സൈബര്‍ ഇടങ്ങളില്‍ പൊലീസിന് പിഴയ്ക്കുമ്പോള്‍

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം.
സൈബര്‍ ഇടങ്ങളില്‍ പൊലീസിന് പിഴയ്ക്കുമ്പോള്‍


''മൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുള്ളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു.'' മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍നിന്നാണിത്. മീന്‍ വിറ്റ് കുടുംബം നോക്കുകയും പഠിക്കുകയും ചെയ്യുന്ന കൊച്ചിയിലെ പെണ്‍കുട്ടി ഹനാനെതിരെ ഉണ്ടായ സമൂഹമാധ്യമ ആക്രമണങ്ങളെ അപലപിക്കുന്ന കുറിപ്പ്. ഹനാനെ അവഹേളിച്ചു പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതും അന്നുതന്നെ. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ അറസ്റ്റുകള്‍ തുടങ്ങി. ആദ്യം നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാള്‍, തൊട്ടുപിന്നാലെ രണ്ടാമന്‍ വിശ്വനാഥന്‍. സാമൂഹികപ്രവര്‍ത്തക അപര്‍ണ പ്രശാന്തിയെ അധിക്ഷേപിച്ചു പോസ്റ്റുകള്‍ ഇട്ട സിദ്ദീഖിനെ ജൂലൈ 29-ന് പൊലീസ് അറസ്റ്റു ചെയ്തു. അന്നു തന്നെയാണ് 'മീശ' നോവലിന്റെ പേരില്‍ എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി നടത്തിയ പെരുമ്പാവൂരുകാരന്‍ സുരേഷ് ബാബു അറസ്റ്റിലായത്. 

ശരിയാണ് ഇങ്ങനെ ചിലതൊക്കെ കേരളത്തില്‍ നടക്കുന്നുണ്ട്; ഓരോ ദിവസവും നടക്കുന്ന നിരവധി സൈബര്‍ ആക്രമണങ്ങളില്‍ ചില അറസ്റ്റുകളൊക്കെ ഉണ്ടാകുന്നു. പക്ഷേ, ആ ചിലത് ആകെ പ്രതികളില്‍ അര ശതമാനമോ ഒരു ശതമാനമോ മാത്രമാണെന്നു പറയാവുന്നത്ര കുറവാണ്. അതായത് സൈബര്‍ കടന്നാക്രമണങ്ങളില്‍ മുറിവേല്‍ക്കുന്നവരുടെ ബഹുഭൂരിപക്ഷം പരാതികളിലും പൊലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികളുണ്ടാകുന്നില്ല. പരാതികള്‍ക്ക് പരിഗണന നല്‍കി നീതി നടപ്പാക്കുകയാണ് പൊലീസിന്റെ പണി. അത് 'ചില'പ്പോള്‍ മാത്രമേ അവര്‍ നിര്‍വ്വഹിക്കുന്നുള്ളു.
തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ദീപാ നിശാന്ത്, സാമൂഹിക പ്രവര്‍ത്തകയും ജോസ് കെ. മാണി എം.പിയുടെ ഭാര്യയുമായ നിഷ ജോസ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, എഴുത്തുകാരി അപര്‍ണ പ്രശാന്തി, ധനകാര്യ മാസികയിലെ എച്ച്.ആര്‍ ഉദ്യോഗസ്ഥ അനു സോമരാജന്‍, മനോരമ ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍, എസ്. ഹരീഷ് തുടങ്ങി സമൂഹമാധ്യമങ്ങളിലെ അക്രമികള്‍ പലവിധത്തില്‍ ഉന്നം വച്ചവരുടെ പരാതികളിലെല്ലാം ശക്തമായ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും കൂടുതല്‍ മോശമായ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദീപ നിശാന്തിന്റെ പരാതിയില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അറസ്റ്റില്‍, മോശം പോസ്റ്റുകളിട്ട് ഷാനി പ്രഭാകരനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്തു, അപര്‍ണാ പ്രശാന്തിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചാമനും പിടിയില്‍ എന്നൊക്കെ കേട്ടാല്‍ പൊലീസിന്റെ ജാഗ്രതയുടെ ചിത്രമാണ് തെളിയുക. പക്ഷേ, കൊടുത്ത മൂന്നു പരാതികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അറസ്റ്റുണ്ടായത് എന്ന് ഷാനിയും നാലു പരാതികളില്‍ മൂന്നെണ്ണം പോയ വഴിയില്ലെന്ന് ദീപ നിശാന്തും കണ്‍മുന്നിലുള്ള പ്രതികളെപ്പോലും കണ്ടില്ലെന്നു നടിച്ച് പൊലീസ് അവരെ രക്ഷിക്കുകയാണെന്ന് നിഷാ ജോസും പറയുന്നു. ആറ് പരാതികള്‍ ശ്രീജ കൊടുത്തു. കേസെടുത്തത് രണ്ടെണ്ണത്തില്‍ മാത്രം, ഒരാളെപ്പോലും അറസ്റ്റു ചെയ്തില്ലെന്ന് ശ്രീജ നെയ്യാറ്റിന്‍കര. അപര്‍ണയേയും സിവില്‍ പൊലീസ് ഓഫീസര്‍ അജിത തിലകനേയും വളരെ മോശമായി അധിക്ഷേപിച്ച കേസുകളില്‍ അറസ്റ്റിലായ സിദ്ദീഖ് അനു സോമരാജനേയും അതേവിധം വാക്കുകള്‍കൊണ്ട് ക്രൂരമായി മുറിവേല്‍പ്പിച്ചയാളാണ്. എന്നാല്‍, അനുവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ആലപ്പുഴ സൗത്ത് പൊലീസ് മടിക്കുന്നു. പകരം പെരിന്തല്‍മണ്ണ പൊലീസ് സിദ്ദീഖിനുമേല്‍ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിട്ടും അയാളെ റിമാന്‍ഡ് ചെയ്തതില്‍ ആലപ്പുഴ സൗത്ത് സി.ഐ അദ്ഭുതം പ്രകടിപ്പിക്കുന്നു.

നിഷാ ജോസിനെതിരെ അധിക്ഷേപ പോസ്റ്റുകള്‍ ഇട്ട മജീഷ് കെ. മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും അക്രമികള്‍ക്ക് താക്കീതുമാണ്. ''സമൂഹമാധ്യമങ്ങളിലെ സ്വാതന്ത്ര്യം ഓണ്‍ലൈന്‍ ഇരകളെ സൃഷ്ടിക്കുന്ന വിധത്തിലാകരുത്. സമൂഹമാധ്യമങ്ങള്‍ മുഖേന മറ്റുള്ളവരെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാണ് ആളുകള്‍ കരുതുന്നത്. അതു ശരിയല്ല. ഇന്റര്‍നെറ്റ് വ്യാപകമായതും സുഹൃത്തുക്കളും ഗ്രൂപ്പുകളുമായി ഇന്റര്‍നെറ്റ് മുഖേന ബന്ധപ്പെടുന്നത് അനായാസമായതും സമൂഹമാധ്യമങ്ങള്‍ക്കും മൊത്തത്തില്‍ അധിക്ഷേപങ്ങള്‍ക്കും കരുത്തു പകരുന്നു. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്.'' എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പറഞ്ഞിട്ടെന്തു കാര്യം. അതിനുശേഷവും കാര്യങ്ങളൊക്കെ പഴയപടി തന്നെയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഒരു വിഭാഗം സൈബര്‍ ആക്രമണങ്ങളോടു പുലര്‍ത്തുന്ന കര്‍ക്കശ നിലപാട് പൊലീസിന്റെ മുഴുവന്‍ പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നില്ല. വ്യക്തിപരമായ വിരോധമോ രാഷ്ട്രീയ വൈരമോ മൂലം വ്യക്തികളോ സംഘടനകളുടെ സൈബര്‍ സംഘങ്ങളോ നടത്തുന്ന ആക്രമണങ്ങള്‍ ഒരുവശത്ത് തുടരുന്നു. സമാന്തരമായി പണം വാങ്ങി സൈബര്‍ ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്ന ഗുണ്ടാ സംഘങ്ങളും കളം പിടിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് സംസ്ഥാന പൊലീസിലെ സൈബര്‍ ഡോമിന് ഇവരെക്കുറിച്ച് ലഭിച്ചിരിക്കുന്നത്. അനു സോമരാജനും അപര്‍ണാ പ്രശാന്തിയും നിഷാ ജോസും അജിതാ തിലകനും ചേര്‍ന്നു സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒരു പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള ആ സംഘത്തിനു ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നവയാണ്.

