുന്നുണ്ട്. അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക് അന്തിമിനുക്കം മായുന്ന കടല്‍ക്കരയില്‍വെച്ച് സംഭവിച്ച അത്ഭുതമാണ് ആ കവിത. ആറാം വയസ്സില്‍ വായിച്ച ജാപ്പനീസ് നാടോടിക്കഥയിലെ പല നിറങ്ങളുള്ള ആമ അറുപതാം വയസ്സില്‍ തീവ്രമായ പ്രണയത്തിന്റെ സന്ദേശവുമായി അന്ന് ആ കടല്‍ക്കരയില്‍ വന്നുചേര്‍ന്നു:

''കാലം പായല്‍ പരത്താത്ത ഓര്‍മ്മകള്‍ കനം തൂങ്ങുന്ന കണ്‍പോളക്കടിയിലെ കണ്ണീരിന്റെ മറയിലൂടെ എന്റെ ഉടലും ഉയിരുമുഴിഞ്ഞ് അവള്‍ ഒന്നുമൊന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ആരംഭം മുതല്‍ എല്ലാം എനിക്കോര്‍മ്മയുണ്ടോമനേ, നിന്റെ പുറത്തേറി ഞാന്‍ പുറംകടലിലേക്കു വന്നു. നീലക്കടലാമകള്‍ കാവല്‍നിന്ന ജലകവാടം കടന്ന് എണ്ണിയാലൊടുങ്ങാത്ത ചില്ലുപടവുകളിറങ്ങി എന്നെയുംകൊണ്ട് നീ ആഴത്തിലേക്ക് പോയി. കടല്‍പ്പച്ചകള്‍ മുറ്റത്തു നൃത്തംവെക്കുന്ന പവിഴക്കൊട്ടാരത്തില്‍ നാം ചെന്നുചേര്‍ന്നു. പിന്നെ നീ രാജകുമാരിയും രാജകുമാരനുമായി. കരയിലെ കാലക്കണക്കിന് കോരിയെടുക്കാനാവാത്ത കാലമത്രയും അവിടെ നാം കഥയിലെന്നപോലെ സുഖമായി ജീവിച്ചു.''

ഇതു കടലിലെ ജീവിതമോ? കഥയിലെ ജീവിതമോ? തീര്‍ച്ചയായും കഥയിലെ ജീവിതം തന്നെ. എന്നാല്‍ കഥയില്‍/കടലില്‍  അയാള്‍ക്ക് എത്രനാള്‍ തുടരാനാവും? കാതിലും കരളിലും ഓര്‍മ്മയുടെ കൊടുങ്കാറ്റുകള്‍ ഇരമ്പുന്നതുവരെ. ഓര്‍മ്മയിലാണ് കാലം പ്രവര്‍ത്തനക്ഷമമാവുന്നത്. അമ്മ, അച്ഛന്‍, പഴയ കളിക്കൂട്ടുകാര്‍ കരയിലെ സ്‌നേഹത്തിന്റെ മിടിപ്പുകള്‍- ഭൂതകാലത്തിലെ നിറമുള്ളതെല്ലാം അയാളെ വേട്ടയാടുന്നു. ഓര്‍മ്മയുടെ കൊടുങ്കാറ്റില്‍ ഉലയുന്നയാളെ തിരിച്ചു കരയില്‍ കൊണ്ടുചെന്നു വിട്ട്  പോകുമ്പോള്‍ അവള്‍  നിറങ്ങള്‍ നൃത്തംവെക്കുന്ന ഒരു കുഞ്ഞുപെട്ടി സമ്മാനമായി നല്‍കിക്കൊണ്ടു പറഞ്ഞു:

