വിശ്വാസത്തിന്റെ ചതുരംഗപ്പലകയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍

ഇന്ത്യ കണ്ട ഏറ്റവും വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് രാമചന്ദ്ര ഗുഹ അമിത് ഷായെ വിശേഷിപ്പിച്ചത്.
വിശ്വാസത്തിന്റെ ചതുരംഗപ്പലകയിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍

വിശ്വാസത്തിന്റെ പേരില്‍ ചുറ്റിത്തിരിഞ്ഞ വിമോചനസമരത്തിന് അറുപതാണ്ടും അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് 130 വര്‍ഷവും പൂര്‍ത്തിയാകുമ്പോള്‍ നവോത്ഥാന കേരളം നിലയുറപ്പിക്കുന്നത് എവിടെ? കേരള നവോത്ഥാനത്തിന്റെ ആധുനിക ഘട്ടം യഥാര്‍ത്ഥത്തില്‍ പിന്നിടുക ഈ സമരത്തില്‍ ആര് ജയിക്കുന്നുവെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും.  

ഇന്ത്യ കണ്ട ഏറ്റവും വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയക്കാരന്‍ എന്നാണ് രാമചന്ദ്ര ഗുഹ അമിത് ഷായെ വിശേഷിപ്പിച്ചത്. ഷായുടെ വിവാദമായ കണ്ണൂര്‍ പ്രസംഗത്തിനു ശേഷം യഥാര്‍ത്ഥത്തില്‍ പോരാട്ടത്തിന്റെ അവസാനത്തെ ലാപ്പിലാണ് ബി.ജെ.പി. ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് അവര്‍. ശബരിമലയാകട്ടെ, അവരെ സംബന്ധിച്ച് അവസാന പിടിവള്ളിയും. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നും നടപ്പാക്കാനാവുന്നതേ വിധിക്കാവൂവെന്നും പരമോന്നത കോടതിയേയും  പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍. നാക്കുപിഴയെന്നും വിവര്‍ത്തകദോഷമെന്നും വിലയിരുത്തി നിഷ്‌കളങ്കമായി ഈ ആഹ്വാനത്തെ നിസ്സാരവല്‍ക്കരിക്കാനാകില്ല. പ്രസംഗാവസാനമുള്ള ശരണംവിളിയും മലചവിട്ടാനുമുള്ള തീരുമാനവും ആര്‍.എസ്.എസ് കലാപരാഷ്ട്രീയം പിന്തുടരാന്‍ ലക്ഷ്യമിട്ടിട്ടുള്ളതു തന്നെയാണ്. 

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് ആദ്യം അനുകൂല നിലപാട് സ്വീകരിച്ച  ബി.ജെ.പിയെ മലക്കംമറിച്ചിലിനു പ്രേരിപ്പിച്ച രാഷ്ട്രീയഘടകങ്ങള്‍ എന്തൊക്കെയാണ്? വിമോചനസമരത്തിന് ശേഷം കേരളത്തില്‍ ഉണ്ടായ വലതുപക്ഷത്തെ, ആ ഏകീകരണത്തെ കൂടെ നിലനിര്‍ത്താന്‍ പിന്നെ കോണ്‍ഗ്രസിന് പറ്റിയില്ല. എന്നാല്‍, ഇപ്പോഴുള്ള വലതുപക്ഷ ഏകീകരണം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമോ എന്നതാണ് ബി.ജെ.പിയുടെ മുന്നിലുള്ള വെല്ലുവിളി. കേരളത്തിന്റെ നവോത്ഥാനം ആധുനികഘട്ടം യഥാര്‍ത്ഥത്തില്‍ പിന്നിടുക ഈ സമരത്തില്‍ ആര് ജയിക്കുന്നുവെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും. മുന്നണിരാഷ്ട്രീയ സാധ്യതകള്‍ക്ക് നാന്ദികുറിച്ച വിമോചനസമരത്തിനും ശബരിമല വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കും ചില സമാനതകള്‍ കൂടിയുണ്ട്. വിശ്വാസവും യുക്തിയും ഈ രണ്ടു പ്രക്ഷോഭങ്ങളിലും ഘടകങ്ങളായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ വിശ്വാസികളുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലായി ചിത്രീകരിക്കാന്‍ അന്നും ഇന്നും ജാതിമത ശക്തികള്‍ വ്യഗ്രത കാട്ടിയിരുന്നു. 

