മിന്നലൊരു നടവഴിയാണ്, തെന്നിവീഴരുത്- സിന്ധു കെവിയുടെ കവിത 

മിന്നലൊരു നടവഴിയാണ്, തെന്നിവീഴരുത്
മിന്നലൊരു നടവഴിയാണ്, തെന്നിവീഴരുത്- സിന്ധു കെവിയുടെ കവിത 

യവുചെയ്‌തെന്നുതന്നെയാണ്, 
മറ്റൊരു വാക്കിനെക്കൊണ്ട് പറഞ്ഞുതീര്‍ക്കാനാവാത്തിടത്തോളം 
ദയവുചെയ്‌തെന്നുതന്നെയാണ്

ദയവ് എത്ര അലിവുള്ള മനസ്സിന്റെയാണ്,
അതിനു ബുദ്ധിമുട്ടൊന്നുമില്ല
ഒരല്‍പ്പം ആര്‍ദ്രമായി മനസ്സിനെയൊന്നു നോക്കിയാ മതി
അന്‍പോടെ ലോകമേ എന്നൊന്ന് ഓര്‍ത്തുനോക്കിയാ മതി

ഞാനിപ്പോഴോര്‍ക്കുന്നത്
അത്രയും ദുര്‍ബ്ബലമായൊരു തടയാല്‍ നിറുത്തപ്പെട്ട ഒരൊഴുക്കിനെപ്പറ്റിയാണ്
അത്രയും ചെറിയൊരോളത്തിനാല്‍ അതിനെയനക്കിവിടുന്ന കാറ്റിനെപ്പറ്റിയാണ്
തടയിളകിയൊഴുകുന്ന അരുവിയെപ്പറ്റിയാണ്

അതേപ്പറ്റിപ്പറയാനായിരുന്നു ഞാന്‍ വന്നത്

അതിനാലാണെന്റെ കണ്ണത്രയും നനഞ്ഞുപോയത്
അതിനാലാണെന്റെ ചുണ്ടുകളങ്ങനെ വിറകൊണ്ടത്
അതിനാലാണെന്റെ ശബ്ദമങ്ങനെ ഇടറിയത്

നീയപ്പോള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്
നിന്നോടെനിക്കുള്ള അടങ്ങാത്ത അഭിനിവേശത്തെപ്പറ്റിയായിരുന്നു
നിന്നോടെനിക്കുള്ള തീരാത്ത ദാഹത്തെപ്പറ്റിയായിരുന്നു

മഴയ്ക്കും മുന്നെയെത്തുന്ന 
തണുത്ത കാറ്റില്‍
ആലിലകളിളകുന്നതും നോക്കിനോക്കിയിരുന്നപ്പോഴായിരുന്നു
കണ്ണുകളങ്ങനെ അടഞ്ഞുപോയത്
നീയരികത്തെന്ന് ഞാനെത്ര മറന്നുപോയിരുന്നു!
ആലിലകളില്‍ കാറ്റ് ഏത് രാഗത്തിലാണ് പാടുന്നത്?

ദയവുചെയ്ത് എന്നെക്കുറിച്ച് മിണ്ടാതിരിക്കൂ
നിന്റെ കയ്യിലെ എന്നെക്കണ്ടെനിക്ക് ഭയമാകുന്നു

അകലെനിന്നും കൂവിവരുന്നൊരു തീവണ്ടിയൊച്ചയില്‍ 
അടിവയറിലെയാന്തലില്‍
ആരോ വരും പോലൊരു കാത്തിരിപ്പിന്റെ സ്റ്റേഷനില്‍
ചാരുബഞ്ചില്‍
എത്ര രാത്രികളാണ് കടന്നുപോയിട്ടുള്ളത്
ഒക്കെയുമൊക്കെയും എന്റെ സ്വപ്നത്തിന്റെ തീവണ്ടിപ്പാളങ്ങളിലായിരുന്നല്ലൊ
തലയ്ക്കുമേലെ നിറഞ്ഞുപൂക്കുന്ന
തിരുവാതിരയിലായിരുന്നല്ലൊ
നീയതെങ്ങനെ കാണാനാണ്

എടുത്തുകളഞ്ഞേക്കു
നിന്റെചുവരില്‍ തൂക്കിയിട്ട
ഛായാപടങ്ങളെ
അത്രമേലപരിചിതയായൊരാളെ
നിനക്കൊരിക്കലും 
പറഞ്ഞുകൊടുക്കാനാകില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com