കുലീനര്‍ക്കും കുലടകള്‍ക്കും

സ്‌നേഹമില്ലാത്ത സന്ദേശങ്ങളില്‍,ഒരിടയപ്രതീക്ഷ കാത്തിരിക്കുന്നുണ്ട്.

കാശം ഭൂമിയുടേതാണ്
പക്ഷികള്‍ക്കും കൂടിയാണ്.
കുന്നുകളിലേക്കു കയറി
ചിറകില്ലാത്തവര്‍ക്ക് പറക്കാനാവില്ല.
വിലപിക്കുന്ന കാറ്റില്‍,
മരങ്ങളുടെ മര്‍മ്മരങ്ങള്‍ അലഞ്ഞുതിരിയുന്നുണ്ട്.
സ്‌നേഹമില്ലാത്ത സന്ദേശങ്ങളില്‍,
ഒരിടയപ്രതീക്ഷ കാത്തിരിക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിന്റെ ഭാഷ ആകാശമെന്നാണ്,
പക്ഷിയെന്നുകൂടിയുമാണ്.
അശാന്തമാകുന്ന സമുദ്രങ്ങളില്‍,
തെന്നിനീങ്ങുന്ന ജലയാനത്തിലൊന്നില്‍,
ഒരു ജനതയുടെ ആകുലതകള്‍ ഒഴുകിനടക്കുന്നുണ്ട്.
വേനല്‍ കയറി വറ്റിയുണങ്ങിയ പുഴയുടെ മൃതദേഹത്തില്‍,
കുട്ടികള്‍ ക്രിക്കറ്റുകളിക്കുമ്പോള്‍,
നരകത്തിന്റെ ഭൂപടത്തില്‍,
നാശത്തിന്റെ നിറം ചുവന്നുകിടക്കും.
എപ്പോഴാണ് നായകള്‍ ഓരിയിടുന്നത്?
സ്വപ്നങ്ങളുടെ,
അഭിലാഷങ്ങളുടെ,
ആകാംക്ഷകളുടെ
നീറിപ്പടരുന്നൊരു നെരിപ്പോടാണ്
എന്റേയും നിന്റേയും ജീവിതങ്ങള്‍.
ഒരു തുണ്ടുകടലാസില്‍ എഴുതിവെച്ച്
മടങ്ങിപ്പോകാനുള്ളതല്ല;
സൂര്യന്‍ ഊഞ്ഞാലാടുന്ന ഈ ഭൂമി.
ഇത് കുലീനരുടേയും കുലടകളുടേയും
കിനാക്കള്‍കൊണ്ട് തുന്നിവെച്ചതാണ്.
ഒരേ തളികയില്‍ ഉണ്ണാനുള്ള സങ്കല്‍പ്പത്തില്‍,
ആരുടെ തലയറുത്താണ് അലങ്കരിച്ചിരിക്കുന്നത്?
കവിയേയും കന്യകയേയും അഭിമുഖമിരുത്തി,
നിങ്ങള്‍ കിറുക്കരും കിഴവരുമാക്കുന്നു.
സിംഹങ്ങള്‍ ചുമക്കുന്ന കസേരയിലിരുന്ന്,
കാലുഷ്യത്തിന്റെ കയം കുത്തുന്നവര്‍ക്ക് മുന്നില്‍,
ഒരടയാളമെങ്കിലും ബാക്കി കിടക്കും.
അതാരുടെ രക്തമാകും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com