ദുരിതം വിതയ്ക്കുന്ന 'ജാതി'വഴി

ദുരിതം വിതയ്ക്കുന്ന 'ജാതി'വഴി

അന്ധവിശ്വാസവും ജാതിവിഭജനവും നിസ്സഹായരായ ഒരു കൂട്ടം ജനങ്ങള്‍ക്കുമേല്‍ വിതയ്ക്കുന്ന ദുരിതങ്ങളുടെ കഥ

കാസര്‍ഗോഡ് നിന്ന് 25 കിലോമീററര്‍ അകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണ് ബെള്ളൂര്‍. അവിടെയുള്ള ഒരു ജന്മിക്ക് ഒരിക്കല്‍ തോന്നി, പറമ്പിന് സമീപത്തുകൂടെയുള്ള റോഡിലൂടെ കീഴ്ജാതിക്കാര്‍ പോകുന്നത് തന്റെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കുന്നുവെന്ന്. ആ റോഡ് അദ്ദേഹം തടസ്സപ്പെടുത്തി. അതോടെ പൊസളിഗെ പട്ടികജാതി കോളനിയില്‍ ജീവിക്കുന്നവരുടെ സഞ്ചാരം ദുരിതമായി. എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള ഈ മേഖലയില്‍ ചികിത്സയ്ക്കായിപ്പോലും ആളുകള്‍ പോകുന്നത് രണ്ടര കിലോമീറ്ററോളം നടന്നാണ്. ജന്മിയുടെ വിലക്കു കാരണം ഓട്ടോറിക്ഷകളൊന്നും ഇതുവഴി വരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതയായ സീതു അടുത്തിടെ മരിച്ചപ്പോള്‍ മൃതദേഹം കൊണ്ടുപോയതും ഏറെ ദൂരം ചുമന്ന് കാല്‍നടയായാണ്. ഒരാള്‍ അയാളുടെ വിശ്വാസത്തിന്റെ പേരില്‍ മുന്നൂറോളം പേര്‍ ജീവിക്കുന്ന കോളനിയിലേക്കുള്ള വഴി ഇല്ലാതാക്കുക- ഇതും കേരളത്തില്‍ തന്നെയാണ്. ജാതിവിവേചനത്തിന്റേയും അയിത്തത്തിന്റേയും പേരില്‍ ദുരിതമനുഭവിക്കുന്ന പൊസളിഗെ, തോട്ടത്തമൂല കോളനികളിലേക്ക്. 

എണ്‍പതോളം കുടുംബങ്ങളുണ്ട് ഈ കോളനികളില്‍. പൊതുവെ, അതിര്‍ത്തിഗ്രാമങ്ങള്‍ നേരിടുന്ന എല്ലാ അവഗണനയും സാമൂഹ്യ-സാംസ്‌കാരിക സംഘര്‍ഷങ്ങളും ഇവിടെയുമുണ്ട്. പൊസളിഗയില്‍നിന്നു നാലു കിലോമീറ്റര്‍ ദൂരമേയുള്ളൂ കര്‍ണാടകയിലേക്ക്. തുളു ആണ് സംസാരഭാഷ. സ്‌കൂളുകളില്‍ മലയാളം മീഡിയവും കന്നഡ മീഡിയവും ഉണ്ടെങ്കിലും പ്രദേശവാസികള്‍ കന്നഡ മീഡിയമാണ് പഠിക്കാറുള്ളത്. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു കുടിയേറിയെത്തിയ കുടുംബങ്ങളിലുള്ളവരാണ് മലയാളം തെരഞ്ഞെടുക്കുന്നത്. പ്രദേശത്തെ ഭൂരിഭാഗം പേര്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ല. തുളുവും കന്നടയും കലര്‍ത്തിയുള്ള മലയാളത്തിലാണ് ഞങ്ങളോട് സംസാരിച്ചത്. പൊസളിഗെ-തോട്ടത്തമൂല കോളനികളില്‍ കൂടുതലും മൊഗേര്‍ സമുദായത്തില്‍പ്പെട്ടവരാണ്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖല കൂടിയാണ് ബെള്ളൂര്‍. പൊസളിഗെ, തോട്ടത്തമൂല കോളനികള്‍ക്കു ചുറ്റും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുണ്ട്.

ബേളൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെടുന്ന കോളനിയിലേക്ക് പ്രധാന റോഡായ നാട്ടക്കല്‍-ബസ്തിയില്‍നിന്നു രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. ഉയര്‍ന്ന പ്രദേശത്താണ് കോളനി. കയറ്റമാണ്. ഈ രണ്ടര കിലോമീറ്റര്‍ വഴിയുടെ തുടക്കത്തിലുള്ള 60 മീറ്റര്‍ അവിടെയുള്ള ബ്രാഹ്മണ ജന്മിയുടെ സ്ഥലമാണ്. ആ സ്ഥലത്തുകൂടി കോളനിക്കാര്‍ സഞ്ചരിക്കുന്നത് ജന്മി തടഞ്ഞിരിക്കുകയാണ്. 1982-ലാണ് കോളനിയിലേക്ക് ഇതുവഴി റോഡുണ്ടാകുന്നത്. ജന്മിയുടെ കുടുംബം റോഡിനായി സ്ഥലം വിട്ടുകൊടുത്തിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലും റവന്യൂരേഖകളിലും കോളനിയിലേക്കുള്ള പൊസളിഗെ മുതല്‍ മാലെങ്കി വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡിന്റെ വിവരങ്ങളുണ്ട്. പഞ്ചായത്ത് ഭരണസമിതി തന്നെയാണ് 2010-ല്‍ റോഡിന്റെ നവീകരണം നടത്തിയതും. എന്നാല്‍, സ്ഥലമുടമ പറയുന്നത് പണ്ട് നടപ്പാതയായി മാത്രം അനുവദിച്ച ഭൂമിയാണെന്നും പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടില്ലെന്നുമാണ്. 2007-ല്‍ സ്ഥലം കോളനിക്കാര്‍ കയ്യേറുന്നതായി കാണിച്ച് ജന്മി പരാതി കൊടുത്തു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ കഴിയില്ലന്നും പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കോടതിക്ക് പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കണമെന്നുമാണ് അതില്‍ കോടതിയുടെ വിധിയുണ്ടായത്. പിന്നീട് കൃത്യമായൊരു തീരുമാനവും ഉണ്ടായില്ല. കോളനിയിലേക്ക് വാഹനങ്ങള്‍ കയറുന്നത് തടയാനായി റോഡിന്റെ ഒരു ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷകള്‍ക്ക് കഷ്ടിച്ച് പോകാമെങ്കിലും പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ ഇതിലൂടെ പോകുന്നതില്‍നിന്നു വിലക്കിയിരിക്കുകയാണ്. അസുഖം ബാധിച്ചവരെപ്പോലും കൊണ്ടുപോകാന്‍ ഓട്ടോകള്‍ എത്താറില്ല.

