ചെങ്ങോട്ടുമല തുരന്നെടുക്കുമ്പോള്‍

കോഴിക്കോട്ടെ ബാലുശേരിക്കടുത്തെ ചെങ്ങോട്ടുമലയില്‍ നൂറോളം സ്ഥലമാണ് പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
ചെങ്ങോട്ടുമല തുരന്നെടുക്കുമ്പോള്‍

ചെങ്ങോട്ടുമല ഇടിച്ചു തുടങ്ങുകയാണ്. സംസ്ഥാനത്തെ കരിങ്കല്‍ഖനന വ്യവസായി മലയുടെ നൂറേക്കറിലധികം സ്വന്തമാക്കി. ആദിവാസികളും സാധാരണക്കാരുമായ കുടുംബങ്ങള്‍ ഭൂമി വിറ്റ് മലയിറങ്ങി. വ്യവസായിക്ക് പിന്തുണയുമായി പഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമുണ്ട്. പലയിടങ്ങളിലും വന്‍കിട വ്യവസായികള്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെയാണ് ചെങ്ങോട്ടുമലയിലും കാണാന്‍ കഴിഞ്ഞത്- സാധാരണക്കാരായ ഒരു വിഭാഗം നാട്ടുകാരെ തൊഴില്‍ കൊടുത്ത് കമ്പനിയുടെ ആളുകളായി കൂടെ നിര്‍ത്തുക, പ്രദേശവാസികളില്‍ തന്നെ വിഭാഗീയതകള്‍ ഉണ്ടാക്കുക. മലയില്‍ ക്രഷര്‍ യൂണിറ്റിനു പുറമെ സ്‌കൂളും ആശുപത്രിയും വീടും ഒക്കെയുള്ള ഒരു ടൗണ്‍ഷിപ്പ് വരാന്‍ പോകുന്നതായാണ് കമ്പനിയുടെ പ്രചാരണം. ''എല്ലാം നാട്ടുകാരുടെ വികസനത്തിനും നന്മയ്ക്കും വേണ്ടി. കുറച്ചു സ്ഥലത്തുമാത്രം കരിങ്കല്‍ ക്വാറി തുടങ്ങി ജില്ലയിലെ മെറ്റല്‍ ക്ഷാമം പരിഹരിക്കാമെന്നതുമാണ് കമ്പനിയുടെ വാഗ്ദാനം.'' കാലം ഏറെ പുരോഗമിച്ചിട്ടും വാഗ്ദാനങ്ങള്‍ നല്‍കി ഗ്രാമവാസികളെ പറ്റിക്കുന്ന വ്യാവസായിക തന്ത്രങ്ങള്‍ക്ക് ചെങ്ങോട്ടുമലയിലും മാറ്റമൊന്നുമില്ല. പണവും സ്വാധീനവും കൊണ്ട് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍പ്പോലും എല്ലാ സാങ്കേതിക തടസ്സങ്ങളും മറികടക്കാനും ഇവര്‍ക്ക് കഴിയുന്നു.
കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത് കോട്ടൂര്‍ പഞ്ചായത്തിലാണ് ചെങ്ങോട്ടുമല. പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റ ഗ്രൂപ്പാണ് മലയുടെ നൂറേക്കറോളം സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ മഞ്ഞള്‍ കൃഷിയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റും തുടങ്ങുന്നു എന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. പിന്നീടാണ് കരിങ്കല്‍ ക്വാറിക്ക് അനുമതി തേടിയത് പ്രദേശവാസികള്‍ അറിഞ്ഞത്. ആര്‍.എം.പി., എസ്.യു.സി.ഐ തുടങ്ങിയ പാര്‍ട്ടികളും പരിസ്ഥിതിസ്‌നേഹികളുമായ നാട്ടുകാരും ചേര്‍ന്ന് വിവരാവകാശം വഴി കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ചെങ്ങോട്ടു മല സംരക്ഷണ വേദിയുണ്ടാക്കി സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. കഴിഞ്ഞ ആറുമാസത്തിലധികമായി ഡെല്‍റ്റ ഗ്രൂപ്പിനെതിരെ സമരത്തിലാണ് നാട്ടുകാര്‍. സമരം ശക്തമായതോടെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വവും ഒപ്പം ചേര്‍ന്നിട്ടുണ്ട്. 