സൈബര്‍ ഗുണ്ടകള്‍ ഇവരൊക്കെ
കിങ്ങേഴ്സ്, റോയല്‍സ് എന്നിവയാണ് സമൂഹമാധ്യമങ്ങളിലെ പ്രത്യേകിച്ച് ഫേസ്ബുക്കിലെ പ്രധാന ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ എന്നാണ് പൊലീസ് കണ്ടെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന ചില മലയാളികളാണ് ഈ സൈബര്‍ ഗുണ്ടാ സംഘങ്ങളെ നയിക്കുന്നത്. അത് ഇവരെ പിടികൂടുന്നതില്‍ പൊലീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. പക്ഷേ, നാട്ടിലുള്ള കൂട്ടാളികളെ പിടികൂടി ഇവരെക്കൂടി വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് നീക്കം. അത് വലിയ തോതില്‍ ഫലം കണ്ടു തുടങ്ങിയിട്ടുമുണ്ട്. സമീപ ദിവസങ്ങളില്‍ ചില നിര്‍ണായക വഴിത്തിരിവുകളിലേക്ക് സൈബര്‍ ആക്രമണക്കേസുകള്‍ പോയേക്കും. ജില്‍ജാസ് എന്നയാളുടെ അറസ്റ്റ് ഇതിന്റെ ഭാഗമാണ്. പണം വാങ്ങി ആര്‍ക്കെതിരേയും കടന്നാക്രമണം നടത്തുന്ന സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവ. രണ്ടായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ എന്നാണ് അവരില്‍നിന്നുതന്നെയുള്ള വിവരം. പ്രവാസിപ്പേരുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ തലപ്പത്തുള്ള സ്ത്രീ ഇവരുടെ നേതാക്കളിലൊരാളാണ്. കോട്ടയം നഗരത്തിനടുത്തുള്ള ചെറുപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം പൊലീസ് നിരീക്ഷണത്തിലാണ്. പെരിന്തല്‍മണ്ണയില്‍ പിടിയിലായ സിദ്ദീഖ് ആത്മഹത്യയുടെ വക്കിലാണ് എന്ന മട്ടില്‍ ഈ സംഘങ്ങളിലെ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പൊലീസിനു ലഭിച്ചു.

എസ് ഹരീഷ്
എസ് ഹരീഷ്

അനോണിമസ് കേരള സൈബര്‍ ഹാക്കേഴ്സ് എന്നൊരു ഓണ്‍ലൈന്‍ ഗ്രൂപ്പുണ്ടായിരുന്നു സമീപകാലം വരെ. അജിതാ തിലകന്റെ പരാതിയില്‍ ജെല്‍ജാസിന്റെ അറസ്റ്റിനു ശേഷം ഈ ഗ്രൂപ്പ് പിരിച്ചുവിട്ടു. ജെല്‍ജാസും അതിന്റെ അഡ്മിന്മാരിലൊരാളായിരുന്നു. ജെല്‍ജാസിനു ജാമ്യമെടുക്കാനും അജിതാ തിലകനെ ഭീഷണിപ്പെടുത്താനുമൊക്കെ മുന്നില്‍ നിന്നത് ഈ ഓണ്‍ലൈന്‍ മേധാവിയായിരുന്നു. 

അപര്‍ണ പ്രശാന്തി
അപര്‍ണ പ്രശാന്തി


എബി മാത്യു എന്ന പേരില്‍ ഫേസ്ബുക്ക് ഐഡിയുള്ള പ്രവാസിയാണ് പൊലീസിന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം സൈബര്‍ ഗുണ്ടകളുടെ നേതാവ്. ഇയാളുടെ യഥാര്‍ത്ഥ പേര് എബി ഫെര്‍ണാണ്ടസ്. ഇയാളാണ് അലവലാതി ഷാജി എന്ന ഐ.ഡിക്കു പിന്നില്‍. ഇത് പൊലീസിനു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഒഫന്‍സസ്) ചുമത്തിയതുള്‍പ്പെടെ 14 കേസുകളുണ്ട്. പക്ഷേ, യു.എ.ഇയില്‍ ആയതുകൊണ്ട് അറസ്റ്റ് പറ്റുന്നില്ല. ഡി.ജി.പിക്ക് ലഭിച്ച നിരവധി പരാതികളില്‍ ഇയാളെക്കുറിച്ച് പരാമര്‍ശമുണ്ട്. കൊല്ലം പുനലൂര്‍ സ്വദേശി. ദുബൈയില്‍ ഡ്രൈവര്‍. പക്ഷേ, ആഡംബര ജീവിതം. ദുബൈ പൊലീസിനും ലഭിച്ചു പരാതി. കിങ്ങേഴ്സും റോയല്‍സും അവരുടെ പൊതു താല്‍പ്പര്യമുള്ള ആക്രമണങ്ങളില്‍ ഒന്നിച്ചുനില്‍ക്കും. പക്ഷേ, തമ്മിലടിയുമുണ്ട്. 

ദീപ നിശാന്ത്
ദീപ നിശാന്ത്


അന്വേഷണം മുറുകിയതോടെ തുടക്കത്തില്‍ ഉണ്ടായിരുന്ന വ്യാജ ഐഡികള്‍ മിക്കതും അപ്രത്യക്ഷമാവുകയും പകരം പുതിയവ വരികയും ചെയ്തു. ഒരാള്‍ക്ക് ഒന്നിലധികം വ്യാജ ഐഡികളുണ്ട്. അതുപോലെതന്നെ വ്യാജ ഐഡികളെല്ലാം ഒരാളല്ല. ഒരേ ഐഡിയുടെ പാസ്വേഡ് പലരുടേയും കൈയിലുണ്ടാകും. പലയിടത്തു വന്നു പലവിധത്തില്‍ ഉപയോഗിക്കുകയും ചെയ്യും. സ്ത്രീകളും ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവയെന്ന് മനസ്സിലായതോടെ അവരെങ്ങനെ ഇതില്‍ച്ചെന്നു പെട്ടു എന്ന അന്വേഷണവും ഉണ്ടായി. പല സ്ത്രീകളും ബ്ലാക്മെയിലിങ്ങില്‍ കുടുങ്ങി ഇവരുടെ ഭാഗമായതാണ്. ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ ഊരിപ്പോരാന്‍ കഴിയാത്തവിധം അടിമകളാക്കപ്പെടുന്നു. അതിന് സമൂഹമാധ്യമങ്ങളിലൂടെയുള്ള കടന്നാക്രമണം മുതല്‍ സ്വകാര്യ ജീവിതത്തിലെ ദൗര്‍ബ്ബല്യങ്ങള്‍ വരെ ഉപയോഗിക്കുന്നു. പുറത്തുപോയവരുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി പ്രദര്‍ശിപ്പിച്ച് തിരിച്ചെത്തിച്ച സംഭവങ്ങളേറെ. 

