വിമര്‍ശനങ്ങളില്‍ വേവലാതിയില്ല

വിമര്‍ശനങ്ങളില്‍ വേവലാതിയില്ല

ദേശീയപാതാവികസനം, ഗെ യില്‍ ഭൂമി ഏറ്റെടുക്കല്‍, കീഴാറ്റൂര്‍, കരുണ മെഡിക്കല്‍ ബില്‍, വരാപ്പുഴ കസ്റ്റഡി മരണം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നു

നൂറ്റിനാല്‍പ്പതില്‍ തൊണ്ണൂറ്റിയൊന്നു സീറ്റുകള്‍ നേടി 2016 മെയ് 25-ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മലയാളം വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍നിന്ന് ഒരു ഖണ്ഡിക എടുത്തു ചേര്‍ക്കുന്നു: ''തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിജയന്റെ ഏട്ടന്‍ കുമാരനെ പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. വിജയന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കൂടുതലാണ്, ശ്രദ്ധിക്കണം എന്നായിരുന്നു ഉപദേശം. അവന് വേറെ വല്ല കുഴപ്പവുമുണ്ടോ എന്ന് ഏട്ടന്റെ ചോദ്യം. ഇല്ലല്ലോ എന്നു മറുപടി. എങ്കില്‍ സാരമില്ല, രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കൂടുന്നത് കുഴപ്പമല്ല എന്ന് ഏട്ടന്‍. അങ്ങനെ കുടുംബത്തിന്റെ അനുമതിയോടെയും പിന്തുണയോടെയും രാഷ്ട്രീയത്തില്‍ അധിക താല്‍പ്പര്യം കാണിച്ച കാലത്ത് പഞ്ചായത്ത് മെമ്പറാകാന്‍പോലും പിണറായി വിജയന്‍ ആഗ്രഹിച്ചില്ല.

എന്നാല്‍, കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വരെ എത്തുന്നതിനിടെ നാലുവട്ടം എം.എല്‍.എയും ഒരു തവണ മന്ത്രിയും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമൊക്കെയായി. പക്ഷേ, രാഷ്ട്രീയത്തോടുള്ള ആ അധിക താല്‍പ്പര്യത്തില്‍ പിണറായിക്ക് ജനപക്ഷ താല്‍പ്പര്യം എത്രയുണ്ട് എന്ന് ഇപ്പോഴറിയാം; സംസ്ഥാന ഭരണത്തെ നയിക്കാന്‍ വന്‍ഭൂരിപക്ഷം കിട്ടിയ ഇപ്പോള്‍. അതിന് അഞ്ചു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടതില്ല. ആള്‍ അടുത്തറിയണം, പൊന്നുരച്ചു നോക്കണം എന്നപോലെ ഭരണാധികാരിയെ അറിയാന്‍ ശൈലീവചനങ്ങളൊന്നുമില്ല. പക്ഷേ, ചെയ്യുന്ന ഓരോ കാര്യവും എടുക്കുന്ന ഓരോ തീരുമാനവും കൊള്ളാവുന്നതോ തള്ളേണ്ടതോ എന്നറിയാനാകും. പിണറായിക്ക് മാത്രം വന്നുചേര്‍ന്ന, മുക്കുപണ്ടമല്ല എന്നു സ്വയം ഉരച്ച് തെളിയിക്കേണ്ട വലിയ ബാധ്യതയിലേക്ക് ഉറ്റുനോക്കിയാണ് കേരളത്തിന്റെ നില്‍പ്പ്.''

ഇനി ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ പടിവാതില്‍ക്കല്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തിലേക്കു വരാം: പൊലീസിന്റെ പേരില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും കേട്ടുകൊണ്ടിരിക്കുന്ന പഴികളെക്കുറിച്ച് നിശ്ശബ്ദമായിരുന്നുകൊണ്ട് ഇത്തരം ഒരു അഭിമുഖം സാധ്യമേയല്ല. എന്നാല്‍, ആ പഴികള്‍ എക്കാലവും വെറുതേ കേട്ടിരിക്കാന്‍ തയ്യാറല്ല എന്നു വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ശക്തമായ നടപടികളിലൂടെ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രഖ്യാപിച്ച ദിനങ്ങളാണ് ഇത്. സി.ഐയും എസ്.ഐയും ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, എസ്.ഐയും മൂന്നു പൊലീസുകാരും കൊലക്കുറ്റത്തിന് അറസ്റ്റിലായി റിമാന്‍ഡില്‍, എറണാകുളം റൂറല്‍ പൊലീസ് മേധാവി എ.വി. ജോര്‍ജ്ജിനെ ക്രമസമാധാന ചുമതലയില്‍നിന്ന് പൊലീസ് അക്കാദമിയിലേക്കു മാറ്റി. ഇനിയും ചില നടപടികളെക്കുറിച്ചുള്ള സൂചന സജീവം. പൊലീസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തിലാണ് എടുക്കുന്നത് എന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ ഒറ്റ വാചകത്തില്‍ സംശയരഹിതമായ തീരുമാനമുണ്ട്: ആരുടെയെങ്കിലും അഴിഞ്ഞാട്ടങ്ങള്‍ക്കു പഴി കേള്‍ക്കാനുള്ളതല്ല ജനവിധി നല്‍കിയ കാമ്പും കരുത്തും എന്നുതന്നെയാണ് അത്. പൊലീസ് സേനയ്ക്ക് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ യത്‌നിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. 

സാങ്കേതികമായി സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണെങ്കിലും യു.ഡി.എഫ് സര്‍ക്കാരില്‍നിന്ന് എല്‍.ഡി.എഫ് സര്‍ക്കാരിലേക്കുള്ള രാഷ്ട്രീയനയം മാറ്റം കേരളം എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് ഈ അഭിമുഖത്തിലെ പ്രധാനപ്പെട്ട ഒരു ചോദ്യം. ഭരണാധികാരിയെ അടുത്തറിയാനുതകുന്ന വ്യക്തത അതിന്റെ മറുപടിയില്‍ പ്രകടം. കേരളത്തില്‍ സമീപദിനങ്ങളില്‍ ഏറ്റവും മാധ്യമ-ജനശ്രദ്ധ നേടിയ വിഷയങ്ങളിലൊന്നിനെ ഉദാഹരണമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുന്നത്. ദേശീയപാത വികസനം തന്നെ. ഭരണമാറ്റമെന്നാല്‍ ജനങ്ങളോടുള്ള മനോഭാവത്തിലെ മാറ്റം തന്നെയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: ''നാടിനോടുള്ള പ്രതിബദ്ധതയാണ് രണ്ടു മുന്നണികള്‍ക്കും ഇടയിലെ പ്രധാന വ്യത്യാസം. വളരെ ചുരുക്കിപ്പറഞ്ഞാല്‍, ഒരു പദ്ധതി നമുക്ക് ആവശ്യമാണെന്നു വരുന്നു. ദേശീയപാത തന്നെ എടുക്കാം. ദേശീയപാതയുടെ വീതി നാല്‍പ്പത്തിയഞ്ച് മീറ്റര്‍ വേണം എന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കൂടി തീരുമാനിച്ചതാണ്. ആ തീരുമാനമുണ്ടായ ശേഷം അത് നടപ്പാക്കുന്നതിനു സ്ഥലമെടുക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് ഭരിച്ചിരുന്ന ആ കാലത്തുതന്നെ ആരംഭിച്ചു. പക്ഷേ, അവിടെത്തന്നെ നിര്‍ത്തി, അപ്പോള്‍ത്തന്നെ നിര്‍ത്തി. പിന്നെ യാതൊരു വിധത്തിലും തുടര്‍ന്നില്ല. എതിര്‍പ്പുകളാണ് കാരണം. എതിര്‍പ്പുകള്‍ വന്നയുടനെ അത് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്ന നിലയുണ്ടായി.

