ശോകാവസാനങ്ങളുടെ വിചിത്രക്കാഴ്ച 

റഷ്യന്‍ നോവലിസ്റ്റ് വൊദലാസ്‌കിനുമായി ഒരു കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍
യെവ്‌ഗേനി വൊദലാസ്‌കിന്‍
യെവ്‌ഗേനി വൊദലാസ്‌കിന്‍

ഷ്യയിലെ പുരാതന നഗരമായ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ ഒരു ഹോട്ടലില്‍ ഞാന്‍ കാത്തിരിക്കുന്നു, വൈകുന്നേരം. ആധുനിക റഷ്യയിലെ പ്രശസ്തനായ എഴുത്തുകാരന്‍ യെവ്ഗേനി വൊദലാസ്‌കിന്‍ വരുമെന്നു മുന്‍കൂട്ടി അറിയിച്ചിരുന്നു. റഷ്യയിലേക്ക് യാത്രതിരിക്കുന്നതിനു മുന്‍പ് ഇ-മെയില്‍ വഴി തരപ്പെടുത്തിയ കൂടിക്കാഴ്ചയായിരുന്നു. തലേന്നാള്‍ പാരീസില്‍നിന്നും ഏറെ വൈകിയാണ് സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ ഫ്‌ലാറ്റില്‍ അദ്ദേഹം എത്തിയത്. എങ്കിലും കൂടിക്കാഴ്ച ഒഴിവാക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല.

2016-ല്‍ അന്തരിച്ച പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റായ ഉമ്പെര്‍ട്ടൊ എക്കൊ എന്ന എഴുത്തുകാരനെ അനുസ്മരിച്ചുകൊണ്ട് ലാറൂസ് എന്ന നോവലിന്റെ രചനയ്ക്കു ശേഷം വൊദലാസ്‌കിനെ റഷ്യയിലെ ഉമ്പെര്‍ട്ടൊ എക്കൊ എന്നാണ് റഷ്യന്‍ സാഹിത്യത്തില്‍ അറിയപ്പെടുന്നത്. മദ്ധ്യകാലഘട്ടത്തിലെ ബൈബിള്‍ ജീവിതത്തെ ആധാരമാക്കി ഉമ്പെര്‍ട്ടൊ എക്കൊ രചിച്ച നോവലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് വൊദലാസ്‌കിന്റെ ലാറൂസ് എന്ന നോവല്‍. ലാറൂസ് റഷ്യന്‍ ഭാഷയില്‍നിന്നു ഞാന്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് വൊദലാസ്‌കിനുമായി ഫോണ്‍ മുഖേനയും ഇ-മെയില്‍വഴിയും ബന്ധപ്പെടാന്‍ തുടങ്ങിയത്. ലിസാ ഹൈഡന്‍ എന്ന എഴുത്തുകാരിയാണ് ലാറൂസ് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അമേരിക്കയില്‍ ലാറൂസ് പ്രസിദ്ധീകരിച്ചതിനുശേഷം റഷ്യയിലെ ഗബ്രിയേല്‍ മാര്‍ക്കേസ് എന്നാണ് വൊദലാസ്‌കിനെ അമേരിക്കയില്‍ അറിയപ്പെടുന്നത്. ഇതുവരെ ലോകത്തിലെ 30 ഭാഷകളിലേക്ക് ലാറൂസ് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്റെ മൊബൈല്‍ ചിലച്ചു. വൊദലാസ്‌കിനാണ്. ''ഞാന്‍ അരമണിക്കൂര്‍ വൈകും. റോഡില്‍ വലിയ വാഹനക്കുരുക്കാണ്. നല്ലപോലെ മഞ്ഞും പെയ്യുന്നുണ്ട്.'' ''സാരമില്ല, ഞാന്‍ ഇവിടെ കാത്തിരിക്കാം.'' ഹോട്ടലിന്റെ വാതിലിനടുത്തുതന്നെ ഞാനിരുന്നു.  
മാര്‍ച്ചുമാസത്തില്‍ റഷ്യയില്‍ വസന്തം ആരംഭിക്കും. പക്ഷേ, ഈ വര്‍ഷം മാര്‍ച്ച് അവസാനമായിട്ടും മഞ്ഞുമൂടിക്കിടക്കുകയാണ്. വെണ്‍മയുടെ അപരാതയില്‍ തണുപ്പിന്റെ മേഘക്കെട്ടുകള്‍പോലെ റോഡിനപ്പുറത്ത് നില്‍ക്കുന്ന മഞ്ഞില്‍പ്പൊതിഞ്ഞ ബര്‍ച്ചുമരച്ചില്ലകളെ നോക്കി ഞാനിരുന്നു. മഞ്ഞിന്റെ തൂവെണ്മ പടര്‍ന്ന നോക്കെത്താ ദൂരത്ത് അവ്യക്തമായ ഒരു രൂപം എന്റെ നേരെ നടന്നടുത്തു. പൈന്‍മരച്ചില്ലകളിലും ബര്‍ച്ചുമരച്ചില്ലകളിലും നിന്ന് അടര്‍ന്നുവീഴുന്ന മഞ്ഞിനെ വകവയ്ക്കാതെ ആട്ടിന്‍ തോലിന്റെ കുപ്പായമിട്ട് മദ്ധ്യകാലഘട്ടത്തിലെ ആര്‍സെനി എന്ന പച്ചമരുന്നുവൈദ്യന്‍ എന്റെ മുന്‍പിലേക്ക് നടന്നുവന്നു. റൂക്കിന ഇടവകയിലെ ശ്മശാനത്തിന്റെ ഓരത്തുള്ള വീട്ടില്‍ ഉസ്ചീന എന്ന പ്ലേഗ് ബാധിച്ച പെണ്‍കുട്ടിയെ ചികിത്സിച്ചു ഭേദപ്പെടുത്തുകയും അവളുടെ മരണംവരെയും മരണത്തിനുശേഷവും തന്റെ പ്രേമഭാജനമായി കരുതുകയും ചെയ്ത ആര്‍സെനി. പ്സ്‌ക്കോവിലെ മഞ്ഞുമൂടിയ നദിയുടെ മുകളിലൂടെ നടന്നുനീങ്ങിയ മദ്ധ്യകാലഘട്ടത്തിലെ ദിവ്യഭ്രാന്തനായി പരിണമിച്ച ആര്‍സെനി. പച്ചമരുന്നുകളുടെ സഹായത്തോടേയും പിന്നീട് മരുന്നുകളില്ലാതേയും ജനങ്ങളെ ചികിത്സിച്ചു സുഖപ്പെടുത്തി ലാറൂസ് എന്ന വിശുദ്ധനായി തീര്‍ന്ന ആര്‍സെനി. ഒരു പിരിയന്‍ കോണിയിലെന്നതുപോലെ മനുഷ്യ ജീവിതത്തില്‍ പല സംഭവങ്ങളും വ്യത്യസ്ത മാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുമെന്നു നമ്മെ പഠിപ്പിച്ച ആര്‍സെനി! (ലാറൂസ് എന്ന നോവലിലെ കഥാപാത്രമാണ് ആര്‍സെനി).

