പ്രകാശം പരത്തുന്ന 4 ദൗത്യസംഘങ്ങള്‍

രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവുകളിലൂടെ
പ്രകാശം പരത്തുന്ന 4 ദൗത്യസംഘങ്ങള്‍

വികസന മുരടിപ്പും പലവിധ അഴിമതികളും കെടുകാര്യസ്ഥതയും മലയാളി സമൂഹത്തിന്റെ അനുഭവമണ്ഡലത്തെ മഥിച്ചിരുന്നൊരു സാഹചര്യത്തിലാണ് ശുഭപ്രതീക്ഷയ്ക്കു വക നല്‍കുന്ന മുദ്രാവാക്യം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ അധികാരമേറ്റത്. ഈ വാചകങ്ങള്‍ സാമൂഹിക നിരീക്ഷകനും സര്‍വ്വകലാശാല അധ്യാപകനുമായ ജെ. പ്രഭാഷിന്റേതാണ്. ഒരുപക്ഷേ, കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ഉള്‍ക്കാഴ്ചയുള്ളൊരു മുദ്രാവാക്യം ഇതാദ്യമാണ് കേരളം കേട്ടത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ്. നിശ്ചയമായും രണ്ട് വര്‍ഷം തികയ്ക്കുന്ന സര്‍ക്കാരിനു സ്വാഭാവികമായി വന്നുചേരാവുന്ന അഭിനന്ദന വചനങ്ങളില്‍പ്പെടുന്നു ഇത്. എന്തുകൊണ്ടെന്നാല്‍ പുതിയ കേരളം കെട്ടിപ്പടുക്കാനുറച്ച് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന നാല് മിഷനുകളില്‍ മാത്രം ശ്രദ്ധയൂന്നിയാല്‍ത്തന്നെ കഠിനാധ്വാനത്തിന്റെ ഊര്‍ജ്ജപ്രവാഹം അറിയാം. ആര്‍ദ്രം, ലൈഫ്, ഹരിതം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവയാണ് ഈ നാല് മിഷനുകള്‍. മാലിന്യ സംസ്‌കരണം, ജൈവക്കൃഷി, ആരോഗ്യം, വീടില്ലാത്തവര്‍ക്ക് വീട്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിലൂന്നി ഈ ദൗത്യസംഘങ്ങള്‍ കേരളത്തിനു ദിശാബോധം നല്‍കുന്നു. അവയെക്കുറിച്ച് നല്ല നാലു വാക്ക് പറയാതെ ഈ സര്‍ക്കാരിനെക്കുറിച്ചു പറയാനാകില്ല എന്ന സ്ഥിതി. വെറും വാക്കല്ല, നല്ലതു മാത്രം പറയിച്ച് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അവ വന്‍സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. 

ഹരിത കേരളം മിഷനെ കേരളം ഒരേ മനസ്സോടെ ഏറ്റെടുത്തു എന്ന് ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കുറച്ചൊരു അതിശയോക്തിയാണ് എന്നു കരുതിയവര്‍ക്ക് രണ്ടു വര്‍ഷം തികയുമ്പോള്‍ അങ്ങനെ ചിന്തിക്കാനാകുന്നില്ല. വരട്ടാര്‍ പുനരുജ്ജീവനം, കാനാമ്പുഴ ശുചീകരണം, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഹരിതകര്‍മ്മസേന, അധിക നെല്‍ക്കൃഷി വ്യാപനം, ജൈവ പച്ചക്കറി പ്രോല്‍സാഹിപ്പിക്കല്‍ എന്നിങ്ങനെ ഹരിത കേരളം മിഷന്‍ തൊട്ടതെല്ലാം പൊന്നായി, മുഖ്യമന്ത്രി അധ്യക്ഷനും ടി.എന്‍. സീമ ഉപാധ്യക്ഷയുമായ മിഷന്‍ ശരിയായ അര്‍ത്ഥത്തില്‍ ഒരു ദൗത്യസംഘമായിത്തന്നെ പ്രവര്‍ത്തിക്കുന്നു.

