കീഴാറ്റൂരില്‍ നിന്ന് പാനൂരിലേക്ക്‌

വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യവും വ്യക്തവുമാകണം കാര്യങ്ങള്‍
കീഴാറ്റൂരില്‍ നിന്ന് പാനൂരിലേക്ക്‌

കോവളം മുതല്‍ ബേക്കല്‍ വരെ കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് 610 കിലോമീറ്ററിലാണ് ആ ജലപാത. ടൂറിസമാണ് പ്രധാന ലക്ഷ്യം. ഒപ്പം പെട്രോളിയം ഉല്പന്നങ്ങള്‍ ജലമാര്‍ഗ്ഗം കൊണ്ടുപോകാമെന്നതും ചരക്ക് ഗതാഗതവും ലക്ഷ്യം വെക്കുന്നു. നിലവിലുള്ള കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത മൂന്നിനെ ദീര്‍ഘിപ്പിക്കുകയാണെന്നു തത്ത്വത്തില്‍ പറയാം. കൊല്ലത്തുനിന്ന് കോവളം വരെയും തൃശ്ശൂര്‍ കോട്ടപ്പുറത്തുനിന്ന് കാസര്‍ഗോഡ് വരെയും. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന നിലവിലുള്ള കനാലുകളുടെ വീതിയും ആഴവും കൂട്ടുന്നതിനൊപ്പം കനാലുകള്‍ ഇല്ലാത്തിടങ്ങളില്‍ കൃത്രിമ ജലപാത നിര്‍മ്മിച്ച് ബന്ധിപ്പിക്കും. 2020-ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യംവെക്കുന്ന ജലപാതയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, 2,300 കോടി രൂപ പ്രാരംഭ ഘട്ടത്തില്‍ ചെലവ് പ്രതീക്ഷിക്കുന്ന, കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആവര്‍ത്തിക്കുന്ന ജലപാതയുടെ നിര്‍മ്മാണത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിനു കുടുംബങ്ങളാണ്. ജീവിതം തന്നെ പ്രതിസന്ധിയിലാകുന്ന ഈ കുടുംബങ്ങള്‍ സമരങ്ങളും പ്രതിഷേധങ്ങളുമായി തെരുവുകളിലേക്കിറങ്ങി കഴിഞ്ഞു. 60 മീറ്റര്‍ വീതിയിലാണ് ജലപാതയും അനുബന്ധ റോഡും നിര്‍മ്മിക്കുന്നത്. ബോട്ടുജെട്ടി, ടൂറിസം വില്ലേജ്, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയ്ക്കായി കൂടുതല്‍ സ്ഥലം ആവശ്യമാണ്. ആദ്യപടിയായിത്തന്നെ 300 മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങളുമുണ്ട്. 

