വിരുദ്ധതയുടെ കലാലയലോകം: രേഖാചന്ദ്ര എഴുതുന്നു

കുറ്റകരവും ക്രൂരവുമായ അധികാരികളുടെ പ്രവൃത്തികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട ഒരു ക്യാംപസിനെ തകര്‍ക്കുന്നതെങ്ങനെ? 
വിരുദ്ധതയുടെ കലാലയലോകം: രേഖാചന്ദ്ര എഴുതുന്നു

കാസര്‍ഗോഡ് പെരിയയില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസരംഗത്തെ സംഘപരിവാര്‍ പിടിമുറുക്കലിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വിദ്യാര്‍ത്ഥികളെ പുറത്താക്കിയും സ്‌റ്റൈപ്പന്റ് തടഞ്ഞുവെച്ചും ഹോസ്റ്റലുകളില്‍നിന്നു സസ്പെന്‍ഡ് ചെയ്തും സര്‍വ്വകലാശാലാ അധികൃതര്‍ അധികാരവാഴ്ച തുടരുന്നു. ഏറ്റവുമൊടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിശദീകരണംപോലും ചോദിക്കാതെ ഇംഗ്ലീഷ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം തലവന്‍ കൂടിയായ അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനേയും സസ്പെന്‍ഡ് ചെയ്തു.എതിര്‍ ശബ്ദങ്ങളെ അധികാരം ദുര്‍വിനിയോഗിച്ചും ഭയപ്പെടുത്തിയും ഇല്ലാതാക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍. നിയമന ക്രമക്കേടും അഴിമതിയും വ്യവഹാരങ്ങളുമായി തുടക്കം മുതല്‍ വിവാദത്തിലായ കാസര്‍ഗോട്ടെ കേന്ദ്ര സര്‍വ്വകലാശാല സൗഹൃദപരമല്ലാത്ത ഒരു ക്യാംപസ് അന്തരീക്ഷത്തിലേക്കു കൂടി മാറിക്കഴിഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ്, പ്രതികാരം
ഫെയ്‌സ്ബുക്കില്‍ സര്‍വകലാശാലയ്ക്കെതിരെ പോസ്റ്റിട്ടു എന്ന ആരോപണമുന്നയിച്ചാണ് പ്രസാദ് പന്ന്യനേയും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് എം.എ. വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനേയും സര്‍വകലാശാലയില്‍നിന്നു പുറത്താക്കിയത്. സെപ്തംബര്‍ ഏഴിനാണ് പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും തെലങ്കാന സ്വദേശിയുമായ ഗന്തോടി നാഗരാജുവിനെതിരെ പൊലീസ് കേസെടുത്ത് ജയിലിലിട്ടതിനെക്കുറിച്ചായിരുന്നു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹോസ്റ്റലിലെ ഫയര്‍ അലാമിന്റെ ചില്ല് പൊട്ടിച്ചു എന്ന കാരണത്തിലാണ് രജിസ്ട്രാറുടെ പരാതിയില്‍ നാഗരാജുവിനെതിരെ പൊലീസ് കേസെടുക്കുന്നത്. സര്‍വകലാശാലയ്ക്കുള്ളില്‍ തന്നെയുള്ള അച്ചടക്കസമിതിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാവുന്നതോ ഫൈന്‍ അടപ്പിച്ചോ ഒഴിവാക്കാമായിരുന്ന ഒരു പ്രശ്‌നത്തെ പൊലീസിനെ അറിയിച്ച് ക്രിമിനല്‍ ചാര്‍ജുകള്‍ ചുമത്തിയതിനെതിരെ ക്യാംപസില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജൂലൈ എട്ടിനു നടന്ന സംഭവത്തില്‍ ഒരു മാസത്തിനു ശേഷമാണ് കേസെടുക്കുന്നത്. തങ്ങളുടെ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയെ ജയിലിലടച്ചതിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസാദ് അപലപിച്ചിരുന്നു. സര്‍വകലാശാല എടുത്ത ഒരു തീരുമാനത്തെ സമൂഹമാധ്യത്തില്‍ കൂടി വിമര്‍ശിച്ചു എന്നതാണ് ക്യാംപസില്‍നിന്നു മാറ്റിനിര്‍ത്താനുള്ള സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്നതിനു മുന്‍പ് യാതൊരുവിധ തെളിവെടുപ്പോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കലോ ഉണ്ടായില്ല. എന്നാല്‍, വെറുമൊരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല പ്രസാദിനെതിരെയുള്ള പ്രതികാര നടപടിയെന്നാണ് ക്യാംപസിലെ ചില അധ്യാപകര്‍ സൂചിപ്പിച്ചത്. ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയായിരുന്ന ഇദ്ദേഹം മള്‍ട്ടിപര്‍പ്പസ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അഴിമതി പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ പേരില്‍ പ്രൊ. വൈസ് ചാന്‍സലര്‍ ജയപ്രസാദ് ഭീഷണിപ്പെടുത്തുകയും അതിനെതിരെ പ്രസാദ് പന്ന്യന്‍ പരാതിയും നല്‍കിയിരുന്നു. അഴിമതിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതോടെ ഒരു മുന്നറിയിപ്പുമില്ലാതെ വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റി. ഇതടക്കം സര്‍വ്വകലാശാലയില്‍ നടക്കുന്ന അനീതി ചോദ്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഇദ്ദേഹം. 

