മാന്തോപ്പുകളിലെ വിഷമരണങ്ങള്‍

 മാന്തോപ്പുകളിലെ അമിതമായ കീടനാശിനി പ്രയോഗം തകര്‍ത്തു കളഞ്ഞത് മുതലമടയിലെ ദളിത് - ആദിവാസി കോളനികളിലെ 180 ലധികം കുട്ടികളുടെ ജീവിതമാണ്.
മാന്തോപ്പുകളിലെ വിഷമരണങ്ങള്‍

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മുതലമട പഞ്ചായത്തിലെ ദളിത്- ആദിവാസി കോളനികളിലെ കാഴ്ചകള്‍ അതിദാരുണമാണ്. ലാഭം മാത്രം നോക്കി മുതലാളിമാര്‍ കീടനാശിനി തളിച്ചപ്പോള്‍ ഒന്നുമറിയാതെ ജീവിതം നരകമായി പോയവര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ മുതലമടയിലാണ്. ഏക്കര്‍ കണക്കിന് മാന്തോപ്പുകളാണ് മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലായി ഉള്ളത്. മാന്തോപ്പില്‍ തളിക്കുന്ന മാരകമായ കീടനാശിനിയുടെ ഫലമാണ് ഈ ഗ്രാമം അനുഭവിക്കുന്നത്. കാസര്‍ഗോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സമാനമാണ് മുതലമടയിലേതും. കാസര്‍ഗോട് ചെയ്തതുപോലെ മുതലമടയില്‍ സംഘടനകള്‍ കാര്യമായി ഈ പ്രശ്‌നം ഏറ്റെടുത്തിട്ടില്ല. ഒറ്റപ്പെട്ട വ്യക്തികളാണ് ആളുകളെ ഒരുമിപ്പിക്കുന്നതും സര്‍വ്വെ നടത്തുന്നതും ബോധവല്‍ക്കരണം നടത്തുന്നതും മറ്റും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 188 പേരാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ ഇരകളായി ജീവിക്കുന്നത്. ഈ കണക്കിനെക്കാള്‍ കൂടുതലാവും യഥാര്‍ത്ഥ ദുരിതബാധിതര്‍. കാരണം പൊതുപ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിച്ചവരില്‍നിന്നാണ് ഡോക്ടര്‍മാര്‍ ഈ ലിസ്റ്റ് ഉണ്ടാക്കിയത്. രോഗബാധിതരായ എല്ലാവരേയും കണ്ടെത്താനും എത്തിക്കാനും ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വീടുകയറി ഒരു പരിശോധനപോലും ഇക്കാലയളവില്‍ ഉണ്ടായതുമില്ല. 188 പേരില്‍ യഥാര്‍ത്ഥ ഇരകളെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തണമെന്നാണ് വകുപ്പ് പറയുന്നത്.

ചത്തുവീണ പൂമ്പാറ്റകള്‍
2005-2006 കാലത്താണ് മുതലമടയില്‍ കീടനാശിനിപ്രയോഗം ഒരു പ്രദേശത്തേയും ആളുകളേയും എങ്ങനെ ഇല്ലാതാക്കുന്നു എന്ന് പുറംലോകം അറിഞ്ഞത്. വെള്ളാരംകടവ് ബാബുകോളനിയില്‍ പൂമ്പാറ്റയുടെ ചിത്രമെടുക്കാനായി മാധ്യമപ്രവര്‍ത്തകനൊപ്പം പോയ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ എസ്. ഗുരുവായൂരപ്പനാണ് ഇത് പുറംലോകത്തെത്തിച്ചത്. ''പൂമ്പാറ്റകളുടെ ദേശാടനസമയമായിരുന്നു അത്. ഫോട്ടോ എടുക്കാന്‍ പോയ ഞങ്ങള്‍ കണ്ടത് കൂട്ടത്തോടെ ചത്തുവീഴുന്ന പൂമ്പാറ്റകളെയാണ്. മാന്തോപ്പില്‍ കീടനാശിനി പ്രയോഗിച്ചതാണ് കാരണം എന്നു മനസ്സിലായി. തൊട്ടടുത്ത ദിവസം തന്നെ കോളനിയിലെ പശു ചത്തു. മാന്തോപ്പിനു സമീപമുള്ള ചോലയില്‍നിന്നു വെള്ളം കുടിച്ചുവന്ന പശു തളര്‍ന്നുവീഴുകയായിരുന്നു.

