ജീവിതം അടക്കിയ പേടകം 

'ഏവര്‍ക്കും ആസ്വദിക്കാവുന്ന ലളിതമായ സിനിമ' - ഇത്തരം പതിവ് വിശേഷണങ്ങളില്‍ കുടുങ്ങിപ്പോകാവുന്നൊരു ചലച്ചിത്രം.
ജീവിതം അടക്കിയ പേടകം 

'വര്‍ക്കും ആസ്വദിക്കാവുന്ന ലളിതമായ സിനിമ' - ഇത്തരം പതിവ് വിശേഷണങ്ങളില്‍ കുടുങ്ങിപ്പോകാവുന്നൊരു ചലച്ചിത്രം. പക്ഷേ, കോമഡിയില്‍ വ്യഭിചരിക്കുന്ന ചില ഗഹനതകളിലൂടെ 'കാര്‍വാന്‍' ടാഗ് ലൈനുകള്‍ക്കുമപ്പുറം വളരുന്നു. ആകര്‍ഷ് ഖുറാനയുടെ ആദ്യ സംവിധാന സംരംഭമായ ഈ ഹിന്ദി ചലച്ചിത്രം 'ലിവ് ലോംഗ്' എന്ന ആശയത്തെ 'ലിവ് ബെറ്റര്‍' എന്നതിലേക്ക് മെല്ലെ മെല്ലെ വളര്‍ത്തിക്കൊണ്ടുവരുന്ന ഒന്നാണ്. മൂന്ന് പേര്‍ ഒരു ശവശരീരവുമായി നടത്തുന്ന ദീര്‍ഘയാത്ര. സാധാരണ റോഡ് മൂവികള്‍ക്ക് പാതിയോളമെത്തുമ്പോള്‍ സംഭവിക്കാറുള്ള ദിശാസംഭ്രമം ഇവിടെ ഉണ്ടാകുന്നില്ല. എന്തെന്നാല്‍ 'കാര്‍വാന്‍' മുന്നോട്ടുവയ്ക്കുന്ന ആശയം 'എവിടേയ്ക്ക്' എന്നതല്ല 'എങ്ങനെ' എന്നതാണ്. രണ്ടു മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നതിനാല്‍ ഒരുമിച്ചു ചേര്‍ന്നവര്‍. പുണ്യസ്ഥാനത്തേക്കുള്ള തീര്‍ത്ഥയാത്രയ്ക്കിടെ ബസിനു സംഭവിക്കുന്ന അപകടത്തില്‍ മരണപ്പെടുന്ന 3 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ബംഗലൂരു മുതല്‍ കൊച്ചി വരെ നീളുന്ന മറ്റൊരു തീര്‍ത്ഥയാത്രയുടെ ഭാഗമാകുന്നു. രണ്ടും തീര്‍ത്ഥയാത്രകള്‍ തന്നെയാണ്; ഒന്ന് ദൈവത്തെ അന്വേഷിച്ചും മറ്റൊന്ന് ജീവിതത്തെ അന്വേഷിച്ചും.