ഉരുള്‍പൊട്ടുന്ന ചെങ്ങോട്ടുമല

അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണ് ചെങ്കുത്തായ ചെങ്ങോട്ടുമല. പല തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുള്ള മലയാണിത്. കൂട്ടാലിട ജംഗ്ഷനില്‍നിന്ന് കിലോമീറ്ററുകളോളം കുത്തനെ യാത്ര ചെയ്തുവേണം മലയിലെത്താന്‍. മലയില്‍ താമസിക്കുന്നവര്‍ ഉപയോഗിക്കുന്ന ഈ വഴിക്കു പുറമെ നരയംകുളത്തിനടുത്ത് റോഡില്‍നിന്നും മലയിലേക്ക് ഡെല്‍റ്റ ഗ്രൂപ്പ് പുതിയ പാത നിര്‍മ്മിക്കുകയാണ്. ഏറ്റെടുത്ത നൂറേക്കറില്‍ 12 ഏക്കര്‍ സ്ഥലത്ത് മാത്രമാണ് ക്വാറി തുടങ്ങുന്നത് എന്നാണ് കമ്പനിയുടെ വാദം. പല വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മലയില്‍ പലയിടങ്ങളിലും ഇളകിനില്‍ക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ കാണാം. ചെറിയ ഇളക്കങ്ങള്‍പോലും ചിലപ്പോള്‍ ഇവ താഴേക്ക് പതിക്കാന്‍ കാരണമായേക്കും. അപൂര്‍വ്വ സസ്യങ്ങളുടേയും ജീവികളുടേയും സങ്കേതം കൂടിയായ മലയില്‍ ഏക്കറുകണക്കിന് സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ പൊട്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നൂറിലധികം ആദിവാസി കുടുംബങ്ങള്‍ മലയുടെ പല ഭാഗങ്ങളിലായി താമസിക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ചെങ്ങോട്ടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം പറയുന്നുണ്ട്. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ മലയില്‍ ഖനനാനുമതി നല്‍കിയാല്‍ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഖനനാനുമതി നല്‍കുന്നതിന് മുന്‍പ് മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് വിശദമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