775 പഞ്ചായത്തുകളില്‍ ഹരിതകര്‍മ്മസേനകള്‍, 24021 ഹരിത കര്‍മ്മസേനാംഗങ്ങള്‍, ഉറവിട മാലിന്യ സംസ്‌കരണം സജ്ജമാക്കിയ രണ്ടു ലക്ഷം വീടുകള്‍. നിസ്സാരമല്ല കാര്യം.   865 ടണ്‍ ഇ-മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. 375 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും. പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച്     50140 കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്തു. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കിയ പദ്ധതികളുടെ എണ്ണം 90563 ആണ്. നീക്കിവച്ച തുക 624.36 കോടി. 119 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചു. 113 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 198 തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന് പദ്ധതി വച്ചു. 49 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചു തുടങ്ങി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പരിശീലനവും ബോധവല്‍ക്കരണവും നടന്നുവരുന്നു. ഇതിനൊക്കെ പുറമേയാണ് തിരുവൈരാണിക്കുളം ക്ഷേത്രോത്സവം, ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ബീമാപള്ളി ഉറൂസ്, ചെര്‍പ്പുളശ്ശേരി പൂരം തുടങ്ങി നിരവധി ഉത്സവാഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം വിജയകരമായി നടപ്പാക്കിയത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആരംഭിച്ചു. പുനരുജ്ജീവിപ്പിച്ച പുഴകളും തോടുകളും 9187 കിലോമീറ്റര്‍, 29062 കിണറുകള്‍ 'റീ ചാര്‍ജ്ജ്' ചെയ്തു, 11009 കുളങ്ങള്‍ നവീകരിച്ചു, 4976 കുളങ്ങള്‍ നിര്‍മ്മിച്ചു. നവീകരിച്ച കിണറുകള്‍ 4495. തരിശുനിലം കൃഷിയോഗ്യമാക്കിയതുള്‍പ്പെടെ 24821 ഹെക്ടര്‍ സ്ഥലത്ത് അധിക നെല്‍ക്കൃഷി നടത്തി. 2018-19 ല്‍ ഒരു ബ്ലോക്കില്‍ ഒരു പഞ്ചായത്തെന്ന നിലയില്‍ 152 തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.    

2018 ജൂണ്‍ അഞ്ചിന് മൂന്ന് കോടി വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ആവശ്യമായ വൃക്ഷത്തൈകള്‍ തയ്യാറാവുന്നു. റസിഡന്റ്സ് അസോസിയേഷനുകള്‍, നവമാധ്യമ കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ എല്ലാ വീടുകളിലും ജൈവകൃഷി വ്യാപനത്തിനു പദ്ധതി തയ്യാറായി. തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴിയാണ് മുഖ്യമായും ഹരിതകേരളം മിഷന്റെ ശുചിത്വമാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തതന്നെ സംസ്‌കരിക്കാനുള്ള പ്രോത്സാഹനവും ബോധവല്‍ക്കരണവും നടത്തുന്നതിനോടൊപ്പം എല്ലാ തദ്ദേശഭരണസ്ഥാപന പരിധിയിലുമുള്ള വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലം എന്നിവിടങ്ങളില്‍നിന്നും ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഹരിതകര്‍മ്മസേനയുടെ രൂപീകരണവും വലിയ മുന്നേറ്റമായി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മുന്നേറ്റം
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി കേരളത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനു ലഭിക്കുന്ന ആവേശം നിറഞ്ഞ പ്രതികരണങ്ങളിലും ഫലപ്രാപ്തിയിലും തിളങ്ങുകയാണ് കേരളം. ജനകീയ, ജനാധിപത്യ, മതനിരപേക്ഷ വിദ്യാഭ്യാസമെന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വ്യക്തമായ രൂപം നല്‍കാനുള്ള കര്‍മ്മപദ്ധതി തന്നെയാകുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിന് എതിരെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ണിലെ കൃഷ്ണമണിയായി സംരക്ഷിക്കുന്നതിന് അനുകൂലമായും നിരവധി അനുഭവങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന് അധ്യാപകരുള്‍പ്പെടെ ഈ മേഖലയില്‍ പ്രതിബദ്ധതയോടെ നില്‍ക്കുന്നവരെല്ലാം സാക്ഷ്യം പറയും. സമീപകാലത്തു കാണാത്തവിധം കൂടുതലാണ് പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകുന്ന കുട്ടികളുടെ എണ്ണം. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിലൂടെ അവര്‍ ഭാവികേരളത്തിനു പ്രതീക്ഷ നല്‍കുന്നു.

പല കാരണങ്ങളാല്‍ പൊതുവിദ്യാലയങ്ങളെ ഒരല്‍പ്പം സംശയത്തോടെ നോക്കിയ രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിളംബരം ചെയ്ത മേന്മകളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്വന്തം കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ അവര്‍ തയ്യാറായത്. അതാണ് പൊതുവിദ്യായങ്ങളിലെ പ്രവേശനത്തിന്റെ തോത് കൂടാന്‍ ഇടയാക്കിയത്.

സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ നീക്കം. ചെറുതല്ല കാര്യം. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അക്കാദമിക മികവിലും അന്തര്‍ദ്ദേശീയ തലത്തില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളുകളോട് കിടപിടിക്കാവുന്ന രീതിയില്‍ പൊതുവിദ്യാലയങ്ങള്‍ മാറണമെന്നതില്‍ കേരളത്തിന് ഒറ്റ മനസ്സാണ്; അപവാദങ്ങളാകട്ടെ, ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം. ഗുണപരമായ മാറ്റം പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ സംഭവിക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചു. അവിടെ നിന്നില്ല, പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയായി ഓരോ നിയോജകമണ്ഡലത്തിലേയും ഒരു സ്‌കൂളിനെ തെരഞ്ഞെടുത്ത് ഭൗതികസാഹചര്യങ്ങളിലെ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇപ്പോള്‍ 141 വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന അഞ്ചു കോടി രൂപയും പൊതുജനങ്ങളില്‍നിന്നു സമാഹരിക്കുന്ന തുകയും ചേര്‍ത്ത് വികസനക്കുതിപ്പിന് ഒരുങ്ങുകയാണ്. ഈ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് പുതിയ രൂപഭാവങ്ങളോടെയാവും. ഇവയ്ക്ക് പുറമേ ആയിരത്തില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും ഭൗതികസാഹചര്യ വികസനത്തിന് മൂന്നുകോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു കോടി രൂപയും അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന തുകയ്ക്ക് പുറമേ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സമൂഹിക ഉത്തരവാദിത്വ (സി.എസ്.ആര്‍) ഫണ്ട്, അഭ്യുദയകാംക്ഷികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും മറ്റും നല്‍കുന്ന സഹായങ്ങള്‍ എന്നിവകൂടി ചേരുമ്പോള്‍ ജനകീയ ഇടപെടലുകളിലൂടെ വലിയ മുന്നേറ്റമാണ് സംഭവിക്കുക. 

എയ്ഡഡ് വിദ്യാലയങ്ങളെ മാറ്റിനിര്‍ത്തി കേരളത്തിലെ പൊതുവിദ്യാലയ മേഖലയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. അതൊരു യാഥാര്‍ത്ഥ്യം. സ്വകാര്യ മാനേജുമെന്റ് സ്ഥാപനമെന്ന നിലയില്‍ ഈ വിദ്യാലയങ്ങളുടെ പുരോഗതിക്ക് തുക മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു എന്നത് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വികസന കാഴ്ചപ്പാടിലെ ആത്മാര്‍ത്ഥതയുടെ സൂചകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാലയ വികസനത്തിന് മാനേജുമെന്റ് ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക നിയന്ത്രണങ്ങള്‍ക്കു വിധേയമായി സര്‍ക്കാര്‍ ചെലവഴിക്കും. പരമാവധി ഒരു കോടി രൂപവരെ ഇങ്ങനെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ചലഞ്ച് ഫണ്ടായി നല്‍കാനാണ് തീരുമാനം.

ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ മുതല്‍ മികവുല്‍സവം വരെ
സര്‍ക്കാര്‍ ധനസഹായത്തോടെ 1200 സ്‌കൂളുകളില്‍ നടപ്പാക്കിയ ജൈവവൈവിധ്യ പാര്‍ക്ക് കേരളത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. 

സ്‌കൂള്‍ പരിസരം തന്നെ പാഠപുസ്തകം എന്ന ആശയത്തെ സാധൂകരിക്കുന്ന പ്രവര്‍ത്തനമാണ് ജൈവവൈവിധ്യ പാര്‍ക്കിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചും ജനകീയമായി ഏറ്റെടുത്തും ഈ പദ്ധതി ഗംഭീരമായി നടപ്പാക്കിയ സ്‌കൂളുകള്‍ നിരവധി. ചുറ്റുവട്ടത്തെ കാവുകള്‍ സംരക്ഷിച്ചും പഠനോപകരണമാക്കിയും ഈ ആശയം നടപ്പിലാക്കിയ ചില സ്‌കൂളുകളുമുണ്ട്. കണ്ടും അറിഞ്ഞും പേര് ചൊല്ലി വിളിച്ചും മണത്തുനോക്കിയും ആസ്വദിച്ചുള്ള പഠനത്തിനുള്ള അവസരം ഒരുക്കലാണ് ജൈവവൈവിധ്യോദ്യാനത്തിന്റെ കാതലായ ലക്ഷ്യം.

വിവര സാങ്കേതികവിദ്യയെ ക്ലാസ്സ് മുറി വിനിമയത്തിന് ഉപയോഗിക്കുന്നത് വികസിത രാഷ്ട്രങ്ങളില്‍ സര്‍വ്വസാധാരണമാണ്. വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പഠനത്തിനു വിവിധ തരത്തിലും തലത്തിലുമുള്ള ശ്രമങ്ങള്‍ കേരളവും നടത്തിവരുന്നു. എന്നാല്‍, സ്‌കൂളുകളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വേണ്ടവിധം ഇത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല, ഈ പരിമിതി മറികടക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സ് മുറികള്‍, ഏകദേശം 45000 ക്ലാസ്സ് മുറികള്‍, ഹൈടെക്ക് ആയിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുഴുവന്‍ പ്രാഥമിക വിദ്യാലയങ്ങളും ഹൈടെക്ക് ആകുന്നതോടെ സമ്പൂര്‍ണ്ണ ഹൈടെക്ക് അംഗീകൃത സ്‌കൂളുകള്‍ ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. 

പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറിയും അധ്യാപക പരിശീലന കേന്ദ്രങ്ങളും വരെ വ്യാപിച്ചുകിടക്കുന്ന പൊതുവിദ്യാഭ്യാസ ശൃംഖലയിലെ കണ്ണികളായ വിദ്യാലയങ്ങളിലെല്ലാം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൊതുജനസമക്ഷം സമര്‍പ്പിച്ചത് പുതിയ അനുഭവമായി. അതത് വിദ്യാലയത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങും വിധം ആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് മാസ്റ്റര്‍ പ്ലാന്‍ രൂപകല്പന. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചിരുന്നു തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നവകേരള സൃഷ്ടിക്കുള്ള ആദ്യ വിദ്യാഭ്യാസ ചുവടുവയ്പാണ്. 
പോഷകാഹാരം, ലഹരിയില്‍നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തില്‍  ഊന്നിയുള്ള വികസന സങ്കല്‍പ്പം, ഹരിത നിയമാവലി അനുസരിച്ചുള്ള ജീവിതക്രമം ചിട്ടപ്പെടുത്തല്‍, കണ്ടെത്തല്‍ പഠനം, സഹവര്‍ത്തിത പഠനം, സര്‍ഗ്ഗാത്മക പോഷണത്തിനും കായിക മികവിനും കായികക്ഷമത ഉറപ്പാക്കാനുമുള്ള കലാകായിക പഠനം, കംപ്യൂട്ടറധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളാണ് പൊതുവിദ്യാലയങ്ങളില്‍ ഒരുങ്ങുന്നത്.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ട് എന്നത് കേരളം എന്നേ തിരിച്ചറിഞ്ഞ് ഏറ്റെടുത്തതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന പിന്തുണയും സഹായവുമാണ് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം. വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിലും അവര്‍ മുന്നിലുണ്ട്. കുട്ടികള്‍ക്കു ലഭ്യമാകുന്നതു മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് വിദ്യാലയങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമാണുതാനും. അതുകൊണ്ടുതന്നെ ജനാധിപത്യപരമായ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായാണ് രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം വിഭാവനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും രക്ഷാകര്‍ത്തൃ കൂട്ടായ്മകള്‍ വിളിച്ചു ചേര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ചും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചും ശിശുകേന്ദ്രീകൃത സമീപനത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത് പൊതുവിദ്യാലയങ്ങളുടെ മികവ് ബോധ്യപ്പെടുത്തി. യോഗങ്ങളില്‍ രക്ഷിതാക്കള്‍ കേവലം കേള്‍വിക്കാര്‍ എന്നതിനപ്പുറം സജീവമായി അഭിപ്രായങ്ങള്‍ പങ്കു വെച്ചതായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥയ്ക്കൊപ്പം ശാരീരികവും മാനസികവുമായ പരിമിതികളും വെല്ലുവിളികളും അഭിമുഖീകരിക്കുന്ന ധാരാളം കുട്ടികള്‍ എത്തിച്ചേരുന്ന ഇടമാണ് പൊതുവിദ്യാലയങ്ങള്‍. ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനുള്ള പിന്തുണയാണ് അവര്‍ക്ക് പൊതുവിദ്യാലയങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. ഓരോ ജില്ലയിലും ഒന്നു വീതം സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഓട്ടിസം പാര്‍ക്കുകള്‍ ഈ പരിഗണനയ്ക്ക് മികച്ച ഉദാഹരണമാണ്. തുടക്കത്തില്‍ ഒരു ഓട്ടിസം പാര്‍ക്കിനു 50 ലക്ഷം രൂപയാണ് ചെലവഴിക്കുക. തെറാപ്പിസ്റ്റുകളുടെ സേവനം, മള്‍ട്ടി സെന്‍സറി റൂം, പ്രത്യേക പരിശീലനത്തിനുള്ള അവസരം എന്നിവ ഈ കേന്ദ്രങ്ങളില്‍ ഉറപ്പാക്കും.
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം ആര്‍ജിച്ച അറിവുകളും കഴിവുകളും പൊതുസമൂഹത്തിനു മുന്നില്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കി സംഘടിപ്പിച്ച മികവുത്സവം നാട് ആവേശത്തോടെ ഏറ്റെടുക്കുകയാണ് ചെയ്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉറപ്പ് നല്‍കിയ ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ഗുണഫലം ബഹുജനങ്ങളെ ബോധ്യപ്പെടുത്തലാണ് മികവുത്സവത്തിന്റെ മുഖ്യലക്ഷ്യം. അതുവഴി അടുത്ത അധ്യയന വര്‍ഷം പൊതുവിദ്യാലയത്തിലേക്കുള്ള  കുട്ടികളുടെ പ്രവേശനം വര്‍ധിപ്പിക്കലും ലക്ഷ്യമിടുന്നു. 