ഇതാണ് യു.ഡി.എഫ് സ്വീകരിച്ചതെങ്കില്‍ നമ്മള്‍ ഇതില്‍ നോക്കേണ്ടതെന്താ? ഇത് നാടിന് ആവശ്യമാണ്. എന്നുവച്ചാല്‍ ഭാവികേരളത്തിന് ആവശ്യമാണ്. നമ്മുടെ നാടിന്റെ ഭാവിതലമുറയ്ക്ക് വേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയാല്‍ ചെറിയ എതിര്‍പ്പുകളുടെ പേരില്‍ തീരുമാനിച്ച കാര്യങ്ങള്‍ മാറ്റേണ്ടതില്ല. ആ നടപടികളുമായി മുന്നോട്ടു പോകണം. ഒരു കാര്യം ഉറപ്പാണ്. നമ്മുടെ നാട്ടില്‍ ഭൂമി ധാരാളമായിട്ടൊന്നും ഇല്ല. ഓരോരുത്തരുടെ കൈയിലും കുറച്ചു ഭൂമിയേയുള്ളു. ആ ഉള്ള ഭൂമി എന്തിന്റെ പേരിലായാലും നഷ്ടപ്പെടുമ്പോള്‍ അവരവര്‍ക്കുണ്ടാകുന്ന പ്രയാസം സര്‍ക്കാര്‍ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അത് മനസ്സിലാക്കി അവരോടൊപ്പം എങ്ങനെ സഹകരിച്ചു മുന്നോട്ടു പോകാം എന്നാണ് നോക്കുന്നത്. പദ്ധതി ഉപേക്ഷിച്ചുകൊണ്ടല്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നന്നായി നടപ്പാക്കി അവരെ സഹായിക്കാന്‍ പറ്റും. ഏതുതരത്തില്‍ അവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് വേണ്ടതു ചെയ്യാന്‍ പറ്റും. ഇതാണ് നോക്കുന്നത്. ആ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ വന്നപ്പോള്‍ ആ എതിര്‍പ്പുകള്‍ക്ക് നല്ല കുറവു വന്നിട്ടുണ്ട്. നല്ല രീതിയില്‍ ആളുകള്‍ സഹകരിക്കുന്ന നില വന്നിട്ടുണ്ട്. ഇതാണ് മാറ്റം. ആ മാറ്റം പല രംഗത്തും നമുക്ക് കാണാന്‍ പറ്റും.''

വിവാദ വിഷയങ്ങളില്‍ കേരളത്തെ കുരുക്കിയിടാനുള്ള ശ്രമങ്ങളെ മുഖ്യമന്ത്രിയുടെ ആജ്ഞാശക്തിയും പാര്‍ട്ടി നേതാവിന്റെ ഇടപെടല്‍ ശേഷിയുംകൊണ്ട് സമര്‍ത്ഥമായി മറികടന്നാണ് രണ്ട് വര്‍ഷം തികയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നില്‍പ്പ്. പ്രശ്‌നങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടേയിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യം. പക്ഷേ, പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നടക്കുന്നില്ല പിണറായി വിജയന്‍ എന്നതാണ് കാര്യം. മുഖ്യമന്ത്രി ദിവസവും സംസാരിക്കുന്നുണ്ടോ എന്നതിലല്ല, തീരുമാനങ്ങളെടുത്തു നടപ്പാക്കിക്കാണിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് കൂടുതല്‍ പ്രകടവുമാണ്. മുഖ്യമന്ത്രിയും ഗവണ്‍മെന്റും വരച്ച പ്രതിബദ്ധതയുടെ വരയിലേക്ക് കേരളത്തെ കൊണ്ടുവരിക തന്നെ ചെയ്യുന്നു; അതിനാണ് ജനങ്ങളുടെ പിന്തുണ എന്ന് ഉറപ്പു വരുത്തുന്നു. പ്രചാരണപരമായ നേതൃത്വം നല്‍കി തെറ്റിദ്ധാരണകള്‍ നീക്കുന്നതിന് സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ കൃത്യമായും സൂക്ഷ്മമായും വിനിയോഗിക്കുന്നു. അതെ, ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത് പിന്നിട്ട രണ്ട് വര്‍ഷത്തെ അനുഭവങ്ങളുടെ ചൂടേറ്റുകൊണ്ടാണ്. 

മനസ്സിലുള്ളത് മറച്ചുവച്ചും മുഖത്തു മറ്റൊന്നു വരുത്തിയും സംസാരിക്കുന്നതല്ല പിണറായി ശൈലി. അതിലെ ആത്മാര്‍ത്ഥത ഈ സംഭാഷണത്തെ തെളിഞ്ഞതാക്കുന്നു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനില്‍നിന്നു കേരളം ആഗ്രഹിച്ച നിരവധി മറുപടികള്‍ അദ്ദേഹം നല്‍കുന്നു. തന്നോടുള്ള മാധ്യമങ്ങളുടെ മനോഭാവത്തെ മുഖ്യമന്ത്രി എങ്ങനെ കാണുന്നു എന്നതില്‍ നിന്നുതന്നെ വേണം അത് കേള്‍ക്കാന്‍. ''ഒരു സര്‍ക്കാരുണ്ടാവുക, അതിന്റെ മുഖ്യമന്ത്രിയായിരിക്കുക എന്നൊക്കെ വരുമ്പോള്‍ സ്വാഭാവികമായിത്തന്നെ കുറേ കാര്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ നോക്കും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നമ്മള്‍ പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമാണ്. വസ്തുത ഇല്ലാത്ത കാര്യങ്ങളിലും ചിലപ്പോള്‍ മറ്റ് ഉദ്ദേശ്യങ്ങളോടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെന്നു വരും. അതിന്റെ മേലെയൊന്നും നമ്മള്‍ വേവലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ.''

വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്നായിരുന്നു 2016-ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തത്. 91 സീറ്റുകള്‍ നേടിയുള്ള ഉജ്ജ്വല വിജയം അതിനുള്ള അംഗീകാരവുമായി. പുതുകേരളം എന്ന സങ്കല്‍പ്പത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ വിശദീകരിക്കും?
കേരളം ഒട്ടേറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുമുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ പ്രത്യേകമായി രാജ്യമാകെ വിലയിരുത്തുന്ന നിലയും ഉണ്ടായിട്ടുണ്ട്. ഇതെല്ലാമാണെങ്കിലും നവകേരളം എന്ന ആശയം മുന്നോട്ടുവയ്ക്കാന്‍ കാരണം നമ്മള്‍ ഇനിയും കൂടുതല്‍ മുന്നോട്ടു പോകേണ്ടതായിട്ടുണ്ട് എന്നതാണ്. വിവിധ മേഖലകളില്‍ നമ്മള്‍ ഇനിയും കൂടുതല്‍ പുരോഗതി നേടേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് ഒരു നവകേരള സൃഷ്ടി വേണമെന്നു പറയാന്‍ ഇടയായത്. അതില്‍ ഓരോ മേഖലയെടുത്താല്‍, ഉദാഹരണമായി വിദ്യാഭ്യാസം എടുത്താല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. പക്ഷേ, ആ മുന്നേറ്റം നേടിയ അവിടുന്ന് വീണ്ടും മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. നമുക്കൊരു ചെറിയ സ്തംഭനാവസ്ഥ ഉണ്ടായിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ കാലാനുസൃതമായ പുരോഗതി നേടണം. ആരോഗ്യ രംഗത്ത് നമ്മുടെ നേട്ടം ആര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന വിധത്തിലാണ്. എന്നാല്‍ അവിടെയും കാലാനുസൃത പുരോഗതി ആവശ്യമാണ്. ഇങ്ങനെ ഓരോ രംഗത്തും നമ്മള്‍ നേടിയ നേട്ടങ്ങള്‍തന്നെ കൂടുതല്‍ മെച്ചപ്പെടേണ്ടതായിട്ടുണ്ട്. നമ്മള്‍ പരമ്പരാഗതമായി കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. പക്ഷേ, കാര്‍ഷികരംഗത്ത് നമുക്ക് വലിയ പുരോഗതി ഉണ്ടായി എന്ന് പറയാന്‍ പറ്റില്ല. കാര്‍ഷികരംഗത്ത് അഭിവൃദ്ധി വേണം. നല്ല ഇടപെടല്‍ ആ രംഗത്തു വേണം. ആളുകളില്‍ പുതിയ ഒരു കാര്‍ഷിക സംസ്‌കാരം ഉണ്ടാകണം. ഇതൊക്കെ നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ പുരോഗതിയുടെ അവസ്ഥ പരിശോധിച്ചാല്‍, ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തും രാജ്യത്തിനകത്തുമായി ജീവിക്കുന്നത്. ഈ ആളുകളെല്ലാം തൊഴിലിനു വേണ്ടി പോയവരാണ്. ഇത്രയധികം ആളുകള്‍ തൊഴിലിനുവേണ്ടി പോയതിന്റെ നേട്ടം നമുക്കുണ്ടായിട്ടുണ്ട്. സംസ്ഥാനം ഇന്ന് എത്തിയിരിക്കുന്ന നിലയ്ക്ക് അത് വലിയ ഒരു ഘടകമാണ്. എന്നാല്‍ അതിന്റെ മറ്റൊരു വശം കാണേണ്ടത്, അത്രയും ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ്. ഇവിടെ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് അവര്‍ക്ക് പോകേണ്ടിവന്നത്. ആ ആളുകള്‍ക്ക് എങ്ങനെ തൊഴില്‍ കൊടുക്കാന്‍ പറ്റും? എങ്ങനെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പറ്റും? ആ മേഖലയില്‍ എങ്ങനെ വികസനം ഉറപ്പാക്കാന്‍ പറ്റും? ഇതോടൊപ്പം തന്നെ നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യമെടുത്താല്‍ വളരെ പിറകിലാണ് നമ്മള്‍. വളരെ പിറകിലെന്നു പറഞ്ഞാല്‍, ഇന്നത്തെ കാലത്ത് നമുക്ക് ആലോചിക്കാന്‍പോലും കഴിയില്ല. നമ്മുടെ ദേശീയപാതകളുടേത് ദേശീയപാതയുടെ നിലവാരമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. സാധാരണ ഒരു റോഡിന്റെ അവസ്ഥപോലുമില്ലാത്ത ദേശീയപാതയും നമുക്കുണ്ട്. കാലാനുസൃതമായ വികസനം ആ രംഗത്തു വരണം. ഇത്തരത്തിലുള്ള പശ്ചാത്തല സൗകര്യ വര്‍ദ്ധന ഓരോ രംഗത്തുമുണ്ടാകണം. ഇതെല്ലാംകൂടി വച്ചാണ് ഞങ്ങള്‍ നവ കേരളം എന്ന് പറയുമ്പോള്‍ ഉദ്ദേശിച്ചത്. ഏതെങ്കിലും കുറേ ഫാക്ടറികള്‍ വരിക എന്നു മാത്രമല്ല അത്. എല്ലാംകൂടി ചേര്‍ത്തുള്ള ഒരു നവകേരളം എന്നാണ് കണ്ടത്. എല്ലാ മേഖലയും വികസിച്ചു വരണം. ഞങ്ങള്‍ എപ്പോഴും പറയാറുള്ളതുപോലെ സാമൂഹികനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതലസ്പര്‍ശിയുമായ വികസനം. ആ നിലയില്‍ കാര്യങ്ങള്‍ നീക്കാനാണ് ഈ രണ്ട് വര്‍ഷക്കാലം ശ്രമിച്ചിട്ടുള്ളത്. 

