കണികാപരീക്ഷണം മറ: ലക്ഷ്യം ആണവ മാലിന്യ സംസ്‌കരണം

പൊട്ടിപ്പുറത്തെ നിര്‍ദിഷ്ട ന്യൂട്രിനോ നിരീക്ഷണശാലയുടെ മറവില്‍ ഇടുക്കി യില്‍ ആണവമാലിന്യസംസ്‌കരണം കേന്ദ്രം വരുമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ശാസ്ത്രകാരനും ഗവേഷ കനുമായ പദ്മനാഭന്‍ വി.ടി.
വിടി പദ്മനാഭന്‍
വിടി പദ്മനാഭന്‍

തൂത്തുക്കുടിയും പൊട്ടിപ്പുറവും ശിവഗംഗയും കൂടംകുളവും തെക്കന്‍ തമിഴ്നാട്ടിലാണ്. ഏറിയ കൂറും ദരിദ്രജനത തിങ്ങിപ്പാര്‍ക്കുന്ന മേഖല. അന്നന്നത്തെ കാര്യംതന്നെ നോക്കാന്‍ നേരമില്ലാത്തവര്‍. പക്ഷേ, കുറച്ചുകാലമായി പ്രക്ഷുബ്ധമായ സമരങ്ങളെപ്രതി അന്നാട്ടുകാര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. 

പൊട്ടിപ്പുറത്ത് കണികാ നിരീക്ഷണശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ സമരത്തിലാണ്. പശ്ചിമഘട്ടത്തില്‍ കേരള - തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയില്‍ ബോഡി എന്ന സ്ഥലത്തുള്ള മല തുരന്നാണ് ഈ കണികാ പരീക്ഷണ ശാല നിര്‍മ്മിക്കുന്നത്. തേനി ജില്ലയിലെ തേവാരത്തിനടുത്താണ് ഈ പദ്ധതി നടപ്പാക്കുന്ന പൊട്ടിപ്പുറം ഗ്രാമം. ഉയരമേറിയ 'അമ്പരശന്‍ കാട്' എന്ന മലയ്ക്കുള്ളില്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് ഗവേഷണനിലയം ഒരുങ്ങുക. പൊട്ടിപ്പുറം വീരപ്പസ്വാമി ക്ഷേത്രത്തിനു സമീപത്തുനിന്നു പാറതുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തുരങ്കത്തിനൊടുവിലാണ് ഭൂഗര്‍ഭനിലയം സ്ഥാപിക്കപ്പെടുന്നത്. 

''പോരാടുവേ... പോരാടുവേ... വെട്രി വരുവേ പോരാടുവേ... പാത് കാപ്പോ പാത് കാപ്പോ, എങ്കള്‍ മലയൈ പാത് കാപ്പോ... അമ്പലപ്പറ് മലയൈ കാത്തിടുവേന്‍... തമിഴ് മക്കള്‍ കാത്തിടുവേ...'' എന്ന മുദ്രാവാക്യവും മുഴക്കി രവി ഏലിയാസ് എന്ന സമരഭടന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയ്‌ക്കെതിരെയുള്ള സമരത്തിന്റെ വേദിയില്‍ ദേഹത്ത് തീകൊളുത്തി ജീവത്യാഗം ചെയ്തത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. എ.ഡി.എം.കെയും ഡി.എം.കെയും ഉള്‍പ്പെടുന്ന, തമിഴ്നാട്ടിലെ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ കുറച്ചുകാലമായി ഈ പ്രദേശം ഉള്‍പ്പെടുന്ന തേനി ജില്ലയില്‍ നടക്കുന്ന സമരങ്ങള്‍ കണികാ നിരീക്ഷണശാലയ്ക്കു പാരിസ്ഥിതികാനുമതി ലഭിച്ചതോടെ ചൂടുപിടിച്ചിരിക്കുകയാണ്. രൂക്ഷമായ പ്രക്ഷോഭങ്ങളാണ് അവിടെ നടക്കുന്നതെങ്കില്‍ നമ്മുടെ സംസ്ഥാനത്ത് ഇതുവരെയും ആ സമരങ്ങള്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പൊട്ടിപ്പുറം ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ കണികാ നിരീക്ഷണശാല തെക്കന്‍ കേരളത്തില്‍ ജലദൗര്‍ലഭ്യമുണ്ടാക്കുന്നതുള്‍പ്പെടെ രൂക്ഷമായ പാരിസ്ഥിതികാഘാതങ്ങള്‍ക്കു വഴിവെയ്ക്കുമെന്നു വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും സംസ്ഥാനത്ത് ഇതു സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. സിനിമാതാരങ്ങള്‍ നിയന്ത്രിക്കുന്ന തമിഴ്നാട് രാഷ്ട്രീയം എന്നേ അന്നാട്ടുകാരുടെ പ്രബുദ്ധതയെക്കുറിച്ച് തരംതാഴ്ത്തി കേരളീയര്‍ സംസാരിക്കാറുള്ളൂ. സാരിക്കും തെരഞ്ഞെടുപ്പുകാലത്തെ നിരവധി സമ്മാനങ്ങള്‍ക്കും വിലയ്ക്കുവാങ്ങാവുന്നതേയുള്ളൂ അവരുടെ സമ്മതിദാനാവകാശം എന്നും പരിഹസിച്ചുപോരാറുണ്ട്. എന്നാല്‍, ജീവല്‍പ്രശ്‌നങ്ങളില്‍ അന്നാട്ടുകാരോളം രാഷ്ട്രീയമായി പ്രതികരിക്കുന്നതില്‍ ബുദ്ധിജീവികളായ നാം തയ്യാറില്ലെന്നതാണ് ന്യൂട്രിനോ നിരീക്ഷണശാലയുടെ കാര്യത്തില്‍ നമ്മുടെ അലസമനോഭാവം തെളിയിക്കുന്നത് എന്നുവേണം പറയാന്‍. 