എന്റെ മായികസങ്കല്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വൊദലാസ്‌കിന്‍ ടാക്‌സിയില്‍നിന്നും വെളിയിലിറങ്ങി ഹോട്ടലിലേക്ക് നടന്നു. നല്ല ഉയരമുള്ള വൊദലാസ്‌കിന്‍ അല്പം മുഖം കുനിച്ച് തന്റെ വട്ടക്കണ്ണടയിലൂടെ എന്നെ സാകൂതം നോക്കി. പിന്നെ വിടര്‍ന്ന പുഞ്ചിരിയോടെ കൈനീട്ടി. ''ക്ഷമിക്കണം, ഞാന്‍ അല്പം വൈകി.'' പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ''അങ്ങയെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. വരൂ നമുക്ക് അകത്തേക്ക് പോകാം.'' ഉപചാരപൂര്‍വ്വം ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രോമക്കുപ്പായം ഊരിവാങ്ങി ഞാന്‍ റസ്റ്റോറന്റിലെ പരിചാരികയെ ഏല്‍പ്പിച്ചു. വൊദലാസ്‌കിന്‍ ഒരു പുസ്തകം തന്റെ കയ്യില്‍ പിടിച്ചിരുന്നു. ഞാന്‍ മുന്‍കൂട്ടി ബുക്കുചെയ്തിരുന്ന ടേബിളിന്റെ ഇരുവശങ്ങളിലുമായി ഞങ്ങള്‍ ഇരുന്നു.