ഈ വഴിയുടെ 50 മീറ്ററോളം ദൂരത്താണ് ജന്മിയുടെ വീട്. ഇതിലൂടെ 'താഴ്ന്ന' ജാതിയില്‍പ്പെട്ടവര്‍ വഴിനടക്കുന്നത് ദൈവകോപം ഉണ്ടാക്കുമെന്ന് ജ്യോതിഷപ്രശ്‌നത്തില്‍ കണ്ടതുകൊണ്ടാണ് വഴി തടസ്സപ്പെടുത്തുന്നതെന്നു പ്രദേശത്തുള്ളവര്‍ പറയുന്നു. പനിച്ച് വിറച്ച് ചികിത്സ തേടി മുള്ളേരിയ ആസ്പത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ ഉണ്ടായ ഒരനുഭവം തോട്ടത്തമൂലയിലെ സരസ്വതി പറയുന്നു. അവശയായി ഏറെ നേരം നിന്നിട്ടും ഒരു ഓട്ടോക്കാരന്‍പോലും നാട്ടക്കലില്‍നിന്നു കോളനിയിലേക്ക് വരാന്‍ തയ്യാറായില്ല. ''നാട്ടക്കലില്‍ മൂന്ന് ഓട്ടോറിക്ഷ ഉണ്ടായിരുന്നു. ആരും തോട്ടത്തമൂലയിലേക്ക് വന്നില്ല. ഓട്ടോക്കാരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. ദൈവകോപം ഉണ്ടാകും, വണ്ടിക്ക് അപകടം പറ്റും എന്നൊക്കെയാണ് പറഞ്ഞത്. വഴിയില്‍ പലയിടത്തും ഇരുന്ന് ഇരുന്നാണ് ഞാന്‍ വീട്ടിലെത്തിയത്. ജന്മിയുടെ വീട്ടിലിരിക്കുന്ന ദൈവത്തിന് ഞങ്ങള് ആ വഴി പോകുന്നത് ഇഷ്ടമല്ലെന്നാണ് പറയുന്നത്'' -സരസ്വതി പറയുന്നു.

പാമ്പുകടിയേറ്റു മരിച്ച രവി
തോട്ടത്തമൂല കോളനിയിലെ രവിക്ക് 29 വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പുകടിയേറ്റ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ടു മറച്ച വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ ചുമരില്‍ രവിയുടെ ചിത്രം തൂക്കിയിട്ടിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ രവി തന്നെ ഒട്ടിച്ചുവെച്ച തമിഴ്നടന്‍ വിജയ്യുടെ ചിത്രങ്ങള്‍ക്കടുത്താണ് ഇപ്പോള്‍ മകന്റെ ഫോട്ടോയും മാതാപിതാക്കള്‍ വെച്ചത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  ഫോട്ടോ ചുമരില്‍നിന്നെടുത്ത് നെഞ്ചത്തടുക്കി പിടിച്ചു രവിയുടെ അമ്മ. ''സ്വാമി (ജന്മി) വണ്ടി വിട്ടുകൊടുത്തിരുന്നെങ്കില്‍ ഞങ്ങളുടെ മകന്‍ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു'' -അവര്‍ പറഞ്ഞു.