സ്‌റ്റൈഫന്റില്ല, കൂടാതെ മാനസിക പീഡനവും
തെലങ്കാന സ്വദേശിയായ ഗന്തോടി നാഗരാജു ലിംഗ്വിസ്റ്റിക്സ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ കൂടിയാണ് ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജു. ക്യാംപസിലെ പല സമരങ്ങളിലും സജീവമായി ഇടപെടുന്ന ആളുകൂടിയാണ്. മാനസികമായി ഏറെ തകര്‍ന്നു നിന്ന ഒരു നിമിഷത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാഗരാജുവിനു മാസങ്ങളായി സ്‌റ്റൈപ്പന്റ് കിട്ടിയിരുന്നില്ല. പല കാരണങ്ങള്‍ പറഞ്ഞ് സ്‌റ്റൈപ്പന്റ് വൈകിക്കുന്നതില്‍ നാഗരാജു അസ്വസ്ഥനായിരുന്നു. സംഭവം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹത്തിന്റെ അമ്മ മരിച്ചത്. മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത ഒരു നിമിഷത്തില്‍ ചെയ്തതാണ് അതെന്നാണ് അധ്യാപകരു വിദ്യാര്‍ത്ഥികളും പറയുന്നത്. 200 രൂപയില്‍ താഴെ ഫൈന്‍ ഈടാക്കി തീര്‍ക്കേണ്ട കാര്യം മാത്രമാണിതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ക്രിമിനല്‍ കേസെടുക്കപ്പെട്ട് റിമാന്‍ഡിലാകുന്ന വിദ്യാര്‍ത്ഥിയെ വേണമെങ്കില്‍ സര്‍വ്വകലാശാലയ്ക്ക് പുറത്താക്കാം. ഈ ഒരു സാധ്യത മുന്നില്‍ കണ്ടാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയതെന്നാണ് പറയപ്പെടുന്നത്. ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നാഗരാജു അഞ്ചു ദിവസം കാഞ്ഞങ്ങാട് സബ്ജയിലിലായിരുന്നു. ഇതിനെതിരെ ക്യാംപസില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നാഗരാജുവിനെ വിട്ടയച്ചെങ്കിലും കേസ് ഇപ്പോഴും നിലവിലുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്യാംപസില്‍ ഇപ്പോഴും സമരം നടക്കുന്നുണ്ട്. പൊലീസ് കേസായതോടെ ഹോസ്റ്റലില്‍നിന്ന് നാഗരാജുവിനെ പുറത്താക്കി. ക്യാംപസിന് പുറത്ത് വാടകയ്ക്കാണ് ഇപ്പോള്‍ താമസം. വേണ്ടത്ര ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം മാസങ്ങള്‍ക്കു മുന്‍പ് ക്യാംപസില്‍ നടന്നിരുന്നു. അതിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളായിരുന്നു നാഗരാജു.