അടുത്തിടെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരിശോധിച്ചാലറിയാം. വിവാദചിത്രത്തില്‍ കോണ്‍ഗ്രസില്ല. ആ പാര്‍ട്ടി തന്നെ അപ്രസക്തമായ കാലത്തില്‍ കേവലം ബി.ജെ.പിയുടെ ബി ടീമായി അത് ഒതുങ്ങിയിരിക്കുന്നു. സംഘപരിവാര്‍ ശക്തികളുടെ സമരത്തിന് ആളെക്കൂട്ടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്. ഇവിടെ പോരാട്ടം വികസനകാര്യങ്ങളില്‍ നവലിബറല്‍ നിലപാടുകള്‍ പിന്തുടരുന്ന ഇടതുപക്ഷവും വലതുപക്ഷ വര്‍ഗീയതയും തമ്മിലാണ്. എങ്കിലും ഒരാശ്വാസമുള്ളത് നവലിബറല്‍ നയങ്ങളെ പിന്തുടരുമ്പോഴും യാഥാസ്ഥിതികത്വത്തെ നേരിടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകുന്നുവെന്നതാണ്.  

ബി.ജെ.പി കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ ആദ്യസൂചന അമിത്ഷായുടെ പ്രസംഗമല്ല. കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ദേശീയതലത്തില്‍ ക്യാംപയിന്‍ നടത്താന്‍ ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞകൊല്ലം ആദ്യമാണ് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ വലിയൊരു യോഗം വിളിച്ചുകൂട്ടിയത്. കണ്ണൂരില്‍ ആര്‍.എസ്.എസ്സുകാരെ വ്യാപകമായി കൊല്ലുന്നു എന്നായിരുന്നു പ്രചരണം. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് പലയിടത്തും ഇത്തരം പ്രചാരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. പക്ഷേ, അതൊരു അഖിലേന്ത്യാ ക്യാംപയിനായി വികസിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇത് അവരുടെ മനസ്സില്‍ നേരത്തേയുള്ള വിഷയമാണ്. അന്ന് അതിന് അവര്‍ ഉപയോഗിച്ചത് കണ്ണൂരിലെ കൊലപാതകങ്ങളായിരുന്നു. കണ്ണൂരിനെ സംബന്ധിച്ചിടത്തോളം അതൊരു ഏകപക്ഷീയമായ ആക്രമണങ്ങളല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ അതൊരു വിഷയമായി കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മതവുമായി ബന്ധപ്പെട്ടുള്ള ശബരിമല വിഷയം ഒരു നല്ല അവസരമായി അവര്‍ കാണുന്നു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി. ഭാസ്‌കര്‍ പറയുന്നു. 

എന്തുകൊണ്ട് ഇത്രയും കാലം കേരളത്തില്‍ ബി.ജെ.പി. പച്ചപിടിക്കാതെ പോയി എന്നതിനെക്കുറിച്ച് മുന്‍പ് ജന്മഭൂമി ഒരു അന്വേഷണം നടത്തിയിരുന്നു. എന്നോട് ഉള്‍പ്പെടെയുള്ള ആള്‍ക്കാരോട് അഭിപ്രായം തേടുകയും ചെയ്തു. ഞാന്‍ പറഞ്ഞ കാര്യം ഇതാണ്.  കേരളത്തിലെ സാമൂഹികാന്തരീക്ഷം പാകപ്പെടുത്തുന്നതില്‍ ശ്രീനാരായണപ്രസ്ഥാനവും അക്കാലത്ത് നടന്ന നവോത്ഥാനത്തിന്റെ ഭാഗമായി കാണുന്ന പ്രസ്ഥാനങ്ങളെല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ നവോത്ഥാനത്തിന് വിരുദ്ധമായ നിലപാടാണ് ബി.ജെ.പിയുടേത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ് അവര്‍ക്ക് വളരാന്‍ കഴിയാത്തത്. കാരണം, മതനിരപേക്ഷ അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എല്ലാ സമുദായങ്ങളിലും നവോത്ഥാനത്തിന്റെ മാറ്റങ്ങളുണ്ടായി. തമിഴ്നാട്ടില്‍ നടന്നതുപോലെ കേരളത്തിലെ നവോത്ഥാന കാലഘട്ടത്തില്‍ അവര്‍ണര്‍ നടത്തിയ സമരങ്ങളൊന്നും ബ്രാഹ്മണവിരുദ്ധ സമരങ്ങളായിരുന്നില്ല. ക്രൈസ്തവ സമൂഹത്തിലും മുസ്ലിം സമുദായത്തിലുമൊക്കെ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ഇവയൊന്നും അന്യോന്യം ശത്രുതയുണ്ടായിരുന്നവയല്ല. ഇവയൊന്നും ഹിന്ദുവിരുദ്ധ പ്രസ്ഥാനമായി മാറിയിട്ടുമില്ല. അങ്ങനെയൊരു പശ്ചാത്തലമാണ് ഇവിടെയുണ്ടായിരുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം ഹൈന്ദവ ഏകീകരണമാണ്. എന്നാല്‍, കേരളത്തില്‍ അത്തരമൊരു ഏകീകരണത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇതുവരെ. എന്നാല്‍ ശബരിമല വിഷയം സൃഷ്ടിച്ചത് അവര്‍ക്ക് അനുകൂല സാഹചര്യമായിരുന്നുവെന്നു പറയുന്നു ബി.ആര്‍.പി.