ചോലയുടെ പരിസരത്ത് പരിശോധന നടത്തിയതില്‍ എന്‍ഡോസള്‍ഫാന്‍ പാക്കറ്റുകള്‍ കണ്ടെത്തി. കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിച്ചു. വലുപ്പം കൂടിയ തലയുമായി പശുവും ആടും ജനിച്ചിട്ടുണ്ട് ഈ കോളനിയില്‍'. പിന്നീട് ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് മുതലമടയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. കാസര്‍ഗോട് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയെങ്കിലും മുതലമടയില്‍ അതുണ്ടായില്ല. കീടനാശിനി പ്രയോഗമാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് അധികൃതരുടെ വാദം. ഒരു തരത്തിലുള്ള ചികിത്സയോ സഹായമോ ഈ കുട്ടികള്‍ക്കില്ല. നരകിച്ച് ജീവിച്ചു മരിക്കുക. ഒപ്പം ഒരു കുടുംബം മുഴുവന്‍ അതിന്റെ ദുരന്തം പേറി നാളുകള്‍ നീക്കുക- ഇതാണ് മുതലമടയില്‍ നടക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ദളിത് ആദിവാസി കോളനികളിലാണ് കീടനാശിനി ദുരന്തം വിതച്ചത്. മണ്ണുകൊണ്ടുള്ള ചുമരുകളും പനയോലകൊണ്ട് മേല്‍ക്കുരയും മറച്ച കുടിലുകളിലാണ് കൂടുതല്‍ പേരും താമസിക്കുന്നത്. കക്കൂസുകള്‍ ഉള്ള വീടുകളും കുറവാണ്. മാന്തോപ്പല്ലാതെ മറ്റ് തൊഴില്‍മാര്‍ഗ്ഗങ്ങളൊന്നും ഇവര്‍ക്കു മുന്നിലില്ല. സ്വന്തം മക്കളെ വൈകല്യമുള്ളവരാക്കിയത് കീടനാശിനി ഉപയോഗമാണെന്നറിഞ്ഞിട്ടും പട്ടിണിമാറ്റാന്‍ മാന്തോപ്പുകളില്‍ മരുന്നടിക്കാനടക്കമുള്ള പണികള്‍ക്കു പോകാന്‍ നിര്‍ബന്ധിതരാകുകയാണ് ഈ നിസ്സഹായരായ മനുഷ്യര്‍.'' ഞങ്ങള്‍ക്ക് എല്ലാം അറിയാം, പക്ഷേ വേറെന്തു പണിക്ക് പോകും- എന്ന അവരുടെ ചോദ്യത്തിന് ഉത്തരമില്ല. 

വില്ലനായത് എന്‍ഡോസള്‍ഫാന്‍
2005 വരെ മുതലമടയിലെ മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. മാങ്ങയുടെ പുറത്ത് വഴുപ്പുവരുന്ന തേനടി മാറ്റാനായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. എസ്. ഗുരുവായൂരപ്പന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി മുതലമട പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 2006-ല്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാകളക്ടര്‍ പാലക്കാട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. നിരോധനം ഉണ്ടായെങ്കിലും തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ പൊള്ളാച്ചിയില്‍ നിന്നും അബ്രാംപാളയത്തുനിന്നും മുതലമടയിലേക്ക് എന്‍ഡോസള്‍ഫാന്‍ എത്തി. ചിലയിടങ്ങളില്‍ നാട്ടുകാര്‍ മരുന്നടി പ്രയോഗം തടഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കുറഞ്ഞു.