ഉപചാരത്തിന്റെ വ്യക്തിപരമായ സംസാരത്തിനുശേഷം ഞാന്‍ ചോദിച്ചു: ''പാരീസിലെ പരിപാടി എങ്ങനെ ഉണ്ടായിരുന്നു?'' തന്റെ കയ്യിലുള്ള പുസ്തകം സസൂക്ഷ്മം കെട്ടഴിച്ചുകൊണ്ട് അദ്ദേഹം എന്റെ നേരെ കൈനീട്ടി. ''പേനയുണ്ടോ'' എന്നു ചോദിച്ചു. ഞാന്‍ പേനയെടുത്തുകൊടുത്തു. പ്രിയപ്പെട്ട സുരേഷിന് എന്നെഴുതി ആ പുസ്തകം എനിക്കു സമ്മാനിച്ചു. ''പീറ്റേഴ്സ് ബര്‍ഗ്ഗ നാടകങ്ങള്‍'' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയായിരുന്നു അത്. ''പാരീസിലെ പുസ്തകമേളയോട് അനുബന്ധിച്ച് അവര്‍ ഇത്തവണ 38 റഷ്യന്‍ എഴുത്തുകാരെയാണ് ക്ഷണിച്ചിരുന്നത്. നല്ല പരിപാടിയായിരുന്നു. ഇന്നലെ വളരെ താമസിച്ചാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. പിന്നീട് രാത്രി മൂന്നുമണിവരെ എഴുതുകയായിരുന്നു. രാവിലെ വളരെ വൈകി ഏതാണ്ട് 11 മണിക്കാണ് ഉണര്‍ന്നത്. മിക്കവാറും ജോലിക്ക് പോകേണ്ടാത്ത ദിവസങ്ങളില്‍ എന്റെ ദിനചര്യ അതാണ്.'' പാരീസില്‍നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗിലേക്ക് മൂന്നു മണിക്കൂര്‍ 20 മിനിറ്റ് വിമാനയാത്രയേയുള്ളൂ. എക്കാലവും ഫ്രെഞ്ച് സാഹിത്യത്തെ റഷ്യക്കാരും റഷ്യന്‍ സാഹിത്യത്തെ ഫ്രെഞ്ചുകാരും വിലമതിക്കുകയും കൃതികള്‍ പരസ്പരം പരിഭാഷപ്പെടുത്തി വിപണിയില്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എന്താണ് എഴുതുന്നത്. ഞാന്‍ ചോദിച്ചു: ''ഒരു പുതിയ നോവല്‍ എഴുതുന്നു. സെപ്റ്റംബറില്‍ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നു.''

സാവധാനം ഔപചാരികതയുടെ ചീട്ടുകൊട്ടാരങ്ങള്‍ ഞങ്ങളറിയാതെ കൊഴിഞ്ഞുവീഴാന്‍ തുടങ്ങി. റഷ്യന്‍ സാഹിത്യത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിലെ ചേഹവിനേയും റഷ്യന്‍ സാഹിത്യത്തിന് അടിത്തറപാകിയ ഗോഗലിനേയും പരാമര്‍ശിച്ച് വൊദലാസ്‌കിന്‍ പറഞ്ഞു. ''ചേഹവ് ശരിക്കും ഒരു നാടകകൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഗദ്യരചനകളുടെ സത്ത നാടകീയതയാണ്. നാടകത്തിന്റെ കാതല്‍ എന്നു പറയുന്നത്, ഒരു കോണ്‍ഫ്‌ലിക്ടും ശോകാത്മകമായ അന്ത്യവുമാണ്. ചേഹവിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ രചനകളില്‍ അത്തരം കോണ്‍ഫ്‌ലിക്റ്റുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്.'' ഇടയ്ക്കു കയറി ഞാന്‍ പറഞ്ഞു. ''ഒരു ക്ലാര്‍ക്കിന്റെ മരണം എന്ന ചെറുകഥ എന്നെ വളരെ ആകര്‍ഷിച്ചതാണ്.''

''ചേഹവിന്റെ പല കഥകളും ഗോഗലിന്റെ ശൈലി കടം കൊണ്ടതാണ്. ക്ലാര്‍ക്കിന്റെ മരണം ഗോഗലിന്റെ തനത് ശൈലിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.''
പിന്നീട് വൊദലാസ്‌കിന്‍ ദീര്‍ഘമായി ഗോഗലിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ''പഴയകാല ഭൂവുടമകള്‍ എന്ന ഗോഗലിന്റെ കഥ ഓര്‍മ്മയില്ലേ? എനിക്കത് വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്. ഒരു വൃദ്ധന്റേയും വൃദ്ധയുടേയും കഥയാണത്. അഫനാസി ഇവാനോവിച്ച് എന്ന വൃദ്ധന്റേയും അയാളുടെ ഭാര്യയായ പുല്‍ഹേരിയയുടേയും കഥ. ഓരോ തവണ ഈ കഥ വായിക്കുമ്പോഴും ഞാന്‍ കരഞ്ഞുപോകാറുണ്ട്. നാട്ടിന്‍പുറത്ത് ജീവിക്കുന്ന ഈ വൃദ്ധദമ്പതികളുടെ ലോകത്ത് എന്താണ് ഉച്ചയ്ക്ക് കഴിക്കാന്‍ പോകുന്നത്. വൈകുന്നേരം എന്തു ഭക്ഷിക്കും എന്ന രീതിയിലുള്ള സാധാരണ സംഭാഷണങ്ങളേയുള്ളൂ. ഒരു ദിവസം അഫനാസി ഇവാനോവിച്ച് ഞാനിപ്പോള്‍ മരിച്ചുപോയാലോ എന്നു പറയുന്നു. അതുകേട്ട അയാളുടെ ഭാര്യ വ്യാകുലപ്പെടുന്നു. പക്ഷേ, ആദ്യം മരിക്കുന്നത് അയാളുടെ ഭാര്യയാണ്. അവളുടെ മരണത്തിനുശേഷം അഫനാസി ഇവനോവിച്ചിന്റെ ജീവിതം വളരെ ദുരിതപൂര്‍ണ്ണമായിത്തീരുന്നു. പിന്നീട് തന്റെ ഭാര്യ വന്നു തന്നെ വിളിക്കുന്നതായി തോന്നുകയും അയാള്‍ വീടിനു പുറത്തേയ്ക്ക് ഇറങ്ങിനടന്നു മരണത്തിലേക്ക് പോകുകയും ചെയ്യുന്നു. ഒറ്റപ്പെടലിന്റെ വേദനയും ജീവിതം തുടിക്കുന്ന ലോകത്തിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങളും ഗോഗല്‍ വിവരിക്കുന്നത് എന്റെ കണ്ണ് നനയ്ക്കാറുണ്ട്. സ്വര്‍ഗ്ഗം ഇവിടെ തന്നെയാണെന്നും ഞാന്‍ ഈ ജീവിതത്തില്‍ കണ്ടുമുട്ടുന്നവരും സ്‌നേഹിക്കുന്നവരുമായ ആളുകളെ മരണശേഷവും കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.''