മതങ്ങളുടെ വിലാപയാത്ര
കൊറിയര്‍ കമ്പനി വഴി പെട്ടികളിലെത്തിയ അവിനാശിന്റെ (ദുല്‍ഖര്‍ സല്‍മാന്‍) അച്ഛന്റെ മൃതദേഹവും താനിയയുടെ (മിഥില പല്‍ക്കാര്‍) അമ്മൂമ്മയുടെ ശരീരവും തമ്മില്‍ മാറിപ്പോകുന്നു. അവിനാശിനു അച്ഛനോട് നിറഞ്ഞ നിസ്സംഗത. താനിയയ്ക്ക് അമ്മൂമ്മയോട് വല്ലാത്ത അടുപ്പവും. എന്നാല്‍ ഈ വ്യത്യസ്ത വികാരങ്ങളെ സിനിമ ഒരേ രീതിയിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും സ്‌നേഹിച്ചിട്ടില്ലാത്ത, തന്റെ ഇഷ്ടങ്ങള്‍ക്ക് കൂട്ടു നിന്നിട്ടില്ലാത്ത അച്ഛന്റെ മരണത്തെ അവിനാശ് ലാഘവത്തോടെ കൈകാര്യം ചെയ്യുമ്പോള്‍, തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായ അമ്മൂമ്മയുടെ മരണത്തില്‍ താനിയയും ശോകത്തിന്റെ അതിതീവ്ര ഭാവമൊന്നും കാട്ടുന്നില്ല. തീവ്രമായതെന്തും അസ്വാഭാവികമാണ്. സ്വാഭാവികതകള്‍ അകൃത്രിമമാണ്. അതിനാല്‍, മരണമെന്ന സ്വാഭാവികതയെ ചിത്രത്തില്‍ അത്യുക്തികളില്ലാതെ അവതരിപ്പിക്കുന്നു. 

ദുഃഖമോ ഖേദമോ ബാധിക്കാത്ത മതങ്ങളുടെ ശവയാത്രയാണിത്. മരണത്തിന്റെ മതപരമായ വ്യാഖ്യാനങ്ങള്‍ പാടെ തകിടം മറിയുന്നു. താനിയ മൊയ്ദീന്‍കുട്ടി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ നാനി (ബീന ബാനര്‍ജി) ഹിന്ദു ആണ്. അവരുടെ മകളായ താഹിറ മൊയ്ദീന്‍ കുട്ടി (അമല) പേരുകൊണ്ട് മുസ്ലിം സ്ത്രീ ആണെന്ന് വയ്ക്കാം. നാനി തീര്‍ത്ഥാടനം നടത്തുന്നത് ഗംഗാതീരത്തേക്കാണ്. അവരുടെ മരണാനന്തര ക്രിയകള്‍ ഹിന്ദു ആചാരപ്രകാരം നടത്തപ്പെടുന്നു. അവിനാശിന്റെ അച്ഛന്റേതും അങ്ങനെ തന്നെ. എല്ലാറ്റിനും സാക്ഷിയായി പൂര്‍ണ്ണമായി ഇസ്ലാമിക നിഷ്ഠപ്രകാരം മാത്രം ജീവിക്കുന്ന ഷൗക്കത്ത് (ഇര്‍ഫാന്‍ ഖാന്‍) എന്ന സുഹൃത്തും. ഇരുവരുടേയും ശവദാഹ ചടങ്ങുകളില്‍ അയാള്‍ വെള്ള വസ്ത്രങ്ങളും തൊപ്പിയും വച്ച് മുസ്ലിം ആയിരുന്നുകൊണ്ടു തന്നെയാണ് പങ്കുകൊള്ളുന്നതും. അവിടെ അസഹിഷ്ണുവായൊരു തീവ്ര മതവിശ്വാസിയെ കാണാനാവുന്നില്ല എന്നത് ഒരു സ്വാഭാവിക സംഭവമായിത്തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. 