കണികാ നിരീക്ഷണശാലയുടെ കാര്യത്തിലുള്ള വിമര്‍ശനങ്ങളോട് കേരളത്തിന് ഉദാസീനതയാണുള്ളത് എന്നതിനു മറ്റൊരു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിനെതിരെ ഉയര്‍ന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആയിരുന്നെന്നും ചിലരുടെ ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ഭാഗമായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ന്യൂട്രിനോ നിരീക്ഷണശാലയ്‌ക്കെതിരെ ഏറെക്കാലമായി എതിര്‍പ്പിന്റെ കുന്തമുന ഉയര്‍ത്തുന്ന ശാസ്ത്രപ്രവര്‍ത്തകരില്‍ പ്രമുഖനാണ് പദ്മനാഭന്‍ വി.ടി. വി.എസ്. ഉള്‍പ്പെടെയുള്ള ജനകീയ രാഷ്ട്രീയക്കാരെക്കൊണ്ട് ന്യൂട്രിനോ പദ്ധതിക്കെതിരെ നിലപാടെടുപ്പിക്കുന്നതില്‍ കാര്യമായ പങ്ക് അദ്ദേഹത്തിനുണ്ട്. നിരീക്ഷണശാലയ്ക്കെതിരെയുള്ള സമരം തമിഴ്നാട്ടില്‍ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ പദ്മനാഭന്‍ സമകാലിക മലയാളത്തോട് സംസാരിക്കുന്നു. പ്രസക്തഭാഗങ്ങള്‍: 

പൊട്ടിപ്പുറത്തെ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കെതിരെ ഏറെക്കാലങ്ങളായി എതിര്‍പ്പുയര്‍ത്തുന്നയാളാണ് പദ്മനാഭന്‍. ഇപ്പോള്‍ വീണ്ടുമൊരു പാരിസ്ഥിതികാനുമതിയോടെ ന്യൂട്രിനോ നിരീക്ഷണശാല സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു വലിയ തടസ്സങ്ങളൊന്നും ഇനി ഇല്ല. ഈ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് താങ്കള്‍ ഈ നീക്കങ്ങളോട് പ്രതികരിക്കുന്നത്?
പൊട്ടിപ്പുറത്ത് ഇങ്ങനെയൊരു ന്യൂട്രിനോ നിരീക്ഷണശാലയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഒരു വര്‍ഷത്തോളം ഞാന്‍ അവിടെപ്പോയി ഇക്കാര്യത്തെക്കുറിച്ച് പഠിച്ചു. അന്ന് ഇതു സംബന്ധിച്ച ലിറ്ററേച്ചര്‍ ഞാന്‍ തയ്യാറാക്കി. അതു പ്രകാശനം ചെയ്തത് വി.എസ്. അച്യുതാനന്ദനായിരുന്നു. വലിയ പബ്ലിസിറ്റിയും മീഡിയാ കവറേജും അതിനു കിട്ടി. അന്നതു സംബന്ധിച്ച് ഉന്നയിച്ച പല കാര്യങ്ങളും ഞാന്‍ ഇന്ന് ഉന്നയിക്കാനുദ്ദേശിക്കുന്നില്ല. കുറച്ചുകൂടി ഡോക്യുമെന്ററി എവിഡന്‍സ് ഉള്ളതും കുറേക്കൂടി ഇമ്മിഡിയസി ഉള്ളതുമായ കാര്യങ്ങളാണ് ഇന്ന് ഉദ്ദേശിക്കുന്നത്. പ്രധാനമായും ജലലഭ്യതയുടെ പ്രശ്‌നം തന്നെ. ആദ്യം തന്നെ പറയട്ടെ, ഞാന്‍ ന്യൂട്രിനോ നിരീക്ഷണശാലയ്ക്കെതിരല്ല. അതു വേണോ വേണ്ടയോ എന്നു ഞാന്‍ പറയാനാളല്ല. അത് ശാസ്ത്രമേഖലയാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരെടുക്കുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കുമല്ലോ അക്കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. അത്രയൊന്നും വിവരം എനിക്കില്ല. പോപ്പുലേഷന്‍ ജെനറ്റിക്‌സാണ് എന്റെ സ്‌പെഷ്യലൈസേഷന്‍. ശാസ്ത്രജേണലുകളില്‍ എഴുതാറുണ്ട്. പ്രധാനമായും ജനകീയപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് ഗവേഷണവും എഴുത്തും. നിരവധി വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ന്യൂക്ലിയര്‍ സേഫ്റ്റിയെക്കുറിച്ചാണ്. ശാസ്ത്രസാഹിത്യപരിഷത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞന്‍ എന്ന നിര്‍വ്വചനത്തില്‍പ്പെടില്ലെങ്കിലും ഞാന്‍ ശാസ്ത്രജേണലുകളില്‍ എഴുതാറുണ്ട്. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങലല്ല, മള്‍ട്ടി നാഷണല്‍ കമ്പനിയില്‍നിന്നു മാസപ്പടി പറ്റുന്നയാളല്ല ശാസ്ത്രജ്ഞന്റെ നിര്‍വ്വചനമെങ്കില്‍ ഞാനുമൊരു ശാസ്ത്രജ്ഞനാണ്. 