''ഇത് കയ്യിലുള്ള കാലം വരെ നിനക്ക് വേദനയും മരണവുമില്ല. പക്ഷേ, ഒരിക്കലുമിത് തുറന്നുനോക്കരുത്. ആഴക്കടലിലെ ആനന്ദത്തിലേക്ക് മടങ്ങാന്‍ ആത്മാവ് വിറകൊള്ളുന്ന നിമിഷം ഈ പെട്ടിയുമായി ഇവിടെ വന്നുനിന്ന് ഇതിനു മേല്‍ പതുക്കെ വിരലോടിക്കുക, കണ്ണടച്ചു തുറക്കും മുന്‍പ് ഞാന്‍ മുന്നിലെത്തും. കടലിന്നടിയിലെ കൊട്ടാരത്തിലേക്ക്  എന്റെ ജീവനേ, പിന്നെയും നിന്നെ ഞാന്‍ കൊണ്ടുപോവും.''

കടലുമാകാശവും മറന്ന് കോരിത്തരിച്ച അയാള്‍ക്ക് ആ പെട്ടി തുറക്കാതിരിക്കാനായില്ല. എല്ലാ കഥയിലെയും പോലെ അയാളും ആ പെട്ടി തുറന്നു. കണ്ണഞ്ചിക്കുന്ന വെളിച്ചം അതില്‍നിന്നു പറന്നകന്നു. നിമിഷാര്‍ദ്ധത്തില്‍ അയാള്‍ വൃദ്ധനായി. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതായി. മരണം അയാളെ വിഴുങ്ങാറായി.
''ഇനി പറയൂ എന്റെ ഓമനേ, ആ പെട്ടിയില്‍ എന്തായിരുന്നു? ഞൊടിയിടയില്‍ എന്നെ വൃദ്ധനാക്കി മരണത്തിന് കൈമാറുന്ന ഏതറിവാണ് നീയതില്‍ സൂക്ഷിച്ചുവെച്ചിരുന്നത്?
ജന്മം കൊണ്ടും പ്രണയംകൊണ്ടുമറയാനാവാത്ത ഏതു മഹാരഹസ്യം?
ഏതാത്യന്തിക സത്യം?
പറയൂ പ്രിയപ്പെട്ടവളേ നമ്മുടെ ജീവിതകഥയില്‍
അതൊന്നുമാത്രമേ എനിക്കറിയാതുള്ളൂ
അതേ എനിക്കറിയേണ്ടതുള്ളൂ.''
കടലിലേക്കുള്ള താക്കോലായിരുന്നു ആ പെട്ടി. അതോ കഥയിലേക്കുള്ളതോ? കഥയെ കടലാക്കുന്ന ഈ രൂപണവിദ്യ എല്ലാ നല്ല എഴുത്തുകാരുടേയും അഭിമുഖീകരിച്ചിരിക്കാവുന്ന അഥവാ അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്‌നത്തെ ജയിക്കാനുള്ള ഇച്ഛയാണ്. ജീവിതത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ളതാണ് ആ പ്രശ്‌നം. കഥയെന്നാല്‍ കേവലം കഥ മാത്രമല്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. കഥാത്മകതയുടെ ചുരുക്കമാണിവിടെ കഥ. കഥാത്മകതയെന്ന ആസക്തമേഖലയിലേക്കുള്ള നിരന്തരാകര്‍ഷണം ജീവിതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമമാണ്. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഭാവനയുടെ ഓണ്‍ലൈന്‍ ലോകവും ജീവിത-മരണങ്ങളെ അഭിമുഖീകരിക്കേണ്ടുന്ന ഓഫ് ലൈന്‍ ലോകവും-കടലും കരയും. കഥകൊണ്ടു മരണത്തെ നേരിടുകയെന്ന ആശയത്തിന് സംസ്‌കാരത്തിന്റെ ആരംഭകാലത്തോളം പഴക്കമുണ്ട്. എന്നാല്‍ ഈ ആഖ്യാനങ്ങള്‍ രൂപകങ്ങളിലൂടെ നവപ്രവര്‍ത്തനം തുടരുന്ന മനുഷ്യാസ്തിത്വത്തെ തീവ്രതയോടെ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവോര്‍ജ്ജങ്ങളുടെ അസ്തമന കാലത്ത് രൂപകങ്ങളില്‍നിന്ന് ഊര്‍ജ്ജം തേടുന്നതിനുള്ള പരിശ്രമമാണ് അറുപതാം വയസ്സില്‍ ഒരു സന്ധ്യയ്ക്ക് സംഭവിക്കുന്നത്.