അതേസമയം, നമ്പൂതിരി മുതല്‍ നായാടി വരെയെന്ന വിശാല ഹിന്ദു ഏകീകരണം എന്‍.എസ്.എസിന്റെ പിന്‍ബലത്തോടെ നടപ്പാക്കാന്‍ ബി.ജെ.പി ശ്രമിച്ച് പരാജയപ്പെട്ടതാണ്. അതിന്റെ രാഷ്ട്രീയ ശേഷിപ്പായി ബി.ഡി.ജെ.എസ് ഇപ്പോഴും അവിടെ തുടരുന്നുമുണ്ട്. ഹിന്ദു ഏകീകരണ ശ്രമങ്ങള്‍ക്കിടയിലാണ് സംവരണത്തിനെതിരെ എന്‍.എസ്.എസ് നിയമപോരാട്ടങ്ങള്‍ക്കൊരുങ്ങിയതും അതിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതും. എന്നാല്‍, ശബരിമല കേസില്‍ വിധിവന്നപ്പോള്‍ വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരില്‍ ഹിന്ദുക്കളെല്ലാം സംഘടിക്കണമെന്ന ഇരട്ടത്താപ്പാണ് എന്‍.എസ്.എസ് പയറ്റിയത്. ചുരുക്കത്തില്‍ വിശ്വാസത്തിന്റെ പേരില്‍, ആചാരങ്ങളുടെ പേരില്‍ ഒരുമിച്ചു നിര്‍ത്താമെന്ന പ്രായോഗികമായ രാഷ്ട്രീയ അടവ് തന്നെയാണ് ബി.ജെ.പി. പയറ്റിയതും. അതിന് ചാലകശക്തിയായി പ്രവര്‍ത്തിച്ചത് നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകളില്‍ കഴിയുന്ന എന്‍.എസ്.എസും.

അതായത് ഇക്കാലമത്രയുമുള്ള രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ മുന്നണികളുടെ അധികാരമാറ്റത്തിന്റെ അടിയില്‍ വടംവലി നടപ്പുണ്ട്. ജാതിമത, പ്രതിലോമശക്തികള്‍ തിരിച്ചുവരാന്‍ ശ്രമിക്കുകയും അതിനെ തടയിടാന്‍ പുരോഗമനശക്തികള്‍ ശ്രമിക്കുകയും ചെയ്യുന്നത് എല്ലാ കാലത്തും നടന്നിരുന്നു. 1980 വരെ വടംവലി തുടര്‍ന്നു. ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് കോണ്‍ഗ്രസ് കൂടി പിന്തുണയ്ക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിയുടെ കീഴിലാണെന്ന് ഓര്‍ക്കണം. അതിന്റെ ഒത്തുതീര്‍പ്പുകളാണ് മുന്നണികള്‍. മുന്നണികള്‍ക്ക് അകത്ത് പുരോഗമനം പ്രതിലോമം എന്നൊന്നുമില്ലല്ലോ. ഇപ്പോള്‍ അധികാരത്തില്‍ സഹായിക്കുന്ന ആരായാലും ഇന്ന് പ്രശ്‌നമല്ലാത്തത് അതുകൊണ്ടാണ്- ബി.ആര്‍.പി പറയുന്നു.


ശബരിമല
രണ്ടാം വിമോചനമോ?