പൊട്ടിപ്പുറത്തെ പ്രശ്‌നങ്ങളിലേക്ക് വരാം. പൊട്ടിപ്പുറത്തെന്നല്ല, എന്തു പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴും അവര്‍ക്കെതിരെ ആരോപണമായി ഉയരുന്ന ഒരു കാര്യം അയാള്‍ അല്ലെങ്കില്‍ അവര്‍ ഒരു ആക്ടിവിസ്റ്റാണ് എന്നതാണ്. ആക്ടിവിസ്റ്റുകളെക്കുറിച്ചു പൊതുസമൂഹത്തിനു വിയോജിപ്പുകളില്ലെന്നു പറയാം. അവര്‍ നല്ല മനുഷ്യരാണ്. സദുദ്ദേശ്യമുള്ളവരാണ്. പക്ഷേ, വൈകാരികമായാണ് കാര്യങ്ങളെ കാണുക. റാഷണാലിറ്റി ഇല്ല. ഞാനൊരു ആക്ടിവിസ്റ്റാണോ അല്ലയോ എന്നൊന്നും ഞാന്‍ പറയില്ല. ഞാന്‍ മാതൃഭൂമി, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെഴുതാറുണ്ട്. അതുകൊണ്ട് ജേണലിസ്റ്റെന്നോ സയന്റിസ്റ്റെന്നോ എന്തുവേണമെങ്കില്‍ വിളിക്കട്ടെ. പൊട്ടിപ്പുറത്തെ ജലദൗര്‍ലഭ്യം പോലെ ഞാന്‍ ഉന്നയിക്കുന്ന ഒന്നാമത്തെ പ്രധാന പ്രശ്‌നം അവിടെ നടക്കാന്‍ പോകുന്നത് അവിടെ ഇന്ത്യയിലെ ആണവമാലിന്യം സംസ്‌കരിക്കാന്‍ പോകുന്നുവെന്നതാണ്. ഏറ്റവും ടോക്സിക് ആയ, കോണ്‍സെന്‍ട്രേറ്റ് ആയ റേഡിയോ ആക്ടീവ് മാലിന്യമാണിത്. സ്പെന്‍ഡ് ഫ്യുവലെന്നു പറയും. മൂന്നുകൊല്ലം കൊണ്ട് തൊണ്ണൂറു ടണ്‍ മാലിന്യം ഉണ്ടാകും ഒരു ആണവ റിയാക്ടറില്‍നിന്ന്. രാജ്യത്ത് 22 റിയാക്ടറുകളുണ്ട് ആകെ. ഇപ്പോള്‍ ചെയ്യുന്നത് ഈ മാരകമായ ആണവമാലിന്യം റിയാക്ടറുകളിരിക്കുന്ന ക്യാംപസുകളില്‍ത്തന്നെ ഭൂമിക്കിടയില്‍ ഭരണിയിലാക്കി സൂക്ഷിക്കുകയാണ്. ഏറെ സുരക്ഷിതമായ രീതിയിലാണ് ഇതു സൂക്ഷിക്കുന്നത്. പതിനായിരം വര്‍ഷത്തോളം റേഡിയേഷന്‍ ഉണ്ടാകും ഇവയ്ക്ക്. ഭൗമോപരിതലത്തിലാകരുത് ഇതു സൂക്ഷിക്കുന്നത്. മണ്ണിലോ ജലത്തിലോ കലരാന്‍ പാടില്ല. ഭൂമിക്കടിയില്‍ നല്ല ബലമുള്ള കരിങ്കല്‍പ്പാറയോ ഉപ്പുപാറയോ ഉള്ളിടത്തു വേണം സൂക്ഷിക്കാന്‍. കല്‍പ്പാക്കത്തോ താരാപ്പൂരിലെ ഭൗമോപരിതലത്തിലോ സൂക്ഷിക്കേണ്ട എന്നതുതന്നെയാണ് എന്നെപ്പോലെ, ഈ കാരണം കൂടി ഉന്നയിച്ചുകൊണ്ട് പൊട്ടിപ്പാറയിലെ പദ്ധതിയെ എതിര്‍ക്കുന്നവരും പറയുന്നത്. പക്ഷേ, അതിനു ചില മാനദണ്ഡങ്ങളുണ്ട്. ഭൂമിക്കടിയില്‍ തീരെ ഭൂഗര്‍ഭജലമില്ലാത്ത സ്ഥലങ്ങളിലോ ജനസാന്ദ്രതയില്ലാത്ത, നല്ല ബലമുള്ള പാറകളുള്ളിടത്തോ, ഭൂമികുലുക്കത്തിനു തീരെ സാധ്യതയില്ലാത്ത ഇടങ്ങളില്‍ ഇവ സിലിണ്ടറുകളിലാക്കി ഭരണിക്കുള്ളിലാണ് സൂക്ഷിക്കുക. ലോകത്തെല്ലാ ഭാഷകളിലും ഇതിലുള്ളതെന്താണെന്ന് എഴുതിവെച്ചിരിക്കും. ഈ ആണവമാലിന്യം നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് സുപ്രീംകോടതി ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആണവനിലയങ്ങളെ സംബന്ധിച്ചിടത്തോളം ആണവമാലിന്യസംസ്‌കരണം ഇപ്പോഴൊരു പ്രശ്‌നമല്ല. പക്ഷേ, 2030-നൊക്കെ ശേഷം അതു വലിയ പ്രശ്‌നമാകും. അതിനൊരു സ്ഥലം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചതാണ്. രാജസ്ഥാനിലും കോലാറിലുമൊക്കെ ഇതു സ്ഥാപിക്കാനാകുമോ എന്നു പരമാവധി നോക്കിയതാണ്. ഇങ്ങനെ ഒരു ആണവസംസ്‌കരണ കേന്ദ്രം വരുന്നുവെന്നറിഞ്ഞതോടെ അവിടങ്ങളിലൊക്കെ വലിയ ജനരോഷമുണ്ടായി. അവസാനം അവര്‍ കണ്ടെത്തിയ സ്ഥലം ഇടുക്കിയാണ്. തേനി എന്നല്ല പറയേണ്ടത്. അതിലേക്കു വരാം. 