എന്താണ് രൂപകങ്ങള്‍ ചെയ്യുന്നത്? അവ കേവലം വസ്തുക്കളുടെ പൊരുത്തത്തെ ഉപയോഗപ്പെടുത്തി രൂപപ്പെടുത്തുന്ന ചിഹ്നങ്ങളാണോ? ജീവിക്കുന്ന രൂപകങ്ങള്‍ (living metaphor) എന്നാണ് പോള്‍ റിക്കോര്‍ അവയെ പരിചയപ്പെടുത്തുന്നത്. രണ്ടു വ്യത്യസ്ത സംഗതികളില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെടുക്കാനുള്ള ത്വരയാണ് രൂപകമെന്ന ഭാഷാപരമായ നവപ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉത്പാദനക്ഷമമായ മനോസമ്മര്‍ദ്ദങ്ങളിലൂടെ  രൂപപ്പെടുന്ന നവീനമായ ഭാഷാചിഹ്നം മാത്രമാണ് റിക്കോറിനെ സംബന്ധിച്ചിടത്തോളം രൂപകം. എന്നാല്‍ രൂപകമല്ല, രൂപാന്തരണം (metamorphosis) തന്നെയാണ്  ഈ നവപ്രവര്‍ത്തനമെന്ന ദെല്യൂസിന്റെ ചിന്തയോടാണ് എനിക്കടുപ്പം തോന്നുന്നത്. വാക്ക് രൂപാന്തരണത്തിന്റെ, മറ്റൊന്നായിത്തീരലി (becoming)ന്റെ പ്രക്രിയയാണ്. അങ്ങനൊരു രൂപപരിണാമം 'തോണിയുടെ ആത്മകഥയില്‍നിന്ന്' എന്ന കഥയില്‍ കാണാം. ആസ്തമയുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകളിലും നിത്യജീവിതദുരിതങ്ങളിലും കഷ്ടപ്പെടുന്ന ഒരു സവിശേഷ നിമിഷത്തില്‍ ഒരാള്‍ ഒരു ബോട്ടായി പരിണമിക്കുന്നു. സമുദ്രാഭിമുഖമായി ആഹ്ലാദപൂര്‍വ്വം

ദെല്യൂസ്
ദെല്യൂസ്

ചരിക്കുന്ന യന്ത്രബോട്ടായി മാറുന്ന ആഖ്യാതാവിന്റെ സഞ്ചാരങ്ങളാണ് തോണിയുടെ ആത്മകഥയെന്ന വികാരവത്തായ ആഖ്യാനം. കാറ്റുപായ വലിച്ചുകെട്ടിയ തോണിയായി ആ യന്ത്രബോട്ട് ആഴക്കടലില്‍വെച്ച് വീണ്ടും രൂപാന്തരപ്പെടുന്നു. കടല്‍ക്കാറ്റിന്റെ ദിശയ്ക്കനുസരിച്ച് നീക്കിക്കൊണ്ടിരിക്കുന്ന ആ പായ്വഞ്ചി കണ്ണെത്താത്ത ജലപ്പരപ്പുമാത്രമുള്ള കടലില്‍ ലക്ഷ്യരഹിതമായി ചരിക്കുന്നു. കാറ്റിലും കോളിലും ദുസ്സഹമായ ഏകാന്തതയിലും ഉഴലുന്ന തോണി നിലാവിന്റെ വെളിച്ചത്തില്‍ അപരിചിതമായ ഒരു ദ്വീപിലെ കര കാണുന്നു. ദൂരെനിന്നുള്ള മലയുടെ ദര്‍ശനം ഭീമാകാരനായ ഒരു ജീവിയെപ്പോലെ തോന്നിച്ചു:

''കടലിന് നിലാവ് വരുത്തിയ മാറ്റം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അത് എന്റെ ഏകാന്തതയെ പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചു. എനിക്ക് ഒരേ സമയം അത്യഗാധമായ ഹൃദയവേദനയും ഭീതിയും നിഗൂഢമായ ആനന്ദവും അനുഭവപ്പെട്ടു. മലയുടെ കാഴ്ച അടുത്തടുത്ത് വരുന്നത് എനിക്കു തന്ന ആശ്വാസവും ആഹ്ലാദവും കടലിനെപ്പോലെതന്നെ അപാരമായിരുന്നു.''

എഴുത്തിലെ സാമൂഹിക രാഷ്ട്രീയ ആകാംക്ഷകള്‍
നിഗൂഢമായ ആനന്ദവും ഭീതിയും ഒരേപോലെ അയാളെ ഭരിക്കുന്നുണ്ട്. തോണി ഒരു ദ്വീപില്‍ അടുക്കുകയും കരയില്‍ ക്ഷീണിതനായി ഉറങ്ങിപ്പോയ അയാള്‍ ഒരു പെണ്‍കുട്ടിയുടെ സന്നിധിയിലേക്കാണ് ഉണരുന്നത്. ആ കടല്‍ത്തീരത്ത്, ആ ദ്വീപില്‍ അയാള്‍ക്ക് ഒരു ജീവിതമുണ്ടാവുന്നു. അഡോണിയ എന്ന യുവതിയോടൊപ്പം ബയോണ്‍ എന്ന വിളിപ്പേരിലുള്ള ആ ജീവിതം അധികം തുടരുന്നില്ല. അയാള്‍ക്ക് അവിടം വിടേണ്ടിവരുന്നു. വീണ്ടും തോണിയുടെ ജന്മം കൈക്കൊള്ളുന്ന അയാള്‍ യാത്ര തുടരുന്നു. വിജനവും വിശാലവുമായ മറ്റൊരു തീരത്ത്  അയാള്‍ എത്തിപ്പെടുന്നു. അവിടെയും ഹൃദയത്തെ ഗാഢമായി ബാധിച്ചുകളയുന്ന പാട്ടുമായി ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളോടും അയാള്‍ പ്രണയം അഭ്യര്‍ത്ഥിക്കുന്നു. ''പ്രണയം ഇങ്ങനെ വിളംബരം ചെയ്യാനുള്ളതല്ല, നിങ്ങള്‍ക്ക്  ആരെ വേണമെങ്കിലും പ്രണയിക്കാം. എന്നെയും പ്രണയിക്കാം. അതിന് എന്റെ സമ്മതം ആവശ്യമില്ല. കടലിലും കരയിലും നിലാവ് പരക്കുന്നതുപോലെ അതു സംഭവിക്കും'' എന്നാണവള്‍ പറഞ്ഞത്. അവളുടെ വാക്കുകള്‍ അയാളിലെ സ്‌നേഹത്തെ ജ്വലിപ്പിക്കുകയാണുണ്ടായത്. മനുഷ്യരുടെ പരിമിതികള്‍ അയാളുടെ മുന്നിലേക്കു വരുന്നു. താന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനല്ല തോണിയാണെന്നു ഉറപ്പിക്കാനാണ് അത് സഹായിക്കുന്നത്.