എന്നാല്‍ ഇതിനെക്കാള്‍ എത്രയോ മടങ്ങ് വീര്യമുള്ള കള്‍ട്ടാര്‍ പോലുള്ള കീടനാശിനികള്‍ തോട്ടത്തില്‍ എത്തിത്തുടങ്ങി. ''എന്ത് മരുന്നാണ് തളിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. മുന്‍പൊക്കെ തോട്ടത്തില്‍ വെച്ചുതന്നെയാണ് മരുന്ന് കലക്കുന്നത്. ഇപ്പോ കലക്കിയ മരുന്ന് വലിയ ബാരലില്‍ ടെമ്പോകളില്‍ കൊണ്ടുവന്ന് മോട്ടോര്‍ ഉപയോഗിച്ച് സ്പ്രേ ചെയ്യുകയാണ്. മഴ പെയ്യുന്നതുപോലെയുണ്ടാകും - മാന്തോപ്പിലെ തൊഴിലാളിയായ കൃഷ്ണന്‍ പറയുന്നു. എന്‍ഡോസള്‍ഫാനെതിരെ നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ തൊഴിലാളികളെ വിശ്വാസത്തിലെടുക്കാന്‍ മുതലാളിമാര്‍ ചില ക്രൂരതകളും ചെയ്തു. തോട്ടത്തിലെ പണിക്കാരനായ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ കലക്കിയത് വായിലൊഴിച്ച് കുലുക്കിത്തുപ്പി 'ഡെമോ'  കാണിച്ചു. ശരീരം അനക്കാന്‍ വയ്യാതെ കിടപ്പിലാണ് അയാളിപ്പോള്‍.

രണ്ടര വയസ്സുള്ള അതുല്‍ കൃഷ്ണ മുതല്‍ 20 വയസ്സുള്ള ആതിര വരെ മുതലമടയിലെ കീടനാശിനി പ്രയോഗത്തിന്റെ സാക്ഷ്യങ്ങളാണ്. അസുഖം ബാധിച്ച കുട്ടികള്‍ 15-20 വയസ്സാവുമ്പോഴേക്കും മരിച്ചുപോവുകയാണ്. അടുത്തിടെയാണ് വലിയ തലയും ശാരീരിക വൈകല്യവുമായി പിറന്ന കൊല്ലങ്കോട് പാലക്കോട് ചന്ദ്രന്റെ മകള്‍ ശരണ്യ മരിച്ചത്. ശരണ്യയുടെ സഹോദരന്‍ സഞ്ജു ഫെബ്രുവരിയിലും മരിച്ചു. പത്തോളം കുട്ടികള്‍ കോളനികളില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ആരോഗ്യവകുപ്പിനും ഇല്ല. എന്‍ഡോസള്‍ഫാന്‍ ഇരകളാണ് എന്നത് പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍ ഇനിയും പഠനങ്ങള്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. ''ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വൈകല്യത്തോടെ ജനിച്ച് നരകിച്ചു ജീവിക്കുന്നത് ഞങ്ങളുടെ മുന്നിലാണ്. എന്‍ഡോസള്‍ഫാന്‍ ആണെന്ന് സ്ഥിരീകരിച്ചാലെ സഹായം കിട്ടൂ എന്ന് പറയുന്നതില്‍ കാര്യമില്ല. എന്‍ഡോസള്‍ഫാന്‍ അല്ലെങ്കില്‍ പിന്നെന്താണ് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ'' ആദിവാസി സംരക്ഷണസംഘം പ്രസിഡന്റ് നീലിപ്പാറ മാരിയപ്പന്‍ പറയുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഇവിടെ വീടുകളില്‍ ഒരാള്‍ എപ്പോഴും കാവല്‍ വേണം. ''ജനിക്കുന്നതു തൊട്ട് വൈകല്യം ബാധിച്ച കുഞ്ഞിനേയും നോക്കി ഒരാള്‍ പണിക്കൊന്നും പോകാതെ വീട്ടിലിരിക്കണം. മറ്റ് പണിയൊന്നും ഇല്ലാത്തതിനാല്‍ മാന്തോട്ടത്തില്‍ത്തന്നെ പണിക്കുപോകാന്‍ തയ്യാറാവുകയാണ് ഇവിടെയുള്ളവര്‍. കാന്‍സര്‍, ആസ്തമ രോഗികള്‍ ഈ മേഖലയില്‍ ധാരാളമുണ്ട്. നെല്‍പ്പാടങ്ങള്‍ നികത്തി മാന്തോപ്പുകളാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴിവിടെ'' മുതലമടയിലെ കീടനാശിനി പ്രയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ദേവന്‍ കാമ്പ്രത്ത്ചള്ള പറയുന്നു. 