നിഷ ജോസ്
നിഷ ജോസ്


പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെയാണ് ഇവയെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകളും പൊലീസിനു ലഭിച്ചു, ബ്ലാക്മെയിലിങ്ങിന്റെ രീതികളുള്‍പ്പെടെ. യഥാര്‍ത്ഥ ഐഡിയില്‍ വന്നു മാന്യമായ പെരുമാറ്റത്തിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്. വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാവുന്ന സുഹൃത്ത്. ഒപ്പംതന്നെ സ്വന്തം വ്യാജ ഐഡിയിലൂടെ ഇതേ സ്ത്രീകള്‍ക്ക് ഇതേ ആളുകള്‍ തന്നെ മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നു. ഈ സന്ദേശങ്ങളെക്കുറിച്ച് സ്ത്രീകള്‍ 'വിശ്വസ്ത സുഹൃത്തിനോട്' പറയുന്നതോടെയാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. അതൊക്കെ കൈകാര്യം ചെയ്തു പരിഹരിക്കാന്‍ നമുക്ക് ആളുകളുണ്ടെന്നു വാഗ്ദാനം നല്‍കി വിശ്വാസം ഉറപ്പിക്കുന്നു. പിന്നീട് സ്വന്തം വ്യാജ ഐഡിയുടെ പാസ്വേഡ് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ സ്ത്രീ സുഹൃത്തിനു കൈമാറി വിശ്വാസത്തിനു കരുത്തുകൂട്ടുന്നു. അവരെ ഹാക്ക് ചെയ്തുകഴിഞ്ഞെന്നും ഇനി അവരില്‍നിന്നു ശല്യമുണ്ടാകില്ലെന്നും വിശ്വസിച്ചുകഴിഞ്ഞ സ്ത്രീസുഹൃത്ത് അതിന്റെ ആശ്വാസത്തിലായിരിക്കും. എന്നാല്‍, ആ ആശ്വാസത്തിനുമേല്‍ ഇടിത്തീയായി 'വിശ്വസ്ത സുഹൃത്തിന്റെ' ഭാഗത്തുനിന്നു ചില ആവശ്യങ്ങള്‍ ഉയരും. ഒന്നുകില്‍ അത് ഹാക്ക് ചെയ്യാന്‍ സഹായിച്ചവര്‍ക്കുള്ള ഫീസ് എന്ന പേരില്‍ പണമായി ആയിരിക്കാം; പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ. അതല്ലെങ്കില്‍ ലൈംഗിക സഹകരണമായിരിക്കാം; നിഷേധിച്ചാല്‍ ബുദ്ധിമുട്ടിക്കും എന്ന ഭീഷണിയോടെ. നല്ല സാമ്പത്തിക സ്ഥിതിയുള്ളവരെ കൃത്യമായി തെരഞ്ഞുപിടിക്കുന്നതിലെ സാമര്‍ത്ഥ്യം വിജയിക്കുകയാണ് പതിവ്. ഇവര്‍ക്ക് പണം ലഭിക്കുന്നു. എന്നാല്‍, മാനം വില്‍ക്കാന്‍ സ്ത്രീ തയ്യാറാകാത്തതോടെ ആക്രമണമുണ്ടാകുന്നു. സമീപകാലത്ത് ശ്രദ്ധേയമായ സൈബര്‍ ഗുണ്ടാവിരുദ്ധ പോരാട്ടങ്ങള്‍ നടത്തിയ സ്ത്രീകളിലാരും ഈ കൂട്ടത്തിലുള്ളവരല്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍, താരങ്ങള്‍ക്കെതിരായ വിമര്‍ശനം ഇതൊക്കെയാണ് ഇവരെ ഇരകളാക്കാനുള്ള കാരണം. എന്നാല്‍, ഇവരില്‍ പലരും സൈബര്‍ ഗുണ്ടാസംഘങ്ങളുടെ വേരുകള്‍ അന്വേഷിച്ചുപോയി പൊലീസിനുപോലും വഴികാട്ടികളായി മാറി. ജീവിതം തകര്‍ന്ന് ആത്മഹത്യയുടെ വക്കില്‍നിന്ന ചില വീട്ടമ്മമാരെ ഈ മിടുക്കികള്‍ രക്ഷിക്കുകയും ചെയ്തു. അനു സോമരാജന്‍ അവരിലൊരാളാണ്

പക്ഷേ, അതിന് അവര്‍ വലിയ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്. തെറിക്കമന്റുകള്‍ മുതല്‍ ബലാത്സംഗ ഭീഷണി വരെയായിരുന്നു ഇതുവരെയെങ്കില്‍ ഇപ്പോള്‍ കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടികളുടെ വരെ ചിത്രങ്ങള്‍ നഗ്‌നചിത്രങ്ങളാക്കി രൂപം മാറ്റിയും അല്ലാതേയും പ്രചരിപ്പിക്കുന്നു. 
ഗുണ്ടാസംഘങ്ങള്‍ വെട്ടുകിളികളെപ്പോലെയാണ്. കൂട്ടമായി എത്തി തെറിയഭിഷേകവും അതിനുമപ്പുറത്തെ വര്‍ത്തമാനങ്ങളും തുടങ്ങും. കസബ വിവാദത്തെത്തുടര്‍ന്ന് നടി പാര്‍വ്വതിയെ ദാക്ഷിണ്യമില്ലാതെ ആക്രമിച്ചവര്‍ മാത്രമല്ല, മറ്റാരും ഇപ്പോള്‍ അവരുടെ ഫേസ്ബുക്ക് ചുമരില്‍ വന്നു ചീത്ത വാക്കുകള്‍ പറയാന്‍ തയ്യാറാകുന്നില്ല. ദീപാ നിശാന്തിന്റെ പോസ്റ്റുകള്‍ക്കു വരുന്ന കമന്റുകളും ഒന്നു മയപ്പെട്ടു. പേടി തന്നെ കാരണം. പക്ഷേ, പേടി എല്ലാവര്‍ക്കും കിട്ടിയിട്ടുമില്ല.