അക്കാദമിക മികവിന് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് വരുന്ന അക്കാദമിക വര്‍ഷത്തില്‍ ശ്രദ്ധിക്കുക. അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സൂക്ഷ്മാസൂത്രണ രേഖ എല്ലാ വിദ്യാലയങ്ങളും ജൂണ്‍ ആദ്യത്തോടെ പൊതുജനസമക്ഷം അവതരിപ്പിക്കും. ഓരോ പ്രവര്‍ത്തനവും സമയബന്ധിതമായി നടപ്പിലാക്കുന്നതിനു ആവശ്യമായ ജനകീയ ഇടപെടല്‍ ഉറപ്പാക്കും. അതുവഴി ജനകീയവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷ സര്‍ക്കാര്‍ പങ്കുവയ്ക്കുന്നു.
        
ആര്‍ദ്രമായ ഒരു നോട്ടം
രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും പണം പിഴിയാനുള്ള ഉപകരണങ്ങളായി കാണുന്ന സ്വകാര്യ ആശുപത്രികളില്‍നിന്നൊരു രക്ഷാമന്ത്രമാകുന്നു ആര്‍ദ്രം പദ്ധതി. രോഗിയായി ആശുപത്രിയില്‍ എത്തുന്നത് പീഡാനുഭവങ്ങളുടെ മറ്റൊരു തുടക്കമല്ല ഇനി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കുറഞ്ഞ ചെലവില്‍, ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുകയാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആശുപത്രികളെ രോഗീസൗഹൃദപരമാക്കാനുള്ള ചുവടുവയ്പ്. ആര്‍ദ്രത്തിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി സമഗ്ര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നൂറോളം കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു കഴിഞ്ഞു. ആശുപത്രിയുടെ ഗുണമേന്മ വര്‍ധിപ്പിച്ച് എല്ലാ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കും 'ചികിത്സ' 'പ്രോട്ടോക്കോള്‍' തയ്യാറാക്കി വിദഗ്ധചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ത്തത്തന്നെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഒപ്പം ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗത്തിലെത്തുന്ന എല്ലാ രോഗികള്‍ക്കും ചികിത്സ ലഭ്യമാവുക. സാധാരണയായി കാണുന്ന രോഗങ്ങളുടെ ചികിത്സ, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍, ചെറിയ ശസ്ത്രക്രിയകള്‍, ശിശുരോഗങ്ങള്‍, കൗമാര സൗഹൃദ ആരോഗ്യസേവനങ്ങള്‍, സ്ത്രീസഹജമായ രോഗങ്ങള്‍, ത്വക്രോഗം, ഇ.എന്‍.ടി, നേത്രരോഗങ്ങള്‍, ദന്തരോഗങ്ങള്‍, അടിയന്തര പരിചരണം, ലബോറട്ടറി സേവനങ്ങള്‍, ഫാര്‍മസി സേവനങ്ങള്‍, കൗണ്‍സലിങ്, ആരോഗ്യ വിദ്യാഭ്യാസം, ഗൈഡന്‍സ് സേവനങ്ങള്‍, പൊതുജനാരോഗ്യ സേവനങ്ങള്‍ പുനരധിവാസ സേവനങ്ങള്‍, സാന്ത്വന പരിചരണം, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങി വിവിധ സേവനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും എന്ന ആര്‍ദ്രം പദ്ധതിയുടെ അവകാശവാദം പ്രായോഗികതലത്തില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.  

  സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു മുന്നോടിയാണ് ആര്‍ദ്രം ദൗത്യം നടപ്പിലാക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യ സംരക്ഷണം ഒരുക്കുന്ന കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. രോഗീ പരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതിനാണ് ഇവിടെ ഏറെ പ്രാധാന്യം. കൂടാതെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുള്‍പ്പെടെ  എല്ലാ ജനവിഭാഗങ്ങള്‍ക്കും പൂര്‍ണ്ണ ആരോഗ്യ സംരക്ഷണം ആര്‍ദ്രം പദ്ധതിയിലൂടെ ഉറപ്പു നല്‍കുന്നു. 