കണികാപരീക്ഷണനിലയത്തോടു ചേര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തിയിലായിരിക്കും ഈ പുതിയ ഭൂഗര്‍ഭ സംഭരണിയുടെ (ഡീപ് ജിയോളജിക്കല്‍ റെപ്പോസിറ്ററി)യുടെ സ്ഥാനം. രാജ്യത്ത് ആണവമാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യക്കാണ് അത് സംസ്‌ക്കരിക്കാനുള്ള ഉത്തരവാദിത്വവും. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഭാവിയില്‍ ഇതു സംസ്‌ക്കരിക്കാനുള്ള ജോലി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് എന്ന ഗവേഷണസ്ഥാപനത്തിനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. ആണവമാലിന്യം ഇന്നത്തെ ഇന്ത്യയിലെ അളവനുസരിച്ചു സംഭരിക്കണമെങ്കില്‍ ഒരു 15 സ്‌ക്വയര്‍ കിലോമീറ്ററെങ്കിലും ഏരിയ വേണ്ടിവരും. പൊട്ടിപ്പുറം അവിടേക്കുള്ള ഒരു എന്‍ട്രി പോയിന്റ് ആണ്. അമ്പലപ്പാറ എന്നിടത്ത് ഒരേ നിരപ്പില്‍ ഭൂമിയ്ക്കടിയില്‍ 15 സ്‌ക്വയര്‍ കിലോമീറ്റര്‍ കിട്ടില്ല. അത് അതുവഴി ഇടുക്കിയിലേക്ക് കടന്നാല്‍ മാത്രമേ ലഭിക്കൂ. നിരവധി ടണലുകള്‍, ഇടയ്ക്കിടക്ക് ഗ്യാപ്പുകള്‍ ഒക്കെ വേണം. ഇതിനു തെളിവെന്താണെന്നു ചോദിച്ചാല്‍ ഏപ്രില്‍ 10, 2010-ലാണ് ഇവര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ്, ഐ.എന്‍.ഓക്ക് അപേക്ഷ കൊടുത്തിരിക്കുന്നത്. ഏപ്രില്‍ 22ന് മറ്റൊരു അപേക്ഷ അവര്‍ കൊടുത്തു. അതില്‍ പറഞ്ഞിരിക്കുന്നത് റേഡിയോ ആക്ടീവ് മാലിന്യം സംസ്‌ക്കരിക്കാനാണ് ഈ പ്രൊജക്ട് എന്നാണ്. ടണല്‍ തുടങ്ങുന്നത് പൊട്ടിപ്പുറത്തുനിന്നാണെങ്കിലും ലബോറട്ടറി വരുന്നത് കേരളാതിര്‍ത്തിയിലാണ്. മാപ്പ് പരിശോധിച്ചാല്‍ മനസ്സിലാകും. ഞാന്‍ പറയുന്നത് അവരുടെ സ്‌കെച്ച് പ്രകാരം കേരളാതിര്‍ത്തിയിലാണ് അവരുടെ ലാബ് എന്നതാണ്. അതുകഴിഞ്ഞ് ഭാവി ആവശ്യത്തിനുള്ള വേറൊരു ടണല്‍ കൂടി വരുന്നുണ്ട്. ഭാവിയിലുള്ള ഉപയോഗത്തിനാണ് ഇത്. ഇതു മുകളില്‍ ചെന്നുചേരുന്നു. അതു കേരളത്തിലാണ് ചെന്നു മുട്ടുന്നത് ഈ സ്‌കെച്ചുപ്രകാരം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് കൊടുത്ത രണ്ടാമത്തെ അപേക്ഷ, ന്യൂക്ലിയര്‍ മാലിന്യസംസ്‌കരണകേന്ദ്രത്തിനുള്ള അപേക്ഷ, 2014 വരെ പെന്‍ഡിംഗിലായിരുന്നു. അതിലും ലൊക്കേഷന്‍ പൊട്ടിപ്പുറത്താണ്. അതു കുറേക്കാലം അവരുടെ വെബ്സൈറ്റിലുണ്ടായിരുന്നു. ഇപ്പോഴില്ല. ഈ ആരോപണത്തിന് ഇതുവരെ വ്യക്തമായ മറുപടി ഇതുവരെ ഉണ്ടായിട്ടില്ല. വി.എസും വൈക്കോയും മേധാപട്കറുമൊക്കെ ഇക്കാര്യം, ഇതു റേഡിയോ ആക്ടീവ് വേസ്റ്റാണെന്ന് പ്രസംഗിച്ചു നടന്നിട്ടുണ്ട്. കേന്ദ്ര - വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ അനുമതി അതിന് ഇപ്പോള്‍ കിട്ടിക്കഴിഞ്ഞു. 