ആര്‍സെനി എന്ന വൊദലാസ്‌കിന്റെ കഥാപാത്രം ഉസ്ചീന എന്ന തന്റെ പ്രാണേശ്വരിയെ മരണശേഷവും പ്രണയപൂര്‍വ്വം കൂടെക്കൊണ്ടു നടന്നതിന്റെ ഉറവിടം അപ്പോളെനിക്കു മനസ്സിലായി. ''നാമിവിടെ സ്‌നേഹിക്കുന്നവരെയെല്ലാം മരണശേഷവും കണ്ടുമുട്ടാനാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മരണം ഒന്നും അവസാനിപ്പിക്കുന്നില്ല.'' പതിഞ്ഞതും വ്യക്തവുമായ വൊദലാസ്‌കിന്റെ ശബ്ദത്തില്‍ എനിക്ക് ആര്‍സെനിയുടെ ഭാവപ്പകര്‍ച്ച അനുഭവപ്പെട്ടു. 
''താങ്കള്‍ക്ക് എവിടെനിന്നാണ് ആര്‍സെനി എന്ന കഥാപാത്രത്തെ കിട്ടിയത്?'' എനിക്ക് അങ്ങനെ ചോദിക്കുവാനാണ്  തോന്നിയത്. ''എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ പിറക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവന് ആര്‍സെനി എന്ന പേരിടണമെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ജനിച്ചത് പെണ്‍കുട്ടിയാണ്. അവള്‍ക്ക് ഞങ്ങള്‍ നതാലിയ എന്നു പേരിട്ടു.''

ഔപചാരികതയുടെ തോടുകള്‍ കൊഴിഞ്ഞുപോയി. ഊഷ്മളമായ സൗഹൃദത്തിന്റെ ആര്‍ദ്രത വൊദലാസ്‌കിന്റെ വാക്കുകളില്‍ തുളുമ്പി. കിട്ടിയ സന്ദര്‍ഭം പാഴാക്കാതെ ഞാന്‍ പറഞ്ഞു. ''ആര്‍സെനിയും ജനിച്ചുവല്ലോ! ലാറൂസ് എന്ന അവിസ്മരണീയ കഥാപാത്രമായി. ലോകം മുഴുവന്‍ സഞ്ചരിക്കുകയല്ലെ ആര്‍സെനി.'' കുറ്റിരോമങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന അയാളുടെ മുഖത്ത് എന്റെ സ്തുതി വലിയ ഭാവമാറ്റമൊന്നും സൃഷ്ടിച്ചില്ല. പക്ഷേ, പേരെടുത്തുപറഞ്ഞ് വൊദലാസ്‌കിന്‍ എന്റെ കണ്ണുകളില്‍ നോക്കി ഇപ്രകാരം പറഞ്ഞു: ''സുരേഷ്, നിങ്ങള്‍ക്കറിയാമല്ലോ സ്‌നേഹമുള്ളവര്‍ യെവ്ഗെനി എന്ന എന്നെ ഷെന്യ എന്നാണ് വിളിക്കുന്നത്. നിനക്കും ഇനിമുതല്‍ അങ്ങനെ വിളിക്കാം.'' അങ്ങനെ ഔപചാരികതയുടെ ആവരണങ്ങള്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റപ്പെട്ടു. പിന്നീട് രണ്ടു പച്ചമനുഷ്യരായി ഞങ്ങള്‍ ദീര്‍ഘനേരം സംഭാഷണം തുടര്‍ന്നു.

