മുന്നോട്ട്!മൂന്നാം വര്‍ഷത്തിന്റെമഹാസന്ദേശം

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത് മുന്‍കാല സര്‍ക്കാരുകളുടെ വലിയ കീഴ്വഴക്കങ്ങളിലൊന്നു പൊളിച്ചെഴുതിക്കൊണ്ടാണ് എന്ന വിലയിരുത്തലില്‍ കഴമ്പുണ്ട്.
മുന്നോട്ട്!മൂന്നാം വര്‍ഷത്തിന്റെമഹാസന്ദേശം

പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നത് മുന്‍കാല സര്‍ക്കാരുകളുടെ വലിയ കീഴ്വഴക്കങ്ങളിലൊന്നു പൊളിച്ചെഴുതിക്കൊണ്ടാണ് എന്ന വിലയിരുത്തലില്‍ കഴമ്പുണ്ട്. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വിധവയ്ക്ക് ജോലിയും കുടുംബത്തിനു പത്ത് ലക്ഷം രൂപയും നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചാണ് പറയുന്നത്. അപകടങ്ങളുള്‍പ്പെടെ പല സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതും ജോലി നല്‍കുന്നതും പുതിയ കാര്യമല്ല.

എന്നാല്‍, പൊലീസ് കസ്റ്റഡിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നത് ഒരു പരാജയമോ കുറ്റം ഏറ്റെടുക്കലോ ആയാണ് മാറിവന്ന സര്‍ക്കാരുകളൊക്കെ കാണാറ്. അതുകൊണ്ട് ഇരയുടെ കുടുംബത്തോട് മുഖംതിരിച്ച് പൊലീസിന്റ 'ആത്മവീര്യ'ത്തിനൊപ്പം നില്‍ക്കുകയും ചെയ്യും. എന്നാല്‍, അങ്ങനെയല്ല വേണ്ടത് എന്നു തീരുമാനമെടുത്തതിലൂടെ തുടങ്ങിവയ്ക്കുന്നതു മനുഷ്യത്വത്തിന്റെ പുതിയ കീഴ്വഴക്കം; മാതൃക. വരാപ്പുഴയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റുചെയ്ത അതിശക്തമായ ഇടപെടലിന്റെ തുടര്‍ച്ചയാകുന്നു ആ കുടുംബത്തിനു താങ്ങായി മാറാന്‍ മെയ് രണ്ടിനു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

അതിന്റെ തൊട്ടുതലേന്ന്, ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനു മറ്റൊരു സുപ്രധാന തീരുമാനം കേരളത്തില്‍ നടപ്പായിത്തുടങ്ങി. അന്നു മുതല്‍ നോക്കുകൂലി എന്ന നാണക്കേട് ഇല്ല. ജോലിയെടുക്കാതെ തൊഴിലാളി യൂണിയനുകളുടെ സംഘടിതശക്തി അസ്ഥാനത്ത് ഉപയോഗിച്ച് അന്യായമായി കൂലി വാങ്ങുന്നത് നിയമവിരുദ്ധമാക്കി. മാത്രമല്ല, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ആരെക്കൊണ്ട് ജോലി ചെയ്യിക്കണം എന്ന് ആവശ്യക്കാര്‍ക്ക് തീരുമാനിക്കുകയും ചെയ്യാം. മെയ് രണ്ടിനു തന്നെയാണ് ലാത്വിയ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിലെ തൃപ്തി അറിയിക്കാന്‍ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇല്‍സിയും മുഖ്യമന്ത്രിയെ കണ്ടത്. നാട്ടിലേയ്ക്കു മടങ്ങുന്നതിനു മുന്‍പ് തലസ്ഥാനത്ത് ചേരുന്ന അനുസ്മരണക്കൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ കൂടിയായിരുന്നു ആ വരവ്. അവര്‍ക്കുണ്ടായ തെറ്റിദ്ധാരണകള്‍ നീങ്ങുകയും അവരെ ചാരി ചിലര്‍ പരത്താന്‍ ശ്രമിച്ച നുണകള്‍ പൊളിയുകയും ചെയ്തതിനു തെളിവുകൂടിയായി മാറി ആ കൂടിക്കാഴ്ച.

ഈ മൂന്നേ മൂന്നു കാര്യങ്ങള്‍ മാത്രമല്ല, രണ്ടു വര്‍ഷം തികയുന്ന ഭരണമാറ്റത്തിന്റെ എടുത്തു പറയാവുന്ന തെളിവുകളെന്ന് സമൂഹത്തിന്റെ പല തലങ്ങളിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലോ, ഈ മൂന്നു കാര്യങ്ങളും ശക്തമായ സൂചനകള്‍ തന്നെയാണുതാനും. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പു പ്രചരണവാചകം ലളിതസുന്ദരമായി കേരളത്തെക്കൊണ്ട് ഏറ്റു പറയിച്ചതിലെ രാഷ്ട്രീയവും സംഘടനാപരവുമായ സാമര്‍ത്ഥ്യത്തിന് ഊര്‍ജ്ജം നഷ്ടപ്പെടുത്താതെ നിലനിര്‍ത്തിയ രണ്ടുവര്‍ഷമാണ് കടന്നുപോകുന്നത്. വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും പ്രതിഷേധസമരങ്ങളുടേയും രണ്ടുവര്‍ഷം കൂടിയാണിത് എന്നതു ശരിതന്നെ.

പക്ഷേ, പ്രതിപക്ഷത്തിന്റേയും പ്രതിപക്ഷ സ്വരമാകാന്‍ ശ്രമിക്കുന്ന ചെറുകൂട്ടങ്ങളുടേയും പൊതുസ്വഭാവമുള്ള നിഷേധാത്മക പ്രതിഷേധങ്ങള്‍ കളം പിടിച്ചില്ല. ഭരണാധികാരികള്‍ തൊണ്ട വരണ്ടും മുഖം കുനിച്ചും മാത്രം ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാന്‍ ഇടയാക്കുന്ന വിധമുള്ള അഴിമതികളും 'ഔദ്യോഗിക നെറികേടുകളും' മാറിനിന്ന രണ്ടുവര്‍ഷം. അത് ഭരണമുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നതും പ്രതിപക്ഷത്തെ നിരായുധരാക്കുന്നതും കണ്ടറിയണമെങ്കില്‍ ചെങ്ങന്നൂരിലേക്ക് ഒന്നു പോയാല്‍ മതി. മെയ് 28-നു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നതില്‍ ഈ ആത്മവിശ്വാസം പ്രകടം. 

ആദ്യമായി മുഖ്യമന്ത്രിയായ, മുന്‍പ് രണ്ടുവര്‍ഷം മാത്രം മന്ത്രിസഭാംഗമായിരുന്ന പിണറായി വിജയന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരുടെ നിരയിലാണ് രണ്ടുവര്‍ഷംകൊണ്ട് ഇടമുറപ്പിച്ചത് എന്നു പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ മാത്രമല്ല; എല്‍.ഡി.എഫുകാര്‍ മാത്രവുമല്ല. ''ഒരു ഭരണാധികാരി എങ്ങനെ പെരുമാറണം എന്ന് പിണറായി വിജയന്‍ വ്യക്തമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിന്റെ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ പലപ്പോഴും അതു ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് സത്യം. മാധ്യമങ്ങളും എതിര്‍പക്ഷവും സ്ഥിരം അസൂയാലുക്കളും കൊട്ടുന്ന മേളത്തിനൊത്ത് തുള്ളുന്നയാള്‍ ഒരിക്കലും ഒരു നല്ല ഭരണാധികാരിയാകില്ല. ലോകചരിത്രത്തില്‍ അങ്ങനെയുള്ള ആരും നല്ല ഭരണാധികാരിയായിട്ടില്ല.'' കേരളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍. ''ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ഗവണ്‍മെന്റല്ല ഇത്. പിണറായി വിജയന്‍ നയിക്കുന്നുണ്ട്. ഒപ്പം ഓരോ മന്ത്രിയും ഓടിനടന്നു പണിയെടുക്കുന്നത് വളരെ വ്യക്തമായി കാണാം. മുന്‍ ഗവണ്‍മെന്റ് അങ്ങനെയായിരുന്നില്ല. ഒരു നായകനെന്ന നിലയില്‍ ഓരോ മന്ത്രിമാരേയും മുഖ്യമന്ത്രി നല്ല രീതിയില്‍ നയിക്കുന്നുണ്ട്.'' പ്രശസ്ത കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ബോണി തോമസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍പ്പോലും പൊതുജനത്തിന് ഗുണകരമായ ഒരുപാട് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സര്‍വ്വകലാശാല അധ്യാപകനും ഗവേഷകനുമായ ഡോ. അഷ്റഫ് കടയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പൊലീസിന്റെ പല പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയെന്നും ചില കേസുകള്‍ പൊലീസ് കൈകാര്യം ചെയ്യുന്നത് അതിന്റെ മെറിറ്റില്‍ അല്ലെന്നുമുള്ള വിമര്‍ശനവും അദ്ദേഹത്തിനുണ്ട്. ഏത് ഗവണ്‍മെന്റ് ഭരിച്ചാലും പൊലീസ് ഉണ്ടാക്കാറുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഉണ്ടാക്കുന്നുണ്ടെന്നാണ് ബോണി തോമസിന് ഇതേക്കുറിച്ചു പറയാനുള്ളത്. ''ഗവണ്‍മെന്റിനു ചെയ്യാവുന്ന ഒരു കാര്യം, പൊലീസ് ക്രിമിനലായി മാറുമ്പോള്‍ ആ പൊലീസിനെ ക്രിമിനലായിത്തന്നെ കൈകാര്യം ചെയ്യുക എന്നതാണ്. വരാപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ആ സമീപനം വ്യക്തമായി കാണിച്ചുതരികയും ചെയ്തു'' - ബോണി തോമസ് ചൂണ്ടിക്കാണിക്കുന്നു. പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായല്ലോ എന്നു പ്രമുഖ സംവിധായകന്‍ കമല്‍. ''മുന്‍കാലങ്ങളില്‍ അങ്ങനെയായിരുന്നില്ലല്ലോ. ഇതിനു മുന്‍പും ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളുമൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും അറസ്റ്റ് പോലുള്ള നടപടികളൊക്കെ വളരെ വൈകിയാണ് ഉണ്ടാകാറ്. രാജന്‍ സംഭവത്തില്‍ എത്രയോ കാലത്തിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ നിയമത്തിനു മുന്‍പിലേക്ക് കൊണ്ടുവരികയും ചെയ്തത്. പലപ്പോഴും ഉണ്ടായിട്ടുള്ള കസ്റ്റഡി മരണങ്ങളൊന്നും തെളിയിക്കപ്പെട്ടുമില്ല, പൊലീസുകാര്‍ക്ക് ശിക്ഷ കിട്ടുന്ന നിലയിലേക്ക് എത്തിയിട്ടുമില്ല. ഇതിപ്പോള്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഉണ്ടാകുന്നു, അറസ്റ്റുണ്ടാകുന്നു എന്നൊക്കെയുള്ളത് ഒരു മോശം കാര്യമായി തോന്നുന്നില്ല'' - കമല്‍ വ്യക്തമാക്കുന്നു.

യുവജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കി നിയമനങ്ങള്‍ 
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിയമനത്തിലും തസ്തിക സൃഷ്ടിക്കലിലും ഉണ്ടായത് വലിയ മുന്നേറ്റം. 2016 മെയ് 25 മുതല്‍ 2018 ജനുവരി 31 വരെ 64,982 പേര്‍ക്ക് പി.എസ്.സി വഴി നിയമന ശുപാര്‍ശ നല്‍കി. 12,680 പുതിയ തസ്തികകളാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചത്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി 12,587 പേര്‍ക്കും നിയമനം നല്‍കി. 2011 മെയ് 18 മുതല്‍ 2013 ജനുവരി 31 വരെ 48,951 പേര്‍ക്കായിരുന്നു നിയമന ശുപാര്‍ശ നല്‍കിയിരുന്നത്. 

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നികത്തുന്നതിലും കാണിച്ച ജാഗ്രതയാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനം ലഭിക്കാന്‍ സഹായകരമായത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വകുപ്പുതലവന്മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ നല്‍കിക്കൊണ്ടിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യാതെ കിടന്നിരുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലിന്റെ ഇടപെടലും സഹായകരമായി. എല്‍.ഡി ക്ലാര്‍ക്ക് നിയമനകാര്യത്തിലും സമാനമായ ഇടപെടല്‍ ഉണ്ടായി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31-നു മുന്‍പ് പരമാവധി നിയമനം നടത്താന്‍ പ്രത്യേക ഉത്തരവ് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് ഒരാഴ്ചയ്ക്കകം 1,100-ഓളം ഒഴിവുകളിലേക്കാണ് എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്നും നിയമന ശുപാര്‍ശ നല്‍കിയത്. 

പൊതുവിദ്യാഭ്യാസക്കുതിപ്പ് 
ഇടതുമുന്നണി സര്‍ക്കാരിന്റെ അടുത്ത മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവങ്ങളില്‍നിന്ന് ഏറ്റവും പ്രചോദനവും ആവേശവും നല്‍കുന്ന ഒരെണ്ണം തെരഞ്ഞെടുക്കാനാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഓര്‍ക്കുന്നില്ലേ. അത് പൊതുവിദ്യാഭ്യാസ യജ്ഞത്തെക്കുറിച്ചായിരുന്നു. ''നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് വന്നു ചേര്‍ന്നതാണ്. അത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വന്ന ഒരു വലിയ മാറ്റമാണത്.'' 

അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പിടിച്ചുകുലുക്കി സാന്നിധ്യം അറിയിക്കുകയാണ് നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ചെയ്തത്. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് മുന്‍പെന്നത്തെക്കാള്‍ കാലോചിതമായ രൂപമുണ്ടായി. ''പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോഴറിയാം; സി.ബി.എസ്.ഇയില്‍നിന്ന് എത്രയോ കുട്ടികളായിരിക്കും പൊതു വിദ്യാലയങ്ങളിലേയ്ക്ക് മാറുന്നത്. ആ മാറ്റം കൃത്യമായി നമുക്ക് കാണാന്‍ കഴിയും'' എന്ന് ഡോ. അഷ്റഫ് കടയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നത് ഈ മാറ്റത്തെക്കുറിച്ചാണ്. അടച്ചുപൂട്ടല്‍ ഭീഷണിയുടെ കരിനിഴലിലായിരുന്ന കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിനുവേണ്ടിയുള്ള പൊതുവികാരത്തിലേയ്ക്കാണ് തുടക്കത്തില്‍ത്തന്നെ സര്‍ക്കാര്‍ കണ്ണ് തുറന്നത്. സ്‌കൂള്‍ മാനേജ്മെന്റുകള്‍ കച്ചവട താല്‍പ്പര്യത്തോടെ അടച്ചുപൂട്ടാന്‍ നടപടികള്‍ സ്വീകരിച്ച നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ എറ്റെടുത്തു. മാത്രമല്ല, സ്‌കൂള്‍ പൂട്ടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്ന കേരള വിദ്യാഭ്യാസ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 

അഴിമതി ആരോപണങ്ങളെ മാറ്റിനിര്‍ത്തി 
സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസമായപ്പോഴേയ്ക്കും ഒരു മന്ത്രി രാജിവയ്‌ക്കേണ്ടി വന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 'ബന്ധുനിയമന വിവാദത്തില്‍' അന്ന് രാജിവച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സാമ്പത്തികമായോ മറ്റേതെങ്കിലും വിധത്തിലോ അഴിമതി നടത്തിയില്ലെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ അതിശയോക്തി കൂടാതെതന്നെ അവകാശപ്പെടാവുന്ന ഏറ്റവും പ്രധാന കാര്യം അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണില്ല എന്നതായി. ''ഇ.പി. ജയരാജനെക്കുറിച്ച് ആരോപണം വന്നു. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നിട്ടും രാജിവയ്ക്കേണ്ടിവന്നു. അതേസമയം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനല്ലാത്ത തോമസ് ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ത്തി മാധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം ബഹളം വച്ചിട്ട് മുഖ്യമന്ത്രി ചലിച്ചില്ല. കൃത്യമായി തെളിവു കിട്ടുന്നതുവരെ, അദ്ദേഹത്തിന് ഉറപ്പുണ്ടാകുന്നതുവരെ രാജിവയ്ക്കാന്‍ പറഞ്ഞില്ല. ഇതാണ് ഭരണാധികാരിയുടെ ശരിയായ നിഷ്പക്ഷതയുടെ രീതി'' - ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇത്രയും അദ്ദേഹത്തിന് പറയാനുണ്ട്: ''മാധ്യമങ്ങള്‍ സ്വാഭാവികമായും പല സ്വരത്തിലും ഭാഷയിലുമാണ് സംസാരിക്കുന്നത്. അതിനൊപ്പിച്ച് മുഖ്യമന്ത്രി തുള്ളാന്‍ നിന്നാല്‍ പണ്ട് അച്ഛനും മകനും ചേര്‍ന്ന് കഴുതയെ ചുമന്ന അനുഭവം വരും. ആ കാര്യത്തില്‍ പിണറായി വിജയനു ജാഗ്രതയുണ്ട്. ആദ്യം മകനെ കഴുതപ്പുറത്തിരുത്തി അച്ഛന്‍ നടന്നു. കണ്ടു നിന്നവര്‍ പറഞ്ഞു, എന്തൊരു മകനാണ്, അച്ഛനെ നടത്തി അയാള്‍ കഴുതപ്പുറത്തിരിക്കുന്നു. ഇതുകേട്ട് അച്ഛനെ കഴുതപ്പുറത്തിരുത്തി മകന്‍ നടന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു, ഹോ എന്തൊര അച്ഛനാണ്, മകനെ നടത്തുന്നു എന്ന്. അപ്പോള്‍ രണ്ടുപേരും കഴുതപ്പുറത്തിരുന്നു സഞ്ചരിച്ചു. പാവം കഴുതയോട് എന്തൊരു ദ്രോഹമാണ് ഇവര്‍ കാണിക്കുന്നതെന്നായി ആളുകള്‍. അതോടെ രണ്ടുപേരും ചേര്‍ന്ന് കഴുതയെ ചുമന്നു. ഭരണാധികാരി ഒരിക്കലും അങ്ങനെയാകാന്‍ പാടില്ല.''

സ്ത്രീസുരക്ഷയില്‍ ജാഗ്രത
പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനി സ്വന്തം വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത് കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ സമയത്താണ് തെരഞ്ഞെടുപ്പു നടന്നതും ഭരണമാറ്റമുണ്ടായതും. ജിഷാ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് സര്‍ക്കാരിന്റെ ആദ്യ നടപടികളിലൊന്നായിരുന്നു. അന്വേഷണസംഘം പ്രതിയെ പിടികൂടി. കോടതി പ്രതിക്ക് വധശിക്ഷ നല്‍കുകയും ചെയ്തു. അങ്കമാലിയില്‍ നടിയെ ആക്രമിച്ചതുള്‍പ്പെടെ അടുത്തകാലത്തുണ്ടായ സ്ത്രീപീഡനക്കേസുകളിലെല്ലാം പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പുണ്ട്.

പൊലീസില്‍ ഏറ്റവും വലിയ പരിഷ്‌കരണങ്ങള്‍ നടത്തിയതും സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കേഴിക്കോട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ നഗരങ്ങളില്‍ പിങ്ക് പട്രോളും തിരുവനന്തപുരത്ത് പിങ്ക് ബീറ്റും ഉള്‍പ്പെടെ നിരീക്ഷണ സംവിധാനങ്ങള്‍. ലോക്കല്‍ പൊലീസ് പട്രോള്‍, ഹൈവേ പട്രോള്‍, ഷാഡോ പൊലീസ് നിരീക്ഷണം എന്നിവയ്ക്ക് പുറമേയാണിത്. സഹായം തേടിയുള്ള ഒരു ഫോണ്‍ കോള്‍ വന്നാല്‍ ജി.ഐ.എസ്-ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായി സ്ഥലം കണ്ടെത്തി വേഗത്തില്‍ പൊലീസ് സഹായം എത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയറാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പരിലേക്ക് വിളിക്കാം. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് ഫലപ്രദമായ ഒന്നായി ഈ പദ്ധതി മാറി. 