തന്റെ വാനില്‍ കയറാന്‍ വരുന്ന രണ്ടു സ്ത്രീകളോടും അയാള്‍ ശരീരം മറഞ്ഞുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വാശിപിടിക്കുന്നുണ്ട്. മിനി സ്‌കര്‍ട്ട് ഇട്ടു വരുന്ന താനിയയേയും ഷോര്‍ട്ട്സ് ധരിച്ച ടൂറിസ്റ്റിനേയും അയാള്‍ കുറ്റപ്പെടുത്തുന്നു. ഒടുവില്‍ ഷൗക്കത്തിനു പ്രണയം തോന്നുന്നത് പര്‍ദ്ദയും ബുര്‍ഖയും അണിഞ്ഞൊരു സ്ത്രീയോടാണ്. എന്നാല്‍ വിവാഹശേഷം ചുരിദാര്‍ അണിഞ്ഞവളായിട്ടാണ് നാം അവളെ ചിത്രത്തില്‍ കാണുക. തീവ്ര ചിന്തകളെ ഒതുക്കത്തില്‍ അനുനയിപ്പിച്ചു മൃദുവാക്കുന്നൊരു മാജിക്ക് സംവിധായകന്‍ പലയിടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. താനിയ എന്ന പുതുതലമുറയിലെ ഫ്രീക്ക് പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നതില്‍ ആ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അമ്മൂമ്മയുടെ മരണവര്‍ത്ത മദ്യലഹരിയില്‍ മറന്നുപോകുന്ന, വിവാഹപൂര്‍വ്വ ലൈംഗികത തെറ്റല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും വളരെ 'ഓപ്പണ്‍' ആയി പ്രെഗ്നന്‍സി ടെസ്റ്റ് നടത്തുകയും ചെയ്യുന്ന, ആരോടും തര്‍ക്കുത്തരും പറയുന്ന ആധുനിക സ്വതന്ത്ര സ്ത്രീ സങ്കല്പം അടിച്ചേല്പിക്കപ്പെട്ട കഥാപാത്രമാണ് താനിയയുടേത്. അവളെ ആര്‍ദ്ര ഹൃദയമുള്ള, മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, സ്‌നേഹമുള്ള പെണ്‍കുട്ടിയായി അവതരിപ്പിക്കാനായത് അത്തരത്തിലൊരു കൗശലത്തിലൂടെയാണ്.

ഷൗക്കത്തും അവിനാശും ഏറെ അടുത്ത സുഹൃത്തുക്കളാണ്. പക്ഷേ, അവരുടെ ബന്ധത്തെ അതിശയോക്തി കലര്‍ന്ന പെരുപ്പിച്ചു കാട്ടലില്‍ കൊണ്ടെത്തിച്ചിട്ടില്ല. ബിജോയ് നമ്പ്യാരുടെ കഥയ്ക്ക് ഹുസൈന്‍ ദലാല്‍ എഴുതിയ ഡയലോഗുകള്‍ ബന്ധങ്ങളുടെ ആഴത്തെ ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൂടെ സ്പഷ്ടമാക്കുന്നുണ്ട്. 

ഷൗക്കത്തിന്റെ വാന്‍ ഒരു മഹത്തായ ജനാധിപത്യകേന്ദ്രമാകുന്നു. അവിനാശിനു ഇഷ്ടമില്ലാത്ത അച്ഛനെ അവന്‍ 'അച്ഛന്റെ ഇഷ്ടം' അനുസരിച്ച് ക്രിയകള്‍ ചെയ്ത് ദഹിപ്പിക്കുന്നു. താനിയയുടെ അമ്മൂമ്മയെ അവളും അമ്മയും ചേര്‍ന്ന് 'നാനിയുടെ ഇഷ്ടം' നോക്കി ഉറ്റവരെ വിളിച്ചുവരുത്തി കൊച്ചിയില്‍ത്തന്നെ സംസ്‌കരിക്കുന്നു. ഷൗക്കത്തിന്റെ പ്രണയിനി തസ്നീം, 'അവളുടെ ഇഷ്ടം' പോലെ കിളവനായ ഷഹനായിക്കാരന്‍ ഭര്‍ത്താവിനെ 3 തലാഖ് ചൊല്ലി ഒഴിവാക്കുന്നു. അസ്വാതന്ത്ര്യങ്ങളുടെ, തീവ്ര ചിന്തകളുടെ, അസഹിഷ്ണുതകളുടെ അന്ത്യയാത്രയാകുന്നു കാര്‍വാന്‍.

