വനരോദനം- മീരാമധു എഴുതിയ കവിത 

കരിവീട്ടിയും തേക്കുംകട്ടുമുടിച്ചോര്‍ക്കെന്തുശിക്ഷവനമക്കളേ,
വനരോദനം- മീരാമധു എഴുതിയ കവിത 


                                                     
രയുന്നതാര് ?
വനമോ ?
വനമക്കളോ ?
വനരോദനത്തിന്റെ 
ഭാവാര്‍ത്ഥമെന്താണാവോ ?
വെറുതെ ചിന്തിക്കുമ്പോള്‍
അശാന്തമാവുന്നുണ്ട്
വനത്തിനു 'ശാന്തി'യോ
'അശാന്തി'യോ പഥ്യം.
ഒട്ടിയ വയറിനു
വിശപ്പില്ലെന്നാവും 
കാട്ടിലെപ്പരിഷയ്ക്കു
നാട്ടുമര്യാദയില്ലെന്നാവും
കൂട്ടത്തില്‍ നിന്നൊറ്റ
പ്പെട്ടവനവനെങ്കില്‍ 
സൂക്ഷിക്കണം 'ഒറ്റയാന്‍'
അക്രമാസക്തനല്ലോ
കക്കാനും മുടിക്കാനും
നടക്കുന്നോനെപ്പിന്നെ
കെട്ടിയിട്ടടിക്കുക ന്യായ-
വ്യവസ്ഥയതല്ലോ
ചട്ടങ്ങള്‍ മാറ്റുവാന്‍
നമുക്കാവില്ലല്ലോ പുറം-
ചട്ടയില്‍ നാമിന്നും
പരിഷ്‌ക്കാരികളല്ലോ ! 
കാട്ടിലെക്കിഴങ്ങും 
തെളിനീരുറവയും

കരിവീട്ടിയും തേക്കും
കട്ടുമുടിച്ചോര്‍ക്കെന്തുശിക്ഷ
വനമക്കളേ, നിങ്ങള്‍
കല്പിക്കും, പറയുക
അവര്‍ക്കുശിക്ഷയി-
ക്കനത്തമൗനം താനോ ? 
ശിക്ഷാകാണ്ഡം, വിധി
നിങ്ങള്‍ക്കറിയില്ല
അത്രയുമാര്‍ദ്രമാം
കാട്ടുപൂഞ്ചോലയല്ലോ.
മേമ്പൊടിയശ്ലീലമായ്
ചേരുന്നനാട്ടുപാട്ടിന്‍
മട്ടുകള്‍ 'കെട്ടുമുറ'-യൊട്ടുമേയറിയില്ല
കാട്ടുപക്ഷിയെപ്പോല്‍ ശുദ്ധ-
സംഗീതമല്ലോ വശം.
അരിയും മുളകും
കുപ്പിവെള്ളവുമെന്തിന്
വനചരന്‍ 'ബല'യും
* 'അതിബല'യും പഠിക്കണം.
ശാന്തിപര്‍വ്വവും തേടി
നാട്ടിലേക്കിറങ്ങാതെ
ഉള്‍ക്കാട്ടില്‍ത്താനിരിക്കുക
വന്യമൃഗമായിരിക്കുക.

*രാമലക്ഷ്മണന്‍മാരെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വിശപ്പും ദാഹവും മാറുവാന്‍ വിശ്വാമിത്രന്‍ ഉപദേശിക്കുന്ന രണ്ടു മന്ത്രങ്ങള്‍ - ബലയും അതിബലയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com