ഡോ കെ ജയപ്രസാദ്
ഡോ കെ ജയപ്രസാദ്

അഖിലും അന്നപൂര്‍ണ്ണിയും
സര്‍വ്വകലാശാലാ അധികൃതരുടെ ക്രൂരമായ നടപടികള്‍ നേരിട്ട രണ്ടു വിദ്യാര്‍ത്ഥികളാണ് അഖില്‍ താഴത്തും അന്നപൂര്‍ണ്ണി വെങ്കിട്ടരാമനും. പ്രസാദ് പന്ന്യനെതിരെ നടപടി വരുന്നതിനു തൊട്ടുമുന്‍പ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സര്‍വ്വകലാശാലയില്‍നിന്നു പുറത്താക്കപ്പെട്ടയാളാണ് അഖില്‍. ഹോസ്റ്റലുകളില്‍നിന്നു വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ എഴുതിയതാണ് കാരണം. വൈസ് ചാന്‍സെലറേയും സര്‍വ്വകലാശാലയേയും സമൂഹമാധ്യമത്തില്‍ കൂടി അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു അഖിലിനെതിരെയുള്ള ആരോപണം. എന്നാല്‍, അഖിലിന്റെ പോസ്റ്റില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. അവസരം നല്‍കിയിട്ടും മാപ്പ് എഴുതി നല്‍കിയില്ല എന്നും പുറത്താക്കല്‍ ഓര്‍ഡറില്‍ പറയുന്നു. എന്നാല്‍, തന്റെ നടപടി ആര്‍ക്കെങ്കിലും വിഷമകരമായി തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന വിദ്യാര്‍ത്ഥിയുടെ പരാമര്‍ശം അധികൃതര്‍ പരിഗണിച്ചില്ല. ഒന്നരമാസത്തോളം ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ അഖിലിന് അതിനു ശേഷമാണ് ഡിസ്മിസല്‍ ഓര്‍ഡര്‍ കിട്ടിയത്.

ഡോ ജി ഗോപകുമാര്‍
ഡോ ജി ഗോപകുമാര്‍

ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഖില്‍. ഹോസ്റ്റലില്‍നിന്നും പുറത്താക്കപ്പെട്ട അന്നപൂര്‍ണ്ണി രാത്രി ക്യാംപസില്‍ കഴിച്ചുകൂട്ടിയതിന്റെ പേരില്‍ ഉണ്ടായ സംഭവങ്ങള്‍ക്കൊടുവിലാണ് പുറത്താക്കപ്പെട്ടത്. ഹോസ്റ്റലില്‍ കയറ്റാത്തതിനാല്‍ ഹോസ്റ്റലിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന അന്നപൂര്‍ണ്ണിയുടെ ഫോട്ടോ അഡ്മിനിസ്ട്രേഷന്‍ ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തുകയും ഇതിനെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ജീവനക്കാരനെ ആക്രമിച്ചു എന്ന കാരണം പറഞ്ഞാണ് അന്നപൂര്‍ണ്ണിയെ സര്‍വ്വകലാശാല പുറത്താക്കിയത്. ലിംഗ്വിസ്റ്റിക് വിഭാഗം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

സസ്‌പെന്‍ഷന്‍ ആയുധമാകുമ്പോള്‍ 
ക്യാംപസില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഹോസ്റ്റലുകളില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട നിരവധി കുട്ടികള്‍ കൂടി സര്‍വകലാശാലയിലുണ്ട്. ഏറ്റവും ഒടുവില്‍ ദളിത് ഹര്‍ത്താലിനു പിന്തുണ അര്‍പ്പിച്ച് ചുമരെഴുതിയ വിദ്യാര്‍ത്ഥികളെക്കൂടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ചുമരെഴുത്ത് കഴിഞ്ഞ് രാത്രി ഹോസ്റ്റലില്‍ എത്തിയ ശില്പ എന്ന വിദ്യാര്‍ത്ഥിനിയെ കയറ്റിയില്ല. ഹോസ്റ്റലിനു പുറത്ത് നിന്ന ശില്പ മറ്റു ഹോസ്റ്റലിലെ സുഹൃത്തുകളെ വിളിക്കുകയും അവരെത്തി ഹോസ്റ്റലില്‍ കയറ്റണമെന്നു സെക്യൂരിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹോസ്റ്റലില്‍ കയറാനായത്.