സര്‍ക്കാരിനു രണ്ട് വര്‍ഷം തികയുമ്പോള്‍ ഇനിയും കൂടുതല്‍ നന്നാകണം എന്ന് ശക്തമായി തോന്നുന്ന ഭരണപരമായ കാര്യങ്ങളുണ്ടോ? എങ്കില്‍ അവ എന്തൊക്കെയാണ്?
ഏതെങ്കിലും മേഖല പിന്നോട്ടാണെന്ന വിലയിരുത്തല്‍ ഇല്ല. നമ്മള്‍ കാണേണ്ടത്, ഏത് കാര്യമായാലും ചില പ്രശ്‌നങ്ങളൊക്കെ ഉയര്‍ന്നുവരുമല്ലോ. അത് നമ്മുടെ നാടിന്റെ ഒരു പ്രത്യേക രീതിവച്ച് അതൊക്ക നമ്മള്‍ പ്രതീക്ഷിക്കണം. എല്ലാവരുടേയും മനസ്സില്‍ ഇത് നടക്കണമെന്നുണ്ട്. ഏത് അഭിപ്രായം പറയുന്നവരുടെ മനസ്സിലും ഈ കാര്യം നടക്കണം എന്നാണ്. അതാണ് ഏറ്റവും പോസിറ്റീവായ വശം. അതുവച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. പശ്ചാത്തല സൗകര്യ വികസനമാണല്ലോ നമ്മള്‍ പറഞ്ഞുവച്ചത്. അതില്‍ ഇപ്പോള്‍ ഒരു മനോഭാവ മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ മൈന്‍ഡ്സെറ്റ് മാറി എന്നു പറയാം. ഇതൊന്നും ഇവിടെ വേണ്ട, അല്ലെങ്കില്‍ ഇതൊന്നും ഇവിടെ നടക്കില്ല, ഓ നമ്മുടെ കേരളത്തില്‍ ഇതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല ഇതായിരുന്നു ഒരു ശരാശരി ആളുടെ ചിന്ത. ആ ചിന്തയില്‍ മാറ്റം വന്നിട്ടുണ്ട്. പക്ഷേ, അത് പ്രായോഗികമായി വരുന്നതിന് ഇനിയും കുറച്ചു സമയമെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നു, ഭൂമി എടുക്കുന്നതിനുള്ള എതിര്‍പ്പുകള്‍ നല്ല രീതിയില്‍ കുറഞ്ഞു. അതിന്റെ ഭാഗമായി ആവശ്യമായ പണം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തു വരുന്നു. ചില ചില പ്രശ്‌നങ്ങള്‍ അതിലൊക്കെയുണ്ട്. എന്നാല്‍ ആ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നുതന്നെയാണ് പ്രതീക്ഷ. ദേശീയ ജലപാതയുടെ കാര്യമെടുത്താല്‍, കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഒരു ജലപാത പൂര്‍ണ്ണമായ തോതില്‍ നടപ്പായാല്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. നമ്മുടെ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ ഉപകരിക്കും, ടൂറിസ്റ്റ് സൗകര്യങ്ങള്‍ വര്‍ധിക്കും, വിവിധ സ്ഥലങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിക്കും. വലിയ മാറ്റമാണ് കേരളത്തില്‍ അത് കൊണ്ടുവരാന്‍ പോകുന്നത്. രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ കാര്യമെടുത്താലും പൂര്‍ണ്ണതയിലെത്തിക്കാനാകും  എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സുപ്രധാനമായ പൊതുവിദ്യാഭ്യാസ യജ്ഞം ഉള്‍പ്പെടെ നാല് മിഷനുകളിലും സമയബന്ധിതമായി ഊന്നാന്‍ പ്രേരിപ്പിച്ച സാഹചര്യത്തെക്കുറിച്ചു പറയാമോ?
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയില്‍ത്തന്നെ നമ്മുടെ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ആ കാഴ്ചപ്പാടില്‍ ഊന്നി നിന്നുകൊണ്ടു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിന്റെ ഭാഗമായി കൂട്ടായി ആലോചിച്ചപ്പോള്‍ വന്ന ചില കാര്യങ്ങളാണ് ഇവ. ഇതില്‍ ഓരോ കാര്യവും നല്ല നിലയ്ക്കുതന്നെ പുരോഗമിക്കുന്നുണ്ട്. കൂടംകുളം ലൈനിന്റെ കാര്യമെടുത്താല്‍, ഇനി അതൊന്നും നടക്കാനേ പോകുന്നില്ല എന്ന ചിന്തയാണ് ഇടക്കാലത്തുണ്ടായിരുന്നത്. ഗെയിലിന്റെ കാര്യത്തില്‍ ഇപ്പോള്‍ അവര്‍ പറയുന്നത് നല്ല വേഗതയില്‍ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നാണ്. അടുത്തുതന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റും. ദേശീയപാതയുടേയും ജലപാതയുടേയും കാര്യം ഞാന്‍ പറഞ്ഞു. നല്ല മാറ്റമാണ് എല്ലാ രംഗത്തും വരുന്നത്. ഇത് നമ്മുടെ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. അതാണ് ഇത്തരമൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ കാരണം. അത് ഞങ്ങള്‍ കൂട്ടായി ആലോചിച്ച് എടുത്തതുമാണ്. 

രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ പലവിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നു എന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിരുന്നല്ലോ. അതെന്തൊക്കെയാണ്.
കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ പൂര്‍ണ്ണമായും ഒരു കേന്ദ്രഗവണ്‍മെന്റിന്റെ റോളിലല്ല പ്രവര്‍ത്തിക്കുന്നത്. കടുത്ത രാഷ്ട്രീയ നിലപാടുകള്‍ അവരെടുത്തുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാന നിലപാട് ഉണ്ടാകുന്നത് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നാണ്. പ്രധാനമന്ത്രിക്ക് ആര്‍.എസ്.എസ്സിന്റെ നിലപാട് അതേ രീതിയില്‍ ഈ സംസ്ഥാനത്ത് നടന്നുകാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആ ആഗ്രഹം അതേപോലെ സ്വീകരിക്കാന്‍ കേരളം തയ്യാറല്ല. അങ്ങനെ വരുമ്പോള്‍ പല കാര്യങ്ങളില്‍ വിരോധത്തോടെയുള്ള നിലപാടുതന്നെ സംസ്ഥാനത്തോട് സ്വീകരിക്കുന്നുവെന്ന് കാണാം. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എപ്പോഴും കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാണ്. പലതും പ്രധാനമന്ത്രിയുടെ അടുത്തുതന്നെ അവതരിപ്പിക്കേണ്ടതായി വരും. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയെ കാണേണ്ടതായി വരും, ചിലപ്പോള്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണേണ്ടതായി വരും. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ക്ക് സമയം ചോദിച്ചാല്‍ സമയം അനുവദിക്കാത്ത നില അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. അത് പിന്നീട് അദ്ദേഹം സ്വീകരിച്ചിട്ടുള്ള ഒരു നിലയാണ്. ഇത് ഈ മനോഭാവത്തിന്റെ ഭാഗമായിട്ടാണ്. അതായത് ആര്‍.എസ്.എസ് കേരളത്തില്‍ സ്വീകരിക്കുന്ന നിലപാടിന്റെ ഭാഗമായി വന്നിട്ടുള്ളതാണ്. ആര്‍.എസ്.എസിന്റെ കേന്ദ്രീകരണം എങ്ങനെയൊക്കെ വന്നു എന്നുള്ളത് ഇവിടെ കണ്ടതാണല്ലോ. അതിന്റെ തുടര്‍ച്ചയായാണ് ഈ മനോഭാവ മാറ്റം വരുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിക്കുന്നുവെങ്കില്‍ അതൊരു സൗജന്യം ചോദിക്കലോ ഏതെങ്കിലും തരത്തിലുള്ള ഓശാരം ചോദിക്കലോ അല്ല. അതൊരു സംസ്ഥാനത്തിന്റെ അവകാശമാണ്. പക്ഷേ, നമ്മുടെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതിനുവേണ്ടി സമയം ചോദിച്ചിട്ട് അനുവദിക്കാത്ത നില ഉണ്ടായി. മന്ത്രിമാരാകെ അങ്ങനെയാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. മന്ത്രിമാര്‍ പലരും കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. പല കാര്യങ്ങളും ചര്‍ച്ചചെയ്തു പോകുന്നുണ്ട്. ചിലര്‍ വളരെ ആരോഗ്യകരമായ സമീപനം സ്വീകരിക്കുന്നുണ്ട്. പക്ഷേ, പ്രധാനമന്ത്രിയില്‍നിന്നുണ്ടാകേണ്ട സമീപനം അദ്ദേഹത്തില്‍നിന്നുണ്ടാകുന്നില്ല. അത് ആര്‍.എസ്.എസ് അജന്‍ഡയുടെ ഭാഗമായി വരുന്നതാണ്. എന്നാല്‍, ആ അജന്‍ഡകള്‍ക്കൊന്നും കേരളത്തെ കീഴ്പ്പെടുത്താന്‍ കഴിയില്ല എന്നത് കേരളം ഓരോ ഘട്ടത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴും അതേ നില തന്നെയാണ് കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 