''ചെറിയ ചെറിയ ആഹ്ലാദങ്ങള്‍ക്കുള്ള വക ജീവിതം എനിക്കു തന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഇതിലപ്പുറം ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനല്ല, തോണിയാണ്. അതു കഴിഞ്ഞ ജന്മത്തിലെ സംഗതിയല്ലേ എന്നു നിങ്ങള്‍ ചോദിച്ചേക്കും. കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ എന്തായിരുന്നുവോ അതുതന്നെയായിരിക്കും ഈ ജന്മത്തിലും നിങ്ങള്‍. ജന്മത്തിന്റെ തടവറ എന്നാരോ പറഞ്ഞിട്ടില്ലേ? ആരും പറഞ്ഞിട്ടില്ലെങ്കില്‍ ഇതാ അങ്ങനെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ശരി. ഞാന്‍ പോവുന്നു. മറ്റേതോ തീരത്ത് മറ്റൊരു സുന്ദരി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍, ഒരുപക്ഷേ, നക്ഷത്രം തന്നെ എന്നെ കാത്തിരിക്കുന്നുണ്ടാവാം. പോട്ടെ; ഒരു സഞ്ചാരിക്കുവേണ്ടി ജീവിതം എന്നും അത്ഭുതങ്ങള്‍ കരുതിവെയ്ക്കും. ഇല്ലെങ്കില്‍ത്തന്നെ ഒരു സഞ്ചാരിയായ അല്ല, സഞ്ചാരിയുടെ ജലവാഹനമായ എനിക്ക് പോയേ പറ്റൂ. പോട്ടെ; എല്ലാവര്‍ക്കും നല്ലതു വരട്ടെ.''

കഥയ്ക്കും കടലിനും  കരയ്ക്കും ജീവിതത്തിനുമെല്ലാം രൂപകസ്വഭാവം നല്‍കാനുള്ള, അതായത് അനുപമമായതില്‍ ഔപമ്യം കണ്ടെത്താനുള്ള (Seeing the similar with in the dissimilar)  കേവല താല്‍പ്പര്യമല്ല ഈ എഴുത്തുകളില്‍ പ്രകടമാകുന്നത്. കഥാത്മകതയും ജീവിതവും തമ്മിലുള്ള പൂരണത്തേയും ഇടര്‍ച്ചകളേയും കുറിച്ചുള്ള സത്യസന്ധമായ കാഴ്ചയാണ് ഇവിടെ ശ്രദ്ധേയം. കഥയായിത്തീരുന്ന അഥവാ കഥ തന്നെയായ ജീവിതം, കടലുപോലെ വിശാല സ്വരൂപമാര്‍ന്നതാണ്. അതിനോടുള്ള നിരന്തരാകര്‍ഷണം എഴുത്തിന്റെ സ്പര്‍ശിനികളിലെല്ലാം തുടിക്കുന്നുണ്ട്. അനാഥത്വവും ഭീതിയും ആനന്ദവും സ്വാതന്ത്ര്യവുമെല്ലാമുള്ള കടലില്‍ ഇച്ഛയും ചിന്തയും ബോധവുമുള്ള ഒരു ജലവാഹനമായി രൂപാന്തരം സംഭവിക്കുന്ന ആഖ്യാതാവാണ് ഈ കഥയെ ശ്രദ്ധേയമാക്കുന്നത്. എഴുത്തിലും ചിന്തയിലും വായനയിലും സംഭവിക്കുന്ന ഈ രൂപാന്തരണം മനുഷ്യരുടെ പരോക്ഷ ജീവിതത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കല യാഥാര്‍ത്ഥ്യത്തിന്റെ കേവലം പ്രതിനിധാനമോ പ്രതിഫലനമോ അല്ല, ജീവിതത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്ന പുതുമുളകളാണെന്ന് ഈ കഥ തെളിയിക്കുന്നു. മൃതകോശങ്ങള്‍ക്കു പകരം പുതുകോശങ്ങളുണ്ടാവുന്നത്രയും സ്വാഭാവികമാണത്.
    