''ഞങ്ങള്‍ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത് മരണത്തിനുശേഷവും ജീവിതമുണ്ടെന്നാണ്.''
''ഞങ്ങള്‍ റഷ്യക്കാരും അങ്ങനെ കരുതുന്നവരാണ്.''
''ജീവിതത്തില്‍ പലതും ആവര്‍ത്തിക്കപ്പെടുമെന്നും സ്വര്‍ഗ്ഗവും നരകവും എല്ലാം ഈ ഭൂമിയില്‍ തന്നെയാണെന്നുമാണ് ലാറൂസ് വയിക്കുന്നയാള്‍ക്ക് തോന്നുക.''
''ഗോഗലും പറഞ്ഞത് സ്വര്‍ഗ്ഗം ഇവിടെത്തന്നെയാണെന്നാണ്.''
''എല്ലാം മായയാണെന്ന ഒരു വാദം ഞങ്ങളുടെ നാട്ടിലുണ്ട്.'' അദൈ്വതത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ വാക്കുകള്‍ കേട്ടിരുന്ന വൊദലാസ്‌കിന്‍ പറഞ്ഞു:
''യൂറോപ്പിലെ മണ്ണില്‍ ഈ സിദ്ധാന്തത്തിന് സബ്ജക്റ്റീവ് ഐഡിയലിസമെന്നാണ് പറയുക. ഒരുപക്ഷേ, ഞാന്‍ ഒരു സബ്ജക്ടീവ് ഐഡിയലിസ്റ്റായിരിക്കാം.''
ആഹാരം കഴിക്കുന്നതിനിടയിലെ കുറച്ചു നേരത്തെ മൗനത്തിനുശേഷം ഞാന്‍ ചോദിച്ചു: ''നിങ്ങള്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് ജനിക്കുകയും സോഷ്യലിസമില്ലാത്ത റഷ്യയില്‍ പ്രശസ്തനാകുകയും ചെയ്ത ആളാണല്ലൊ. ഇപ്പോഴത്തെ വ്യവസ്ഥിതിയെക്കുറിച്ച് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്താണ് തോന്നുന്നത്?''
''അതെ, ഞാന്‍ സോവിയറ്റ് യൂണിയന്റെ കാലത്ത് ഉക്രയിനിലെ കീവില്‍ ജനിച്ചു. 16 വയസ്സുവരെ ഞാന്‍ ജീവിച്ചത് സോവിയറ്റ് കുടുംബസംവിധാനത്തിലുള്ള കമ്മ്യൂണിറ്റി ക്വാര്‍ട്ടേഴ്സിലാണ്. രക്തബന്ധമില്ലാത്ത രണ്ടുകുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന വീട്ടില്‍ ടോയ്ലറ്റില്‍ പോകാന്‍ ക്യൂ നിന്നിട്ടുണ്ട്. സോവിയറ്റു കാലത്ത് ആര്‍ക്കും ഭരിക്കുന്നവരെ ഇഷ്ടമായിരുന്നില്ല. ഇന്നത്തെ ലോകക്രമം മറ്റൊന്നാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു ഏകധ്രുവ ലോകക്രമവും റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു വിവിധ ധ്രുവ ലോകക്രമവും. ഉക്രയിനിലെ ക്രീമില്‍ 90 ശതമാനം റഷ്യക്കാരാണ് ജീവിക്കുന്നത്. അവര്‍ക്ക് റഷ്യയോട് ചേരാനാണ് താല്‍പ്പര്യം. ബി.ബി.സി. പറയുന്നത് റഷ്യന്‍ AK 47 തോക്കുകള്‍ കാട്ടി അവരെ ഭയപ്പെടുത്തിയാണ് റഷ്യയില്‍ ചേര്‍ത്തതെന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്. പുച്ചിനെപ്പോലെ സ്വന്തം രാജ്യത്തിന്റെ മൃഗീയ പിന്തുണയുള്ള മറ്റേതെങ്കിലും നേതാവുണ്ടോലോകത്തില്‍? അമേരിക്കയ്ക്ക് ഉക്രയിനിലെന്താണ് കാര്യം? റഷ്യയുടെ കവാടമായ ഉക്രയിന്‍ റഷ്യയുടെ ഭാഗമായിരുന്നു. ക്രീമില്‍ റഷ്യ അതിക്രമിച്ചു കയറിയെന്ന പച്ചനുണയുടെ തണലിലാണ് അമേരിക്കയും അതിന്റെ ഉപഗ്രഹങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നിട്ടെന്താണ് സംഭവിച്ചത്?''