ഹേമലത അമ്മയോടൊപ്പം. ഇപ്പോഴത്തെ ചിത്രം
ഹേമലത അമ്മയോടൊപ്പം. ഇപ്പോഴത്തെ ചിത്രം

ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ അടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മാംഗോസിറ്റിയായി മുതലമട മാറുമ്പോള്‍ മറുവശത്ത് ഇഴഞ്ഞും നിരങ്ങിയും ശരീരം വികൃതമായും നരകിച്ചു ജീവിക്കുകയാണ് ഒരു തലമുറ.

ആതിര
ആതിര

ആതിര - 20 വയസ്സ്
മുതലമട തൊട്ടിത്തറ പാറമേട് പട്ടികജാതിക്കാരായ കമലയുടേയും കൃഷ്ണന്റേയും മകള്‍. ഇരിക്കാനോ നില്‍ക്കാനോ കഴിയാതെ ഇഴഞ്ഞാണ് ആതിരയുടെ ജീവിതം. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ആരെങ്കിലും എടുത്തുകൊണ്ടു വെക്കണം. ഒരിടത്ത് ഇരുത്തിയാല്‍ പെട്ടെന്നുതന്നെ കമിഴ്ന്നുപോകും. അവളുടെ ശരീരത്തിലെ ഒരു എല്ലിനുപോലും ഭാരം താങ്ങാന്‍ കഴിയില്ല എന്ന് തോന്നും. കമിഴ്ന്നിടത്തു നിന്ന് കഴുത്ത് പൊക്കാന്‍ ശ്രമിച്ചെങ്കിലും കഴുത്തിന് ഉറപ്പില്ലാത്തതിനാല്‍ താഴെ തറയില്‍ മുട്ടി. സംസാരശേഷി തീരെ ഇല്ല. ഇടയ്ക്ക് ചില ശബ്ദങ്ങള്‍ ഉണ്ടാക്കും. മാനസിക വളര്‍ച്ചയും ഇല്ല. സ്വന്തമായി ഇരിക്കാന്‍ പറ്റാത്തതുകൊണ്ട് അച്ഛനോ അമ്മയോ കുട്ടികളെപ്പോലെ കാലില്‍ ഇരുത്തി വേണം മലമൂത്ര വിസര്‍ജ്ജനം ചെയ്യിക്കാന്‍. രണ്ടാഴ്ചയായിട്ട് കാര്യമായി ഭക്ഷണം കഴിക്കാറില്ലെന്ന് അമ്മ കമല പറഞ്ഞു. കാര്യമായ ചികിത്സകളൊന്നും ആതിരയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല. ശരീരവേദന കൂടുമ്പോഴോ മറ്റോ ആശുപത്രിയില്‍ കൊണ്ടുപോകും. അപസ്മാരത്തിന്റേതാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതത്രേ. ആതിരയുടെ പ്രസവത്തിന് മുന്‍പുവരെ കമലം മാന്തോപ്പില്‍ ജോലിക്കു പോയിക്കൊണ്ടിരുന്നു. അച്ഛന്‍ കൃഷ്ണന് ഇപ്പോഴും അവിടെയാണ് പണി. ഈ വീടിനടുത്ത് നിറയെ മാന്തോപ്പാണ്.

