പുരോഹിത: റോസി തമ്പി എഴുതിയ കവിത

അടുക്കളയുടെ            അള്‍ത്താരയില്‍ അരി തിളക്കുകയായിരുന്നു.
പുരോഹിത: റോസി തമ്പി എഴുതിയ കവിത


 ടുക്കളയുടെ            
അള്‍ത്താരയില്‍ അരി 
തിളക്കുകയായിരുന്നു.

നാലു വയസ്സുകാരി മുറ്റത്ത്
മണ്ണപ്പം ചുട്ടുകളിക്കുന്നു.

ദിനസരികള്‍ മുന്നില്‍ 
മുഷിഞ്ഞു കിടക്കുന്നു.

എന്നിട്ടും ചില നേരങ്ങളില്‍
എന്നില്‍ നിന്നെരാത്മാവ് 
പുറപ്പെട്ടു പോകുന്നു.

വൃക്ഷച്ഛായയില്‍ ഇലപ്പച്ചകള്‍
എണ്ണിയിരിക്കുന്നു.
നക്ഷത്രങ്ങളോട് കൂട്ടുകൂടുന്നു.
മേഘങ്ങളെ ചുംബിക്കുന്നു.
കിളികളോടൊത്തു പാടുന്നു
മത്സ്യങ്ങളോടൊത്തു നീന്തുന്നു.
കാറ്റിനൊപ്പം കറങ്ങിനടക്കുന്നു.

എപ്പോഴാണ് അവനെ കണ്ടതെന്നറിയില്ല. 
എല്ലാ ആടുകളെക്കാള്‍ എല്ലാ പെണ്ണാടുകളെക്കാള്‍ 
അധികമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
കാറ്റ് കാതില്‍ കിന്നരിച്ചു.

എന്റെ മൂടുപടം അടിമുതല്‍   കീറപ്പെട്ടു
ഒരേശ്വാസം തന്നെയല്ലേ
തീ ആളിക്കത്തിക്കുന്നതും 
ഊതിക്കെടുത്തുന്നതും.
ഒന്ന് ശവംതീനിയും
മറ്റത് ജീവനുമാകുന്നു.

അവന്‍ എനിക്കു 
കറികളില്‍ ഉപ്പായി.
വാക്കുകളില്‍ തീയ്യായി.

അവന്‍ എന്നെ ചായം മുക്കിയിരിക്കുന്നു.
എഴുപത് നിറങ്ങളും  വെള്ളയാകുന്നു.

മരക്കൊമ്പില്‍
തൂങ്ങിക്കിടന്ന  ശവക്കച്ച
എനിക്ക് പുതപ്പായി        
വിയര്‍പ്പ് ലഹരിയായ്
കല്ലുകള്‍ അപ്പമായ്
സ്വര്‍ഗ്ഗം വസ്ത്രമായ്.
    
മതിലുകള്‍ തകര്‍ക്കുകയും
കാറ്റിനെ പിടിച്ചുകെട്ടുകയും
ഉറവകള്‍ തുറന്നു വിടുകയും 
ചെയ്ത വശ്യമായൊരു ഗീതം
എന്നെ വലയം ചെയ്തു

ഞാന്‍ പറയുന്നതെന്തെന്ന്
ഞാനറിയുന്നില്ല
അവന്‍ പറയുന്നത്
ഞാന്‍ വിളിച്ചു പറഞ്ഞു.

തീനദിയും ഗന്ധകനദിയും
ഇരുകരകളായ് ഒഴുകുന്ന
മഹാനദിയായിരുന്നു അവന്‍.

  ശക്തിയായി വലിച്ചുവിട്ട
  ശരംകണക്കെ അവന്‍
  എന്നെ കടന്നുപോയി.

  കെട്ടുപോയ അസ്ഥികളെ 
  അവന്‍ മാംസംകൊണ്ടു മൂടി 
  ഉറവയാല്‍ സമൃദ്ധമായ് നനച്ചു.

  ഉടല്‍മരം തളിര്‍ക്കുകയും
  പൂക്കുകയും കായ്ക്കുകയും
  അനേകര്‍ക്ക് വാസസ്ഥലവും
  ഭക്ഷണവുമായിത്തീര്‍ന്നു.

നിത്യപ്രണയത്തിന്റെ രാജാവേ
നിന്നോടു ഞാന്‍ യാചിക്കുന്നു
നിന്റെ പ്രണയത്തില്‍നിന്ന്
എനിക്കൊരു മോചനം തരിക
കാറ്റുപിടിച്ച തീ പോലെ ഞാന്‍
നിനക്കു ചുറ്റും പായുന്നു.

എന്റെ ദൈവമേ!
ഇരുമ്പുദണ്ഡുകള്‍ തകര്‍ത്ത്
ചങ്ങല പൊട്ടിച്ച്
ഞാനിതാ ഓടിവന്നിരിക്കുന്നു.

ഞാനാണ് നിന്റെ കണ്ണാടി
കാണുക നിന്നെത്തന്നെ
എന്നിട്ട് തകര്‍ത്തുകളയുക
നാമ്പായ് കിളിര്‍ക്കട്ടെ ഞാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com