ടിപ്പു: ചരിത്രത്തില്‍, ചരിത്രഭാവനയില്‍

ശാസ്ത്രീയ ചരിത്രവിശകലനോപാധികള്‍ പ്രയോഗിച്ച് ഭൂതകാലത്തെ വര്‍ത്തമാനകാല ചര്‍ച്ചകളിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരിക എന്നത് ശ്രമകരമായ ജോലിയാണ്.
ടിപ്പു: ചരിത്രത്തില്‍, ചരിത്രഭാവനയില്‍

ശാസ്ത്രീയ ചരിത്രവിശകലനോപാധികള്‍ പ്രയോഗിച്ച് ഭൂതകാലത്തെ വര്‍ത്തമാനകാല ചര്‍ച്ചകളിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരിക എന്നത് ശ്രമകരമായ ജോലിയാണ്. വിശേഷിച്ച് ബോധപൂര്‍വ്വം തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തേയും ചരിത്രപുരുഷന്മാരേയും വസ്തുതകളുടേയും ശാസ്ത്രീയാന്വേഷണത്തിന്റേയും സങ്കേതികവിദ്യയുടേയും സഹായത്താല്‍. അപ്പോഴും നമ്മളില്‍ സാമ്പ്രദായിക രീതികളും കേട്ടുകേള്‍വിയും മിത്തുകളും ചേര്‍ന്നു സൃഷ്ടിച്ച ആഘാതങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് ചരിത്രത്തെ സംബന്ധിച്ച് നിരാശാജനകമാണ്. 

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രമുഖ ചരിത്രകാരനായ ഡോ. കെ.എന്‍. പണിക്കരോട് ചരിത്ര രചനാരീതിശാസ്ത്രത്തെപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം മാര്‍ക്‌സിസ്റ്റ് ചരിത്ര വിശകലനരീതിയെക്കുറിച്ചു പറഞ്ഞത് എപ്പോഴും പ്രസക്തമാണ്. മാര്‍ക്‌സിസ്റ്റ് ചരിത്ര വിശകലനോപാധി ശാസ്ത്രീയമാണെന്നും അത് ഉപയോഗിച്ച് നിര്‍ദ്ധാരണം ചെയ്യുന്ന ചരിത്ര വസ്തുതകള്‍ ശാസ്ത്രീയ ചരിത്രപഠനങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു. അതായത് മാര്‍ക്‌സിസ്റ്റ് രചനാരീതി വസ്തുതകളെ പുറത്തുകൊണ്ടുവരുമ്പോള്‍ അത് ഒരുപക്ഷേ, മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയധാരയിലുള്ള പാര്‍ട്ടികളുടെ അതുവരെയുള്ള ധാരണയ്ക്ക് എതിരാകാം. അതിനാല്‍ ചരിത്രത്തെ പിന്തുടരുകയാണ് അനിവാര്യമായിട്ടുള്ളത്. ഇക്കാര്യം സമൂഹത്തിനു മുഴുവന്‍ ബാധകമാണ്. ചരിത്രം ഭാവിനിര്‍മ്മിതിയുടെ പ്രേരകശക്തിയാണ്. അത് ഒരിക്കലും പ്രതികാരത്തെ മുന്നോട്ടുവെയ്ക്കുന്നില്ല. വസ്തുതകളെ സമചിത്തതയോടെ സമീപിക്കാനും ഗ്രഹിക്കാനും ചരിത്രം സമൂഹത്തോടു പറയുന്നു. അതിവിദൂര ഭൂതകാലത്തെ സംഭവങ്ങളും വ്യക്തികളും മാത്രമല്ല, സമീപ ഭൂതകാല സംഭവങ്ങളും സ്ഥാപനങ്ങളും വ്യക്തികളും വിഭിന്നമായ സമീപനങ്ങളുടേയും വസ്തുതാലഭ്യതയുടേയും അടിസ്ഥാനത്തില്‍ വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. ഇടക്കിടെ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നമ്മുടെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സജീവമാകുന്നത് വസ്തുതാലഭ്യതയുടെ പ്രശ്‌നങ്ങളെക്കാള്‍ സമീപനത്തിന്റെ പ്രശ്‌നമാണ്. ഒരു നായകനെ സൃഷ്ടിക്കുമ്പോള്‍ അയാളുടെ ധീരതയേയും ശൂരത്വത്തേയും ഉത്തുംഗതയിലെത്തിക്കാന്‍ ജനപ്രിയ സിനിമകള്‍ സൃഷ്ടിക്കുന്ന പ്രതിനായകനെപ്പോലെ ഒരു സവിശേഷ രാജവംശധാരയുടേയോ പാരമ്പര്യത്തിന്റേയോ മഹിമയെ പുകഴ്ത്താനും രാഷ്ട്രീയത്തിന്റേയും സംസ്‌ക്കാരത്തിന്റേയും മുഖ്യധാര എന്നത് ഭൂരിപക്ഷാധികാരത്തിന്റെ (majoritarianism) നിലപാടുകളാണെന്നു സ്ഥാപിച്ചെടുക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില അടയാളങ്ങള്‍ പ്രതിനായകരും മറ്റു ചിലര്‍ നായകരും ആകുന്നത്. 