അപര്‍ണയും അനുവും പൊരുതുകയാണ് 
ഹനാന്റെ സംഭവത്തിലെപ്പോലെ ഓരോ സംഭവത്തിലും മുഖ്യമന്ത്രിയുടെ ഇടപെടലും നിര്‍ദ്ദേശവും ഉണ്ടായാലേ പൊലീസ് നടപടിയെടുക്കൂ എന്നത് നടക്കുന്ന കാര്യമല്ലെന്ന് അപര്‍ണ പ്രശാന്തി. ''ഞങ്ങളൊക്കെ പരാതി കൊടുത്തിട്ട് പിന്നാലെ നടക്കുകയാണ്. അപ്പോഴാണ് ആലപ്പുഴയിലെ സി.ഐ തന്നെ പ്രതിക്കുവേണ്ടി സംസാരിക്കുന്നത്. പരാതിക്കാര്‍ പിന്നാലെ കൂടാതെ ഒന്നുമുണ്ടാകില്ല എന്നതാണ് അനുഭവം. ഓരോ സ്റ്റേഷനിലും ഒരുപാട് കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകേണ്ട തിരക്കുകളുണ്ടാകും. പെട്ടെന്നുണ്ടാകുന്ന കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളുള്‍പ്പെടെ. അതു നമുക്കു മനസ്സിലാക്കാം. സൈബര്‍ കേസുകളുടെ സാങ്കേതികത വളരെ ബുദ്ധിമുട്ടുമാണ്. കൃത്യമായി ഉത്തരവാദികളെ കണ്ടെത്താന്‍ കുറേ നടപടിക്രമങ്ങളുണ്ട്. ഇതു രണ്ടുംകൂടിയാകുമ്പോള്‍ ഈ കേസുകളില്‍നിന്നു ശ്രദ്ധ പോകും. അത് തിരിച്ചുകൊണ്ടുവരണമെങ്കില്‍ പിന്നാലെ പോവുകതന്നെ വേണം'' -അവര്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അപര്‍ണ കൊടുത്തത് രണ്ട് പരാതികളാണ്. ആദ്യത്തേത് അല്ലു അര്‍ജുന്റെ സിനിമയെ വിമര്‍ശിച്ചതിലെ പ്രതിഷേധം എന്ന പേരിലുണ്ടായ ആക്രമണം. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി കൊടുക്കുകയും സൈബര്‍ പൊലീസ് സ്റ്റേഷനിലേക്കും ഹൈടെക് സെല്ലിലേക്കും ഇ-മെയില്‍ അയയ്ക്കുകയും ചെയ്തു. അതില്‍ കേസെടുത്ത് രണ്ടാമത്തെ അറസ്റ്റുണ്ടായപ്പോള്‍ ആ പരാതിയുടെ പേരില്‍ രൂക്ഷമായ ആക്രമണമുണ്ടായി. അപ്പോഴാണ് കിങ്ങേഴ്സ്, റോയല്‍സ് എന്നീ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നത്. ഷബീര്‍ അലി എന്ന ഈ പ്രതി ഏഴോ എട്ടോ ഐഡിയുള്ള 18 വയസ്സുകാരനായിരുന്നു.  പരാതിക്കൊപ്പം കൊടുത്ത യു.ആര്‍.എല്‍ വച്ച് കൃത്യമായി പിടിക്കുകയായിരുന്നു. വകുപ്പുകള്‍ ജാമ്യം ലഭിക്കാത്തവയായിരുന്നു. അയാള്‍ റിമാന്‍ഡിലായി. അതിന്റെ പേരിലായിരുന്നു തെറിവിളി. 

''തെറിവിളിക്കാന്‍ ക്വട്ടേഷന്‍ എടുത്തവരാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും വേണ്ടിയൊക്കെ തെറിവിളിക്കുന്നത് ഒരേ ഫെയ്സ്ബുക് ഐഡികളില്‍നിന്നുതന്നെയാണ്. ഓരോ അറസ്റ്റുണ്ടാകുമ്പോഴും ഒന്നുകില്‍ ഇവര്‍ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കും, അല്ലെങ്കില്‍ പോസ്റ്റിടാന്‍ പറ്റാതാക്കും. അങ്ങനെയുണ്ടായപ്പോള്‍ ഒരുപാടാളുകള്‍ എനിക്കുവേണ്ടി പോസ്റ്റ് ചെയ്തു. തെറിവിളി കണ്ട് സഹിക്കാത്ത ആളുകളുടെ പ്രതികരണമായിരുന്നു അത്. അപ്പോഴാണ് ഈ സംഘം ഏറ്റെടുത്തത്. ഷബീറിനെ ജാമ്യത്തില്‍ ഇറക്കണം എന്ന് അലവലാതി ഷാജി എന്ന ഐഡിയില്‍നിന്നു പോസ്റ്റിട്ടു. ആദ്യത്തെ കൂട്ടര്‍ വിളിച്ചതിനേക്കാള്‍ ഇരട്ടിത്തെറികള്‍ രണ്ടാമതു വന്നവര്‍ വിളിച്ചു. അവര്‍ക്കെതിരായും പരാതി കൊടുത്തു. രണ്ട് അന്വേഷണങ്ങളും നടക്കുകയാണ്.'' രണ്ടിലും കൂടിയാണ് അഞ്ച് അറസ്റ്റുണ്ടായത്. വ്യാജ സ്‌ക്രീന്‍ഷോട്ട് അപര്‍ണ ഉണ്ടാക്കുന്നു എന്നാണ് ഇപ്പോള്‍ ഈ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. അപര്‍ണതന്നെ സ്വന്തം പ്രൊഫൈലിനു താഴെ ഇയാളുടെ ഫോട്ടോയൊക്കെ വച്ച് ഐഡിയുണ്ടാക്കി അതില്‍നിന്ന് അപര്‍ണതന്നെ അപര്‍ണയെ തെറിവിളിച്ചിട്ട് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പൊലീസിനു കൊടുത്ത് സിദ്ദീഖിനെ അറസ്റ്റ് ചെയ്യിപ്പിച്ചു എന്ന്. അതുകൊണ്ട്, നിരപരാധിയായ സിദ്ദീഖ് ആത്മഹത്യ ചെയ്താല്‍ നിങ്ങളെന്തു ചെയ്യും എന്ന മട്ടിലുള്ള ചോദ്യങ്ങളും ചോദിക്കുന്നു. ഏതായാലും തെറിവിളി പൂര്‍ണ്ണമായി നിന്നു. 

ഷാനി പ്രഭാകരന്‍
ഷാനി പ്രഭാകരന്‍

എന്തിനാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്നു ചോദിക്കുന്ന രീതി പൊലീസില്‍ നിന്നുതന്നെയുണ്ട്. ഇതു പലവിധത്തില്‍ ദീപാ നിശാന്തും അനു സോമരാജനും ശ്രീജ നെയ്യാറ്റിന്‍കരയുമൊക്കെ അഭിമുഖീകരിച്ച ചോദ്യമാണ്. ഡി.ജി.പിയെ കണ്ട് പരാതി കൊടുക്കുമ്പോള്‍ അദ്ദേഹം വളരെ പോസിറ്റീവായി പ്രതികരിച്ചതിന്റെ പിന്നാലെയായിരിക്കും ഹൈടെക് സെല്ലില്‍ പോകുമ്പോള്‍ സൈബര്‍ മേഖലയിലെ കേസുകള്‍ മാത്രം അന്വേഷിക്കേണ്ടവരായിട്ടും അവര്‍ നിസ്സാരമായി കാണുന്നത്. മാട്രിമോണിയല്‍ വെബ്സൈറ്റില്‍ കൊടുത്ത ചിത്രം വരെ ദുരുപയോഗം ചെയ്ത സംഭവമുണ്ട്. ആ പെണ്‍കുട്ടി കയറിയിറങ്ങിയിട്ടും കേസെടുക്കാന്‍ വളരെ ബുദ്ധിമുട്ടി. പ്രചരിച്ചത് പ്രചരിച്ചില്ലേ എന്ന രീതിയിലാണ് പ്രതികരണം. നിരുല്‍സാഹപ്പെടുത്തുന്ന ഈ അനുഭവം പലര്‍ക്കുമുണ്ട്. പിന്നെ തിരിച്ച് കള്ളപ്പരാതി കൊടുത്ത് പരാതിക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയുമുണ്ട്. കൊച്ചിയിലെ വീട്ടമ്മയുടെ അനുഭവം മികച്ച ഉദാഹരണമാണ്. ഒരു മാസത്തോളം ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടി കരഞ്ഞ് വീട്ടിലിരുന്ന അവര്‍ക്ക് അനു സോമരാജന്റേയും അപര്‍ണയുടേയും ഇടപെടലുകള്‍ നല്ല ധൈര്യമാണ് നല്‍കിയത്. അവരിപ്പോള്‍ പേടി കളഞ്ഞ് സജീവമായി. അനോണിമസ് കേരള സൈബര്‍ ഹാക്കേഴ്സ് എന്ന സംഘത്തിന്റെ ബ്ലാക്മെയിലിങ്ങില്‍ എറണാകുളത്തെ വീട്ടമ്മ കുതന്ത്രത്തില്‍ കുരുങ്ങിപ്പോയതാണ്. തെറിവിളിച്ചിട്ട് അനങ്ങുന്നില്ലെങ്കില്‍ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്യുന്നതാണ് രണ്ടാമത്ത രീതി. പിന്നെ നേരിട്ടുതന്നെ ഭീഷണി.

