കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്‍

എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍.
മാരിയോ ആര്‍ഫാനൊറ്റിയുടെ പെയിന്റിങ്‌
മാരിയോ ആര്‍ഫാനൊറ്റിയുടെ പെയിന്റിങ്‌

ര്‍ഷജ്ഞാനത്തിന്റെ പത്താം അധ്യായത്തില്‍നിന്നാണ് വിധവയ്ക്ക് ഒരു പുല്ലിംഗം അന്നേ കല്പിച്ചുകൊടുത്തിരുന്നെന്നും വിധവയ്ക്ക് ഒഴിവാക്കപ്പെട്ട മംഗളകര്‍മ്മങ്ങളേവയും ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവിനും ബാധകമാണെന്നുമൊക്കെ ധരിക്കാനിടയായത്. എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍. അപ്പോള്‍ വൈധവ്യം എന്നത് പുരുഷനും ചേര്‍ന്നുപോവുന്നതാവണം. അപ്രകാരം ഒരു വാക്ക് സമൂഹത്തിന്റെ ശബ്ദകോശത്തില്‍ വരുന്നതോടെ വിധവയുടെ അവസ്ഥയ്ക്ക് എങ്ങനെയോ ഒരു വ്യാപനം സിദ്ധിക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രീ, സമൂഹത്തിന്റെ പിന്‍പുറങ്ങളിലേയ്ക്ക് ഒതുക്കി മാറ്റപ്പെടുക എന്ന വേദനാപൂര്‍വ്വമായ വിവേചനം ഇവിടെ അയഞ്ഞുവരുന്നു; പുരുഷനും അതു ബാധകമാവുമെന്നതിനാല്‍. സ്ത്രീയോട്  പ്രദര്‍ശിപ്പിച്ചിരിക്കാവുന്ന പ്രാചീനകാലത്തെ മര്യാദ തന്നെയാവണം, അത്. ഭര്‍ത്തൃഹീനയായ സ്ത്രീ, ഭാര്യാഹീനനായ പുരുഷനുമായി സമസ്ഥിതിയിലാവുന്നത്, തീര്‍ച്ചയായും സമൂഹത്തിന്റെ ആഭ്യന്തര ബലങ്ങളെ, Civil Forces സന്തുലനത്തിലാക്കും. അവിടെ, ഒരിക്കലും സ്ത്രീ പുരുഷന്റെ ഹിതാനുവര്‍ത്തിയല്ല, ഒരു പരസ്പര ബഹുമാനത്തിന്റെ നിലയിലേ, ആ സംബന്ധങ്ങള്‍ നിലകൊള്ളുകയുള്ളൂ.

ഇതിനെ പിന്തുടര്‍ന്നാല്‍, കന്യകയ്ക്ക് പുല്ലിംഗമെന്തെന്ന് ഒരു ഞൊടിയില്‍ നാം എഴുതിപ്പോവുന്നു - കന്യകന്‍. ഇപ്രകാരം ഒരു വാക്ക് തേടിയതിനാല്‍ മാത്രം, കന്യകാത്വം Virginity എന്ന അവസ്ഥയ്ക്ക് പുരുഷലിംഗത്തില്‍ ഒരു സമാനത ഉണ്ടാവുന്നോ? കന്യകയ്‌ക്കേ പുല്ലിംഗമുള്ളൂ, കന്യാചര്‍മ്മത്തിന് (Hymen) അനുസാരിയായി ഒരു ഛേദം പുരുഷനില്ല. സ്ത്രീത്വവും പുരുഷത്വവും തമ്മിലുള്ള ജൈവവ്യത്യാസം, കന്യാചര്‍മ്മത്തില്‍നിന്ന്  (Virgin Veil) തുടങ്ങുന്നു എന്നത് ഒരു പരമാര്‍ത്ഥമാണ്. റെബേക്കയുടെ നേര്‍ത്ത മൂടുപടം നിങ്ങള്‍ ഓര്‍ത്തില്ല ഇല്ലെങ്കിലും! ഒരു മതകര്‍മ്മത്തിലും കന്യാഛേദം സ്പര്‍ശിക്കപ്പെടുന്നില്ല (പുരുഷലിംഗമെന്നപോലെ, സുന്നത്തില്‍) ഞാന്‍ ആദ്യം അതും പരിചയിച്ചത് ഈ വാക്കല്ലെന്നുകൂടി സ്പഷ്ടമാക്കട്ടെ, അത് Hymen തന്നെയായിരുന്നു, Psychology of sex എന്ന ഗ്രന്ഥത്തില്‍. കന്യാശ്രീയുടെ (Maidenhead)  അടയാളമായി ഹാവ്ലോക്ക് എല്ലിസ് അതിനെ പരാമര്‍ശിക്കുന്നെങ്കിലും പാതിവ്രത്യത്തിന്, ഈ ചര്‍മ്മ പടലം (Flap of tissue) അത്ര അനിവാര്യമൊന്നുമല്ലെന്നും അദ്ദേഹം എഴുതുന്നുണ്ട്. കായികമത്സരങ്ങളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളില്‍, ചിലപ്പോള്‍ അത് ഭേദിക്കപ്പെടാറുണ്ട്, അനുകാലത്ത്. പാതിവ്രത്യത്തിന്റെ അനിഷേധ്യമായ ചിഹ്നമൊന്നുമല്ല, കന്യാചര്‍മ്മം എന്നാണുദ്ദേശിച്ചത്.

