ആത്മാവിന്റെ വിള്ളലുകള്‍: ജിനേഷ് മടപ്പള്ളിയുടെ കവിതകളെക്കുറിച്ച്

''ഒരു കവിയുടെ ആത്മഹത്യഅയാളുടെ അവസാനത്തെ കവിതയാണ്''
ആത്മാവിന്റെ വിള്ളലുകള്‍: ജിനേഷ് മടപ്പള്ളിയുടെ കവിതകളെക്കുറിച്ച്

ജിനേഷ് മടപ്പള്ളിയുടെ കവിതകള്‍ ആദ്യം നമ്മെ ആകര്‍ഷിക്കുക അവയുടെ ആര്‍ജ്ജവം കൊണ്ടാണ്. ഒറ്റ വായനയില്‍ നമുക്കറിയാം ഈ കവിതകള്‍ നൈസര്‍ഗ്ഗികവും സത്യസന്ധവുമാണെന്ന്. അവയില്‍ അനാവശ്യമായ ബിംബങ്ങളോ വരികളോ ഇല്ല. ഓരോ കവിതയ്ക്കും ഒരനിവാര്യതയുണ്ട്. ആധുനികമെന്നോ ആധുനികാനന്തരമെന്നോ ഒന്നും അവയെ വക തിരിക്കേണ്ടതില്ല, അവ ജിനേഷിന്റെ കവിതകളാണ്; സ്വന്തം അനുഭവം, പരിസരം, വിഷാദം, ഏകാന്തത, വിചാരം,  ഭാവന ഇവയില്‍നിന്നുണ്ടായവ.

എത്ര സംക്ഷിപ്തസുന്ദരവും പരോക്ഷവുമായാണ് ജലത്തിന്റെ രാഷ്ട്രീയവും അതിനു വ്യവസായവുമായുള്ള ബന്ധവും 'കറക്കം' എന്ന കവിത അവതരിപ്പിക്കുന്നത്. അടുത്ത യുദ്ധം ജലത്തിനു  വേണ്ടിയായിരിക്കും എന്ന പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ ഈ രചന അതി പ്രധാനമാകുന്നു. ബിംബങ്ങളിലും പ്രതീകങ്ങളിലും കൂടിയാണ് വികസനവും ക്ഷാമവും തമ്മിലുള്ള ഈ വളരുന്ന വൈരുദ്ധ്യം അവതരിപ്പിക്കപ്പെടുന്നത്. ''വെള്ളം കൂടുതല്‍ സമയവും ഒളിച്ചുകളിയിലാണ്, മരങ്ങളില്‍നിന്ന്, കിളികളില്‍നിന്ന്, മനുഷ്യരില്‍നിന്ന്'' എന്ന് തുടങ്ങുന്ന കവിത; കിണര്‍, കുളം, പുഴ, കുന്ന് തുടങ്ങിയ പതിവ് ഒളിവിടങ്ങള്‍ അതിനു നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി, വല്ലപ്പോഴുമുള്ള അതിന്റെ ഒഴുകിത്തിമിര്‍ക്കലുകളിലും വേരുകളിലും പാറയിടുക്കുകളിലുമുള്ള അതിന്റെ കുരുങ്ങിക്കിടപ്പുകളിലും പ്രതീക്ഷയുടെ അവസാന താവളങ്ങള്‍ കണ്ട് നീങ്ങുന്ന കവിത അവസാനിക്കുന്നത് ഹതാശമായ ഒരു വിരോധാഭാസത്തിലാണ്: ''പൊടുന്നനെ ടര്‍ബയ്നുകളെ/ വെള്ളം തൊടാതെ വിഴുങ്ങുന്ന/ ജാലവിദ്യ കാണുന്നു, അതിലാണ് നമ്മുടെ ഭാവിയെന്ന് കേള്‍ക്കുന്നു./ ദഹിക്കില്ലനമ്മളൊഴികെ.'' ഈ പാരിസ്ഥിതികമായ മാനുഷികോല്‍ക്കണ്ഠ തുടര്‍ന്നുള്ള പല കവിതകളിലും കടന്നു വരുന്നുണ്ട്. 'പുഴയും കിണറും' പോലെ. അല്ലെങ്കില്‍ 'വെടിയേല്‍ക്കും മുന്‍പ് മനുഷ്യരോട്' എന്ന കവിതപോലെ. കാട്ടില്‍നിന്ന്, രാസക്കുമിളകള്‍ പൊന്തുന്ന നദിയുപേക്ഷിച്ചു പുറത്തിറങ്ങുന്ന കടുവകള്‍ മനുഷ്യരുടെ പൊടിയും ശബ്ദവും വെടിമരുന്നിന്‍ മണവും  നിറഞ്ഞ ദൂഷിതലോകം കണ്ടു വെടിവെച്ചു കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നു.