ഫെഡറല്‍ സംവിധാനത്തിന്റെ പാരമ്പര്യത്തെ പ്രധാനമന്ത്രിതന്നെ നേരിട്ട് അട്ടിമറിക്കുകയാണോ?
അതിനവര്‍ക്ക് ഒരു പ്രയാസവുമില്ല. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തെത്തന്നെ അവര്‍ വിലവയ്ക്കുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യത്തെ വിലവയ്ക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുപോയാല്‍ അത് എടുക്കാതിരിക്കില്ലല്ലോ. അപ്പോള്‍, അതുപോലും ചെയ്യാന്‍ ഒരു മടിയുമില്ല. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നു. അതെല്ലാം ഒരു ഭാഗത്ത് നടക്കുകയാണ്. ഫെഡറല്‍ സംവിധാനത്തിനു വലിയ വില കല്‍പ്പിക്കാത്ത നിലയുടെ ഭാഗമായി സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഓരോന്നും കവര്‍ന്നെടുക്കുകയാണ്. ഇതൊക്കെ വലിയ തോതില്‍ത്തന്നെ സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടമാണ് ഇത്. ഇപ്പോഴാണെങ്കില്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പ്രശ്‌നം പൊതുവേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. അങ്ങനെയുള്ള പല പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.

വര്‍ഗ്ഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഏതെങ്കിലും തരത്തില്‍ കേരളത്തിലും ദുര്‍ബ്ബലപ്പെടുന്നതായി അനുഭവമുണ്ടോ? എന്താണ് പരിഹാരം?
വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കുക എന്ന് പറയുമ്പോള്‍, വര്‍ഗ്ഗീയശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള കരുത്താണ് കേരളത്തിന്റെ പ്രത്യേകതയ്ക്ക് ഇടയാക്കിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഇടതുപക്ഷം കേരളത്തില്‍ ശക്തമാണ്. എല്ലാ ഘട്ടത്തിലും വര്‍ഗ്ഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നുവരികയുമാണ്. അതില്‍ ഒരുതരത്തിലുള്ള മയപ്പെടുത്തലും ഉണ്ടായിട്ടില്ല. ആ പ്രത്യേകത ശരിയായ രീതിയില്‍ത്തന്നെ തുടര്‍ന്നും പോകുന്നുണ്ട്. 

പക്ഷേ, വര്‍ഗ്ഗീയ ശക്തികള്‍ മുന്‍പെന്നത്തെക്കാള്‍ കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതില്‍ ഭാഗികമായെങ്കിലും വിജയിക്കുകയും ചെയ്യുന്നു?
വിജയം ഇതേവരെ ഉണ്ടായിട്ടില്ലെങ്കിലും ശ്രമം നല്ല രീതിയില്‍ നടക്കുന്നുണ്ട്. അതായത് കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ചില വിഭാഗങ്ങളെ തങ്ങളോടൊപ്പം നിലനിര്‍ത്താന്‍ നല്ല സൗമനസ്യ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചില ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെ ചെന്നിട്ട് ചില പ്രലോഭനങ്ങള്‍ നടത്തുന്ന നില ഉണ്ട്. അത്തരം ശ്രമങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനൊന്നും വലിയ ഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, വ്യക്തികളേയും സ്ഥാപനങ്ങളേയും ചില മേഖലകളേയുമെല്ലാം കേന്ദ്രീകരിച്ചുകൊണ്ട് പ്രലോഭനങ്ങള്‍ വിതറാനുള്ള നല്ല ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ഗൗരവമായി കാണേണ്ടതു തന്നെയാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമുണ്ടായിരിക്കെ അതിനെ രാഷ്ട്രീയമായി ഗൗരവത്തില്‍ കാണേണ്ടതാണ് എന്നാണോ?
അതെയതെ. രാഷ്ട്രീയമായി അതിനെ ഗൗരവമായി കാണുന്ന നില തന്നെയാണ് കേരളം സ്വീകരിക്കുന്നത്. 

എല്‍.ഡി.എഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ഭൂരിപക്ഷ സാമുദായിക ശക്തികളുടെ ആരോപണം മുന്‍പേ ഉണ്ട്. മറുവശത്ത്, മൃദുഹിന്ദുത്വ സമീപനമാണ് സര്‍ക്കാരിന്റേത് എന്ന ആരോപണം ന്യൂനപക്ഷ സാമുദായിക സംഘടനകള്‍ ഇപ്പോള്‍ ഉന്നയിക്കുകയും ചെയ്യുന്നു?
മൃദുഹിന്ദുത്വ സമീപനം എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ട് എന്ന് പറയുന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. അതിനെപ്പറ്റി നമ്മള്‍ വല്ലാതെ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമില്ല. കാരണം, കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ മുന്നണിയുടേയും നിലപാട് എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം അറിയാം. അത് സുവ്യക്തമാണ്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം, കേരളത്തിലെ അന്തരീക്ഷത്തില്‍ പരമ്പരാഗത രീതികളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇടതുപക്ഷത്തിന്റെ പൊതുവായ നില എടുത്താല്‍ ന്യൂനപക്ഷങ്ങളില്‍ ഇടതുപക്ഷ സ്വാധീനം അത്രയധികം ഉണ്ടായിരുന്നില്ല. കുറേ മുന്‍പുള്ള കഥയാണിത്. എന്നാല്‍, കുറേക്കാലമായി ഇതിനു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തേക്ക് ന്യൂനപക്ഷങ്ങള്‍ നല്ലതുപോലെ ആകര്‍ഷിക്കപ്പെടുന്ന ഒരു നില കുറേക്കാലമായി ഉണ്ട്. ഇതിന് ഇപ്പോള്‍ വേഗത കൂടിയിരിക്കുകയാണ്. മാത്രമല്ല, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടിത പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവരുടെ സംഘടനാ കരുത്തങ്ങ് ചോര്‍ന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അത് അവര്‍ക്കുതന്നെ നേരിട്ട് അറിയാം. വല്ലാതെ തകര്‍ച്ച അവരെ ബാധിക്കുന്നുണ്ട് എന്ന്. ആ തകര്‍ച്ച ആളുകള്‍ ഇടതുപക്ഷത്തേയ്ക്ക് കൂടുതല്‍ ചായുന്നതിന്റെ ഭാഗമായി കാണുന്നതാണ്. ഇടതുപക്ഷത്തോടുള്ള ഒരു ആഭിമുഖ്യം വളര്‍ന്നുവരുന്നു. ഇത് ന്യൂനപക്ഷങ്ങളില്‍ ഉണ്ടാകുന്ന ഒരു പ്രത്യേകതയാണ്. ഈയൊരു സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നു. ഇതിനെ നേരിടാനുള്ള ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് എല്‍.ഡി.എഫ് ഗവണ്‍മെന്റ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്നത്. ഞങ്ങള്‍ക്ക് അതില്‍ ഒട്ടും വേവലാതി ഇല്ല. കാരണം, ഈ ഗവണ്‍മെന്റ് അത്തരമൊരു സമീപനം സ്വീകരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ആരും വീഴാന്‍ പോകുന്നില്ല. അത്തരം നടപടികള്‍ ഈ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടി എല്ലാക്കാലത്തും സ്വീകരിക്കുന്നവരാണ് ഞങ്ങളെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആ പ്രചരണത്തില്‍ ഞങ്ങള്‍ വലിയ ഉല്‍ക്കണ്ഠ കാണിക്കുന്നില്ല. മറ്റൊന്ന്, ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചില നിയമനടപടികള്‍ വരും. അത് നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോഴും നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്നതുപോലെ ഇതൊരു ന്യൂനപക്ഷ വിഭാഗമാണ് എന്ന് കണ്ടുകൊണ്ട് അവര്‍ക്കെതിരെ നിലപാടെടുക്കുന്ന പൊലീസ് രീതിയൊന്നും ഇവിടെ സമ്മതിക്കില്ല. അതൊന്നും ഇവിടെ അനുവദിക്കില്ല. എന്നാല്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ക്ക് സ്വാഭാവികമായും നിയമനടപടികള്‍ സ്വീകരിക്കും. അതില്‍ ഞങ്ങള്‍ ഇടപെടുകയുമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. മറ്റേതെങ്കിലും സംസ്ഥാനത്തു നടക്കുന്നതുപോലെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ രാജ്യത്ത് പലയിടത്തുമുണ്ട്. അത്തരത്തിലുള്ള ഒരു ന്യൂനപക്ഷ വിരോധപരമായ സമീപനം ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ നമ്മുടെ കേരളത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. അത് എല്‍.ഡി.എഫ് ഗവണ്‍മെന്റ് അംഗീകരിക്കുകയുമില്ല. 