അനു സോമരാജന്‍
അനു സോമരാജന്‍

നടി പാര്‍വ്വതിക്കതിരായ സൈബര്‍ ആക്രമണങ്ങളില്‍ പാര്‍വ്വതിക്ക് അനുകൂലമായി ശക്തമായി ഇടപെട്ടവരിലൊരാളാണ് അനു. അതിന്റെ പേരില്‍ പിന്നീട് സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ നോട്ടപ്പുള്ളിയായി. തെറിവിളികളുടെ പരമ്പരയാണ് നേരിടേണ്ടിവന്നത്. അപര്‍ണ പ്രശാന്തി, നിഷാ ജോസ്, അനിത തിലകന്‍ എന്നിവരുമായി ചേര്‍ന്നു സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ദുബായ് പൊലീസിനും പരാതി കൊടുത്തത് അനുവാണ്. ഇപ്പോഴും നേരിടുന്നത് തെറിവിളികളും ഭീഷണിയും. 

ഹനാന്‍ ഹന്ന
ഹനാന്‍ ഹന്ന

ചിലരില്‍നിന്നുള്ള ആക്രമണം താല്‍ക്കാലികമായി നിലച്ചപ്പോള്‍ അത് ചൂണ്ടിക്കാട്ടി എല്ലാം നിന്നുവെന്ന് വരുത്താനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍, അപ്പോഴും ചാക്കോച്ചന്‍, യാക്കൂബ് എന്നീ അക്കൗണ്ടുകളില്‍നിന്നു വരുന്ന വൃത്തികെട്ട വര്‍ത്തമാനങ്ങളുടെ വിവരങ്ങള്‍ പൊലീസിനു കൊടുത്തിരുന്നു. ''എബി മാത്യു പറയുന്ന വൃത്തികേടുകളുടെ ഡബിള്‍ സ്ട്രോങ്ങായ വൃത്തികേടുകള്‍. കേട്ടാല്‍ സഹിക്കില്ല. പരാതി പോകുമ്പോള്‍ ഡിലിറ്റ് ചെയ്ത് രക്ഷപ്പെടുന്ന രീതിയുള്ളതുകൊണ്ട് ആണാണെങ്കില്‍ ഈ കമന്റുകളെങ്കിലും ഡിലീറ്റ് ചെയ്യാതെ നിലനിര്‍ത്താന്‍ അവരെ വെല്ലുവിളിച്ചു. അതുകൊണ്ട് ആ കമന്റുകള്‍ ഇപ്പോഴുമുണ്ട്. എന്നിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുന്നു.'' അനു സോമരാജന്‍ പറയുന്നു. ജീവനുപോലും ഭീഷണി നേരിടുന്നത് അവഗണിച്ചാണ് അനുവിന്റേയും മറ്റും പോരാട്ടം.

സൈബര്‍ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ കൊടുക്കുന്നുണ്ടെങ്കിലും എല്ലാ പരാതികളിലും കേസെടുത്ത് കാണുന്നില്ലെന്നു സൈബര്‍ കുറ്റകൃത്യ അന്വേഷക ധന്യ മേനോന്‍. ഒരേ സ്വഭാവത്തിലുള്ള പരാതികളാണെങ്കിലും കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് സ്വീകരിക്കുന്ന സമീപനത്തില്‍ വ്യത്യാസമുണ്ട്. താഴേത്തട്ടിലുള്ള ഈ വിവേചനത്തിനെതിരെ മുകളില്‍ പരാതി കൊടുത്തിട്ടും ഫലമില്ലാത്ത സ്ഥിതി. ഇരകളെക്കൊണ്ടുതന്നെ ഇങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുപ്പിച്ചിട്ടുണ്ടെന്ന് ഇവര്‍. എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീയും ഒരിക്കലെങ്കിലും ഈ ആക്രമണം അഭിമുഖീകരിക്കാതിരിക്കുന്നില്ല. പൊതുരംഗത്തിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മാത്രമായിരുന്നു മുന്‍പൊക്കെ

ആക്രമണങ്ങളെങ്കില്‍ ഇപ്പോള്‍ അത് ആര്‍ക്കെതിരേയും എപ്പോഴും ഉണ്ടാകാം എന്നായിരിക്കുന്നു. ചിലര്‍ പരാതി കൊടുക്കുന്നു, ചിലര്‍ പ്രതികരിക്കുന്നേയില്ല. പ്രതികരിക്കുന്നവരുടെ പരാതികളോടാണ് പൊലീസിന്റെ ഈ ഇരട്ട സമീപനം. ''നിഷാ ജോസിന്റെ കേസില്‍ ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശമുണ്ടായിട്ടും സ്ഥിതിക്ക് മാറ്റമില്ല. കോടതി ജാമ്യം നിഷേധിച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. അയാളെ കിട്ടുന്നില്ല എന്നാണ് പറയുന്നത്. നിയമവ്യവസ്ഥയെ പൊലീസ് ഇത്തരം സംഭവങ്ങളില്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല. നിയമം പരിരക്ഷയ്ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്'' ധന്യ മേനോന്‍ പറയുന്നു.

ശ്രീജയും നിഷയും നീതി തേടുന്നു 
ശ്രീജ നെയ്യാറ്റിന്‍കര ആറ് പരാതികള്‍ കൊടുത്തു. കേസെടുത്തത് രണ്ടെണ്ണത്തില്‍ മാത്രം. കുറേ പിന്നാലെ നടന്ന ശേഷം, ഇനി നടന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കിയ പരാതികളാണ് ബാക്കി നാലെണ്ണം. ഏറ്റവും ഒടുവിലുണ്ടായത് വലിയ ആക്രമണമാണ്. കുമ്മനം രാജശേഖരന്‍ സുഗതകുമാരിയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് ജന്മഭൂമിയില്‍ വന്ന വാര്‍ത്തയ്ക്കൊപ്പം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അതിനെതിരെ നിഥിന്‍ പാനൂര്‍ എന്നയാളുടെ ഐഡിയില്‍ നിന്നാണ് അറയ്ക്കുന്ന തെറിവാക്കുകളും വ്യക്തിപരമായി അധിക്ഷേപിക്കുന്ന കള്ളക്കഥകളും ഉള്‍പ്പെട്ട കമന്റ് വന്നത്. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് എന്നാണ് പ്രൊഫൈലില്‍നിന്നു മനസ്സിലായത്. രണ്ടു ദിവസം കഴിഞ്ഞും അത് അവിടെത്തന്നെ ഉണ്ടെന്നു കണ്ടതോടെ അതെടുത്ത് പോസ്റ്റാക്കി ഇട്ട് ചര്‍ച്ചയാക്കി. അതിനേത്തുടര്‍ന്ന് ആ ഒരൊറ്റ ഐഡിയില്‍നിന്നു തനിക്കു നേരെ ഉണ്ടായത് കേരളത്തില്‍ ഒരു സ്ത്രീയും നേരിട്ടിട്ടില്ലാത്ത വിധമുള്ള ആക്രമണമാണെന്ന് ശ്രീജ പറയുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഇ-മെയില്‍ പരാതി നല്‍കി. പിന്നീട് സ്റ്റേഷനില്‍ നേരിട്ടു പോയും അതിന്റെ പകര്‍പ്പ് നല്‍കി.

ശ്രീജ നെയ്യാറ്റിന്‍കര
ശ്രീജ നെയ്യാറ്റിന്‍കര

ഇതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കമന്റ് അപ്രത്യക്ഷമായി, ഐഡിയും ഡീ ആക്റ്റിവേറ്റ് ചെയ്തു. ഐഡി വ്യാജമായിരുന്നില്ലെന്നും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുള്ള പ്രൊഫൈല്‍ ചിത്രമാണ് ഇട്ടിരുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെ ഫേസ്ബുക്ക് ഇന്‍ബോക്‌സില്‍ നിഥിന്‍ പാനൂരിന്റെ സന്ദേശം വന്നു. താനല്ല ആ ഐഡി ഉപയോഗിക്കുന്നതെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ഐഡി സംഘപരിവാര്‍ ഹാക്ക് ചെയ്തിരുന്നുവെന്നുമാണ് പറഞ്ഞത്. അത് തെളിയിക്കേണ്ടത് താങ്കളാണെന്നു മറുപടിയും കൊടുത്തു. പിന്നീട് ഫോണില്‍ വിളിച്ചും നിരപരാധിയാണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ വിളിപ്പിച്ചെങ്കിലും അറസ്റ്റുണ്ടായില്ല. ഇതിനിടെ കോടിയേരി ബാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊക്കെ ശ്രീജ പരാതി കൊടുത്തു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുന്‍പുതന്നെ നിഥിന്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി തന്റെ ഐഡി ഹാക്ക് ചെയ്യപ്പെട്ടതാണെന്നു മൊഴി നല്‍കിയിട്ട് പോയി. ഇനി ബാക്കി വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നാണ് കിട്ടേണ്ടത്. സ്വാഭാവികമായും കുറച്ചു സമയംകൂടി വേണമെന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി പറഞ്ഞു. ഈ സമയത്തിനുശേഷവും പൊലീസിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ സമരം ചെയ്യുമെന്നും അറസ്റ്റു ചെയ്താല്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകുമെന്നും ശ്രീജ. ''യഥാര്‍ത്ഥ നിഥിന്‍ പാനൂരല്ല ഇതിനു പിന്നിലെങ്കില്‍ അയാള്‍ തെളിയിക്കട്ടെ. അയാളുടെ ഐഡിയല്ല എന്നതിനു തെളിവൊന്നും ഇല്ലാത്തിടത്തോളം അയാള്‍തന്നെയാണ് അതില്‍നിന്നുണ്ടാകുന്ന ഏത് കാര്യത്തിനും ഉത്തരവാദി. നിരപരാധിയാണെങ്കിലോ എന്നാണ് പൊലീസ് പറഞ്ഞത്. പലതരം ഇടപെടലുകള്‍ അയാള്‍ക്കുവേണ്ടി നടക്കുന്നതായാണ് മനസ്സിലാകുന്നത്'' എന്ന് ശ്രീജ പറയുന്നു. 

വി. മുരളീധരന്‍ തനിക്കെതിരേ വാര്‍ത്താസമ്മേളനം നടത്തി ഒരു സൈബര്‍ കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന ശ്രീജയുടെ ആരോപണവും നിലനില്‍ക്കുന്നു. ആ കേസ് കോടതിയിലാണ്. കരുനാഗപ്പള്ളി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്വന്തം ഐഡിയില്‍നിന്നു നടത്തിയ ബലാല്‍സംഗ ഭീഷണിക്കെതിരേയാണ് കേസ്. ആരോപണ വിധേയനേയും ഭാര്യയേയും ഒപ്പമിരുത്തി വി. മുരളീധരന്‍ തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി. തീവ്രവാദ ഭീഷണി എന്നായിരുന്നു ആരോപണം. 

കേരളത്തിലെ മുസ്ലിം സ്ത്രീകളെ മുഴുവന്‍ ബലാത്സംഗം ചെയ്യണം എന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രാധാകൃഷ്ണപിള്ളയ്ക്കെതിരേ ശ്രീജ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതേ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിനയും പരാതി നല്‍കി. അയാള്‍ സ്വന്തം അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തുപോയതുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് ശ്രീജയ്ക്ക് സൈബര്‍ പൊലീസ് സ്റ്റേഷനില്‍നിന്നു കിട്ടിയ മറുപടി. ഗുരുതരമായ ഒരു ആഹ്വാനം സാമൂഹമാധ്യമത്തിലൂടെ നടത്തിയ അയാളെ നിയമപരമായി നേരിടുക എന്ന വലിയ ഉത്തരവാദിത്വത്തില്‍ നിന്നാണ് പൊലീസ് തലയൂരിയത്. സംസ്ഥാന വനിതാ കമ്മിഷനില്‍നിന്നും നല്ല പ്രതികരണമല്ല ഉണ്ടാകുന്നത്. ശ്രീജയുടെ വിഷയത്തില്‍ സി.എസ്. ചന്ദ്രിക, കെ.കെ. ഷാഹിന, വിധു വിന്‍സെന്റ്, രേഖാ രാജ്, സോണിയ ജോര്‍ജ്ജ് എന്നിവര്‍ ഒന്നിച്ച് കമ്മിഷനു പരാതി കൊടുത്തു. നടപടി ആവശ്യപ്പെട്ട് ഐ.ജിക്ക് കൈമാറി എന്ന് അറിയിച്ച് കൈയുംകെട്ടി ഇരിക്കുകയാണ് കമ്മിഷന്‍. രൂപേഷ് കുമാറില്‍നിന്ന് ഉണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു പെണ്‍കുട്ടി രംഗത്തുവന്നപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ട് അടുത്ത പോസ്റ്റ് ഇടുകയാണ് അയാള്‍ ചെയ്തത്. ആ പോസ്റ്റ് വച്ച് മാത്രം കേസെടുക്കാവുന്നത്ര ഗുരുതരമാണ് അത്. പക്ഷേ, കമ്മിഷന്‍ നിശ്ശബ്ദമാണ്. 

അഞ്ചു പേര്‍ക്കെതിരെയാണ് നിഷ ജോസ് പരാതി കൊടുത്തത്. ഇവരില്‍ മൂന്നു പേര്‍ രണ്ടു വര്‍ഷമായി സ്ഥിരമായി ആക്രമിക്കുന്നവരാണ്. അതിനു പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്ന് നിഷ പറയുന്നു. അവരെക്കൂടാതെ മറ്റു പലരും സമൂഹമാധ്യമങ്ങളിലൂടെ പലതും പറഞ്ഞ് അപമാനിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും കുറേയൊക്കെ അവഗണിച്ചു. വളരെ മോശം പരാമര്‍ശങ്ങള്‍ 2013-ല്‍ വന്നശേഷം കാര്യമായ ആക്രമണം ഉണ്ടായിരുന്നില്ല. നിഷാ ജോസിന്റെ സാമൂഹിക പ്രവര്‍ത്തനം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്നും മാണി മരുമകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പോവുകയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങളേ വന്നുള്ളു. പക്ഷേ, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ഫോട്ടോ ഉള്‍പ്പെടെ വച്ചു പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് ഞെട്ടിയത്. അതുകൊണ്ട് ജില്ലാ പൊലീസ് മേധാവിക്കും പാലാ സി.ഐയ്ക്കും പരാതി കൊടുത്തു. പലരും വിചാരിക്കുന്നത് രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരിലാണ് എന്റെ പരാതി എന്നാണ്. ഞാന്‍ അത്രയ്ക്ക് സില്ലിയല്ല. വളരെ മോശമായി പറഞ്ഞ അഞ്ചു പേരുടെ ഏറ്റവും മോശം പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും യു.ആര്‍.എല്‍ ലിങ്കും ഉള്‍പ്പെടെയാണ് പരാതി കൊടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. പാലാ സി.ഐയും സൈബര്‍ പൊലീസും ചേര്‍ന്നാണ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുന്നു. ''ആ സമയത്ത് എന്റെയടുത്ത് ഒരു സ്ത്രീ കൗണ്‍സലിംഗിനു വന്നിരുന്നു. ആരോ ഫേസ്ബുക്കില്‍ മോശമായി അവരെക്കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഭര്‍ത്താവ് അവരെ തല്ലുന്നു. അല്ലെങ്കില്‍ത്തന്നെ മദ്യപനായിരുന്നു. ഇതുകൂടി വിശ്വസിച്ചതോടെ മര്‍ദ്ദനം കൂടി. നിങ്ങള്‍ക്കൊക്കെ രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് പറയാനും നടപടിയെടുപ്പിക്കാനും എളുപ്പമാണല്ലോ എന്ന് അവര്‍ എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ സ്വാധീനംകൊണ്ടൊന്നും ഇതില്‍ യാതൊരു കാര്യവുമില്ല. പരാതി നല്‍കുന്ന സ്ത്രീ ധൈര്യമായി നില്‍ക്കുകയാണ് വേണ്ടത്. പരാതിയുമായി പോകുന്നവരെ സമൂഹവും വഴക്കിനു പോകുന്നയാളായും മറ്റും കാണും. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഇടപെടല്‍ നടത്തുന്നത്'' എന്ന് നിഷ. 