അഞ്ജിത - 20 വയസ്സ്
ആതിരയുടെ ഇരട്ടസഹോദരിയാണ് അഞ്ജിത. അഞ്ജിതയുടെ കാലിനു ബലം കുറവാണ്. കാല്‍പ്പാദം നിലത്ത് ഉറപ്പിച്ച് നിര്‍ത്താനും കഴിയില്ല. മുടന്തിയാണ് നടപ്പ്. അതും നിരപ്പായ സ്ഥലത്തുകൂടി മാത്രം. ചെറിയ ചെരിവില്‍പ്പോലും ആരെങ്കിലും എടുത്ത് നടക്കണം. ഉയരത്തിലാണ് അഞ്ജിതയുടെ വീട്. പഠിക്കാന്‍ പോകുന്ന സമയത്ത് അമ്മ റോഡുവരെ എടുത്തു കൊണ്ടു ചെന്നാക്കണം. വൈകിട്ട് തിരിച്ചുവരുമ്പോഴും. കൂടുതല്‍ നേരം എണീറ്റ് നില്‍ക്കാന്‍ വയ്യ. കൂടുതല്‍ നേരം നിന്നാല്‍ പിന്നെ മുന്നോട്ട് ചലിക്കാന്‍ പറ്റാതാവും. ആരെങ്കിലും പിടിച്ചു നടത്തിക്കേണ്ടിവരും. ചെറുപ്പത്തില്‍ ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇരുമ്പിന്റെ ബൂട്ട്സ് ഇടാനായിരുന്നു നിര്‍ദ്ദേശം. അതിന്റെ കനം കാരണം തീരെ നടക്കാന്‍ പറ്റാതായതോടെ ഉപേക്ഷിച്ചു. 
ഈ ബുദ്ധിമുട്ടിനിടയിലും മുതലമട സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞ്, മലമ്പുഴ വിമന്‍സ് ഐ.ടി.ഐ.യില്‍നിന്ന് കംപ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കി. പി.എസ്.സി. കോച്ചിങ്ങിന് പോകണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം കഴിഞ്ഞില്ല. കീടനാശിനിയുടെ ഉപയോഗം ഈ കുടുംബത്തെ തകര്‍ത്തെങ്കിലും അഞ്ജിതയിലാണ് ഇനി ഇവരുടെ പ്രതീക്ഷ.

അതുല്‍ കൃഷ്ണ
അതുല്‍ കൃഷ്ണ

അതുല്‍ കൃഷ്ണ - രണ്ടര വയസ്സ്
മുതലമട പത്തുചിറ മേപ്പാടത്തെ പട്ടികജാതി കോളനിയിലെ ചന്ദ്രികയുടേയും ഷിജുവിന്റേയും മകന്‍. വലിയ തലയും വീര്‍ത്ത വയറുമാണ് അതുലിന്. കാഴ്ച ഒരിടത്ത് ഉറക്കില്ല. വായില്‍നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ശബ്ദവും തിരിച്ചറിയാന്‍ കഴിയില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു അതുലിന്റെ ജനനം. പ്രസവസമയത്തൊന്നും കുട്ടിക്ക് കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല. വളര്‍ന്നുതുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്. ഇപ്പോള്‍ ഇരിക്കാനോ നില്‍ക്കാനോ കഴിയില്ല. ആരെങ്കിലും എടുത്തു നടക്കണം. ഇല്ലെങ്കില്‍ കിടത്തണം. ചന്ദ്രികയുടെ ആദ്യത്തെ കുട്ടിയാണ് അതുല്‍. അച്ഛന്‍ ഷിജു നിര്‍മ്മാണത്തൊതൊഴിലാളിയാണ്. അതുലിന്റെ വീടിനു ചുറ്റുമുണ്ട് മാന്തോപ്പ്. സീസണില്‍ കീടനാശിനി പ്രയോഗം തുടങ്ങിയാല്‍ രൂക്ഷമായ ഗന്ധമായിരിക്കുമെന്ന് ഈ കോളനിക്കാര്‍ പറയുന്നു.