എനിക്ക് ബോധ്യമുള്ള സംഗതിയായിരുന്നു അത്. ''യൂറോപ്യന്‍ ഉപരോധം റഷ്യയ്ക്ക് ഗുണകരമായാണ് ഭവിച്ചത്.'' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ''അതെ, അതാണ് സത്യം. കഴിഞ്ഞയിടയ്ക്ക് സ്‌കോട്ട്ലണ്ടില്‍ വച്ച് ഞാനൊരു ബിസിനസ്സുകാരനെ കണ്ടു. അയാള്‍ പറഞ്ഞു, റഷ്യ വാങ്ങിയിരുന്ന നിരവധി പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഫിന്‍ലാന്റിലേക്ക് വലിയ തോതില്‍ പാല്‍ കയറ്റുമതി നടന്നിരുന്നതു നിലച്ചുപോയി. അയാള്‍ ഇപ്പോള്‍ പാപ്പരാണ്. ഒരു സാധനം വില്‍ക്കുന്നതാണ് വിഷമം പിടിച്ച പണിയെന്ന് അയാള്‍ പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തുന്നവര്‍ അതു മനസ്സിലാക്കുന്നില്ല. റഷ്യയുടെ കയ്യില്‍ പണമുണ്ട്. അവര്‍ മറ്റേതു രാജ്യത്തു നിന്നെങ്കിലും അതൊക്കെ വാങ്ങുകയും സ്വയം കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.''

''ശരിയാണ്. ക്രാസ്‌നദാറില്‍ ഗോതമ്പിന്റെ ഉല്‍പ്പാദനം എത്ര മടങ്ങാണ് വര്‍ദ്ധിച്ചത്.'' റഷ്യയില്‍ ഇപ്പോള്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്റെയര്‍ത്ഥം യൂറോപ്പിന്റെ വിപണി ശുഷ്‌കമാകുന്നു എന്നാണ്. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളയാളാണ് വൊദലാസ്‌കിന്‍.

ജോസഫ് സ്റ്റാലിന്‍
ജോസഫ് സ്റ്റാലിന്‍

''വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച രാജ്യമാണ് അര്‍ജന്റീന. അടുത്തകാലത്ത് ഞാനവിടം സന്ദര്‍ശിച്ചിരുന്നു. അവര്‍ എന്നോട് പറഞ്ഞത് ഞങ്ങളെ രക്ഷിച്ചത് റഷ്യയാണെന്നായിരുന്നു. അര്‍ജന്റീനയില്‍നിന്നും ആപ്പിളും ഇറച്ചിയും വലിയ തോതിലാണ് റഷ്യ വാങ്ങുന്നത്. അവര്‍ അത്ഭുതത്തോടെ എന്നോടു ചോദിച്ച കാര്യം പോളണ്ടിനെക്കുറിച്ചായിരുന്നു. റഷ്യയുടെ തൊട്ടടുത്ത് കിടക്കുന്ന പോളണ്ട് ഇറച്ചിയും പച്ചക്കറിയുമെല്ലാം റഷ്യയിലേക്ക് കയറ്റുമതി ചെയ്യുകയും നേരം വെളുത്താല്‍ രാത്രിയാകുന്നതുവരെ തങ്ങളുടെ പ്രധാന ഉപഭോക്താവായ റഷ്യയെ തെറിപറയുകയും ചെയ്തിരുന്നു. ഒരു കാര്യം മനസ്സിലാക്കണം, ഞങ്ങള്‍ റഷ്യക്കാര്‍ ആരെയും ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം ഞങ്ങള്‍ മറ്റൊരു രാജ്യത്തെ ആക്രമിക്കേണ്ടുന്ന ആവശ്യമില്ല എന്നതാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം, എണ്ണ, കാടുകള്‍, ശുദ്ധജലം, ലോഹങ്ങള്‍ ഇതെല്ലാമുള്ള രാജ്യമാണ് റഷ്യ. ഞങ്ങള്‍ പിന്നെ എന്തിനുവേണ്ടിയാണ് മറ്റൊരു രാജ്യത്തെ ആക്രമിക്കേണ്ടത്?''

ഇത്തരമൊരു വാദഗതി പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും വൊദലാസ്‌കിനില്‍നിന്നും ഞാനത് പ്രതീക്ഷിച്ചില്ല. പതിനഞ്ചു റിപ്പബ്ലിക്കുകളും പിരിഞ്ഞുപോയിട്ടും റഷ്യന്‍ ഫെഡറേഷന്‍ എന്ന രാഷ്ട്രം ഇന്നും ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ രാജ്യമായി നിലകൊളളുന്നു. വനസമ്പത്തില്‍ ലോകത്തിലൊന്നാമതായി നിലകൊള്ളുന്നു. ശുദ്ധജലത്തിന്റെ കാര്യത്തിലായാലും ഒന്നാം സ്ഥാനം റഷ്യയ്ക്ക് അവകാശപ്പെട്ടതാണ്. നാളത്തെ ലോകത്ത് ശുദ്ധജലവും ശുദ്ധവായുവുമാണ് സമ്പത്തിന്റെ അളവുകോലാകാന്‍ പോകുന്നത്. പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ വേണ്ടുവോളമുള്ള രാജ്യം തന്നെയാണ് റഷ്യ. ഞാന്‍ വൊദലാസ്‌കിന്റെ അഭിപ്രായത്തോട് യോജിച്ചു. 