എന്‍. പ്രഭാകരന്റെ എഴുത്ത് പൊതുവില്‍ പുലര്‍ത്തിപ്പോരുന്ന സാമൂഹികവും രാഷ്ട്രീയവുമായ ആകാംക്ഷകള്‍, വൈകാരികമായ താല്‍പ്പര്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന്റെ അന്തസ്സത്തയായി കരുതാവുന്ന ഈ കഥകളിലും കവിതകളിലും മറ്റൊരു വിധത്തില്‍ പ്രകടമാക്കുന്നുണ്ട്. കടലിനോടും ജലവിതാനങ്ങളോടുമുള്ള ആസക്തി കഥയോടുള്ള ഇരമ്പുന്ന ആസക്തി തന്നെ. എന്നാല്‍ യാഥാര്‍ത്ഥ്യവും  കഥയും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചുള്ള ആശങ്ക ഒരു ദ്വന്ദ്വകല്പന(binary)യെന്നവണ്ണം അദ്ദേഹത്തിന്റെ എഴുത്തില്‍ വേരാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനം ഈ ദ്വന്ദകല്പനയില്‍ ബന്ധിതമാണ്. ഈ രൂപാന്തരണങ്ങളില്‍ ഓര്‍മ്മകളുടെ ധര്‍മ്മം പരിശോധിച്ചാല്‍ അതു വ്യക്തമാവും. കഥയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുപോവാനുള്ള ഉപാധിയാണ് ഓര്‍മ്മകള്‍. അഥവാ ആനന്ദത്തില്‍ മുഴുകുന്നതിനെ തടയുന്നു അവ. മൂത്തോരുടെ ശാസനപോലെ അതു കഥയില്‍/കടലില്‍ ആണ്ടുപോകുന്നതില്‍നിന്നു പിന്നോട്ടു വലിക്കുന്നു. അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക് എന്ന കവിതയില്‍ കരയിലെ സ്‌നേഹത്തിന്റെ മിടിപ്പുകളായി അതു ഓര്‍മ്മകളുടെ ഇരമ്പം സൃഷ്ടിച്ച് ആഴത്തിലേക്ക് അന്വേഷിച്ചുവരുന്നുവെങ്കില്‍, തോണിയുടെ ആത്മകഥയില്‍ അത് സാധാരണത്വത്തെക്കുറിച്ചുള്ള ഭീതിയാണ്. ആനന്ദകരമായ ജീവിതം അതിന്റെതന്നെ താളം തെറ്റിച്ചേക്കുമെന്നും സാധാരണത്വത്തിന്റെ കുഴിയിലും ചെളിയിലും മുള്‍പ്പടര്‍പ്പുകളിലുമെല്ലാം വീണുപോയേക്കുമെന്ന ഭീതിയായാണ് അതു വരുന്നത്. ഒരര്‍ത്ഥത്തില്‍ കഥയില്‍നിന്നു പുറത്തുകടക്കാനുള്ള ഇച്ഛയാണിത്. ആനന്ദത്തില്‍ മുഴുകുന്നതിനെ തടയുന്ന, ഉത്തരവാദിത്വത്തെക്കുറിച്ചു ജാഗ്രതപ്പെടുന്ന കഥയ്ക്കു പുറത്താണ് യാഥാര്‍ത്ഥ്യം നിലക്കൊള്ളുന്നതെന്നു വിചാരപ്പെടുന്ന ഒരു എഴുത്തവബോധം ഈ കഥകളില്‍ വിങ്ങിനില്‍ക്കുന്നുണ്ട്. ആ വിങ്ങല്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥയുടെ മഹാരൂപപരിണാമത്തിന് വിധേയമാവുന്നിടത്താണ് ഈ കഥകളില്‍ ചരിത്രത്തിന്റെ തരംഗസമാനമായ ഊര്‍ജ്ജം തുടിക്കുന്നത്. കാലവും കഥയും  വ്യാകുലജലമാര്‍ന്ന സാഗരംപോലെ വിക്ഷുബ്ധമാവുന്ന ഈ എഴുത്തില്‍ മരണഭീതിയൊട്ടുമില്ല. മറിച്ച് വൃദ്ധത്വത്തെയല്ല, അമൃതത്വത്തെ ആശിക്കുന്ന മനുഷ്യനിസ്സഹായതയെ കഥയുടെ ചിറകുകള്‍കൊണ്ടു മറികടക്കുന്ന ഇച്ഛയാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com