കോളോണിയല്‍ ചരിത്രനിര്‍മിത്
അപകടകരമായവിധം ചരിത്രകാല വിഭജനം ഇന്ത്യയില്‍ നടത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടവും അതിന്റെ ബുദ്ധികേന്ദ്രങ്ങളുമാണ്. ഇന്ത്യാ ചരിത്രത്തെ പ്രാചീനകാലം, മദ്ധ്യകാലം, ആധുനിക കാലം എന്നിങ്ങനെ തരംതിരിക്കുന്നതിനു പകരം ഹിന്ദുകാലം, മുസ്ലിംകാലം, ബ്രിട്ടീഷ്‌കാലം എന്നിങ്ങനെ വിഭജിച്ചതിനു പിറകില്‍ ഇന്ത്യന്‍ ജനതയിലെ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും സാമുദായികമായി വിഭജിക്കുകയും അതേസമയം ആ രണ്ടു സമുദായങ്ങളേയും ബ്രിട്ടീഷുകാരില്‍നിന്നു രാഷ്ട്രീയമായി അകറ്റിനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു. വിഭജിച്ചു ഭരിക്കുക എന്ന നയത്തിന്റെ ചരിത്രപരമായ സാധൂകരണം ആയിരുന്നു അത്. അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷ മതചിഹ്നങ്ങളെ പ്രതിസ്ഥാനങ്ങളില്‍ അടിച്ചിരുത്തുകയും ഭൂരിപക്ഷ മതചിഹ്നങ്ങളെ നായക സിംഹാസനങ്ങളില്‍ അവരോധിക്കുകയും ചെയ്യുക എന്ന കടുത്ത അനീതി അവര്‍ക്ക് നടപ്പിലാക്കേണ്ടിവന്നിട്ടുണ്ട്. എല്ലാ കാലത്തും എല്ലാ സാമ്രാജ്യത്വ ശക്തികളും ഇത്തരത്തില്‍ ചരിത്രത്തെ ആയുധമാക്കിയിട്ടുണ്ട്. കോളനിയിലെ ജനങ്ങള്‍ക്ക് സംസ്‌ക്കാരമില്ലെന്നും അവര്‍ക്ക് നാഗരികത എന്താണെന്ന് അറിയില്ലെന്നും അതെല്ലാം ഉള്ളത് തങ്ങളാണെന്നുമുള്ള അവകാശവാദങ്ങളുടെ മുഴക്കങ്ങളാണ് സാമ്രാജ്യത്വ ചരിത്രവ്യാഖ്യാനം നിറയെ. അതിനെ പിന്തുടര്‍ന്നുവന്ന സാഹിത്യരചനകളില്‍ വരെ ആ വിവേചനം നിഴലിച്ചു. അലക്‌സാണ്ടര്‍ ഡ്യൂമയെ പോലുള്ളവര്‍ വെള്ളക്കാരന്റെ മഹത്വത്തെ ഉല്‍കൃഷ്ടമാക്കി ആഘോഷിച്ച് കറുത്തവന്റേയും ഇരുണ്ടവന്റേയും സ്വത്വത്തെ അപഹസിച്ചു. ജോസഫ് കോണ്‍റാഡിനെപ്പോലുള്ളവരാണ്  ഇത്തരം അവതരണങ്ങള്‍ക്ക് വിരുദ്ധമായ ആഖ്യാനങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ടിപ്പു സുല്‍ത്താന്‍ നമ്മുടെ ചരിത്രത്തിലും ചരിത്രഭാവനയിലും പുനര്‍ജനിച്ചു കൊണ്ടിരിക്കുന്നത് എന്നു പരിശോധിക്കേണ്ടതാണ്.

യൂറോപ്യന്‍ ഭാഷകളില്‍ സര്‍ഗ്ഗാത്മക രചനകള്‍ക്ക്, വിശേഷിച്ച് നാടകങ്ങള്‍ക്ക് ആധാരമായിട്ടുള്ള ഇന്ത്യന്‍ വിഷയങ്ങളില്‍ ഏറെയും ടിപ്പുവിന്റെ ജീവിതമാണ്. ഇംഗ്ലീഷിലും ഫ്രെഞ്ചിലും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നാടകങ്ങള്‍ ഉണ്ടായി. രണ്ടു കൊളോണിയല്‍ ഭരണകൂടങ്ങള്‍ക്കും ഉണ്ടായിരുന്ന വ്യത്യസ്ത നിലപാടുകള്‍ ടിപ്പുവിനെ സമീപിക്കുന്നതിലും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാരുടെ ഏറ്റവും ശക്തനായ ശത്രു ടിപ്പുവായിരുന്നു. അതുകൊണ്ടുതന്നെ ടിപ്പുവിനെ തോല്‍പ്പിക്കേണ്ടത് ദക്ഷിണേന്ത്യയില്‍ അധികാരം സമ്പൂര്‍ണ്ണമാക്കാന്‍ അനിവാര്യവുമായിരുന്നു. സ്വാഭാവികമായും യൂറോപ്പിലെ അധികാരപ്പോരാട്ടത്തിലെ രണ്ടു ശക്തിദുര്‍ഗ്ഗങ്ങളായ ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും തമ്മിലുള്ള ശത്രുത ഇന്ത്യയിലും തുടര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ശത്രുവായ ടിപ്പുവിനെ ഫ്രെഞ്ചുകാര്‍ സഹായിച്ചത് സ്വാഭാവികം. മൈസൂരിലെ സൈനികര്‍ക്ക് ഫ്രാന്‍സില്‍നിന്നു സൈനിക പരിശീലനം വരെ ലഭിച്ചു. ഇതര ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് മൈസൂരിനു കൂടുതല്‍ കാര്യക്ഷമമായ ആയുധശക്തിയും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഫ്രെഞ്ച് വിപ്ലവത്തിന്റെ വിമോചന ആശയങ്ങളെ അടുത്തറിയാനും ടിപ്പുവിനു സാധിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ഭരണാധികാരിയെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ക്ക് സാധിക്കില്ല. അവര്‍ അദ്ദേഹത്തെ അക്രമിയും മതഭ്രാന്തനും പ്രാകൃത മനസ്‌ക്കനുമാക്കി. 
ദേശീയവാദ ചരിത്ര രീതിശാസ്ത്രത്തിന്റെ നാള്‍വഴി പരിശോധിച്ചാലും ടിപ്പു അടക്കമുള്ള ബിംബങ്ങളെ ഇന്ത്യന്‍ ദേശീയതയുടേയും വിമോചനവാഞ്ഛയിലേക്കും നയിച്ച പൂര്‍വ്വകാല ഭരണാധികാരികളുടെ കൂട്ടത്തിലല്ല ഉള്‍പ്പെടുത്തിയിരുന്നത് എന്നു കാണാം. അക്കാര്യത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ചരിത്രകാരന്മാരുടെ പാത തന്നെയാണ് ദേശീയവാദ ചരിത്രകാരന്മാരും പിന്തുടര്‍ന്നത്. ശത്രുത മൂലം ടിപ്പു സുല്‍ത്താനെ അക്രമകാരിയാക്കിയ അതേ ചരിത്രത്തെ മറാത്താ ദേശീയതയുടേയും ബംഗാളി സര്‍ഗ്ഗാത്മകതയുടേയും ചിറകില്‍ പറക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ ദേശീയ ചരിത്രരചനാരീതിയും പിന്തുടര്‍ന്നു. ബംഗാളിഭാഷയില്‍ ബങ്കിംചന്ദ്ര ചതോപദ്ധ്യായ രചിച്ച 'ആനന്ദമഠം' എന്ന നോവലില്‍ മുസ്ലിങ്ങളെ ഗ്രാമത്തില്‍നിന്ന് ആട്ടിയോടിക്കാനായി ഗ്രാമീണര്‍ ആലപിക്കുന്ന വന്ദേമാതരം സവര്‍ണ്ണ ദേശീയത എങ്ങനെയാണ് നമ്മുടെ സഹിത്യമണ്ഡലത്തില്‍ പ്രഘോഷിക്കപ്പെട്ടത് എന്നു വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രബല സൈദ്ധാന്തിക മേഖലയായിരുന്ന മറാത്ത ബംഗാളി ബെല്‍റ്റിന്റെ പൊതുസ്വഭാവം തന്നെ അതായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ മഹാത്മാ ഗാന്ധിക്കുണ്ടാകുന്ന നേതൃത്വപരവും താത്ത്വികവുമായ മേല്‍ക്കൈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കത്തെ പുതുക്കിപ്പണിതു. 