സഹകരണരംഗത്ത് മുന്നേറ്റം
സംസ്ഥാന സഹകരണ ബാങ്കിനേയും 14 ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനുള്ള അതിവേഗ ശ്രമത്തിലാണ് സര്‍ക്കാര്‍. കേരളത്തിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായി മാറുന്ന തീരുമാനങ്ങളുടെ നിരയില്‍ ഒന്നാണ് അത്. ബംഗളുരു ഐ.ഐ.എം. പ്രൊഫ. എം.എസ്. ശ്രീറാം ചെയര്‍മാനായ വിദഗ്ദ്ധ സമിതി 2017 ഏപ്രില്‍ 28-നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിട്ടയേര്‍ഡ് നബാര്‍ഡ് ചീഫ് മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥ് ചെയര്‍മാനായി ഒരു കര്‍മ്മസമിതി രൂപീകരിച്ചു. കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ഈ കര്‍മ്മസമിതിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്.

സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ സഹകരണസംഘങ്ങള്‍ വഴി ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാനായത് സഹകരണ മേഖലയുടെ സുശക്തമായ ശൃംഖല യിലൂടെയാണ്. ആറ് ഘട്ടങ്ങളിലായി പെന്‍ഷന്‍ വിതരണം നടത്തുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ 1672.34 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 499.11 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 538.69 കോടി രൂപയും നാലാം ഘട്ടത്തില്‍ 201.66 കോടി രൂപയും അഞ്ചാം ഘട്ടത്തില്‍ 1100.66 കോടി രൂപയും ആറാം ഘട്ടത്തില്‍ 627.70 കോടി രൂപയും വിതരണം ചെയ്തു. 
സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹരിതകേരളം' പദ്ധതിക്കു പിന്തുണ നല്‍കി 'ഹരിതം സഹകരണം' എന്ന പേരില്‍ ഒരു പദ്ധതി നടപ്പാക്കി. അതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ 20 വരെ കേരളത്തിലെ എല്ലാ സഹകരണസംഘങ്ങളും സഹകരണ സ്ഥാപനങ്ങളും മുഖേന അഞ്ച് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. 

സംസ്ഥാനത്തെ അരിയുടെ ക്ഷാമം പരിഹരിക്കുന്നതിനും പൊതുവിപണിയിലെ വില്‍പ്പന വില പിടിച്ചുനിര്‍ത്തുന്നതിനും കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ഫലപ്രദമായി മാര്‍ക്കറ്റില്‍ ഇടപെടുന്നതിനും അതുവഴി 680 അരിക്കടകള്‍ ആരംഭിച്ച് 'സുവര്‍ണ്ണ മസൂരി' അരി കിലോയ്ക്ക് 25 രൂപാ നിരക്കില്‍ പൊതുവിപണിയില്‍ വില്‍പ്പന നടത്താനും സാധിച്ചു. 

സാംസ്‌കാരിക കേരളം
14 ജില്ലകളിലും നവോത്ഥാന നായകരുടെ സ്മാരകമെന്ന നിലയില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയങ്ങള്‍ നവോത്ഥാന സ്മരണ പുതുക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ്. 40 കോടി രൂപ ചെലവില്‍ കിഫ്ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ഇടങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സൗകര്യപ്രദമായ പാതയോരങ്ങള്‍ കണ്ടെത്തി സാംസ്‌കാരിക ഇടനാഴികളായി വികസിപ്പിക്കുന്ന നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കും. ദുരിതം അനുഭവിക്കുന്ന കലാ-സാഹിത്യ പ്രവര്‍ത്തകരെ വാര്‍ദ്ധക്യത്തില്‍ പാര്‍പ്പിക്കുന്നതിന് 'സന്തോഷഭവനം' എന്ന പേരില്‍ വയോമന്ദിരം.

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം 'വിവേകാനന്ദ സ്പര്‍ശം' എന്ന പേരില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ 14 ജില്ലകളിലും വിപുലമായി ആചരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാസാഹിത്യ പ്രസ്ഥാനങ്ങളും വായനശാലകളും 'വിവേകാനന്ദ സ്പര്‍ശം' ഏറ്റെടുത്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് യുവകലാകാരന്മാര്‍ക്കുള്ള വജ്രജ്ജൂബിലി ഫെലോഷിപ്പ്. അംഗീകൃത കലാസ്ഥാപനങ്ങളില്‍നിന്നും ബിരുദം നേടിയ 1000 യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 10,000 രൂപാവീതം പ്രതിഫലം നല്‍കും. ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥിരം നാടകവേദിക്ക് സംഗീത നാടക അക്കാദമിയില്‍ സ്ഥലം കണ്ടെത്തി. 

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവും കലാമാതൃകകളും സവിശേഷതകളും ഇതര സംസ്ഥാനങ്ങളില്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവുമായി പുരാരേഖാ, പുരാവസ്തു വകുപ്പുമായി ചേര്‍ന്ന് തെലുങ്കാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കേരള പൈതൃകോത്സവം സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൈതൃകോത്സവം സംഘടിപ്പിക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിക്കുകയും പരിശോധനാ വിഷയങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനു സമഗ്ര നിയമനിര്‍മ്മാണത്തിനായി നടപടിയെടുത്തുവരുന്നു.

ഒരു ലക്ഷം രൂപയായിരുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം അഞ്ചു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കു നല്‍കുന്ന ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും അഞ്ചു ലക്ഷം രൂപയാക്കി. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തിവെച്ച തിയേറ്റര്‍ രംഗത്തെ അന്താരാഷ്ട്ര പ്രതിഭകള്‍ക്ക് നല്‍കാറുള്ള അമ്മന്നൂര്‍ പുരസ്‌കാരം പുന:സ്ഥാപിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് നല്‍കിയിരുന്ന പെന്‍ഷന്‍ 1000 രൂപയില്‍നിന്നു 2000-വും പിന്നീട് 3000-വുമാക്കി. കലാകാരന്മാര്‍ക്കുള്ള 750 രൂപ പെന്‍ഷന്‍ 1500 രൂപയാക്കി. അടിയന്തര ചികിത്സാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പരമാവധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.

''ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആവശ്യമായ സ്വാതന്ത്ര്യം തരികയും അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുന്നു എന്നാണ് എന്റെ അനുഭവം. എല്ലാ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതുണ്ട് എന്ന നിലപാടാണ് ധനമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമൊക്കെ സ്വീകരിക്കുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പിടിമുറുക്കുന്ന ഒരു കാലഘട്ടത്തില്‍ സാംസ്‌കാരികരംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം തന്നെ ആ കാര്യത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്'' - കമല്‍ പറയുന്നു. 

ആര്‍ദ്രം പദ്ധതിയുടെ മാതൃക
പ്രമുഖ കാര്‍ഡിയോളജിസ്റ്റും കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. എസ്. അബ്ദുല്‍ ഖാദറിന് ആരോഗ്യ മേഖലയിലെ ജനോപകാരപ്രദമായ പദ്ധതികളെക്കുറിച്ച് പറയാനേറെ. ആര്‍ദ്രം പദ്ധതി വളരെ നല്ല ലക്ഷ്യത്തോടെയുള്ളതാണെന്നും നടപ്പാക്കിയിടത്തെല്ലാം വലിയ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ''രാവിലേയും വൈകുന്നേരവും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുണ്ടാവുന്നു എന്നത് ചെറിയ കാര്യമല്ല. ഹെല്‍ത്ത് സര്‍വ്വീസിലെ ഡോക്ടര്‍മാരെക്കൂടി വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫലപ്രദമാകും. അവരാണല്ലോ ഈ പദ്ധതി വിജയിപ്പിക്കേണ്ടത്. മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കപ്പെട്ടു എന്നതാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

ഒരു സമയത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മരുന്നും ഇല്ലാത്ത സ്ഥിതിയുണ്ടായിരുന്നു, അത് മാറ്റാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും ഒ.പി വിഭാഗം കൂടുതല്‍ രോഗീ സൗഹൃദപരമാക്കി. നവജാത ശിശുക്കള്‍ക്കുവേണ്ടിയുള്ള ഹൃദ്യ പരിപാടിക്കു കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ആശുപത്രികളില്‍ ട്രോമാ കെയര്‍ സംവിധാനം വികസിപ്പിച്ചില്ലെങ്കില്‍ വലിയ കുഴപ്പമാകും എന്ന തിരിച്ചറിവുണ്ടായത് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തോടെയാണ്. ട്രോമാ കെയറിനുവേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ചത് വളരെ പോസിറ്റീവായ മീക്കമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കിയ മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയതും ഹരിപ്പാട് മെഡിക്കല്‍ കോളേജ് വേണ്ടെന്നുവച്ചതും നല്ല തീരുമാനങ്ങളാണ്. അതേസമയം ശരിയായ പരിഗണന നല്‍കി കൊച്ചി മെഡിക്കല്‍ കോളേജ് കൂടുതല്‍ മികച്ചതാക്കി മാറ്റിക്കൊണ്ടിരിക്കുന്നതും സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു'' - ഡോ. അബ്ദുല്‍ ഖാദറിന്റെ വാക്കുകള്‍. 