കന്യകയ്ക്ക് പുല്ലിംഗം ലഭിച്ചെന്നുവെച്ച്, കന്യകാത്വത്തിന്  സമശീര്‍ഷമാണോ ബ്രഹ്മചര്യം, Celibacy? തീര്‍ച്ചയായും അതില്‍ ചില ദര്‍ശനഭേദങ്ങളുണ്ട്, കന്യകാത്വം എന്ന അവസ്ഥയെ കൂടുതല്‍ കണിശമായി മനസ്സിലാക്കാവുന്ന വിധം. കന്യാസ്ത്രീ എന്നേ മനുഷ്യ സംസ്‌ക്കാരത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ, കന്യാപുരുഷന്‍ എന്നല്ല. കന്യകനായ പുരുഷനെക്കാള്‍, കന്യകയായ സ്ത്രീക്ക് ജന്മസിദ്ധമായ ഒരു മികവ്, തികവ് സ്വായത്തമാണ്. ശാരീരികമായും ശരീരാതീതമായും. പ്രകൃതിയുമായി സാധര്‍മ്യം സ്ത്രീക്കാണ്, പുരുഷനെക്കാളേറെ, നിസ്സന്ദേഹം. പ്രകൃതിയിലെ ഋതുപ്പകര്‍ച്ചകള്‍, ഒരു സ്ത്രീ ശരീരത്തിലെന്നപോലെ പുരുഷശരീരത്തില്‍ അനുഭവസ്ഥമാവുന്നില്ല. കരോളിന്‍ മര്‍ച്ചന്റിന്റെ The Death of Nature എന്ന ഗ്രന്ഥത്തെക്കുറിച്ചാണ്  ഓര്‍ത്തുപോവുക. സ്ത്രീയുടെ മരണം, പ്രകൃതിയുടെ മരണമാണെന്ന് അസന്ദിഗ്ധമായി മറ്റൊരു സ്ത്രീപക്ഷ എഴുത്തുകാരിയും, ജെര്‍മന്‍ ഗ്രീറോ, കിത്ത മില്ലറ്റോ ഒന്നും പ്രകീര്‍ത്തിച്ചിട്ടില്ല. സ്ത്രീയെ പ്രകൃതിയുമായി സദൃശപെടുത്തുന്നതിനാല്‍, പ്രകീര്‍ത്തനം എന്നുപയോഗിച്ചതാണ്. കലപ്പ തട്ടി പുറത്തുവന്ന സീതയുടെ പുരാവൃത്തം, അറിഞ്ഞിരുന്നെങ്കില്‍ കരോളിന്‍ മര്‍ച്ചന്റ് തന്റെ പരിപ്രേക്ഷ്യത്തില്‍ പ്രമുഖമായി അവതരിപ്പിക്കുമായിരുന്നു, ഗ്രീക്ക് മിത്തോളജിക്ക് ഒപ്പം. പാരിസ്ഥിതിക ദേവത എന്ന രീതിയില്‍ Ecological Goddess, മറ്റേതൊരു പുരാവൃത്ത നായികയേക്കാളേറെ സീതയെ, ചിന്താവിഷ്ടയായപ്പോഴോ അതിനു മുന്‍പോ, അടയാളപ്പെടുത്തുന്നത് പരമമായ ഔചിത്യം മാത്രമാണ്. ഭൂമിപുത്രിയായി മറ്റേതൊരു നായികയാണുള്ളത്, മനുഷ്യരാശിയുടെ വംശഗാഥകളില്‍? ഋതുപ്പകര്‍ച്ചകള്‍ എന്നതിനെ കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഋതുമതിയാവുക, സുമംഗലയാവുക, പുതിയൊരു ജീവന്റെ നാമ്പ് പൊടിയുന്നതറിയുക, പിന്നീട് രജസ്സിന്റെ ബാഷ്പം നിലയ്ക്കുന്നതറിയുക - ഈ അവസ്ഥാന്തരങ്ങള്‍ ഒരിക്കലും പുരുഷനില്‍ നിര്‍വ്വചിക്കപ്പെടുന്നില്ലല്ലോ. ലൈംഗികതയുടെ ഛായാഭേദങ്ങള്‍ എന്നും അതിനെ മനസ്സിലാക്കാം.