ഇത് കൃത്യമായ ഒരു മെസ്സേജാണോ, പൊലീസിനും മറ്റും?
ഇത് അവര്‍ക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ നല്‍കുന്ന ഒരു മെസ്സേജല്ല. നേരത്തേതന്നെ അറിയാവുന്ന കാര്യമാണ്, സര്‍ക്കാര്‍ നിലപാട് എന്താണെന്ന്. അക്കാര്യത്തില്‍ സര്‍ക്കാരിന് നല്ല വ്യക്തതയുണ്ട്. അത് നിയമസഭയിലടക്കം വ്യക്തമാക്കിയിട്ടുമുണ്ട്. 

ഇടതുമുന്നണി സര്‍ക്കാരിന്റെ അടുത്ത മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവങ്ങളില്‍നിന്ന് ഏറ്റവും പ്രചോദനവും ആവേശവും നല്‍കുന്ന ഒരെണ്ണം തെരഞ്ഞെടുക്കാനാകുമോ? വികാരപരമായി സ്വാധീനിച്ച ഒരു അനുഭവം?
അതില്‍ ഏറ്റവും പ്രധാനമായി കാണുന്നത് - വ്യക്തിപരമായ അനുഭവമല്ല ഞാന്‍ പറയുന്നത്- നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നുചേര്‍ന്നതാണ്. അത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന ഒരു വലിയ മാറ്റമാണ്. അതാണ് ഏറ്റവും പ്രധാനം. നാടും കുടുംബങ്ങളും കുട്ടികളുമെല്ലാം ഇതിന് അനുകൂലമായി പ്രതികരിക്കുന്നു എന്നാണ്, നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു എന്നാണ് അത് കാണിക്കുന്നത്. അതാണ് ഒരു പ്രത്യേകതയായി എനിക്കു തോന്നിയത്. പിന്നെ, മതപരമായ ചേരിതിരിവുകളും സാമ്പത്തികവും ജാതീയവുമായ അസന്തുലിതാവസ്ഥയും ഇല്ലാതാക്കാന്‍ ജാഗരൂകമാണ് സര്‍ക്കാര്‍. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും ജാതീയമായ സംഘട്ടനങ്ങള്‍ക്കും കേരളത്തില്‍ തലപൊക്കാന്‍ കൂടി കഴിയില്ല. മതവിഭാഗങ്ങളെ പ്രീണിപ്പിച്ചും കോര്‍പ്പറേറ്റുകളോട് ഉദാരസമീപനം സ്വീകരിച്ചും ആവിഷ്‌കരിക്കപ്പെടുന്ന കേന്ദ്രനയങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. അസഹിഷ്ണുതയേയും ചരിത്രത്തെപ്പോലും വികലമാക്കാനുള്ള നിഗൂഢശ്രമങ്ങളേയും കേരളം പ്രതിരോധിക്കുന്നുണ്ട്. നോട്ട് നിരോധനത്തിന്റേയും ജി.എസ്.ടിയുടേയും പ്രതിലോമ ഫലങ്ങളെ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ സാമ്പത്തിക ജീവിതം ആ നിലയില്‍ ഒരു മാതൃക തന്നെയാണ്. ദേവസ്വം നിയമനത്തില്‍ പിന്നോക്ക വിഭാഗക്കാരേയും ദളിതരേയും ഉള്‍പ്പെടുത്തിയത് സാമൂഹ്യ നവോത്ഥാന ചരിത്രത്തിന്റെ തുടര്‍ച്ചയായ കാല്‍വെയ്പാണ്. ബീഹാര്‍, ബംഗാള്‍, ഒറീസ്സ, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് വന്നു. അപ്നാഘര്‍ എന്ന പേരില്‍ ഭവന നിര്‍മ്മാണ പദ്ധതി. മുഴുവന്‍ പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഞങ്ങളെ പ്രകീര്‍ത്തിക്കുന്ന കേരളത്തിന്റെ അംബാസഡര്‍മാരാണ്.

