മുറുക്ക് ഒരു ദുശീലമല്ല: ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

ലോകത്തിലെ എല്ലാ തളിരുകള്‍ക്കു നേരെയുംകൊതിവാ തുറന്നിരിക്കുന്നവരേ,നിവര്‍ത്തിവെയ്ക്കുകയാണ് പച്ചപ്പിന്റെകൈത്തലം പോലൊരു തളിര്‍വെറ്റില
മുറുക്ക് ഒരു ദുശീലമല്ല: ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത

ലോകത്തിലെ എല്ലാ തളിരുകള്‍ക്കു നേരെയും
കൊതിവാ തുറന്നിരിക്കുന്നവരേ,
നിവര്‍ത്തിവെയ്ക്കുകയാണ് പച്ചപ്പിന്റെ
കൈത്തലം പോലൊരു തളിര്‍വെറ്റില

ഭൂമിയിലെ എല്ലാ തടിപ്പുകളേയും
നിഷ്‌കരുണം ചീന്തിയെറിയുന്നവരേ,
മൃദുവായ് മാത്രം ഞങ്ങള്‍ തലോടിയിളക്കട്ടെ
ഹരിതഭൂപടത്തിലൊഴുകിക്കവിയുമീ ഇലഞരമ്പുകളെ.

മിനുസപ്പെടുത്തിയ ഇലശരീരത്തില്‍ ഞങ്ങള്‍
ചുണ്ണാമ്പിന്റെ കളം വരയുമ്പോള്‍
നൂറുതേടിയിറങ്ങും സകല യക്ഷികളുടേയും
കഥ പറഞ്ഞ് നിങ്ങള്‍ സ്വയം പേടിക്ക്.

രാകിമിനുക്കിയ പാക്കുവെട്ടിയില്‍
അടയ്ക്ക നുറുങ്ങിയിറങ്ങുമ്പോള്‍
ഗില്ലറ്റിനില്‍നിന്നു പതിച്ച കബന്ധങ്ങളെയോര്‍ത്ത്
പാപച്ചെരുക്കില്‍ നിങ്ങള്‍ സ്വയം ഞെട്ട്.

കീറിപ്പറിഞ്ഞോരിളം കരിച്ചേലയോടെ പുകയിലത്തുണ്ട്
ഞങ്ങള്‍ അണയിലിട്ടരയ്ക്കുമ്പോള്‍
ലഹരിയില്ലാതെ നിങ്ങള്‍ കടിച്ചുതുപ്പിയ
കറുപ്പിനെയോര്‍ത്ത് സ്വയം വേവ്.

സത്യത്തില്‍ ഞങ്ങള്‍ മുറുക്കുകയല്ല
എല്ലാ മുറുക്കങ്ങളേയും സ്വയം അഴിച്ച്
നാലിനേയും നിറഭേദമില്ലാതെ രുചിച്ച്
തലകുനിക്കാതെ എപ്പോഴും ഒറ്റത്തുപ്പാണ്.

പക്ഷേ, ഞങ്ങള്‍ മുറുക്കിത്തുപ്പിയതുകൊണ്ടൊന്നുമല്ലല്ലോ
ലോകം ചോരകൊണ്ടിങ്ങനെ ചുവന്നുപോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com