കേരള നിയമസഭ കാര്‍ഷികബന്ധ നിയമം പാസ്സാക്കിയതിന്റെ പിറ്റേ ദിവസമാണ് വിമോചനസമരം തുടങ്ങുന്നത്. ഭൂപരിഷ്‌കരണത്തോടായിരുന്നു എന്‍.എസ്.എസിനു പ്രതിഷേധം. കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസ നയത്തോടും. ഭരണം നഷ്ടപ്പെട്ട സങ്കടം കോണ്‍ഗ്രസുകാര്‍ക്കും. സഖാക്കള്‍ക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയതായിരുന്നു സോഷ്യലിസ്റ്റുകളുടെ പ്രശ്‌നം. ഇന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നതുപോലെ നിരീശ്വരവാദം ശക്തിപ്പെടുന്നതില്‍ ആശങ്ക അന്നും പലര്‍ക്കുമുണ്ടായിരുന്നു. ലീഗുകാരും ജനസംഘക്കാരും ഒത്തൊരുമിച്ചത് അങ്ങനെയാണ്. സമരം തുടങ്ങാന്‍ ഒരു കാരണം മാത്രം മതിയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൗനാനുവാദവും കൂടി ലഭിച്ചു. സമരം ജയിച്ചു. സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. ഇടതുപക്ഷ-വലതുപക്ഷ ഭേദമെന്യേ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയപരിപാടികള്‍ നിശ്ചയിക്കാനുള്ള അവകാശം സാമുദായിക സംഘടനകള്‍ തീറെഴുതി വാങ്ങിയെന്നതാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വിമോചനസമരം നല്‍കിയ പ്രസക്തി.

തുടര്‍ന്നങ്ങോട്ട് ദേശീയ രാഷ്ട്രീയത്തില്‍ 356-ാം അനുച്ഛേദത്തിന്റെ ദുരുപയോഗം വര്‍ധിച്ചു. ഫെഡറിലിസം കെട്ടുകാഴ്ചയായി പലപ്പോഴും മാറി. നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ പിരിച്ചുവിടുമ്പോള്‍ സമരക്കാരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നെഹ്റുവിന് ആശങ്കയുണ്ടായിരുന്നു. ഫെഡറല്‍ സംവിധാനത്തിന് അതേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതൊരു മോശം കീഴ്വഴക്കമെന്നാണ് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്‍കിയതും. എന്നിട്ടും ജൂലൈ 31-ന് ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടു. ജാതിമത ശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ നടപടിയാണ് രാഷ്ട്രീയത്തില്‍ ജാതിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഒരു പരിധിവരെ കാരണമായതും. മുന്നണി രാഷ്ട്രീയം പ്രശ്‌നത്തെ കലുഷിതമാക്കുകയും ചെയ്തു. 

സാമൂഹ്യാചാരങ്ങളേയും ജാതിസമ്പ്രദായത്തിന്റെ മര്‍ദ്ദകസ്വഭാവത്തേയും ഉന്മൂലനം ചെയ്യുകയായിരുന്നല്ലോ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. ഓരോ ജാതിയിലേയും വിപ്ലവകാരികള്‍ അവരുടെ ജാതിസമ്പ്രദായങ്ങള്‍ക്കെതിരെ പോരാടി. എന്നാല്‍ ഈ പ്രസ്ഥാനങ്ങള്‍ക്കൊന്നും ജാതിസമ്പ്രദായത്തെ ഉന്മൂലനം ചെയ്യുന്ന ഘട്ടത്തിലേക്ക് എത്താനായില്ല. സ്വയം സംഘടിച്ച് ശക്തിയാര്‍ജ്ജിക്കാനാണ് അവര്‍ ശ്രമിച്ചതും. ഫലത്തില്‍ അവരുടെ അടിത്തറ വര്‍ദ്ധിപ്പിക്കാനല്ലാതെ മറ്റൊന്നും ഉപകരിക്കപ്പെട്ടില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഈ പരിമിതി കൂടി നമുക്ക് പരിഗണിക്കാനാവില്ല. ആ പരിമിതിയുടെ അനന്തരഫലങ്ങളാണ് ഇന്നു കാണുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് വഴിയൊരുക്കിയത്. 