കരിമ്പാലന്‍കാരുടെ കുന്നും കാവുകളും

ഡെല്‍റ്റ ഗ്രൂപ്പ് ഏറ്റെടുത്ത സ്ഥലത്തോട് ചേര്‍ന്ന് നൂറിലധികം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും കരിമ്പാലന്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. കമ്പനി ഏറ്റെടുത്ത ഭൂമിയില്‍ ഏറിയ പങ്കും ആദിവാസികളില്‍നിന്നും റിയല്‍ എസ്റ്റേറ്റ് മാഫിയ കൈക്കലാക്കിയ ഭൂമിയാണ്. മലയില്‍ കപ്പയും കരനെല്‍ക്കൃഷിയുമാണ് പ്രധാനമായും നടത്തുന്നത്. വ്യത്യസ്തമായ ആരാധനാ സമ്പ്രദായങ്ങളുള്ള കരിമ്പാലന്‍ സമുദായത്തിന്റെ കാവുകളും മറ്റ് ആരാധനാലയങ്ങളും സാമൂഹ്യ ആചാര സ്ഥലങ്ങളും ക്വാറി ഖനനത്തിനായി ഏറ്റെടുത്ത ഭൂമിയിലുണ്ട്. ആദിവാസി ഊരിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള ടാങ്കും തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഡെല്‍റ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഭൂമിയിലാണ്. ഖനനം നടത്തുന്നയിടത്തുനിന്നും 50 മീറ്റര്‍ ചുറ്റളവിനുള്ളിലായതിനാല്‍ ഡെല്‍റ്റാ ഗ്രൂപ്പ് ഈ ടാങ്ക് പൊളിച്ചുനീക്കി താഴെ ഭാഗത്ത് പുതുതായി നിര്‍മ്മിക്കുകയും ചെയ്തു. ഇതിനെതിരെ ആദിവാസികളില്‍നിന്നും ചെങ്ങോട്ടുമല സംരക്ഷണവേദിയുടെ നേതൃത്വത്തിലും പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ അനങ്ങിയില്ല. നിലവില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്കില്‍നിന്നും മുകളിലേക്ക് വെള്ളമെത്തിക്കണമെങ്കില്‍ പ്രത്യേകം മോട്ടോറുകള്‍ സ്ഥാപിക്കണം. 
''പാരിസ്ഥിതിക പ്രാധാന്യമുള്ള മലയില്‍ ഖനനം വരുന്നതോടെ ജീവജാലങ്ങളും സസ്യങ്ങളും മാത്രമല്ല നശിക്കുന്നത്, ഞങ്ങളുടെ ജീവിതവ്യവസ്ഥ കൂടിയാണെന്ന്'' കരിമ്പാലന്‍ സമുദായ ക്ഷേമസമിതി ഭാരവാഹിയും ചെങ്ങോട് മലയിലെ താമസക്കാരനുമായ സുരേഷ് പറയുന്നു. ''ഞാന്‍ ജനിച്ചു വളര്‍ന്ന മലയാണിത്. ഞാന്‍ മരംവെട്ടു തൊഴിലാളിയാണ്. ആദ്യം ഡെല്‍റ്റ ഗ്രൂപ്പിന്റെ ആളുകള്‍ എന്നെ സമീപിച്ചിരുന്നു. ഫാം ഹൗസാണ് വരാന്‍ പോകുന്നതെന്നും കുറച്ചു ഭാഗം റബ്ബര്‍ മരങ്ങള്‍ വയ്ക്കന്നുണ്ടെന്നും പറഞ്ഞു. അതിനായി ആ ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റാനും ഏല്‍പ്പിച്ചു. ഞാന്‍ മരംവെട്ട് തൊഴിലാളിയാണ്. 900 മരം മുറിക്കണമെന്നാണാവശ്യപ്പെട്ടത്. രണ്ടു ദിവസം ഞാന്‍ പണിക്കു പോയി. പിന്നീടാണ് ക്വാറിയുടെ കാര്യം മനസ്സിലായത്. അതോടെ ഞാന്‍ പിന്മാറി. ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട കുറെ പേരെ പ്രലോഭിപ്പിച്ച് തൊഴിലാളികളാക്കി. ഈ തൊഴിലാളികളുടെ വീടുകളില്‍ത്തന്നെ ക്വാറിസമരത്തെ അനുകൂലിക്കുന്നവരുമുണ്ട്'' -സുരേഷ് പറയുന്നു. 
ചെങ്ങോട്ടുമല എന്നാണ് പൊതുവെ പറയുന്നതെങ്കിലും മലയിലുള്ളവര്‍ക്ക് ഇത് ചെങ്ങോട്ട മലയാണ്. അതായത് മലയുടെ അടിഭാഗം പൊള്ളയാണെന്നാണ് ഇവര്‍ പറയുന്നത്. അതിന് തെളിവുകളുമുണ്ട്. ഇവിടെ പലരും കിണറു കുഴിച്ചിട്ടുണ്ട്. കിണറുകള്‍ പെട്ടെന്നുതന്നെ ഗുഹപോലെയായി താഴ്ന്നുപോകും. അഞ്ചിലധികം കിണറുകള്‍ വരെ കുത്തിയ ആളുകളുണ്ട് മലയില്‍. അത്രയും ദുര്‍ബ്ബല പ്രദേശമായതിനാല്‍ ചെറിയ അനക്കങ്ങള്‍പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്. 1984 ലെ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടയാളാണ് സുരേഷ്. ''എനിക്കന്ന് 12 വയസ്സായിരുന്നു. രാവിലെ മുതല്‍ വൈകിട്ടുവരെ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഇളകിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ മലയിലുണ്ട്. ഉരുള്‍പൊട്ടലിനുശേഷം മലയില്‍ പാരിസ്ഥിതിക പഠനം നടത്തിയിരുന്നു. ഇളകി കിടക്കുന്ന പാറക്കൂട്ടങ്ങള്‍ പൊട്ടിക്കാന്‍ അന്ന് അനുമതി കൊടുത്തിരുന്നു. എന്നാല്‍, രണ്ട് പാറകള്‍ മാത്രമേ പൊട്ടിക്കാന്‍ കഴിഞ്ഞുള്ളൂ'' - സുരേഷ് പറയുന്നു.