ഹാവ്‌ലോക്ക് എല്ലിസ്‌
ഹാവ്‌ലോക്ക് എല്ലിസ്‌

കുഞ്ഞിനെ സ്തന്യമൂട്ടി വളര്‍ത്തുമ്പോള്‍ ഉളവാകുന്ന ലൈംഗിക ഗ്രന്ഥികളിലെ  മയം ഒരിക്കലും പുരുഷന് അഭികാമ്യമാവുകയില്ല. മറ്റൊരു സാംഗത്യത്തിലുള്ള ഋതുപ്രാപ്തി (Maturation) കൂടിയാണിത്. തന്നെ ചൂഴ്ന്നുവരുന്ന ഗാര്‍ഹികതയെ കൂടുതല്‍ തരളമായി പരിചരിക്കാന്‍ അത് അവളെ സഹായിക്കുന്നു. ആധ്യാത്മികാവബോധത്തിലേയ്ക്ക്  Spiritual Consciounsess, നീളുന്ന മാര്‍ഗ്ഗവുമാണിത്. സ്ത്രീ വേള്‍ക്കപ്പെടുക, ഗര്‍ഭസ്ഥയാവുക എന്നത് ഒരു പരിപൂര്‍ത്തി മാത്രമാണ്. മാതൃത്വത്തിന്റെ വിനിമയങ്ങള്‍, Breast Expressions അഭാവത്തിലാവുന്ന  സ്ത്രീകളില്‍ ചില പരിമിതികളുണ്ടെന്നു കൂടി നാം ധരിക്കുക. സര്‍ഗ്ഗാത്മകമായ അന്വേഷണങ്ങളില്‍ ശ്രദ്ധ ചെലുത്തുകയെന്നതാണ് അവര്‍ക്കുള്ള പോംവഴി. ഇതിന്റെ പ്രഫുല്ലമായൊരു സന്ദര്‍ഭം, ഭാരതീയ പൈതൃകത്തിലുണ്ടെന്ന്  ചൂണ്ടിക്കാണിക്കട്ടെ. ബൃഹ്ദാരണ്യകോപനിഷത്തില്‍ നിദര്‍ശിക്കപ്പെട്ട  മൈത്രേയിയുടെ കഥയ്ക്ക്, ലോകസംസ്‌കൃതിയില്‍ സമാന്തരങ്ങളില്ല. അത് പരിപോഷിപ്പിച്ചത് യാജ്ഞവല്‍ക്യനാണ്, പത്‌നിയായ കാത്യായനിയുടെ സൗമനസ്യത്തോടെ. അത്,  ഒരുപക്ഷേ, സാപത്‌ന്യത്തിന്റെ ഉദാത്തമായ ഒരു ചിത്രമായിരിക്കണം. ശരീരഭിന്നമായും ഒരു പുരുഷന് സ്ത്രീയുമായി, അവളുടെ ജിജ്ഞാസകളുമായി, വിനിമയ സാഫല്യം സാധ്യമാണെന്നതിന്റെ  ചരിത്രം, അവ്വിധം സാഫല്യങ്ങള്‍, കുറെ വിരളമാണെന്നു മാത്രം സൂചിപ്പിക്കട്ടെ.