മോശമല്ലാത്തതെല്ലാം നല്ലത് 
അവിനാശ് തന്റെ അച്ഛനെക്കുറിച്ച് പറയുന്ന അവസാന വാചകങ്ങളില്‍ ഒന്നാണ് ''ഹീ വാസ് നോട്ട് ബാഡ്'' ഇപ്പൊഴത്തെ ലോകത്ത് നോട്ട് ബാഡ് എന്നതിനര്‍ത്ഥം 'ഗുഡ്' എന്നാണെന്നും അയാള്‍ പറയുന്നുണ്ട്. ഗുഡ്, ബാഡ് എന്ന രണ്ടു അതിരുകള്‍ക്കിടയില്‍ നോട്ട് ബാഡ് എന്നത് വിശേഷിച്ച് അര്‍ത്ഥമില്ലാത്ത ഒരു പുതു നിര്‍വ്വചനമായി നിലകൊള്ളുന്നു. 

ഫോട്ടോഗ്രാഫി ജീവന്‍ പോലെ സ്‌നേഹിക്കുന്ന അവിനാശ്, താനിയയുടെ ഇന്‍സ്റ്റാഗ്രാം ഭ്രാന്തിനെ ഇത്തരത്തിലൊരു നോട്ട് ബാഡ് കാഴ്ചപ്പാടോടെയാണ് കാണുന്നത്. ഫോട്ടോ എന്നാല്‍ 'കാപ്ച്വറിംഗ് മൊമന്റ്സ്' ആണെന്ന് അവന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഫോട്ടോഷോപ്പ് ചെയ്യുന്നത് ഒരു ശവശരീരത്തെ അലങ്കരിക്കുക എന്ന പ്രക്രിയ മാത്രമാകുന്നു. 
ഫോട്ടോഗ്രഫി ജീവിതമാക്കാന്‍ ആഗ്രഹിച്ച അവിനാശിനെ അച്ഛന്‍ നിര്‍ബന്ധിച്ച് ഐ.ടി. എന്‍ജിനീയര്‍ ആക്കുകയും സുഹൃത്തിന്റെ കമ്പനിയില്‍ ജോലിക്ക് കയറ്റുകയും ചെയ്യുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന അവിനാശ് ഓഫീസിലിരുന്ന് ഉറക്കം തൂങ്ങുന്ന സീനുകള്‍ ദുല്‍ഖര്‍ വല്ലാത്ത മികവോടെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. രാജ്കുമാര്‍ റാവു ചെയ്യാറുള്ള വേഷങ്ങളില്‍ ഒന്നായി തോന്നിയെങ്കിലും ദുല്‍ഖര്‍ ആ കഥാപാത്രത്തിനു തന്റേതായ ജീവന്‍ നല്‍കി വ്യത്യസ്തമാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫി പോലൊരു ചെലവുള്ള ഹോബി മുന്നോട്ട് കൊണ്ടുപോകാന്‍ അവിനാശിനു കഴിഞ്ഞില്ല. ഒപ്പം അച്ഛന്റെ എതിര്‍പ്പും. കലാകാരന്മാര്‍ മാതാപിതാക്കളുടെ ചെലവില്‍ ജീവിക്കുകയും വലിയ വാചകമടിച്ച് ജോലി ചെയ്യാതെ ഉഴപ്പി നടക്കുകയും ചെയ്യുന്നവരാണെന്ന് അച്ഛന്‍ പറയുമ്പോള്‍ അതില്‍ ഒരു സമൂഹത്തിന്റെ ആകമാനം കാഴ്ചപ്പാട് അടങ്ങിയിരിപ്പുണ്ട്. ഒരു കലാകാരനു തന്റെ കല ഉപജീവനമാര്‍ഗ്ഗമായി വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ കുടുംബത്തിന്റെ ക്ഷമയും സഹകരണവും ഇല്ലാതെ സാധ്യമല്ലല്ലോ. ആ കാത്തിരിപ്പും ത്യാഗവും സഹിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് കല പാതി വഴിയില്‍ ഞെരിച്ചു കൊല്ലേണ്ടിവരും. ക്രമേണ 'നോട്ട് ബാഡ്' എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനുതകുന്ന ഏതെങ്കിലുമൊരു മേഖലയില്‍ അവന്‍ ചെന്നടിയും. ഇവിടെ, അവിനാശ് ഒടുവില്‍ ജോലി രാജിവച്ച് തന്റെ ഇഷ്ടങ്ങളിലേക്ക് മടങ്ങിവരുന്നുണ്ട്. അത് ചലച്ചിത്രത്തിനു ഒരു പോസിറ്റീവ് ഛായ നല്‍കാന്‍ സഹായിച്ചു എന്നല്ലാതെ കാര്യമായ പ്രഭാവമൊന്നും ഉണ്ടാക്കുന്നില്ല. എങ്കിലും 'നോട്ട് ബാഡ്' ആയി എന്നുമെന്നും ജീവിക്കേണ്ടതില്ല എന്നൊരു സന്ദേശം അതിലടങ്ങിയിട്ടുണ്ട്. 