തുളുവും കന്നഡയും കലര്‍ന്ന മലയാളത്തില്‍ രവിയുടെ അച്ഛന്‍ മാങ്കു അന്നത്തെ ദിവസം വീണ്ടുമോര്‍ത്തു പറഞ്ഞു: ''വൈകീട്ട് ആറുമണിയോടെയാണ്, ജന്മിയുടെ തന്നെ കരാറുകാരനായ ദാമോദരന്‍, അവിടത്തെ പറമ്പിലെ കടന്നല്‍ കൂട് കത്തിച്ചുകളയാന്‍ രവിയെ വിളിച്ചത്. മകന് പോകാന്‍ മടിയായിരുന്നു. ഇഷ്ടമില്ലെങ്കില്‍ പോണ്ടാന്ന് ഞാനും പറഞ്ഞു. പിന്നെയും ഫോണ്‍വിളി വന്നപ്പോഴാണ് അവന്‍ പോയത്. കുറച്ച് കഴിഞ്ഞ് പുട്ടയ്ക്ക് (പുട്ടയെന്നാണ് രവിയെ വിളിച്ചിരുന്നത് ) സുഖമില്ലാന്ന് ആരൊക്കെയോ വന്നു പറഞ്ഞു. കടന്നല്‍കൂട് കത്തിക്കാന്‍പോയ സ്ഥലത്തുനിന്ന് പാമ്പുകടിച്ചതായിരുന്നു. ഞാന്‍ ചെന്നു നോക്കിയപ്പോള്‍ പറമ്പില്‍ മകനെ കിടത്തിയിട്ടുണ്ട്. ഞാന്‍ പുട്ടാ, പുട്ടാന്ന് വിളിച്ചപ്പോഴേക്കും കണ്ണുകള്‍ മേലോട്ട് പോകുന്നതുപോലെ തോന്നി. ആശുപത്രിയിലെത്തിക്കാന്‍ വണ്ടി വിളിക്കണം. ജന്മിയുടെ വീട്ടില്‍ രണ്ട് വണ്ടിയുണ്ട്. പോയി ചോദിച്ചപ്പോള്‍ അവരുടെ വണ്ടിയില്‍ കൊണ്ടുപോകാന്‍ പറ്റില്ലാന്നു പറഞ്ഞു. മകന് കുടിക്കാന്‍ കുറച്ച് വെള്ളമെങ്കിലും തരാന്‍ ഞാന്‍ കെഞ്ചി പറഞ്ഞു. അതും തന്നില്ല. പിന്നേം ചോദിച്ചപ്പോള്‍ പറമ്പിനടുത്തുള്ള പൈപ്പ് ചൂണ്ടിക്കാട്ടി അതില്‍നിന്നു വേണമെങ്കില്‍ എടുത്തോ എന്നാണ് പറഞ്ഞത്. പറമ്പില്‍ത്തന്നെ ഉണ്ടായ ഒരു പൊട്ടിയ പാട്ടയുമെടുത്ത് പൈപ്പില്‍നിന്നു വെള്ളമെടുത്താണ് ഞാന്‍ എന്റെ മകന് കൊടുത്തത്. അപ്പോഴേക്കും വേറെയാരോ പുറത്തുനിന്നു വണ്ടി വിളിച്ചിരുന്നു. ഞങ്ങള് വിളിക്കുന്ന വണ്ടി മുകളിലേക്ക് വരില്ലല്ലോ, അരക്കിലോമീറ്ററോളം ചുമന്നു താഴെ റോഡിലെത്തിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എങ്ങനെ എത്തിക്കാനാണ്, ഞങ്ങള്‍ താഴ്ന്ന ജാതിയായി പോയില്ലേ, വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലല്ലോ'' നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കാന്‍ പോലുമായില്ല. ഒരു ചോദ്യവും ചോദിക്കാനുണ്ടായിരുന്നില്ല. ഒരു വാക്കുപോലും സമാധാനിപ്പിക്കാനും. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചിരിച്ചുനില്‍ക്കുന്ന വിജയ്യുടെ ചിത്രത്തിനരികെ രവിയുടെ ഫോട്ടോ തൂക്കുന്നുണ്ടായിരുന്നു അമ്മ. 

''അയാളുടെ പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ അപകടം സംഭവിച്ചിട്ടും ഇങ്ങനെയാണ് ചെയ്തത്. രവിയുടെ അമ്മയും വര്‍ഷങ്ങളായി ആ തോട്ടത്തിലാണ് പണിയെടുത്തത്. സംഭവം നടന്ന ദിവസവും അവര്‍ അവിടെ പണിയെടുത്തിരുന്നു. ആ സംഭവത്തിനു ശേഷം കോളനിക്കാരാരും തോട്ടത്തില്‍ പണിക്ക് പോകാറില്ല.'' കൂടെ ഉണ്ടായിരുന്ന പൊതുപ്രവര്‍ത്തകനും സി.പി.എം ബസ്തി ബ്രാഞ്ച് സെക്രട്ടറിയുമായ ബി. നാരായണ പറഞ്ഞു.