ടിപ്പു സുല്‍ത്താന്‍ എന്ന ഭരണാധികാരിയേയും യോദ്ധാവിനേയും വ്യക്തിയേയും മതവിശ്വാസിയേയും വിലയിരുത്തുന്നതില്‍ പൂര്‍വ്വകാല ഗവേഷകര്‍ ആശ്രയിച്ചത് അദ്ദേഹത്തിന്റെ ശത്രുക്കളുടെ ചരിത്ര വ്യാഖ്യാനങ്ങളെയാണ്. പില്‍ക്കാല ചരിത്രം ശാസ്ത്രീയമായ സങ്കേതങ്ങളും സിദ്ധാന്തവും ചരിത്രപഠനങ്ങളിലും വിശകലനങ്ങളിലും പ്രയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മേഖലയില്‍ കൂടുതല്‍ വസ്തുതാപരമായ ചരിത്രവായന സാദ്ധ്യമായത്. 
ഇംഗ്ലീഷ്, ഫ്രെഞ്ച് ഭാഷകളില്‍ ടിപ്പുവിനെക്കുറിച്ച് നാടകമടക്കമുള്ള നിരവധി സാഹിത്യരചനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ മിക്കവാറും അവരവരുടെ ചരിത്രവ്യാഖ്യാനത്തിന്റെ തന്നെ ഭാവനാസമ്പന്നമായ പുനരാഖ്യാനങ്ങളാണ്. ഫ്രെഞ്ച് ഭാഷയിലും രചനകളുണ്ടായിട്ടുണ്ട്. ഫ്രെഞ്ച് ഭാഷയില്‍ എറ്റീന്‍ ഡി ജോയ് രചിച്ച ടിപ്പു സാഹേബ് എന്ന നാടകത്തിന്റെ പ്രഥമ അരങ്ങേറ്റം 1813 ജനുവരി 27-ന് പാരീസില്‍ നടന്നു. അദ്ദേഹത്തിന്റെ നാടകരചനയ്ക്കു വേണ്ട ചരിത്രപരമായ രേഖകള്‍ ബ്രിട്ടീഷ് ഉറവിടങ്ങളില്‍ നിന്നുള്ളതാണെങ്കിലും ശോകപര്യവസായിയായ നാടകത്തിന്റെ വ്യാഖ്യാനം ഫ്രെഞ്ച് കാഴ്ചപ്പാടിലൂടെയാണ്. നാടകത്തിലെ മിക്കവാറും കഥാപാത്രങ്ങള്‍ക്ക് വിചിത്രമായ പേരുകളാണ് നല്‍കിയത്. ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത മിര്‍ സാദിഖിനെ ഒരു ഹിന്ദുമത വിശ്വാസിയാക്കിക്കൊണ്ട് വിചിത്രമായ നാര്‍സി എന്ന പേരുനല്‍കിയെന്ന്  Widows, Pariahs and Bayaderes: India as Spectacle എന്ന ഗ്രന്ഥത്തില്‍ ബിനിത മെഹ്ത്ത രേഖപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യന്‍ സാമൂഹികാവസ്ഥയെക്കുറിച്ച് യൂറോപ്പിനുണ്ടായിരുന്ന വാര്‍പ്പുമാതൃകാധാരണയുടെ പ്രതിഫലനമായിരുന്നു ഇത്. ഹിന്ദുവും മുസ്ലിമും എന്നത് വേറിട്ടുനില്‍ക്കുന്ന മതസ്വത്വങ്ങളാണെന്നും അവയ്ക്ക് സമൂഹികമായോ രാഷ്ട്രീയമായോ പാരസ്പര്യം സാദ്ധ്യമല്ലെന്നും വ്യാഖ്യാനിക്കേണ്ടതും അതിനെ സിദ്ധാന്തവല്‍ക്കരിച്ച് സാമ്രാജ്യ ത്വലാഭം നേടേണ്ടതും കൊളോണിയല്‍ ചരിത്ര സമീപനരേഖയാണ്. 

ടിപ്പു സുല്‍ത്താനെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യയില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ കൃതി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഭഗവാന്‍ എസ്. ഗിദ്വാനി രചിച്ച 'ടിപ്പു സുല്‍ത്താന്റെ വാള്‍' (The Sword of Tipu Sultan) ആയിരുന്നു. ഇംഗ്ലീഷില്‍ ബെസ്റ്റ് സെല്ലറായി മാറിയ ആ നോവല്‍ വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ഒരു ചരിത്ര ആഖ്യായികയ്ക്ക് സാധാരണഗതിയില്‍ ആവശ്യമുള്ളതിലേറെ മുന്നൊരുക്കങ്ങളുമായാണ് ഗിദ്വാനി തന്റെ രചനയ്ക്ക് തുനിഞ്ഞത്. നീണ്ട 13 വര്‍ഷങ്ങളുടെ ക്ഷമാപൂര്‍ണ്ണമായ ഗവേഷണത്തിന്റെ പരിണതഫലമായിരുന്നു ആ കൃതി. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട പ്രകാശിതവും അപ്രകാശിതവുമായ നിരവധി രേഖകളിലൂടെ അദ്ദേഹം കടന്നുപോയി. ടിപ്പു സുല്‍ത്താന്റെ പ്രബുദ്ധമായ ഒരു വശം കൂടി നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തേയും ഫ്രെഞ്ച് വിപ്ലവാദര്‍ശങ്ങളേയും സ്വാഗതം ചെയ്യുന്നതില്‍ ടിപ്പു താല്പര്യം കാണിച്ചു എന്നത് വസ്തുതയാണ്. 