പരാതി കൊടുത്തിട്ട് പിന്നൊന്നും ചെയ്തില്ലെങ്കിലും കാര്യമായാണ് കേസിനെ കാണുന്നതെന്നു മനസ്സിലായതോടെ പോസ്റ്റുകളും കമന്റുകളും ഇട്ടവരൊക്കെ ഡിലീറ്റ് ചെയ്തു. അതിനിടയിലാണ് മജീഷ് കെ. മാത്യു ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തത്. കമന്റ് ലൈക്ക് ചെയ്തിട്ടേയുള്ളു എന്നായിരുന്നു അയാളുടെ വിശദീകരണം. പക്ഷേ, വനിതാ ജഡ്ജി ഈ വിഷയം നന്നായി പഠിച്ചു. വെറും ലൈക്കല്ലെന്നും അയാളുടെ അക്കൗണ്ടില്‍ക്കൂടിയും മോശം പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെന്നു കോടതിക്ക് മനസ്സിലായി. ജാമ്യം കൊടുത്തില്ല. അതുകഴിഞ്ഞും ഫേസ്ബുക്കില്‍ മോശമായി പോസ്റ്റിട്ടു. എന്നിട്ടാണ് ഹൈക്കോടതിയില്‍ പോയത്. കോടതിവിധിയെ അപമാനിക്കുന്ന പോസ്റ്റായിരുന്നു അത്. മാത്രമല്ല, ജയ് സൈബര്‍ വിംഗ് എന്നും അതില്‍ പറഞ്ഞിരുന്നു. പൊലീസിനു വേണമെങ്കില്‍ അപ്പോഴും അറസ്റ്റ് ചെയ്യാമായിരുന്നു. അയാളെ കിട്ടുന്നില്ല എന്നാണ് പറഞ്ഞത്. ആസൂത്രിതമായി ഒരു സൈബര്‍ സംഘം അയാള്‍ക്കൊപ്പം ഉണ്ടെന്ന സൂചനകള്‍ വ്യക്തമായിരുന്നു. ഹൈക്കോടതിക്ക് അതു മനസ്സിലായതുകൊണ്ട് ജാമ്യം അനുവദിച്ചില്ല. മറ്റു പ്രതികളില്‍ ഒരാളുടേത് വ്യാജ അക്കൗണ്ടും മറ്റെയാള്‍ വിദേശത്ത് കഴിയുന്നയാളുമാണ്. നാട്ടിലുള്ളയാളെ അറസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല, പിന്നല്ലേ വിദേശത്തുള്ളയാളുടെ കാര്യം. മറ്റൊരു പ്രതി അന്‍സാര്‍ മറ്റു രണ്ടു കേസുകളിലും പ്രതിയാണ്. പക്ഷേ, പൊലീസ് പിടിച്ചാല്‍ സ്വയം ശരീരത്തില്‍ മുറിവുകളുണ്ടാക്കുമത്രേ. അതുകൊണ്ട് പൊലീസിന് അയാളെ പിടിക്കാന്‍ പേടിയാണെന്നു പറയുന്നു. അടുത്തയാള്‍ ഒറ്റപ്പാലം സ്വദേശി. പൊലീസ് അയാളെ പിടിക്കാന്‍ പോയ ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. സംസ്ഥാന വനിതാ കമ്മിഷനും നിഷാ ജോസ് പരാതി കൊടുത്തിരുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ കമ്മിഷന്‍ ഓഫീസില്‍ പോയി. കണ്ണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കമ്മിഷന്‍ അധ്യക്ഷ സ്ഥലത്തില്ലായിരുന്നുവെന്ന് പറഞ്ഞു. പിറ്റേന്ന് അവര്‍ പരാതി പൊലീസിനു കൈമാറി. പിന്നെന്തായെന്ന് അറിയില്ല. കേന്ദ്ര വനിതാ കമ്മിഷന്‍ കേരളത്തില്‍ വന്നപ്പോള്‍ അവരെ ഫോണില്‍ വിളിച്ചു. നേരില്‍ കാണാന്‍ പറ്റിയില്ല. ഇ-മെയില്‍ മുഖേന പരാതി കൊടുത്തു. കാത്തിരിക്കുന്നു.

ദീപ നിശാന്തും പ്രതിയാകുമായിരുന്നു
ദീപ നിശാന്തിനെതിരായ സമൂഹമാധ്യമ ആക്രമണങ്ങളോട് അവര്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലം പൊലീസിനു കേസുകള്‍ എടുക്കേണ്ടിവന്നു. അറസ്റ്റുകളുമുണ്ടായി. സംഘ്പരിവാറിന്റെ കേരളത്തിലെ ഐ.ടി സെല്ലിലെ പ്രധാനികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ അവര്‍ ഇറങ്ങിയെങ്കിലും എന്തു ചെയ്തുകൂട്ടിയാലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്ന ധൈര്യത്തിനേറ്റ തിരിച്ചടിയായിരുന്നു അത്. പകവീട്ടാന്‍ തിരിച്ച് ദീപ നിശാന്തിനെതിരെ കള്ളക്കേസുകള്‍ കൊടുത്ത് കുടുക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ വിജയിച്ചുമില്ല. അതിന്റെ അടുത്ത ഘട്ടമായാണ് കത്വയിലെ കുരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതുമായി ബന്ധപ്പെട്ട് അവര്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ പേരില്‍ കുടുക്കാന്‍ ശ്രമമുണ്ടായത്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച അഡ്വ. നിവേദിത പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ ദീപ നിശാന്തിനെതിരെ കൊടുത്ത പരാതിയായിരുന്നു തുടക്കം. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന്  പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. യഥാര്‍ത്ഥത്തില്‍ കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതിയുടെ വിധി വരുന്നതിനു മുന്‍പായിരുന്നു ആ പോസ്റ്റ്. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച്, ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുകയോ പങ്കുവയ്ക്കുകയോ ഒക്കെ ചെയ്തിരുന്ന അതേ ദിവസങ്ങളിലായിരുന്നു ഈ പോസ്റ്റും വന്നത്. കോടതി വിലക്കിയ ശേഷമായിരുന്നില്ല. കോടതി പോലും നേരത്തെ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ചില വാര്‍ത്താ ഏജന്‍സികള്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിനു നിര്‍ദ്ദേശം നല്‍കിയത്. വ്യക്തികള്‍ക്കെതിരെ ആയിരുന്നില്ല. എന്നിട്ടും നിവേദിതയുടെ പരാതിയില്‍ ദീപ നിശാന്തിനെതിരെ കേസെടുക്കാന്‍ പൊലീസില്‍നിന്നു ശ്രമമുണ്ടായി. ഡി.സി.പി തലത്തില്‍ത്തന്നെ അതിനു സമ്മര്‍ദ്ദമുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചതോടെ പൊലീസിലെ ചിലരുടെ ഇരട്ട ലക്ഷ്യത്തെക്കുറിച്ച് മനസ്സിലായ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായി ഇടപെട്ട് വിലക്കുകയായിരുന്നു. ഒരേ സമയം കേസെടുത്ത് ദീപ നിശാന്തിനെ ബുദ്ധിമുട്ടിക്കുകയും ഈ വിഷയത്തില്‍ കേസെടുത്തതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പൊതുസമൂഹത്തിന്റെ എതിര്‍പ്പുണ്ടാക്കുകയുമായിരുന്നു ഉന്നം. 