രോഗീസൗഹൃദ പരിചരണം, ജീവനക്കാരുടെ സൗഹാര്‍ദപരമായ പെരുമാറ്റം, 'ക്യൂ' മാനേജ്‌മെന്റ് സിസ്റ്റം, മുന്‍കൂര്‍ ബുക്കിംഗ്, നഴ്സുമാര്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ പദ്ധതിയുടെ ഭാഗമായി നല്‍കിവരുന്നു. ഇതോടൊപ്പം ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തുകയും പരമാവധി രോഗികള്‍ക്ക് സൗജന്യ മരുന്നുകളും അപാകതകള്‍ ഇല്ലാത്ത പരിചരണവും നല്‍കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ദൗത്യം വിജയപ്രാപ്തി നേടിയിരിക്കുന്നത്, ജനങ്ങളടെ പരിപൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തി ആര്‍ദ്രം പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയാകും വിധമുള്ള പ്രവര്‍ത്തനങ്ങളുമായാണ്  സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ആര്‍ദ്രത്തിന്റെ ഭാഗമായി ട്രോമ കെയര്‍ സംവിധാനത്തിനു പ്രാധാന്യം നല്‍കുന്നത് കാലാനുസൃത മാറ്റങ്ങളില്‍ പ്രധാനമാണ്. സമയത്ത് ചികിത്സ കിട്ടുകയാണെങ്കില്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അപകടമരണങ്ങളില്‍ കുറേയേറെ ഒഴിവാക്കാനാകും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയില്‍ ട്രോമ കെയര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു മാതൃക ട്രോമ കെയര്‍ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവം. വിദേശ രാജ്യങ്ങളില്‍ വിപുലമായ ട്രോമ കെയര്‍ സംവിധാനമുണ്ട്. അത് കേരളത്തിലും ഏര്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യവകുപ്പിലെ ഉന്നതതല സംഘം ലണ്ടനിലെ വാര്‍വിക് ആന്റ് കവന്റ്‌ററി യൂണിവേഴ്സിറ്റി, തായ്ലന്‍ഡിലെ ഖോന്‍ കെയിന്‍ ആശുപത്രി എന്നിവ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ചകളും അവലോകനങ്ങളും നടത്തി. 

ജീവിത ദൗത്യം തന്നെയാണ് ലൈഫ് മിഷന്‍
കയറിക്കിടക്കാന്‍ ഒരു കിടപ്പാടമില്ലാത്തവരുടെ സ്ഥിതി അത് അനുഭവിച്ചു മാത്രമേ അറിയാനാകൂ. പക്ഷേ, സ്വന്തമായി വീടില്ലാതെ ജീവിതം എന്ന വലിയ സത്യത്തിനു നേര്‍ക്ക് ഭയത്തോടെ നോക്കിനില്‍ക്കുന്ന കുടുംബങ്ങളുടെ മനസ്സ് തൊട്ടറിയുകയാണ് സര്‍ക്കാര്‍; ലൈഫ് മിഷനിലൂടെ. ശരിക്കും ഇത് നിരവധി കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കുന്ന ദൗത്യം തന്നെയായി മാറുന്നു. 60,354 പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ 28,000 വീടുകളാണ് ലൈഫ് മിഷന്‍ ഏറ്റെടുത്തു പൂര്‍ത്തീകരിച്ചത്. മേയ് 31-നു മുന്‍പുതന്നെ ബാക്കിയുള്ളവയുടെ പൂര്‍ത്തീകരണം ലക്ഷ്യമിടുകയും ചെയ്യുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചു പ്രസിദ്ധീകരിച്ച രണ്ടര ലക്ഷം ഗുണഭോക്താക്കള്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നതിലൂടെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം പുതിയൊരു മാതൃക കൂടി സൃഷ്ടിച്ചു നല്‍കും.

2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ഭവനനിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും വ്യത്യസ്ത കാരണങ്ങളാല്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അത് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ലക്ഷ്യം. രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞെങ്കിലും പട്ടിക തയ്യാറാക്കുന്ന പ്രക്രിയയില്‍ മറ്റു മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരും എന്നാല്‍, റേഷന്‍ കാര്‍ഡില്ലാത്തതുകൊണ്ട് ഒഴിവായിപ്പോയവരുമായ പാവപ്പെട്ടവരെ ഗുണഭോക്താക്കളായി പരിഗണിക്കും. റേഷന്‍ കാര്‍ഡില്ല എന്ന പേരില്‍ ഒഴിവാക്കിയ അര്‍ഹരായ അഗതികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചുവരുന്നുമുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക പരിശോധന നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപന സമിതിയുടെ ശൂപാര്‍ശയില്‍ ജില്ലാ കളക്ടറുടെ അനുമതിയോടെ പേര് ഗുണഭോക്തൃ പട്ടികയില്‍ ചേര്‍ത്ത് ഭവനനിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നത് വ്യക്തിക്കല്ല, കുടുംബത്തിനാണ്; അനുവദിക്കുന്നത് ഗൃഹനാഥയുടെ പേരിലും. ഭാര്യാഭര്‍ത്താക്കന്മാരുടെ പേരില്‍ സംയുക്തമായും ഭവനം അനുവദിക്കും. ഗുണഭോക്താവ് മരിച്ചാല്‍ നിയമാനുസൃത അവകാശിയുടെ പേരില്‍ വീട് അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന അനുമതിയും ധനസഹായ ഗഡു വിതരണത്തിന്റേയും വിവരങ്ങള്‍ ലൈഫ് മിഷന്‍ വെബ്‌സൈറ്റില്‍ അതതു ദിവസം അപ്ഡേറ്റ് ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ ഭവനനിര്‍മ്മാണത്തിന് ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് ധനസഹായമായി ലഭ്യമാക്കുന്നത്. പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് ആറ് ലക്ഷം രൂപ നിരക്കിലും സങ്കേതങ്ങള്‍ക്ക് പുറത്തു താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താവിന് നാല് ലക്ഷം രൂപയും ധനസഹായം നല്‍കും.