ഇര്‍ഫാന്‍ ഖാന്‍ എപ്പോഴും എന്നപോലെ നിസ്സാരമായി അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. പ്രത്യക്ഷത്തില്‍ മുന്നില്‍ വരാത്ത സീനുകളില്‍പ്പോലും ഇര്‍ഫാന്‍ അദൃശ്യനായി സിനിമയിലുടനീളം നിലനില്‍ക്കുന്നു. ദുല്‍ഖറും മിഥിലയും ആണ് സിനിമ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും ഇര്‍ഫാന്‍ ഒരു ശാശ്വത സാന്നിധ്യമാണ്. ഉപയോഗശൂന്യമായി വെറുതെ കളയാന്‍ ഒന്നുമില്ലാത്തൊരു ഫലം പോലെ ഇര്‍ഫാന്റെ ഓരോ ചലനവും വൈശിഷ്ട്യമുള്ളതാണ്; ഓരോന്നും എല്ലാം ആകുന്ന രീതിയില്‍ സമ്പൂര്‍ണ്ണം. 

യാതൊരു തരത്തിലുള്ള രാഷ്ട്രീയവും കൈകാര്യം ചെയ്യാത്ത ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇവിടെ കഥാപാത്രങ്ങള്‍ തമ്മില്‍ പെരുമാറുന്നതില്‍ പോലുമൊരു രാഷ്ട്രീയമുണ്ട്. അത് സ്വാഭാവികമായി സംഭവിക്കത്തക്ക രീതിയില്‍ കഥാപാത്ര നിര്‍മ്മാണം നടത്തിയാല്‍ മാത്രമേ സാധ്യമാവുകയുള്ളൂ. കാര്‍വാനില്‍ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് കൃത്യമായതിനാല്‍ തുടര്‍ന്നുള്ളതെല്ലാം അനായാസേന സംഭവിക്കുന്നു. അവര്‍ സ്വതന്ത്രമായി ഇടപെടുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ആഴമുണ്ടാകുന്നു, ബന്ധങ്ങള്‍ സ്വാഭാവികതയോടെ വളരുന്നു.

ബന്ധങ്ങള്‍ അനുഷ്ഠാനങ്ങളല്ല
ഷൗക്കത്ത് അഭിപ്രായപ്പെടുന്നതുപോലെ മനുഷ്യര്‍ കര്‍ത്തവ്യം പോലെ ബന്ധങ്ങള്‍ അനുഷ്ഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. തസ്നീമും ഭര്‍ത്താവും തമ്മില്‍ പിരിയുന്നത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്, അതും കീഴ്വഴക്കങ്ങള്‍ക്ക് വിപരീതമായി ഭാര്യയാണിവിടെ തലാക്ക് ചൊല്ലുന്നതും.