എല്ലാ മണിയും അവസാനത്തെ മണിയാകാന്‍ കാത്തിരിക്കുന്ന സ്‌കൂള്‍ കുട്ടികളെപ്പോലെ ജീവിച്ചിരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍  ആയിരിക്കുന്നു മനുഷ്യര്‍ എന്ന്, മരമാംസം വില്‍ക്കുന്ന മില്ലുകള്‍ക്കും സമതലങ്ങളായി മാറിയ പര്‍വ്വതങ്ങള്‍ക്കും ഇടയിലിരുന്നു ചൂടുകൊണ്ട് കായപോലെ പഴുക്കുന്ന അവര്‍ കണ്ടെത്തുന്നു. എണ്ണത്തില്‍ പെരുകിവരുന്ന ഒരേയൊരു വന്യജീവിയായ മനുഷ്യര്‍ വെടിച്ചീളുകളുമായി തങ്ങളെ കാത്തിരിക്കയാണെന്നു അവര്‍ക്കറിയാം. തിരിച്ചുപോകാന്‍ കാടില്ലാത്ത അവര്‍ക്ക് മൃതി മാത്രമാണ് ഇനി ആശ്രയം എന്നും.     
ഒരുപാട് നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്ത ഒരാളുടെ മരണം എങ്ങനെ ഒരു നിമിഷം കൊണ്ട് മറ്റുള്ളവര്‍ മറക്കുന്നു, എങ്ങനെ അവര്‍ സ്വന്തം ജീവിതത്തേയും അഭിലാഷങ്ങളേയും കുറിച്ചുള്ള ചിന്തകളിലേക്ക് പെട്ടെന്ന് വഴിമാറുന്നു എന്ന് നമ്മോടു ക്രൂരമായി പറയുന്ന കവിതയാണ് 'നന്ദി'. കലയും യാഥാര്‍ത്ഥ്യവുമായുള്ള ബന്ധത്തിന്റെ  ഒരന്വേഷണമാണ് 'മാഞ്ഞുപോവുന്നവയ്ക്കിടയില്‍'.' ബാഹ്യവസ്തുക്കളുടെ തനിമ കലയ്ക്കു അപ്രാപ്യമാണ്, കല നടത്തുന്ന  അനുകരണങ്ങളില്‍ പുഴയ്ക്കു ഒഴുക്കും കുന്നിനു ഉയരവും വയലുകള്‍ക്ക് വലിപ്പവും നഷ്ടമാകുന്നു. ഒരുപക്ഷേ, കലയ്ക്കു പിടിച്ചെടുക്കാനാവുക ഇവയുടെ എല്ലാം അവസാന നിമിഷം മാത്രമാണ് എന്ന ഐറണിയിലാണ് കവിത അവസാനിക്കുന്നത്. 'കണ്ണാടി'യിലുള്ളത് കണ്ണാടിയുടെ പതിവുപയോഗങ്ങളല്ലാ, സൗന്ദര്യം നോക്കാനോ മീശ വെട്ടാനോ ഒന്നുമല്ല, താന്‍ ഇപ്പോഴും മനുഷ്യന്‍ തന്നെയാണോ, ജന്തുവായി മാറിയിട്ടില്ലല്ലോ എന്നറിയാനാണ് മനുഷ്യന്‍ ഇന്ന് കണ്ണാടി ഉപയോഗിക്കുന്നത്. കണ്ണാടി വില്‍ക്കുന്ന കടകളുടെ എണ്ണം കൂടുമ്പോള്‍ കവി പരിഭ്രമിക്കുന്നു; അത് കൂടുതല്‍ കൂടുതല്‍ മനുഷ്യര്‍ ജന്തുക്കളായി മാറുന്ന, പ്രത്യാശയറ്റ  കാലത്തിന്റെ സൂചനയാണ്. മനുഷ്യര്‍ കാണ്ടാമൃഗങ്ങളാവുന്ന, ഫാസിസം പല രൂപങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന, വിപരിണാമത്തിന്റേതായ നമ്മുടെ കാലത്തെക്കുറിച്ച് ഇതിലും തീവ്രമായി പറയുക വയ്യ.