വികസനത്തെക്കുറിച്ചുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സങ്കല്‍പ്പങ്ങളെ രാഷ്ട്രീയ എതിരാളികള്‍ വന്‍തോതില്‍ കടന്നാക്രമിക്കുകയാണല്ലോ. പല സമരങ്ങളും ആ വിധത്തില്‍ മാറിപ്പോകുന്നു. ഉദാഹരണം കീഴാറ്റൂര്‍. അത്തരം വിവിധ വിഷയങ്ങളോടുള്ള സമീപനം എന്താണ്?
നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സംസ്ഥാനത്ത് ദേശീയപാതയുടെ വികസനം വേണം. കീഴാറ്റൂരില്‍ റോഡ് അതിലേ വരികയല്ലാതെ വേറെ വഴിയില്ല എന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇത് എല്‍.ഡി.എഫ് ഗവണ്മെന്റ് കൊണ്ടുവന്ന പ്രപ്പോസലുമല്ല. നേരത്തെ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്തുതന്നെ തയ്യാറാക്കിയതാണ്. ഇപ്പോഴാണ് ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത് എന്നുമാത്രം. വേറെ വഴി നമ്മുടെ മുന്നിലില്ല. ഇതാണ് പ്രശ്‌നം. അതിന്റെ ഭാഗമായി നമ്മുടെ നാടിന്റെ ഭാവി മുന്നില്‍ക്കണ്ടുകൊണ്ട് ചെയ്യുന്ന കാര്യങ്ങളെ ചിലര്‍ എതിര്‍ക്കാന്‍ പുറപ്പെടുന്നുവെന്ന പേരില്‍ ഉപേക്ഷിക്കാന്‍ നമുക്കു കഴിയില്ല. പിന്നെ, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ആ ശ്രമമാണ് ഇപ്പോള്‍ നല്ലതുപോലെ നടത്തിയത്. ആ ശ്രമം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോള്‍ കാണുന്ന വിചിത്രമായ കൂട്ടുകെട്ടിനു കാരണം. പക്ഷേ, നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തെ തടയുന്ന ഒരു സമീപനമാണ് അവര്‍ സ്വീകരിക്കുന്നത് എന്നത് അവരെല്ലാവരും ആലോചിക്കേണ്ട ഒരു കാര്യമാണ്. ഇത് സങ്കുചിതമായി ചിന്തിക്കേണ്ട ഒരു കാര്യമല്ല. ഇന്നത്തെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ എന്തെങ്കിലുമൊരു അഭിമാനപ്രശ്‌നമല്ല ഇത്. നാടിന്റെ വികസനത്തിന്റെ ഭാഗമായിട്ടാണ് ദേശീയപാത വികസനത്തേയും ഗവണ്‍മെന്റ് കാണുന്നത്. ആ നിലയ്ക്കുതന്നെ അതിനെ കാണാനും അതിനെ പിന്താങ്ങാനും ഇവരെല്ലാം തയ്യാറാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. 

രാഷ്ട്രീയ കടന്നാക്രമണങ്ങളെ വികസന അജന്‍ഡ കൊണ്ടുമാത്രം മറികടക്കാന്‍ കഴിയുമോ? പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പു വരാനിരിക്കുമ്പോള്‍?
തെരഞ്ഞെടുപ്പു തന്ത്രം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലല്ലോ. പക്ഷേ, നമ്മള്‍ കാണേണ്ടത്, ഇവിടെ വലതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവുമുണ്ട്. വലതുപക്ഷ രാഷ്ട്രീയം മുന്‍കൈ നേടാന്‍ പലവിധത്തിലുള്ള തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങള്‍ നടത്തുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ ചെല്ലുമ്പോള്‍ മാത്രമേ ആ വസ്തുതകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജനങ്ങളില്‍ മാറ്റമുണ്ടാവുകയുള്ളു. ഇപ്പോള്‍ അത്തരം ഒരു കാര്യംകൊണ്ടും അവര്‍ക്കു ജനങ്ങളെ സ്വാധീനിക്കാനായിട്ടില്ല. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത് നല്ല നിലയ്ക്കുതന്നെ കേരളത്തില്‍ സ്വീകരിക്കപ്പെടുന്നുമുണ്ട്. അതിനു നല്ല മേല്‍ക്കൈയും മുന്‍കൈയും ഇപ്പോള്‍ കൂടിവരുന്നുണ്ട് എന്നതാണ് വസ്തുത. വലതുപക്ഷത്തിനങ്ങ് മേല്‍ക്കൈ നേടിക്കളയാന്‍ കഴിയും എന്നൊരു ആശങ്കയൊന്നും ഇപ്പോള്‍ തല്‍ക്കാലം കേരളത്തിലില്ല. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മൂന്നാം വര്‍ഷത്തിന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയാകുമോ?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഒരു പ്രത്യേക നിലയാണ് ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ യു.ഡി.എഫ് ശിഥിലമാകും. തെരഞ്ഞെടുപ്പു കഴിഞ്ഞു, യു.ഡി.എഫ് പരാജയപ്പെട്ടു. പരാജയംകൊണ്ടു തീര്‍ന്നില്ല, പിന്നെ ശിഥിലമാകാനും തുടങ്ങി. ആദ്യം മാണി കേരള യുഡിഎഫ് വിട്ടു. പിന്നെ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ. ഡി.യു യു.ഡി.എഫ് വിട്ടു. ഇത് വലിയ തകര്‍ച്ചയാണ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വരുന്നത്. ആ ഉപതെരഞ്ഞെടുപ്പ് നല്ല രീതിയില്‍ത്തന്നെ കേരളത്തിന്റെ പൊതുവായ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്ന സന്ദേശം നല്‍കുമെന്നതില്‍ ഒരു സംശയവുമില്ല. ബി.ജെ.പി നല്ല ശ്രമം നടത്തുന്നുണ്ട്, ദുര്‍ബ്ബലമായ യു.ഡി.എഫ് അവര്‍ക്ക് ഏതെങ്കിലും മട്ടില്‍ അവിടെയൊരു തിരിച്ചുവരവിനു കഴിയുമോ എന്ന് ശ്രമിക്കുന്നുണ്ട്. അതെല്ലാം ഉണ്ടെങ്കിലും ചെങ്ങന്നൂര്‍ മണ്ഡലം നല്ല നിലയില്‍ത്തന്നെ എല്‍.ഡി.എഫിനെ സ്വീകരിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. 

യു.ഡി.എഫ് വിടാന്‍ രാജിവച്ച രാജ്യസഭാ സീറ്റ് എം.പി. വീരേന്ദ്രകുമാറിനുതന്നെ കൊടുത്തു. പക്ഷേ, മുന്നണിയിലെടുത്തില്ല. കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശവും അന്തരീക്ഷത്തിലുണ്ട്. മുന്നണി വിപുലീകരണം എപ്പോഴാണ്?
എല്‍.ഡി.എഫിന്റെ വിപുലീകരണം നടക്കുന്നത് എല്‍.ഡി.എഫ് എന്ന നിലയില്‍ പൊതുവില്‍ ചര്‍ച്ചചെയ്തുകൊണ്ടാണ്. മുന്നണിയില്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചുകൊണ്ടാണ് ഒരു തീരുമാനമെടുക്കുന്നത്. അതിന്റെ മറ്റു കാര്യങ്ങളിലേക്ക് ഞാനിപ്പോള്‍ പോകുന്നത് ശരിയല്ല. രാഷ്ട്രീയമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയോ മുന്നണി കണ്‍വീനറോ പറയുന്നതാണ് നല്ലത്. 