ടിപ്പു എന്ന നാട്ടുരാജാവ്
ഒരു രാജാവ് എന്നതിനപ്പുറം ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും വിമോചനത്തെക്കുറിച്ചും ഒരു ധാരണയുമുള്ളയാളായിരുന്നില്ല ടിപ്പു എന്ന ഏറെക്കുറെ യുക്തിസഹമായ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. പാശ്ചാത്യ ലിബറല്‍ ദര്‍ശനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക ക്രമത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഒരു ഇന്ത്യന്‍ കാലത്ത്, (ഇന്ത്യക്ക് പുറത്തുതന്നെ ആധുനിക ജനാധിപത്യ ബോധം അന്നും പുലര്‍ന്നിട്ടില്ല.) ഒരു നാട്ടുരാജാവില്‍നിന്ന് ദേശീയബോധവും വിമോചനചിന്തയും തുല്യ ഭാവവും പ്രതീക്ഷിക്കുക വയ്യ. പതിറ്റാണ്ടുകള്‍ക്കുശേഷം 1857-ലെ വിമോചനകലാപത്തില്‍ പങ്കാളികളായ ഭരണാധികാരികള്‍ക്കുപോലും ദേശീയബോധവും സമഷ്ടിചിന്തയും ഉണ്ടായിട്ടില്ല. അവരവരുടെ നാട്ടുരാജ്യങ്ങളുടെ പരമാധികാരവും അവകാശവും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യ എന്ന സങ്കല്‍പ്പം അന്ന് ആ നാട്ടുരാജ്യങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു വനിത എന്ന നിലയ്ക്കുതന്നെ ഭരണാധികാരിയായി തുടരാന്‍ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊണ്ടുവന്ന ഡോക്ട്രിന്‍ ഓഫ് ലാപ്സിനെ മറികടന്ന്) വേണ്ടിയുള്ള സമരമായിരുന്നു ഝാന്‍സിയിലെ റാണി ലക്ഷ്മിബായ് നടത്തിയത്. ദില്ലിയിലെ ബഹദൂര്‍ഷാ സഫര്‍ പൊരുതിയത് അവശേഷിക്കുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി തുടരുക എന്ന മോഹത്തോടെയാണ്. മറാത്താ പേഷ്വയായിരുന്ന ബാജിറാവു രണ്ടാമന്റെ ദത്തുപുത്രനായ നാനാസാഹിബിനു രാജ്യാധികാരത്തിന്റെ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നതിനായിരുന്നു അദ്ദേഹം 1857-ലെ സായുധസമരത്തില്‍ പങ്കെടുത്തത്. എന്നിട്ടും ഇന്ത്യന്‍ ദേശീയ സമ ചരിത്രം പഠിക്കുന്നവര്‍ ദേശീയത സ്വാതന്ത്ര്യത്തിനായുള്ള ആദ്യമായ സംഘടിതവും വ്യാപകവുമായ മുന്നേറ്റമായി ആ കലാപത്തെ പരിഗണിക്കുന്നുണ്ട്. 
സത്യത്തില്‍ ടിപ്പുവിന്റെ രാഷ്ട്രീയവീക്ഷണങ്ങളില്‍നിന്നും അധികാര താല്‍പ്പര്യങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല 1857-ലെ താല്‍പ്പര്യങ്ങളും. അതേസമയം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ കാലുകുത്തിയ അന്നുമുതല്‍ അവര്‍ക്കെതിരെ ഇന്ത്യക്കാര്‍ ആസൂത്രണം ചെയ്ത എല്ലാ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും ആകത്തുകയാണ് ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട ദേശീയബോധം. അത്തരമൊരു വിശകലനത്തിലാണ് ടിപ്പുവിന്റെ യുദ്ധങ്ങളും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളുടെ പ്രഥമ കാഹളങ്ങളായി മാറുന്നത്. അത് അംഗീകരിക്കുക എന്നതാണ് ശാസ്ത്രീയ ചരിത്രരചന ചെയ്യുന്നത്. ഭഗവാന്‍ ഗിദ്വാനിയുടെ നോവല്‍ ഭാവനയുടെ നിറങ്ങളിലൂടെ അവതരിപ്പിക്കുന്നതും അത്തരമൊരു ചരിത്രത്തെയാണ്. മെഡോസ് ടെയ്ലര്‍ എഴുതിയ 'ടിപ്പു സുല്‍ത്താന്‍ - എ ടെയ്ല്‍ ഓഫ് ദ മൈസൂര്‍ വാര്‍' എന്ന നോവലും ടിപ്പുവിന്റെ സംഭവബഹുലമായ ജീവിതം കൂടുതല്‍ ഉയര്‍ന്ന ആഖ്യാനപടുത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗിദ്വാനിയുടെ അവതരണം ആധികാരികമായ ചരിത്രാന്വേഷണങ്ങളിലൂടെയായിരുന്നു എന്നത് പ്രസക്തമാകുന്നു. 'ഹൈദരലിയുടേയും ടിപ്പു സുല്‍ത്താന്റേയും ആധിപത്യത്തിലെ മൈസൂരിന്റെ ചരിത്രം' എന്ന ചരിത്രഗ്രന്ഥവും ടിപ്പുവിനെ മതഭ്രാന്തനോ അക്രമകാരിയോ ആയല്ല അവതരിപ്പിക്കുന്നത്.

ജോസഫ് കോണ്‍റാഡ്
ജോസഫ് കോണ്‍റാഡ്

ടിപ്പു സുല്‍ത്താന്റെ വാള്‍ ഗിദ്വാനിയുടെ തന്നെ തിരക്കഥാരചനയില്‍ സഞ്‌ജൈഖാനും അക്ബര്‍ ഖാനും ടെലിവിഷന്‍ സീരിയലാക്കി. ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ വിരോധം കാരണം ദൂരദര്‍ശനിലെ അതിന്റെ സംപ്രേഷണം മുടങ്ങി. ടിപ്പു സുല്‍ത്താന്റെ വാളിന്റെ ആധികാരികത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡോ. റോമില ഥാപ്പറെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ചരിത്രവിശകലന രീതിയോട് വിയോജിപ്പുള്ള സംഘപരിവാറിന്റെ എതിര്‍പ്പുമൂലം അതു നടന്നില്ല. തുടര്‍ന്ന് സംഘപരിവാര്‍ പക്ഷക്കാരനും ആര്‍.എസ്.എസ്സിന്റെ ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരുമായിരുന്ന കെ.ആര്‍. മല്‍ക്കാനിയെ ചുമതലപ്പെടുത്തി. ടിപ്പു ദേശസ്‌നേഹിയും മികച്ച ഭരണാധികാരിയും പ്രബുദ്ധനും ഉദാരമനസ്‌ക്കനും ആയിരുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും വിലയിരുത്തലും സംഘപരിവാറിനുതന്നെ തിരിച്ചടിയായി. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഓരോ എപ്പിസോഡിന്റേയും തുടക്കത്തില്‍ ഡിസ്‌ക്ലൈമര്‍ കാണിച്ചുകൊണ്ട് സംപ്രേഷണം പുനരാരംഭിച്ചു. പ്രതിഷേധക്കാര്‍ മൈസൂരിലെ ചിത്രീകരണ സ്റ്റുഡിയോ അഗ്‌നിക്കിരയാക്കി. ഏതാണ്ട് അറുപതോളം ആളുകള്‍ കൊല്ലപ്പെട്ടു. ചരിത്രത്തെ വ്യാഖ്യാനിക്കുന്നതിനെ ഇങ്ങനെയാണ് അന്നും അസഹിഷ്ണുതയോടെ സംഘപരിവാര്‍ നേരിട്ടത്. 