ലഹരിമുക്ത കേരളസൃഷ്ടി
സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ കേരളത്തെ തൊഴില്‍ സൗഹൃദവും നിക്ഷേപക സൗഹൃദവുമായ സംസ്ഥാനമാക്കിയിരിക്കുന്നു. ശാന്തവും സംതൃപ്തവുമായ തൊഴില്‍മേഖല, തൊഴില്‍ സുരക്ഷ, തൊഴിലാളികളുടേയും കുടുംബങ്ങളുടേയും സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും, പുതിയ തൊഴില്‍സംസ്‌കാരം - ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. ഈ ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞു എന്നതാണ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുമ്പോഴുള്ള അഭിമാനകരമായ അനുഭവമായി തൊഴില്‍ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. നാടിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തിലൂടെ നവകേരളം പടുത്തുയര്‍ത്താന്‍ സമാധാനപരമായ തൊഴില്‍മേഖല അനിവാര്യമാണ് എന്ന കാഴ്ചപ്പാടോടെ മെച്ചപ്പെട്ട തൊഴിലാളി - തൊഴിലുടമാബന്ധം സൃഷ്ടിച്ചും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും മുന്നോട്ടു പോകുന്നു. കേരളത്തെ ലഹരിമുക്ത സമൂഹമാക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് ആവിഷ്‌കരിച്ച വിമുക്തി പദ്ധതി സംസ്ഥാനത്താകെ ബഹുജന പിന്തുണയോടെ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. നോക്കുകൂലി അവസാനിപ്പിച്ചത് ഇതിലെ അതിപ്രധാന ചുവടുവയ്പായി മാറുകയും ചെയ്യുന്നു. മിനിമം വേതനനിയമം കര്‍ശനമായി നടപ്പാക്കാന്‍ നടപടിയെടുത്തു. സര്‍ക്കാരിന്റെ പുതിയ തൊഴില്‍നയം താമസിയാതെ പ്രഖ്യാപിക്കും. ശാസ്ത്ര - സാങ്കേതിക വൈജ്ഞാനികരംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായി തൊഴിലാളികളുടേയും തൊഴിലന്വേഷകരുടേയും തൊഴില്‍ നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. തൊഴിലിടങ്ങളില്‍ ലിംഗസമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടിന്റെ വികസന പ്രക്രിയയില്‍ നിര്‍ണ്ണായകമായ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധത്തിലും പ്രോത്സാഹനം നല്‍കും. ഇതിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്കുവേണ്ടി സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി 'ആവാസ്' നടപ്പാക്കി. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും 15,000 രൂപ വരെ സൗജന്യ ചികിത്സാ സഹായവും ലഭിക്കും. രണ്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു, അതിഥി തൊഴിലാളികള്‍ക്കുവേണ്ടി തിരുവനന്തപുരത്ത് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; മറ്റിടങ്ങളിലും തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കാന്‍ അപ്നാഘര്‍ പദ്ധതി ആവിഷ്‌കരിച്ചു. പാലക്കാട് കഞ്ചിക്കോട് പ്രവൃത്തി പൂര്‍ത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഐ.ടിയില്‍ പ്രതീക്ഷ
അടിസ്ഥാന സൗകര്യ സജ്ജീകരണങ്ങള്‍, ഐ.ടി കെട്ടിട സൗകര്യങ്ങള്‍, പുതിയ സംരംഭങ്ങള്‍, നിലവിലുള്ളവയുടെ വികസന പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ ലഭ്യത, നിക്ഷേപങ്ങള്‍, സോഫ്റ്റ്വെയര്‍ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ വന്‍ വര്‍ധനവ് തുടങ്ങിയവ കഴിഞ്ഞ രണ്ട് വര്‍ഷം വിവര സാങ്കേതികവിദ്യാ മേഖലയിലുണ്ടായ നേട്ടങ്ങളുടെ മുന്‍നിരയിലുണ്ട്.

ഏകദേശം 14 ലക്ഷം ചതുരശ്ര അടി കെട്ടിട സൗകര്യങ്ങള്‍, 65 പുതിയ കമ്പനികള്‍, 5000-ത്തോളം പുതിയ തൊഴിലവസരങ്ങള്‍, 20 ശതമാനം സോഫ്റ്റ്വെയര്‍ കയറ്റുമതി വര്‍ധനവ് തുടങ്ങിയവ ഈ കാലയളവിലെ നേട്ടങ്ങളാണ്. വിവരസാങ്കേതികവിദ്യാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികള്‍, പ്രമുഖ വ്യവസായികള്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 2000-ത്തോളം പേരെ പങ്കെടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അന്താരാഷ്ട്ര ഹാഷ് ഫ്യൂച്ചര്‍ വന്‍വിജയമായിരുന്നു. ദുബൈ, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് (ബാഴ്സലോണിയ) തുടങ്ങിയ അന്താരാഷ്ട്ര ഐ.ടി സമ്മേളനങ്ങളില്‍ കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ പ്രാതിനിധ്യം ശ്രദ്ധിക്കപ്പെട്ടു. 

ഇടതടവില്ലാതെ ഊര്‍ജ്ജം
വരള്‍ച്ചയുടെ    രൂക്ഷമായ പ്രതിസന്ധിയിലും പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാത്ത രണ്ടു വര്‍ഷങ്ങള്‍ കേരളത്തിനു നല്‍കാനായി എന്നത് ചെറിയ കാര്യമല്ല. വരുംനാളുകളിലും ഈ സ്ഥിതി തുടരുമെന്ന് ഉറപ്പാക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കി. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യത്തെ സംസ്ഥാനം എന്ന ബഹുമതി 2017 മെയ് മാസത്തോടെ കേരളം നേടി. വൈദ്യുതി കണക്ഷനുള്ള നടപടിക്രമങ്ങള്‍ തികച്ചും ലളിതമാക്കി. തിരിച്ചറിയല്‍ രേഖ, ഉടമസ്ഥാവകാശം എന്നീ രേഖകള്‍ മാത്രം മതിയാകും ഇപ്പോള്‍ കണക്ഷന്‍ ലഭിക്കുന്നതിന്.

100 ചതുരശ്ര മീറ്ററോ അതില്‍ താഴെയോ വിസ്തൃതിയുള്ള വാസഗൃഹങ്ങള്‍ക്ക് ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കുന്നു. കൂടാതെ 1500 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വാസഗൃഹങ്ങള്‍ക്ക് താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നവിധം നടപടികള്‍ ലഘൂകരിച്ചു. രണ്ട് 220 കെ.വി. സബ്സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 20 സബ്സ്റ്റേഷനുകളും 274.67 കിലോമീറ്റര്‍ പ്രസരണ ലൈനുകളും പുതുതായി കൂട്ടിച്ചേര്‍ത്തു. രണ്ടാം ഘട്ട പ്രസരണ ശൃംഖല വികസന പദ്ധതിയായ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയില്‍പ്പെടുത്തി 992 കോടി രൂപയ്ക്കുള്ള നാല് പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇതില്‍ ആദ്യ പദ്ധതിയായ മലപ്പുറം, മഞ്ചേരി 110 കെ.വി. ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 

കിഫ്ബിയാണ് താരം
അടിസ്ഥാന സൗകര്യ വികസന സൃഷ്ടിയെ പുതിയ വിതാനങ്ങളിലെത്തിച്ച കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ്) ആണ് ധനകാര്യ വകുപ്പ് കുതിപ്പിന്റെ മുഖമായി ഉയര്‍ത്തിക്കാണിക്കുന്നത്. അഞ്ചു കൊല്ലം കൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യസൃഷ്ടിയാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 20,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ധനാനുമതി.     

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 639 കോടി രൂപ, മറ്റു മരാമത്തു പണികള്‍ക്ക് 100 കോടി, 4775 സ്‌കൂളുകള്‍ക്ക് 494 കോടി, സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങള്‍ക്ക് 149 കോടി, കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 324 കോടി, കെ. ഫോണിന് 823 കോടി, കുടിവെള്ള പദ്ധതികള്‍ക്ക് 338 കോടി, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി 129 കോടി, സ്പോര്‍ട്സ് പശ്ചാത്തല സൗകര്യങ്ങള്‍ക്ക് 268 കോടി രൂപ എന്നിങ്ങനെയാണ് നിര്‍മ്മാണ ഘട്ടത്തിലുള്ള കിഫ്ബി പദ്ധതികള്‍ക്ക് അനുവദിച്ച തുക.

പൊതുമരാമത്തിന് 822 കോടിയും ആരോഗ്യമേഖലയ്ക്ക് 145 കോടിയും സ്‌കൂളുകള്‍ക്ക് 897 കോടിയും സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ട്രഷറിയില്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കി. 223 ട്രഷറികളിലായി കിടന്നിരുന്ന ധനകാര്യ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്രീകൃത ഡേറ്റാബേസില്‍. 5.5 ലക്ഷം വരുന്ന പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ സെന്‍ട്രല്‍ ഡാറ്റാ ബേസില്‍ ജി.എസ്.ടി നടപ്പാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജി.എസ്.ടി.എന്‍ പൂര്‍ണ്ണതോതില്‍ സജ്ജമാകാത്തത് അന്തര്‍സംസ്ഥാന വ്യാപാരത്തിലൂടെ സംസ്ഥാനത്തിനു ലഭിക്കേണ്ട ഐ.ജി.എസ്.ടി വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ ഇടയാക്കി. വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ വെല്ലുവിളി നേരിടുകയാണ് കേരളമെന്നു ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. റിട്ടേണ്‍ ഫയലിംഗ് പൂര്‍ണ്ണരൂപത്തില്‍ ആകുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന ഐ.ജി.എസ്.ടി വരുമാനം ഇരട്ടിയെങ്കിലുമായി വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷ. 

മല്‍സ്യത്തൊഴിലാളികള്‍ക്കുമുണ്ട് ജീവിതം
മീന്‍പിടുത്തത്തിന്റേയും കശുവണ്ടിയുടേയും വിവിധ മേഖലകളിലും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങളിലും വികസന ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന ചലനാത്മകതയുടെ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് ഫിഷറീസ് വകുപ്പ് അവകാശപ്പെടുന്നത് കാര്യകാരണസഹിതമാണ്. വകുപ്പിന്റെ ശക്തമായ ഇടപെടലുകളിലൂടെ ലക്ഷക്കണക്കിന് മത്സ്യ - കശുവണ്ടി തൊഴിലാളികളുടെ ജീവിതത്തില്‍ എളിയ രീതിയിലെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു.

ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പൂര്‍ത്തിയാകാത്ത പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കടല്‍ക്ഷോഭത്തില്‍പ്പെട്ടു സര്‍വ്വവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ശാശ്വതമായി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലാദ്യമായി 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഭൂമിയും വീടും നല്‍കുന്നതിന് 10 ലക്ഷം രൂപാ വീതം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതി വഴി 750 വീടുകള്‍ നല്‍കി. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയില്‍ 1200 വീടുകള്‍ നല്‍കി. പ്രകൃതിക്ഷോഭത്തില്‍പ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയതുറ സ്‌കൂളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസത്തിനായി മുട്ടത്തറയില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് 192 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ലാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ത്തന്നെ കാരോടും അടിമലത്തുറയിലും 190 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിനു തുടക്കം കുറിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടേയും തീരദേശവാസികളുടേയും മനസ്സില്‍ സൃഷ്ടിച്ച ദുരന്ത ഓര്‍മ്മകള്‍ തുടച്ചുമാറ്റുന്നതിനുള്ള തീവ്ര ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ 52 മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും 91 പേരെ കാണാതാകുകയും ചെയ്ത ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു ഇതുവരെയില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് തീരദേശവാസികളും നിഷേധിക്കുന്നില്ല. റവന്യു, മത്സ്യബന്ധനം ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, പോര്‍ട്ട് വകുപ്പുകളുടേയും കോസ്റ്റല്‍ പൊലീസിന്റേയും ദുരന്തനിവാരണ അതോറിറ്റിയുടേയും സംയുക്ത നീക്കമാണ് രക്ഷാ പ്രവര്‍ത്തനം സാദ്ധ്യമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടെ 22 ലക്ഷം രൂപയാണ് മരണമടഞ്ഞ ഓരോ മത്സ്യത്തൊഴിലാളിക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 11 കോടി 44 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. മരിച്ചവരുടെ നിയമപരമായ അവകാശികളുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായാണ് തുക നല്‍കിയത്. കാണാതായ 91 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും റിക്കാര്‍ഡ് വേഗതയില്‍ നടപടിക്രമം പൂര്‍ത്തീകരിച്ച് 22 ലക്ഷം രൂപാ വീതം നല്‍കി. 20 കോടി രൂപയാണ് ഇതിനു വേണ്ടിവന്നത്. ഓഖി ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടിയന്തര ദുരിതാശ്വാസ വിതരണത്തിനായി നിലവിലുള്ള നിയമങ്ങളില്‍ ഇളവ് നല്‍കി.

പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍
ക്ഷീരക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നമായ കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതികൊണ്ടു വന്നു. ഒരു ഗുണഭോക്താവിന് 25,000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 2017-2018 ല്‍ സംസ്ഥാനത്തെ 184 കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ആനുകൂല്യം ലഭിച്ചു. 

ക്ഷീരവികസനരംഗത്ത് അഭിമാനകരമായ മുന്നേറ്റമാണ് രണ്ടു വര്‍ഷമായി കേരളത്തില്‍ ഉണ്ടായതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്. ആഭ്യന്തര ഉല്പാദനം കണക്കിലെടുത്താല്‍ പഴം, പച്ചക്കറി, അരി, മുട്ട, മാംസ്യ, നാണ്യവിളകള്‍ എന്നിവയെക്കാള്‍ വളരെ ആശ്വാസകരമായ ഒരു നിലയില്‍ ആണ് പാല്‍. കേരളത്തിലെ ആവശ്യകതയുടെ 81 ശതമാനം ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ സാധിക്കുന്നു. കേരളത്തില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങള്‍ ക്ഷീരമേഖലയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 3.5 ലക്ഷത്തോളം കര്‍ഷകരാണ് പ്രതിദിനം ക്ഷീരസഹകരണസംഘങ്ങളില്‍ പാല്‍ അളക്കുന്നത്. 2018 ഡിസംബറോടുകൂടി പാലിന്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

വനം അവിടെത്തന്നെയുണ്ട് 
വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് വനാതിര്‍ത്തി സര്‍വ്വേ ചെയ്ത് ജണ്ടകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം തുടരുന്നു. വനാതിര്‍ത്തി നിര്‍ണ്ണയിച്ച് 23712 ജണ്ടകള്‍ സ്ഥാപിച്ചു. ഇത് സര്‍വ്വകാല റെക്കോഡാണ്. ജലസംഭരണം, ഭൂജല നിരപ്പ് വര്‍ദ്ധിപ്പിക്കല്‍, വന്യജീവികള്‍ക്ക് ജലം ലഭ്യമാക്കല്‍, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തടയണകള്‍, കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, പുനരുജ്ജീവനം എന്നിവയും വയലുകളുടെ പരിപാലനവും നടത്തി. മൊത്തം 350 ജലാശയങ്ങള്‍ വനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കാട്ടുതീയുടെ ആവിര്‍ഭാവം ഉപഗ്രഹ സഹായത്താല്‍ കണ്ടെത്തി ബന്ധപ്പെട്ട പ്രദേശത്തെ ഉദ്യോഗസ്ഥര്‍ക്ക് വിവരവും ജാഗ്രതാനിര്‍ദ്ദേശവും നല്‍കുന്നതിനുള്ള ഫോറസ്റ്റ് ഫയര്‍ അലര്‍ട്ട് സംവിധാനം നടപ്പില്‍ വരുത്തി. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലായി 316.4014 ഹെക്ടര്‍ സ്ഥലം റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. ഇതില്‍ 58.0803 ഹെക്ടര്‍ സ്ഥലം കണ്ടല്‍ക്കാടുകളാണ്. പുതിയ 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള 204 ജനജാഗ്രതാ സമിതികള്‍ സംസ്ഥാനത്തൊട്ടാകെ രൂപീകരിച്ചു. വന്യജീവി ആക്രമണം ഉണ്ടാകുന്ന മേഖലകളില്‍ വനംവകുപ്പിന്റെ ജനകീയ മുഖമായി ഈ സമിതികള്‍ പ്രവര്‍ത്തിക്കും. നിലവില്‍ മീഡിയം മൃഗശാലാ വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം മൃഗശാലയെ ലാര്‍ജ് സൂ വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തി കേന്ദ്ര സൂ അതോറിറ്റി ഉത്തരവായി.

പ്രവാസികള്‍ക്ക് പ്രതീക്ഷ
വിദേശത്തുനിന്നു മടങ്ങിയെത്തുന്ന മലയാളികളുടെ ആശയും അത്താണിയുമായി മാറാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നോര്‍ക്ക റൂട്ട്സിനു കഴിഞ്ഞതായി പ്രവാസികാര്യവകുപ്പ്. കേരളത്തില്‍നിന്ന് വിദേശത്ത് തൊഴില്‍ത്തേടി പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദേശത്തേയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായ വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍, നിയമാനുസൃത റിക്രൂട്ടിംഗ് കമ്പനികളുടെ വിവരങ്ങള്‍, വിസ, എമിഗ്രേഷന്‍ നിയമങ്ങള്‍, തൊഴില്‍ ഉടമ്പടി, കസ്റ്റംസ് നിയമങ്ങള്‍, യാത്രാ നിബന്ധനകള്‍, തൊഴില്‍ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ അറിവ് നല്‍കുന്നതിന് പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം എന്ന പേരില്‍ പരിശീലനം നല്‍കുന്നു.

പ്രവാസി കേരളീയര്‍ ഇന്ത്യയ്ക്കു പുറത്തോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലോ മരിച്ചാല്‍ മൃതശരീരം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രത്യേക കാരുണ്യം നിധി ശ്രദ്ധേയമാണ്. പ്രവാസി കേരളീയരുടെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ സ്വദേശത്തെത്തിക്കുന്നതിന്, മരിച്ചയാളുടെ നിയമാനുസൃത അവകാശികള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുന്നത്. വിദേശത്തുവച്ചുണ്ടായ മരണത്തിന് പരമാവധി 50,000 രൂപയും മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണെങ്കില്‍ പരമാവധി 15,000 രൂപയും സഹായമായി നല്‍കും. 2009-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍നിന്ന് ഇതുവരെ 48 പേര്‍ക്കായി 16,58,000 രൂപ നല്‍കി.

പൊതുമരാമത്തില്‍ പൊളിച്ചെഴുത്ത് 
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രക്രിയയില്‍ സുപ്രധാന പങ്കുവഹിക്കുന്ന വകുപ്പാണ് പൊതുമരാമത്ത്. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും സംരക്ഷണ പ്രവൃത്തികളും ഏറ്റെടുത്തു നടത്തുന്ന വകുപ്പില്‍ കഴിവുള്ള സാങ്കേതിക വിഭാഗവും ആനുപാതികമായി മറ്റു ജീവനക്കാരുമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായി ഊന്നല്‍ നല്‍കിയത് സാങ്കേതിക വിഭാഗം ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ബോധവല്‍ക്കരണ പ്രക്രിയയ്ക്കായിരുന്നു. എന്‍ജിനീയര്‍മാര്‍ക്ക് വിവിധ തലങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണരീതികള്‍ സംബന്ധിച്ച പരിശീലനവും ശില്പശാലയും നടത്തി. പുതിയകാലം പുതിയ നിര്‍മ്മാണമെന്ന മുദ്രാവാക്യം സ്വീകരിച്ചതുതന്നെ ഈ ഉദ്ദേശ്യത്തോടെയാണെന്നു പൊതുമരാമത്ത് വകുപ്പ്. അതിനനുസൃതമായ മാറ്റവും ഗുണനിലവാരവും മരാമത്ത് വകുപ്പിലെ പണികളില്‍ കാണാനായി.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം തിരുവനന്തപുരം ജില്ലയിലെ പെരിങ്കടവിള - മാരായമുട്ടം - പാലിയോട് റോഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി. അത് വിജയകരമായതിനാല്‍ മറ്റു ഭാഗങ്ങളിലും ഇപ്പോള്‍ ഉപയോഗിക്കുന്നു. അതുപോലെ സ്വാഭാവിക റബ്ബര്‍ മിക്‌സ് ബിറ്റുമെനും ജിയോടെക്സ്റ്റയിലും റോഡു നിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആലപ്പുഴ ജില്ലയില്‍ പാതിരപ്പള്ളി - പുറക്കാട് റോഡില്‍ ജര്‍മ്മന്‍ നിര്‍മ്മിത അത്യാധുനിക യന്ത്രം ഉപയോഗിച്ച് കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്ലിംഗ് എ സാങ്കേതികവിദ്യയിലൂടെ നടത്തുന്ന ദേശീയപാത നിര്‍മ്മാണം ഇന്ത്യയില്‍ത്തന്നെ നാലാമത്തേതാണ്.