എന്താണ് പദ്ധതി
സംസ്ഥാന സര്‍ക്കാരും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) സംയുക്തമായി രൂപീകരിച്ച കേരള വാട്ടര്‍വെയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് പദ്ധതി ചുമതല. കമ്പനിയുടെ 49 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനും 49 ശതമാനം സിയാലിനുമാണ്. രണ്ടുശതമാനം സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കും. സിയാലിന്റെ മേധാവിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. നിലവില്‍ ഉപയോഗയോഗ്യമായതും ഉപയോഗശൂന്യവും മാലിന്യം നിറഞ്ഞതുമായ എല്ലാ കനാലുകളും വികസിപ്പിക്കും. പലയിടത്തും 10 മുതല്‍ 20 മീറ്റര്‍ വരെയാണ് കനാലുകളുടെ വീതി. തിരുവനന്തപുരത്തെ പാര്‍വ്വതി പുത്തനാറടക്കം പലയിടങ്ങളിലും മാലിന്യകേന്ദ്രങ്ങളാണ് കനാലുകള്‍. കോഴിക്കോട് നഗരത്തില്‍ കൂടി കടന്നുപോകുന്ന കനോലിക്കനാലും ഇതേ അവസ്ഥയിലാണ്. കനാലുകളുള്ളയിടങ്ങളില്‍ ഭൂമി ഏറ്റെടുത്ത് വീതി കൂട്ടും. അതില്ലാതിടങ്ങളിലാണ് കൃത്രിമമായി ജലപാത നിര്‍മ്മിക്കുന്നത്. കൊല്ലം മുതല്‍ കോഴിക്കോട് മൂരാട് വരെ നിലവില്‍ ജലമാര്‍ഗ്ഗമുണ്ട്. മൂരാട് പുഴയില്‍നിന്ന് മാഹിപുഴയിലേക്കും അവിടെനിന്ന് വളപട്ടണം പുഴ വരെയും സ്ഥലമേറ്റെടുത്ത് കനാല്‍ നിര്‍മ്മിക്കണം. 40 മീറ്റര്‍ ജലപാതയും 10 മീറ്റര്‍ വീതം വീതിയില്‍ ഇരുകരകളിലും റോഡുമാണ് നിര്‍മ്മിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ജലപാതയുടെ കരയില്‍ ടൂറിസം വില്ലേജുകളും ഷോപ്പിങ് സെന്ററുകളും നിര്‍മ്മിക്കും. ബോട്ടുജെട്ടിയുടെ നിര്‍മ്മാണവും ചരക്ക് നീക്കത്തിനുള്ള അനുബന്ധ സൗകര്യങ്ങളും കൂടി ഒരുക്കാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിവരും. പാത കടന്നുപോകുന്ന കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ 300 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുന്നതിനായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. കോവളം-പാര്‍വ്വതി പുത്തനാര്‍-കൊല്ലം പാതയുടെ നവീകരണത്തിനു മാത്രമായി 80 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ നിര്‍മ്മാണ ജോലികള്‍ വിഭജിച്ചുകൊടുത്തിരിക്കുകയാണ്. വര്‍ക്കലയില്‍ നിര്‍മ്മിക്കുന്ന 12 മീറ്റര്‍ വീതിയും ഏഴു മീറ്റര്‍ ഉയരവുമുള്ള തുരങ്കത്തിന്റെ നിര്‍മ്മാണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. കനാലുകള്‍ വീതികൂട്ടി ഗതാഗതയോഗ്യമാക്കുകയും കൃത്രിമ ജലപാതകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതിനു പുറമെ നിരവധി പാലങ്ങളും അനുബന്ധ റോഡുകളും നിര്‍മ്മിക്കേണ്ടിവരും. വെള്ളത്തിലൂടെ പോകുന്ന വാഹനത്തിന് അനുസരിച്ച് ഉയരം ക്രമീകരിക്കാവുന്ന തരത്തിലായിരിക്കും പാലങ്ങള്‍.

നിലവില്‍ റോഡിലൂടെയുള്ള ചരക്ക് ഗതാഗതത്തിന്റെ 17 ശതമാനം ജലപാതയിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് നാറ്റ്പാകിന്റെ പഠനത്തില്‍ പറയുന്നത്. 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നും പഠനത്തില്‍ പറയുന്നു. കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ജലപാതയുമായി ബന്ധിപ്പിക്കും. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതുവഴി കഴിയുമെന്നു പ്രതീക്ഷിക്കുന്നു. വിമാനത്താവളം വഴിയുള്ള ചരക്കുഗതാഗതവും സുഗമമാവും. പാര്‍വ്വതി പുത്തനാര്‍ കനാലില്‍നിന്ന് 500 മീറ്റര്‍ അകലത്താണ് തിരുവനന്തപുരം വിമാനത്താവളം. നിലവില്‍ മാലിന്യക്കൂമ്പാരമായ കനാല്‍ വൃത്തിയാക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനെ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോടുമായി ബന്ധിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. മാഹി-വളപട്ടണം പാതയില്‍ അഞ്ചരക്കണ്ടി പുഴയുമായാണ് കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധപ്പെടുത്തുന്നത്.

