ചരമദിനത്തില്‍- പിഎ നാസിമുദ്ദീന്റെ കവിത 

എന്റെ പതിന്നാലാം ചരമവാര്‍ഷികമാണിന്ന്
ചരമദിനത്തില്‍- പിഎ നാസിമുദ്ദീന്റെ കവിത 

ന്റെ പതിന്നാലാം 
ചരമവാര്‍ഷികമാണിന്ന്

മരണത്തിനും
ജീവിതത്തിനുമിടയിലെ 
നേരിയ വിടവ്
ചരലിലൂറുന്ന 
വെള്ളം പോലെ
എന്നിലുറയുന്നു.

ഞാന്‍ പിരിഞ്ഞുപോയതിന്റെ പിന്നെ
എല്ലാം വല്ലാതെ പഴകിയിരിക്കുന്നു.

പായല്‍ പോലെ
ജീവിതത്തിന്റെ ഗന്ധം
മൂക്കിലേക്കടിച്ചു കയറുന്നു.

ഇപ്പോള്‍
കണ്ണീരൊഴുക്കുന്ന 
അധ്യക്ഷന്റെ
താടിപോലും 
വെളുത്തിരിക്കുന്നു.

''പരേതന്‍
വരാനിരിക്കുന്ന
കാലത്തിന്റെ
ശബ്ദമായിരുന്നു.

ഓര്‍മ്മക്കായ്
പുസ്തകങ്ങളോ
സന്താനങ്ങളോ
അവശേഷിച്ചില്ല.

അവനോടുള്ള സ്‌നേഹം 
അറ്റമെഴാത്ത
സമുദ്രംപോലെ
നമ്മില്‍
ആര്‍ത്തലക്കുന്നു.''

ഇതുകേട്ടവാറെ
എന്റെയുള്ളില്‍നിന്നും
ഒരട്ടഹാസം ഉയര്‍ന്നു

പരേതാത്മാക്കള്‍ക്കും
വികാരങ്ങളുണ്ടല്ലോ

വേദിയിലിരിക്കുന്ന
വെള്ള ളോഹയിട്ട
ഈ അജ്ഞാതന്‍
ആരാണെന്ന്
ഏവരും മനസ്സു കൂര്‍പ്പിക്കുന്നുണ്ട്.

യോഗനിരീക്ഷണത്തിനെത്തിയ
രഹസ്യപ്പൊലീസുപോലും
ചുഴിഞ്ഞുനോക്കുന്നുണ്ട്.

കസേരക്കുതാഴെ
ആരോ ഒളിച്ചുവെച്ച
റമ്മിന്റെ കുപ്പി

രണ്ടു വീശാന്‍
കൊതിയായി
പക്ഷേ, പരേതാത്മാക്കള്‍
പൂസ്സായാല്‍
സകല നിയന്ത്രണങ്ങളും വിട്ടുപോകും.

ഇപ്പോള്‍ 
മറ്റൊരുവന്‍
എന്റെ പേരില്‍
അവാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

എനിക്ക് ന്യൂമോണിയയായപ്പോള്‍
മൊബൈല്‍ സ്വിച്ചോഫാക്കിയവന്‍.

അറിവില്ലാത്തതാണ് ഭേദം
അല്ലെങ്കില്‍ പരേതനെപ്പോലെ
ഇടക്കിടറി വീഴും.

സദസ്സില്‍ ആരൊക്കെയോ 
അമര്‍ത്തിച്ചിരിക്കുന്നു.

ശരീരമാകെയുലയുന്നു
കോശങ്ങള്‍
ഞെരിപിരികൊള്ളുന്നു

പലതരം വിമ്മിട്ടങ്ങള്‍
ഒത്തുചേരുന്നു

ആരെങ്കിലും 
തിരിച്ചറിയല്‍ കാര്‍ഡ് 
ചോദിച്ചാലോ....

പൂ...പൂ...
പൂ....പൂ.....പൂ.....
എന്റെ കൂക്കിവിളിയില്‍ 
അനുശോചനം
ആടിയുലഞ്ഞു.

പിന്നെ ഞാന്‍ 
പരലോകത്തിലേക്ക് 
പറന്നുപോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com