മരിച്ചാലും സ്വസ്ഥത കിട്ടാത്ത ജീവിതം
കശുമാവിന്‍ തോട്ടത്തിലെ കീടനാശിനി ഉപയോഗത്തില്‍ ഇരകളാക്കപ്പെട്ട നിരവധി പേരുണ്ട് ബെള്ളൂര്‍ പഞ്ചായത്തില്‍. പൊസളിഗെ-തോട്ടത്തമൂല കോളനികളിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിതയായിരുന്ന പൊസളിഗെ കോളനിയിലെ സീതു ജൂലൈ രണ്ടിനാണ് മരിച്ചത്. വര്‍ഷങ്ങളായി കശുമാവിന്‍ തോട്ടത്തില്‍ പണിയെടുത്ത സീതു എന്‍ഡോസള്‍ഫാന്റെ നേരിട്ടുള്ള ഇരയാണ്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയും വാഹനസൗകര്യവും ഇല്ലാതായതോടെ പലപ്പോഴും ചികിത്സ മുടങ്ങിയതായി മകന്‍ തിമ്മപ്പ സങ്കടപ്പെടുന്നു. ഏറെ ബുദ്ധിമുട്ടിയാണ് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് തിമ്മപ്പ പറഞ്ഞു.

രവിയുടെ ചിത്രവുമായി അമ്മ
രവിയുടെ ചിത്രവുമായി അമ്മ

''നടക്കാന്‍ പോലും കഴിയാതെ കിടപ്പിലായിരുന്നു അവസാന കാലത്ത് അമ്മ. ശരീരം നീരുവെച്ച് ചീര്‍ത്തുവന്നു. തീരെ വയ്യാതായപ്പോഴാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റിയത്. നാലുദിവസത്തിനു ശേഷം അമ്മ മരിച്ചു. അമ്മയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് മുകളിലേക്ക് കയറിവന്നില്ല. താഴെ റോഡിലാണ് ഇറക്കിവെച്ചത്. അവിടെ നിന്ന് ഈ വഴി മുഴുവന്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്. സഞ്ചാരസ്വാതന്ത്ര്യം പോലും തരാതിരിക്കാന്‍ ഞങ്ങളെന്തു തെറ്റാണ് ചെയ്തത്'' -തിമ്മപ്പയുടെ ചോദ്യമാണ്. മറ്റാരുടെയോ ലാഭാര്‍ത്തിക്കുവേണ്ടി, ഒരു ജീവിതകാലം മുഴുവന്‍ ദുരന്തമനുഭവിച്ച സ്ത്രീയായിരുന്നു സീതു. അവരുടെ മൃതദേഹത്തിനുപോലും സ്വസ്ഥത ലഭിച്ചില്ല. കോളനിയില്‍ത്തന്നെ എന്‍ഡോസള്‍ഫാന്‍ ബാധിതയായ ഏഴുവയസ്സുകാരി കീര്‍ത്തിഷയുണ്ട്. തോളിലേറ്റിയാണ് അച്ഛന്‍ അവളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. ''നാട്ടക്കലിലേക്കുള്ള സ്‌കൂളിലേക്ക് പോകാന്‍ ഒരു കിലോമീറ്ററോളം കുഞ്ഞിനെ ചുമലിലേറ്റണം. കുറച്ചു ദിവസം പോയി. ഇപ്പോള്‍ നിര്‍ത്തി. വാഹനസൗകര്യമില്ലാതെ എത്രകാലം ഇങ്ങനെ ചുമന്നു നടക്കാന്‍ പറ്റും'' -കീര്‍ത്തിഷയുടെ അച്ഛന്‍ കൃഷ്ണ പറഞ്ഞു. 
കോളനിയിലെത്തന്നെ മത്താടിയെ അസുഖം കൂടിയപ്പോള്‍ നാട്ടുകാര്‍ കസേരയിലിരുത്തി ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. 

''ആരോഗ്യമുള്ളവര്‍ക്ക് നടന്നായാലും പോകാം. രോഗികളും നടക്കാന്‍ പറ്റാത്തവരും എന്തുചയ്യും. മൃതദേഹംപോലും കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. വെറുതെയല്ല ആളുകള്‍ മാവോയിസ്റ്റുകള്‍ ആയി പോകുന്നത്.'' രോഷവും നിസ്സഹായതയും ഉണ്ടായിരുന്നു പ്രദേശവാസിയായ ബാലകൃഷ്ണന്റെ വാക്കുകളില്‍. 