ശബരിമല വിഷയത്തില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്ന്, കേരളത്തിലെ ജാതിമേധാവിത്വം എന്നു പറയുന്നത് ജനസംഖ്യയില്‍ ന്യൂനപക്ഷമായ നമ്പൂതിരിമാരുടേയും നായന്‍മാരുടേയും അവര്‍ണ്ണര്‍ക്കു മേലുള്ള ആധിപത്യത്തിന്റെ ചരിത്രമാണ് കേരളത്തിലുള്ളത്. ഈ സവര്‍ണാധിപത്യത്തിന്റെ പ്രധാന മേഖല ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളുമായിരുന്നു. ആചാരകേരളം എന്ന് ഈ പരമ്പരാഗത കേരളത്തെ വേണമെങ്കില്‍ നിര്‍വ്വചിക്കാം. ആചാരകേരളത്തിനെതിരെ ആധുനിക കേരളത്തിന്റെ ആദ്യത്തെ ആചാരലംഘനം നടന്നത് 1888-ല്‍ അരുവിപ്പുറത്താണ്. സവര്‍ണ്ണമേധാവിത്വത്തിനും ആചാരകേരളത്തിനും എതിരായ ലംഘനത്തിലൂടെയാണ് നാരായണഗുരു അടിസ്ഥാനശില പാകിയത്. അന്നു മുതല്‍ ആചാരകേരളവും നാരായണഗുരു പ്രതിനിധാനം ചെയ്ത മതേതര ആധുനിക കേരളവും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയും സംഘട്ടനത്തിലൂടെയുമാണ് ഇന്ന് നാം കാണുന്ന, ജീവിക്കുന്ന കേരളം എത്തിച്ചേര്‍ന്നത്. ആചാരലംഘനത്തിന്റെ ഒരു പരമ്പര തന്നെ ക്ഷേത്രപ്രവേശന വിളംബരം വരെയുള്ള ആ അരനൂറ്റാണ്ടില്‍ നടന്നു. അയിത്തം, തൊട്ടുകൂടായ്മ തുടങ്ങി പ്രാകൃത ജാതിവ്യവസ്ഥകള്‍ നിലനിന്നിരുന്നത് സവര്‍ണ്ണമേധാവിത്വത്തിന്റെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിലായിരുന്നു. അങ്ങനെയാണ് നാരായണഗുരു സവര്‍ണ്ണക്ഷേത്ര സങ്കല്‍പ്പം തന്നെ പൊളിച്ചെഴുതിയത്- ജെ. രഘു പറയുന്നു. 

നവോത്ഥാന പാരമ്പര്യത്തെ ഏറ്റെടുക്കുന്നതില്‍ മലയാളി പൊതുസമൂഹം പരാജയപ്പെട്ടിരുന്നുവെന്നത് നേരത്തെ ഉന്നയിക്കുന്ന കാര്യമാണ്. നവോത്ഥാനം എന്നത് എല്ലാ ജാതിയിലും നടന്ന എന്തോ വിചിത്രമായ കാര്യമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. എന്നാല്‍ നവോത്ഥാനത്തിനു വിധേയമാകാത്ത ജാതികള്‍ കൂടി കേരളത്തിലുണ്ടെന്ന് നാമറിയണം. ജാതീയമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ മാത്രം പരിഹരിച്ച നമ്പൂതിരിമാരും നായന്‍മാരും  നവോത്ഥാന ആശയങ്ങളിലേക്ക് വന്നവരല്ല. ആധുനിക ലോകത്തിന് ആവശ്യമായ ചില നീക്കുപോക്കുകള്‍ നടത്തിയതിനപ്പുറം അടിസ്ഥാനപരമായ നവോത്ഥാനമൂല്യങ്ങളെ അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. നാരായണഗുരുവില്‍ തുടങ്ങുന്ന ധാരകള്‍ അടിസ്ഥാനപരമായി കേരള സമൂഹത്തിന്റെ മൂല്യബോധത്തെ വെല്ലുവിളിച്ചവരാണ്. അതൊരു ജാതിവിരുദ്ധ പാരമ്പര്യമാണ്. ഈ ജാതിവിരുദ്ധ പാരമ്പര്യത്തെ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ട സമൂഹമാണ് ഇപ്പോള്‍ നവോത്ഥാനത്തില്‍ നിന്ന് പിറകോട്ട് നടക്കുന്നുവെന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നവോത്ഥാന മൂല്യങ്ങളെ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം പരാജയപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായാലും കോണ്‍ഗ്രസായാലും. ജാതിവിരുദ്ധ, അയിത്തവിരുദ്ധ, മൂല്യമണ്ഡലത്തെ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുകയും കേരളത്തില്‍ ജാതിയില്ല എന്ന വ്യാമോഹത്തെ പുലര്‍ത്തുകയും ചെയ്ത രാഷ്ട്രീയ സമൂഹമാണ് ഇതിനുത്തരവാദിയെന്ന് പറയുന്നു സണ്ണി എം. കപിക്കാട്. 