തുരന്നെടുക്കുന്ന പാറയുടെ അളവിലെ വൈരുദ്ധ്യത്തെക്കുറിച്ച് 
ഇന്‍ഡ്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി എന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനുള്ള പ്രധാന അനുമതി നല്‍കേണ്ട വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു. ബാക്കി അനുമതികളെല്ലാം വലിയ പ്രയാസമില്ലാതെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി ലഭ്യമാക്കാവുന്നതാണ്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിപത്രത്തില്‍ തുരന്നെടുക്കേണ്ട മൊത്തം പാറയുടെ അളവ് .6 മില്യണ്‍ ക്യുബിക് മീറ്ററാണ്. ഐ.എന്‍.ഒയുടെ സ്‌കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കിയിരിക്കുന്നത് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് (The Tamilnadu Generation and Distribution Corporation (TANGEDCO) ആണ്. അവര്‍ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ (ഡീറ്റേയ്ല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്-ഡി.പി.ആര്‍) 200 പേജുള്ള ഒരു ഡോക്യുമെന്റാണ്. അതില്‍ പറഞ്ഞിരിക്കുന്നത് 2.1 കിലോമീറ്ററുള്ള ടണലിനും മറ്റുമായി തുരന്നെടുക്കേണ്ടത് 2.3 ലക്ഷം ക്യുബിക് മീറ്റര്‍ വ്യാപ്തിയിലാണ്. 2.3 ലക്ഷം ക്യുബിക് മീറ്റര്‍ തുരന്നെടുക്കാന്‍ എന്തിനാണ് ആറുലക്ഷം ക്യുബിക് മീറ്റര്‍ പാറ പൊട്ടിക്കുന്നത്? പശ്ചിമഘട്ടമാണ് നിങ്ങള്‍ തുരന്നെടുക്കാന്‍ പോകുന്നത്. ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കാമെന്നത് ഊഹാതീതമാണ്. ഒന്നേമുക്കാല്‍ ലക്ഷം ട്രക്ക് ട്രിപ്പുകളാണ് പാറ കൊണ്ടുപോകാന്‍ വേണ്ടത്.

സര്‍ഫസ് ഫെസിലിറ്റി-ഓഫിസ്, താമസസ്ഥലം, വര്‍ക്ക് ഷോപ്പ്- തമിഴ്നാട് ഗവണ്‍മെന്റ് സംഭാവന ചെയ്തത് അവിടത്തെ പാസ്റ്ററല്‍ സമുദായങ്ങള്‍ ഉപയോഗിക്കുന്ന 27 ഹെക്ടര്‍ മേച്ചില്‍സ്ഥലമാണ്. ഈ ഭൂമി കൊടുത്തിരിക്കുന്നത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമെറ്റിക്കല്‍ സയന്‍സിനല്ല. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനുമല്ല. ഇവര്‍ രണ്ടുകൂട്ടരുമാണ് ഈ പ്രൊജക്ടിനെ നയിക്കുന്നത്. എന്നാല്‍ ഈ ഭൂമി കൊടുത്തിരിക്കുന്നത് കല്‍പ്പാക്കത്തെ ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് എന്ന സ്ഥാപനത്തിനാണ്. അവര്‍ ഈ പദ്ധതിയിലില്ല. ഈ സ്ഥാപനത്തിന്റെ പ്രധാന ഗവേഷണമേഖല റേഡിയോ ആക്ടിവിറ്റിയാണ്. അവര്‍ക്കാണ് ഈ ഭൂമി കൊടുത്തിരിക്കുന്നത്. അതിലൂടെ വേണം ഐ.എന്‍.ഒയ്ക്കു പദ്ധതിയിലേയ്ക്ക് പ്രവേശിക്കാന്‍. ഈ ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും ഡിസൈന്‍ ചെയ്തിരിക്കുന്നത് ഈ സ്ഥാപനമാണ്. ഇതെല്ലാം ഡി.പി.ആറിലുണ്ട്. ഐ.ജി.സി.എ.ആര്‍ ഒരു ഡിസൈനിംഗ് സ്ഥാപനമല്ല. പിന്നെന്തിനാണ് ഇവര്‍ കെട്ടിടങ്ങളുടെ രൂപകല്പന ഏറ്റെടുക്കുന്നത്. ചിത്രം വ്യക്തമാണ്. ന്യൂട്രിനോ ഗവേഷണത്തിനുള്ള സ്ഥാപനത്തെ മുന്‍നിര്‍ത്തി ആണവസംസ്‌കരണത്തിനു സംവിധാനം. റിസര്‍ച്ച് അവിടെ നടക്കും. അത് മൊത്തം പദ്ധതിയുടെ മൂന്നിലൊന്നിലേ വരൂ. 