പ്രസാദ് പന്ന്യന്‍
പ്രസാദ് പന്ന്യന്‍

ഹോസ്റ്റലില്‍ സമയത്തിനെത്തിയില്ല എന്ന കാരണത്താല്‍ ശില്പയേയും ചോദിക്കാന്‍ ചെന്ന സുബ്രഹ്മണ്യന്‍, റാം, അഭിനന്ദ്, അലീന എന്നിവരേയും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവാണ് പിന്നീട് വന്നത്. എന്നാല്‍, ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. അന്നൊന്നും അതിനെക്കുറിച്ച് ഒരു വിശദീകരണംപോലും ചോദിക്കാത്ത അഡ്മിനിസ്ട്രേഷന്‍ വിഭാഗം മാസങ്ങള്‍ക്കു ശേഷമാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത്. ക്യാംപസില്‍ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെയെല്ലാം ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്ന രീതിയാണ് തുടരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരുടെ കേസും ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

നിയമന ക്രമക്കേട് 
2009-ലാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല തുടങ്ങുന്നത്. ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ 2014-ല്‍ ചുമതലയേറ്റു. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ആയിരുന്ന കെ. ജയപ്രസാദാണ് പ്രോ വൈസ് ചാന്‍സലര്‍. കേരളത്തിലെ ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച എന്നതായിരുന്നു ജയപ്രസാദിന്റെ ഗവേഷണ വിഷയം. ദേശീയതലത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് നടക്കുന്ന സംഘപരിവാര്‍ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് കാസര്‍ഗോഡ് സര്‍വ്വകലാശാലയേയും കാണേണ്ടത്. നിയമന ക്രമക്കേടും വിദ്യാര്‍ത്ഥികളുടെ പരാതിയും പുറത്തുള്ളവരുടെ പരാതിയും ഒക്കെയായി കേന്ദ്ര സര്‍വ്വകലാശാലയ്ക്കെതിരെ നിരവധി പരാതികളാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. നിയമന ക്രമക്കേടുകളുടെ രേഖകള്‍ സഹിതം മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ കൂടിയായ വി. ശശിധരന്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയിരുന്നു.

അഖില്‍
അഖില്‍


കേരള സര്‍വ്വകലാശാലയില്‍നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകനാണ് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സെലര്‍ ജി. ഗോപകുമാര്‍. കേരള സര്‍വ്വകലാശാലയില്‍നിന്നും കേന്ദ്ര സര്‍വ്വകലാശാലയില്‍നിന്നും പണം കൈപ്പറ്റുന്നു എന്ന ആരോപണം നേരിടുന്നയാളാണ് വി.സി. അനധികൃതമായി കേരള സര്‍വ്വകലാശാലയില്‍നിന്നും ഡിയര്‍നെസ് റിലീഫ് ഇനത്തില്‍ പ്രതിമാസം 40,000 രൂപ കൈപ്പററുന്നതായി യു.ജി.സി കണ്ടെത്തിയിരുന്നു. 2014 മുതല്‍ ഇത്തരത്തില്‍ 20 ലക്ഷത്തിലധികം രൂപ വൈസ് ചാന്‍സെലര്‍ കൈപ്പറ്റിയിട്ടുണ്ട്. ഇതു തിരിച്ചുപിടിക്കാനും ഉത്തരവായി. ഒരു വര്‍ഷം കൂടിയാണ് വൈസ് ചാന്‍സെലറുടെ കാലാവധി. അതിനുള്ളില്‍ കേരള സര്‍വ്വകലാശാലയ്ക്ക് തുക തിരിച്ചടയ്ക്കാന്‍ മാസം ഒന്നരലക്ഷത്തിലധികം രൂപ ശമ്പളത്തില്‍നിന്നു പിടിക്കേണ്ടിവരുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ''ഇത്രയും തുക അനധികൃതമായി കൈപ്പറ്റിയ വൈസ് ചാന്‍സെലറാണ് 200 രൂപയുടെ ചില്ല് പൊട്ടിച്ചതിന് ഒരു വിദ്യാര്‍ത്ഥിയെ ലോക്കപ്പില്‍ കിടത്തിയത് എന്നോര്‍ക്കണം'' -സര്‍വ്വകലാശാലയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.
ജി. ഗോപകുമാര്‍ ചുമതലയേറ്റ ശേഷം ഇതുവരെയായി 89 അധ്യാപക നിയമനങ്ങള്‍ സര്‍വ്വകലാശാലയില്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം നിയമനങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നായിരുന്നു മുന്‍ പരീക്ഷാ കണ്‍ട്രോളറായിരുന്ന വി. ശശിധരന്റെ ആരോപണം. പ്രോ വൈസ് ചാന്‍സെലര്‍, രജിസ്ട്രാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ പല അധ്യാപക നിയമനങ്ങളും കോടതിയിലാണ്.