സാമ്രാജ്യത്വ വിരുദ്ധ ചരിത്രാഖ്യാനങ്ങള്‍
ടിപ്പു സുല്‍ത്താനെ സര്‍ഗ്ഗാത്മക വിശകലനത്തിനെടുക്കുന്ന കൃതികളില്‍ പ്രധാനപ്പെട്ടവയാണ് കന്നട എഴുത്തുകാരായ ഗിരീഷ് കര്‍ണ്ണാടും എച്ച്.എസ്. ശിവപ്രകാശും രചിച്ച രണ്ടു നാടകങ്ങള്‍. 'ടിപ്പു സുല്‍ത്താന്റെ സ്വപ്നങ്ങള്‍' എന്ന നാടകം തുടങ്ങുന്നത് ചരിത്രകാരനായ മിര്‍ ഹുസൈന്‍ അലിഖാന്‍ കിര്‍മാനിയും ഇംഗ്ലീഷ് പണ്ഡിതനായ കേണല്‍ കോളിന്‍ മെകന്‍സിയും തമ്മിലുള്ള സംഭാഷണത്തോടെയാണ്. ആ രംഗഭാഷയില്‍നിന്നുതന്നെ ബ്രിട്ടീഷ് തന്ത്രം വ്യക്തമാണ്. ബ്രിട്ടീഷുകാര്‍ക്ക് വ്യാജ ചരിത്രം ചമയ്ക്കാന്‍ യഥാര്‍ത്ഥ ചരിത്രം ആവശ്യമാണ്. തങ്ങളുടേതായ ചരിത്രവ്യാഖ്യാനം പടുത്തുയര്‍ത്തേണ്ടത് സാമ്രാജ്യത്വവിജയങ്ങള്‍ക്ക് അനിവാര്യമാണ്. അതേ സമയം വാസ്തവം അറിഞ്ഞുകൊണ്ടായിരിക്കണം അതു ചെയ്യേണ്ടതെന്ന ധാരണയിലാണ് പണം കൊടുത്ത് കിര്‍മാനിയെക്കൊണ്ട് മൈസൂരിന്റെ ചരിത്രം എഴുതിക്കുന്നത്. കര്‍ണാടകയെ ഏറ്റവും മഹത്തായ വിധം പ്രതിനിധീകരിച്ച ചിന്തകനും ദാര്‍ശനികനുമായ ടിപ്പുവിനെ നിര്‍ഭാഗ്യവശാല്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ തന്നെ തെറ്റിദ്ധരിക്കുകയും അദ്ദേഹത്തെപ്പറ്റി അസത്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ഗിരീഷ് കര്‍ണ്ണാട് തന്നെ പറയുന്നു. ഇന്ത്യക്കകത്തും പുറത്തും നിരവധി അരങ്ങുകളില്‍ ജനങ്ങളിലേയ്ക്ക് പ്രവേശിച്ച ഈ നാടകം 1997-ല്‍ ബി.ബി.സി റേഡിയോ പ്രക്ഷേപണം ചെയ്തു. പുസ്തകമായി പുറത്തുകൊണ്ടുവന്നത് ഓക്‌സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സാണ്. 

റൊമിലാ ഥാപര്‍
റൊമിലാ ഥാപര്‍

എച്ച്.എസ്. ശിവപ്രകാശിന്റെ 'ടിപ്പു സുല്‍ത്താന്‍' അവതരണരീതികൊണ്ടാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. മിര്‍ സാദിഖിന്റെ സ്വാര്‍ത്ഥവും ക്രൂരവുമായ ആര്‍ത്തിയുടെ ഇരയായി മാറുകയും ഒടുവില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രമായി ഈ നാടകത്തില്‍ ടിപ്പു മാറുന്നു. നാടകം വൈകാരികമായി ഏറെ പിരിമുറുക്കം ഉള്ളതാണെങ്കിലും ചരിത്രത്തെ സമീപിക്കുന്ന രീതിയില്‍ വേറിട്ടുനില്‍ക്കുന്നില്ല.  
ബ്രിട്ടീഷ് എഴുത്തുകാരായ കിര്‍പ്പാട്രിക്കിന്റേയും വില്‍ക്‌സിന്റേയും ടിപ്പു പഠനങ്ങള്‍ സാമ്രാജ്യത്വ താല്പര്യങ്ങളുടെ സൃഷ്ടിയാണ്. കിര്‍പ്പാട്രിക് സമാഹരിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്ത Selected Letters of Tippoo Sultan to Various Functionaries എന്ന ഗ്രന്ഥത്തില്‍ ലഭ്യമായിട്ടുള്ള കത്തുകളുടെ ആധികാരികതയില്‍ നേരിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ സമാഹാരത്തില്‍ ടിപ്പു തന്നെ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഓര്‍മ്മക്കുറിപ്പിന്റെ കുറച്ചു ഭാഗങ്ങളും ഉണ്ട്. കൂടാതെ ടിപ്പു ഒരു മുസല്‍മാനാണെന്നും ഖുര്‍ആന്‍ അനുസരിക്കുന്നയാളാണെന്നും അങ്ങനെ ഒരാള്‍ അവിശ്വാസിയെ വിശ്വസിക്കുകയില്ലെന്നും മുന്‍വിധി നിര്‍മ്മിക്കുന്നുണ്ട്. അതിനെല്ലാം ഉപരി സ്വന്തം സാമ്രാജ്യസംരക്ഷണത്തിനുവേണ്ടിയുള്ള വ്യാഖ്യാനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. കിര്‍പ്പാട്രിക്കും വില്‍ക്‌സും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധിപന്മാരായ കോണ്‍വാലീസിന്റേയും വെല്ലസ്ലിയുടേയും കൂടെ നിന്ന് ടിപ്പുവിനെതിരെ യുദ്ധം ചെയ്തവരായിരുന്നു എന്നതിനാല്‍ അവരെ അത്ര വിശ്വസിക്കേണ്ടതില്ല എന്ന് ആസ്ട്രേലിയന്‍ ചരിത്രകാരിയായ കേറ്റ് ബ്രിറ്റില്‍ബാങ്ക് പറയുന്നുണ്ട്. ബ്രിറ്റില്‍ബാങ്കിന്റെ നിരീക്ഷണത്തില്‍ ടിപ്പു ഒരു റാഡിക്കല്‍ ഇസ്ലാമികഭാവം ഒരിക്കലും കൈക്കൊണ്ടിട്ടില്ലതന്നെ. മറിച്ച്, കര്‍ണാടകയുടെ പ്രാദേശിക ചിഹ്നങ്ങളെയാണ് ഉള്‍ക്കൊണ്ടത്. കടുവയെ ചിഹ്നമായി സ്വീകരിക്കുന്നതുതന്നെ പൂര്‍വ്വപ്രതാപികളായിരുന്ന ഹൊയ്സാലരുടേയും ചേരന്മാരുടേയും പ്രതീകങ്ങളെ ഉള്‍ക്കൊള്ളലായിരുന്നു. ദ ലൈഫ് ഓഫ് ടിപ്പു സുല്‍ത്താന്‍ അടക്കം ഈ വിഷയത്തില്‍ നിരവധി രചനകള്‍ ബ്രിറ്റില്‍ബാങ്ക് നടത്തിയിട്ടുണ്ട്. 