''നേരുപറഞ്ഞതിന് കൊല്ലപ്പെട്ട ഓരോ മനുഷ്യനും പാതി പൂര്‍ത്തിയായ കവിതയാണ്, ഉച്ചത്തില്‍ ചൊല്ലിച്ചൊല്ലി നമുക്കതിനെ മുഴുവനാക്കണം'' എന്നാരംഭിച്ചു ''കൊന്നിട്ടും കൊന്നിട്ടും ബാക്കിയാവുന്ന മനുഷ്യരുടെ നീണ്ടനിരകള്‍ കണ്ട് കൊലവിളികളില്‍ മടുപ്പുണരണം'' എന്ന് അവസാനിക്കുന്ന 'പറയാനുള്ളത്' എന്ന കവിത സമീപകാലത്ത് ഇന്ത്യയില്‍ അരങ്ങേറിയ എഴുത്തുകാരുടേയും ചിന്തകരുടേയും പത്രപ്രവര്‍ത്തകരുടേയും കൊലപാതകങ്ങളോടുള്ള ഒരു തീക്ഷ്ണ പ്രതികരണമായിരിക്കെത്തന്നെ ലോകമെമ്പാടുമുള്ള അധികാരത്തോടു നേരു പറഞ്ഞു മരണം വരിച്ച, സമഗ്രാധിപത്യങ്ങളുടെ ഇരകളോടുള്ള താദാത്മ്യപ്രകടനവുമാണ്. ''ഒരിക്കലും മുറിവേല്‍ക്കാത്തവരാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചത്'' എന്ന അറിവ് ഇതേ തിരിച്ചറിവിന്റെ മറുവശമാണ്. രക്തം വാങ്ങുന്നവരുടെ ക്യൂവില്‍ തിരക്കുകൂട്ടുന്ന ഹൃദയമില്ലാത്തവരും നേത്രദാനം ചെയ്യാന്‍ തയ്യാറാവുന്ന രണ്ടു കണ്ണും ഇല്ലാത്തവരും മരിക്കും മുന്‍പേ, ഒരു ദിവസം കൂടി ജീവിച്ചിരുന്നെങ്കില്‍ താന്‍ എന്തെല്ലാം ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്യുമായിരുന്നു എന്ന് പ്രസ്താവനയിറക്കുന്ന പരോപദ്രവിയും ഓരോ പ്രശ്‌നവുമുണ്ടാകുമ്പോള്‍ അയാള്‍ ജീവിച്ചിരുന്നെങ്കില്‍ എത്ര സഹായം നമുക്കു ചെയ്‌തേനെ എന്ന മിഥ്യയായ  പ്രതീതിയുണ്ടാക്കുന്നു. ('വിലാസത്തിലെ തിരുത്തുകള്‍') ഇത്രതന്നെ ഐറണി നിറഞ്ഞ, പ്രാണവേദന കൊണ്ട് പിടയുന്ന,  ഒരു കൊച്ചു രചനയാണ് 'ചുഴി.' ''ചൂണ്ടക്കൊളുത്തില്‍നിന്ന് വേര്‍പെട്ടു പോയ ഇരയാണ്: ചൂണ്ടക്കാരന്‍ അന്വേഷിക്കില്ല, ഉടല്‍ മുറിഞ്ഞതിനാല്‍ ജീവിതത്തിലേക്കു തിരിച്ചു വരാനാവില്ല, കെണിയെന്നു കരുതി മത്സ്യങ്ങള്‍ തൊടില്ല.''

