സുജിത് കുമാറിന്റെ മുന്നു കവിതകള്‍

സുജിത് കുമാറിന്റെ മുന്നു കവിതകള്‍

കാമം

ഒറ്റയ്ക്കൊരിടത്തൊരു പെണ്ണുമാണും മതിമറക്കുന്നതു കണ്ടാല്‍ 
ഉള്ളിലീര്‍ഷ്യയസൂയയങ്കലാപ്പ്
രണ്ടുപേരൊത്തു, ള്ളാനന്ദത്തി-
ലടങ്ങാത്ത വിമ്മിട്ടം.

പെണ്ണിനൊരാണിനെ, യാണിനു പെണ്ണിനെ
കാമിക്കുവാനെന്ത്, പ്രണയിക്കുവാനെന്ത-
ങ്ങു പ്രണയിച്ചാല്‍ പോരേ, 
കാമിച്ചാല്‍ പോരേ

ഒരാള്‍ക്കൊരാളിനെ പ്രണയിക്കുവാ, നൊന്നു കാമിക്കുവാ,
നീയുടലല്ലാ, തെന്തീക്കണ്ണും ചെവിയും മൂക്കും കൈകാലു-
മല്ലാതെ, ന്തതിനെയറിക, യതിനെ പ്രണയിക്ക,
യൊത്തിരിക്കാമത്താ, ലൊത്തിരി പ്രേമത്താ, 
ലൊത്തിരിച്ചന്തത്തിനാല്‍.

ഒരാളൊരാളിനെ ബലാ, ലടിപ്പെടുത്തുമോ, മുറിപ്പെടുത്തുമോ-
നീറും ശുദ്ധകാമമെങ്കില്‍, കടും പ്രണയമെങ്കില്‍
ഭംഗിയാ, മാസക്തിയെങ്കില്‍.


കഠിനം

ഒന്നുമില്ലൊന്നുമില്ലൊക്കെയും ലളിതമേ
ലളിതമായ്ക്കാണാന്‍ പറഞ്ഞിടു, 
ന്നെല്ലാറ്റിനേ, മെന്നൊടീ ലോക-
മെവിടേയു-
മെപ്പോഴും;
ഒന്നുമില്ലിത്രയേയിത്രയേ-
യുള്ളെന്ന്.

കൂടുതല്‍ കൂടുതല്‍ ലളിതമായ്ക്കണ്ടു,
പക്ഷേയത്ര-
പാടില്ലപോല്‍ ലളിതവും.

ലളിതമാവാന്‍ പാടു-
പെട്ടിടുന്നാ, കയാല്‍
കഠിനകഠിനമാവുന്നൂ 
ലോകവും നിത്യേന.

ലളിതമെങ്ങനെ കഠിനമാവുന്ന-
തെന്തതിശയ, മത്യതിശയംതന്നെയീ,
യതിലളിതത്തിന്റെ ലളിതമങ്ങനെ
കടുംകഠിനമായ്ത്തീരുവതിന്‍
പൊരുള്‍.

അന്യനില്‍

മറ്റൊരാളില്ലെങ്കില്‍ നാമെന്തു ചെയ്യും-
സ്വയമിടിച്ചൊന്നുകാട്ടുവാന്‍, മിടുക്കൊന്നുകാട്ടുവാന്‍
തോല്പിക്കാന്‍, തോല്പിച്ചുനോക്കുവാന്‍,
വെറുതേ തോറ്റുകൊടുക്കുവാനെങ്കിലും.

നമുക്കുണ്ടു ഭാര്യ, അതിലില്ല പ്രണയം
നമുക്കുണ്ടു രതി, അതിലില്ല ഭോഗം
രാഷ്ട്രമുണ്ടു, രാഷ്ട്രീയമില്ലതില്‍
പേരിട്ടുവിളിക്കണമോരോന്നിനേം 
നമുക്ക,തിലി-
ല്ലതിന്നാനന്ദമാര്‍ത്തി-
യാഴം.

എന്തു നല്ലോരു മനുഷ്യനെന്നു
നാലാള്‍ പറഞ്ഞാല്‍ മതി, 
യതു കേട്ടാല്‍ മതി-
യതിനു നാലു വാക്കു 
നന്നായ് പറഞ്ഞാല്‍ മതി,
അതെയതെയെന്ന് തലയനക്കിയാല്‍ മതി.

ചുമയ്ക്കുന്നു, പിന്നെയും ചുമച്ചൊന്നുകാട്ടുന്നു
കാര്‍ക്കിക്കുന്നു പിന്നീടൊന്ന് 
മുണ്ടുമടക്കിക്കുത്തഴിച്ച് വീണ്ടും മാടിക്കെട്ടുന്നു
പിന്നീടൊടുക്കം പിന്‍വാങ്ങുന്നു
എങ്ങനെ ഞാനീയെന്നെയാള്‍ക്കൂട്ടത്തിലന്യ-
നില്‍ പ്രകടിപ്പിക്കേണ്ടു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com