ധനസഹായം നാല് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് അനുവദിക്കുന്നത്. പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് അത് അഞ്ചു ഗഡുക്കളായാണ് ലഭ്യമാക്കുന്നത്. നാലാം ഗഡു വിതരണം ചെയ്ത തീയതി മുതല്‍ ആറു മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതാണ്. 400 ചതുരശ്രയടി തറവിസ്തീര്‍ണമുള്ള ഭവനമാണ് നിര്‍മ്മിക്കേണ്ടത്. ടൈപ്പ് ഡിസൈന്‍ പ്രകാരം നിര്‍മ്മിക്കേണ്ട ഈ വീടുകള്‍ക്കായി 12 ഭവനനിര്‍മ്മാണ ഡിസൈനുകള്‍ മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഒരു ടൈപ്പ് ഡിസൈന്‍ ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരമുള്ള ഭവനങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണ അനുമതി ആവശ്യമാണ്. എന്നാല്‍, പട്ടികവര്‍ഗ്ഗ സങ്കേതത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് പെര്‍മിറ്റിന്റെ ആവശ്യമില്ല.

ഏറ്റവും അര്‍ഹരായ ചിലര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭ്യമായാലും ഭവനനിര്‍മ്മാണം ആരംഭിക്കാനോ പൂര്‍ത്തിയാക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥ ഉണ്ടാകാം. ധനസഹായം ലഭ്യമായാലും സഹായിക്കാന്‍ ആരുമില്ലാത്തവരും ലഭിക്കുന്ന തുകയ്ക്ക് പുറമെ ഒരു രൂപ പോലും അധിക ധനസമാഹരണം നടത്താന്‍ കഴിയാത്തവരും ഈ ഗണത്തില്‍പ്പെടും. ഈ സ്ഥിതി മറികടക്കാന്‍ രണ്ടാം ഘട്ടത്തില്‍ പൊതുജന പങ്കാളിത്തം പരമാവധി ഉറപ്പാക്കാനാണ് ശ്രമം. എല്ലാ ജില്ലകളിലും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണവും ആരംഭിക്കും. 14 ജില്ലകളിലും ഇതുകൂടി വരുന്നതോടെ കേരളം എല്ലാവര്‍ക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറും. കിടപ്പാടമില്ലാത്തതുകൊണ്ടു നെഞ്ചുരുകുന്നവര്‍ ഇല്ലാത്ത കേരളം.

സ്വപ്നവാതില്‍ തുറന്ന് കൊച്ചി മെട്രോ 
കൊച്ചി മെട്രോ വേഗത്തില്‍ ഓടുന്നത് കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ സഫലമാക്കാന്‍ മാത്രമല്ല; കേരളത്തിന്റെ തന്നെ പ്രതീക്ഷകളുടെ വേഗമാകുന്നു അത്. 1999-ല്‍ അവതരിപ്പിച്ച കൊച്ചി മെട്രോ എന്ന ആശയം പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് നടത്തിയ സാധ്യതാ പഠനത്തിനുശേഷം വിവിധ ഘട്ടങ്ങളിലായി വികസിച്ച് യാഥാര്‍ത്ഥ്യമായിരിക്കുന്നു. 2017 ജൂണ്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച കൊച്ചി മെട്രോ കേരളത്തെ വികസനത്തെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചു. പുത്തന്‍ യാത്രാനുഭവം സമ്മാനിച്ചുകൊണ്ട് ഓടിത്തുടങ്ങിയ മെട്രോയെ ആവേശത്തോടെയാണ് കൊച്ചിയും കേരളവും ഏറ്റെടുത്തത്.