കുടിവെള്ള പദ്ധതി തേങ്ങാപ്പുരയായി

വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് കോട്ടൂര്‍. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന കോട്ടൂര്‍ ചെങ്ങോട്ടുമല ആദിവാസി കോളനിയിലെ 107 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 1997-98 കാലത്ത് കുടിവെള്ള പദ്ധതി നിര്‍മ്മിക്കാന്‍ ധാരണയായി. എന്നാല്‍, കൃത്യമായ സാങ്കേതിക പഠനങ്ങളൊന്നും നടത്താതെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തുടങ്ങിയത്. ഉയരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ശേഷിയുള്ള മോട്ടോറോ പൈപ്പോ അല്ല ഉപയോഗിച്ചത്. ഇങ്ങനെ പലതവണ പുതുക്കി സ്ഥാപിച്ച് വര്‍ഷങ്ങളെടുത്ത് 2006 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. പല ഘട്ടങ്ങളിലായി 25 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചെലവായത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളം കിട്ടാതായതോടെ പ്രദേശവാസികള്‍ ഓംബുഡ്സ്മാന് പരാതി നല്‍കി. ഈ കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 37 കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടുന്നുണ്ട് എന്ന് കാണിച്ച് അവരില്‍നിന്ന് ഒപ്പിട്ട് വാങ്ങിയതും. ഇക്കാര്യം കാണിച്ച് കേസ് തീര്‍പ്പായി. എന്നാല്‍, പദ്ധതിയുടെ പ്രവര്‍ത്തനം പിന്നീടും അവതാളത്തിലായി. സ്വകാര്യ വ്യക്തി കോട്ടൂര്‍ പഞ്ചായത്തിനു വിട്ടുകൊടുത്ത ഭൂമിയിലാണ് ടാങ്ക് നിര്‍മ്മിച്ചതെങ്കിലും ഇപ്പോള്‍ അതിന് കൃത്യമായ രേഖയില്ല. ഭൂമി റീ ലിങ്കിഷ്മെന്റ് വഴി പഞ്ചായത്തിന്റെ കൈയിലായിരുന്നു എന്നാണ് കരുതിയതെങ്കിലും സ്ഥലമുടമ ഡെല്‍റ്റ  ഗ്രൂപ്പിന് കൈമാറിയ ഭൂമിയില്‍ കുടിവെള്ള ടാങ്കും ഉള്‍പ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി പദ്ധതി കോട്ടൂര്‍ പഞ്ചായത്തിന് കൈമാറിയിരുന്നു എന്നാണ്. എന്നാല്‍, കൈമാറിയതായി അറിവില്ല എന്നാണ് പഞ്ചായത്തിന്റെ മറുപടി. ക്വാറി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് കുടിവെള്ള ടാങ്കുള്ളത് നാട്ടുകാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഡെല്‍റ്റ ഗ്രൂപ്പ് കെട്ടിടം രൂപമാറ്റം വരുത്തി. പഞ്ചായത്ത് അധികൃതര്‍ തേങ്ങാസംഭരണകേന്ദ്രം എന്ന നിലയില്‍ കെട്ടിടത്തിന് നമ്പറും പതിച്ചു നല്‍കി. പഞ്ചായത്തിന്റെ തന്നെ പദ്ധതി മറ്റൊരു കെട്ടിടമായി നമ്പര്‍ പതിച്ചുനല്‍കിയ വിചിത്രമായ നടപടിക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതോടെയാണ് കമ്പനി കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് താഴെ ഭാഗത്തായി പുതിയ ടാങ്ക് പണിതത്. 
അക്രമം, സ്ഥലംമാറ്റം
പദ്ധതിക്കനുകൂലമായ നിലപാടാണ് സി.പി.എം. ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. നാട്ടുകാരുടെ ഭാഗത്തുനിന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ. സുമേഷ് ചെങ്ങോട്ടുമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. കുടിവെള്ള ടാങ്ക് തേങ്ങാപ്പുരയായി മാറിയതിനെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യം ഉടന്‍ ഭരണസമിതി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍, ഡെല്‍റ്റ ഗ്രൂപ്പിനെതിനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഭരണസമിതി അംഗങ്ങളടക്കം സെക്രട്ടറിക്കെതിരായി. മറ്റുപല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന്റെ ഭരണസമിതി അംഗങ്ങള്‍ ഓഫീസില്‍വെച്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു കാണിച്ച് ബാലുശ്ശേരി പൊലീസില്‍ അദ്ദേഹം പരാതി നല്‍കിയെങ്കിലും അതില്‍ നടപടിയൊന്നുമുണ്ടായില്ല. അതിനുശേഷം ലീവില്‍ പോയ സെക്രട്ടറി പിന്നീട് ചാര്‍ജ് എടുക്കാന്‍ വന്നപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഓഫീസില്‍ കയറാന്‍ പോലും സമ്മതിച്ചില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. ഡെല്‍റ്റ ഗ്രൂപ്പിനെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. പ്രത്യക്ഷത്തില്‍ സി.പി.എം. സമരസമിതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍നിന്നും ഡെല്‍റ്റ കമ്പനിയുടെ ഉടമ തോമസ് ഫിലിപ്പിനു ലഭിക്കുന്ന സഹായങ്ങളില്‍ നാട്ടുകാര്‍ അസംതൃപ്തരാണ്. സംരക്ഷണവേദി ചെയര്‍മാന്‍ ജിനീഷ് നരയംകുളം, ട്രഷറര്‍ ബിജു, ആര്‍.എം.പി നേതാവ് കെ.പി. പ്രകാശന്‍, എസ്.യു.സി.ഐ പ്രവര്‍ത്തകന്‍ കെ.പി. മധു തുടങ്ങി പരിസ്ഥിതിസ്‌നേഹികളായ നാട്ടുകാര്‍ വിവരാവകാശം വഴിയും മറ്റുമായി എടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്.