ഫ്രെഞ്ച് ചരിത്രകാരനും രാഷ്ട്രീയ ചിന്തകനുമായ ഇമ്മാനുവല്‍ ടോഡിനെക്കുറിച്ചായിരുന്നു വൊദലാസ്‌കിന്‍ പിന്നെ സംസാരിച്ചത്. '1976-ല്‍ സോവിയറ്റ് യൂണിയന്‍ കത്തിജ്വലിച്ച് നിന്നപ്പോഴായിരുന്നു ഈ വ്യവസ്ഥിതി തകര്‍ന്നുപോകുമെന്ന് ഇമ്മാനുവല്‍ ടോഡ് പറഞ്ഞത്. അന്ന് അതാരും കാര്യമാക്കിയില്ലെങ്കിലും സംഗതി സത്യമായി. ഇപ്പോള്‍ ഇമ്മാനുവല്‍ പറയുന്നത് അമേരിക്കയുടെ നെടുനായകത്വം കാലഹരണപ്പെടുമെന്നാണ്. കാനഡ, ആസ്ട്രേലിയ മുതലായ രാജ്യങ്ങള്‍പോലെ ഒരു മനോഹരമായ രാജ്യമായി പല്ലും നഖവും കൊഴിഞ്ഞ അമേരിക്കയെ നമുക്ക് കാണുവാന്‍ കഴിയുമെന്നാണ് ഇമ്മാനുവലിന്റെ അഭിപ്രായം.'' പിന്നീട് വൊദലാസ്‌കിന്‍ ഇപ്പോഴത്തെ ഇന്ത്യയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. മതമൗലികവാദത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യയിലെ ഭരണം നടക്കുന്നതെന്നും ഗൗരിലങ്കേഷിനെപ്പോലെയുള്ള പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെടുന്നുണ്ട് എന്നും അറിഞ്ഞ വൊദലാസ്‌കിന്‍ പറഞ്ഞു: ''ഹിന്ദുക്കള്‍ സമാധാനം കാംക്ഷിക്കുന്നവരും മറ്റുള്ളവരെ ആക്രമിക്കാത്തവരുമായാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. പിന്നെ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? ഞങ്ങളുടെ അറിവുമായി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല.''

വ്‌ലാഡിമര്‍ പുടിന്‍
വ്‌ലാഡിമര്‍ പുടിന്‍

''ഇന്ത്യയെക്കുറിച്ച് പൊതുവായ ധാരണ എന്താണ്?'' ''റഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ കെട്ടുകഥകളുടേയും മുത്തശ്ശിക്കഥകളുടേയും നാടാണ്. ബാല്യകാലം മുതല്‍ ഇന്ത്യയെക്കുറിച്ചുള്ള കഥകള്‍ ഞങ്ങള്‍ കേട്ടുതുടങ്ങുന്നു. റഷ്യയുടെ സംസ്‌കാരം പരിശോധിച്ചാല്‍ മദ്ധ്യകാലഘട്ടം മുതല്‍ ഇന്ത്യയെക്കുറിച്ചുള്ള അറിവുകള്‍ ഇവിടെ പടര്‍ന്നിരുന്നതായി കാണാം. അഫനാസി നികീചിന്‍ എന്ന റഷ്യന്‍ സഞ്ചാരിയുടെ 'മൂന്നു കടലും കടന്ന്' എന്ന കൃതി ഇതിനു തെളിവാണ്.''