മുഖ്യമന്ത്രിയെ അല്ലെങ്കില്‍ ഭരണാധികാരിയെക്കുറിച്ച് കേരളത്തില്‍ പൊതുവേയുള്ള ഒരു സങ്കല്‍പ്പം എപ്പോഴും ചിരിക്കുന്നവരും ചുമലില്‍ കൈയിടുന്നവരും മാധ്യമങ്ങള്‍ക്ക് പ്രാപ്യരുമായിരിക്കണം എന്നാണ്. അത് തീരുമാനിച്ചുറച്ചു പൊളിച്ച മുഖ്യമന്ത്രിയാണല്ലോ പിണറായി വിജയന്‍. ഇത് മനസ്സില്‍വച്ച് മാധ്യമങ്ങള്‍ താങ്കളെ ടാര്‍ഗറ്റ് ചെയ്യുന്നതായി അനുഭവമുണ്ടോ?
അത് നമ്മള്‍ അങ്ങനെ കാണേണ്ടതായിട്ടില്ല. മാധ്യമങ്ങളുടേതായ പൊതുവായ രീതികളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അതിനെക്കുറിച്ച് ഞാനൊരു അഭിപ്രായം പറയാനൊന്നും തയ്യാറാകുന്നില്ല. പിന്നെ, ഒരു സര്‍ക്കാരുണ്ടാവുക, അതിന്റെ മുഖ്യമന്ത്രിയായിരിക്കുക എന്നൊക്കെ വരുമ്പോള്‍ സ്വാഭാവികമായിത്തന്നെ കുറേ കാര്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നമ്മള്‍ പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമാണ്. വസ്തുത ഇല്ലാത്ത കാര്യങ്ങളിലും ചിലപ്പോള്‍ മറ്റ് ഉദ്ദേശ്യങ്ങളോടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെന്നു വരും. അതിന്റെ മേലെയൊന്നും നമ്മള്‍ വേവലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. നാട്ടുകാര്‍ കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. സര്‍ക്കാര്‍ വ്യക്തമാക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യും. പല കാര്യങ്ങളിലും അത് വ്യക്തമാക്കിയിട്ടുണ്ട്, നാട് അത് സ്വീകരിച്ചിട്ടുമുണ്ട്. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രതിപക്ഷ സഹകരണത്തോടെ നടത്തിയ നീക്കത്തിനുണ്ടായത് വലിയ തിരിച്ചടിയായിപ്പോയി എന്ന് ചിന്തിക്കുന്നുണ്ടോ?
അങ്ങനെയല്ല അത്. കേരളത്തിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നിസ്സഹായരാകുന്നു, വഴിയാധാരമാകുന്നു. കോഴ്സ് തുടരാന്‍ പറ്റാത്ത സ്ഥിതി. അപ്പോള്‍ പൊതു അഭിപ്രായം വന്നത് അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്നാണ്. ഞങ്ങളല്ല ആദ്യം അതിനു പുറപ്പെടുന്നത്. പൊതു അഭിപ്രായം ഇങ്ങനെ വരികയാണ്. ആ പൊതു അഭിപ്രായം എല്ലാവരുടേയും അടുത്തെത്തി. അപ്പോള്‍ എല്ലാവരും അത് സര്‍ക്കാരിനു മേലെ സമ്മര്‍ദ്ദമായി കൊണ്ടുവന്നു. അതില്‍ ആരും ഒഴിവില്ല. ഇന്നിപ്പോള്‍ എതിരായി പറയുന്നുണ്ടെങ്കിലും - എല്ലാവരും എതിരായി പറയുന്നുമില്ല കേട്ടോ, അതും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് - എല്ലാവരും അതിനെ അനുകൂലിക്കുകയാണുണ്ടായത്. ഇപ്പോള്‍ എതിരായി പറയുന്നവര്‍ ഈ പറയുന്ന പ്രശ്‌നങ്ങള്‍ സജീവമായി ഉള്ള കാലത്ത് ഇത് ശരിയല്ല എന്ന് പറഞ്ഞിട്ടില്ല. കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം എന്നായിരുന്നു ഞങ്ങളുടെ മുന്നില്‍ വന്ന പ്രശ്‌നം. ഞങ്ങള്‍ നടപടി എടുത്തില്ല എന്ന് വിചാരിക്കുക; ഒന്നും ചെയ്തില്ലാന്നു വിചാരിക്കുക. ഈ കുട്ടികളെ സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ലാ എന്ന് പറഞ്ഞിട്ടുള്ള കടുത്ത വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരും. ഇത് അല്‍പ്പം സങ്കീര്‍ണ്ണമായ പ്രശ്‌നം തന്നെയാണ്. ഏതെങ്കിലുമൊരു കോടതിയെ വെല്ലുവിളിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. പ്രത്യേകിച്ച് സുപ്രീംകോടതിയുടെയൊന്നും നിലപാടിനെ ചോദ്യം ചെയ്യുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം. കുട്ടികള രക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനു നേതൃത്വം നല്‍കി. സര്‍ക്കാരാണല്ലോ നേതൃത്വം നല്‍കേണ്ടത്. പക്ഷേ, അത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീംകോടതി വീണ്ടും നിലപാടെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍, നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ഗവര്‍ണര്‍ അത് പിടിച്ചുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടെ നില്‍ക്കട്ടെ. ബാക്കി കാര്യങ്ങളൊക്കെ എല്ലാവരും കൂടി ആലോചിച്ച് തീരുമാനിക്കാം. 

പൊലീസിന്റെ പല നടപടികളും സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും വലിയ തോതില്‍ പ്രതിരോധത്തിലാക്കുന്നില്ലേ. എങ്ങനെ കാണുന്നു?
പൊലീസ് സേനയ്ക്ക് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ യത്‌നിക്കുന്നത്. കേസുകളുടെ എണ്ണം കുറഞ്ഞു. റോഡപകടങ്ങള്‍ മൂലമുളള മരണം കുറഞ്ഞു. കുറ്റാന്വേഷണ മേഖലയും ക്രമസമാധാനപാലനവും വിഭജിച്ചു. സി.ഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കി. ചക്കരക്കല്ല് മാതൃകയില്‍ ലൈബ്രറിയും സാമൂഹ്യസംരംഭങ്ങളും ശിശുസൗഹൃദവുമൊക്കെയായി പൊലീസിനെ മാറ്റിയെടുക്കാനാണ്  ശ്രമം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജനമൈത്രി സെല്‍.
പ്രധാന നഗരങ്ങളിലെല്ലാം പിങ്ക് പട്രോളും പിങ്ക് ബീറ്റും ഉള്‍പ്പെടെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്കല്‍ പൊലീസ് പട്രോള്‍, ഹൈവെ പട്രോള്‍, ഷൊഡോ പോലീസ് നിരീക്ഷണം എന്നിവയ്ക്കു പുറമെയാണിത്. എല്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അഞ്ചു പേര്‍ വീതമുള്ള നിര്‍ഭയ വോളണ്ടിയര്‍മാര്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ ഡസ്‌ക്കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും വനിതാ സി.ഐമാരുടെ നേതൃത്വത്തില്‍ ജില്ലാ വനിതാ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീസുരക്ഷയിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിനുള്ളത്. അതും കാണണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com