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍
ദേശീയപാത വികസനം പോലെ വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരിക്കും ജലപാത നിര്‍മ്മാണത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 14 മീറ്ററാണ് ജലപാത എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഇതനുസരിച്ച് കോഴിക്കോട് ടൗണില്‍ കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള ഭാഗത്ത് 530 വീടുകളും 110 കടകളും ഒഴിപ്പിക്കേണ്ടിവരും. കുടിയൊഴിപ്പിക്കപ്പെടുന്ന വീടുകള്‍ക്കും കടകള്‍ക്കും പ്രത്യേക നമ്പറുകള്‍ പതിപ്പിച്ചിട്ടുണ്ട്. 60 മീറ്ററിലേക്ക് ഏറ്റെടുക്കുന്നതിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. 14 മീറ്ററില്‍ വണ്‍വേ ഗതാഗതം മാത്രമേ സാധ്യമാകുകയുള്ളൂ. പാനൂര്‍ മേഖല ഉള്‍പ്പെടുന്ന കൊച്ചിയങ്ങാടി മുതല്‍ ചാടാല്‍ പുഴ വരെയുള്ള ഭാഗത്ത് മാത്രം 98 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ വ്യക്തമാക്കുന്നത്. പാനൂര്‍, തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, മൊകേരി, പന്ന്യന്നൂര്‍, തലശ്ശേരി പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പദ്ധതിയുടെ കാര്യങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ നഷ്ടങ്ങള്‍ വരുന്നവരുമായി ചര്‍ച്ച നടത്താനോ വിവരങ്ങള്‍ കൈമാറാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമം വഴി കിട്ടുന്ന രേഖകളില്‍നിന്നാണ് ഇവര്‍ കാര്യങ്ങളറിയുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അതുപ്രകാരം 2022-ഓടെ പുനരധിവാസം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍, കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളുടെ വ്യക്തമായ കണക്കുകള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ ഇക്കാലയളവിനുള്ളില്‍ പുനരധിവാസം പ്രായോഗികമായിരിക്കില്ല.
''കോഴിക്കോട് ജില്ലയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ അധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയിരുന്നു. മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കളക്ടറുടെ നേതൃത്വത്തില്‍ ഈയടുത്ത് ടൗണ്‍ഹാളില്‍ നടത്തിയ ആലോചനായോഗത്തിലും സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം'' കോഴിക്കോട് തീരജന സംരക്ഷണസമിതി ജോയിന്റ് കണ്‍വീനര്‍ രത്‌നാകരന്‍ പറയുന്നു. ബേക്കല്‍ മുതല്‍ കോവളം വരെ മൊത്തം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

പഠനങ്ങളില്ലാത്ത പദ്ധതി
ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക- സാമ്പത്തിക-സാമൂഹ്യ പഠനങ്ങള്‍ കാര്യമായി നടത്തിയിട്ടില്ല. ആഴത്തില്‍ മണ്ണ് കുഴിച്ചെടുക്കുന്നത് ജലജീവികളുടെ അതിജീവനത്തെ സാരമായി ബാധിക്കും. നദീമുഖങ്ങളോട് ചേര്‍ന്നു കക്ക, ചെമ്മീന്‍ കൃഷി നടത്തി ഉപജീവനം നടത്തുന്ന നിരവധി പേരുണ്ട്. പരമ്പരാഗത രീതിയില്‍ മീന്‍പിടിക്കുന്നവരുമുണ്ട്. ഉള്‍നാടന്‍ ജലഗതാഗതത്തിനായി നദീമുഖങ്ങളേയും നദികളേയും സംയോജിപ്പിക്കുന്നതോടെ ഇതില്ലാതാവും. കേരളത്തിന്റെ ശുദ്ധജലവിതരണ പദ്ധതിയില്‍ ഏറിയ പങ്കും പുഴകളെ ആശ്രയിച്ചാണ്. ഉപ്പുവെള്ളമൊഴുകുന്ന ജലപാതകള്‍ ശുദ്ധലവിതരണത്തെ സാരമായി ബാധിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ജലപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍ നെല്‍വയലുകളും ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം ചെറുതല്ല.