എതിര്‍പ്പ് താത്പര്യങ്ങളുടെ പുറത്ത്
തോമസ് ഫിലിപ്പ് 
(ഡെല്‍റ്റ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍)

നാലാം വാര്‍ഡിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നാലാം വാര്‍ഡിലെയും തൊട്ടടുത്ത രണ്ടാം വാര്‍ഡിലെയും മൂന്നാം വാര്‍ഡിലെയും നൂറ്റമ്പതോളം ആളുകള്‍ ഇപ്പോള്‍ത്തന്നെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ടാം വാര്‍ഡിലെ കുറച്ചു പേരാണ് എതിര്‍പ്പുമായി വന്നത്. അതെല്ലാം ഓരോരോ താല്‍പ്പര്യങ്ങളുടെ പുറത്തായിരുന്നു. ഇപ്പോള്‍ പതിനഞ്ചു പേരുപോലും പ്രതിഷേധക്കാരായി ഇല്ല. പ്രതിഷേധിക്കുന്ന ബാക്കിയുള്ളവര്‍ തൊട്ടടുത്ത കായണ്ണ, നൊച്ചാട് പഞ്ചായത്തുകളില്‍നിന്ന് വരുന്നവരാണ്. കമ്പനി സ്ഥിതിചെയ്യുന്നതിന്റെ 850 മീറ്റര്‍ ചുറ്റളവില്‍ ഒരു വീടുപോലുമില്ല. 850 മീറ്ററിന് അപ്പുറം താമസിക്കുന്ന പാവപ്പെട്ട ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരാരും പ്രക്ഷോഭത്തിനില്ല. കൂലിപ്പണി ചെയ്യുന്ന പാവങ്ങളാണ് ഇവിടെയുള്ളത്. സമരത്തിനു വരുന്നത് റിട്ടയേര്‍ഡ് അധ്യാപകരും ഉദ്യോഗസ്ഥരും ഒക്കെയായവരാണ്. ഈ പാവങ്ങളെന്നും ദാരിദ്ര്യത്തില്‍ ജീവിച്ചാല്‍ മതി എന്നതാണ് അവരുടെ ഉദ്ദേശ്യം. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളുടെ ലിസ്റ്റ് കേരള സര്‍ക്കാറിന്റെ വെബ്സൈറ്റിലുണ്ട്. അതിലൊന്നും ഈ വില്ലേജ് പെടുന്നില്ല. ഇതൊക്കെ പരിശോധിച്ചിട്ടല്ലേ ലൈസന്‍സ് തന്നത്. കുടിവെള്ള ടാങ്കുമായി ഉയരുന്ന ആരോപണവും ശരിയല്ല. ഞങ്ങള്‍ വാങ്ങിയ സ്ഥലത്ത് ഒരു ടാങ്ക് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഈ ടാങ്കില്‍ കുടിവെള്ളമില്ല. ഈ പ്രദേശവാസികളോട് ചോദിച്ചാല്‍ അറിയാം. ഞങ്ങളുടെ പേരിലുള്ള സ്ഥലമാണത്. ടാങ്കിന്റെ പേരില്‍ ആവശ്യമില്ലാതെ ബഹളമുണ്ടാക്കി കമ്പനിയെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയൊരു ടാങ്ക് സ്ഥാപിച്ചത്. ടാങ്കാണ് ആവശ്യമെങ്കില്‍ അത് ഉപയോഗിക്കാമല്ലോ. അപ്പോള്‍ ടാങ്ക് അല്ല പ്രശ്‌നം, വ്യവസായം നടക്കരുത് എന്നതാണ്. ഒരു സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗമാണ് ആദ്യം പ്രശ്‌നമുന്നയിച്ചത്. അത് തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. പിന്നീട് തെറ്റിദ്ധാരണ മാറി ആരോപണങ്ങളില്‍ വസ്തുത ഇല്ല എന്നറിഞ്ഞതോടെ പാര്‍ട്ടി അതില്‍നിന്നു പിന്മാറിയിട്ടുണ്ട്. പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മാണ്. അതുകൊണ്ട് അവരെ കണ്‍വിന്‍സ് ചെയ്യിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. അത് ചെയ്തു. ബി.ജെ.പിയാണ് എതിര്‍പ്പ് പറയുന്നത്. ക്വാറി ഓണേഴ്സ് അസ്സോസിയേഷന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബി.ജെ.പി നേതാവ് ശശി തോട്ടയ്ക്കാടാണ്. ഒരു സ്ഥലത്ത് നടത്താം വേറൊരു സ്ഥലത്ത് പാടില്ല എന്നു പറയുന്നതില്‍ എന്താണ് ന്യായം. ബി.ജെ.പി മാത്രമാണ് പരസ്യമായി പ്രതിഷേധത്തിലുള്ളത്. സി.പി.എം അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പിന്മാറിയിട്ടുണ്ട്.