സി.പി.എം നടത്തിയ 
ജാതിപ്രീണനങ്ങള്‍

വിമോചന സമരത്തിനു ശേഷം ഏതുവിധേനയും അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനുമായിരുന്നു കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലക്ഷ്യം. അതിന് ഇടതെന്നോ വലതെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അടവുനയത്തിന്റെ പേരില്‍ പാര്‍ട്ടി സ്വീകരിക്കുന്ന വിട്ടുവീഴ്ചകള്‍ അവര്‍ക്കു തന്നെ പലപ്പോഴും ദോഷം ചെയ്തിട്ടുണ്ട്. വിമോചനസമരത്തിന്റെ ഭാഗമായിരുന്ന ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ മതശക്തികളെ ഉള്‍പ്പെടുത്തിയാണ് പിന്നീട് ഇടതുപക്ഷം 1967-ല്‍ അധികാരത്തിലേറിയത്. കിട്ടാവുന്ന പാര്‍ട്ടികളെയെല്ലാം കൂടെ കൂട്ടിയ ഇ.എം.എസിന്റേത് അധികാരലബ്ധിക്കുള്ള അറ്റകൈ പ്രയോഗമായിരുന്നു. 

ബിആര്‍പി ഭാസ്‌കര്
ബിആര്‍പി ഭാസ്‌കര്

കോണ്‍ഗ്രസിലൂടെയും കേരള കോണ്‍ഗ്രസിലൂടെയും ക്രൈസ്തവസഭ രാഷ്ട്രീയ നിര്‍ണ്ണയാവകാശം ഉപയോഗിച്ചപ്പോള്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്നില്‍ പോയി. ജാതിമേധാവിത്വത്തിന്റെ സുഖാനുഭവങ്ങള്‍ അനുഭവിച്ച എന്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് എല്ലാക്കാലത്തും താക്കോല്‍ സ്ഥാനങ്ങള്‍ തന്നെ വേണമായിരുന്നു. മാറിമാറി വരുന്ന മുന്നണികള്‍ അത്തരമൊരു വിലപേശലിനു വഴങ്ങിക്കൊടുത്തു. കേരളരാഷ്ട്രീയത്തില്‍ സമദൂരമെന്ന സിദ്ധാന്തം എന്‍.എസ്.എസ് മുന്നോട്ടുവയ്ക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണത്തെ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അത്തരമൊരു രാഷ്ട്രീയ സ്വാധീനം എന്‍.എസ്.എസിനു ചെലുത്താന്‍ കഴിഞ്ഞില്ല. 

സണ്ണി എം കപിക്കാട്
സണ്ണി എം കപിക്കാട്

അതിനുള്ള വിലപേശലാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ശബരിമല വിഷയം. ക്രൈസ്തവ സഭകള്‍ കോണ്‍ഗ്രസിലൂടെ നേടുന്ന നേട്ടങ്ങളെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന എന്‍.എസ്.എസ് അവസരം കിട്ടിയപ്പോള്‍ ഭീഷണിയുമായി രംഗത്ത് അവതരിക്കുന്നുവെന്നു മാത്രം.  നാട്ടകം ഗസ്റ്റ്ഹൗസില്‍ പിണറായി വിജയനെ മണിക്കൂറുകളോളം കാത്തിരുന്ന സുകുമാരന്‍ നായരെയല്ല ഇന്നു നമുക്ക് കാണാനാവുക.  എന്നാല്‍, ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനോടു പോലും കരുതലോടെ, പ്രതിരോധത്തിലൂന്നിയാണ് സി.പി.എം പ്രതികരിച്ചത്. ഇതുവരെ എന്‍.എസ്.എസിനെ പ്രസ്താവനകളിലൂടെ വേദനിപ്പിക്കാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നോര്‍ക്കണം. സംവരണാനുകൂല്യമില്ലാത്ത മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാഴ്ചപ്പാടും ഭരണനടപടിയും സ്വീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഭവം പറഞ്ഞു.  