പികെ ബാലകൃഷ്ണന്‍
പികെ ബാലകൃഷ്ണന്‍

1957-ലാണ് ടിപ്പു സുല്‍ത്താനെ സംബന്ധിച്ച ആധികാരികമായ ഒരു ഗ്രന്ഥം മലയാളത്തില്‍ വരുന്നത്. ആധികാരികാന്വേഷണങ്ങളുടെ ദൗര്‍ബ്ബല്യം മൂലം ഏകപക്ഷീയമായിപ്പോയ പത്മനാഭമേനോന്റേയും ഏറെക്കുറെ മാര്‍ക്‌സിയന്‍ ചരിത്രവിശകലനരീതി സ്വീകരിച്ച സര്‍ദാര്‍ കെ.എം. പണിക്കരുടേയും നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പി.കെ. ബാലകൃഷ്ണനായിരുന്നു. 'ദേശാഭിമാന പ്രതീകങ്ങളെ ദേശീയ വില്ലന്മാരാക്കുകയും താനൊരിക്കലും ദേശീയ പ്രതീകമാകാതിരിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ വിചിത്ര വശ്യതയാണ്, ടിപ്പുവിനെക്കുറിച്ചെഴുതാന്‍ എനിക്ക് പ്രേരണ നല്‍കിയത്' എന്ന് പി.കെ. ബാലകൃഷ്ണന്‍ ആമുഖത്തില്‍ത്തന്നെ കുറിക്കുന്നുണ്ട്. അന്നു ലഭ്യമായിരുന്ന ജ്ഞാനസ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. എന്നാല്‍, പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചരിത്രദര്‍ശനങ്ങളില്‍ ശാസ്ത്രീയമായ വികാസവും വളര്‍ച്ചയും ഉണ്ടായി. ചരിത്ര വിശകലന സാമഗ്രികള്‍ കൂടുതല്‍ ശാസ്ത്രീയമായി. ഇരുള്‍വീണ ചെമ്പേടുകളില്‍ വെളിച്ചം പ്രസരിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ധാരണകള്‍ കെട്ടഴിഞ്ഞുവീണു. സാമ്പ്രദായിക ധാരണകളും കെട്ടുകഥകളും കൊണ്ട് മലീമസമായിരുന്ന ചരിത്രത്തെ ശുദ്ധികലശം നടത്താന്‍ കുറേ പേര്‍ മുന്നോട്ടുവന്നു. അതുകൊണ്ടുതന്നെ പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിവെച്ച ശ്രമം കൂടുതല്‍ തെളിമയോടെ ആധികാരികമായി ചരിത്രകുതുകികള്‍ക്ക് വായിക്കാനായി. ടിപ്പു എന്ന ചരിത്രപുരുഷനെ അന്നത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതാണ് ഉചിതമെന്നു ബോദ്ധ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് ചരിത്രവിശകലനോപാധികളെ ഉപജീവിച്ച സര്‍ദാര്‍ കെ.എം. പണിക്കര്‍ ടിപ്പുവിനെ വിലയിരുത്തുന്നതില്‍ ആധികാരികമായ ഉറവിടങ്ങളെ ആശ്രയിച്ചില്ല എന്നതുകൊണ്ടുതന്നെ ഏറെ തെറ്റിദ്ധാരണാജനകമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. പിന്നീട് വന്ന മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കൂടുതല്‍ ആഴത്തിലും പരപ്പിലുമാണ് ഈവിഷയത്തെ സമീപിച്ചത്. 