കരോളിന്‍ മര്‍ച്ചന്റ്‌
കരോളിന്‍ മര്‍ച്ചന്റ്‌

പെണ്ണുടലില്‍ അര്‍ത്ഥവത്താകുന്ന അസ്പൃശ്യത
കന്യകയ്ക്ക് പുല്ലിംഗമന്വേഷിച്ച മനസ്സ്, എന്തേ പാതിവ്രത്യത്തിന്റെ Counter state ആരായാഞ്ഞ്? വ്രതബദ്ധയായി പതിയെ സേവിക്കുന്നവള്‍ പതിവ്രതയെങ്കില്‍ വ്രതബദ്ധനായി ഭാര്യയെ സേവിക്കുന്ന ആള്‍ പതിവ്രതനായിരിക്കണം. ഇവിടെയൊക്കെയും പരിഗണിക്കേണ്ടുന്ന ഒരു അടിയന്തര സന്ദര്‍ഭം, പുരുഷന് ജീവന്റെ നാമ്പ് പേറാന്‍ വിധിയില്ലെന്നതാണ്. ഇതാണ് കന്യകയെ, പതിവ്രതയെ പാടേ വ്യത്യസ്തമാക്കുക, ഗുണപരമായി അഭിജാതയാക്കുക. Hymen എന്നത് ഇക്കാലങ്ങളില്‍ എന്തെങ്കിലും ശ്രദ്ധ അര്‍ഹിക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല. First pang of cleaning virgin veil എന്നതിന്, പ്രഥമരാത്രിയുടെ അല്ലെങ്കില്‍ പ്രഥമസംയോഗത്തിന്റെ യാമങ്ങളില്‍ എന്തെങ്കിലും സാംഗത്യം കല്പിക്കപ്പെടുന്നുവോ എന്നും. പക്ഷേ, അതില്‍ എക്കാലത്തും പ്രസക്തമായ ഒരു ഭേദനമുണ്ട്; സ്ത്രീയെ മാത്രം സംബന്ധിക്കുന്നത്. അസ്പൃശ്യം, അനാഘ്രാതം എന്നീ വിശേഷണങ്ങള്‍ പെണ്ണുടലില്‍ മാത്രം അര്‍ത്ഥവത്താവുന്നു എന്നുതന്നെ നാമറിയുന്നു. പുരുഷനാണ് ഭേദിക്കുന്നത്; സ്ത്രീയാണ് ഭേദിക്കപ്പെടുന്നത്. കാമകേളിയിലെ വൈവിധ്യങ്ങള്‍, അന്നേ വാത്സ്യായനന്‍ വരച്ചിട്ടതിനു സമം സംഭവിക്കുമ്പോഴും പുരുഷനു ബദല്‍ സ്ത്രീ  കമിഴുമ്പോഴും അവസ്ഥ ഇതില്‍ത്തന്നെയാണ് കന്യകാത്വമോ പാതിവ്രത്യമോ പരിരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യം മാറിക്കിടക്കുന്നത്. ബീജാധാനത്തെക്കാള്‍ എത്രയോ സങ്കീര്‍ണ്ണവും കാലയളവേറിയതുമാണ്, ബീജസ്വീകാരം. ഗര്‍ഭാശയത്തിന്റെ മഹിമ തന്നെയാണത്. Womb of Earth എന്നേ പറയുകയുള്ളൂ, Phallus of Earth എന്ന് എവിടെയും ആരും സങ്കല്പനം ചെയ്യാറില്ല. കരോളിന്‍ മര്‍ച്ചന്റ് സൂചിപ്പിച്ച പ്രകൃതിയുടെ ഋതുപ്പകര്‍ച്ച സ്ത്രീക്ക് എളുപ്പം ഗമ്യമാവുന്നതില്‍ ഇതും അന്തര്‍ഭവിച്ചിരിക്കുന്നല്ലോ.

