മരണത്തെ നിര്‍വ്വചിക്കേണ്ടിയിരുന്നത്: പോളി വര്‍ഗ്ഗീസിന്റെ കവിത

ഇങ്ങനെയൊന്നുമായിരുന്നില്ല,എന്റെ മരണത്തെ നിര്‍വ്വചിക്കേണ്ടിയിരുന്നത്.
മരണത്തെ നിര്‍വ്വചിക്കേണ്ടിയിരുന്നത്: പോളി വര്‍ഗ്ഗീസിന്റെ കവിത

ങ്ങനെയൊന്നുമായിരുന്നില്ല,
എന്റെ മരണത്തെ നിര്‍വ്വചിക്കേണ്ടിയിരുന്നത്.
അല്ലെങ്കില്‍ തന്നെ അളന്നുമുറിച്ചതൊന്നും 
എനിക്ക് ഉണ്ടായിരുന്നില്ലല്ലോ...

വഴിയായ ഒരാള്‍ മടങ്ങുന്ന ഇടമാണ് 
ലോകമെന്ന അറിവെങ്കില്‍ 
ഞാന്‍ വാര്‍ന്നു ഒടുങ്ങുകയാണ്.
 
മടുപ്പെന്ന മരണസൂചികയുമായി,  
മെരുങ്ങാത്ത നാഴിക ബോധങ്ങള്‍, 
വേഴ്ചയില്‍ ആഴ്ന്നുപോയിരിക്കുന്നു.  
 
കൈ നിറയെ പ്രാവുകളുമായി 
അതിര്‍ത്തികള്‍ കടന്നുപോയിട്ടും 
ജീവന്റെ ഭൂഖണ്ഡങ്ങള്‍ പലതും പിടിച്ചെടുത്തിട്ടും  
മുള്ളുപോലും  കൊരുക്കാത്ത കല്ലറകള്‍ ഒരുക്കിയതാരാണ്.

ഇലകള്‍ക്കിടയിലൂടെ കാറ്റ് പടരുന്നതും,  
അതിര്‍ത്തികളില്‍  മരണം പൂക്കുന്നതും ഞാനറിയുന്നു. 

അക്ഷരങ്ങള്‍ക്കിടയില്‍ ശ്വാസം പിഴച്ച്  പോകുന്നതും, 
നാഗരികതകള്‍ കുളമ്പടികളെ പിഴിഞ്ഞ് ഒഴുക്കുന്നതും ഞാനറിയുന്നു. 

പര്‍വ്വതാരോഹകര്‍ കൊല്ലപ്പെട്ട 
ഐസ് പാളികള്‍ക്കിടയിലാണ്,  
സൂര്യന്‍ വിശ്രമിക്കുന്നതെന്ന്  
ആര്‍ക്കാണറിയാത്തത്. 

നക്ഷത്രങ്ങള്‍ ചുംബിക്കുന്ന മലമടക്കുകളിലാണ്,
വര്‍ഷം ഉറങ്ങിയെഴുന്നേല്‍ക്കുന്നതെന്ന്
ആര്‍ക്കാണറിയാത്തത്.

ഘടികാര സൂചികള്‍ തുളഞ്ഞ് കയറിയ പക്ഷികളാണ്
മനുഷ്യരാവുന്നതെന്ന്  ആര്‍ക്കാണറിയാത്തത്. 

യുദ്ധങ്ങളില്‍ എരിഞ്ഞുപോയ ഇരട്ട മരങ്ങളാണ്,
കമിതാക്കളാവുന്നതെന്ന്  ആര്‍ക്കാണറിയാത്തത്. 

പ്രപഞ്ചം രേഖപ്പെടുത്താന്‍ മറന്നുവെച്ച  
കുറ്റപത്രമാണ്  ഞാനെന്നറിയുന്നു. 

'അനിശ്ചിത നിമിഷങ്ങളുടെ  കടല്‍ കുടിച്ച്
രാത്രിയില്‍  നഗരത്തിന്റെ തൂണുകളോട് കയര്‍ക്കുന്നു'

അല്ല 
ദൈവങ്ങള്‍ വിസര്‍ജ്ജിക്കുന്ന
ഭരണകൂടങ്ങള്‍ എന്റേതല്ല.

കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന
മഞ്ഞുകാലം എന്റേതല്ല.

മാലാഖമാര്‍ എപ്പോഴും  തടവിലാക്കപ്പെടുന്ന 
പ്രാര്‍ത്ഥനകള്‍ എന്റേതല്ല.

കളിപ്പാട്ടങ്ങള്‍ക്കിടയിലൂടെ  
പിതാവ് പടിയിറങ്ങിപ്പോയ 
ഭവനവും  എന്റേതല്ല.

വന്‍തിരമാലകള്‍ക്കിടയില്‍ ഒരിക്കല്‍ 
ഗീതമെഴുതാന്‍ കൊല്ലപ്പെട്ട റിയൂചിയെപ്പോലെ...
ഇതാ മരിച്ചവര്‍ക്ക് ഉണ്ണാന്‍ തീന്‍മേശകളില്ലാത്ത
ഈ വീട് ഞാനും  ഉപേക്ഷിക്കുന്നു.

അല്ലെങ്കില്‍ത്തന്നെ അളവിനെക്കാള്‍ ആഴത്തില്‍ മുറിവോ 
ഒരു ജീവിതമോയെനിക്കുണ്ടായിരുന്നില്ലല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com