താണ്ടയുടെ ഉയിര്‍പ്പ്: ബിജു റോക്കി എഴുതിയ കവിത

കിണറിന്റെ ആള്‍മറയില്‍നിന്ന്ഒന്നെത്തിനോക്കി.
താണ്ടയുടെ ഉയിര്‍പ്പ്: ബിജു റോക്കി എഴുതിയ കവിത

കിണറിന്റെ ആള്‍മറയില്‍നിന്ന്
ഒന്നെത്തിനോക്കി.
വെട്ടേറ്റ് മലര്‍ന്ന
ഊത്തവാളയെപ്പോലെ
ആഴത്തിലാണ്ട് കിടപ്പുണ്ട്
താണ്ടവെല്ല്യമ്മ.

പുളഞ്ഞാടിടുന്നു ഞൊറിവാല്‍.
കുളവാഴത്തണ്ടിലൊട്ടി നില്‍ക്കുന്നു
ചെറുകുമിളയായി
അവസാനശ്വാസം .

മക്കളാരും ഉമ്മവെയ്ക്കാത്ത മൊരിഞ്ഞ കവിളില്‍
പുള്ളിവാക മുത്തിമൊത്തി നില്‍ക്കുന്നു.
ആരോടും മിണ്ടാനില്ലാതെ വിണ്ടിരുണ്ട ചുണ്ടിലൂടെ
നിറേക്കണ്ണന്‍* ശ്വാസംപകരാന്‍ നോക്കുന്നു.

പിടിമൊന്തയില്‍നിന്ന് ആദ്യം പാര്‍ന്നവെള്ളത്തില്‍
കോച്ചി,കുളിര്‍ന്നുപോയ ആ നിമിഷം
അതേപോലെ കിടുകിടുത്ത്, ഉറഞ്ഞിരിപ്പുണ്ട്.
കൈയില്‍ മന്ത്രകോടിപോല്‍
പായല്‍ പറ്റിയിട്ടുണ്ട്.

കയറില്‍ കെട്ടിയ കസേരയിലേക്ക്
കൊച്ചേലേട്ടന്‍ വാരിവെച്ചു.
രൂപക്കൂടിലെ മെഴുകുപോലെ
കുഴകുഴഞ്ഞിരുന്നു.

അടയാതെ കിടന്ന
വ്യാകുലപ്പെട്ട കണ്ണ്
വെള്ളത്തിന്റെ ഓരോ അടരിന്റെയും
പൂട്ട്തുറന്ന് തുറന്ന് വന്നു.
വിട്ടുപോയിട്ടില്ലപ്പോഴും
ആഴങ്ങളിലേക്ക് ഊളിയിട്ടതിന്റെ ആന്തല്‍.

പുല്‍ക്കൊടികളേ, പുല്‍ച്ചാടികളേ
നീരുറവകളേ, നീര്‍പ്പോളകളേ
താണ്ടയിതാ യാത്ര
ചോദിക്കുന്നു.

കിണറിന്റെ ഓരോ ചുറ്റരഞ്ഞാണത്തോടും വിടചൊല്ലി
താണ്ട മെല്ലെ, ഉയിര്‍ത്തെണീറ്റ് വന്നു.
മേയ്ക്കാമോതിരത്തില്‍ പച്ചക്ക്‌ലാവ് പടര്‍ന്നിരുന്നു.
വെന്തിങ്ങ വിങ്ങിവീര്‍ത്തിരുന്നു.
കടവായിലൂടെ നൂല്‍ക്കനത്തില്‍
പിത്തം കക്കിയ നോള തൂങ്ങിക്കിടന്നിരുന്നു.

ഇളംനീലനിറമാര്‍ന്ന പെയ്ത്തുവെള്ളത്തില്‍നിന്ന്
പിടിവള്ളി തേടിത്തേടി പോയ
ചുളുങ്ങി മരവിച്ച കൈവിരലുകള്‍
ചുറ്റുംനിന്നവരിലേക്ക് ചൂണ്ടി
താണ്ട ഉയിര്‍ത്തുയിര്‍ത്ത് വന്നു.

* പാടത്ത് ഇപ്പോഴും കാണുന്ന ചെറുമീന്‍.
നെറുകയില്‍ തിളങ്ങുന്ന പൊട്ട്.
പൂച്ചുട്ടി എന്നും വിളിപ്പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com