ഖനന സമരവുമായി മുന്നോട്ടുപോകും 
ടി. ഷാജു 
(സി.പി.എം അവിടനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി)
പാര്‍ട്ടി മലയിലേക്ക് മാര്‍ച്ച് നടത്തുകയും കൊടി നാട്ടുകയും ചെയ്തിരുന്നു. ഒരു തരത്തിലും ഖനനം അനുവദിക്കില്ല എന്നതാണ് പാര്‍ട്ടി എടുത്ത നിലപാട്. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശവും നാലു തവണ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലവും കൂടിയാണ് ചെങ്ങോട്ടുമല. അനുമതിക്കായി കമ്പനി പഞ്ചായത്ത് ഭരണ സമിതിയെ സമീപിച്ചാലും അനുമതി കൊടുക്കേണ്ടതില്ല എന്നതുതന്നെയാണ് പാര്‍ട്ടി തീരുമാനം. പഞ്ചായത്ത് ഭരണസമിതിയും പദ്ധതിക്കെതിരാണ്. പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റവും ഖനനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഉദ്യോഗസ്ഥരുമായുള്ള ചില പ്രശ്‌നങ്ങളും ആര്‍ദ്രം പദ്ധതിക്കായി കെട്ടിടംപൊളിക്കുന്നതുമായി ബന്ധപ്പെട്ട്  ഭരണസമിതി എടുത്ത തീരുമാനത്തിനെതിരായ നിലപാടുമൊക്കെയാണ് സെക്രട്ടറിക്കെതിരായി ഭരണസമിതി അംഗങ്ങളും പ്രവര്‍ത്തകരും തിരിയാന്‍ കാരണം. ഡെല്‍റ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ് എന്നുള്ളത് വ്യാജപ്രചരണമാണ്. ഖനനത്തിനെതിരായ സമരവുമായി പാര്‍ട്ടി മുന്നോട്ടുപോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com