പാതയ്ക്കുവേണ്ടി സമരത്തിലേക്ക് 
വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി കോളനിക്കാര്‍ സമരത്തിലാണ്. സമരസമിതി രൂപീകരിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.എമ്മും പിന്തുണയുമായി എത്തിയിട്ടുണ്ട്. സമരത്തിന്റെ ഫലമായി കളക്ടറടക്കം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് 1980-ല്‍ റോഡ് നിര്‍മ്മിച്ചത്. നിലവില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലാണ് ബെള്ളൂര്‍. ''ഒരാളുടെ കയ്യിലുള്ള സ്വത്ത് കയ്യേറാനുള്ള സമരൊന്നുമല്ലയിത്. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്'' -സി.പി.എം കാറഡുടക്ക ഏരിയാ സെക്രട്ടറി സിജി മാത്യു പറഞ്ഞു. ''നാലുമീറ്റര്‍ വീതിയില്‍ രണ്ടര കിലോമീറ്റര്‍ നീളത്തില്‍ റോഡുള്ളതായി പഞ്ചായത്തിന്റെ ആസ്തി രേഖയില്‍ കൃത്യമായി ഉണ്ട്. അതെങ്ങനെയാണ് മറ്റു കാരണങ്ങള്‍ പറഞ്ഞ് ഒരാള്‍ക്ക് തടസ്സപ്പെടുത്താന്‍ കഴിയുക'' -അദ്ദേഹം പറയുന്നു.

മത്താടിയുടെ കുടുംബം
മത്താടിയുടെ കുടുംബം

കോളനിയില്‍നിന്ന് തിരിച്ചിറങ്ങുമ്പോള്‍ ദയനീയമായ മറ്റൊരു കാഴ്ചയുമുണ്ടായി. ഒന്‍പതു മാസം ഗര്‍ഭിണിയായ കുസുമം ഈ വഴി മുഴുവന്‍ നടന്നുവരികയാണ്. ഭര്‍ത്തൃവീട്ടില്‍നിന്നും കോളനിയിലേക്ക് പ്രസവത്തിനായുള്ള വരവാണ്. മൂത്തമകനും അമ്മ നീലയും ഒപ്പമുണ്ട്. താഴെ റോഡിലാണ് വണ്ടി നിര്‍ത്തിയത്. അവിടുന്ന് ഉയരത്തിലുള്ള ഈ വഴിയിലൂടെ അരകിലോമീറ്ററിലധികം നടക്കണം അവരുടെ വീട്ടിലേക്ക്. കുസുമം ഒരു പരാതിയും പരിഭവവും പറഞ്ഞില്ല. എല്ലാം കണ്ടും അനുഭവിച്ചും അവര്‍ക്കത് ശീലമായിരിക്കുന്നു. 
രണ്ടു ദിവസത്തിനുശേഷം ബെള്ളൂര്‍ പഞ്ചായത്തില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ നിസാം റാവുത്തര്‍ ഒരു ഫോട്ടോ അയച്ചുതന്നു. കുസുമത്തിനെ കസേരയിലിരുത്തി ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടു പോകുന്നതിന്റെ ചിത്രം. ഇതൊക്കെ കാണാന്‍ അധികൃതരും ആരുമില്ല. ഒരാളുടെ ജാതിബോധത്തിന്റെ പേരില്‍ മുന്നൂറോളം പേരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നത് എന്ത് നിയമമാണ്? കോളനിയില്‍നിന്നു പുറംലോകത്തെത്താനുള്ള വഴിക്കുവേണ്ടി ഇനിയും എത്രകാലം ഇവര്‍ സമരം ചെയ്യണം?