ജെ രഘു
ജെ രഘു

നവോത്ഥാന മൂല്യങ്ങള്‍ കഴിഞ്ഞ കുറേ കൊല്ലങ്ങളായി നഷ്ടപ്പെട്ടു എന്നുവേണം വിലയിരുത്താന്‍. അതിന്റെ ഉത്തരവാദിത്വം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. അധികാരം നേടാനും നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ പഴയ ജാതിമേധാവിത്വ ശക്തികള്‍ക്ക്, ഓരോ ജാതിസമൂഹങ്ങളിലുമുള്ള പ്രതിലോമകരമായ വിഭാഗങ്ങള്‍ക്ക് മുന്നോട്ടു വരാനുള്ള അവസരമുണ്ടാക്കി. മുന്നണികള്‍ വന്നതിനു ശേഷം അതു വളരെ പ്രകടമായി. ഒരുപക്ഷേ, അതില്‍ മുന്നില്‍ നില്‍ക്കുന്ന സി.പി.എം ആണെന്നതാണ് വസ്തുത. സാമ്പത്തിക സംവരണം അംഗീകരിച്ച പാര്‍ട്ടിയാണ് അവരുടേത്. അവരാണ് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന പാര്‍ട്ടി. എന്‍.എസ്.എസിന്റെ ഇന്നത്തെ വിലപേശല്‍ രാഷ്ട്രീയത്തിന് ഏറ്റവുമധികം സാഹചര്യമൊരുക്കിയതും സി.പി.എമ്മാണെന്ന് പറയുന്നു ബി.ആര്‍.പി.
അതായത്, മുന്നണി സമ്പ്രദായം ഫലപ്രദമായി ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം കൈവരിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഹിന്ദുവോട്ടുബാങ്ക് സ്ഥാപിക്കാനായിരുന്നു ഇക്കാലമത്രയും ബി.ജെ.പിയുടെ ശ്രമം. പല വിഷയങ്ങളിലും ജാതിസംഘടനകളുടെ ഹിന്ദുഐക്യ മുദ്രാവാക്യം ഇതിനു തെളിവാണ്.

1950-നു ശേഷം നാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ നല്‍കിയ മൂല്യങ്ങളുടെ ചരിത്രപരമായ പൈതൃകത്തെ  ഏറ്റെടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ പ്രകടമായ ജാതിമേധാവിത്വവും അതിന്റെ പേരിലുള്ള ഉച്ചനീചത്വങ്ങളും അടിച്ചമര്‍ത്തലുകളും സമൂഹത്തില്‍നിന്നു ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അജന്‍ഡയും ശ്രദ്ധയും മനുഷ്യരുടെ സാമ്പത്തികപരവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലായി. വിലക്കയറ്റം, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍, തൊഴില്‍ചൂഷണം എന്നിവയിലായി അവരുടെ ശ്രദ്ധ. തൊട്ടുമുന്‍പുള്ള അരനൂറ്റാണ്ടില്‍ ക്ഷേത്രങ്ങളായിരുന്നു നവോത്ഥാന പ്രക്ഷോഭങ്ങളുടെ ഭൂമികയെങ്കില്‍ തൊട്ടടുത്ത അരനൂറ്റാണ്ടില്‍ പ്രക്ഷോഭകേന്ദ്രങ്ങള്‍ തൊഴിലിടങ്ങളും കമ്പോളങ്ങളുമായി മാറി. മുറിവേറ്റ, ക്ഷതം സംഭവിച്ച ആചാരകേരളത്തിന്റെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസുകാര്‍ നുഴഞ്ഞുകയറി. മതേതര അവകാശങ്ങള്‍ക്കായി ഒരു പ്രക്ഷോഭവും സംഘപരിവാര്‍ നടത്തിയില്ല. ക്ഷേത്രം പുനരുദ്ധരിക്കലും ബാലഗോകുലം സംഘടിപ്പിക്കലുമായി അവര്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുകയാണുണ്ടായത്. പിന്നീട് തൊണ്ണൂറുകളില്‍ ദേശീയതലത്തില്‍ ആര്‍.എസ്.എസ് ശക്തിപ്രാപിച്ച സമയത്ത് ഈ ആചാരസംരക്ഷണവാദികള്‍ രാഷ്ട്രീയപൊതുമണ്ഡലത്തിലേക്ക് കടന്നുകയറി. നമ്പൂതിരി-നായര്‍ മേധാവിത്വം പുനഃസ്ഥാപിക്കുകയായിരുന്നു ആചാരകേരളത്തിന്റെ  ഗൂഢലക്ഷ്യം. ഇന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിന്റെ പേരില്‍ തെരുവുകളില്‍ നാമജപവും ശരണംവിളിയും നടത്തുന്നവര്‍ ന്യൂനപക്ഷമായ നായര്‍ - നമ്പൂതിരി മാടമ്പിത്വം കുറവര്‍ക്കും പുലയര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഗുജറാത്ത് പോലെ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ ആര്‍.എസ്.എസിനു മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അതിനു വലിയ വില കൊടുക്കേണ്ടിവരിക ദളിതരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യൂനപക്ഷമായിരിക്കും-  ജെ. രഘു പറയുന്നു.