വന്‍ സാമ്പത്തിക മുതല്‍മുടക്കുള്ള പദ്ധതി ലാഭകരമാവില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. പാതയ്ക്ക് പുറമെ നിരവധി പാലങ്ങളും റോഡുകളും നിര്‍മ്മിക്കേണ്ടിവരും. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഇതിനെല്ലാം കൂടി നിലവില്‍ തീരുമാനിച്ച 2,300 കോടി രൂപ പര്യാപ്തമായിരിക്കില്ല. ഇത്രയും സാമ്പത്തിക ബാധ്യത വരുത്തുന്ന പദ്ധതിയില്‍നിന്നു തിരിച്ചുകിട്ടുന്ന ലാഭത്തിലും ആശങ്കയുണ്ട്. റോഡ് ഗതാഗതത്തെക്കാള്‍ വേഗം കുറഞ്ഞതും നിശ്ചിത ഇടങ്ങളില്‍ മാത്രമേ എത്തൂ എന്നുള്ളതും ജലപാത ആളുകള്‍ തെരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്. ചരക്കുഗതാഗത സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 80 ശതമാനത്തോളം ചരക്കുനീക്കവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവയുമാണ്. 

വീടിനും കുടിവെള്ളത്തിനും സമരം
സാധാരണക്കാരെ പരിഗണിക്കാതെയുള്ള വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സി.പി.എം. പ്രാദേശിക നേതൃത്വങ്ങള്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങിയതോടെ പ്രതിഷേധങ്ങളും രൂക്ഷമായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പാനൂര്‍ മേഖല ഏറെ നാളായി സമരത്തിലാണ്. സി.പി.എം പ്രാദേശിക നേതൃത്വവും സമരസമിതിയിലുണ്ട്. എതിര്‍പ്പുകളുണ്ടായാലും പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അതിനാല്‍ സര്‍ക്കാര്‍ തരുന്ന പാക്കേജിനെക്കുറിച്ചാണ് ചര്‍ച്ചവേണ്ടതെന്നും വാദിക്കുന്നവരുണ്ട്. കേരളം വര്‍ഷങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയ പദ്ധതിയാണ് ജലപാത. അതുകൊണ്ടുതന്നെ പദ്ധതി വരില്ലെന്നും സമരത്തിന്റെ ആവശ്യമില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ടെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സമരത്തില്‍നിന്നു പല ആളുകളും പിന്മാറുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കീഴാറ്റൂര്‍ സമരത്തിനുശേഷം സി.പി.എം. നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയായിരിക്കും പാനൂരിലേത്. വികസനത്തിന്റെ വിഷയമായതിനാല്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ഇക്കാര്യത്തില്‍ നിലപാടെടുത്തിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പങ്കെടുപ്പിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും. ഞങ്ങളുടെ ജീവിതത്തിനെ നേരിട്ട് ബാധിക്കുന്ന രണ്ടു കാര്യങ്ങളായ വീടുകള്‍ നഷ്ടമാകുന്നതും ഉപ്പുവെള്ളം കയറി ശുദ്ധല ലഭ്യത ഇല്ലാതാകുന്നതുമാണ് സമരസമിതി ഉന്നയിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നമെന്നു സമരസമിതി കണ്‍വീനര്‍ ബിജു പറയുന്നു. ''ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ ഒരു നിലപാടെടുത്തിട്ടില്ല. 1960-കളില്‍ത്തന്നെ ജലപാതയ്ക്കായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ട്. അവിടങ്ങളിലെ പണി പൂര്‍ത്തീകരിച്ചതിനുശേഷം വിജയകരമായ ഒരു പദ്ധതിയാണെന്ന് ആളുകളെ ബോധ്യപ്പെടുത്തട്ടെ. അതിനുശേഷം ഘട്ടം ഘട്ടമായി മറ്റിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല'' ബിജു പറയുന്നു. 