ലോകത്ത് ഏറ്റവും കൂടുതല്‍ ആണവമാലിന്യങ്ങള്‍ ഉണ്ടാകുന്നത് അമേരിക്കയിലും ഫ്രാന്‍സിലും റഷ്യയിലുമാണ്. അമേരിക്കയില്‍ ഒബാമ വരുന്നതിനു മുന്‍പ് യക്കാ മലനിരകളില്‍ ആണവമാലിന്യസംസ്‌കരണത്തിനു പ്രദേശം ഉതകുമോ എന്നതുസംബന്ധിച്ച് ഒരു ഗവേഷണ പരിപാടി തുടങ്ങി. നമ്മുടെ രാജസ്ഥാന്‍ പോലെ ഒരു മരുസംസ്ഥാനമായ നെവാഡാ എന്നുപറയുന്ന പ്രദേശത്താണ് ഈ മലനിരകള്‍.  പത്തുവര്‍ഷം അവിടെ പഠനങ്ങള്‍ നടന്നു. കേരളത്തില്‍ നിന്നടക്കം രാജ്യാന്തരഗവേഷകര്‍ അവിടെ പങ്കെടുത്തു. ഒബാമ വന്നപ്പോള്‍ അത് സൂക്ഷ്മമായി പരിശോധിച്ച് അവിടെ വേണ്ടെന്നു തീരുമാനമായി. പത്തു കൊല്ലത്തിനുശേഷം. നിരന്തരഗവേഷണം നടത്തിയിട്ട്. നമ്മളെപ്പോലെ ജനസാന്ദ്രതയൊന്നും അവിടെയില്ലാത്തതുകൊണ്ട് അവര്‍ക്ക് അത്രയൊന്നും ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നിട്ടും വര്‍ഷങ്ങളോളമെടുത്ത ഗവേഷണത്തിനൊടുവില്‍ ആണവസംസ്‌കരണകേന്ദ്രം  അവിടെ വേണ്ടെന്നു വെയ്ക്കാന്‍ അവര്‍ക്കത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. 

ജലനഷ്ടമുണ്ടാകുന്നെന്ന് പറഞ്ഞു. വിശദീകരിക്കാമോ?
കണികാപരീക്ഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ നിര്‍മ്മാണത്തിന്റെ സന്ദര്‍ഭത്തില്‍ ജലം നഷ്ടമാകുമെന്നു  വ്യക്തമാക്കുന്നത് ഇതേ ഡി.പി.ആര്‍ തന്നെയാണ്.  ഭൂമിയ്കടിയില്‍ വെള്ളം എവിടെയുണ്ട് എന്നറിയാന്‍ പെട്ടെന്നു പറ്റില്ല. ഇടുക്കിയില്‍ ശരാശരി 1000 മീറ്റര്‍ താഴെയാണത്. പൊട്ടിപ്പുറത്ത് നാനൂറു മീറ്റര്‍ വരും. പാറ പൊട്ടിച്ചെടുക്കാന്‍ 1500 കിലോഗ്രാം ജലാറ്റിന്‍ വേണ്ടിവരും. 500 കിലോഗ്രാം ഒരു തവണ. അങ്ങനെ മൂന്നുതവണ. ഇതു പൊട്ടിക്കുമ്പോള്‍ സ്‌ഫോടനസമയത്തുണ്ടാകുന്ന പകുതിയിലേറെ ഊര്‍ജം പൊട്ടാനുപയോഗപ്പെടില്ല. അത്  സീസ്മിക് എനര്‍ജിയായി മാറും. പൊട്ടിക്കാനുപയോഗിക്കുന്നതില്‍ 40 ശതമാനം മാത്രമേ പാറയില്‍ വിള്ളലുണ്ടാക്കാന്‍ പ്രയോജനപ്പെടുന്നുള്ളൂ. ബാക്കി സീസ്മിക് എനര്‍ജിയായി ഭൂമിയുടെ ഉള്ളിലേയ്ക്ക് റേഡിയേറ്റ് ചെയ്ത് പരക്കും. ഇവിടെ പാറക്കടിയിലുള്ള വിള്ളലുകള്‍ ഭൂഗര്‍ഭജലത്തിന്റെ വഴിയാണ്. ഇത്തരം സ്ഥലങ്ങളില്‍ ഇങ്ങനെ തുരങ്കങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലാത്തതാണ്. 