നിലവിലുള്ള റോഡ് പൊളിച്ചെടുത്ത് അതേ മെറ്റീരിയല്‍സ് വീണ്ടും ഉപയോഗിച്ച് അനിവാര്യമായ ടാര്‍ മാത്രം കൂട്ടിച്ചേര്‍ത്ത് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൂതന രീതിയാണിത്. പ്രകൃതിനാശം കുറയ്ക്കുന്നതും ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുന്നതുമാണ് ഇത്. ശബ്ദമലിനീകരണം, വായു മലിനീകരണം എന്നിവയും കുറയും. നിര്‍മ്മാണത്തിലെ അശാസ്ത്രീയത, അപാകത, എസ്റ്റിമേറ്റിലെ ന്യൂനത, മേല്‍നോട്ടത്തിലെ വീഴ്ച, ഒരു വിഭാഗത്തിന്റെ അഴിമതി തുടങ്ങി പൊതുമരാമത്തു വകുപ്പിനു പേരുദോഷമുണ്ടാക്കുന്ന വ്യത്യസ്ത കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക കൂടിയാണ് വകുപ്പ്.

അതുകൊണ്ടുതന്നെ പാരമ്പര്യ രീതികളുടേയും ശീലങ്ങളുടേയും പൊളിച്ചെഴുത്തുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. 
എം.സി. റോഡില്‍ കൊട്ടാരക്കര ഏനാത്ത് പാലം തകരാറിലായപ്പോള്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വേഗത (സൈന്യത്തിന്റെ ബെയ്ലി പാലം ഉള്‍പ്പെടെയുള്ളവ) മരാമത്ത് വകുപ്പിനു മാത്രമല്ല, സര്‍ക്കാരിനുതന്നെ അഭിമാനമായി മാറി. 

പുതിയ കാലം പുതിയ സേവനം
രജിസ്ട്രേഷന്‍ വകുപ്പില്‍ 'പുതിയ കാലം പുതിയ സേവനം' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പുതിയ സേവനങ്ങള്‍ തുടങ്ങി. ഓഫീസുകള്‍ അഴിമതിരഹിതമായി മാറ്റുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇ-പേയ്മെന്റായി സ്വീകരിക്കുന്നതിന് സംവിധാനം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുല്‍ത്താന്‍ ബത്തേരി, പെരിന്തല്‍മണ്ണ, രാജപുരം സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ ഉദ്ഘാടനം നടത്തി. കൂടാതെ വെങ്ങാനൂര്‍, മീനച്ചില്‍, മഞ്ചേശ്വരം ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിനും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതും കാലപ്പഴക്കമുള്ളതുമായ 48 സബ്രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്ന് രജിസ്ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കും നിര്‍മ്മാണത്തിനുള്ള 100 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 12 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 83 ലക്ഷം രൂപ അനുവദിച്ചു.     സുതാര്യവും അഴിമതിരഹിതവും പരാതിരഹിതവുമായി സ്ഥലം മാറ്റങ്ങള്‍ നടപ്പാക്കി. സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം നടപ്പില്‍ വരുത്തി.    കേരളത്തില്‍ വ്യാജ മുദ്രപ്പത്രങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മുദ്രകള്‍ ഇലക്ട്രോണിക് രൂപത്തില്‍ തയ്യാറാക്കുന്നതിനുള്ള ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പിലാക്കി.

റവന്യുവില്‍ അഴിമതിക്കാര്‍ പുറത്ത് 
റവന്യു വകുപ്പില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്ന അവകാശവാദത്തിന് വസ്തുതകളുടെ പിന്‍ബലമുണ്ട്. അഴിമതി നടത്തിയെന്നോ കൃത്യവിലോപം നടത്തിയതായോ പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന കേസുകളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇങ്ങനെ 55 റവന്യു ഉദ്യോഗസ്ഥരെയാണ് ഇക്കാലയളവിനിടെ സസ്പെന്റ് ചെയ്തത്. 165 പേര്‍ക്കെതിരെ വിവിധ തരം അച്ചടക്കനടപടികള്‍ സ്വീകരിച്ചു. റവന്യു വിജിലന്‍സ് വിംഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം കൂടുതല്‍ ശക്തമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതാണ് കേരളം ശ്രദ്ധിച്ച മറ്റൊരു കാര്യം.

അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ക്രിയാത്മക നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഡേറ്റാ ബാങ്ക് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാനും ചട്ടങ്ങളില്‍ ഭേദഗതി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു തടസ്സങ്ങള്‍ നീക്കാന്‍ അതിവേഗ നടപടിയുണ്ടായി. പുനരധിവാസ പാക്കേജില്‍ ആകര്‍ഷകമായ മാറ്റം വരുത്തി പുനരധിവാസനയം രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ചട്ടങ്ങളിലും ഭേദഗതി; ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക ഓഫീസ് സ്ഥാപിച്ചിടത്ത് എസ്റ്റാബ്ലിഷ്മെന്റ് ചെലവ് അര്‍ത്ഥനാധികാരി വാര്‍ഷിക ഗഡുക്കളായി അടയ്ക്കാന്‍ വ്യവസ്ഥ കൊണ്ടുവന്നു. കയ്യേറ്റം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ജാഗ്രതാ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാതലത്തില്‍ ഡെപ്യൂട്ടി കളക്ടറും (എല്‍.ആര്‍) താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാരുമാണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്താകെ 602 കേസുകളിലായി 195.13 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍നിന്ന് ഒഴിപ്പിച്ചെടുത്തു. കയ്യേറ്റങ്ങള്‍ തടയാന്‍ അവധി ദിനങ്ങളിലും പ്രത്യേക ശ്രദ്ധ.

പട്ടിക വിഭാഗങ്ങള്‍ക്ക് കൈത്താങ്ങ് 
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരുടേയും ഭൂരഹിതരുടേയും പുനരധിവാസത്തിന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിനിയോഗിച്ചത് 440 കോടി. ഈ വര്‍ഷം അനുവദിച്ചത് 500 കോടി. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവരായി 26,210 പട്ടികജാതി കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2016-17) 15,000 വീടുകള്‍ അനുവദിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ 25,272 വീടുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇതില്‍ 6200 എണ്ണം പൂര്‍ത്തീകരിച്ചു. പുതുതായി 7,000 വീടുകള്‍ കൂടി ഈ വര്‍ഷം അനുവദിച്ചു. ഈ ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ പട്ടികവര്‍ഗ്ഗ വിഭാഗ വകുപ്പ് മുഖേന 17,607-ഉം ഐ.എ.വൈയില്‍ 2,15,44-ഉം ഉള്‍പ്പെടെ 39,151 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു. അതില്‍ വകുപ്പിന്റെ 6,259 വീടുകളും ഐ.എ.വൈയില്‍ 16,222 വീടുകളും പൂര്‍ത്തീകരിച്ചു. ഈ ഗവണ്‍മെന്റ് വന്നതിനുശേഷം വകുപ്പ് മുഖേന 6,709 വീടുകളും പി.എം.എ.വൈയില്‍ 1,142 വീടുകളും ഉള്‍പ്പടെ ആകെ 7,851 വീടുകള്‍ അനുവദിച്ചു. ഇതില്‍ 56 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കി 7,795 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്. എല്ലാ സ്പില്ലോവറും ചേര്‍ത്ത് 24,465 വീടുകളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ഭൂമിയുള്ള ഭവനരഹിതര്‍ 15,176 ആണെന്നു കണ്ടെത്തിയിട്ടുണ്ട്.

വീടും ഭൂമിയും ഇല്ലാത്തവര്‍ 11,594; ഇനി പുതുതായി വീടുകള്‍ നല്‍കാന്‍ ബാക്കിയുള്ളത് ആകെ 26,776 പേര്‍ക്ക്. മണ്‍സൂണ്‍ കാലത്ത് പട്ടിണിയില്ലാതാക്കാന്‍ 25 കോടി രൂപയാണ് അനുവദിച്ചത്. 83,103 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യവിതരണം നടത്തി. വിദ്യാഭ്യാസ മേഖലയില്‍നിന്നും ആദിവാസിക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് അവരുടെ മാതൃഭാഷയില്‍ത്തന്നെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന ഗോത്രബന്ധു എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇതിനായി 241 ആദിവാസി യുവതീയുവാക്കളെ മെന്റര്‍ അദ്ധ്യാപകരായി നിയമിച്ചു.

വിദ്യാസമ്പന്നരായ ആദിവാസി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഇതുവഴി കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആദിവാസികള്‍ക്ക് സുസ്ഥിരവും ലാഭകരവുമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗോത്രജീവിക എന്ന പുതിയ പദ്ധതിയും ആരംഭിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും നിലവിലുള്ള തൊഴില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും സംരംഭകത്വം വിജയിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കായിക കേരളം
കായിക വികസനപരിപാടികളും പൊതു-സ്വകാര്യ പങ്കാളിത്ത പ്രൊജക്ടുകളും ഏറ്റെടുക്കുന്നതിനു കായിക വികസനനിധി രൂപീകരിച്ചു. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കായികതാരങ്ങളുടെ ഉന്നമനത്തിനും വേണ്ടി സ്വകാര്യ സംരംഭകരുടെ സഹായത്തോടുകൂടി പദ്ധതി വിപുലീകരിക്കും.
വിദ്യാഭ്യാസ വകുപ്പില്‍നിന്ന് കായികവകുപ്പ് ഏറ്റെടുത്ത സ്പോര്‍ട്സ് സ്‌കൂളുകള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ അഞ്ച് കോടി 46 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ മൂന്ന് കോടി 94 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി. ആ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നു.

അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പരിശീലകരെ നിയമിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കി. പ്രൈമറിതലം മുതല്‍ കുട്ടികളെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരാക്കാന്‍ അതാത് സ്‌കൂളില്‍ത്തന്നെ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി തുടങ്ങി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും മിനിമം കായികക്ഷമത ഉണ്ടാവുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്.
കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മദ്യം, മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സംസ്ഥാന യുവജന കമ്മിഷന്‍ എല്ലാ ജില്ലകളിലും മൂന്നു വീതം സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി. 
മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം എന്നിവയുടെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കോളനികളില്‍ യുവജന കമ്മിഷന്‍ തെരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

വിനോദസഞ്ചാരത്തിനൊരു  നയം
സംസ്ഥാനത്ത് പുതിയ ടൂറിസം നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2012-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൂറിസം നയത്തില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തിയാണ് പുതിയ നയം. പുതിയ നയത്തിലെ പല പ്രധാന നിര്‍ദ്ദേശങ്ങളും ടൂറിസം മേഖലയില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവും ആക്കുന്നതിനായി കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനം ഇതില്‍ പ്രധാനമാണ്. അതോറിറ്റി രൂപീകരണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വര്‍ദ്ധിച്ചുവരുന്ന മാലിന്യ പ്രശ്‌നമാണ്. ഇതില്‍ നല്ലൊരു പങ്കും പ്ലാസ്റ്റിക്കാണ്. ഹരിത പെരുമാറ്റച്ചട്ടം ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്താന്‍ പുതിയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നു.


