മഴ പെയ്യാന്‍ മുട്ടിനിക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്‌സ്

നരച്ചും കറുത്തും താടിവെച്ചപണ്ടത്തെ ആ ജര്‍മ്മന്‍കാരന്റെ മുഖം
മഴ പെയ്യാന്‍ മുട്ടിനിക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്‌സ്

ചുമ്മാ ഇങ്ങനെ മഴ വരുന്നതും നോക്കിയിരിക്കുമ്പോള്‍
മേഘങ്ങളില്‍ മിന്നി മാഞ്ഞ്
നരച്ചും കറുത്തും താടിവെച്ച
പണ്ടത്തെ ആ ജര്‍മ്മന്‍കാരന്റെ മുഖം

ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന്
എന്റെ അടുത്തുനിന്ന ഒരു കിളുന്നുമാലാഖക്കൊച്ച്

യഹോവേടെ താടിനര ഇത്ര പോര എന്ന്
അപ്പുറത്തുനിന്ന് ഒരു വല്ല്യമ്മ തിരുത്തി

ശ്ശ്യോ! കാറല്‍ മാര്‍ക്‌സ് എന്ന് പുളകംകൊള്ളുന്നു
മ്മടെ പഴേ സഖാവ്

(കാറലും കനപ്പു ചൊവേം ഒക്കെ കാണും
ഒന്നൊന്നര നൂറ്റാണ്ട് കഴിഞ്ഞില്ലേ?)

അപ്പഴ്ത്തേയ്ക്കും ഒരു കറുത്ത മേഘത്തിന്റെടേല്‍
അങ്ങേര്‌ടെ താടീം ചുരുളന്‍ മുടീം ചിന്നിച്ചിതറിപ്പോയി.

വെല്ല്യ ഒരു മഴ വന്ന്
അങ്ങേരെ തൊട്ടുരുമ്മിപ്പോയി

മഴയത്ത് അങ്ങേര് അലിഞ്ഞലിഞ്ഞ്
പണ്ട് കാശിക്കുപോയ മണ്ണാങ്കട്ട അലിഞ്ഞപോലെ
ഇല്ലാണ്ടായിപ്പോയി

കണ്ണും തിരുമ്മി നോക്കിയപ്പോ
മേഘമില്ല, താടിക്കാരനില്ല,
മാലാഖയും അതിന്റെ വല്ല്യമ്മച്ചിയുമില്ല
മഴ മഴ മാത്രം
മഴേടെ എടേക്കൂടെ
മഞ്ഞപ്പു പടര്‍ന്ന ഒരു വെയില്
ഇങ്ങനെ, ചിരിച്ചോണ്ടു നിപ്പുണ്ട്.

കുറുക്കമ്മാര്‌ടെ കല്യാണത്തിന്റെ മഴേടെയെടേലത്തെ വെയിലുപോലെ

ഇങ്ങനെ നോക്കിനിക്കുമ്പോ
അവരെല്ലാംകൂടി കൊട്ടും ബാന്റുമായിട്ട്
പാലത്തിന്റെ അടീക്കൂടെ കല്യാണഘോഷയാത്രയായിട്ട് വരുമായിരിക്കും

ചെലപ്പോ മഴ മാറാനും മതി
അന്നേരം മഴവില്ലും വന്നേക്കാം.

ആ തൂണിന് മറഞ്ഞുനിന്ന് ഒളിച്ചുനോക്കിക്കണ്ടാല്‍
എന്നെ അറസ്റ്റുചെയ്ത് ജയിലിലിടുമോ?

എന്നാലും ചെലപ്പോം മഴവില്ല് വരുമായിരിക്കും അല്ലേ?

ആവോ, ആരോടാ ഇപ്പോ ചോദിക്കുന്നത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com