കോട്ടപ്പുറം മുതല്‍ ബേക്കല്‍ വരെയുള്ള വിവിധ സമരസമിതികളെ ക്രോഡീകരിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ സമിതിയുണ്ടാക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനുമുള്ള തീരുമാനത്തിലാണെന്ന് ജനകീയവേദി ജനറല്‍ സെക്രട്ടറി ഇ. മനീഷ് പറഞ്ഞു. ''പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭസമിതി ഏകീകരണ കണ്‍വെന്‍ഷന്‍ എട്ടാം തീയതി പാനൂരില്‍ വെച്ച് നടത്തും. പ്രത്യക്ഷ സമരങ്ങള്‍ക്കൊപ്പം നിയമപോരാട്ടവും നടത്തും. കൊച്ചിയങ്ങാടി മുതല്‍ ചാടാല്‍ പുഴവരെയുള്ള 26 കിലോമീറ്ററില്‍ത്തന്നെ 98 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളും കെട്ടിടങ്ങളും ഈ കണക്കില്‍പ്പെട്ടിട്ടുമില്ല. പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ഗുരുതരമായിരിക്കും. കളിമണ്ണും മണലും ചൂഷണം ചെയ്യുന്ന ലോബിയും ഇതിലുണ്ട്. പ്രകൃതി സമ്പത്ത് മുഴുവന്‍ ഊറ്റിക്കൊണ്ടുപോകാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണിപ്പോള്‍ ടൂറിസം'' -മനീഷ് പറയുന്നു.

മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി
ജലപാതയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അതേ ഘട്ടത്തിലാണ് വടക്കന്‍ മലബാറിലെ നദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മറ്റൊരു ടൂറിസം പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി പുഴകളും കാസര്‍ഗോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി പുഴകളും വലിയ പറമ്പ് കായലും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ടൂറിസം. മലബാറിലെ നദികളുടെ സവിശേഷതകളും നദീതീരങ്ങളിലെ സംസ്‌ക്കാരവും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയെന്നാണ് പറയപ്പെടുന്നത്. 325 കോടിയുടേതാണ് പദ്ധതി. ഇതിനായി നിര്‍മ്മിക്കുന്ന 17 ബോട്ടുജെട്ടികളുടെ നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ 53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നത്. രണ്ടിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. 11 തീമാറ്റിക്ക് ക്രൂയിസുകളാണ് പദ്ധതിയിലുള്ളത്. മാഹി നദിയില്‍ മാര്‍ഷല്‍ ആര്‍ട്ട്സ് ആന്റ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടിയില്‍ പഴശ്ശിരാജ ആന്റ് സ്പൈസസ്, വളപട്ടണത്ത് മുത്തപ്പന്‍ ആന്റ് മലബാറി കുസിന്‍, കുപ്പത്ത് കണ്ടല്‍, പെരുമ്പയില്‍ മ്യൂസിക്, കവ്വായിയില്‍ ഹാന്‍ലൂം ആന്റ് ഹാന്‍ഡിക്രാഫ്റ്റ്, തേജസ്വിനിയില്‍ വാട്ടര്‍ സ്പോര്‍ട്സ് ആന്റ് റിവര്‍ ബാത്തിങ്, ചന്ദ്രഗിരിയില്‍ യക്ഷഗാനം എന്നിങ്ങനെയാണ് തീം ക്രൂയിസ്. മൂന്ന് ക്രൂയിസുകളുടെ നടത്തിപ്പിനായി 83 കോടിയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്ന ജലപാത ഇല്ലാതാക്കുന്നത് നിരവധി പേരുടെ ജീവിക്കാനുള്ള അവകാശത്തെയാണ്. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യവും വ്യക്തവുമായിരിക്കണം കാര്യങ്ങള്‍. എല്ലാ വികസന പദ്ധതിയിലും സംഭവിക്കുന്നപോലെ ഏറ്റവുമൊടുവില്‍ കാര്യങ്ങളറിയുന്നവരാവരുതു നഷ്ടങ്ങള്‍ സഹിക്കുന്നവര്‍. ആയിരങ്ങളെ കുടിയിറക്കിക്കൊണ്ടുള്ള ടൂറിസം പദ്ധതി വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com