ടൂറിസം മേഖലയില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ടു വരുന്ന പ്രവാസികളെ സഹായിക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്‍വെസ്റ്റ്മെന്റ് ഗൈഡന്‍സ് സെല്‍ രൂപീകരിക്കും. ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. ഇതനുസരിച്ച് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വൃദ്ധര്‍, ചെറിയ കുട്ടികള്‍ തുടങ്ങിയവര്‍ക്കു പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി സംസ്ഥാനത്ത് അനുമതി നല്‍കുന്ന എല്ലാ ടൂറിസം പദ്ധതികളും ഭിന്നശേഷി സൗഹൃദമാക്കാനാണ് തീരുമാനം. 

ദേവസ്വം നിയമനങ്ങളില്‍ സാമൂഹിക നീതി
ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് നിയമിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കിയത്. അതനുസരിച്ച് ശാന്തി ഉള്‍പ്പെടെയുള്ള ദേവസ്വം നിയമനങ്ങള്‍ നടന്നുകഴിഞ്ഞു. മറ്റ് തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങുകയും ചെയ്തു. പട്ടികജാതിക്കാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തി നിയമനം നല്‍കിയതിലൂടെ സര്‍ക്കാര്‍ തുടക്കമിട്ട നിശ്ശബ്ദ വിപ്ലവം വലിയ ചര്‍ച്ചയായി മാറി. 30-ല്‍പ്പരം അബ്രാഹ്മണരേയും ശാന്തിമാരായി നിയമിച്ചു.

ദേവസ്വം നിയമനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനു പി.എസ്.സി മാതൃകയില്‍ 'ദേവജാലിക' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി. ഇന്ത്യയിലാദ്യമായി നിയമനത്തിന് സാമ്പത്തിക സംവരണം മാനദണ്ഡമാക്കി ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാന്‍ തീരുമാനിച്ചതും ചരിത്രപ്രധാനം. ഇത് ഉള്‍പ്പെടെ ആകെ സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തി മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ക്വാട്ട വര്‍ദ്ധിപ്പിക്കാനും തീരുമാനം. 

ഗതാഗതത്തില്‍ ഭരണവേഗത
ഗതാഗത വകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാണ്. ഇത്തവണത്തെ ബജറ്റില്‍ ഇതിന് 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച് വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ദേശീയ-സംസ്ഥാന പാതകളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗത ലംഘനം കണ്ടുപിടിക്കുന്നതിന് റഡാര്‍ സര്‍വ്വയലന്‍സ് സംവിധാനം. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുള്ള അപകടസാധ്യതാ മേഖലകളിലാണ് ഇവ സ്ഥാപിക്കുക.
പൊതുഗതാഗത സംവിധാനം നിരീക്ഷണവിധേയമാക്കി അപകടങ്ങള്‍ കുറയ്ക്കാന്‍ ജി.പി.എസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനം. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി.

ജലഗതാഗത വകുപ്പിന്റെ കേന്ദ്ര കാര്യാലയം 50 ലക്ഷത്തോളം രൂപ ചെലവിട്ടു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എഫ്.ഐ.ടി ആലപ്പുഴ മുഖാന്തിരം നവീകരിച്ചു. ഇറിഗേഷന്‍ വകുപ്പ് മുഖാന്തിരം 150 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പാണാവള്ളിയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. ഇന്ത്യയിലെത്തന്നെ ആദ്യ സംരംഭമായ ആദിത്യ സോളാര്‍ ബോട്ട് പണികഴിപ്പിക്കുകയും വൈക്കം-തവണക്കടവ് റൂട്ടില്‍ സര്‍വ്വീസ് നടത്തിവരികയും ചെയ്യുന്നു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സമഗ്രമായ പ്രവര്‍ത്തനം റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായി. 2016-നെ അപേക്ഷിച്ച് സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം ആറ് ശതമാനം കണ്ട് വര്‍ദ്ധിച്ചെങ്കിലും അപകടനിരക്കില്‍ 2.37 ശതമാനത്തിന്റേയും മരണനിരക്കില്‍ 5.27 ശതമാനത്തിന്റേയും കുറവുണ്ടായി. സുപ്രീംകോടതി കമ്മിറ്റി നിര്‍ദ്ദേശിച്ച ലക്ഷ്യം കൈവരിക്കും വിധം കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഈ സാഹചര്യത്തില്‍ മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മിഷണറുടെ നിയമനം റോഡ് സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അത്യാവശ്യമാണ്. മാത്രവുമല്ല, റോഡ് സുരക്ഷാ സംബന്ധിച്ച് സുപ്രീംകോടതി കമ്മിറ്റിയും ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. റോഡ് സുരക്ഷാ അതോറ്റി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മിഷണറെ നിയമിക്കാനുള്ള നടപടികള്‍ അതിവേഗത്തിലാണ്. 

തിരിച്ചുപിടിക്കുന്ന പുഴകള്‍
ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന ഭൂഗര്‍ഭജലശോഷണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതിലെ ആശങ്ക നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കൊടിയ വരള്‍ച്ചയെ നേരിട്ടത് ജലവിഭവ വകുപ്പിന്റെ സുപ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജല അതോറിറ്റിയുടെ പരിധിയില്‍ വരുന്ന എല്ലാ പ്രദേശങ്ങളിലും കാര്യക്ഷമതയോടെ ജലവിതരണം നടന്നു. പ്രത്യേകിച്ചും വരള്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികം ബാധിച്ച തിരുവനന്തപുരം നഗരത്തിന് കുടിവെള്ളം മുടങ്ങാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് 'സാഹസികമായ ഒരു യജ്ഞത്തിലൂടെ'യാണ്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കോര്‍ത്തിണക്കി നടത്തിയ ആ പ്രവര്‍ത്തനത്തില്‍ ജലവിഭവ വകുപ്പിന് അഭിമാനിക്കാന്‍ വകയുണ്ട്.


നദികളുടേയും ജലാശയങ്ങളുടേയും സംരക്ഷണത്തിന്റെ ആവശ്യകത കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ജനകീയമായി ഏറ്റെടുക്കുന്നതിന്റെ നിരവധി മാതൃകകള്‍ ഉണ്ടായി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലങ്ങളിലായി ഒഴുകിയിരുന്ന വരട്ടാര്‍ മൃതാവസ്ഥയിലായിരുന്നു. വരട്ടാറിന്റെ പുനരുജ്ജീവനം എടുത്തുകാട്ടാന്‍ കഴിയുന്ന വലിയൊരു മാതൃകയാണ്. സംഘാടനം, ധനസമാഹരണം, തെരഞ്ഞെടുപ്പുകള്‍, നിരന്തരമായ സോഷ്യല്‍ ഓഡിറ്റിംഗ് ഇതെല്ലാം നവമാദ്ധ്യമങ്ങളിലൂടെ നടന്നു. പമ്പയുടെ ഈ കൈവഴിക്കു കൈവന്ന പുതുജീവന്‍ ജനങ്ങള്‍ ആഘോഷിച്ചത് അതിലൂടെ ചുണ്ടന്‍വള്ളം തുഴഞ്ഞ് ജലോത്സവത്തിലൂടെയാണ്. വകുപ്പ് എല്ലാ പിന്തുണയും നല്‍കുകയും സംരക്ഷണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തെ കിള്ളിയാറിന്റെ പുനരുജ്ജീവനം സാധ്യമായതും സമാനമായ ജനകീയ കൂട്ടായ്മയിലൂടെയാണ്.

വരട്ടാര്‍ പുനരുജ്ജീവനം രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി 7.70 കോടി രൂപയുടെ ഭരണാനുമതി നല്‍കി. പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായുളള പാരിസ്ഥിതിക ആഘാതപഠനം 'കിറ്റ്കോ'യെ ഏല്‍പ്പിച്ചു. ഇതേ മാതൃകയില്‍ കോലറയാര്‍, കാനാപ്പുഴയാര്‍, പള്ളിക്കലാര്‍, പൂനൂറാര്‍, കുട്ടംപേരൂറാര്‍ തുടങ്ങി നിരവധി പുഴകളുടെ ജനകീയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു. വകുപ്പുതല പിന്തുണ അവയ്ക്കെല്ലാം നല്‍കി. പമ്പാ ആക്ഷന്‍ പ്ലാനിന്റെ ഒന്നാംഘട്ടം ജലസേചനം ജല അതോറിറ്റി, ദേവസ്വം ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലായി. 

60 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന സ്രോതസ്സെന്ന നിലയില്‍ ചെറുകിട ജലസേചനപദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കിക്കൊണ്ട് രൂപം നല്‍കിയ പതിമൂന്നാം പഞ്ചവത്സരപദ്ധതിക്ക് അനുസൃതമായി, കിണറുകളുടേയും കുളങ്ങളുടേയും ചെറുകിട പദ്ധതികളുടേയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. നബാര്‍ഡ്, കബനി, ഭവാനി ഉപനീര്‍ത്തടങ്ങളിലെ പദ്ധതികള്‍, തലപ്പള്ളി പാക്കേജ് തുടങ്ങിയ വിവിധ ചെറുകിട ജലസേചനപദ്ധതികള്‍ 140.4 കോടി രൂപയുടെ ഭരണാനുമതിയോടെ പുരോഗമിക്കുന്നു. 