ആധുനികകാലത്തിന്റെ മൂല്യശോഷണം ജിനേഷിനെ നിരന്തരം അസ്വസ്ഥനാക്കുന്നുണ്ട്. മാതാവിനെ പിന്‍പുറത്തെ തൊഴുത്തില്‍ അന്വേഷിക്കേണ്ടിവരികയും പിതാവിനെ വൃദ്ധസദനത്തിലാക്കുകയും ഗുരുവിനെ അഴുക്കുചാലില്‍ തള്ളിവിടുകയും ചെയ്യുന്ന കാലത്ത് കുഞ്ഞുന്നാളില്‍ പഠിച്ച 'മാതാപിതാ ഗുരു ദൈവം' എന്ന തത്ത്വത്തിന്റെ നിരര്‍ത്ഥകത കവി ഓര്‍ത്തുപോകുന്നു. ('എന്തൊരു ചെയ്ഞ്ച്') തീവളയത്തിലൂടെ ചാടാനുള്ള പരിശീലനമായി ജിനേഷ് ജീവിതത്തെ കാണുന്നുണ്ട് ഒരിടത്ത്. മരവിച്ച ഉടലിനും പാടുകളില്ലാത്ത പ്രാണനും പൊള്ളല്‍പോലും ഒരാശ്വാസമായിരിക്കും. തീ മാത്രമേ തൊടുന്നത് ജീവനുള്ളതിനേയോ ഇല്ലാത്തതിനേയോ എന്ന് പരിഭ്രമിക്കുന്നുള്ളൂ (ചൂള) ഏകാന്തതയ്ക്ക് കീഴില്‍ വേദന പ്രധാനാദ്ധ്യാപികയായി മരിക്കാന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ ഓര്‍മ്മകളെ ചേര്‍ക്കുന്നതിനെക്കുറിച്ചു മറ്റൊരിടത്തുണ്ട് ('വിടുതല്‍').

'വിള്ളല്‍' എന്ന കവിത ജിനേഷിന്റെ മനസ്സിലേക്കുള്ള പാതിചാരിയ ഒരു വാതിലാണ്.  ''അപകടാവസ്ഥയിലായ പാളങ്ങള്‍പോലെ അപകടാവസ്ഥയിലായ മനുഷ്യരുമുണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പ് ശ്രദ്ധിക്കാതെ ബന്ധങ്ങള്‍ കയറിയിറങ്ങിപ്പോയവര്‍.'' ഇളകിയാടുന്ന കല്‍ത്തൂണുകളെ തൊട്ടിലാട്ടങ്ങളായി കണ്ടവര്‍. ആഴങ്ങളില്‍ ഇറങ്ങിയവനു മാത്രമേ ആ പാലം ഇടിഞ്ഞുവീഴുന്ന ദിവസം ഏതെന്ന് അറിയൂ. കൈവരികള്‍ ഉലഞ്ഞു പോയ ആ മനുഷ്യരില്‍നിന്ന് എപ്പോഴും നിങ്ങള്‍ തെന്നിവീണേക്കാം, അവരെ സൂക്ഷിക്കുക എന്ന ആഹ്വാനവുമായാണ് കവിത തീരുന്നത്.    
'വിള്ളലി'ലെ ഏറ്റവും ഹൃദയഭേദിയായ ഒന്നാണ് 'ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍' എന്ന കവിത. വിശേഷിച്ചും  കവിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍, ആ വരികള്‍ നമ്മെ പൊള്ളിക്കുകതന്നെ ചെയ്യും.

''ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍

തന്നിലേക്കും മരണത്തിലേക്കും

നിരന്തരം സഞ്ചരിക്കുന്ന

ഒരു വഴിയുണ്ട്.

അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും

പക്ഷേ ആരും അയാളെ കാണില്ല


അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും,

പക്ഷേ അയാള്‍ അത് കാണില്ല.

അതിന്റെ ഇരുവശങ്ങളിലും

ജീവിതത്തിലേക്ക് തുറക്കുന്ന

നിരവധി ഊടുവഴികളുണ്ടായിരിക്കും,

കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം

ആവശ്യമുള്ളവ

അവയില്‍ ഒന്നിലൂടെ രക്ഷപ്പെട്ടേക്കുമെന്നു ലോകം

ന്യായമായും പ്രതീക്ഷിക്കും''