ഭഗ്‌വാന്‍ ഗിദ്വാനി
ഭഗ്‌വാന്‍ ഗിദ്വാനി

ഗോഡ്സേക്ക് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയും ഗാന്ധി രക്തസാക്ഷിദിനം വിജയദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ദേശവിരുദ്ധത കൂടുതല്‍ കരുത്താര്‍ന്നു വരുന്ന ഒരു രാജ്യത്ത്, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തി സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ആധുനിക ഭരണാധികാരികളുള്ള ഒരുകാലത്ത് വെറും ഒരു നാട്ടുരാജ്യത്തോളം പോന്ന ഭൂഭാഗത്തിന്റെ പോരാളിയായ അധിപനെ ജനാധിപത്യത്തിന്റേയും ലിബറല്‍ രാഷ്ട്രീയ-സാമൂഹിക വീക്ഷണത്തിന്റേയും അളവുകോല്‍ വെച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്നത് നീതികേടാണ്. അശോകന്‍ എന്ന മൗര്യചക്രവര്‍ത്തിയെ ജനാധിപത്യത്തിന്റെ അളവുകോല്‍ വെച്ചല്ല, മറിച്ച് അക്കാലത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമൂഹിക-സമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. വികലവും നിക്ഷിപ്തവുമായ ചില താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ വിരുദ്ധവായന നടത്തിയിട്ടുള്ള പലരേയും ഈവിധം തന്നെ വായിച്ചെടുക്കേണ്ടതുണ്ട്. ശിവജിയെ മറാത്താ ദേശീയതയുടെ ചിഹ്നമാക്കി ഉയര്‍ത്തിപ്പിടിച്ച്, പ്രാദേശിക ഷോവനിസത്തിന്റെ ഊര്‍ജ്ജസ്രോതസ്സായി വാഴ്ത്തുന്നതില്‍ വലിയ അപാകതയുണ്ട്. ഔറംഗസീബ് എന്ന മുഗള്‍ ഭരണാധികാരിക്കെതിരെ ഉയര്‍ന്നുവന്ന പ്രബലമായ ഒരു പ്രാദേശിക ഭരണകൂടത്തിനു തീര്‍ച്ചയായും മുഗള്‍ ചിഹ്നങ്ങളുടെ ശത്രുവാകാതെ വയ്യ. എന്നാല്‍, അത് ഏതെങ്കിലും മതത്തിനോടോ സംസ്‌കാരത്തോടോ ഉള്ള ശത്രുതയായിരുന്നില്ല. ശിവജിയുടെ സൈന്യത്തിലും ഭരണത്തിലും സുപ്രധാന ഉത്തരവാദിത്വങ്ങള്‍ വഹിച്ചവരില്‍ അധികവും മുസ്ലിങ്ങളായിരുന്നു. ഔറംഗസീബിന്റെ സൈന്യാധിപന്‍ അഫ്സല്‍ഖാനെ ശിവജി സ്വന്തം ഉരുക്കു നഖങ്ങളാഴ്ത്തി, ചതിയിലൂടെ വധിച്ചതിനെ രാഷ്ട്രീയമായാണ് കാണേണ്ടത്. ചരിത്രാന്വേഷിയും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയ്ക്ക് അക്രമാസക്ത ദേശീയതയുടെ ഇരയായി ജീവന്‍ നഷ്ടമായത് മറാത്താ ദേശീയതയുടെ സാമ്പ്രദായിക കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ശിവജിയെ ഒരു ഭരണാധികാരിയായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്. മറുഭാഗത്ത് ഔറംഗസീബിനെ സമീപിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായി അക്കാലത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും മുന്‍പേ സഞ്ചരിച്ച ഭരണാധികാരിയായിരുന്നു ടിപ്പു. അദ്ദേഹം പണ്ഡിതനും സൈനികനും കവിയും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അപ്പോസ്തലനുമായിരുന്നു എന്ന് സുഭാഷ് ഗട്ടാഡെ രേഖപ്പെടുത്തുന്നുണ്ട്. പുത്തന്‍ കണ്ടുപിടുത്തങ്ങളെ സ്‌നേഹിക്കുകയും ലോകത്തെ ആദ്യത്തെ യുദ്ധറോക്കറ്റ് നവീകരിച്ചതിന്റെ പേര് സമ്പാദിക്കുകയും ചെയ്തു. ഫ്രെഞ്ച് വിപ്ലവത്താല്‍ സ്വാധീനിക്കപ്പെട്ട വ്യക്തി, ഭരണാധികാരിയായിരിക്കെ തന്നെ സ്വയം ഒരു പൗരന്‍ എന്നു വിളിക്കുകയും കൊട്ടാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ (Liberty) മരം നടുകയും ചെയ്തു ടിപ്പു സുല്‍ത്താന്‍. ഉന്നതമായ ആസൂത്രണ വൈദഗ്ദ്ധ്യംകൊണ്ടും മികച്ച തന്ത്രങ്ങള്‍കൊണ്ടും ആദ്യകാലത്ത് രണ്ടുതവണ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാരുടെ അധികാര രൂപഘടനയ്ക്ക് അനുയോജ്യമായ മറുപടി കൊടുത്ത ടിപ്പു ശത്രുവിന്റെ രൂപം മനസ്സിലാക്കി തദ്ദേശീയ ഭരണാധികാരികളുമായും ഫ്രാന്‍സ്, അഫ്ഗാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ബന്ധം ബലപ്പെടുത്താന്‍ ശ്രമിച്ചു. 
എന്നാല്‍, ബ്രിട്ടീഷുകാര്‍ അവരുടെ സാമ്രാജ്യത്വ താല്പര്യങ്ങളുടെ ശത്രുവായി കണ്ട ടിപ്പു ഇന്ന് സംഘപരിവാറിന്റേയും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റേയും ശത്രുവാണ്. ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുകയാണ് അവരുടെ ജിഹ്വകളെല്ലാം. 1791-ല്‍ മറാത്താ സൈന്യം ശൃംഗേരി ശങ്കരാചാര്യ മഠവും ക്ഷേത്രവും ആക്രമിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെ നഷ്ടങ്ങളോടൊപ്പം കനത്ത ആള്‍നാശവും ആ ആക്രമണഫലമായി ഉണ്ടായി. എന്നാല്‍, ആക്രമിക്കപ്പെട്ട ആശ്രമത്തിനും ക്ഷേത്രത്തിനും സംരക്ഷണം നല്‍കണമെന്നാണ് ടിപ്പു ഉത്തരവിട്ടത്. അദ്ദേഹം ശൃംഗേരി മഠാധിപതിക്കെഴുതിയ മുപ്പതിലേറെ കത്തുകളിലൊന്നില്‍ പറയുന്നത് മഠം പോലെ പാവനമായ ഒരു സ്ഥാപനത്തെ ആക്രമിച്ചവര്‍ തക്കതായ ശിക്ഷ അനുഭവിക്കുമെന്നാണ്. 

ചരിത്രത്തില്‍ ടിപ്പു എങ്ങനെയൊക്കെയാണോ വളച്ചൊടിക്കപ്പെട്ടത്, അതിന്റെയൊക്കെ കൊയ്ത്തുത്സവം നടത്തുന്നത് സംഘപരിവാറാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നിട്ടുള്ളതും അവര്‍ക്ക് സ്വാധീനമുള്ളതും കര്‍ണാടകയിലാണ്. അതിനാല്‍ അവിടെ വര്‍ഗ്ഗീയപ്രീണനത്തിനായി പ്രയോജനപ്പെടുത്താവുന്ന വികാരമാണ് ടിപ്പു വിരുദ്ധത എന്നത്. അതുകൊണ്ടുതന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ടിപ്പുവിനെ ഓര്‍മ്മിക്കാന്‍ നടത്തുന്ന ഏതു ശ്രമത്തേയും അവര്‍ വര്‍ഗ്ഗീയമായി നേരിടുന്നു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെയുള്ള  സംഘപരിവാര്‍ നീക്കങ്ങള്‍ അങ്ങനെ ഉണ്ടാകുന്നതാണ്. 