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചിക്ക് ആശ്വാസത്തിനു തുടക്കം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഭാഗം ഉദ്ഘാടനം ചെയ്ത് അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഭാഗത്തിനും തുടക്കമായി. പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഭാഗം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എല്ലാത്തരം ഗതാഗതമാര്‍ഗ്ഗങ്ങളും ഒത്തുചേര്‍ന്ന സമഗ്ര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വ്വീസുകളും ഒക്കെ ചേര്‍ന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മുന്തിയ പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറുന്ന കാലത്തിലേക്ക് ദൂരം ഏറെയില്ല.

രണ്ടാം ഭാഗം പൂര്‍ത്തീകരിച്ചതോടെ മെട്രോ സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. ഏറെ വ്യാപാര സ്ഥാപനങ്ങളുളള എം.ജി റോഡിലേയ്ക്കും മെട്രോ എത്തിയതോടെയാണ് ഇതു സാധ്യമായത്. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള 18.4 കിലോമീറ്ററിലാണ് (16 സ്റ്റേഷന്‍) ഇപ്പോള്‍ മെട്രോ പ്രവര്‍ത്തിക്കുന്നത്. ഇനി വൈകാതെ തൃപ്പൂണിത്തുറ വരെ മെട്രോ വികസിക്കും. വരും വര്‍ഷങ്ങളില്‍ ഒമ്പത് സ്റ്റേഷനുകള്‍കൂടി ചേര്‍ത്താണ് തൃപ്പൂണിത്തുറ വരെ വികസിപ്പിക്കുന്നത്. അതിന്റെ നടപടികള്‍ ദ്രുതഗതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. സ്ഥലം ഏറ്റെടുപ്പ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടവികസനത്തില്‍ മെട്രോ നഗരത്തിലെ ഐ.ടി കേന്ദ്രമായ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ നീളും.

ഇപ്പോള്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കടവന്ത്ര, വൈറ്റില, ചമ്പക്കര എന്നീ പ്രധാന കേന്ദ്രങ്ങളില്‍ മെട്രോ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 90 മീറ്റര്‍ നീളമുള്ള വളഞ്ഞ ആകൃതിയിലുള്ള മെട്രോ കാന്‍ഡി ലിവര്‍ പാലം രാജ്യത്ത് ആദ്യമാണ് എന്നതിലുമുണ്ട് കൊച്ചി മെട്രോയുടെ പ്രത്യേകത. എറണാകുളം മഹാരാജാസ് കോളജ് ഭാഗത്ത് നിന്നു തുടങ്ങി കടവന്ത്ര വരെ നീളുന്ന പാതയിലാണ് പാലം നിര്‍മ്മിക്കുന്നത്. 152 മീറ്റര്‍ നീളത്തിലുള്ള പാലം ഉള്‍പ്പെടുന്ന പാതയുടെ ഭാഗത്തിന്റെ നിര്‍മ്മാണം അതീവ ശ്രദ്ധയോടെയാണ് പുരോഗമിക്കുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് മുകളിലൂടെ നിര്‍മ്മിക്കുന്ന പാലത്തിന് തൂണുകളുണ്ടാകില്ല. രാജ്യത്തെ മറ്റ് മെട്രോകളില്‍ കാന്‍ഡിലിവര്‍ പാലങ്ങള്‍ നിര്‍മ്മിച്ചിച്ചിട്ടുണ്ടെങ്കിലും വളഞ്ഞ ആകൃതിയിലുള്ള തൂണുകളില്ലാത്ത ബാലന്‍സ്ഡ് കാന്‍ഡിലിവര്‍ ബ്രിഡ്ജ് രാജ്യത്ത് മറ്റൊരിടത്തുമില്ല. മൂന്നു മീറ്റര്‍ വീതം നീളത്തില്‍ രണ്ടു വശത്തുനിന്നുമാണ് പാലം നിര്‍മ്മിച്ചുവരുന്നത്. ഇത് 14-ാമത്തെ ഘട്ടത്തില്‍ പരസ്പരം കൂട്ടിമുട്ടും. ഓരോ മീറ്റര്‍ നിര്‍മ്മാണവും മെട്രോയുടെ എന്‍ജിനീയറിംഗ് വിഭാഗം അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തീകരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റോടെ പാലം ഉള്‍പ്പെടുന്ന 152 മീറ്റര്‍ വളഞ്ഞ പാത പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയില്‍ മേല്‍പ്പാലം കൂടി ഇതോടൊപ്പം നിര്‍മ്മിക്കുന്നു. അടിസ്ഥാന സൗകര്യരംഗത്ത് സമഗ്ര വികസന പദ്ധതികളുടെ ചടുലമായ നടത്തിപ്പിനാണ് എറണാകുളം ജില്ല സാക്ഷ്യം വഹിക്കുന്നത്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടെ നഗര ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വരെ മെട്രോ നീട്ടുന്നതും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com