ഞങ്ങള്‍ക്ക് ഗുണ്ടായിസമില്ല, എല്ലാം ദൈവത്തോട് പറയും
 നവീന്‍കുമാര്‍ (ഭൂവുടമ)

നടന്നുപോകാനുള്ള വഴി മാത്രമാണ് കോളനിക്കാര്‍ക്ക് നല്‍കിയത്. 2005-ല്‍ അവര്‍ അതിക്രമിച്ച് കയറി റോഡുണ്ടാക്കുകയായിരുന്നു. നടപ്പാതയുടെ ഇരുവശത്തും വേലി കെട്ടിയിരുന്നു. അതാക്കെ പൊളിച്ചുമാറ്റിയാണ് റോഡാക്കിയത്. അങ്ങനെയാണ് കോടതിയില്‍ കേസിനു പോയത്. കോടതി വിധി ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. റോഡ് കെട്ടിയടക്കാതിരുന്നത് അവര്‍ക്ക് നടന്നുപോകാന്‍ വേറെ വഴിയില്ലല്ലോ എന്നോര്‍ത്താണ്. കയ്യേറി ഉണ്ടാക്കിയ റോഡാണ്, ഇതില്‍ക്കൂടി നിങ്ങളെന്തിനാണ് വരുന്നതെന്ന് രണ്ട് മൂന്ന് ഓട്ടോ ഡ്രൈവര്‍മാരോട് ഞാന്‍ പറഞ്ഞിരുന്നു. അതു ശരിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് അവര്‍ കോളനിയിലേക്ക് വരാത്തത്. അയിത്തം നോക്കുന്നുണ്ടെങ്കില്‍ പണ്ടവര്‍ക്ക് നടപ്പാത ഞങ്ങള്‍ കൊടുക്കുമോ? ഞങ്ങളുടെ പറമ്പില്‍ അവര്‍ പണിയെടുക്കുമോ? പണിക്കു വരുന്നവരൊക്കെ ഇവിടുന്നു തന്നയല്ലേ ഭക്ഷണം കഴിക്കുന്നത്. അങ്ങനെയുണ്ടെങ്കില്‍ ഇതൊക്കെ നടക്കുമോ?


പാമ്പുകടിച്ചയാള്‍ക്കു വണ്ടി കൊടുത്തില്ലാന്നു പറയുന്നത് ശരിയല്ല. അത് ഞങ്ങളുടെ സ്വകാര്യ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന വാഹനമാണ്. അഞ്ചോ ആറോ കിലോമീറ്റര്‍ ഞങ്ങളുടെ ആവശ്യത്തിനു മാത്രം ഓടിക്കുന്നത്. അന്നു വീട്ടില്‍ തുളസീപൂജ നടക്കുന്ന ദിവസമായിരുന്നു. അതിഥികളുമുണ്ടായിരുന്നു. പൂജയുടെ തിരക്കുകാരണം എന്താ സംഭവിച്ചതെന്നു ശ്രദ്ധിച്ചില്ല. സീരിയസാണെന്ന് അറിഞ്ഞതുമില്ല. കടന്നല്‍ കൂട് കത്തിക്കാന്‍ വന്നതായിരുന്നു അവര്‍. കടന്നല്‍ കടിച്ചതായിരിക്കും എന്നാണ് വിചാരിച്ചത്. പിറ്റേന്നു രാവിലെയാണ് പാമ്പാണ് കടിച്ചതെന്നറിഞ്ഞത്. എന്നിട്ടും അതിലും ഞങ്ങള്‍ക്കാണ് കുറ്റം. കോളനിയിലുള്ളവര്‍ക്ക് നല്ല റോഡുണ്ടാകണമെന്നു ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അതിങ്ങനെ ബലം പ്രയോഗിച്ച് പിടിച്ചെടുത്താല്‍ അവര്‍ക്ക് നല്ലതായിരിക്കില്ലെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഞങ്ങള്‍ക്ക് ഗുണ്ടായിസമൊന്നുമില്ല. ദൈവമുണ്ട്. എല്ലാം ദൈവത്തോട് പറയും. ഞങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. അതിന്റ ഫലം ഞങ്ങള്‍ക്ക് കിട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com