ഇത്തരമൊരു പദ്ധതി ഭൂഗര്‍ഭജലത്തിന്റെ ഒഴുക്കിനെ ബാധിക്കുമെന്നതിനു തെളിവുകളുണ്ട്. ഇറ്റലിയിലെ സാന്‍ ഗ്രാസോ ന്യൂട്രിനോ നിരീക്ഷണശാല തന്നെ ഉദാഹരണം. 1200 മീറ്റര്‍ താഴ്ചയിലാണ് നിലയം പണിതത്. ഇന്നുള്ളതില്‍ വെച്ച് ഏറ്റവും വലിയ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി. തുരങ്കം പണിതതോടെ അവിടെ വെള്ളപ്പൊക്കമുണ്ടായി. ടണല്‍ വെള്ളം കൊണ്ടുനിറഞ്ഞു. മുല്ലപ്പെരിയാര്‍ സംഭരണിയില്‍ നിറയുന്ന ജലത്തിന്റെ അളവോളം പുറത്തേയ്ക്ക് പമ്പ് ചെയ്തുകളയുകയാണ്. അത് ടോക്സിക് ആയതുകൊണ്ട് പുനരുപയോഗത്തിന് സാധ്യമല്ല. ഈ പ്രദേശത്തെ നീരൊഴുക്കിന്റെ ഗതിമാറുകയും ഭൂഗര്‍ഭജലത്തിന്റെ വിതാനം 560 മീറ്റര്‍ താഴുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയുടെ നിര്‍ദ്ദിഷ്ടപദ്ധതി പ്രദേശമായ തേനി, ഇടുക്കി ജില്ലകള്‍ അനുയോജ്യമല്ലെന്നു പറയുന്നത്.  നീലഗിരിയില്‍ ടണലുണ്ടാക്കിയതിന്റെ അനുഭവങ്ങളില്‍നിന്നാണ് ഡി.പി.ആറില്‍ വാട്ടര്‍ ലോസ് ഈസ് ഇനെവിറ്റബ്ള്‍ എന്നു പറയുന്നത്.  ഭൂമിയ്കടിയില്‍ വെള്ളം കിനിയുന്നത് സംപ് ഉണ്ടാക്കി ശേഖരിക്കുകയും അത് നിരന്തരം പുറത്തേക്ക് പമ്പ് ചെയ്തു കളയുകയും ചെയ്യുകയെന്നതാണ് ഡി.പി.ആര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം. 

ഇവിടെ നഷ്ടമാകുന്ന വെള്ളം ആരുടേതാണ്? തമിഴ്നാട്ടുകാരുടേതു മാത്രമല്ല, കേരളത്തിന്റേതു കൂടിയാണ്. ഭൂഗര്‍ഭജലം എത്രയെന്നു കുറേയൊക്കെ നമുക്ക് അളന്നറിയാം സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.  ഈ വെള്ളം കേരളത്തിലെ ഏതെങ്കിലും നദിയിലേയും അണക്കെട്ടിലേയുമൊക്കെ വെള്ളമായിരിക്കും. ജലാശയത്തിലെ വെള്ളം ഒരു മീറ്റര്‍ താഴുകയാണെങ്കില്‍ അത് നമ്മുട ജലസേചനത്തേയും  വൈദ്യുതി ഉദ്പാദനത്തേയും കൃഷിയേയുമൊക്കെ നേരിട്ടു ബാധിക്കും. കേരളത്തിലെ ഗവണ്‍മെന്റ് ഇതു വല്ലതുമന്വേഷിച്ചിട്ടുണ്ടോ? പ്രൊജക്ട് വരുന്നതുകൊണ്ട്  വൈഗൈനദിയേയും പോഷകജലസാന്നിധ്യങ്ങളേയും ബാധിക്കുമോ എന്നത് പരിശോധിക്കാന്‍, പഠനം നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായി.  തമിഴ്നാടിന് വൈഗൈയെക്കുറിച്ച് ആശങ്കയുള്ളപ്പോള്‍ കേരളത്തിന് അതിനേക്കാള്‍ വലിയ നദിയായ പെരിയാറിനെ സംബന്ധിച്ച് ഒരു ആശങ്കയുമില്ല. ഇതൊരു ഇന്റര്‍ സ്റ്റേറ്റ് പ്രൊജക്ടാണ് എന്ന് തമിഴ്നാട് സ്റ്റേറ്റ് എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ് അഥോറിറ്റി പറഞ്ഞു. അതായത് പ്രൊജക്ടിരിക്കുന്ന പ്രദേശത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മറ്റൊരു സംസ്ഥാനത്തിന്റെ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കില്‍ അതൊരു അന്തര്‍സംസ്ഥാന പദ്ധതിയാണ്.  അത്തരമൊരു പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇവിടെ തമിഴ്നാടിനേയും കേരളത്തേയും ഒപ്പമിരുത്തി കേന്ദ്രമാണ്. എന്നാല്‍, രണ്ടാമതൊരു തീരുമാനം വന്നപ്പോഴും കേരളത്തിനോട് ഒരക്ഷരം  ഇതുസംബന്ധിച്ച് ചോദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ചോദിച്ചുവെന്നത് സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. തീരുമാനം വന്നതിനുശേഷം അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവുസംബന്ധിച്ച് ഒരു ചോദ്യവും നമ്മുടെ സംസ്ഥാന ഭരണകൂടത്തില്‍ നിന്നുണ്ടായിട്ടില്ല.  