പക്ഷേ, അയാള്‍ കണ്ടിട്ടും കാണാത്തവനെപ്പോലെ അലസനായി നടക്കുകയും മനുഷ്യര്‍ മുഴുവന്‍ തന്റെ മേല്‍ വിജയം നേടിയിരിക്കുന്നുവെന്നു സങ്കല്‍പ്പിക്കുകയും ചെയ്യും. അവരില്‍ ചിലരോടെങ്കിലും  അയാള്‍ യുദ്ധം ചെയ്തിരിക്കും, ചിലപ്പോഴെങ്കിലും ചെറിയ വിജയങ്ങളും നേടിയിരിക്കും, ബന്ധുക്കള്‍ ചെറുതായി വരും, ഭൂമി ശ്വാസം മുട്ടിക്കും വിധം ചുരുങ്ങി ചെറുതാകും . കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട, ആരോ കടപുഴക്കിയ ഒരു മരത്തിന്റെ ചിത്രം മാത്രം അയാളുടെ ആത്മഹത്യാക്കുറിപ്പില്‍ കാണും. ഇടയ്ക്കിടെ ജീവിച്ചാലെന്താ എന്ന ചിന്ത അയാളില്‍ കുമിളകള്‍പോലെ ഉയര്‍ന്നുവന്നു പൊട്ടിച്ചിതറും, വാസ്തവത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ അയാള്‍ മരിച്ചിരിക്കുന്നു. മരിച്ച ഒരാളുടെ കൂടെയാണല്ലോ യാത്ര ചെയ്തതെന്ന് കാലം വിസ്മയിക്കും. അയാളുടെ ജീവിതം അസാധാരണമായ കനമുള്ളതാണ്, മാറി മാറി അതിനെ താങ്ങിപ്പിടിച്ചു തളരുമ്പോള്‍, മറ്റൊരു കൈ അതിനെ താങ്ങാന്‍ ഇല്ലാതെ വരുമ്പോള്‍  അയാള്‍ കുഴഞ്ഞുപോകുന്നു. ആരും ഇഷ്ടത്തോടെ ആത്മഹത്യ ചെയ്യാറില്ല എന്ന ചിന്തയിലാണ് കവിത അവസാനിക്കുന്നത്. അസ്തിത്വത്തിന്റെ നിസ്സഹായത, ഭാരം, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ചാഞ്ചാട്ടം, അതിജീവിക്കാന്‍ വഴികള്‍ ഉണ്ടായിട്ടും അവ തേടാതിരിക്കുന്നതിലെ നിസ്സംഗത ഇവയെല്ലാം ഈ കവിതയില്‍ മാറിമാറി വന്നു വായനക്കാരനെ അടിമുടി അസ്വസ്ഥനാക്കുന്നു.

'ഭാഷയുടെ കാവ്യപീഡനാലയം' എന്ന ഒരു സമീപകാല ലേഖനത്തില്‍ സ്ലോവീനിയന്‍ ചിന്തകനായ സ്ലാവോയ് സിസെക്ക് പറയുന്നുണ്ട്, ഭാഷ ഹെയ്ദഗര്‍ പറയും പോലെ 'സത്തയുടെ ഭവനം' ആണെങ്കില്‍, ആ സത്ത തന്നെയും അസത്യപൂരിതമാണെങ്കില്‍, സത്യം പറയിപ്പിക്കാന്‍ ആ ഭാഷയെ വിഘടിപ്പിക്കുകയും മര്‍ദ്ദിക്കുകയും അഴിച്ചുപണിയുകയുമൊക്കെ വേണ്ടിവരും എന്ന്. ഇവിടെ കവിസത്ത തീവ്രവേദനയുടെ ഭവനമാണ്, ആ വേദന ആവിഷ്‌കരിക്കാനുള്ള ശ്രമത്തില്‍ ഭാഷയ്ക്കു വരുന്ന ഞെരുക്കങ്ങളും ചുളിവുകളും ഈ കവിതകളില്‍ കണ്ടെന്നു വരാം. ചേറിലൂടെയും ഇരുളിലൂടെയും വനത്തിലൂടെയും  നടന്നു മാത്രമേ നമുക്ക് ഈ കവിതയുടെ ആത്മാവിലേക്ക് പ്രവേശിക്കാനാവൂ. അതിനു തയ്യാറുള്ള സമാനഹൃദയര്‍ക്കുവേണ്ടിയാണ് ജിനേഷ് എഴുതുന്നത്.  

  ഈ സമാഹാരത്തിലെ എല്ലാ കവിതകളും ചങ്ങാതിക്കൂട്ടത്തിലും ഏകാകിയായ ഒരു കവിയുടെ ബിംബസമൃദ്ധമായ സത്യവാങ്ങ്മൂലങ്ങളാണ്: തന്റെ വിഷാദഭാവത്തെ ലോകത്തിന്റെ സമീപസ്ഥമായ ആത്യന്തിക വിനാശവുമായി ഇണക്കിച്ചേര്‍ത്ത ഒരാള്‍ തന്റെ വികാരയുക്തിയെ അതിന്റെ അന്തിമബിന്ദുവില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. സ്‌നേഹത്തോടെ, അവസാനിക്കാത്ത വിതുമ്പലോടെ, വിട!

(ജിനേഷ് മടപ്പള്ളിയുടെ ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന  'വിള്ളലുകള്‍' എന്ന അന്ത്യസമാഹാരത്തിന് എഴുതിയ മുഖക്കുറിപ്പ് )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com