അവിനാശും താനിയയും തമ്മിലുള്ള ബന്ധത്തില്‍ പ്രണയം ഒരു ഘടകമല്ല. യുവാക്കളായ സുന്ദരിയും സുന്ദരനും സിനിമയില്‍ കൂട്ടിമുട്ടിക്കുന്നത് പ്രണയിക്കാനാണെന്നുള്ള ധാരണ ഇവിടെ പൊളിച്ചുമാറ്റപ്പെടുകയാണ്. ഇരുവരുടേയും ബന്ധത്തിനു കൃത്യമായ നിര്‍വ്വചനം ഒന്നും നല്‍കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അതൊരു അനുഷ്ഠാനവും ആകുന്നില്ല.

മകള്‍ ഒരു പുരുഷനൊപ്പം ദൂരയാത്ര ചെയ്യുന്നു എന്ന ജാഗ്രത താഹിറ എന്ന അമ്മയ്ക്കുണ്ടെങ്കിലും അതൊരു വേവലാതിയിലേക്ക് വളരുന്നില്ല. അയാള്‍ ഒരു സ്വീറ്റ് മനുഷ്യനാണെന്ന് മകള്‍ പറയുമ്പോള്‍ അവരതില്‍ ആശ്വസിക്കുകയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന മകളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുക ഒരനുഷ്ഠാനമായി കൊണ്ടു നടന്നില്ലെങ്കില്‍ അവര്‍ സ്‌നേഹമയിയായ അമ്മയാകുന്നില്ല എന്ന ചിന്തയൊക്കെ ഇവിടെ അസ്ഥാനത്താവുന്നു. 
അവിനാശ് യാത്രയ്ക്കിടെ തന്റെ പൂര്‍വ്വ കാമുകിയേയും ഭര്‍ത്താവിനേയും കണ്ടുമുട്ടുന്നു. റൂമി എന്നു വിളിക്കുന്ന എക്സ് ഗേള്‍ ഫ്രണ്ടിനു അവിനാശിനോട് സ്‌നേഹമുണ്ട്. അപ്രതീക്ഷിതമായി കണ്ടുമുട്ടിയതില്‍ സന്തോഷവും. എന്നാല്‍ സംഭ്രമമോ പരാതിയോ ഇല്ല. കര്‍ക്കശമായ വിട്ടുവീഴ്ചയില്ലായ്മകള്‍ക്ക് ഈ സിനിമയില്‍ സ്ഥാനമില്ല. മരണമെന്ന സത്യം ഒരു ചിഹ്നമായി വാനിനുള്ളില്‍ നിശ്ചലമായി കിടക്കുമ്പോള്‍ ജീവിതത്തിന്റെ ശാഠ്യങ്ങള്‍ക്ക് സ്ഥാനമില്ലാതെ വരും.

ബംഗലൂരു മുതല്‍ കൊച്ചി വരെ നീളുന്ന യാത്രയില്‍ തമിഴ്നാടും കടന്നുവരുന്നുണ്ട്. എന്നാല്‍ ഈ ദേശങ്ങളിലെ ഭാഷയോ സംസ്‌കാരമോ സാധാരണ റോഡ് മൂവികളിലെപ്പോലെ കാര്‍വാനെ ബാധിച്ചിട്ടില്ല. കൊച്ചിയില്‍ താമസിക്കുന്ന താനിയ പൂര്‍ണ്ണമായും മലയാളിയല്ല. ബംഗലൂരുവില്‍ താമസിക്കുന്ന അവിനാശിനു കന്നഡ അറിയില്ല. യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന നമ്പ്യാര്‍ക്ക് മലയാളമല്ലാതെ മറ്റൊന്നും അറിയില്ല. ചിത്രം ചുരുക്കം ചില മലയാളം പദോച്ചാരണങ്ങളൊഴിച്ചാല്‍ ഹിന്ദിയില്‍ തന്നെയാണ് മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് താഹിറയും ഹിന്ദിയിലാണ് അവിനാശിനോട് സംസാരിക്കുന്നത്. മാതൃഭാഷ സംസാരിക്കല്‍ ഒരു അനുഷ്ഠാനമായി അവതരിപ്പിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, മറ്റ് ഭാഷകള്‍ അറിയാത്തത് ഒരു കുറവായി ആക്ഷേപപൂര്‍വ്വം കാണുന്നുമില്ല. 