തേനിയിലെ നിര്‍ദിഷ്ട കണികാ പരീക്ഷണ കേന്ദ്രം
തേനിയിലെ നിര്‍ദിഷ്ട കണികാ പരീക്ഷണ കേന്ദ്രം

വര്‍ധിച്ച ഭൂകമ്പസാധ്യത
സുരുളി ഭ്രംശമേഖലയുടെ വടക്കേ അറ്റത്താണ് ഇടുക്കി, തേനി ജില്ലകള്‍. നിര്‍ദ്ദിഷ്ട പദ്ധതിയുടെ അറ്റത്താണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് നടക്കുന്നത് എന്നത് ആശങ്കാജനകമാണ്. ഇത്തരം പദ്ധതികള്‍ക്ക് തെരഞ്ഞെടുക്കേണ്ട സ്ഥലം ഭൂകമ്പസാധ്യത തീരെക്കുറഞ്ഞതായിരിക്കണമെന്നതാണ് ഒരു മുന്നുപാധി. നിര്‍ദ്ദിഷ്ടപദ്ധതി പ്രദേശമായ തേനി, ഇടുക്കി ജില്ലകള്‍ സീസ്മിക് സോണ്‍ മൂന്നിലാണ്. ഏറ്റവും കുറവ് ഭൂകമ്പസാധ്യതയുള്ള സ്ഥലങ്ങള്‍ സീസ്മിക് സോണ്‍ രണ്ടും. പാറപൊട്ടിക്കുമ്പോള്‍ ഹ്യൂമന്‍ ട്രിഗേഡ് എര്‍ത് ക്വേക്ക് ഉണ്ടാകും. ക്വാറികളില്‍ പാറ പൊട്ടിക്കുമ്പോള്‍ നേരിയ തോതിലെങ്കിലും ഇതുണ്ടാകുന്നുണ്ട്. സീസ്മിക് എനര്‍ജി സഞ്ചരിക്കാന്‍ പറ്റുന്ന ഒരു ചാനലാണ്  ഫോള്‍ട്ട് ലൈനാണ്. ട്രിഗേഡ് എര്‍ത് ക്വേക്ക് ഉണ്ടാകുന്നത് ഇപ്പോഴും ഫോള്‍ട്ട് ലൈനുകള്‍ ഉള്ള മേഖലകളിലാണ്.  കേരളം സീസ്മിക് സോണ്‍ 3-ലാണ്.  ഇത് മഹാരാഷ്ട്രയില്‍ രത്‌നഗിരി വരെയും തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെ 13 ജില്ലകളും ഈ സോണില്‍ വരും. ഇടുക്കിയില്‍ നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും മുന്‍പും ഭൂചലനം ഉണ്ടായിട്ടുണ്ട്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ 50 കിലോമീറ്ററിനുള്ളില്‍ നിരവധി അണക്കെട്ടുകളുണ്ട്. ഇതൊക്കെ ഉണ്ടാക്കുന്ന അപകടസാധ്യതകള്‍  നമ്മുടെ സമൂഹവും ഭരണകൂടവും ഇതുവരെ ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമാണ്.

തമിഴ്നാട്ടിലേയും കേരളത്തിലേയും എട്ടുജില്ലകള്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നത് ഇടുക്കി ജില്ലയാണ്. ശ്രദ്ധേയമായ ജൈവവൈവിധ്യമുള്ള ഇടങ്ങളാണ് ഇവിടത്തെ മലയോരങ്ങള്‍. മതികെട്ടാനടക്കമുള്ള ചോലവനങ്ങള്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മതികെട്ടാനടുത്താണ് ആനയിറങ്കല്‍ അണക്കെട്ട്. മഴ പെയ്യാത്ത സമയങ്ങളില്‍പ്പോലും ജലം ഉറപ്പുവരുത്തുന്നത്  ഇവിടങ്ങളില്‍നിന്നൊഴുകുന്ന ചെറിയ ഒഴുക്കുകളാണ്. ഇതൊക്കെയാണെങ്കിലും നമ്മുടെ നാട്ടുകാരേയും ഭരണക്കാരേയും ആശങ്കകളൊന്നും ബാധിച്ച മട്ടില്ല. ഇത് ഇങ്ങനെ തുടരുന്ന പക്ഷം ഞാന്‍ ഇന്നാട്ടിലെ ഭരണക്കാരെക്കൂടി എതിര്‍കക്ഷികളാക്കി കോടതിയില്‍ സമീപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com