സ്റ്റേഷന്‍ ജാമ്യത്തില്‍ പ്രതികള്‍ ഇറങ്ങുമ്പോഴും പരാതി നല്‍കിയതിന്റെ പേരില്‍ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടെന്ന് ദീപ നിശാന്ത് ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് അറിയില്ല എന്നതാണ്. ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുകയാണ് സ്ത്രീയുടെ അടക്കവും ഒതുക്കവും എന്നു പൊലീസ് പോലും വിശ്വസിക്കുന്നു. വളരെ ഗുരുതരമായി സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം കൊടുത്ത് പറഞ്ഞയയ്ക്കുന്ന സ്ഥിതി. എന്നിട്ട് തങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍നിന്നു ലഭിച്ച മാന്യമായ പെരുമാറ്റത്തെക്കുറിച്ച് അവര്‍ പുറത്തിറങ്ങി ഇടുന്ന പോസ്റ്റ് പരാതിക്കാരി വായിക്കേണ്ടി വരുന്നു. ബിജു നായര്‍ എന്ന പ്രതി പിറ്റേന്നു പോസ്റ്റിട്ടത് സ്റ്റേഷനില്‍നിന്നു ലഭിച്ച സ്‌നേഹനിര്‍ഭരമായ പെരുമാറ്റത്തെക്കുറിച്ചാണ്. അത്രയ്ക്കൊരു ധൈര്യം കൊടുക്കുന്നു. ''പൊലീസ് മര്‍ദ്ദിക്കണമെന്നോ പീഡിപ്പിക്കണമെന്നോ അല്ല പറയുന്നത്. പക്ഷേ, ഇതിത്രേയുള്ളു എന്നും സ്ത്രീകള്‍ക്കെതിരെ എത്ര രൂക്ഷമായി പോസ്റ്റിട്ടാലും ഒന്നും സംഭവിക്കില്ല എന്നും ചിന്തിക്കാന്‍ ഇടയാകുന്നു. അതേസമയം 'ചില' കേസുകളില്‍ പൊലീസ് പെട്ടെന്നു കേസെടുക്കാനും പ്രതികളെ പിടിക്കാനും കര്‍ക്കശ വകുപ്പുകള്‍ ചുമത്താനും തയ്യാറാകുന്നുമുണ്ട്. പൊലീസിന് അത് സാധിക്കാഞ്ഞിട്ടല്ല. പരസ്പരം മോശമായ വാക്കുകള്‍കൊണ്ട് കടന്നാക്രമിക്കുന്നവരുടെ കാര്യത്തിലാണ് ഈ പ്രത്യേക താല്‍പ്പര്യം'' -ദീപ നിശാന്ത്. ''യുവമോര്‍ച്ച നേതാവ് ലസിതാ പാലയ്ക്കലിനെതിരെയും മോശം ആക്രമണം ഉണ്ടായപ്പോള്‍ ഞാന്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ മാത്രം ആക്രമണം ശരീരകേന്ദ്രീകൃതമാകുന്നത്, കിടപ്പറയിലേക്ക് ക്ഷണിക്കലാകുന്നത്? അപര്‍ണ പ്രശാന്തി അഭിമുഖീകരിക്കുന്നത് എന്നെക്കാള്‍ ഭീകരമായ അധിക്ഷേപമാണ്.

നാല് പരാതികളാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ദീപ നിശാന്ത് കൊടുത്തത്. കൂടാതെ അവര്‍ക്കുവേണ്ടി അവരറിയാതെതന്നെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ പലരായി പത്തിലധികം പരാതികള്‍ കൊടുത്തിട്ടുമുണ്ട്. അധിക്ഷേപങ്ങള്‍ കണ്ടിട്ടു കൊടുത്തതാണ്. നാല് പരാതികള്‍ നാല് പേര്‍ക്കെതിരെയല്ല, നിരവധി പ്രതികളുള്‍പ്പെടുന്ന പരാതികളാണ്. അറസ്റ്റിലായത് തീരെക്കുറച്ചു പേര്‍ മാത്രം. സൈബര്‍ കേസുകളില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടായിട്ടില്ല. അറസ്റ്റുണ്ടായ കേസുകള്‍ സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ്. പരാതി കൊടുക്കുന്ന സ്ത്രീകള്‍ തന്നെ പ്രതികളുടെ വിലാസവും വിശദാംശങ്ങളും കൊടുക്കേണ്ടിവരും. പൊലീസ് എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട് പ്രതികളുടെ വിലാസം കിട്ടിയിട്ടില്ല, ഫോണ്‍ നമ്പര്‍ കിട്ടിയിട്ടില്ല എന്നൊക്കെ. ബിജു നായരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. വിലാസവും ഫോണ്‍ നമ്പറുമൊക്കെ സംഘടിപ്പിച്ചുകൊടുക്കേണ്ടിവന്നു. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്ന സംഘപരിവാര്‍ നയം തന്നെയാണ് പൊലീസടക്കം പലപ്പോഴും പ്രയോഗിക്കുന്നതെന്ന് ദീപ നിശാന്ത് പറയുന്നത്. പ്രതികളിലെത്തന്നെ ദുര്‍ബ്ബലരായ ഏതാനും പേരെ അറസ്റ്റു ചെയ്യുകയും പ്രബലര്‍ക്ക് ഇപ്പോഴും അവരുടെ പണി തുടരാന്‍ അവസരം നല്‍കുകയുമാണ് ചെയ്യുന്നത്. താന്‍ പൊലീസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താത്ത ആളാണെന്ന് ദീപാ നിശാന്ത് പറയുന്നു. 34 വര്‍ഷം പൊലീസില്‍ ജോലി ചെയ്ത അച്ഛന്റെ മകളാണ്. ഈ ജോലിയുടെ ബുദ്ധിമുട്ടുകള്‍ അറിയുന്നയാളാണ്. അതുകൊണ്ടുതന്നെ പൊലീസെന്നു കേള്‍ക്കുമ്പോള്‍ ശത്രുതയോടെ കാണുന്നയാളല്ല. പക്ഷേ, തന്നെപ്പോലുള്ളവരെപ്പോലും എതിരാക്കി മാറ്റുകയാണ് ചിലര്‍. എല്ലാവരേയും പറയുന്നില്ല. വളരെ നല്ല രീതിയില്‍ ഈ കേസുകളില്‍ ഇടപെടുന്ന ഉദ്യോഗസ്ഥരുണ്ട് എന്ന അനുഭവം അവര്‍ മറച്ചുവയ്ക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com