പ്രളയം: അസീം താന്നിമൂട് എഴുതിയ കവിത 

ഞാനതിനെ സൃഷ്ടിക്കുകയാണ്...
പ്രളയം: അസീം താന്നിമൂട് എഴുതിയ കവിത 

ഞാനതിനെ
സൃഷ്ടിക്കുകയാണ്...

പെയ്യാന്‍ വീര്‍പ്പിട്ടു നിന്നൊരു
മേഘത്തെ ചീന്തിയെടുത്ത്
ശിരസ്സും മുഖവും പണിതു.     
കാളീഭാവത്തിനുവേണ്ട   
ചേരുവകളെല്ലാം 
ആ മുഖത്തു  
ചേര്‍ത്തുവച്ചു...

മൂര്‍ച്ചയുടെ നോവാല്‍ 
അറിയാതെ പെയ്തുപോയ മഴയെ
നാരു നാരായ് പറിച്ചെടുത്ത്
ഞരമ്പുകളും 
നാഡികളും
കുടല്‍മാലകളും തീര്‍ത്തു...

ഒരു മിന്നലെ 
തോണ്ടിയെടുത്ത് നട്ടെല്ലും
മഴക്കൂരാപ്പുകളെ
വകഞ്ഞുവകഞ്ഞെടുത്ത്
വാരിയെല്ലുകളും പണിതു...

ഇടിയുടെ ആഘാതങ്ങളെ
അപ്പടി പിടിച്ചെടുത്ത്
നെഞ്ചിനു പകര്‍ന്നുകൊടുത്തു.
അഴിമുഖത്തെ 
അഗാധമായ മൗനസംഗമത്തെ 
കോരിയെടുത്ത്
കരളു കടഞ്ഞുവച്ചു...

കുത്തിയൊലിക്കാന്‍ 
കരുതിനിന്ന രണ്ടു പുഴകളെ
വേരോടെ പിഴുതെടുത്ത്
ഭുജങ്ങളായ് തിരുകിവച്ചു.

എത്ര പെയ്തിറങ്ങിയാലും
പൊട്ടിയൊലിക്കാത്ത 
രണ്ടു കുന്നുകളെ മാന്തിയെടുത്ത്
കാലുകളാക്കി
മെതിക്കാനുള്ള കരുത്തു കൊടുത്തു.
ഒരു പടുകൂറ്റന്‍ തിരയെ 
കുരുക്കിട്ടു പിടിച്ച്
അതിനിടയില്‍ കെട്ടിയിട്ടു.

കിഴക്കുനിന്നും
വന്നൊരുശിരന്‍ കാറ്റിനെ 
ചുഴറ്റിയെടുത്ത്
നാസികയില്‍ കടത്തിവിട്ടു...

ഉയിരിട്ടതും 
ഓടിച്ചെന്ന്
ഭൂമിയുടെ തെക്കുഭാഗത്തേക്കു നോക്കി 
കുന്തിച്ചിരുന്നു
പെറ്റുകൂട്ടി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com