ഗന്തോടി നാഗരാജു
ഗന്തോടി നാഗരാജു

സര്‍വകലാശാല കെമിസ്ട്രി വിഭാഗത്തില്‍ ഡോ. പ്രദീപന്‍ പെരിയാട്ടിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് യു.ജി.സി ചട്ടം മറികടന്നാണെന്ന് സി.എ.ജി. അടുത്തിടെ കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് അഞ്ചിനാണ് കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചത്. ഇന്റര്‍വ്യൂവിനു ശേഷം 2016 ജനുവരിയില്‍ പ്രദീപന്‍ പെരിയാട്ടിനെ നിയമിച്ചു. നിയമനം ലഭിക്കാത്ത ഡോ. അനില്‍കുമാറിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് നിയമനത്തില്‍ ക്രമക്കേട് ഉള്ളതായി തെളിഞ്ഞത്. അനില്‍കുമാര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. എം.എസ്. ജോണിന്റെ നേതൃത്വത്തിലുളള കമ്മിറ്റി അന്വേഷിക്കുകയും പ്രദീപന്‍ പെരിയാട്ടിനു നിശ്ചിത യോഗ്യതയില്ല എന്നു കണ്ടെത്തുകയും ചെയ്തു. സി.എ.ജി. ഓഡിറ്റിങ്ങിലും ഇക്കാര്യം കണ്ടെത്തിയിരുന്നു. അദ്ദേഹം സമര്‍പ്പിച്ച രേഖകള്‍ കൃത്യമായിരുന്നു എന്നും വൈസ് ചാന്‍സലര്‍ അടക്കമുള്ള സര്‍വ്വകലാശാല അധികൃതരുടെ ഒത്താശയോടെ പരിശോധന സമിതി ഇക്കാര്യം മറച്ചുവെച്ചു നിയമനം നല്‍കുകയായിരുന്നു എന്നുമാണ് മറ്റ് അധ്യാപകര്‍ ആരോപിക്കുന്നത്.

സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം
സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം

പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡും ഡീനും ഉള്‍പ്പെടണമെന്നത് യു.ജി.സി ചട്ടപ്രകാരം നിര്‍ബന്ധമാണ്. സര്‍വ്വകലാശാലയില്‍ നടന്ന ഭൂരിഭാഗം നിയമനങ്ങളിലും ഇക്കാര്യം പാലിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇഷ്ടക്കാരെ തിരുകിക്കയറ്റാനും മറ്റു ലാഭങ്ങള്‍ക്കുവേണ്ടിയും അധികൃതര്‍ പദവികള്‍ ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. പല നിയമനങ്ങളും കോടതിയില്‍ കേസിലാണ്.

വിദ്യാര്‍ത്ഥികളോട് ശത്രുതാപരമായി പെരുമാറുന്ന ഭരണവിഭാഗം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പൊതുകാഴ്ചയാണ്. അതിനു കേന്ദ്രസര്‍ക്കാറിന്റേയും ബി.ജെ.പി-സംഘപരിവാര്‍ സംഘടനകളുടേയും പിന്തുണകൂടി കിട്ടുന്നതോടെ ക്യാംപസുകള്‍ അതുദ്ദേശിക്കുന്ന ലക്ഷ്യത്തില്‍നിന്നു മാറിപ്പോകുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണ് രോഹിത് വെമുലയുടേത്. കേന്ദ്രസര്‍ക്കാരും ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല അധികൃതരും ചേര്‍ന്നു നടത്തിയ ക്രൂരമായ പീഡനത്തിന്റെ ഇര. സ്‌റ്റൈപ്പന്റ് തടഞ്ഞുവെച്ചും ഹോസ്റ്റലില്‍നിന്നു പുറത്താക്കിയും ഉള്ള പീഡനത്തിനൊടുവിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയും ഉയര്‍ന്ന ചിന്താഗതിയും മനസ്സിലാക്കാന്‍ പറ്റാത്ത ഭരണവര്‍ഗ്ഗം വീണ്ടും വീണ്ടും ക്യാംപസുകളെ കലാപ പ്രദേശങ്ങളാക്കുകയാണ്. കാസര്‍ഗോഡ് സംഭവിക്കുന്നതും മറ്റൊന്നല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com