''സോഷ്യലിസ്റ്റ് വ്യവസ്ഥിതി തകര്‍ന്നതിനുശേഷമുള്ള കാലഘട്ടത്തിലെ ജീവിതം സന്തോഷകരമാണോ?'' ''സോവിയറ്റ് കാലഘട്ടത്തില്‍ എപ്പോഴോ എനിക്കൊരു വ്യാമോഹമുണ്ടായി. സോവിയറ്റ് വ്യവസ്ഥിതി തകരണമെന്നും ജീവിതം മെച്ചപ്പെടണമെന്നും. കാലം പഠിപ്പിച്ചത് അത്തരം കാഴ്ചപ്പാട് ലോകമെന്തെന്നറിയാത്ത ഒരാളുടെ കാഴ്ചപ്പാടായിരുന്ന എന്നാണ്. കമ്യൂണിസ്റ്റുകള്‍ പോയിക്കഴിഞ്ഞപ്പോള്‍ മറ്റു ചില കഷ്ടതകള്‍ ഉടലെടുത്തു. എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട് ഞാന്‍ കണ്ട ചരിത്രം എന്നെ പഠിപ്പിച്ചത് ലോകമോ രാജ്യമോ അല്ല മാറേണ്ടത്, മാറ്റം വരേണ്ടത് നമുക്കാണ് എന്നാണ്. സാമൂഹ്യ തത്ത്വചിന്തയില്‍നിന്നും സാവകാശം ഞാന്‍ ചെന്നെത്തിയത് ക്രിസ്തീയ പേഴ്സണലിസത്തിന്റെ വഴികളിലാണ്. അതു പലപ്പോഴും ഇന്ത്യന്‍ ഗുണപാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്.''

''പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് എന്തെങ്കിലും മേന്‍മ നിങ്ങള്‍ കാണുന്നുണ്ടോ?'' ''സോവിയറ്റ് കാലത്തെ അനുകൂലിക്കുന്നവര്‍ ഒത്തിരി ഗുണങ്ങള്‍ ഉന്നയിക്കാറുണ്ട്. കുറെയൊക്കെ ശരിയാണ്. അതിനോടൊക്കെ യോജിക്കാവുന്നതാണ്. പക്ഷേ, ജീവിതത്തെ സമഗ്രമായി പരിഗണിക്കുന്നവര്‍ക്ക് സോവിയറ്റ് കാലം വളരെ മോശമായിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന സാമൂഹ്യസേവനങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയായിരുന്നു. ഒരു കാര്യത്തില്‍ മാത്രം സോവിയറ്റ് കാലം വളരെ നല്ലതായിരുന്നു. അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലായിരുന്നു.''
''റഷ്യയിലെ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് എന്തുപറയുന്നു?''
''പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. എന്റെ സാഹിത്യപ്രവര്‍ത്തനങ്ങളിലൊന്നും ആരും ഇടപെടാറില്ല. എന്നോട് എന്ത് എഴുതണമെന്നു പറയുകയോ എഴുതുന്നത് സെന്‍സര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. കൂടുതല്‍ രാജ്യങ്ങളിലും സാഹിത്യം സെന്‍സര്‍ ചെയ്യുന്നില്ല. കാരണം സാഹിത്യം വരച്ചുകാട്ടുന്നത് രാഷ്ട്രീയ യുദ്ധങ്ങള്‍ക്കു ചുറ്റുമുള്ള നൈമിഷികമായ യാഥാര്‍ത്ഥ്യങ്ങളല്ല. നല്ല സാഹിത്യം അനശ്വരമാണ്.''
''സ്റ്റാലിന്‍ എന്തു നാശമാണ് വരുത്തിയത്? അതോ നാശമൊന്നും വരുത്തിയില്ലെ?''
''എന്നെ സംബന്ധിച്ചിടത്തോളം സ്റ്റാലിന്‍ പരിപൂര്‍ണ്ണമായ പൈശാചികത്വത്തിന് ഉദാഹരണമാണ്. അയാളില്‍ എന്തെങ്കിലും ഗുണവശങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ കാണുന്നില്ല. അയാള്‍ കാരണം ചിന്തിയ ചോരയുടെ കണക്കു നോക്കിയാല്‍ അയാളുടെ ഗുണവശങ്ങളെക്കുറിച്ച് ആലോചിക്കുന്നതുപോലും അര്‍ത്ഥമില്ലാത്ത ഒരു കാര്യമാണ് എന്നും കാണാം?''
''പുച്ചിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?''
''സമൂഹത്തിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള നേതാവാണ് പുച്ചിന്‍. അദ്ദേഹം ജനവികാരത്തിനു പ്രതികൂലമായി പ്രതികരിക്കാറേയില്ല. അതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. 2000-ല്‍ പുച്ചിന്‍ വന്നകാലത്തെ ജനങ്ങളുടെ ആവശ്യങ്ങളല്ല ഇന്നുള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും മാറ്റം വരുന്നുണ്ട്. പുച്ചിന്‍ കൃത്യമായി മെനഞ്ഞെടുക്കുന്ന സാമൂഹ്യവികാരങ്ങള്‍ മാത്രമാണ് മാറ്റമില്ലാതെ അവശേഷിക്കുന്നുത്.''
രാത്രി 11 മണികഴിഞ്ഞു. ഇനി സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍ വന്നാല്‍ തന്റെ വീട്ടില്‍ വരണമെന്ന സ്നേഹപൂര്‍ണ്ണമായ ക്ഷണത്തോടെ വൊദലാസ്‌കിന്‍ എന്നോട് വിടപറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com