തുറമുഖ വികസനം
അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനുവേണ്ടി എസ്.പി.വി (Special Purpose Vehicle) ആയി അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. 500 കോടി രൂപ കിഫ്ബി (KIIFB) ഫണ്ടുവഴി ഇതിന്റെ വികസനത്തിനുള്ള പദ്ധതി നടപ്പിലാക്കാന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. അഴീക്കല്‍ തുറമുഖത്ത് ആഴം വര്‍ദ്ധിപ്പിക്കുന്നതിന് 4.9 കോടി രൂപയുടെ മെക്കാനിക്കല്‍ ഡ്രെഡ്ജിംഗ് ഡിപ്പാര്‍ട്ട്മെന്റ് വക ചന്ദ്രഗിരി എന്ന ഡ്രഡ്ജര്‍ ഉപയോഗിച്ച് ചെയ്തുവരുന്നു. 

കൊല്ലം തുറമുഖത്ത് 20 കോടി രൂപ ചെലവില്‍ പാസ്സഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2018 പകുതിയോടുകൂടി ഉദ്ഘാടനം നടത്താനായി തയ്യാറെടുക്കുന്നു. ഏഴ് കോടി രൂപ ചെലവില്‍ കൊല്ലം തുറമുഖം ദേശീയപാത ബന്ധിപ്പിക്കുന്നതിന് കൊല്ലം തുറമുഖം മുതല്‍ കൊച്ചിപ്ലാമൂട് വരെ 1.12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. പൊന്നാനി തുറമുഖം P.P.P അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ വേണ്ടി മലബാര്‍ പോര്‍ട്ട്സ് എന്ന കമ്പനിയുമായി 763 കോടി രൂപയുടെ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പുവച്ചു 'ബ്രോക്ക് വാട്ടര്‍'ന്റെ പ്രവൃത്തി ആരംഭിച്ചു. തുറമുഖ വകുപ്പിന്റെ വലിയതുറ ഡയറക്ടറേറ്റ് മന്ദിരത്തിനു സമീപമുള്ള ഗസ്റ്റ്ഹൗസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം മൂന്ന് കോടി പത്ത് ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.

കേരളം വീണ്ടും കൃഷിയുടെ മുന്‍നിരയിലേക്ക് 
1192 ചിങ്ങം ഒന്നുമുതല്‍ മുതല്‍ 1193 ചിങ്ങം ഒന്നുവരെ സംസ്ഥാന നെല്‍വര്‍ഷമായി ആചരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 34,000 ഏക്കര്‍ സ്ഥലത്ത് പുതുതായി ജനകീയ മുന്നേറ്റത്തിലൂടെ നെല്‍ക്കൃഷി നടത്താന്‍ സാധിച്ചു. കോട്ടയം, കൊല്ലം ജില്ലകളില്‍ തരിശുനിലത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രദേശത്ത് നെല്‍ക്കൃഷിയിറക്കുന്നതിന് സാധിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് സഹായകമായ നിലയില്‍ 415 ചെറുകിട അരിമില്ലുകളും 13 സംസ്‌കരണ യൂണിറ്റുകളോടുകൂടിയ അരിമില്ലുകളും ആരംഭിച്ചു. ഇതുവഴി ചെറുകിട കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച്, പാടശേഖരസമിതികള്‍ മുഖേന തനത് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നു. 

20 വര്‍ഷമായി തരിശ്ശായിരുന്ന റാണിക്കായല്‍, മെത്രാന്‍ കായല്‍, ആറന്മുള വിമാനത്താവള പ്രദേശം, കോഴിക്കോട് ജില്ലയിലെ ആവളപ്പാണ്ടി, കോട്ടയം ജില്ലയിലെ പുതുപ്പള്ളി നാലുമണിക്കാറ്റ്, മാളയിലെ സന്തോഷ് മാധവന്റെ തരിശുനിലം തുടങ്ങിയ സ്ഥലങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ നെല്‍ക്കൃഷി ചെയ്തുവരുന്നു. ഓരോ പഞ്ചായത്തിലും തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി മാപ്പിംഗ് നടത്തി. ഇവിടം കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടുന്നുവരുന്നു.

2015 - 16ല്‍ 46,500 ഹെക്ടര്‍ സ്ഥലത്താണ് പച്ചക്കറിക്കൃഷി ചെയ്തിരുന്നത് എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 55,000 ഹെക്ടറായി ഉയര്‍ന്നു. പച്ചക്കറിക്കൃഷിയുടെ ഉല്‍പ്പാദനം ആറ് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 10 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചു. പദ്ധതിയുടെ ഭാഗമായി 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്ത് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. സംസ്ഥാനത്ത് ആവശ്യമുള്ള മുഴുവന്‍ പച്ചക്കറിത്തൈകളും നടുക്കരയിലെ വി.എഫ്.പി.സി.കെയുടെ നഴ്സറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നു. രണ്ട് കോടി തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ശേഷിയുള്ളതാണ് ഈ നഴ്സറി. പച്ചക്കറി സംഭരണത്തിനായി ഈ വര്‍ഷം 1,034 കൂള്‍ ചേംബറുകള്‍ സ്ഥാപിച്ചു. 14 മിനി പോളി ഹൗസുകളും 39 നഴ്സറികളും 2,316 മഴമറകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. റബ്ബര്‍ കൃഷിയിടങ്ങളില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിനായി 280 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി പച്ചക്കറിക്കൃഷി ആരംഭിച്ചു. 

പൊതുമേഖലയ്ക്ക് ലാഭത്തിലുമാകാം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യവസായ മേഖലയിലുണ്ടായ മാറ്റം പ്രകടമാണ്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ കമ്പനികള്‍ ഒരു വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നു. 131.60 കോടി രൂപയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം. സര്‍ക്കാരിന്റെ ആദ്യവര്‍ഷം തന്നെ 71 കോടി രൂപയിലധികം നഷ്ടം നികത്തി. ഈ സാമ്പത്തിക വര്‍ഷത്തെ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം 34.19 കോടി രൂപ ലാഭം. കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങള്‍ ആദ്യപാതത്തില്‍ത്തന്നെ വന്‍നേട്ടം കൊയ്തു. 
കമ്പനികളുടെ പുനരുദ്ധാരണത്തിന് പ്രൊഫഷണല്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വ്യവസായത്തിന് അനുഗുണമായ സാഹചര്യമൊരുക്കാനും അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാനും നടപടി സ്വീകരിച്ചു. പൊതുമേഖലാ പദ്ധതിവിഹിതം കഴിഞ്ഞ വര്‍ഷത്തെ 100 കോടിയില്‍നിന്നു 310 കോടിയാക്കി. പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ നിയമിച്ചു.

വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വ്യവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച് 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' നടപ്പാക്കി. ഇതിനായി 'ദി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ & ഫെസിലിറ്റേഷന്‍ ആക്ട് 2017' എന്ന പേരില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഏഴ് ആക്ടുകളും 10 ചട്ടങ്ങളുമാണ് ഇതിലൂടെ ഭേദഗതി ചെയ്യപ്പെടുന്നത്. ഇത് നടപ്പാക്കുന്നതിലൂടെ വ്യവസായരംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളുടേയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 4300-ലധികം തസ്തികകളാണ് ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളിലായി സൃഷ്ടിച്ചത്. 1963-നുശേഷം ആരോഗ്യവകുപ്പില്‍ ചുരുങ്ങിയ നാളുകള്‍ക്കകം ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത് ഇതാദ്യമായാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 116 തസ്തികകള്‍ സൃഷ്ടിച്ചു.
കണ്ണൂര്‍ ജില്ലയിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പുതുതായി ഒരു ഡോക്ടര്‍, രണ്ട് നഴ്സുമാര്‍, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് എന്ന ക്രമത്തില്‍ 55 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ആര്‍ദ്രം മിഷന്റെ ഭാഗമായി താലൂക്ക് ആശുപത്രി കൂത്തുപറമ്പ്, തളിപ്പറമ്പ, പേരാവൂര്‍, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകളും അനുവദിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി തൊട്ടടുത്തുതന്നെ മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടൊപ്പം താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കി മതിയായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തി. ആര്‍ദ്രം മിഷന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 76 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചു. ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ആര്‍ദ്രം മിഷന്റെ ഭാഗമായി സ്റ്റാന്റേഡൈസേഷന്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ ജില്ലാ നിലവാരത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയേയും തലശ്ശേരി ജനറല്‍ ആശുപത്രിയേയും തെരഞ്ഞെടുത്തു. താലൂക്ക് തലത്തില്‍ താലൂക്ക് ആശുപത്രി തളിപ്പറമ്പ, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, പേരാവൂര്‍, പഴയങ്ങാടി എന്നിവയേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പരമ്പരാഗത വൈദ്യത്തിന്റെ വികസനത്തിനും ആരോഗ്യവകുപ്പ് കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനും ഗവേഷണത്തിനും 'ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ' കണ്ണൂരില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കണ്ണൂര്‍ ആയുര്‍വേദ ജില്ലാ ആശുപത്രിയെ 'കാഷ്' നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചു. ഈ ആശുപത്രിയോടനുബന്ധിച്ച് സിദ്ധ ചികിത്സ ഉള്‍പ്പെടെയുള്ള പുതിയ ഏഴ് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന് നടപടി പൂര്‍ത്തിയായി. പുതിയ 'യുനാനി' ആശുപത്രി കണ്ണൂരില്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ പുതിയ മൂന്ന് പി.ജി. കോഴ്‌സുകള്‍ക്ക് അനുമതി നല്‍കി. യു.ജി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഔഷധിയുടെ പരിയാരം സബ്‌സെന്ററില്‍ പുതിയ ഔഷധ സസ്യ വിജ്ഞാന വ്യാപനകേന്ദ്രം തുടങ്ങി.
സാമൂഹ്യനീതിവകുപ്പിന്റെ കീഴിലും നിരവധി പദ്ധതികള്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നു. അങ്കണവാടികളുടേയും വൃദ്ധമന്ദിരങ്ങളുടേയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വയോജന സംരക്ഷണത്തിനു പ്രത്യേക പരിരക്ഷ നല്‍കുന്ന പദ്ധതി ജില്ലയില്‍ സാര്‍വ്വത്രികമായി നടപ്പിലാക്കി വരുന്നു. ജില്ലയിലെ ഒന്‍പത് മുനിസിപ്പാലിറ്റികളില്‍ വയോമിത്രം പദ്ധതി നടപ്പാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com