ഇങ്ങനെ പല കോണുകളില്‍നിന്നു നോക്കുമ്പോള്‍ കാര്‍വാന്‍ ഒരു കൂസലില്ലാത്ത ചിത്രമാണ്. ഭാഷ, സദാചാരം, മതം ഇവയൊന്നും ഈ ചിത്രത്തിന്റെ കഥാഗതിയെ ബാധിച്ചിട്ടേയില്ല. ഒന്നും കൂസാതെ, ഭയപ്പെടാതെ എഴുതപ്പെട്ടതിനാല്‍ അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നൊരു ചിത്രം. ഇന്റര്‍വല്ലിനു ശേഷം പൊതുവെ സിനിമയുടെ ഗതിവേഗത്തില്‍ വ്യത്യാസം വരുത്താറുണ്ട്. ഇവിടെ വേഗത്തിലല്ല, കഥാപാത്രങ്ങളുടെ കയറ്റിറക്കങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവരില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളിലാണ് കഥയുടെ വേഗം. ലളിതമായ ഡയലോഗുകള്‍ ലാഘവത്തോടെ പറഞ്ഞുകൊണ്ട് കടന്നുവരുന്ന കഥാപാത്രങ്ങളും ചെറിയ ചെറിയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു തമാശയിലൂടെ മുന്നേറുന്ന രീതിയും ചിത്രത്തെ ഒരു 'ഫീല്‍ ഗുഡ് ലൈറ്റ് ഹാര്‍ട്ടഡ്'' നിലവാരത്തിലേക്ക് എത്തിച്ചുനിര്‍ത്തിയെന്നു വരാം. പക്ഷേ, പ്രത്യക്ഷത്തില്‍ കാണാനാവാത്ത ഉള്‍ക്കാമ്പ് ഈ ചിത്രത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഓരോ പ്രേക്ഷകന്റേയും വ്യാഖ്യാനങ്ങള്‍ക്കനുസൃതമായി അത് വികസിച്ചുകൊണ്ടിരിക്കും. അത്തരത്തില്‍ ഗ്രഹിക്കുവാന്‍ തല്‍പ്പരനല്ലാത്തൊരു 'വെറും കാഴ്ചക്കാരനു' പോലും കാര്‍വാന്‍ ഹൃദ്യമായൊരു അനുഭവം തന്നെയായിരിക്കും. 

ദുല്‍ഖര്‍ സല്‍മാനെപ്പോലെയുള്ള താരപുത്രന്മാര്‍ ഹീറോയിസം മുറുകെ പിടിക്കാതെ ഇത്തരത്തിലുള്ള റിസ്‌ക് സിനിമകള്‍ പരീക്ഷിക്കുന്നത് വളരെയേറെ സ്വാഗതം ചെയ്യേണ്ടുന്നൊരു പ്രവണതയാണ്. തന്നിലെ നടന്റെ സാധ്യതകള്‍ കണ്ടെടുക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ മലയാളത്തിലെ മറ്റ് താരപുത്രന്മാരിലും തിരിച്ചറിവുണ്ടാക്കട്ടെ. ചിന്തകളെ വളര്‍ത്തുന്ന, വിവേകപൂര്‍വ്വം നിര്‍മ്മിക്കപ്പെട്ടൊരു മനോഹര ചിത്രമാണ് കാര്‍വാന്‍. ഇതൊരിക്കലും 'നോട്ട് ബാഡ്' ഭാവം ഉളവാക്കുന്നില്ല, മറിച്ച് 'ഗുഡ്' എന്നുതന്നെ പറയിപ്പിക്കുന്ന ഒന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com