ജയപ്രഭ
ജയപ്രഭ

ജയപ്രഭ - ഏഴുവയസ്സ്
പത്തുചിറ ചുടുകാട്ടുവാരയിലെ പങ്കജത്തിന്റേയും ജയപ്രകാശിന്റേയും മൂത്തമകള്‍. എണീക്കാനോ നടക്കാനോ അവള്‍ക്കു കഴിയില്ല. വികലാംഗര്‍ക്കായി ആശുപത്രിയില്‍നിന്ന് കൊടുത്ത കസേരയില്‍ ഇരുത്തും. അല്ലാത്തപ്പോള്‍ കിടപ്പു തന്നെ. രണ്ട് വയസ്സ് കഴിഞ്ഞാണ് കഴുത്ത് ഉറച്ചത്. നേരെ നില്‍ക്കാനുള്ള ബലം കാലുകള്‍ക്കില്ല. സംസാരശേഷിയും മാനസിക വളര്‍ച്ചയും ഇല്ല. വായില്‍നിന്നും വെള്ളമൂറിക്കൊണ്ടിരിക്കും. ഇടയ്ക്കിടെ ശബ്ദങ്ങള്‍ ഉണ്ടാക്കും. മരുന്നോ ചികിത്സയോ കാര്യമായി ഇല്ല. ജയപ്രഭയുടെ വീടിനോട് ചേര്‍ന്ന് ഏക്കറുകണക്കിന് മാന്തോപ്പുകളാണ്. അച്ഛന്‍ ജയപ്രകാശിന്  ഇപ്പോഴും മാന്തോപ്പിലാണ് പണി. 

ഹേമലത
ഹേമലത

ഹേമലത - നാലര വയസ്സ്
വെള്ളാരംകടവ് ബാബുകോളനിയിലെ ഹേമലതയുടെ കുഞ്ഞുശരീരത്തിനു താങ്ങാന്‍ പറ്റാത്തത്ര വലുപ്പമാണ് തലയ്ക്ക്. ശോഷിച്ച കാലുകളും. നട്ടെല്ല് വീര്‍ത്തിരിക്കുന്നു. ഒരു കണ്ണില്‍ തിമിരം ബാധിച്ചിട്ടുണ്ട്. ഭാരം കാരണം തല ആടിക്കൊണ്ടേയിരിക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഹേമലതയെ കാണിക്കുന്നത്. ഛര്‍ദ്ദിയും പനിയും വരുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് തൃശൂരിലെത്തണം. അമ്മ ധനലക്ഷ്മി ഗര്‍ഭിണിയായിരുന്നപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധനകള്‍ നടത്തിയത്. എട്ടാംമാസത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് വലുപ്പകൂടുതലുണ്ടെന്നും ഓപ്പറേഷന്‍ വേണ്ടിവരുമെന്നും പറഞ്ഞത്. അവിടുന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഓപ്പറേഷനിലൂടെയാണ് ഹേമലതയെ പുറത്തെടുത്തത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അച്ഛന്‍ സെന്തില്‍ മാന്തോട്ടത്തിലെ പണിക്കാരനാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട എരവാളര്‍ സമുദായമാണ് ഇവരുടേത്. 

സരസ്വതി
സരസ്വതി

സരസ്വതി - 18 വയസ്സ്
ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലെ ആനന്ദന്റെ മകള്‍ സരസ്വതിക്ക് കൈയ്ക്കും കാലിനും സ്വാധീനക്കുറവാണ്. മാനസിക വളര്‍ച്ചയും കുറവാണ്. അധികസമയം നില്‍ക്കാന്‍ കഴിയില്ല. കൈയും കാലും വേദനിച്ച് കൂടുതല്‍ നേരവും കിടപ്പിലാണ്. സഹോദരന്‍ ശക്തിവേലിനു തൊലി അടര്‍ന്നുപോകുന്ന അസുഖമാണ്. മാന്തോപ്പില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന അമ്മ നാഗമ്മ അസുഖം ബാധിച്ച് അടുത്തിടെ മരിച്ചു. മാന്തോപ്പില്‍ ജോലിക്കു പോയിക്കൊണ്ടിരുന്ന തൊട്ടടുത്ത വീട്ടിലെ രാമാത്ത ശരീരം ശോഷിച്ച് ശോഷിച്ച് മരിച്ചു. ആദിവാസി വിഭാഗത്തിലെ എരവാളര്‍ സമുദായാംഗമാണ് രണ്ട് കുടുംബവും. രാമാത്തയുടെ മകന്‍ കൃഷ്ണകുമാര്‍ സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ മാന്തോപ്പില്‍ കീടനാശിനി തളിക്കാന്‍ പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com