വല്‍സന്‍ തമ്പു
വല്‍സന്‍ തമ്പു

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍, വല്‍സന്‍ തമ്പു Being Chaste എന്നതേക്കുറിച്ചും Being Celibate  എന്നതേക്കുറിച്ചും ചില ചിന്തകള്‍ പങ്കുവെയ്ക്കുന്നുണ്ട്, കാത്തലിക്ക് ക്ലര്‍ജിയുടെ ചില അപഭ്രംശതകളുടെ പശ്ചാത്തലത്തില്‍ -  Time to End Priestly Celibacy 8-4-18, Indian Express. ഇതു രണ്ടും ഒരിക്കലും സമാന്തരാവസ്ഥകളോ താരതമ്യം ചെയ്യാവുന്ന അവസ്ഥകളോ അല്ലെന്ന് അദ്ദേഹം ഉന്നയിക്കുേേമ്പാള്‍ നാം വിയോജിക്കുന്നില്ല. പാതിവ്രത്യത്തില്‍ ഒരിക്കലും Spilling Your Beans എന്ന പരിണതിയില്ല, ബ്രഹ്മചര്യത്തില്‍, അതിന്റെ ഭഞ്ജനത്തിലെന്നപോലെ. സ്വയംഭോഗം പുരുഷനെ കേന്ദ്രീകരിച്ചാണ് എപ്പോഴും നടമാടുന്നത്. സ്ത്രീക്ക് അങ്ങനെ ഒരു പരിപൂര്‍ത്തി, ഈ വാക്ക് അടിവരയിടുക കാംക്ഷിക്കാവതല്ല. നേരത്തെ പരാമര്‍ശിച്ചതുപോലെ അവള്‍ എല്ലായ്പോഴും സ്വീകര്‍ത്താവ് ആയി ഭവിക്കുന്നു. അവളുടെ ഓര്‍ഗസത്തിന് അത്തരമൊരു Passivity അഥവാ, ആശ്രിതത്വം ഉണ്ട്, ഏതു ഭോഗമുറയിലും. അതിന്റെ സാധ്യാസാധ്യതകളിലേയ്ക്ക്  നാം പ്രവേശിക്കുന്നില്ല. Priestly Celibacy വലിയൊരളവ് വരെ, പ്രതൃത്യനുസാരിയല്ലെന്നാണ് ലേഖകന്‍ മുന്നോട്ടു വയ്ക്കുന്നത്. അവ്വിധം നിയന്ത്രണങ്ങള്‍ അപ്രാകൃതികമാണ്. എന്തുകൊണ്ട് പുരോഹിതര്‍ക്ക് നൈസര്‍ഗ്ഗികമായ ഒരു വേഴ്ച അനുവദിച്ചുകൂടാ? സ്‌നേഹം സ്‌തോത്രം ചെയ്യുന്ന പുരോഹിതര്‍ക്ക്, വിശേഷിച്ചും? രതിയെന്നത് സ്‌നേഹത്തിന്റെ വശ്യവും ധാര്‍മ്മികവുമായ ഒരു ആവിഷ്‌ക്കാരമാണ്. 'Sex is a natural, Necessary Expression or Love.' സ്‌നേഹത്തിന്റെ തിരിച്ചറിവിലാണ് ഒരു മനുഷ്യന്‍ അവന്റെ  ജന്മസായൂജ്യം കണ്ടെത്തുന്നത്; മൃഗജാതിയില്‍നിന്ന് അല്‍പ്പം ഭിന്നമായി മനുഷ്യന്‍ ഇതിനെ ആദര്‍ശവല്‍ക്കരിക്കുന്നെങ്കില്‍, അത് അവനിലുള്ള ചില സാത്വികത്വരകള്‍ ഹേതുവാണ്. സ്‌നേഹത്തിന്റെ ഈ ശാരീരികഭാഷ്യം അവന് ഒരു ബന്ധദാര്‍ഢ്യമേകുന്നു, പുരാതനത്വവുമായി, പരമ്പരകളുമായി. ഇവിടെ, ഇണകളെ ബന്ധിപ്പിക്കുന്നത് ജീവോര്‍ജ്ജമാണ്, Libido. ഇത് കേവലമായ ആസക്തിയില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. അനിയന്ത്രിതമായ കാമം, ഒരിക്കലും സ്‌നേഹത്തിന്റെ ആവിഷ്‌ക്കാരമാവുകയില്ല. വല്‍സന്‍ തമ്പുവിന്റെ ചിന്തകളില്‍, ഈ വ്യതിരേകം കൃത്യമായി സ്ഫുരിക്കുന്നു എന്നതാണ് അഭികാമ്യം. സ്ത്രീപുരുഷ സ്‌നേഹത്തിന് ശാരീരികവും വൈകാരികവും ആധ്യാത്മികവുമായ വിതാനങ്ങളുണ്ട്. മൃഗജാതിക്കും പക്ഷിജാതിക്കും അപ്രവേശ്യമായ വിതാനങ്ങളുമാണിവ. മൈത്രേയിയുടേയും യാജ്ഞവല്‍ക്ക്യന്റേയും ജീവരതി തന്നെയാണ് അവരെ ആധ്യാത്മികമായ വിനിമയങ്ങളിലേയ്ക്ക്  ആനയിച്ചത്.