സുഭാഷ് ഗട്ടാഡെ അദ്ദേഹത്തിന്റെ They Love Godse, Hate Tipu Sultan എന്ന ലേഖനത്തില്‍ സുപ്രധാനമായ ഒരു കാര്യം പങ്കുവെയ്ക്കുന്നുണ്ട്. എങ്ങനെയാണ് ചരിത്രവ്യക്തികളെക്കുറിച്ച് വ്യാജവിശേഷണങ്ങളും കല്‍പ്പിത കഥകളും പ്രചരിക്കുന്നതെന്ന് അതു സാക്ഷ്യപ്പെടുത്തുന്നു. രാജ്യസഭാ എം.പിയും പിന്നീട് ഒഡീഷ ഗവര്‍ണറുമായിരുന്ന പ്രൊഫ. ബി.എന്‍. പാണ്ഡെയെ അദ്ദേഹം അലഹബാദ് സര്‍വ്വകലാശാലയില്‍ ചരിത്രവിഭാഗം അദ്ധ്യാപകനായിരുന്ന കാലത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സമീപിച്ചു. കല്‍ക്കത്ത സര്‍വ്വകലാശാലയിലെ സംസ്‌കൃതവിഭാഗം പ്രൊഫസറായ ഹരിപ്രസാദ് ശാസ്ത്രിയുടെ ഒരു പുസ്തകം അവരുടെ പക്കലുണ്ടായിരുന്നു. അതില്‍ ടിപ്പു സുല്‍ത്താന്‍ 3000 ബ്രാഹ്മണരോട് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പറഞ്ഞെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും അതിനെ തുടര്‍ന്നു മുഴുവന്‍ ബ്രാഹ്മണരും മതപരിവര്‍ത്തനത്തെക്കാള്‍ മരണമാണെന്നു കണ്ട് ആത്മഹത്യ ചെയ്‌തെന്നും രേഖപ്പെടുത്തിയിരുന്നു. എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ എഴുതിയതെന്ന് പ്രൊ. പാണ്ഡെ കത്തെഴുതി ചോദിച്ചു. മൈസൂര്‍ ഗസറ്റാണ് തന്റെ അറിവിന്റെ ഉറവിടമെന്ന് അദ്ദേഹം മറുപടി കൊടുത്തു. പ്രൊ. പാണ്ഡെ ഉടനെ മൈസൂര്‍ സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗത്തിലെ പ്രൊഫസര്‍ ശ്രീകാണ്ഠ്യയോട് കാര്യം അന്വേഷിച്ചു. എന്നാല്‍, ഈ വിവരങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ആ മേഖലയില്‍ പരിചയമുള്ള തനിക്ക് അത്തരമൊന്നും ഗസറ്റിയറേയില്ല എന്നറിയാമെന്നും പ്രൊ. കാണ്ഠ്യ മറുപടി എഴുതി. മാത്രവുമല്ല, നേരെ മറിച്ചുള്ള വിവരണങ്ങളാണ് അതിലുള്ളതെന്നും പ്രൊഫ. ശ്രീകാണ്ഠ്യ കൂട്ടിച്ചേര്‍ത്തു. 156 ക്ഷേത്രങ്ങള്‍ക്കും ശൃംഗേരിയിലെ ശങ്കരാചാര്യര്‍ക്കും ടിപ്പു വാര്‍ഷികധനസഹായം നല്‍കിയ വിവരങ്ങളാണ് അതിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇങ്ങനെ കൊളോണിയല്‍ ചരിത്രരചനയുടെ ചുവടുപിടിച്ച് ദേശീയ ചരിത്രകാരന്മാരും വികലമാക്കിയ ഒരു ചരിത്രത്തെയാണ് പിന്നീട് നമ്മള്‍ സമ്യക്കായി പുനഃസൃഷ്ടിച്ചത്. ബ്രിറ്റില്‍ബാങ്ക് നടത്തുന്ന നിരീക്ഷണം ഇവിടെ അടിവരയിട്ടു പറയേണ്ടതാണെന്നു  തോന്നുന്നു. ടിപ്പു എന്ന 'ദേശവിരുദ്ധ സ്റ്റീരിയോടൈപ്പി'നെ തകര്‍ക്കുന്ന ഏതാനും വസ്തുതകള്‍ ബ്രിറ്റില്‍ബാങ്ക് കുറിക്കുന്നുണ്ട് അവരുടെ പുസ്തകത്തില്‍.
1. ടിപ്പുവിന്റെ യുദ്ധപരാജയം വലിയ ആഢംബരപൂര്‍ണ്ണമായാണ് ബ്രിട്ടന്‍ ആഘോഷിച്ചത്. വില്‍കീ കോളിന്‍സിന്റെ മൂണ്‍സ്റ്റോണ്‍ എന്ന നോവല്‍ ആരംഭിക്കുന്നത് ശ്രീരംഗപട്ടണത്തിന്റെ വീഴ്ചയെ അത്യാഹ്ലാദപൂര്‍വ്വം വിവരിച്ചുകൊണ്ടാണ്.
2. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അപകടം മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കെതിരെ നിരന്തരമായി നാല് യുദ്ധങ്ങള്‍ നടത്തിയ ഒരേയൊരു ഇന്ത്യന്‍ ഭരണാധികാരി ടിപ്പു മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ ഉപഭൂഖണ്ഡത്തിലെ പ്രഥമ വിമോചനപ്പോരാളിയാണ്.
3. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ ഓട്ടോമനില്‍നിന്നും ഫ്രാന്‍സില്‍നിന്നും അദ്ദേഹം സഹായങ്ങള്‍ തേടി.
4. ടിപ്പു പാശ്ചാത്യ ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തോട് ആഭിമുഖ്യം പുലര്‍ത്തി. ഫ്രാന്‍സില്‍നിന്ന് തോക്ക് നിര്‍മ്മാതാക്കള്‍, സാങ്കേതിക നിപുണര്‍, ഘടികാര നിര്‍മ്മാതാക്കള്‍ തുടങ്ങിയ വിദഗ്ദ്ധരെ കൊണ്ടുവന്നു. സ്വന്തമായി റോക്കറ്റും പീരങ്കികളും നിര്‍മ്മിച്ച് 'Make in Mysore' എന്ന ലേബലുണ്ടാക്കി.
5. അദ്ദേഹത്തിന്റെ അപാരശക്തിയെ ബിംബവല്‍ക്കരിക്കാന്‍ കടുവയെ ഉപയോഗിച്ചു. ഹിന്ദു പ്രജകളുടെ ദൈവ-രാജാധികാരത്തോട് ബന്ധപ്പെട്ട സൂര്യനേയും സ്വന്തം അടയാളമായി സ്വീകരിച്ചു.
6. ടിപ്പു സ്വപ്നങ്ങളുടെ പുസ്തകം (Khwab Nama) രചിച്ചു. അതില്‍ സ്വന്തം സ്വപ്നങ്ങള്‍ ആവിഷ്‌ക്കരിച്ചു. 
7. ടിപ്പു വിദേശിയായിരുന്നില്ല. മണ്ണിന്റെ മകനായിരുന്നു.
8. നിരവധി ഹിന്ദു ഉദ്യോഗസ്ഥര്‍ ടിപ്പുവിനുണ്ടായിരുന്നു. പൂര്‍ണ്ണയ്യ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
9. ശ്രീരംഗനാഥ ക്ഷേത്രം അടക്കം നിരവധി ഹൈന്ദവ ക്ഷേത്രങ്ങളുടെ രക്ഷാധികാരിയായിരുന്നു ടിപ്പു. ശൃംഗേരി മഠത്തിന്റെ അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. മഠാധിപതിയെ അദ്ദേഹം അഭിസംബോധന ചെയ്തത് ജഗദ്ഗുരു എന്നായിരുന്നു.
ഇത്രയൊക്കെയായാലും ചില ചിഹ്നങ്ങളെ അപരവല്‍ക്കരിക്കേണ്ടത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആവശ്യമാണ്. ലോകത്തുണ്ടായിട്ടുള്ള എല്ലാ ഫാസിസ്റ്റ് ഭരണ-സാമൂഹ്യ ക്രമങ്ങളുടേയും സ്വഭാവമാണത്. അത്തരമൊരു രാഷ്ട്രീയം ഇന്ത്യയുടെ വര്‍ത്തമാനജീവിതത്തെ പൊള്ളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടിപ്പു അതിന്റെ ഇരയായിത്തീരുക സ്വാഭാവികം. എന്നാല്‍, ചരിത്രത്തില്‍ വിശ്വാസമുള്ളവര്‍ക്ക്, അതിനെ പ്രതീക്ഷയുടെ പിന്‍ബലമായി കാണുന്നവര്‍ക്ക് യഥാര്‍ത്ഥ ചരിത്രം ഉയര്‍ത്തിപ്പിടിക്കാതെ വയ്യ. അവിടെയാണ് ടിപ്പു സുല്‍ത്താന്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ട ചരിത്രപുരുഷനാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com