ക്ഷൗരകാലം: ബിപിന്‍ ചന്ദ്രന്‍ എഴുതിയ കവിത

ക്ഷൗരകാലം: ബിപിന്‍ ചന്ദ്രന്‍ എഴുതിയ കവിത

''In the dark times
Will there also be singing?
Yes, there will be singing
About the dark times'
                -Bertolt Brecht

പത്രമോഫീസിലേക്ക്
പുതിയൊരു ഫോട്ടോ വന്നു
മീശ വടിക്കപ്പെട്ട,
മുണ്ഡനം ചെയ്യപ്പെട്ട,
ഒരു വാക്കിന്റെ ഫോട്ടോ.
അലമാരയില്‍ അട്ടിക്കിരിപ്പുണ്ട്
വാക്കുകളുടെ ഫയല്‍ച്ചിത്രങ്ങള്‍.
പളപളപ്പുള്ളതും പുഴുക്കുത്തേറ്റതും
പിടപിടപ്പുള്ളതും പഴകി മഞ്ഞച്ചതുമായ
ഒരുപാട് വാങ്മയ ഫോട്ടോകള്‍.

സത്യസ്വരാജ്യപ്പുലരി പൂക്കും മുന്‍പ്
തൃക്കാക്കര വഴിയില്‍
വണ്ടി തട്ടിക്കിടന്ന വാക്ക്.
മധുരം കുറഞ്ഞു മാര്‍ഗ്ഗമധ്യേ
വേച്ചുവീണ പ്രമേഹവാക്ക്.
അപായ സൈറണിട്ട ആംബുലന്‍സില്‍
ആശുപത്രിയിലെത്തിയ വാക്ക്.
വക്ക് പൊട്ടിയ ചില്ലുഗ്ലാസ്സില്‍
വിറങ്ങലിച്ച പാട വാക്ക്.
വാടകക്കാര്‍ നിറഞ്ഞപ്പോള്‍
വീടുവിട്ടു മറഞ്ഞ വാക്ക്.
ദുരര്‍ത്ഥച്ചാലില്‍
ചീര്‍ത്തുപൊന്തിയ പടുവാക്ക്.
പൊരുളില്ലാച്ചില്ലയില്‍
തൂങ്ങിച്ചത്ത പിണവാക്ക്.
അര്‍ത്ഥം ചോര്‍ന്ന് അബോധത്തിലായത്,
ആശയക്കൊളുത്തിളകി അഴിഞ്ഞുപോയത്.
മുറിഞ്ഞത്, മുടിഞ്ഞത്, മുഷിഞ്ഞത്,
ചീഞ്ഞത്, ചിതറിയത്, ചിതലരിച്ചത്.
തുണിയുടുക്കാതെ തണുപ്പണിഞ്ഞത്.
മൃതി പുതച്ചത്, ഫോര്‍മലിനില്‍ മുങ്ങിയത്,
മഞ്ഞില്‍ മരവിച്ച് മോര്‍ച്ചറിയിലമര്‍ന്നത്.
കൂട്ടിലടഞ്ഞത്, കൂടുവിട്ടു പറക്കാത്തത്,
പുറംതോടു പൊളിഞ്ഞത്,
പൊത്തിലൊതുങ്ങിപ്പോയത്.
വാറു പൊട്ടിയത്, തേഞ്ഞു തീര്‍ന്നത്,
നടന്ന് നേര്‍ത്തുപോയത്,
വിയര്‍ത്തു കുതിര്‍ന്നുപോയത്.
പുസ്തകത്തിലുറഞ്ഞത്, പൂപ്പല്‍ പിടിച്ചത്,
ഉണ്‍മയുടെ ഉറവ വറ്റിയത്,
കാലനദി നീന്തി കൈകാല്‍ കുഴഞ്ഞത്,
വീട്ടുപടിക്കല്‍ വെടികൊണ്ടു തീര്‍ന്നത്...

അതെല്ലാം പോരാഞ്ഞിട്ടാണിപ്പോള്‍
വടിച്ചു മാറ്റിയൊരു
വാക്കിന്റെ ഫോട്ടോ.

പത്രത്തില്‍ പിറ്റേന്ന് പുറന്താളില്‍
പുഞ്ചിരിയണിഞ്ഞൊരു വാക്കു നിന്നു.
കൊലച്ചിരി മറച്ച്,
കൈവീശിക്കാണിച്ച്,
മേയ്ക്കപ്പിട്ടു മുഖം മിനുക്കിയൊരു
മോടി വാക്ക്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com