കാമവും സ്‌നേഹവുമായുള്ള പൊരുത്തക്കേടിന്റെ, Incompatibility, ഏറ്റവും മൂര്‍ത്തമായ പരിതോവസ്ഥയാണ് ബലാത്സംഗം. എല്ലാ മൃദുലവികാരങ്ങളും ശാരീരികമായ കീഴ്പ്പെടുത്തലിന് വഴിമാറുന്നു അവിടെ, തീര്‍ച്ചയായും Reptilian  Complex  തന്നെയാണ് പ്രബലമാവുക. ഇരയെ അധീനപ്പെടുത്തുക എന്ന ഇരപിടിയന്റെ ചോദന തന്നെയാണ്, Predatory Instinct, അവിടെ വെളിപ്പെടുക. പാരസ്പര്യമെന്നത് തീര്‍ത്തും ക്ഷിതമായ, ഏകപക്ഷീയത - ഇത് നിഷ്‌കരുണവുമാണ്. മനുഷ്യ മസ്തിഷ്‌കത്തിന്റെ നേര്‍മയുടെ സ്തരങ്ങളില്‍ നിന്നല്ല, അത്തരം ചോദനകള്‍ നുരച്ചുവരിക. പുനിതമായ സ്‌നേഹം ഒരിക്കലും കാമാന്ധമാവുകയില്ല. അതിന്റെ മണ്ഡലങ്ങളിലേയ്ക്ക് എത്തിച്ചേരണമെങ്കില്‍, കാമത്തിന്റെ പരസ്പരമുള്ള ഉന്മീലനമോ ബാഷ്പീഭവനമോ സംഭവിക്കേണ്ടതുണ്ട്. ഈ ബാഷ്പീഭവനമാണ്, മറ്റൊരര്‍ത്ഥത്തില്‍  Celibacy-യെ അര്‍ത്ഥപൂര്‍ണ്ണമാക്കുക. എങ്ങനെയാണ്, അത് ജീവിതത്തില്‍, ഒരു പുരോഹിതന്റെ ജീവിതത്തില്‍ താരുണ്യദശയില്‍ പ്രാവര്‍ത്തികമാക്കുക? അതിന് ചതുര്യുപായങ്ങളുണ്ടെന്നാണ് തോന്നുന്നത്, വല്‍സന്‍ തമ്പു വിശകലനത്തിന് മുതിരാത്ത ഒരു ഇടവുമാണത്. ഒന്നാമത്തേത് ഭക്ഷണത്തില്‍ അനുശീലിപ്പിക്കപ്പടേണ്ട മിതത്വം. മാംസ്യമോ മറ്റ് ഉദ്ദീപനാഹാരങ്ങളോ കഴിവതും വര്‍ജ്ജിക്കേണ്ടതുണ്ട്. യോഗമുറകള്‍ നിങ്ങള്‍ അനുധാവനം ചെയ്യുന്നെങ്കില്‍, അതിന് ആനുപാതികമായി ഭക്ഷണക്രമവും ജീവിതത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. യോഗമുറകള്‍ക്കൊപ്പം പോവുന്നതല്ല, കാടയിറച്ചിയോ അതുപോലെ കാമസംവര്‍ദ്ധകങ്ങളായ പദാര്‍ത്ഥങ്ങളോ എന്ന് സാരം. മനുഷ്യന്റെ ലൈംഗിക ഗ്രന്ഥികള്‍, എപ്പോഴും ഊര്‍ജ്ജസ്വലമായിത്തന്നെയാണ് വര്‍ത്തിക്കുക- അരോഗതയുടെ ലക്ഷണം കൂടിയാണത്. യോഗക്രമത്തില്‍ മാംസപേശികളല്ല, ഒരു ജിംനേഷ്യത്തില്‍ എന്നവണ്ണം തിടം വെച്ചുവരിക ചിത്തപേശികളാണ്. ആഹാരത്തില്‍ മിതത്വം പാലിച്ചാല്‍, പിന്നെ ഇവ്വിധം ചോദനകള്‍ കുറേയൊക്കെ പതിഞ്ഞ ഈണത്തിലാവും. മൂന്നാമത്തേത്, സംഗീതത്തിലേയ്ക്ക് ശ്രദ്ധ തിരിക്കുക എന്നതാണ്. നിങ്ങളുടെ ശ്രവണേന്ദ്രിയങ്ങള്‍ അത്തരം താളങ്ങളിലേയ്ക്ക്, മുഗ്ധതകളിലേയ്ക്ക്  തൊടുക്കുക. ശുഭ പന്തുവരാളിയുടെ ആര്‍ദ്രതയ്ക്ക് ചെവിയോര്‍ക്കുന്ന ഒരാളില്‍നിന്ന് ഒരിക്കലും ഒരു വികര്‍മ്മം ഉളവാകില്ലെന്ന് എഴുതിയത് വളരെ മുന്‍പാണ്. സംഗീതത്തിനൊപ്പം സഹാനുഭൂതിയുടെ ഉറവകള്‍ മനസ്സില്‍ തേടുക. രോഗത്തിന്റെ, മരണത്തിന്റെ സന്നിധികളില്‍ സ്വയം ഹാജരാവുക. ജീവിതത്തിന്റെ ലൗകികാതിശായിയായ മൂല്യം തിരിച്ചറിയാന്‍ കഴിയുക അത്തരം വേളകളിലാവും; മരണത്തിന്റെ, രോഗാതുരതയുടെ. തീര്‍ച്ചയായും നമ്മുടെ സാമീപ്യം ആ ബാധിതരായ മനുഷ്യര്‍ക്ക് വലിയൊരു സാന്ത്വനമേകും, നമുക്കും എന്നതാണ് ഗ്രഹിക്കേണ്ടത്. ഇവ്വിധം അനുശീലനങ്ങളുടെ അഭാവമാണ്, വാസ്തവത്തില്‍ ഒരു നൂറ്റാണ്ടു മുന്‍പ് അപ്ടണ്‍ സിംക്ലയറെക്കൊണ്ട് There never was a celibate religions order എന്ന് എഴുതിച്ചത്. ബ്രഹ്മചര്യം കുറേയൊക്കെ കഠിനമായി അനുധാവനം ചെയ്തു തന്നെ വേണം, പ്രാപിക്കുക, കന്യകാത്വത്തെക്കാളേറെ.

ഇത്തരം ശിക്ഷണങ്ങള്‍ വശഗമല്ലാത്ത പുരോഹിതര്‍ക്ക് ഒരു സാധാരണ ദാമ്പത്യജീവിതം തന്നെയാണ് ആശാസ്യം എന്നാണ് വല്‍സന്‍ തമ്പു ഉപസംഹരിക്കുന്നത്. സ്‌നേഹത്തിന്റെ അവസ്ഥാന്തരങ്ങള്‍ ഗമ്യമല്ലാത്ത ഒരുവന് അതിന്റെ യഥാസ്ഥിതിക പഥമേ അഭിലഷണീയമായുള്ളൂ. അത് അനുവദനീയമാവാത്തതെന്തേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കാത്തോലിക്ക് ക്ലെര്‍ജിയില്‍ വിശേഷിച്ചും. ആ അംഗവസ്ത്രത്തിന് ആധ്യാത്മികതയുടെ ഒരു ഛായ, അങ്ങനെയുള്ള ജീവിതത്തില്‍ നഷ്ടപ്രായമാവുന്നില്ല. പൂര്‍ണ്ണകാമിയായ ഒരുവനെ/ഒരുവളെ അതില്‍നിന്ന് തെറ്റിക്കുന്നത് ഇണയല്ല, അവരില്‍ത്തന്നെ സ്വരുക്കൂട്ടപ്പെട്ട ലൈംഗികോച്ഛൃംഖലത്വമാണ്. അതിന്റെ ശരിയായ അവബോധം, പ്രകൃതിയെ അതിന്റെ സ്ത്രീപദത്തില്‍, ശ്രീപാദത്തില്‍ മനസ്സിലാക്കണമെന്നതാണ്. കന്യകയ്ക്ക് പുല്ലിംഗം നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും അതിന്റെ ജനിതകമായ അവസ്ഥ, അല്‍പ്പം ഉയരത്തിലാണെന്ന് ധരിക്കലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com