അറുപതു വര്‍ഷം മുന്‍പു നടന്ന വിമോചനസമരമായിരുന്നു വലതുപക്ഷത്തിന്റെ കൃത്യതയാര്‍ന്ന രാഷ്ട്രീയ മുന്നേറ്റം. എന്നാല്‍, ആ മുന്നേറ്റത്തിന്റെ ശക്തി ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കിയതോടെ ക്ഷയിച്ചു. വിശ്വാസത്തിന്റെ പേരില്‍ മാത്രം നടന്ന സമരമായിരുന്നില്ല വിമോചനസമരമെങ്കിലും പ്രക്ഷോഭങ്ങളുടെ അടിസ്ഥാനം അതായിരുന്നു. പല കാരണങ്ങളാലും ആ ഏകീകരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാലിന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അത്തരമൊരു ഏകീകരണം സാധ്യമായാല്‍ അത് സമീപഭാവിയില്‍ തന്നെ വലതുപക്ഷ വര്‍ഗ്ഗീയതയ്ക്ക് മേല്‍ക്കൈ നേടുന്നതിലേക്ക് ചെന്നെത്തിക്കും. 


ചരിത്രത്തില്‍ 356
സങ്കുചിതമായ, അവിഹിതമായ, താല്‍പ്പര്യങ്ങള്‍ക്കായി ഭരണഘടനയിലെ ഈ വകുപ്പ്  സ്വാതന്ത്ര്യത്തിനു ശേഷം ഒരുപാട് തവണ ദുരുപയോഗിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 18-ലാണ് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. ഇതനുസരിച്ച് രാഷ്ട്രപതിക്ക് മൂന്ന് തരത്തില്‍ നീങ്ങാം. ആര്‍ട്ടിക്കിള്‍ 352 അനുസരിച്ച് ദേശീയ അടിയന്തരാവസ്ഥ. രണ്ട്: ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് സംസ്ഥാന അടിയന്തരാവസ്ഥ അഥവാ ഭരണഘടനാപരമായ  അടിയന്തരാവസ്ഥ. മൂന്ന്: ആര്‍ട്ടിക്കിള്‍ 360 അനുസരിച്ച് സാമ്പത്തിക അടിയന്തരാവസ്ഥ. ഭരണഘടനാനുസൃതമായി ഭരണം നടത്തിക്കൊണ്ട് പോകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയോ ഭരണഘടനാ പ്രതിസന്ധി ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുക. തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. ആ ഉത്തരവ് പാര്‍ലമെന്റിലെ ഇരുസഭകളും അംഗീകരിച്ചിരിക്കണം. ആറുമാസം കൂടുമ്പോള്‍ ഉത്തരവുകള്‍ വഴി ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. 1950 മുതല്‍ 113 തവണയാണ് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടിരിക്കുന്നത്. 

1982-ല്‍ ആന്ധ്രയിലെ എന്‍.ടി. രാമറാവു സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. അങ്ങനെ ചരിത്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അതേ ആയുധത്തിനു കീഴടങ്ങി. ഹൃദയശസ്ത്രക്രിയയ്ക്കായി അമേരിക്കയില്‍ പോയ സമയത്താണ് ഗവര്‍ണറായ രാംലാല്‍ അദ്ദേഹത്തെ അധികാരത്തില്‍നിന്ന് മാറ്റുന്നത്. സമീപകാലത്തും ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 2014 ഫെബ്രുവരിയില്‍, ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അരവിന്ദ് കെജ്രിവാള്‍ ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. അതേ വര്‍ഷം സെപ്റ്റംബറില്‍ മഹാരാഷ്ട്രയിലും 356 വകുപ്പ് ചുമത്തി. എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നതോടെയായിരുന്നു അത്. ആന്ധ്രയില്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും കോണ്‍ഗ്രസ് അംഗങ്ങളും രാജിവച്ചതോടെ വീണ്ടും രാഷ്ട്രപതിഭരണം ചുമത്തി. തെലുങ്കാന പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 1989-ല്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ആര്‍. ബൊമ്മെ നടത്തിയ നിയമയുദ്ധമാണ് 356 സംബന്ധിച്ച് ഇതിലൊരു വഴിത്തിരിവ്. വകുപ്പിന്റെ അധികാരം ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഭരണഘടനയെ അസന്തുലിതമാക്കുമെന്നായിരുന്നു കോടതിയുടെ വിധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com